എല്ലാവരുടെയും കൈയ്യിൽ നിന്നും ഫ്രീ ആയിട്ട് ഉപദേശം കിട്ടുന്ന എനിക്ക് ജീവിതത്തിൽ ആദ്യമായി ഉപദേശിക്കാൻ കിട്ടിയ അവസരം ഞാൻ…

ഉപദേശം

എഴുത്ത്: ദേവാംശി ദേവ

==================

“ഇച്ഛായ…ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ.”

“എന്റെ ചെവിക്ക് ഒരു കുഴപ്പവും ഇല്ല..” മുടി ചീകുന്നതിനിടയിൽ ഇച്ഛായൻ പറഞ്ഞു..

“പിന്നെന്താ ഒന്നും മിണ്ടാത്തത്.”

“മിണ്ടാൻ ഒന്നും ഇല്ലാത്തതുകൊണ്ട്.” പെർഫ്യൂമും അടിച്ചുകൊണ്ട് നേരെ ഡൈനിങ് ടേബിളിൽ പോയി ഇരുന്നു..

ഒന്നും മിണ്ടാതെ ഫുഡ് എടുത്തു കൊടുത്തു..അല്ലെങ്കിലും ആഹാരം കഴിക്കുമ്പോൾ ദേഷ്യം വരുന്ന കാര്യങ്ങളൊന്നും പറയാതിരിക്കാൻ ഞാൻ മാക്സിമം ശ്രെദ്ധിക്കാറുണ്ട്…കാരണം ദേഷ്യം വന്നാൽ ആഹാരം കഴിക്കാതെ പോകുന്ന സ്വഭാവം ഇച്ഛായനുണ്ട്..

“ഇച്ഛായ…അവനെ കൊണ്ട് എനിക്ക് വല്യ ശല്യമാണ്…എന്തങ്കിലും…” ആഹാരം കഴിച്ച് കഴിഞ്ഞപ്പോ ഞാൻ പറഞ്ഞു..

“ഞാൻ ഒന്നും ചെയ്യില്ല..നിനക്ക് ശല്യമാണെങ്കിൽ പരിഹാരവും നീ കണ്ടെത്തണം..”

“ഞാൻ നിങ്ങളുടെ ഭാര്യയാണ് അലക്സിച്ചായാ..”

“ഇടക്കെങ്കിലും നീ അതൊന്ന് ഓർക്കുന്നത് നല്ലതാ..”

“എനിക്ക് ചോദിക്കാനും പറയാനും  ആരും ഇല്ലാത്തത് കൊണ്ടല്ലേ..”

“ദേവ..നീ എന്റെ കൈ അകലത്തിൽ നിന്ന് മാറി നിന്നോ..അതാ നിനക്ക് നല്ലത്.”

പെട്ടെന്ന് ഞാൻ രണ്ടടി പിന്നോട്ട് മാറി..ആരോഗ്യം മുഖ്യം ആണല്ലോ..

“ഏത് നേരത്താണോ എനിക്ക് നിങ്ങളെ പ്രേമിക്കാൻ തോന്നിയത്..”

“ഇപ്പൊ ഞാനും അത് തന്നെയാ ചിന്തിക്കുന്നത്..വല്ല ക്രിസ്ത്യൻ പെൺപിള്ളേരേം ആണ് പ്രേമിച്ച് കെട്ടിയിരുന്നതെങ്കിൽ ബന്ധുക്കളുടെ മുറുമുറുപ്പ് എങ്കിലും കേൾക്കണ്ടായിരുന്നു..”

“ഓ..പിന്നെ..ഇങ്ങേര് പ്രേമിക്കാൻ ചെന്നുടനെ ഇങ്ങേരെ പ്രേമിക്കാൻ ഐശ്വര്യ റായ് വരും..

അതിന് ഐശ്വര്യറായ് ക്രിസ്ത്യൻ അല്ലല്ലോ..കത്രീന കൈഫ്..കത്രീന ക്രിസ്ത്യൻ പേര് ആണല്ലോ..അപ്പൊ കത്രീന കൈഫ് ക്രിസ്ത്യൻ ആയിരിക്കും..

ഇങ്ങേര് പ്രേമിക്കാൻ ചെന്നുടനെ ഇങ്ങേരെ പ്രേമിക്കാൻ കത്രീന കൈഫ് വരും.”

പറഞ്ഞിട്ട് നോക്കുമ്പോ ആട് കിടിന്നിടത്ത് പൂടപോലും ഇല്ലെന്ന് പറയും പൊലെ ഇച്ഛായൻ നിന്നിടത്ത് ഇച്ഛായന്റെ പൊടി പോലും ഇല്ല.

ഓടിപ്പോയി മുറ്റത്ത് നോക്കുമ്പോൾ കുതിരപ്പുറത്ത് കയറി ഗേറ്റ് കടന്ന് പോയി കഴിഞ്ഞു..പതിവായി കിട്ടുന്ന ഉമ്മയും കിട്ടിയില്ല..

ബുള്ളറ്റിന്റെ ശബ്ദം അകന്നുപോകുന്നത് വരെ നിന്നു..പിന്നെ പോയി ഗേറ്റ് അടച്ചിട്ട് വന്ന് ഇച്ഛായൻ കഴിച്ച പാത്രമൊക്കെ കഴുകിവെച്ചു..

പിന്നെപോയി ഫോൺ എടുത്തു. നെറ്റ് ഓൺ ചെയ്തപ്പോൾ തന്നെ മെസ്സേജുകളും നോട്ടിഫിക്കേഷനുകളുമൊക്കെ വന്നു..വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തപ്പോൾ ആദ്യ മെസ്സേജ് തന്നെ അരുണിന്റേത് ആണ്..ഒരു പേടിയോടെ ആണ് ഓപ്പൺ ചെയ്തത്..

“ദേവാംശി..ഞാൻ ഞായറാഴ്ച കോട്ടയത്തേക്ക് വരും…നിന്റെ വീട്ടിലിലേക്ക്..നിന്റെ ഹസ്ബൻഡിനോട് ഞാൻ കാര്യം പറഞ്ഞ് മനസ്സിലാക്കാം..അതുവരെ നീ ഒന്നും പറയണ്ട..ഇനിയും നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല..” മെസ്സേജ് വായിച്ചപ്പോൾ ഞാൻ ഞെട്ടി പോയി..

എന്തിനാണ് ഈശ്വര എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ..ഇനി ഞാൻ എന്ത് ചെയ്യും..

മെസ്സേജ് ഒന്നുകൂടി വായിച്ചു..എന്റെ ഇച്ഛായനെ കളഞ്ഞിട്ട് നിന്റെ കൂടെ എന്റെ പ ട്ടി വരുവെടാ തെ ണ്ടി..

മെസ്സേജ് നേരെ ഇച്ഛായന് ഫോർവേഡ് ചെയ്തിട്ട് ഫോൺ മാറ്റിവെച്ചു. ഇപ്പൊ നിങ്ങള് വിചാരിക്കുന്നുണ്ടാകും എന്താണ് സംഭവം എന്ന്..പറഞ്ഞു തരാം..

ഓണത്തിന് ഞാനെന്റെ നാട്ടിൽ പോയി..തിരുവനന്തപുരത്ത്. ഇച്ഛായന് തിരക്കായതുകൊണ്ട് എന്നെ കൊണ്ട് വിട്ടു..വിളിക്കാം വരാമെന്നും പറഞ്ഞു..

അങ്ങനെ വീട്ടിൽ നിൽക്കുമ്പോൾ ഒരു ദിവസം ക്ഷേത്രത്തിൽ പോയപ്പോളാണ് എന്റെ കൂടെ സ്‌കൂളിൽ പഠിച്ച അരുണിന്റെ അമ്മയെ കണ്ടത്..ഞങ്ങൾ ഒരേ നാട്ടുകാരും ആണ്..അതുകൊണ്ട് പോയി സംസാരിച്ചു..വിശേഷം ചോദിക്കുന്ന കൂട്ടത്തിൽ അരുണിനെ പറ്റിയും ചോദിച്ചു..

അവനിതുവരെ കല്യാണം കഴിച്ചിട്ടില്ലെന്നും അവനെക്കാൾ രണ്ട് വയസ് ഇളയതായ അനിയൻ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞുമായെന്നൊക്കെ ആന്റി പറഞ്ഞു..

“അരുൺ മാത്രം ഒന്നും അനുസരിക്കില്ല മോളെ..ഞാൻ പറഞ്ഞു മടുത്തു..ഇനി മോളൊന്ന് സംസാരിക്കോ..നിങ്ങള് കൂട്ടുകാര് പറഞ്ഞാൽ അവൻ കേൾക്കും..എന്റെ കണ്ണ് അടയുന്നതിന് മുൻപ് അവനൊരു കുടുംബമായി കണ്ടാൽ മതി…”

ആ ആന്റി അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഞാനും കരുതി അവനെയൊന്ന് ഉപദേശിച്ച് നന്നാക്കി കളയാമെന്ന്..

എല്ലാവരുടെയും കൈയ്യിൽ നിന്നും ഫ്രീ ആയിട്ട് ഉപദേശം കിട്ടുന്ന എനിക്ക് ജീവിതത്തിൽ ആദ്യമായി ഉപദേശിക്കാൻ കിട്ടിയ അവസരം ഞാൻ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു..അന്നേ ഇച്ഛായൻ പറഞ്ഞതാ വേണ്ടാത്ത പണിക്കു പോകണ്ടാന്ന്..കേട്ടില്ല..

പണ്ടെങ്ങോ ആക്ടീവായി ഇരുന്നതും ഇന്ന് നിശ്ചലമായി കിടക്കുന്നതുമായ സ്കൂൾ ഗ്രൂപ്പ് തപ്പിയെടുത്തു..അതിൽനിന്നും അരുണിന്റെ നമ്പര് കണ്ടെത്തി അവനൊരു മെസ്സേജ് അയച്ചു.

“ഹായ് അരുൺ..ഞാൻ ദേവാംശി ആണ്. “

“ദേവാംശി…നീ എന്താ പതിവില്ലാതെ മെസ്സേജ് ഒക്കെ”

“ഞാൻ നാട്ടിൽ വന്നപ്പോൾ നമ്മുടെ കൂടെ പഠിച്ച കുറച്ചുപേരെ കണ്ടു..അപ്പോൾ നിന്നെ ഓർമ്മവന്നു അതുകൊണ്ടാ മെസ്സേജ് അയച്ചത് . “

“നീ ഇപ്പോ കോട്ടയത്ത് ആണല്ലേ…നീ കോട്ടയത്തുള്ള ഏതോ ക്രിസ്ത്യൻ പയ്യനെ പ്രേമിച്ചെന്നും വീട്ടുകാർ എതിർത്തപ്പോൾ ഇറങ്ങിപ്പോയി എന്നൊക്കെ ഫ്രണ്ട്സ് പറഞ്ഞറിഞ്ഞു. പിന്നെ നിന്നെ കുറിച്ച് വലിയ വിവരം ഒന്നും ഇല്ലായിരുന്നല്ലോ.. “

അവനോട് എങ്ങനെ സംസാരിച്ചു തുടങ്ങും എന്ന് ഓർത്തിരുന്നപ്പോൾ അവനായി തന്നെ പിടിവള്ളി ഇട്ടുതന്നു

“ഞാൻ ഹാപ്പിയാണ് ടാ അലക്സിച്ചായൻ പാവം ആണ്, ആദ്യം കുറച്ച് എതിർപ്പൊക്കെ വീട്ടുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു ഇപ്പോൾ വലിയ പ്രശ്നമൊന്നുമില്ല..”

“അലക്‌സ് എന്നാണോ പേര്.”

അലക്‌സ് സാമുവൽ..നിന്റെ വിവാഹം കഴിഞ്ഞോ.. “

“ഇല്ല.. “

“അതെന്താ”

“എനിക്ക് അതിനൊന്നും താല്പര്യമില്ലടി..”

അന്ന് അവനോട് ഞാൻ കൂടുതൽ ഒന്നും സംസാരിക്കാൻ പോയില്ല..പിന്നീട് ഇടയ്ക്കിടയ്ക്ക് മെസ്സേജ് അയക്കും..ആ മെസേജിലൂടെ ഞാൻ എന്നെ പറ്റിയും ഇച്ചായനെപറ്റിയും ഞങ്ങളുടെ ജീവിതത്തെപറ്റിയുമോക്കെ അവന് പറഞ്ഞു കൊടുത്തു..

ഞങ്ങളുടെ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം കണ്ട് അവനും വിവാഹം കഴിക്കണമെന്ന തോന്നൽ വരട്ടെ.

ദിവസങ്ങൾ കഴിഞ്ഞ് വാട്സാപ്പ് മെസ്സേജിന് അപ്പുറം അവൻ കോൾ വിളിച്ചു തുടങ്ങി..കൂടെ പഠിച്ചവനല്ലേ ഫ്രണ്ട് അല്ലേ എന്ന് കരുതി ഞാനും സംസാരിച്ചു..

ഒരു ദിവസം ആ തെ ണ്ടി പറയുവാ അവന് പഠിച്ചിരുന്നപ്പോ മുതൽ എന്നെ ഇഷ്ടമായിരുന്നു എനിക്ക് ഇഷ്ടം അല്ലെങ്കിലോ എന്ന് കരുതി പറയാത്തതാണെന്ന്..പിന്നീട് എന്റെ കല്യാണം കഴിഞ്ഞപ്പോ എന്നെ മറന്നു തുടങ്ങിയതാ പക്ഷെ ഇപ്പൊ ഞാനായി തന്നെ അവനോട് മിണ്ടിയപ്പോ അവന് ഇഷ്ടം കൂടിയതേയുള്ളു…ഇനി ഞാനില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന്.

ഒരു നിമിഷം എന്റെ ഹാർട് ബീറ്റ് നിന്നുപോയി..ഇതിപ്പോ വാവ സുരേഷേട്ടൻെറ കൈയ്യിൽ നിന്ന് പാ മ്പിനെ വാങ്ങി തോളത്തിട്ടിട്ട് അതിനെ പിടിക്കാൻ അങ്ങേരെ തന്നെ അന്വേഷിച്ചുപോയ അവസ്ഥയാണ് എനിക്ക്….

ഒരുവിധം ഹൃദമിടിപ്പൊക്കെ നിയന്ത്രിച്ച് അവനോട് കാര്യം പറഞ്ഞ്  മനസ്സിലാക്കാൻ ശ്രെമിച്ചതാ..എവിടുന്ന്…ആ കുരുത്തം കെട്ടവൻ അമ്പിനും വില്ലിനും അടുക്കുന്നില്ല…

ഒടുവിൽ ഞാൻ നമ്പർ ബ്ലോക്ക്‌ ചെയ്തു..അപ്പൊ ദേ അവൻ വേറെ നമ്പറിൽ നിന്നും വിളിക്കുന്നു..ഇനി എന്റെ നമ്പർ മാറ്റാമെന്ന് വെച്ചാൽ psc, ഗ്യാസ്, ബാങ്ക് എല്ലായിടത്തും ഈ നമ്പർ ആണ്..കൂട്ടത്തിൽ ആധാർ കാർഡും ഇലക്ഷൻ ഐഡിയും എന്നുവേണ്ട കണ്ടതും കടിയതുമായ ഇല്ല കാർഡുകളും ഫോണുമായി ലിങ്ക് ചെയ്തിട്ടുണ്ട്…

ഇനിയുള്ള ഏക വഴി ഇച്ഛായനോട് പറയുകയാണ്..ഒരടി ഉറപ്പാണ്..എന്നാലും എന്റെ ഇച്ഛായൻ അല്ലേ…രണ്ടും കൽപ്പിച്ച് ഞാനങ്ങ് പറഞ്ഞു..പക്ഷെ അങ്ങേര് മൈൻഡ് പോലും ചെയ്യുന്നില്ല…അതിന്റെ കൂടെ ഞായറാഴ്ച അവൻ ഇങ്ങോട്ട് വരുന്നുണ്ടെന്ന്..ഞാനിനി എന്ത് ചെയ്യും..

ഫോൺ എടുത്ത് നോക്കി..ഇച്ഛായൻ മെസേജ് കണ്ടിട്ടുണ്ട്..പക്ഷെ മിണ്ടുന്നില്ല…

ദിവസങ്ങൾ കഴിഞ്ഞു…നാളെയാണ് ഞായർ…അതോർക്കും തോറും എനിക്ക് ടെൻഷൻ സഹിക്കാൻ പറ്റുന്നില്ല..എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു…ചായയുമായി റൂമിലോട്ട് ചെന്നപ്പോ ഇച്ഛായൻ ആരോടോ ഫോണിൽ സംസാരിക്കുകയാണ്..

“ഇന്നത്തോടെ ഞാൻ ഫ്രീയാണ്. നാളെ കാണാം.”

ഓഹോ അപ്പൊ ഞാൻ പോകാൻ കാത്തിരിക്കുകയാണ് ഫ്രീയാവൻ..സങ്കടം വന്നെങ്കിലും ഒന്നും മിണ്ടിയില്ല..

വീടിന്റെ മുന്നിലൂടെ ഓരോ വണ്ടി പോകുമ്പോഴും എന്റെ ചങ്ക് ഇടിക്കും..ഉച്ചവരെ അവൻ വന്നില്ല…ഉച്ചമുതൽ ഞാൻ സിറ്റൗട്ടിൽ തന്നെ ഇരുന്നു….അവൾ വരുമ്പോൾ ഗേറ്റ് കടന്ന ഉടൻതന്നെ അവന്റെ കാൽക്കൽവീണ് അവനെ തിരിച്ചയക്കണം..എന്റെ ഇച്ഛായൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്ന് പറയണം…ആ സ്ഥാനത്ത് ഒരാളെയും ഈ ജന്മത്തോ ഇനി എത്ര ജന്മം എടുത്താലും ചിന്തിച്ചു കൂടി നോക്കാൻ എനിക്ക് പറ്റില്ല എന്ന് പറയണം..

“ദേവ…നീ എന്താണ് ഇവിടെ ഇരിക്കുന്നേ.”

“അരുൺ വരും..”

“അപ്പൊ നീ അവന്റെ കൂടെ പോകാൻ കാത്തിരിക്കുവാണോ..”

“ഞാൻ ആരുടെകൂടെയും പോവൂല..എനിക്ക് ഇച്ഛായനെ മതി..പക്ഷെ ഇച്ഛായന് എന്നെ വേണ്ടല്ലോ..” പറഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞുപോയി..

“എന്ന് ആര് പറഞ്ഞു..”

“ഞാൻ കേട്ടല്ലോ ഇന്നത്തോടെ ഫ്രീ ആയി എന്ന് പറഞ്ഞത്…” അത് കേട്ടതും ഇച്ഛായൻ പൊട്ടിച്ചിരിച്ചു..

“എന്റെ ദേവ കൊച്ചേ…ഇന്നലെവരെ ഒരു വർക്കിന്റെ പുറകെ ബിസി ആയിരുന്നു..ഇന്ന് മുതൽ ഫ്രീയാണ്..ആ കാര്യമാ പറഞ്ഞത്..

പിന്നെ ഇനി അരുണിനെകാത്ത് ഇവിടെ ഇരിക്കേണ്ട…അവൻ വരില്ല..അവനെ വിളിച്ച് കുറച്ച് മലയാളം പറഞ്ഞുകൊടുത്തു..അതോടെ അലക്സിക്ക് ദേവ ഇല്ലാതെ പറ്റില്ലെന്ന് അവന് മനസ്സിലായി..ഇനി അവൻ നിന്നെ വിളിക്കില്ല..ഇച്ഛായന്റെ കൊച്ച് എഴുന്നേറ്റുവാ..നമുക്ക് വൈകുന്നേരത്തേക്ക് ചിക്കൻ സമൂസ ഉണ്ടാക്കാം”

ദൈവമേ…ഇങ്ങേരുടെ മലയാളം ആണെങ്കിൽ അവൻ ഹാർപ്പിക്കിട്ട് ചെവി കഴുകേണ്ടി വരും..എന്നാലും ആ ശല്യം ഒഴിഞ്ഞല്ലോ..

ഞാൻ ഓടിപോയി ഇച്ഛായനെ കെട്ടി പിടിച്ചു…

“Thank you ഇച്ഛായ..”

“ഇനിയെങ്കിലും ആരെയും ഉപദേശിക്കാൻ പകരുത്..”

“ച ത്താലും ഉപദേശിക്കില്ല…” ഇച്ഛായന്റെ കവിളിൽ ഉമ്മവെച്ചുകൊണ്ട് ഞാൻ പറഞ്ഞു.