പിന്നെയും പല ദിവസങ്ങളിലും അയാൾ കുന്നിൻ ചെരുവിൽ നിന്ന് താഴേക്കും മുകളിലേക്കും അവരെ എടുത്ത്….

ഒറ്റമുറി വീട്…

എഴുത്ത് : ശ്യാം കല്ലുകുഴിയിൽ

====================

കുന്നിൻ ചെരുവിലെ ഒറ്റമുറി വീട്ടിൽ തനിച്ചായിരുന്നു അയാളുടെ താമസം. കുറെ കാലങ്ങൾക്ക് മുൻപ് മഴയുള്ളൊരു സന്ധ്യയ്ക്ക് ആദ്യമായി അയാൾ ആ നാട്ടിൽ എത്തുമ്പോൾ കൂടെ കറുത്ത് മെലിഞ്ഞ ഒരു സ്ത്രീയും ഉണ്ടായിരുന്നു. നടക്കാൻ ബുദ്ധിമുട്ടിയിരുന്ന ആ സ്ത്രീയെ അയാൾ ചേർത്ത് പിടിച്ച് ഒരു കുടക്കീഴിൽ അവർ മെല്ലെ കുന്നിൻ ചെരുവിലേക്ക് നടന്ന് കയറി…

പകുതി ദൂരം പിന്നിടുമ്പോഴേക്കും ആ സ്ത്രീ മുന്നോട്ട് നടക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു , അപ്പോഴാണ് അയാൾ രണ്ട് കൈകൾ കൊണ്ട് അവരെ കോരിയെടുത്ത് നടന്ന് തുടങ്ങിയത്, അവർ രണ്ട് കൈകളും അയാളുടെ കഴുത്തിലൂടെ കോർത്ത് പിടിച്ച്, കുഞ്ഞ് കുട്ടിയെപ്പോലെ അയാളുടെ നെഞ്ചിൽ പറ്റി ചേർന്ന് കിടന്നു…

പിന്നെയും പല ദിവസങ്ങളിലും അയാൾ കുന്നിൻ ചെരുവിൽ നിന്ന് താഴേക്കും മുകളിലേക്കും അവരെ എടുത്ത് കൊണ്ട് നടന്നിരുന്നു, അപ്പോഴൊക്കെയും അവർ കൊച്ചു കുഞ്ഞിനെ പോലെ ചിരിച്ചും സന്തോഷിച്ചും അയാളെ പറ്റിച്ചേർന്ന് തന്നെ കിടന്നിരുന്നു….

പിന്നെയൊരു രാവിലെയാണ് അവർ മരിച്ചെന്ന വാർത്ത അറിയുന്നത്, വന്നവർ വന്നവർ ഉമ്മറത്ത് കിടത്തിയിരിക്കുന്ന ആ സ്ത്രീയുടെ മുഖത്തേക്ക് സഹതാപത്തോടെ നോക്കി, ഒരു നോട്ടം കൊണ്ടുപോലും അയാളെ അശ്വസിപ്പിക്കാതെ പോയ്കൊണ്ടിരുന്നു ….

അവരുടെ ചിതയ്ക്ക് അയാൾ തന്നെയാണ് തീ കൊളുത്തിയത്, ആ ചിത കത്തിയെരിയുന്നത് വരെ താടി ഉള്ളം കയ്യിൽ താങ്ങി ചിതയിലേക്ക് നോക്കി അയാൾ ഇരുന്നു….

പിന്നെയുള്ള ദിവസങ്ങളിൽ മിക്കപ്പോഴും ആ സ്ത്രീയുടെ ചിതയൊരുക്കിയ സ്ഥലത്ത് നിന്ന് എന്തൊക്കെയോ സംസാരിക്കുകയും ഇടയ്ക്ക് നിശബ്ദനായി അവിടേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയും ചെയ്യുമായിരുന്നു….

പിന്നെയൊരിക്കൽ കാലം തെറ്റി നിർത്താതെ മഴ പെയ്ത ദിവസം, രണ്ടും മൂന്നും ദിവസം നിർത്താതെ മഴ ആടി തിമിർത്തപ്പോൾ കുന്നിൻ ചെരുവിലെ താഴ്ന്ന വീട്ടിലൊക്കെയും വെള്ളം കയറി തുടങ്ങി….

ഏതോ ഒരു സ്ത്രീയാണ് തന്റെ കുഞ്ഞിനേയും കൊണ്ട് അയാളുടെ ഒറ്റമുറി വീട്ടിലേക്ക് ആദ്യം എത്തിയത്, പതിയെ പിന്നെയും സ്ത്രീകളും കുട്ടികളും പുരുഷന്മാരും അവിടെ അഭയം തേടി…

ഒരു കൊച്ചു പെൺകുട്ടിയാണ് സ്റ്റീൽ പാത്രത്തിൽ അയാൾക്ക് നേരെ ആദ്യം കഞ്ഞി നീട്ടിയത്. ഒന്ന് ചിരിച്ച് കൊണ്ടാണ് അയാൾ പാത്രം വാങ്ങി കഞ്ഞിയും അതിന്റെ ഒരുവശത്ത് ഉണ്ടായിരുന്ന കറിയും ഇളക്കി കഴിച്ചത്. നാളുകൾക്ക് ശേഷം രചിയുള്ള ആഹാരം കഴിയ്ക്കുമ്പോൾ അയാളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു….

മഴ ശമിക്കാനും വെയിൽ തെളിഞ്ഞ് വെള്ളം വറ്റാനും പിന്നെയും ഒന്ന് രണ്ട് ദിവസം കൂടി എടുത്തു. അതുവരെ പലരും അയാൾക്ക് നേരെ ഭക്ഷണം നീട്ടുകയും അയാൾ സന്തോഷത്തോടെ കഴിക്കുകയും ചെയ്തിരുന്നു…..

വീടുകളിലൊക്കെ വെള്ളം ഇറങ്ങി കഴിഞ്ഞപ്പോൾ ഓരോരുത്തരായി ആ ഒറ്റമുറി വീട്ടിൽ നിന്ന് പോകാൻ തുടങ്ങി. ഒരു നന്ദി വാക്ക് പോലും പറയാതെ അവസാനയാളും പോകുന്നത് വരെ ചിരിക്കുന്ന മുഖവുമായി അയാൾ വീടിന്റെ മുറ്റത്ത് തന്നെ നിന്നു….

എല്ലാവരും പോയി കഴിഞ്ഞ് തനിച്ചായപ്പോൾ അയാൾ വീണ്ടും ആ സ്ത്രീയുടെ ചിതയൊരുക്കിയ സ്ഥലത്ത് പോയി നിന്ന് എന്തോ പറയുകയും, പിന്നെ ചിരിക്കുകയും ഇടയ്ക്ക് ഒഴുകി വരുന്ന കണ്ണുനീർ തുടയ്ക്കുകയും ചെയ്ത് കൊണ്ടിരുന്നു…..

✍️ശ്യാം…