ഉറക്കെ നിലവിളിച്ചു കൊണ്ട് പൊന്നു ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു..

അച്ഛൻ്റെ പൊന്നോള്…

Story written by Reshma Devu

================

പൊന്നൂട്ട്യേ….അച്ഛന്റെ പൊന്നോള് ഉറക്കം ആയോ….അപ്പൊ പിന്നാർക്കാ അച്ഛ ഈ പഴംപൊരി കൊടുക്കാ….ആ… മണിക്കുട്ടിക്ക് കൊടുക്കാംല്ലേ…..പൊന്നൂട്ടി ഉറങ്ങിക്കോ…അച്ഛ ഇപ്പൊ വരാം..

അച്ഛേ…അച്ഛ പോണ്ടാ പൊന്നൂട്ടിയെ ഒറ്റക്കാക്കി അച്ഛ പോണ്ടാ..

ഉറക്കെ നിലവിളിച്ചു കൊണ്ട് പൊന്നു ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു..

ഇരു കണ്ണുകളും പൊത്തി വിയർത്തു കുളിച്ച് കട്ടിലിൽ ഇരിക്കുന്ന അവളുടെ അടുത്തേക്ക് ശ്രീതു ഓടിയെത്തി.

പൊന്നൂട്ട്യേ മോളേ..എന്താപറ്റ്യേ..മോള് സ്വപ്നം കണ്ടോ..അവൾ കുഞ്ഞിനോട് ചോദിച്ചു

ഞാൻ എന്റെ അച്ഛേ കണ്ടു ഇച്ചേച്ചീ…അച്ഛ മണിക്കൂട്ടീടെ അടുത്തുണ്ട് വാ  പോയി നോക്കാം..വേഗം വാ..ഇല്ലേൽ ഇന്നലെ പോയ പോലെ അച്ഛ ആ മാമൻമാരുടെ കൂടെ പോകും..വാ ഇച്ചേച്ചി…വേഗം വാ..

ഉറക്കം വിടാതെ ഓരോന്ന് പുലമ്പിക്കൊണ്ട് കട്ടിലിൽ നിന്നിറങ്ങി ഓടുന്ന കുഞ്ഞിനെ നിറഞ്ഞൊഴുകുന്ന കണ്ണുകളെ തുടച്ചെറിഞ്ഞുകൊണ്ട് ശ്രീതു പിടിച്ചു നിർത്തി.

വേണ്ട മോളേ..അച്ഛ അവിടെ എങ്ങും ഇല്ല..മോളോട് അച്ഛമ്മേം മാമനും എല്ലാരും പറഞ്ഞില്ലേ അച്ഛ ഇനി വരൂലാന്ന്. മോള് വാ..വന്നു കിടക്ക്. പൊന്നൂട്ടിക്ക് പനിയല്ലേ… പനി മാറണ്ടേ…ശ്രീതു പറഞ്ഞു..

പനി പെട്ടന്ന് മാറോ ഇച്ചേച്ചീ…എന്നിട്ട് വേണം അച്ചേടെ കൂടെ കോവിലിൽ പോകാൻ..എനിക്ക് അച്ഛ മതി ഇച്ചേച്ചീ…അമ്മ വേണ്ട…അമ്മ വേണ്ട….അവളുടെ സംസാരം കേട്ട് ശ്രീതു കരച്ചിലമർത്തി.

പോകാട്ടോ..എല്ലായിടത്തും പോകാം..പൊന്നൂട്ടി ഉറങ്ങിക്കോ….

ശ്രീതു അവളെ പിടിച്ചു കിടത്തി പുതപ്പെടുത്തു പുതപ്പിച്ചു. തുടയിൽ ചെറുതായി തട്ടിക്കൊടുത്തു. മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന ആ കുഞ്ഞിന്റെ മുഖം കാണെ സങ്കടം സഹിക്കാതെ അവൾ പുറത്തേക്കിറങ്ങി.

മോള് ഉറങ്ങ്യോ ശ്രീതൂ..അവിടേക്ക് കടന്നു വന്നുകൊണ്ട് ശ്രീജ ചോദിച്ചു..

നന്നായി പനിക്കുന്നുണ്ടമ്മേ.. ഉറക്കത്തിൽ എന്തൊക്കെയോ പറയുന്നുണ്ട്..എഴുന്നേറ്റ് ഓടിയിടത്തു നിന്ന് ഞാൻ വീണ്ടും പിടിച്ചു കിടത്തിയതാണ്..താങ്ങാൻ കഴിഞ്ഞിട്ടുണ്ടാവില്ല അതിന്. അവളെപ്പോഴും രമേശേട്ടന്റെ നിഴലല്ലായിരുന്നോ..അമ്മയായ സീന ചേച്ചിയോട് ഇല്ലാത്ത അടുപ്പം മുഴുവൻ അവൾക് അവളുടെ അച്ഛനോടായിരുന്നു. കരഞ്ഞു വീർത്ത കണ്ണും മുഖവും അമർത്തി തുടയ്ക്കുന്നതിനിടയിൽ ശ്രീതു പറഞ്ഞു..

ശ്രീജയുടെ മക്കളാണ് ശ്രീതുവും സീനയും. സീനയുടെ ഭർത്താവ് രമേശൻ മരിച്ചിട്ട് ഇന്നേക്ക് രണ്ടാംനാളാണ്. അയാളുടെ അകാല ചരമം ആ കുടുംബത്തെ ഒന്നാകെ തകർത്തു കളഞ്ഞു.

സീന വെള്ളമെങ്കിലും കുടിച്ചോ  മോളേ…ആ നേരം മുതൽ ഒരേ ഇരുപ്പാണ്. ഒന്ന് കരഞ്ഞെങ്കിൽ സങ്കടങ്ങൾ അങ്ങനെയെങ്കിലും ഒഴുകി പോയേനെ..എന്റെ കുഞ്ഞിന് ഇങ്ങനെ ഒരു വിധി വരാനും മാത്രം എന്തു പാപമാണ് മോളേ ഞാനും നിന്റെ അച്ഛനും ചെയ്തത്. ശ്രീജ ശ്രീതുവിനെ കെട്ടിപിടിച്ചുറക്കെ കരഞ്ഞു.

ഒന്ന് മതിയാക്ക് അമ്മേ…എല്ലാവർക്കും സങ്കടം ഉണ്ട് എന്നുകരുതി ഇങ്ങനെ തുടങ്ങിയാൽ ചേച്ചിയും പൊന്നൂട്ടിയും എന്ത് ചെയ്യും. അവർക്കിനി നമ്മളല്ലേ ഉള്ളൂ. അവൾ അമ്മയോട് കയർത്തുകൊണ്ട് അകത്തേക്കു നടന്നു..

മരണത്തിനെത്തിയവരിൽ പലരും അന്നു തന്നെ പിരിഞ്ഞു പോയിരുന്നു. ശേഷിക്കുന്ന അടുത്ത ബന്ധുക്കൾ വീടിന്റെ ഓരോ ഭാഗത്ത്‌ ഒതുങ്ങിയിരുന്നു പലതരം ചർച്ചയിൽ ഏർപ്പെടുന്നുണ്ടായിരുന്നു. ശ്രീജ അവർക്കിടയിലേക്ക് ചെന്നു.

പിള്ളേരെവിടെ ശ്രീജെ..വല്ലതും കഴിച്ചോ അവര്. അവരിലൊരാൾ ചോദിച്ചു.

ഇല്ല ജാനേച്ചി..പൊന്നുവിന് നന്നായി പനിക്കുന്നുണ്ട്. സീനയുടെ ഇരുപ്പ് കണ്ടില്ലേ നിങ്ങള്. ഒരുയിരായി കഴിഞ്ഞോരല്ലേ അവര്. എന്റെ കുഞ്ഞെങ്ങനെ സഹിക്കാനാണ്..എന്നാലും ഇങ്ങനെ ജീവിച്ചിട്ടും ചെറിയൊരു കട ബാധ്യത വന്നപ്പോ അവൻ കേറി തൂങ്ങി കളഞ്ഞില്ലേ. അവർക്ക് ഞാൻ ഇല്ലേ അമ്മയും അച്ഛനും ഒക്കെ ആയിട്ട്…ആ എന്നോട് പോലും അവനൊരു വാക്ക് പറഞ്ഞില്ല എല്ലാം ഉള്ളിലൊതുക്കി ഒറ്റക്കങ്ങു പോയി. ശ്രീജയുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി.

എന്തോ ചേച്ചി എനിക്ക് അറിയില്ല..ഞാൻ അവനെ ഒരാഴ്ച മുന്നേ കണ്ടതാണ്. പൊന്നുവിന് വെള്ളിക്കൊലുസ് വേണംന്ന് പറഞ്ഞു അത് വാങ്ങാൻ കടയിൽ വന്നിരുന്നു അച്ഛനും മോളും. അന്ന് അവൻ സന്തോഷത്തിൽ ആയിരുന്നു. പെട്ടന്ന് എവിടുന്നാണ് ഈ ബാധ്യതയും പ്രശ്നങ്ങളും അവനുണ്ടായത് എന്ന് എനിക്ക് അറിയില്ല. രമേശന്റെ അടുത്ത സുഹൃത്തായ നന്ദു സംശയത്തോടെ പറഞ്ഞു നിർത്തിയതും ചുറ്റിലുമുള്ള എല്ലാവരുടെയും ശ്രദ്ധ അവനിലേക്ക് പതിഞ്ഞു.

ഹാ….എന്തായാലും അവൻ നല്ലവനായിരുന്നു..ഇത്രയെ ആയുസ് വിധിച്ചിരുന്നുള്ളു എന്ന് കരുതാം അല്ലാതെ എന്താ പറയുക..ചേച്ചി ചെല്ല് പൊന്നുവിന്റെ അടുത്ത് ചെന്നിരിക്ക്. നന്ദു പിന്നെയും പറഞ്ഞു..

ശ്രീജ അകത്തേക്ക് പോയതും നന്ദു രമേശന്റെ അനിയൻ പ്രകാശനുമായി വീടിന്റെ പുറകിലേക്ക് നടന്നു.

എടാ ഞാൻ പറയുന്നതുകൊണ്ട് നിനക്കൊന്നും തോന്നരുത് എനിക്ക് എന്തൊക്കെയോ സംശയം ഉണ്ട്..നന്ദു അവനോട് പറഞ്ഞു.

എന്താ ചേട്ടനങ്ങനെ പറയാൻ. എന്റെ ചേട്ടന് കുറച്ചു കടം ഉണ്ട് അത് എനിക്കും അറിയാം..അതല്ലാതെ വേറെ പ്രശ്നം ഒന്നും ഉള്ളതായി എനിക്ക് അറിയില്ല..നിങ്ങളോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ചേട്ടൻ..അവൻ ചോദിച്ചു.

ഇല്ലെടാ എനിക്കും വേറെ ഒന്നും അറിയില്ല പക്ഷെ എന്തോ അറിയില്ല എന്തൊക്കെയോ പൊരുത്തക്കേടുകൾ എവിടെയൊക്കെയോ ഉണ്ട്. നന്ദു അവനോടായി പറഞ്ഞു.

ചേട്ടാ ഒന്നും ഇല്ലാതെ നിങ്ങൾ ഇങ്ങനെ പറയില്ല എന്ന് എനിക്ക് അറിയാം എന്തായാലും ചേട്ടൻ എന്നോട് തുറന്നു പറയു. അങ്ങനെ എന്റെ ചേട്ടനെ ആരെങ്കിലും ചതിച്ചെങ്കിൽ എനിക്ക് അത് അറിയണം. ഞങ്ങളുടെ അച്ഛന്റെ സ്ഥാനത്താണ് രമേശേട്ടനെ ഞാനും എന്റെ ചേച്ചിയും ഒക്കെ കണ്ടിരുന്നത്. ആ ചേട്ടന് എന്തു പറ്റി എന്ന് എനിക്ക് കണ്ട് പിടിച്ചേ മതിയാകൂ. പ്രകാശൻ പറഞ്ഞു.

ഉം…അതേ..പക്ഷെ അവന്റെ മരണത്തിലല്ല എനിക്ക് സംശയം. അതിനിടയാക്കിയ സാഹചര്യം എന്താ എന്നുള്ളത് ആണ്. കാരണം കടം കാരണം അവൻ അങ്ങനെ ചെയ്യില്ല..അത് എനിക്ക് ഉറപ്പാണ്..മറ്റെന്തോ ഉണ്ട്..ഞാൻ അത് പറയാൻ ഒരു കാരണവും ഉണ്ട്.

വീടിനു പുറകിലെ ചായപ്പിലെ തിണ്ണയിലേക്ക് ഇരുന്നുകൊണ്ട് നന്ദു പറഞ്ഞു.

എന്റെ ചേട്ടാ എന്നെ ആധി കേറ്റാതെ നിങ്ങൾ പറ എന്താ കാര്യംന്ന്. പ്രകാശൻ തികഞ്ഞ അക്ഷമയോടെ അവന്റെ അടുത്തേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.

എടാ…നീ എടുത്തു ചാടി ഒന്നും ചെയ്യരുത്..കഴിഞ്ഞ ആഴ്ച  അവനെ ഞാൻ കണ്ടു എന്ന് പറഞ്ഞില്ലേ..അതിന്റെ പിറ്റേന്ന് നമ്മുടെ സീനയെ ഞാൻ ടൗണിൽ വച്ചു കണ്ടിരുന്നു..കൂടെ നമ്മുടെ വടക്കേലെ ഉണ്ണിയും ഉണ്ടായിരുന്നു…രണ്ടാളും ടൗണിലെ ഹോട്ടലിൽ നിന്ന് ഇറങ്ങി വന്നതും അവന്റെ ഓട്ടോയിൽ കേറി പോയതും എന്റെ മുന്നിലൂടെയാണ്. ഞാൻ അവിടെ നിക്കുന്നത് അവർ രണ്ടാളും കണ്ടില്ല..ഞാൻ ഇത് ആരോടും പറഞ്ഞിട്ടില്ല.അവനോട് പറയണം എന്നുണ്ടായിരുന്നു. ഞാൻ കാരണം ഒരു കുടുംബം രണ്ടാവരുത് എന്നു മാത്രമേ അപ്പൊ ചിന്തിച്ചുള്ളൂ..

നന്ദുവിന്റെ വാക്കുകൾ കേട്ട് പ്രകാശൻ ഇരുന്നിടത്തു നിന്ന് ചാടി എഴുന്നേറ്റു. മുന്നോട്ടു നടക്കാൻ തുടങ്ങിയ അവനെ പെട്ടന്ന് തന്നെ നന്ദു കടന്നു പിടിച്ചു.

വേണ്ട…..ഇത് ഒരു മരണ വീടാണ്. ഇപ്പൊ നീ ഒരു പ്രശ്നം ഉണ്ടാക്കരുത്. നമുക്ക് സാവകാശം എല്ലാം കണ്ടു പിടിക്കാം..നീ ആദ്യം ചെയ്യേണ്ടത് ഇത് എല്ലാം ശ്രീതുവിനോട് പറയുക എന്നതാണ്. എനിക്ക് അറിയാം നിങ്ങൾ തമ്മിലുള്ള ബന്ധം. സ്വന്തം ചേച്ചിയായാൽ പോലും അവൾ തെറ്റിന്റെ പക്ഷത്തു നിൽക്കില്ല ഒരിക്കലും. നീ ഒരു കാര്യം ചെയ്യൂ അവളെ ഇങ്ങോട്ട് വിളിക്ക്. ഞാൻ പറയാം എല്ലാം. നന്ദു പറഞ്ഞു..

പ്രകാശൻ പെട്ടന്നു തന്നെ ഫോൺ എടുത്തു ശ്രീതുവിനെ വിളിച്ചു..രണ്ടു മിനിറ്റിനകം ശ്രീതു അവർക്കരികിലേക്ക് എത്തി..

മോളേ…നിന്നോട് ഞങ്ങൾക്ക് ചിലത് പറയാൻ ഉണ്ട്..നിനക്ക് തോന്നുന്നോ കടം വന്നു എന്ന് പറഞ്ഞു രമേശൻ ഇങ്ങനെ ചെയ്യും എന്ന്..അയാൾ അവളോട് ചോദിച്ചു

ഇല്ല നന്ദു ചേട്ടാ… എനിക്ക് അങ്ങനെ തോന്നുന്നില്ല. വേറെ ഒന്നും ഓർത്തില്ല എങ്കിൽ പോലും ചേട്ടൻ പൊന്നുവിനെ ഓർക്കും. അവളെ വിട്ട് ഒരു രാത്രി മാറി നിൽക്കാൻ കഴിയാത്ത ചേട്ടന് ഇതിന് എങ്ങനെ കഴിയും..

അയാളെ കുറിച്ചുള്ള ഓർമകളിൽ അവളുടെ കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു.

ശ്രീതു…നീ ഞങ്ങൾ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം…പ്രകാശൻ അവളോട് പറഞ്ഞു.

നന്ദു പറഞ്ഞ കാര്യങ്ങൾ പ്രകാശൻ അവളോട് പറയുമ്പോൾ ശ്രീതു നടുങ്ങി പോയിരുന്നു.

പ്രകാശേട്ടാ…എന്റെ ചേച്ചി..അവളെങ്ങനെ ചെയ്യോ….അതും ഇത്രേം സ്നേഹം ആയിട്ടിരുന്നിട്ട്..എനിക്ക് പറ്റണില്ല ഇത് വിശ്വസിക്കാൻ..അവൾ വാക്കുകൾക്കായി പരതി.

ഞാൻ പറഞ്ഞത് സത്യം ആണ് മോളേ…എനിക്ക് ആള് മാറിയിട്ടില്ല ഞാൻ സീനയെ വ്യക്തമായി കണ്ടു. ഇനി മോള് ചെയ്യേണ്ട ഒരു കാര്യം ഉണ്ട്..രമേശൻ കഴിഞ്ഞാൽ പൊന്നുമോൾക് ഏറ്റവും ഇഷ്ടം നിന്നെയല്ലേ..നീ മോളോട് ചോദിക്കണം അവൻ മരിക്കുന്ന ദിവസം ഇവിടെ എന്താ നടന്നത് എന്ന്. എന്തുകൊണ്ടാണ് സ്വന്തം അമ്മയായിട്ടും അവൾ സീനയിൽ നിന്നും അകലം പാലിക്കുന്നത് എന്ന്..പക്ഷെ ഇതൊന്നും ഇപ്പൊ വേണ്ട..കുറച്ചു ദിവസങ്ങൾ കഴിയട്ടെ..പൊന്നുമോള് പനിയൊക്കെ മാറി സാധാരണ ഗതിയിലേക്ക് വരട്ടെ…അപ്പൊ മതി…അതും ആ കുഞ്ഞു മനസ് നോവാതെ വേണം നീയിതു കൈകാര്യം ചെയ്യാൻ..നിന്നെ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസം ആണ്.നീ ഒരിക്കലും ഒരു തെറ്റിനും കൂട്ട് നിൽക്കില്ല എന്ന് എനിക്ക് അറിയാം. പിന്നെ മറ്റൊരു കാര്യം ഇതിന്റെ സത്യം അറിയും വരെ നീ ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന രീതിയിൽ വേണം പെരുമാറാൻ..അല്ലെങ്കിൽ അത് ഈ മരണ വീട്ടിൽ വലിയ പ്രശ്നങ്ങൾക്ക് വഴി വയ്ക്കും. നന്ദു അവളോടായി പറഞ്ഞു.

കുറച്ചു സമയം ഒന്നും മിണ്ടാതെ നിന്നതിനുശേഷം അവൾ എല്ലാത്തിനും തലകുലുക്കി സമ്മതമറിയിച്ചു കൊണ്ട് വീടിനുള്ളിലേക്ക് കയറി പോയി. അവരോട് എല്ലാം സമ്മതിച്ചുവെങ്കിലും ചങ്കിൽ കോരിയിട്ട കനലുമായാണ് പിന്നെ അവൾ ദിനങ്ങൾ തള്ളി നീക്കിയത്.

എത്രയൊക്കെ വേണ്ട എന്ന് വച്ചിട്ടും ചേച്ചിയോട് ഉള്ളിൽ നുരഞ്ഞു പൊന്തിയ വെറുപ്പ് അവളുടെ നോട്ടത്തിൽ പോലും നിഴലിച്ചു..മറ്റെന്തു കാര്യങ്ങൾക്കിടയിലും പൊന്നുവിനെയും സീനയെയും പ്രത്യേകം ശ്രദ്ധിക്കാനും അവൾ മറന്നില്ല. അതുകൊണ്ട് തന്നെ രമേശന്റെ വേർപാടിലുള്ള ദുഖത്തേക്കാൾ ഉപരി പൊന്നുവിനെ കാണുമ്പോൾ സീനയുടെ കണ്ണുകളിൽ നിറയുന്ന ഭയം കാണുമ്പോൾ ശ്രീതുവിനും പ്രകാശനും കൂടുതൽ എന്തൊക്കെയോ വ്യക്തമാകാൻ തുടങ്ങി.

അഞ്ചാം നാൾ സഞ്ചയനം കഴിഞ്ഞ രാത്രി ഉമ്മറത്തിരുന്ന എല്ലാവരും സീനയുടെ നിലവിളി കേട്ടാണ് അകത്തേക്ക് ഓടിയത്..നിലത്തു വീണു കിടക്കുന്ന സീനയേയും കലികൊണ്ട് വിറച്ചു നിക്കുന്ന ശ്രീതുവിനെയും കാണെ ഓടി കൂടിയവർ എല്ലാവരും അമ്പരന്നു.

എന്താടി ഇത്..നീ എന്താ എന്റെ കൊച്ചിനെ ചെയ്തത്.. അവളെന്തിനാ നിലവിളിച്ചത്. ശ്രീജ ശ്രീതുവിനെ തള്ളി മാറ്റുന്നതിനൊപ്പം സീനയെ നിലത്തു നിന്ന് പിടിച്ചെഴുന്നേൽപ്പിച്ചു.

മോള്…ഇവളെ വിളിക്കേണ്ട പേര് വേറെയാണ്…അമ്മയ്ക്ക് അറിയില്ല ഇവളെന്താ ഈ കുഞ്ഞിനെ ചെയ്തത് എന്ന്.

സ്വന്തം അച്ഛന്റെ മരണത്തിന്റെ നടുക്കവും വേദനയും മാറാതെ തകർന്നിരിക്കുന്ന ഈ കുഞ്ഞിനെ ഈ ഒരുമ്പെട്ടോള് ഭീഷണിപെടുത്തുന്നു..ശ്രീതു ദേഷ്യം കൊണ്ട് വിറച്ചുകൊണ്ട് പറഞ്ഞു..

പ്രകാശേട്ടാ…നിങ്ങൾ പറഞ്ഞില്ലേ ഇവളെ കുറിച്..അന്നു മുതൽ ഞാൻ ഇവളെയും എന്റെ പൊന്നുവിനെയും ശ്രദ്ധിച്ചുകൊണ്ടാണ് ഇരുന്നത്..ഈ കുഞ്ഞിനെ കാണുമ്പോൾ ഇവളുടെ കണ്ണിൽ സ്നേഹമോ വേദനയോ അല്ല പകരം പേടി ആണ്..അതുകൊണ്ടാണ് പൊന്നുവിനെ  ഒറ്റയ്ക്കാക്കാതെ ഞാൻ അവിടുന്ന് എഴുന്നേറ്റ് അകത്തേക്ക് വന്നത്..വന്നതുകൊണ്ട് ഇത്രയും ദിവസം ഭർത്താവ് മരിച്ച വേദന അഭിനയിച്ച് ഇരുന്ന ഇവളുടെ തനി നിറം അറിയാൻ പറ്റി..

ശ്രീതുവിന്റെ ഓരോ വാക്കും മറ്റുള്ളവരെ ഞെട്ടിച്ചു. ഒരാളുടെയും മുഖത്ത് നോക്കാനാകാതെ സീന മുഖം കുനിച്ചു.

എന്താ ശ്രീതു ഉണ്ടായത് നീ അത് പറ..പെട്ടന്ന് പ്രകാശൻ അവർക്കിടയിലേക്ക് വന്നുകൊണ്ട് പറഞ്ഞു..

വേണ്ട ഞാൻ പറയുന്നില്ല എന്റെ മോള് പറയും ഇവൾ എന്താ പറഞ്ഞത് എന്ന്.പൊന്നൂ മോളേ..പറ ഇവള് മോളേ എന്തു പറഞ്ഞാ പേടിപ്പിച്ചത്…

ഇച്ചേച്ചീ…അമ്മ പറയാ..അമ്മേം ഉണ്ണിമാമനും കെട്ടിപിടിച്ചതും പിന്നെ ഏതാണ്ടൊക്കെ ചെയ്തതും അച്ഛൻ കണ്ടോണ്ട് വന്നത് ആരോടും പറയരുത് എന്ന്..പറഞ്ഞാൽ അച്ഛേ അവിടെ തൂക്കി ഇട്ടില്ലേ…അതുപോലെ മോളേം ഉണ്ണി മാമൻ അവിടെ തൂക്കി ഇടും എന്ന്..എനിക്ക് അമ്മേ ഇഷ്ടല്ലാ..അമ്മ ചീത്തയാ..എന്റെ അച്ചയാ നല്ലത്..

അമ്മേം ഉണ്ണി മാമനേം അച്ഛ അടിച്ചതുകൊണ്ട് ആണോ ഇച്ചേച്ചീ അച്ഛനെ തൂക്കി ഇട്ടേ….എന്റെ അച്ഛക്ക് ഒത്തിരി നൊന്തു കാണോ..പൊന്നു കരച്ചിലോടെ ശ്രീതുവിനെ കെട്ടിപിടിച്ചു..

പൊന്നു മോളേ….കരയല്ലേ…മോള് എങ്ങനാ കണ്ടേ ഇതെല്ലാം…ഇച്ചേച്ചിയോട് മോള് പറ…

അത് പൊന്നൂട്ടി അച്ഛേ പറ്റിക്കാൻ വേണ്ടി ഉറങ്ങി കിടന്നതാ..അങ്ങനെ കിടന്നാൽ അച്ഛ വന്നു പൊന്നൂട്ടിയെ ഇക്കിളിയിടും..ഉമ്മ തരും…അതുകൊണ്ട് പൊന്നൂട്ടി ഉറങ്ങിയ പോലെ കിടന്നതല്ലേ….കുറെ കഴിഞ്ഞിട്ടും അച്ഛ വന്നില്ല പക്ഷെ ഉണ്ണി മാമൻ വന്നു..അമ്മേം കൂട്ടി ആ മുറിയിൽ പോയി..അപ്പൊഴാ അച്ഛ വന്നേ…പിന്നെ ഉണ്ണി മാമനേം അമ്മേം തല്ലി. മോള് പേടിച് കണ്ണടച്ചു കളഞ്ഞു. പിന്നെ കണ്ണ് തുറന്നപ്പോ മോള് കണ്ടതാ അച്ഛനെ ഉണ്ണി മാമനും അമ്മേം കൂടി തൂക്കി ഇടണേ..അപ്പൊ മോള് ഒത്തിരി കരഞ്ഞു.. പൊന്നൂട്ടി മിണ്ടിയാല് അമ്മ പൊന്നൂട്ടിയെ കൂടി തൂക്കി ഇടാൻ ഉണ്ണി മാമനോട് പറഞ്ഞാലോ എന്ന് പേടിച്ചു പൊന്നൂട്ടി മിണ്ടാതെ കിടന്നു. പിന്നെ അച്ഛേ ആ മാമന്മാർ എടുത്തു കൊണ്ട് പോയില്ലേ അപ്പോഴാ പൊന്നൂട്ടി അമ്മയോട് ചോദിച്ചേ അമ്മേം ഉണ്ണിമാമനും കൂടി എന്തിനാ അച്ഛനെ തൂക്കി ഇട്ടത് എന്ന്..അന്ന് അമ്മ എന്നോട് മിണ്ടല്ലേ എന്ന് പറഞ്ഞു..എനിക്ക് അമ്മേ പേടിയാ ഇച്ചേച്ചീ…പൊന്നു പറഞ്ഞു..

ഒരു നിമിഷം….ശ്രീജയുടെ കൈകൾ സീനയുടെ ഇരു കവിളിലും ആഞ്ഞു പതിച്ചു. അതിന് പിന്നാലെ പ്രകാശൻ അവളെ പുറത്തേക്ക് പിടിച്ചിറക്കി..അവന്റെ കൈകളിൽ കിടന്നു പിടച്ച അവളെ ഓടി കൂടിയ അയൽക്കാരും നാട്ടുകാരും കൂടി പിടിച്ചു മാറ്റി..

വിടെന്നെ…ഇവളെ ഞാൻ ബാക്കി വൈക്കില്ല…എന്റെ കൂടപ്പിറപ്പിനെ ഒരു മനസാക്ഷി ഇല്ലാതെ കെട്ടിതൂക്കി കൊ ന്നോളാ ഇവള്. അവളേം അവളുടെ മറ്റവനേം കൊ ല്ലും ഞാൻ..പ്രകാശൻ തന്നെ പിടിച്ചിരിക്കുന്നവരുടെ കൈകളിൽ കിടന്നു കുതറി…

ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിൽക്കുന്ന സീനയെ കാൺകെ ശ്രീജ ഇരു കൈകളും തലയിൽ വച്ചുകൊണ്ട് അവളെ പ്രാകി..

നിനക്ക് വേണ്ടേൽ ഇറങ്ങി പൊയ്ക്കൂടായിരുന്നോടി എന്റെ കൊച്ചിനെ കൊ ല്ലാതെ…നീ എന്റെ വയറ്റിൽ തന്നെ കുരുത്തല്ലോടി ദുഷ്ടേ…അവർ പതം പറഞ്ഞു കരഞ്ഞു.

പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. ഉണ്ണിയെയും സീനയേയും പോലീസ് അറെസ്റ്റ്‌ ചെയ്തു. തെളിവെടുപ്പിനായി ഇരുവരെയും കൊണ്ട് വരുമ്പോൾ ചുറ്റിനും നിന്ന നാട്ടുകാർ അവർക്കു നേരെ അസഭ്യ വർഷം നടതുന്നുണ്ടായിരുന്നു..പോലീസുകാർക്ക് ഒപ്പം ഒരു കുറ്റബോധവുമില്ലാത്ത മുഖത്തോടെ നടന്നു നീങ്ങുന്ന സീന നാട്ടുകാരെ പോലും അത്ഭുതപ്പെടുത്തി.

സ്നേഹം മാത്രം കൈമുതലായുള്ള രമേശന്റെ മുഖമോർക്കേ ശ്രീജയും ശ്രീതുവും സീനയോട് ഒരല്പം പോലും സഹാനുഭൂതിയില്ലാതെ വീടിന്റെ വാതിൽ അവർക്ക് പുറകിൽ കൊട്ടിയടച്ചു.

വീടിനു പുറത്ത് ആക്രോശങ്ങളും ബഹളങ്ങളും നടക്കുമ്പോഴും താൻ ചെയ്തത് എന്തെന്നറിയാതെ അപ്പോഴും അവസാനമായി അച്ഛൻ തനിക്ക് വാങ്ങി തന്ന വെള്ളിക്കൊലുസിന്റെ മുത്തുകളെണ്ണി അച്ഛന്റെ ഫോട്ടോയോട് കിന്നാരം ചൊല്ലി ചിരിക്കുന്നുണ്ടായിരുന്നു അച്ഛന്റെ പൊന്നോള്……

✍️ രേഷ്മദേവു