അവളുടെ ചോദ്യത്തിൽ ഏറെ നേരം കഴിഞ്ഞും അയാളിൽ നിന്ന് മറുപടി ഒന്നും ഉണ്ടായിരുന്നില്ല…

ദാസും ഭാനുവും…

എഴുത്ത് : ശ്യാം കല്ലുകുഴിയിൽ

===================

“നിങ്ങൾ എന്തേലും കഴിച്ചിരുന്നോ… “

ആദ്യമായിയാണ് ഒരാൾ തന്നോട് ആ ചോദ്യം ചോദിക്കുന്നതെന്നവൾ ഓർത്തു, അല്ലെങ്കിലും അതൊക്കെ ചോദിക്കാൻ ആർക്കാണ് സമയം….

” എന്തേയ് സ്വപ്നത്തിലാണോ… “

അയാൾ വീണ്ടും ചോദിച്ചപ്പോൾ അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു…

” എന്നാൽ ഞാൻ ഫുഡ്‌ ഓർഡർ ചെയ്യാം നമുക്ക് ഒരുമിച്ച് കഴിക്കാം…. “

അവരുടെ മറുപടിക്ക് കാത്ത് നിൽക്കാതെതന്നെ അയാൾ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു…

” എന്താ നിങ്ങളുടെ പേര്…. “

അത് ചോദിച്ചു കൊണ്ട് ഹോട്ടൽ റിസപ്ക്ഷനിലെ നമ്പർ അയാൾ എടുത്തു….

” അല്ലെങ്കിലും ഒരു പേരിൽ എന്തിരിക്കുന്നല്ലേ, ഇനിയിപ്പോ പറയുന്ന പേരും സത്യമാകണമെന്നില്ലല്ലോ…. “

തന്നെയും നോക്കി ഇരിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി ചിരിയോടെയാണ് അയാൾ പറഞ്ഞത്….

” താങ്കൾക്ക് ഇഷ്ടമുള്ള പേര് വിളിച്ചോളൂ, പഴയ കാമുകിയുടെയോ, അടങ്ങാത്ത പ്രേമം തോന്നുന്ന നാട്ടിലെ ഏതെങ്കിലും ചേച്ചിമാരുടെയോയൊക്കെയോ.,,, അങ്ങനെയൊക്കെ സങ്കൽപ്പിച്ചാണല്ലോ നിങ്ങളൊക്കെ മറ്റുള്ള സ്ത്രീകളെ സമീപിക്കുന്നത്…. “

അവൾ അത് പറഞ്ഞ് തീരുമ്പോഴേക്കും അയാൾ ഉച്ചത്തിൽ ചിരിച്ചു… കുറച്ച് നേരം നീണ്ടുനിന്ന് ചിരി നിർത്തുമ്പോഴും അവൾ അയാളെ തുറിച്ചു നോക്കുകയായിരുന്നു….

“ഞാൻ നിങ്ങളെ ഭാനുവെന്ന് വിളിക്കാം. എന്റെ കാമുകി ഒന്നുമല്ല കേട്ടോ പണ്ടെങ്ങോ വായിച്ച നോവലിലെ നായികയുടെ പേരാണ് ഭാനു,,, ഒരു സ്ട്രോങ്ങ്‌ ലേഡി, എനിക്ക് അന്ന് മുതലൽ അവരോട് വല്ലാത്ത ആരാധനയാണ്, സ്ത്രീകൾ അവരെപ്പോലെ എന്നും സ്ട്രോങ്ങ്‌ ആയി തന്നെ നിന്നിരുന്നെങ്കിലെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്…..

ആ അത് പോട്ടെ ഇപ്പോൾ എന്താ കഴിക്കാൻ പറയുക… ഇവിടെ നല്ല മുരിഞ്ഞ ചൂട് പൊറോട്ടയും കുരുമുളകൊക്കെയിട്ട നല്ല ബീ ഫ് ഫ്രൈ യും കിട്ടും അത് വരുത്താം…പിന്നെ ഇവൻ ഉള്ളപ്പോൾ ഇതൊക്കെ തന്നെവേണം…. “

അത് പറഞ്ഞയാൾ തന്റെ ബാഗിൽ നിന്ന് മ ദ്യ ക്കുപ്പി എടുത്ത് മേശപ്പുറത്ത് വച്ച് അവരെ നോക്കി. അവൾക്കെന്തോ ഇഷ്ടമാകാത്ത രീതിയിൽ മുഖം തിരിച്ചിരുന്നു…

റിസപ്ഷനിൽ വിളിച്ച് ആഹാരം ഓർഡർ ചെയ്ത ശേഷം മൊബൈൽ ബെഡിലേക്ക് ഇട്ട് അയാൾ എഴുന്നേറ്റു…

” ഞാനൊരു സി ഗരറ്റ് വലിക്കുന്നത് ഭാനുവിന് ബുദ്ധിമുട്ടാകുമോ…. “

അയാളുടെ ആ ചോദ്യത്തിൽ അവൾ വീണ്ടും സംശയത്തോടെ അയാളെ നോക്കി, അപ്പോഴേക്കും അയാൾ സി ഗരറ്റ് പാക്കറ്റിൽ നിന്ന് ഒന്നെടുത്ത് ചുണ്ടിൽ വച്ച് അവളുടെ അനുവാദത്തിന് കാത്ത് നിൽക്കുകയായിരുന്നു…

” വ ലിക്കുകയോ, കു ടിക്കുകയോ ഒക്കെ നിങ്ങളുടെ ഇഷ്ട്ടം അതിനൊക്കെ എന്നോട് എന്തിനാ അനുവാദം ചോദിക്കുന്നത്…. “

അവളുടെ സംസാരത്തിൽ ദേഷ്യം കലർന്നിരുന്നു…

” ഭാനു എന്നെ ദാസ് എന്ന് വിളിച്ചോളൂ, ആ നോവലിലെ വില്ലൻ ആയിരുന്നു ദാസ്, നായകനേക്കാൾ എനിക്കിഷ്ടമായത് ആ വില്ലനെയായിരുന്നു…. “

അയാൾ അത് പറഞ്ഞ് സി ഗരറ്റിന്റെ തുമ്പിൽ തീ കൊളുത്തി ജനലിന്റെ അടുത്തേക്ക് നടന്ന്, സിഗ രറ്റ് വലിച്ച് പുക ഊതി വിട്ടുകൊണ്ട് പുറത്തേക്ക് നോക്കി നിന്നു…

” ഇത് നോക്കിയേ ഭാനു എന്ത് സുന്ദരമാണ് ഈ ചന്ദ്രനെ കാണാൻ, അല്ലെങ്കിൽ ഞാൻ ഭാനുവിനെ ചന്ദ്രിക എന്ന് വിളിക്കാം, ഞാൻ രമണനും…..ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം…..നിൻ ചൊടിയിലലിയുന്നെൻ ജീവരാഗം… “

അയാൾ പുറത്തേക്ക് നോക്കിയത് പാടിയപ്പോൾ അവർക്ക് ആദ്യം ചിരിയാണ് വന്നത്. അപ്പോഴേക്കും ഡോറിൽ മുട്ടൽ കേട്ടു….

” ആ പെറോട്ട വന്ന്… “

അയാൾ വലിച്ചിരുന്ന സി ഗരറ്റ് കുത്തി അണച്ച് ജനലിലൂടെ പുറത്തേക്ക് ഇട്ട ശേഷം വാതിൽ തുറന്നു. തന്റെ മുന്നിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന റൂം ബോയ് ആഹാരം മേശപ്പുറത്ത് വച്ച് വീണ്ടും അയാളെ നോക്കി ചിരിക്കുമ്പോൾ പോക്കറ്റിൽ നിന്ന് ഒരു നൂറിന്റെ നോട്ടെടുത്ത് ആ പയ്യന് കൊടുത്തു….

” സാർ, ഇനി എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിച്ചാൽ മതി…. “

കിട്ടിയ നോട്ട് പോക്കറ്റിൽ ഇട്ട് വിനയത്തോടെ അവൻ പറയുമ്പോൾ അയാൾ തലയാട്ടി ചിരിച്ചു…

“അവൻ കോളേജിൽ പഠിക്കുന്നവനാണ്, രാത്രി പാർട്ട് ടൈം ആയി ഇങ്ങനെ കുറെ ജോലികൾ എടുക്കും, എന്തൊക്കെ ജോലികൾ ആണല്ലേ ഓരോരുത്തരും ചെയ്യുന്നത്, എല്ലാവരുടെയും ലക്ഷ്യം വയറിലേക്ക് എന്തേലും എത്തിക്കുക എന്നത് തന്നെയാണ്…. “

മേശപ്പുറത്ത് കൊണ്ട് വച്ച ആഹാരത്തിന്റെ മൂടി തുറന്ന് നോക്കിയാണ് അയാൾ അത് പറഞ്ഞത്….

” ഭാനുവിന് ചെറുത് ഒഴിക്കട്ടെ… “

മ ദ്യം ഗ്ലാസ്സിലേക്ക് പകർന്നു കൊണ്ടാണ് അയാൾ ചോദിച്ചത്….

“എനിക്കൊന്നും വേണ്ട നിങ്ങൾ തന്നെയങ്ങ് മോന്തിയാൽ മതി…. “

അയാളുടെ സംസാരവും, പ്രവർത്തിയും ഇഷ്ടമാകാതെയാണ് അവൾ പറഞ്ഞത്…

” ഏയ് എന്താ ഭാനു എന്നെ ദാസ് എന്ന് വിളിച്ചാൽ മതി…. “

ഗ്ലാസ്സിലേക് ഒഴിച്ച മ ദ്യ ത്തിലേക്ക് വെള്ളം ചേർത്ത് ചുണ്ടോട് അടുപ്പിച്ച് അയാൾ പറയുമ്പോൾ അവൾ അയാളെതന്നെ നോക്കിയിരുന്നു…

” ഇതെന്താ ഇങ്ങനെ, എല്ലാവരും ഇത് ഒറ്റ വലിക്ക് ആണല്ലോ കുടിച്ചിറക്കുന്നത്…. “

കയ്യിലിരുന്ന മ ദ്യം കുറച്ച് കുടിച്ച് ഗ്ലാസ്‌ മേശപ്പുറത്ത് വച്ച അയാളോട് അവൾ അത്ഭുതത്തോടെയാണ് ചോദിച്ചത്…..

അത് കേട്ടയുടനെ അയാൾ ആദ്യം ഉച്ചത്തിൽ ചിരിക്കുകയാണ് ചെയ്തത്…

” ന്റെ ഭാനു ഇത് ലോക്കൽ സാധനമൊന്നും അല്ല, നല്ല സൊയമ്പൻ വി.സ്കിയാണ്, ഇത് ഇങ്ങനെ കുറേശ്ശെയാണ് കുടിക്കേണ്ടത്, എന്നിട്ട് ഇത് മെല്ലെ നമ്മുടെ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങും, അപ്പോഴാണ് ഇതിന്റെ ഒരു ല ഹ രി നമുക്ക് ആസ്വദിക്കാൻ പറ്റുള്ളൂ…. “

അയാൾ ചിരിച്ചുകൊണ്ട് അതും പറഞ്ഞ് വീണ്ടും മ ദ്യഗ്ലാ സ്‌ കയ്യിലെടുത്തു , അയാൾ പറയുന്നത് അവൾ ശ്രദ്ധിപൂർവ്വം കേട്ടിരിക്കുകയായിരുന്നു…

“നമ്മൾ എന്ത് ചെയ്യുമ്പോഴും അത് ആസ്വദിച്ചു ചെയ്യണം ഭാനു, എന്നാലെ അതിന്റെ ഭംഗി നമുക്ക് മനസ്സിലാകുള്ളൂ…… “

അത് പറഞ്ഞ് ഒരു കവിൾ മ ദ്യം കൂടി ഇറക്കി ഗ്ലാസ്‌ മേശപ്പുറത്ത് വച്ചു….

” ഭാനു എപ്പോഴേലും ഈ തൊഴിൽ ആസ്വദിച്ച് ചെയ്തിട്ടുണ്ടോ… “

അയാളുടെ പെട്ടെന്നുള്ള ചോദ്യത്തിന്നവൾ തല കുമ്പിട്ടിരുന്നു…..

” ഏയ് ഭാനു ഞാൻ വെറുതെ ചോദിച്ചതാ,,, “

അത് പറഞ്ഞ് അയാൾ വീണ്ടും ഗ്ലാസ്സിലേക്ക് മ ദ്യം പകർന്നു, അതിലേക്ക് വെള്ളവും ചേർത്ത് കുറച്ച് കുടിച്ച് ഗ്ലാസ്‌ മേശപ്പുറത്ത് വച്ചു….

” ഇത് ഞാൻ കുടിച്ചോട്ടെ…. “

അയാൾ വച്ച മ ദ്യ ഗ്ലാ സ്‌ കയ്യിലെടുത്ത് അവൾ ചോദിച്ചു….

” ഞാൻ നിർബന്ധിക്കില്ല ,,,ഭാനുവിന് വേണമെങ്കിൽ ഞാൻ വേറെ ഗ്ലാസിൽ ഒഴിച്ച് തരാം…. “

” വേണ്ട ദാസ് എനിക്ക് ഇത് മതി…. “

അത് പറഞ്ഞ് ഗ്ലാസ്‌ അവൾ ചുണ്ടോട് അടുപ്പിച്ചിട്ട് അയാളെ ഒന്ന് നോക്കി, വീണ്ടും അവൾ ഗ്ലാസ്സിലേക്ക് നോക്കി, കണ്ണടച്ച്, ഒറ്റ വലിക്ക് ഗ്ലാസ്‌ കാലിയാക്കി, മേശപ്പുറത്ത് വച്ചു. ചുണ്ടുകൾ മലർത്തി കണ്ണടച്ചിരിക്കുന്ന അവളുടെ കയ്യിലേക്ക് അയാൾ ബീ ഫി ന്റെ ഒരു കക്ഷണം എടുത്ത് കൊടുത്തു, ഒന്ന് നോക്കി അവൾ അത് വായിലേക്ക് വച്ച് ചവച്ച് തുടങ്ങി. അതൊക്കെ കണ്ട് അയാൾ ചിരി അടക്കാൻ ശ്രമിച്ചിരുന്നു…

” നല്ല എക്സ്പീരിയൻസ് ഉണ്ടല്ലോ…. “

അയാൾ അവളെ നോക്കി ചിരിച്ചു കൊണ്ട് പറയുമ്പോൾ അവളും അയാളെ നോക്കി ചിരിച്ചു…

” അതുണ്ടല്ലോ ദാസ് കോളേജിൽ പഠിക്കുമ്പോൾ ഹോസ്പിറ്റലിൽ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു ഒരു അച്ചായത്തി, അവൾ അപ്പന്റെ കയ്യിൽ നിന്ന് അടിച്ചു മാറ്റി കൊണ്ട് വരും അങ്ങനെ ഒന്ന് രണ്ട് തവണ.. അത് വീഞ്ഞ് ആണുട്ടോ…… “

അവൾ എന്തൊക്കെയോ ഓർത്ത് സന്തോഷത്തോടെ പറയുന്നത് കേട്ട് അയാൾ ഇരുന്നു…

“അപ്പൊ നിങ്ങൾ ഫുൾ അലമ്പ് ആയിരുന്നല്ലേ…. “

“ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ അതൊക്കെയല്ലേ ദാസ്, ജീവിതം മുന്നോട്ട് പോകുംതോറും പലരുടെയും ജീവിതം പല രീതിയിൽ അല്ലേ, ചിലർക്കൊക്കെ ഇതുപോലെ വല്ലപ്പോഴും ഓർത്ത് സന്തോഷിക്കാൻ ആ ഓർമ്മകൾ മാത്രമേ കാണുള്ളൂ…. “

അത് പറയുമ്പോൾ അവളുടെ മുഖത്ത് സന്തോഷം മാറി ദുഃഖം നിഴലിക്കുന്നത് അയാൾ ശ്രദ്ധിച്ചിരുന്നു….

” എന്നാൽ നമുക്ക് കഴിച്ചാലോ… “

അത് പറഞ്ഞയാൾ കൊണ്ട് വന്ന പെറോട്ട രണ്ട് ഡിസ്പോസിബിൾ പ്ലെറ്റിൽ ആക്കി അതിന്റെ മുകളിൽ കൂടി ബീ ഫും ഇട്ട്, അതിൽ ഒരു പ്ലെറ്റ് അവൾക്ക് മുന്നിലേക്ക് വച്ചു….

” ദാസ് കല്യാണം കഴിച്ചതാണോ… “

അവളുടെ ചോദ്യത്തിന് അയാൾ ചിരിച്ചു…

” ഇതുവരെയില്ല…. “

ചിരിച്ചുകൊണ്ട് തന്നെയാണ് ദാസ് പറഞ്ഞത്….

” അതെന്താ, വിവാഹം കഴിക്കാഞ്ഞേ… “

അവൾ കഴിക്കുന്നതിനിടയിൽ വീണ്ടും ചോദിച്ചു….

” ആഗ്രഹം തോന്നിയ നാളിൽ പറ്റിയില്ല, ഇപ്പോൾ അങ്ങനത്തെ ആഗ്രഹവും ഇല്ല…. “

“ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ, പൈസയും കൊടുത്ത് എന്നെപ്പോലുള്ള സ്ത്രീകളുടെ അടുക്കലേക്ക് വരുന്നത്…. “

അവളുടെ ആ ചോദ്യത്തിന് അയാൾ ഉച്ചത്തിൽ ചിരിച്ചു, ചിരിച്ച് കഴിഞ്ഞ് അവളെ നോക്കുമ്പോൾ ദേഷ്യത്തോടെ അവൾ അയളുടെ മുഖത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു…..

“നമ്മൾ ആഹാരം കഴിച്ചോ എന്ന് ചോദിക്കാൻ, നമുക്ക് സുഖമാണോ എന്ന് ചോദിക്കാൻ, നമുക്ക് വിശേഷങ്ങൾ പറയാൻ ഒരാളെങ്കിലും ഇല്ലെങ്കിൽ ജീവിതം ഭയങ്കര ബോറായിപ്പോകും അല്ലേ ഭാനു….

ഇതുപോലെ വല്ലാത്ത ഒറ്റപ്പെടൽ തോന്നുമ്പോഴാണ് ആരുടെയെങ്കിലും കൂടെ സന്തോഷത്തോടെ ഇരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നത്, ഇനിയിപ്പോ ഏതേലും കൂട്ടുകാരുടെ അടുത്ത് പോകാം എന്ന് കരുതിയാൽ, അവന്മാർ മ ദ്യ.മെല്ലാം അകത്താക്കി പോ ത്ത് പോലെ ഉറങ്ങും. ഇതാകുമ്പോ പൈസ കൊടുത്താലും നമ്മൾ തിരിച്ച് പോകുന്നത് വരെ കൂടെ കാണുമല്ലോ…. “

ചിരിച്ച് കൊണ്ട് പറയുമ്പോഴും ഉള്ളിലെ വേദന ഇടയ്ക്കൊക്കെ അയാളുടെ മുഖത്ത് നിഴലിച്ചിരുന്നു….

” ദാസ് വിവാഹം കഴിച്ചിരുന്നേൽ, എന്നെപ്പോലെ സ്ത്രീകളെ തേടി പോകുമായിരുന്നോ…. “

അവളുടെ ചോദ്യത്തിൽ ഏറെ നേരം കഴിഞ്ഞും അയാളിൽ നിന്ന് മറുപടി ഒന്നും ഉണ്ടായിരുന്നില്ല….

“എന്റെയടുക്കൽ വന്നിട്ടുള്ള തൊണ്ണൂറ് ശതമാനം ആൾക്കാരും, ഭാര്യയും കുടുംബവും ഉള്ളവരാണ്, സ്വന്തം ഭാര്യയോട് ചെയ്യാൻ മടിക്കുന്ന, അല്ലെങ്കിൽ അവർ സമ്മതിക്കത്ത പലതും ഇതുപോലുള്ള ഹോട്ടൽ മുറികിളിൽ തീർക്കാൻ വരുന്നവർ, പത്ത് മിനിറ്റ് നീണ്ട് നിൽക്കുന്ന കാട്ടികൂട്ടലുകൾക്കവസാനം, കാറ്റ് പോയ ബലൂൺ പോലെ തളർന്ന് കിടക്കുന്നവർ….

അവസാനം ഞങ്ങളെ പോലെയുള്ളവരെ കുറ്റപ്പെടുത്തി, പറഞ്ഞതിൽ നിന്നും പൈസ കുറച്ച് തരുന്നവർ, ചിലർ പോകുമ്പോൾ റൂമിന്റെ വാടക പോലും കൊടുക്കാറില്ല, പലതരത്തിലുള്ള മനുഷ്യർ….. “

അവൾ പുച്ഛത്തോടെ പറയുമ്പോൾ അയാൾ ഒന്നും മിണ്ടാതെ അവരുടെ വാക്കുകൾ കേട്ടിരുന്നു….

” ദാസ് എന്റെ ചോദ്യത്തിന് ഇതുവരെ മറുപടി തന്നില്ല…. “

അവൾ ഒന്നുകൂടി അയാളെ ഓർമിപ്പിച്ചു. അപ്പോഴേക്കും അയാൾ കഴിച്ച് കഴിഞ്ഞിരുന്നു, കഴിച്ച് കഴിഞ്ഞ ഡിസ്പോസിബിൾ പ്ലെറ്റ് വേസ്റ്റ് ബക്കറ്റിൽ ഇട്ട്, കൈ കഴുകി ഒരു സി ഗരറ്റുമായി അയാൾ ജനലിന്റെ അരികിലേക് നീങ്ങി നിന്നു….

” ഇല്ല ഭാനു ഞാൻ വിവാഹം കഴിച്ചിരുന്നേൽ മറ്റൊരു സ്ത്രീയുടെയും അരികിലേക്ക് പോകില്ലായിരുന്നു…… “

ചുണ്ടിൽ ഇരുന്ന സിഗറ റ്റ് കത്തിച്ചു വലിച്ചു കൊണ്ടാണ് അയാൾ പറഞ്ഞത്….

” പിന്നെന്താ ദാസ് കല്യാണം കഴിക്കാതെയിരുന്നത് ഇതുവരെ…. “

അവളും ഭക്ഷണം കഴിച്ച് കഴിഞ്ഞ് എ‌ഴുന്നേറ്റിരുന്നു….

” നമ്മൾ ആഗ്രഹിക്കുന്നത് പോലെയുന്നും ജീവിതം മുന്നോട്ട് പോകാതെ വരുമ്പോൾ, എല്ലാം ഒരുനാൾ ശരിയാകും എന്ന് കരുതി പിന്നേയും ജീവിതത്തിൽ പ്രതീക്ഷകൾ നൽകുമ്പോൾ, കാലം ഒരുപാട് കടന്ന് പോകുന്നത് നമ്മൾ അറിയില്ല, അല്ലെങ്കിൽ നമ്മൾ അറിഞ്ഞില്ലെന്നു നടിക്കും, അവസാനം ഒരു കരയ്ക്കും അടിയാതെ ജീവിതം ഇങ്ങനെ നീന്തി കളിക്കുമ്പോൾ, പ്രതീക്ഷയോടെ കരയിലേക്ക് കണ്ണും നട്ടിരിക്കാനെ കഴിയുള്ളു… “

” ദാസ് കുടിച്ചത് നിങ്ങളുടെ തലയ്ക്ക് പിടിച്ചു തുടങ്ങിയെന്ന് തോനുന്നു… “

അയാൾ പറയുന്നത് മനസ്സിലാകാതെ അവൾ അതും പറഞ്ഞ് ഉച്ചത്തിൽ ചിരിച്ചു. ആ ചിരി കണ്ട് അയാളും അതിൽ പങ്ക് ചേർന്നു…

” പുറത്ത് നല്ല നിലാവുണ്ട് നമുക്ക് ഒന്ന് ചുറ്റി കറങ്ങിയിട്ട് വന്നാലോ… “

ചുണ്ടിൽ എരിഞ്ഞ സി ഗര റ്റിൽ നിന്ന് അവസാന പുകയും ഊതി വിട്ടുകൊണ്ടാണ് അയാൾ പറഞ്ഞത്….

” വന്നേ…. “

മടിച്ചു നിന്ന അവളുടെ കൈകളിൽ പിടിച്ച് വലിച്ചു കൊണ്ടാണ് അയാൾ അതും പറഞ്ഞ് മുറിയിൽ നിന്ന് ഇറങ്ങിയത്, പിന്നാലെ അവരും നടന്നു…

അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ അവളും പുറകിൽ കയറി ഇരുന്നു. അയാൾ മെല്ലെ വണ്ടി ഓടിക്കുന്നതിനിടയിൽ കണ്ണാടിയിൽ കൂടി അവളുടെ മുഖം നോക്കി, കാറ്റത്ത് പാറി പറക്കുന്ന മുടികൾ ഒതുക്കി ആകാശത്തേക് നോക്കി ഇരിക്കുകയാണവൾ…

” ഭാനു ആ കൈ എന്റെ തോളിൽ വച്ച് ഒന്ന് എന്നിലേക്ക് ചേർന്ന് ഇരിക്കുമോ…. “

മെല്ലെ ചോദിച്ച അയാളുടെ മുഖം കണ്ണാടിയിൽ കൂടി കണ്ടപ്പോൾ അവളുടെ മുഖത്ത് നാണം വിരിഞ്ഞു, ഒരു നിമിഷം ആ നോട്ടം മാറ്റി പിന്നേയും അവൾ കണ്ണാടിയിൽ കൂടെ അയാളുടെ മുഖത്ത് നോക്കി, അപ്പോഴും അയാൾ ചിരിക്കുന്നുണ്ടായിരുന്നു…

അവൾ മെല്ലെ കൈകൾ അയാളുടെ തോളിൽ വച്ച് അയാളിലേക്ക് ചേർന്നിരുന്നു. ആ ബൈക്ക് ചെന്ന് നിന്നത് ബീച്ചിന്റെ സൈഡിൽ ആയിരുന്നു….

” വാ നമുക്ക് അങ്ങോട്ട് പോകാം… “

ബൈക്ക് നിർത്തി ഇറങ്ങി അയാൾ അത് പറഞ്ഞ് മുന്നോട്ട് നടന്നു…

” ഈ രാത്രിയിൽ ഇവിടെ എന്ത് കാണാനാണ്… “

അവൾ അതും പറഞ്ഞ് അയാളുടെ പുറകെ നടന്നു…

” പകൽ വെളിച്ചത്തിലല്ലേ പകൽ മാന്യന്മാരെ പേടിക്കേണ്ടത്, സദാചാരക്കാരൊക്കെ ഇപ്പോൾ മൂടി പുതച്ച് ഉറങ്ങുകയാകും…. “

ചിരിച്ചുകൊണ്ട് അതും പറഞ്ഞ് അയാൾ മണലിലൂടെ കടൽ തീരത്തേക്ക് ഓടി. കരയിലേക്ക് അടിക്കുന്ന തിരമാലകൾക്കൊപ്പം അയാൾ അവളുടെ കയ്യും പിടിച്ച് മുന്നോട്ടും പുറകോട്ടും ഓടിക്കൊണ്ടേയിരുന്നു….

” എന്താ ദാസ് കുട്ടികളെ പോലെ…. “

ഏറെ നേരം ഓടി ക്ഷീണിച്ച് മണൽ തിട്ടയിൽ ഇരിക്കുമ്പോൾ കിതപ്പോടെയാണ് അവൾ ചോദിച്ചത്….

” പണ്ടൊക്കെ കടൽ തീരത്ത് വരാൻ കുറെ കൊതിക്കും വല്ലപ്പോഴും ആകും അച്ഛൻ കൊണ്ട് വരുക അന്ന് നമ്മൾ സന്തോഷത്തോടെ ഇങ്ങനെ ഓടില്ലേ, അതുപോലെ ഒരു സന്തോഷം…. “

കിതപ്പോടെ അതും പറഞ്ഞു കൈകൾ പിന്നിലേക്ക് ഊന്നി അയാൾ ശ്വാസം വലിച്ചു വിട്ടുകൊണ്ടിരുന്നു…..

” ശരിയാണ് ദാസ് ഏറെ നാളായി ഇതുപോലെ സന്തോഷിച്ചിട്ട്… “

” നാളെ ഉണ്ടാകാൻ പോകുന്നു വിഷമങ്ങളെ ഓർത്ത് ഇന്നേ ദുഃഖിച്ചിരുന്നിട്ട് കാര്യമില്ലല്ലോ ഭാനു, ഇപ്പോഴത്തെ സന്തോഷം ആസ്വദിക്കുകയല്ലേ വേണ്ടത്…. “

ആകാശത്ത് മിന്നുന്ന നക്ഷത്രങ്ങളെ നോക്കി അയാൾ ഇരുന്നു….

” ആരാടാ അവിടെ ഇരിക്കുന്നത്…. “

ടോർച്ചിന്റെ വെളിച്ചതിനൊപ്പം ചോദ്യവും ഉയർന്നൊപ്പോഴാണ് അവർ രണ്ട് പേരും എഴുന്നേറ്റത്….

” ഓ ഇവന്മാർ ഒന്ന് സന്തോഷിക്കാനും സമ്മതിക്കില്ല… “

പിറു പിറുത്ത് കൊണ്ട് അവൾ അയാളുടെ പുറകെ നടന്നു….

“ആഹാ… നീയാണോടി…. ഇപ്പോ നടുറോഡിൽ ആണോ പരുപാടി പോകാൻ നോക്കടി…. “

പോലീസിന്റെ അടുത്തേക്ക് എത്തിയ അവരുടെ മുഖത്തേക്ക് ലൈറ്റ് അടിച്ചു കൊണ്ടാണ് അതിൽ ഒരു പോലീസുകാരൻ പറഞ്ഞത്. അവൾ എന്തോ പറയാൻ തുടങ്ങുമ്പോൾ അയാൾ അവരുടെ കയ്യും പിടിച്ച് ബൈക്കിന്റെ അടുക്കലേക്ക് നടന്നു….

തിരികെ ബൈക്കിൽ പോകുമ്പോൾ അവൾ അയാളുടെ വയറിന് വട്ടം പിടിച്ച് അയാളുടെ തോളിൽ താടി വച്ച് അയാളിലേക്ക് ചേർന്ന് ഇരുന്നു….

“ഒന്നുകൂടി തട്ടുന്നോ…. “

ഹോട്ടൽ മുറിയിൽ എത്തി അയാൾ വീണ്ടും ഗ്ലാസിലേക് മ ദ്യം പകരുമ്പോഴാണ് അവളോട് ചോദിച്ചത്…

” വേണ്ട ദാസ് അതിലും ലഹ രി യുണ്ട് നിങ്ങളോടൊപ്പമുള്ള ഓരോ നിമിഷവും…. “

അവൾ അത് പറയുമ്പോൾ അയാൾ ഉച്ചത്തിൽ ചിരിച്ച് കൊണ്ട് ആ ഗ്ലാസ് കാലിയാക്കി. വീണ്ടും സി ഗ രറ്റും കൊണ്ട് ജനലിനരികിലേക്ക് നടന്നു. അത് കത്തിച്ചു വലിച്ചു തീരുന്നതുവരെ അവർ ഒന്നും മിണ്ടിയിരുന്നില്ല…

” ദാസ് ഞാൻ നിങ്ങളെ കെട്ടിപിടിച്ചോട്ടെ… “

ഏറെ നേരം കഴിഞ്ഞണവൾ അത് ചോദിച്ചത്. ചോദിച്ചു തീരുമ്പോഴേക്കും രണ്ട് കൈകളും അവൾക്ക് നേരെ നീട്ടി കഴിഞ്ഞിരുന്നു അയാൾ….

അവൾ ആ കൈക്കുള്ളിൽ അയാളെയും ചേർത്ത് പിടിച്ച് നിന്നു…

“ഇനി എങ്ങനെയാ വീട്ടിൽ പോകുക… “

അയാൾ അവളുടെ പുറത്ത് കൈകൾ തട്ടി കൊണ്ട് ചോദിച്ചു…

” എന്നും ഭാര്യയെ പേടിച്ചു വരുന്നവർ ഒരു ഉഴുത് മറിച്ചിൽ നടത്തി പോകും, വീടിന്റെ അടുത്തുള്ള ഒരു പയ്യൻ ഓട്ടോ ഓടിക്കുന്നുണ്ട് അവനെ വിളിച്ചു പോകാറാണ് പതിവ്, പക്ഷെ ഇന്ന് നേരം വെളുത്തിട്ടേ പോകുന്നുള്ളൂ… “

അത് പറഞ്ഞവൾ ഒന്നൂകൂടി അയാളെ ചേർത്ത് പിടിച്ചു, അയാൾ ഒരു പുഞ്ചിരിയോടെ അവളെയും ചേർത്ത് പിടിച്ച് നിന്നു. ഏറെ നേരമുള്ള ആ നിൽപ്പ് കഴിഞ്ഞാണ് അവൾ കട്ടിലിൽ വന്ന് ഭിത്തിയും ചാരി ഇരുന്നത്….

” എന്താ ദാസ് പെട്ടെന്നൊരു നിശബ്ദത…. “

അവർക്കിടയിലെ മൗനത്തിന്റെ ആയുസ്സ് കൂടി വന്നപ്പോഴാണ് അവൾ അത് ചോദിച്ചത്….

” പുറത്തേക്ക് ശബ്ദങ്ങൾ വരുന്നില്ലന്നേയുള്ളു നമ്മുടെ മനസ്സുകൾ ഒരുപാട് സംസാരിക്കുന്നില്ലേ…. “

അയാൾ അവൾക്കരികിൽ വന്ന് ഒരു തലയിണ അവളുടെ മടിയിൽ വച്ച് അതിൽ തലവച്ച് കിടന്നുകൊണ്ടാണ് പറഞ്ഞത്….

” ശരിയാണ് ദാസ്… “

അത് പറഞ്ഞവൾ അയാളുടെ മുടിയിൽ തഴുകിയിരുന്നു….

“ഈ മൗനം എന്നേ പേടിപ്പെടുത്തുണ്ട് ദാസ്,, എനിക്ക് ദാസിനോട് പ്രണയം വരുന്നത് പോലെ, എന്റെ മനസ്സിൽ അങ്ങനെ എന്തോ ചിന്തകൾ…. ദാസിന് അങ്ങനെ തോന്നുന്നുണ്ടോ…. “

” പ്രണയമോ എന്നോടോ…… “

അവൾ അത് പറയുമ്പോൾ അയാൾ ഉച്ചത്തിൽ ചിരിച്ചിരുന്നു, ചിരിച്ചുകൊണ്ട് അവളുടെ മുഖത്ത് നോക്കുമ്പോൾ ഒരു പ്രണയിനിയുടെ കാപട്യം നിറഞ്ഞ ദേഷ്യം ആ മുഖത്ത് അയാൾ കണ്ടു…

“ഒരു രാത്രി കൊണ്ട് ഒരാൾക്ക് പ്രണയം തോന്നുമോ…”

തന്റെ മുഖത്തേക്ക്തന്നെ നോക്കിയിരിക്കുന്ന അവളോട് അയാൾ ചോദിച്ചു…

“അറിയില്ല ദാസ്, ഒരുപക്ഷെ ആരും എന്നോട് ഇത്രെയും സ്നേഹത്തോടെ സംസാരിച്ചിട്ടില്ല അതാകും….. “

അവൾ ചിരിച്ചുകൊണ്ട് പറയുമ്പോൾ അയാൾ ആ മുഖത്ത് നോക്കി കിടന്നതേയുള്ളു….

“സത്യം ദാസ്,,, ആദ്യമായിയാണ് ഓരോളോട് ഇത്രയും ഹൃദയത്തോട് ചേർന്ന് സംസാരിക്കുന്നത്…. “

അതിന് അയാൾ മറുപടി ഒന്നും പറഞ്ഞിരുന്നില്ല, പിന്നെ അവളും സംസാരിക്കാതെ അയാളുടെ മുടിയിൽ തഴുകി ഇരുന്നതേയുള്ളു, അപ്പോഴേക്കും അവർക്കിടയിൽ വീണ്ടും നിശബ്ദത ഉടലെടുത്ത് തുടങ്ങികഴിഞ്ഞിരുന്നു….

“അതേടാ… ആ ഹോട്ടലിൽ തന്നെ…. “

അവളുടെ ശബ്ദം കേട്ടപ്പോഴാണ് അയാൾ കണ്ണ് തുറന്നത്, അയാൾ സംശയത്തോടെ നോക്കുമ്പോൾ അവൾ ഫോൺ കട്ട് ചെയ്തിരുന്നു….

” രാവിലെ പോകുള്ളൂ എന്ന് പറഞ്ഞിട്ട്… “

അത് ചോദിച്ചയാൾ അവളുടെ മടിയിൽ നിന്നെഴുന്നേറ്റു….

” ഉം..പോകുകയാണ്… ഇനിയും നിന്നാൽ ചിലപ്പോൾ നാളെ മുതൽ ഞാൻ നന്നായിപോയാലോ, നാളെ മുതൽ കുറച്ച് വയറുകൾ പട്ടിണി ആയിപ്പോകും…. “

ചിരിച്ചു കൊണ്ടാണ് അവൾ കട്ടിലിൽ നിന്നെഴുന്നേറ്റത്, സാരി നേരെയാക്കി അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് മുഖം നോക്കി…

അയാൾ അവളേയും നോക്കി കട്ടിലിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. സാരി തുമ്പ് കൊണ്ട് മുഖം തുടച്ച് മുടി നേരെ കെട്ടി അവൾ തിരിഞ്ഞ് അയാളെ നോക്കി….

” എന്താ ദാസ് എന്നോട് പ്രണയം തോന്നുന്നുണ്ടോ….. “

അവൾ ചിരിച്ച് കൊണ്ട് ചോദിക്കുമ്പോൾ അയാൾ അവളുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു…

അപ്പോഴേക്കും അവരുടെ മൊബൈൽ ശബ്ദിച്ചു തുടങ്ങി…

” ദാ വരുന്നടാ…. “

ഫോൺ എടുത്ത് അത് പറഞ്ഞവൾ കാൾ കട്ട് ചെയ്തു…

” ഞാൻ പൊയ്ക്കോട്ടെ…. “

അയാൾക്ക് അരികിൽ നിന്ന് പറയുമ്പോ അയാൾ ഒന്ന് തലയാട്ടി….

“നമ്മൾ തമ്മിൽ ഈ ഒരു രാത്രിയുടെ പരിചയമേ ഉള്ളെങ്കിലും… എന്റെ ഹൃദയത്തിൽ നിന്ന് ഒരിക്കലും മാഞ്ഞ് പോകില്ല ഈ മുഖവും, ഈ ദിവസവും… “

അത് പറഞ്ഞവൾ പോകാനായി ഇറങ്ങി…

” ഭാനു…. “

ബാഗിൽ നിന്ന് കുറച്ച് പൈസയെടുത്ത് മടക്കി അയാൾ അവളുടെ കൈ വെള്ളയിൽ വച്ച് കൊടുത്തു…

” വേണ്ട ദാസ് എനിക്ക് ഈ പൈസ വേണ്ട… “

അവൾ ആ പൈസ വാങ്ങാൻ മടിച്ചു…

” ഇത് ഭാനുവിനല്ല, വിശക്കുന്നു വയറുകൾ വേറെയുമില്ലേ വീട്ടിൽ… “

അത് പറഞ്ഞ് അയാൾ പൈസ അവളുടെ ബാഗിൽ വച്ച് കൊടുത്തു…

” എന്റെ പേരോ, ഫോൺ നമ്പരോ വേണമെന്നുണ്ടോ…. “

അയാൾ ചോദിക്കുമ്പോൾ തന്നെ അവൾ വേണ്ടെന്ന് തലയാട്ടി….

” വേണ്ട ദാസ്, നിങ്ങൾ എന്നും എനിക്ക് ദാസായും, ഞാൻ ദാസിന്റെ ഭാനുവായും തന്നെ ഇരിക്കട്ടെ… ഒരു പക്ഷേ ഇനിയും നമ്മൾ അടുത്താൽ ഈ സന്തോഷം ചിലപ്പോൾ കിട്ടണമെന്നില്ല, നമ്മുടെ ഓർമ്മകളിൽ ഈ നിമിഷം മാത്രം മതി….. “

അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പാൻ തയ്യാറായി തുടങ്ങിയിരുന്നു, അത് മറയ്ക്കാൻ എന്നോണം അവൾ അയാളെ നോക്കി ചിരിച്ചുകൊണ്ട് പുറത്തേക്ക് നടന്നു….

“ശരിയാണ് ഭാനു,, നമ്മൾ കൂടുതൽ അടുത്താൽ ചിലപ്പോൾ ഈ സന്തോഷം പിന്നെ കണ്ടെന്ന് വരില്ല…. “

ചരിച്ചുകൊണ് അയാൾ പറയുമ്പോൾ, അതിനവൾ തിരിഞ്ഞു നോക്കാതെ കൈ വീശി കാണിച്ച് നടന്നകന്നു…..

അവൾ പോയി കഴിഞ്ഞ് അയാൾ ബാക്കിയുണ്ടായിരുന്ന മ ദ്യം കൂടി ഗ്ലാസ്സിലേക്ക് പകർന്നു, അതിലേക്ക് വെള്ളം പകരുമ്പോൾ കണ്ണിൽ നിന്ന് രണ്ട് തുള്ളി കണ്ണുനീർ കൂടി ആ ഗ്ലാസ്സിലേക്ക് വീണിരുന്നു…..

✍️ശ്യാം…..