തൻ്റെ മാത്രം സ്വകാര്യമെന്ന് കരുതിയ സുന്ദരമെന്ന്  അഹങ്കരിച്ചിരുന്ന ശരീരത്തെ അപരിചിതയായ….

_blur _lowlight

മരണത്തിൻ്റെ പര്യവസാനം

Story written by Nisha Pillai

===============

പതിവിലും നേരത്തേ ധ്രുവൻ വീട്ടിൽ നിന്നുമിറങ്ങി. പെട്ടെന്ന് തൻ്റെ ക്യാബിനിൽ വന്ന് തന്നെ കാണണമെന്ന് ബോസ് പറഞ്ഞതു കൊണ്ടാണ് പതിവ് എക്‌സർസൈസ് മുടക്കി, ഭക്ഷണം പോലും കഴിക്കാതെ ധൃതിയിൽ കാറിൽ കയറിയത്. ഇഷ്ട ഭക്ഷണമായ അപ്പവും മുട്ടക്കറിയും കണ്ട് മനസൊന്ന് ചഞ്ചലപ്പെട്ടെങ്കിലും, ബോസിൻ്റെ ചതുർത്ഥി പിടിച്ച മുഖമോർത്തപ്പോൾ ചാടി പുറപ്പെട്ടതാണ്.

എന്താണ് കാര്യം?

അയാൾ ഡ്രൈവിംഗിനിടയിൽ കൂട്ടുകാരനായ ആനന്ദിനെ വിളിച്ചു.

“ആനന്ദേ എന്താടോ കാര്യം?,ബോസ് എന്നെ അടിയന്തിരമായി വിളിപ്പിച്ചിട്ടുണ്ട്.”

“എനിക്കും വിളി വന്നു, ഞാനും ഓഫീസിലേയ്ക്കാണ്. “

“ശരി കാണാം.”

ഫോൺ കട്ട് ചെയ്തു നേരെ നോക്കിയതും ഒരു പെൺകുട്ടി സ്കൂട്ടറുമായി നേരെ എതിരെ വരുന്നു. ഫോൺ ചെയ്തപ്പോൾ കാർ വല്ലാതെ റോഡിന്റെ വലതു ഭാഗത്തേയ്ക്ക് കയറി കഴിഞ്ഞിരുന്നു. കാറും സ്കൂട്ടറും തൊട്ടു തൊട്ടില്ലായെന്ന സ്റ്റേജിലെത്തിയപ്പോഴാണ് അയാൾ വണ്ടി ഇടത്തേക്ക് വളച്ചത്. വണ്ടി മുന്നിലുണ്ടായിരുന്ന മരത്തിലിടിച്ചു കഴിഞ്ഞിരുന്നു. വണ്ടി മരത്തിലിടിക്കുന്ന ഭയാനകമായ ശബ്ദവും ചില്ലുകൾ തകരുന്ന ശബ്ദവും കേട്ടു. പിന്നെ എല്ലാം നിശ്ചലമായി..ചുറ്റും ഇരുട്ട്. അയാളേതോ ചുഴിയിൽ പെട്ടതുപോലെ കറങ്ങുകയാണ്..ആദ്യം മെല്ലെ തുടങ്ങിയ വർത്തുള ചലനം പിന്നെ വളരെ വേഗതയിലായി. ഒരു നേരിയ പ്രകാശം കണ്ണിലേയ്ക്കടിച്ചു. പിന്നെയത് തീവ്ര പ്രകാശമായി മാറി. അത് താങ്ങാനാകാതെ കണ്ണുകളടക്കാനും കൈകൾ കൊണ്ട് കണ്ണുകൾ പൊത്തിപിടിക്കാനും ശ്രമം നടത്തി.

താനൊരു സുതാര്യമായ വെള്ള രൂപത്തിലാണെന്നു ധ്രുവൻ അത്ഭുതത്തോടെ  മനസിലാക്കി. ചെറിയൊരു ടണലിലൂടെ താനെവിടേയ്ക്കോ പൊയ്കൊണ്ടിരിക്കുന്നു. വെള്ളി നിറത്തിലുള്ള പ്രകാശത്തിലേക്ക് ശക്തമായി വലിച്ചെടുക്കപ്പെടുകയാണ്. അതിവേഗതയിൽ ആ തീവ്ര പ്രകാശത്തിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിൽ അസാമാന്യമായ ശാന്തിയും സന്തോഷവും നിറയുന്നു. മറ്റു കാഴ്ചകളൊന്നുമില്ല, അതിതീവ്ര പ്രകാശം, ഒരു ഒഴുക്കിൽ പെട്ടപോലെ….

പെട്ടെന്ന് യാത്ര നിർത്തിയ പോലെ,അല്ല ദിശ മാറ്റം സംഭവിച്ചു പൊയ്ക്കൊണ്ടിരുന്ന ദിശയുടെ വിപരീത ദിശയിലേക്കു ആരോ എടുത്തെറിഞ്ഞ പോലെ. വായുവിലൊരു തിരിച്ചൊഴുക്ക്..വെളിച്ചത്തിന്റെ തീവ്രത കുറഞ്ഞു വന്നു…മുൻപിൽ കാഴ്ചകൾ തെളിയാൻ തുടങ്ങി. ഒരു കാറും അതിന്റെ മുന്നിൽ മറിഞ്ഞു കിടക്കുന്ന സ്കൂട്ടറും. കറുത്ത ടോപ്പണിഞ്ഞ ഒരു വെളുത്ത പെൺകുട്ടി, ചുറ്റും നോക്കി, കാറിന്റെ പിൻവശത്തെ ഡോർ തുറന്നു സീറ്റിലിരിക്കുന്ന ഒരു ലാപ് ടോപ് കൈക്കലാക്കി. അത് തോളിൽ തൂക്കിയിട്ട്, മറിഞ്ഞു കിടക്കുന്ന സ്കൂട്ടർ നേരെയാക്കി സ്റ്റാർട്ട് ചെയ്തു അവൾ ഓടിച്ചു പോയി. എല്ലാം ഞൊടിയിഴ കൊണ്ട് സംഭവിച്ചു.

അവളുടെ പുറകെ പോകാൻ ധ്രുവൻ ശ്രമിച്ചെങ്കിലും ആ വിജനതയിൽ ആരുടെയോ ബന്ധനത്തിൽ പെട്ടപോലെ അയാളവിടെ നിന്ന് പോയി. കണ്ണുകൾ കാറിലിരിക്കുന്ന യുവാവിലേയ്ക്ക് നീണ്ടു. അയാൾ ആ നീല കളർ ആൾട്ടോ കാറിന്റെ ഡ്രൈവിംഗ് സീറ്റിലായിരുന്നു. അയാൾക്ക്‌ ബോധം നഷ്ടപെട്ട പോലെ സ്റ്റിയറിങ്ങിൽ വീണു കിടക്കുന്നു.

രണ്ടു യുവാക്കൾ അതിവേഗതയിൽ ഒരു ബൈക്കിൽ എത്തി ചേർന്നു. രണ്ടുപേരും വ്യായാമം കഴിഞ്ഞു ജിമ്മിൽ നിന്നും മടങ്ങുകയാണെന്നു വേഷം സൂചന നൽകി. ഡ്രൈവിംഗ് സീറ്റിലെ ഡോർ തുറക്കാൻ പരാജയപെട്ടപ്പോൾ, അവർ ഇടതു വശത്തെ ഡോർ തുറന്നു ചെറുപ്പക്കാരനെ പുറത്തെടുത്തു. അയാൾക്ക്‌ അനക്കം  ഉണ്ടായിരുന്നില്ല. അയാളുടെ ഇടതു കൈ ഒടിഞ്ഞു തൂങ്ങിയിരുന്നു. ശരീരമാസകലം രക്തം കൊണ്ട് മുങ്ങിയിരുന്നു. ആ വഴി വന്നൊരു ഓട്ടോയിലെ ആളുകളെ അവിടെയിറക്കി യുവാവിനെ അതിൽ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെത്തിച്ച യുവാവിനെ ആദ്യ പരിശോധനയിൽ തന്നെ ഗുരുതരമെന്ന് വിലയിരുത്തി. അയാളെ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ല. മറ്റൊരു എമർജൻസി കേസ് അറ്റൻഡ് ചെയ്യാൻ ഡോക്ടർ പുറത്തേക്കു നടന്നു.

മൂന്ന് നഴ്സുമാരും ധ്രുവനും അവിടെ തനിച്ചായി.

കൂട്ടത്തിൽ പ്രായം കൂടുതലുണ്ടായിരുന്ന മാലാഖ മുന്നോട്ടു വന്നു മേശമേൽ കിടന്ന മരിച്ച യുവാവിന്റെ ശരീരം വൃത്തിയാക്കാൻ തുനിഞ്ഞു.

“അന്ന ചേച്ചി ,.എന്തിനുള്ള പുറപ്പാടാ, ഡോക്ടർ ഒന്നും പറയാതെ.”

അന്ന സിസ്റ്റർ ലോഷനിൽ മുക്കിയ പഞ്ഞികൊണ്ട് അയാളുടെ മുഖത്ത് നിന്നും ര ക്തവും പൊടിയും തുടച്ചു നീക്കി. മറ്റ് രണ്ട് പെൺകുട്ടികൾ അതിലൊന്നും ശ്രദ്ധിക്കാതെ  സിനിമാക്കഥ പറയുകയായിരുന്നു.

“കുറച്ചു മുൻപ് വരെ ജീവനുണ്ടായിരുന്നു ശരീരമാണ്, ഇപ്പോൾ ശവമായി മുന്നിൽ കിടക്കുന്നത്. വിദേശത്തു ജോലി ചെയ്തത് കൊണ്ടുള്ള ഗുണമാണ്. ഒരു ജോലിയും ചെയ്യാൻ മടിയില്ലാത്തത്. അവനവന്റെ കർമം ചെയ്യുക ഫലം കാംക്ഷിക്കാതെ .”

കേട്ട് കൊണ്ടിരിക്കുന്ന യുവതികൾ ചുണ്ടു കോട്ടി കാണിച്ചു. അന്ന സിസ്റ്റർ ആകട്ടെ അവരെ ശ്രദ്ധിക്കാതെ അയാളുടെ ശരീരത്തിൽ നിന്നും ശ്രദ്ധയോടെ വസ്ത്രങ്ങൾ നീക്കം ചെയ്യുകയും പഞ്ഞി കൊണ്ട് തുടച്ചു  വൃത്തിയാക്കുകയും ചെയ്തു..അയാളെ പുതപ്പിച്ചിരുന്ന വെളുത്ത പുതപ്പ് മെല്ലെ മാറ്റിയിട്ടു. മുറിയിലെ ടേബിളിൽ പിറന്നപടി കിടക്കുന്ന യുവാവിനെ കണ്ട് യുവതികളിൽ ഒരുവൾ അസ്കിത പ്രകടിപ്പിച്ചു. യുവാവിൻ്റെ നെറ്റിയിലും കവിളിലും പറ്റിയിരുന്ന രക്തം തുടച്ച് മാറ്റുന്നത് ധ്രുവൻ നോക്കി നിന്നു. അയാളുടെ സാമീപ്യം അവർ അറിയുന്നുണ്ടായിരുന്നില്ല.

അന്ന സിസ്റ്റർ മുഖം വൃത്തിയാക്കിയപ്പോഴാണ് ആ കിടക്കുന്നത് തൻ്റെ ശരീരമാണെന്ന് ധ്രുവന് മനസ്സിലായത്. ന ഗ്നമായി കിടക്കുന്ന തൻ്റെ ചേതനയറ്റ ശരീരം. ഒരിക്കൽ വളരെയധികം അഭിമാനിച്ചിരുന്ന, തൻ്റെ മാത്രം സ്വകാര്യമെന്ന് കരുതിയ സുന്ദരമെന്ന്  അഹങ്കരിച്ചിരുന്ന ശരീരത്തെ അപരിചിതയായ, ചെറുപ്പക്കാരിയായ നഴ്സ് തുടച്ച് വൃത്തിയാക്കുന്നു. നിർജീവമായ തൻ്റെ ആണഴകകുകൾ..താമസിയാതെ തൻ്റെ നാസാരന്ദ്രങ്ങളിൽ പഞ്ഞികഷണങ്ങൾ തിരുകി വയ്ക്കും.

“ജിൻസി ഒന്ന് ചരിച്ചു കിടത്തിയെ, മതി കഥ പറഞ്ഞത്, ആര് ആരെയൊക്ക പരിചരിക്കുമെന്നാർക്കറിയാം.”

“ചേച്ചിയ്ക്ക് ഇതൊന്നും കാണുമ്പോൾ നാണം വരില്ലേ, എനിയ്ക്കെന്തോ പോലെ തോന്നുന്നു. അറപ്പാണോ അതോ…? അതും സുന്ദരനായ ഒരു ചെറുപ്പക്കാരൻ.”

“നാണമോ, എന്തിന്? ഇതു നമ്മുടെ ജോലിയല്ലേ. എല്ലാത്തിനേയും നമ്മളെങ്ങനെ നോക്കി കാണുന്നുവെന്നനുസരിച്ചിരിയ്ക്കും അറപ്പും നാണവുമൊക്കെ വരുന്നത്.”

പെട്ടെന്ന് യുവാവിന് പൾസുള്ളത് പോലെ ജിൻസിയ്ക്ക് തോന്നി.

“ചേച്ചി ഡോക്ടറെ വിളിയ്ക്ക്, ഇയാൾക്ക് പൾസുണ്ട്..”

ഡോക്ടർ പരിശോധിച്ച് ധ്രുവനെ ഐ സി യു വിലേയ്ക്ക് മാറ്റി

പുറത്ത് കാണാൻ നിന്ന ധ്രുവൻ്റെ അമ്മയേയും സഹോദരിയേയും അളിയനേയും സുഹൃത്ത് ആനന്ദിനേയും ഡോക്ടർ ആശ്വസിപ്പിച്ചു.

“എന്തെങ്കിലും അൽഭുതം സംഭവിയ്ക്കണം. ചിലപ്പോൾ ദിവസങ്ങളും മാസങ്ങളും ഒരേ കിടപ്പിൽ തുടരും, ചിലപ്പോൾ മരണം വരേയും. പ്രാർത്ഥിയ്ക്കൂ. ഞങ്ങൾ ആവും വിധം ശ്രമിയ്ക്കുന്നുണ്ട്.”

അമ്മയുടെ കണ്ണുനീർ കണ്ട് താനിവിടെയുണ്ട്, കുഴപ്പമൊന്നുമില്ല എന്ന് അലറി വിളിച്ചിട്ടും ആരുമത് കേട്ടില്ല. പകൽ അമ്മയും ബന്ധുക്കളുമുണ്ട്, രാത്രിയിൽ അളിയനുണ്ട്. ആനന്ദ് നിൽക്കാമെന്ന് പറഞ്ഞിട്ടും അളിയൻ സമ്മതിച്ചില്ല. എപ്പോഴും തന്നെ ശുശ്രൂഷിക്കാൻ ഒരു നഴ്സ് കൂടെയുണ്ട്. പലപ്പോഴും അവർ ഫോണിലോ ഉറക്കത്തിലോ ആയിരിയ്ക്കും.

“തനിയ്ക്ക് കാവൽ നിൽക്കാൻ താൻ തന്നെ വേണമെന്ന അവസ്ഥ.”

രണ്ടാഴ്ച ഒരേ കിടപ്പ്. റൂമിൽ നിന്ന നഴ്സ് വെപ്രാളപ്പെടുന്നത് കണ്ടാണ് ധ്രുവൻ ശ്രദ്ധിച്ചത്. കിടക്കയിൽ കിടന്ന് വെപ്രാളപ്പെടുന്ന തന്നെ ശരീരം നോക്കി നില്ക്കുന്ന മൂന്നു നഴ്സുമാർ. മുഖത്തെ പേശികൾ വലിയുകയും  കാൽ വിരലുകൾ മെത്തയിൽ അമർത്തി കുഴിക്കുകയും, അടുത്തിരിക്കുന്ന ഇലക്ട്രോണിക് മെഷീനിലെ ബീപ്പ് ബീപ്പ് ശബ്ദം വല്ലാതെ ഉയരുകയും ഡോക്ടർമാർ ഓടി മുറിയിലേയ്ക്കു വരുകയും സീനിയർ ഡോക്ടറുടെ നിർദേശപ്രകാരം ഏതോ മരുന്നുകൾ കുത്തി വയ്ക്കുകയും ചെയ്തു. നിമിഷങ്ങൾക്കകം രോഗി ശാന്തനായി. അയാളുടെ പൾസ് നോർമലായി. ശ്വാസഗതി സാധാരണ നിലയിലായി. അതൊരു  നല്ല തുടക്കമായിരുന്നു. ധ്രുവൻ ജീവിതത്തിലേക്ക് മെല്ലെ മടങ്ങി വരുകയായിരുന്നു. എല്ലാവരും, ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും സന്തോഷത്തിലായി. അയാളുടെ ബോസ് സമീറും ബോസ്സിന്റെ ശിങ്കിടി വെങ്കിടേഷും ആകെ അങ്കലാപ്പിലായി. അവരെ കുറിച്ചു ധ്രുവന് മാത്രമറിയാവുന്ന എന്തോ രഹസ്യമുണ്ട്.

ആശുപത്രി കിടക്കയിൽ ധ്രുവന് സമീപം ആനന്ദും അളിയനുമുണ്ട്.

“പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചിട്ടു എന്ത് പറഞ്ഞു ആനന്ദേ, എന്തേലും വിവരം കിട്ടിയോ, ഒരു മാസം കഴിഞ്ഞല്ലോ സംഭവം നടന്നിട്ടു.”

ധ്രുവന്റെ അളിയൻ ആനന്ദിനോട് ധ്രുവന്റെ മുറിയിൽ വച്ച് സംസാരിക്കുകയാണ്

“ഒരു വെള്ള സ്കൂട്ടറിൽ ഒരു പെൺകുട്ടിയാണ് അവസാനമായി ആ വഴി വന്നത്, റോഡിൽ നിന്നും കുറച്ചകലെയുള്ള ഒരു ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ്. ദൂരെയുള്ള കാമറ ആയതിനാൽ നമ്പർ വ്യക്തമല്ല. ഹോണ്ടയുടെ വെള്ള സ്കൂട്ടർ ആണ്.”

“ധ്രുവന് ആരെങ്കിലും ശത്രുക്കളുണ്ടോ ?”

അളിയനാണ് ആ ചോദ്യം ചോദിച്ചത്. ധ്രുവൻ ആനന്ദിന്റെ മുഖത്ത് നോക്കി, ആനന്ദ് ഇല്ലെന്നു തലയാട്ടി.

രണ്ടു മാസം കഴിഞ്ഞാണ് പ്ലാസ്റ്റർ ഇട്ടിരുന്ന കയ്യിൽ ബാൻഡേജ് ചുറ്റി ധ്രുവൻ ആനന്ദിനിപ്പം ഓഫീസിൽ പോയത്. തന്റെ സീറ്റിൽ പുതിയൊരു പെൺകുട്ടി, മധുബാല. അവളെ എവിടെയോ കണ്ട പോലെ തോന്നുന്നു. കോഫീ മെഷീനിൽ നിന്നും കോഫിയെടുത്തു ആനന്ദിന്റെ ഒഴിഞ്ഞ സീറ്റിൽ പോയിരുന്നു. ആനന്ദ് ബോസ്സുമായി ഒരു മീറ്റിംഗിലായിരുന്നു.

“സാറിന്റെ ആരോഗ്യമിപ്പോൾ എങ്ങനെയുണ്ട്? പുറകിൽ മധുബാലയാണ്. ധ്രുവൻ പൊട്ടിച്ചിരിച്ചു. മധുബാല ആശങ്കയോടെ  അയാളെ നോക്കി.

“എന്റെ കൂടെ വർഷങ്ങായി ജോലി നോക്കുന്ന പലരുമിവിടെയുണ്ട്..അവരാരും ചോദിക്കാത്ത ചോദ്യം. ആത്മാർത്ഥമായിട്ടാണോ ചോദിച്ചത്?”

മധുബാല ഒരു ചുരുട്ടി പിടിച്ച കടലാസ്സ് ആരും കാണാതെ അയാളെ ഏല്പിച്ചു നടന്നു പോയി. അയാൾ ചുറ്റും  നോക്കി ആരും  ശ്രദ്ധിക്കുന്നില്ല. അയാൾ മെല്ലെ തുറന്നു നോക്കി. ഒരു ഫോൺ നമ്പറാണ്. അയാൾ ആരും കാണാതെ അത് ചുരുട്ടി കളഞ്ഞു. അയാൾക്കവളോട് അനിയന്ത്രിതമായ ദേഷ്യമുണ്ടായി. അയാൾ കുറെ നേരം വാഷ് റൂമിൽ പോയി ടാപ്പ് തുറന്നു വച്ചു. വെള്ളത്തിന്റെ ഒഴുക്കിനൊപ്പം ദേഷ്യത്തെ നിയന്ത്രിക്കാനുള്ള മാന്ത്രിക വിദ്യ അയാൾക്കുണ്ട്.

പിറ്റേ ദിവസം മധുബാലക്കു മറ്റൊരു ക്യാബിൻ നൽകപ്പെട്ടു,.ധ്രുവനയാളുടെ പഴയ ക്യാബിൻ നൽകപ്പെട്ടു. അയാളുടെ ഡെസ്ക്ടോപ്പും ഫയലുകളും മേശയും ഒക്കെ പഴയപോലെ തന്നെയുണ്ടായിരുന്നു. അയാളുടെ ക്യാബിനിലിരുന്നാൽ അയാൾക്ക്‌ മധുബാലയുടെ ക്യാബിൻ കാണാം..അയാൾ മെല്ലെ തലയുയർത്തി അവളെ നോക്കി..അവളെന്തോ മുന്നിലെ മോണിറ്ററിൽ  ശ്രദ്ധിച്ചിരിക്കുകയായിരുന്നു. അയാളുടെ ഒളിഞ്ഞു നോട്ടം ആരാലും ശ്രദ്ധിക്കപെട്ടതുമില്ല.

പതിയെ അയാൾ കണ്ണടച്ചിരുന്നു ഓർമകളിൽ പരതി നോക്കി, ഇവളെ താനിവിടെ വച്ചാണ് കണ്ടു .എന്തിനാണ് അപരിചിതനായ തനിക്കു  നമ്പർ തന്നത്. രാവിലെ കാറുമെടുത്തു വീട്ടിൽ നിന്നും പുറപ്പെട്ടതും  വെള്ള സ്കൂട്ടർ  എതിരെ വന്നതും താൻ അകലെയുള്ള പ്രകാശത്തിലേക്ക് പറന്നു പോയതും, ഒരു പെൺകുട്ടി ലാപ്ടോപ്പുമായി മറഞ്ഞതും ഓരോ രംഗങ്ങളായി മനസിലേയ്ക്ക് കടന്നു വന്നു.

കണ്ണ് തുറന്നപ്പോൾ അയാളുടെ ചുറ്റും ആനന്ദും മറ്റു സഹപ്രവർത്തകരും.എ സി യുടെ തണുപ്പിലും അയാളാകെ വിയർത്തിരുന്നു..ചുറ്റിലും കൂടി നിന്നവരിൽ അയാളവളെ തെരഞ്ഞു. ഭയചകിതമായ ആ മുഖം അയാൾ ഒരു നോക്ക് കണ്ടു. അവളവിടെ നിന്നും മാറി .

“ധ്രുവാ നീ ഓക്കെയല്ലേ ?”

എല്ലാവരും സീറ്റിലേക്ക് മടങ്ങിയിട്ടും ആനന്ദ് അവന്റെ അടുത്ത് തന്നെയിരുന്നു.

മുന്നിലെ ഡെസ്ക്ടോപ്പിലെ സ്ക്രീൻ സേവറിൽ അയാളുടെ കണ്ണുകളുടക്കി. അതൊരു പത്തക്ക നമ്പറായിരുന്നു. അതും റിവേഴ്‌സ് ഓർഡറിലുള്ള ഒരു ഫോൺ നമ്പർ. രണ്ടു ഭാഗങ്ങളിലായി അഞ്ചക്ക നമ്പറുകൾ. അതിലെ 56888  എന്ന ഭാഗം മധുബാല തന്ന തുണ്ടു പേപ്പറിൽ ഉള്ളതായിരുന്നു. ഇതൊരു പക്ഷെ ആ നമ്പറാകും. ആനന്ദ് കാണാതെ അയാളത് മനഃപാഠമാക്കി.

“ആനന്ദേ ഞാൻ ഇറങ്ങുവാ , എന്തോ ഒരു വയ്യായ്ക , വീട്ടിൽ പോയി കുറച്ചു വിശ്രമിക്കട്ടെ. ടാക്സിയിൽ പോയ്ക്കൊളള്ളാം. പഴയ ആൾട്ടോ കാർ ഇനിമേൽ ഉപയോഗിക്കണ്ടയെന്നാണ് തീരുമാനം.”

ടാക്സിയിൽ വീട്ടിലിറങ്ങിയപ്പോൾ അമ്മയ്ക്കും സഹോദരിക്കും ഭയമായി, വല്ലാത്തൊരു മനസികാവസ്ഥയിലൂടെയാണ് താൻ കടന്നു പോകുന്നതെന്നും ,ഇങ്ങനെ പോയാൽ തനിക്കു ഭ്രാന്തു പിടിക്കുമെന്നും ധ്രുവന് തോന്നി. അതിനുള്ള പ്രതിവിധി എത്രയും പെട്ടെന്ന് ഒരു സൈക്കോളജിസ്റ്റിനെ കാണുകയെന്നാണ്..ചില ഓർമ്മകൾ അല്ല മായകാഴ്ചകൾ. ഓർമകളുടെ ചുഴികളിൽപ്പെട്ടു ഞെട്ടുന്നതു പതിവായി. വെള്ള സ്കൂട്ടർ , ഒടിഞ്ഞു തൂങ്ങിയ ഇടത്തെ കൈ, ന ഗ്ന നായി മേശമേൽ കിടക്കുന്ന യുവാവ്, തീവ്രതയേറിയ പ്രകാശം. അയാൾ തന്റെ പ്ലാസ്റ്ററിട്ടിരുന്ന ഇടതു കയ്യിൽ മെല്ലെ തടവി.

അയാളുടെ മനസ്സിൽ മധുബാല ഒരു കരടായി മാറി. സ്ക്രീൻ സേവറിൽ കണ്ട നമ്പർ അയാൾ  ഡയൽ ചെയ്തു .കുറെ നേരം റിങ് ചെയ്തപ്പോൾ ഒരു സ്ത്രീ   ശബ്ദവും മറുതലയ്ക്കൽ മുഴങ്ങി.

“ധുവൻ സാറല്ലേ , മധുബാലയാണ്, എനിക്ക് സാറിനെ നേരിട്ടൊന്നു കാണണം , ഞാനെവിടെ വരണം, അത്യാവശ്യമാണ്. സാറിന്റെ വീട്ടിൽ സാർ സേഫ് അല്ല.”

എന്തിനാ എന്നെ കാണുന്നത്? നമ്മൾ തമ്മിൽ യാതൊരു മുൻ പരിചയവുമില്ല. പിന്നെ കാണേണ്ട ആവശ്യമെന്താണ് ?.എനിക്ക് കാണാൻ താല്പര്യമില്ല .”

“സർ പ്ലീസ്, അങ്ങനെ പറയല്ലേ,.സർ പറയുന്ന എവിടെയും ഞാൻ വരാം.”

“ഞാൻ നിന്നെ എങ്ങനെ വിശ്വസിക്കും..ഒരിക്കൽ എന്നെ കൊ ല്ലാൻ ശ്രമിച്ചതല്ലേ നീ.”

“കൊ ല്ലാൻ വന്നതല്ല, സർ വിശ്വസിക്കണം. ഇത് ആരെയും അറിയിക്കരുത്.”

“ഉം,ശരി എൻ്റെ വീടിന് പിന്നിലൊരു ഔട്ട്‌ഹൗസുണ്ട്. കാടുപിടിച്ച വഴിയാണ്. പുറകു വശത്തെ കാവിനുള്ളിലൂടെ അവിടെയെത്താം.”

ഫോൺ വച്ച് കഴിഞ്ഞപ്പോൾ തീരുമാനം മഠയത്തരമായോ എന്നയാൾക്ക് തോന്നി. പഴയ മൊബൈൽ ക്യാമറ ഓണാക്കി വച്ചു. ഒന്ന് രണ്ട് കത്തികൾ, ഒരു പാക്കറ്റ് മുളകുപൊടി എന്നിവ സംഘടിപ്പിച്ച് വച്ചു. കുറച്ച് കഴിഞ്ഞപ്പോൾ കാവിൻ്റെ വശത്തൊരു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം. മധുബാല ബൈക്കിലോ?കറുത്ത ഹെൽമറ്റും ഓവർകോട്ടും ധരിച്ച ഒരാണും പെണ്ണും ഔട്ട്ഹൗസിൻ്റ തുറന്ന വാതിലിലൂടെ പ്രവേശിച്ചു. അവരെ ആക്രമിക്കാൻ തക്കവണ്ണം ധ്രുവൻ ഒളിഞ്ഞു നിന്നു. നീണ്ട നിശബ്ദതക്കു ശേഷം മധുബാലയുടെ ശബ്ദം കേട്ടു.

“സർ ഞാനാണ്, പുറത്തേയ്ക്ക് വരണം. കൂടെയുള്ളത് എൻ്റെ സഹോദരനാണ്.”

അവളുടെ ഒപ്പം ആറടിയോളം പൊക്കമുള്ളൊരു താടിക്കാരൻ. രണ്ട് പേരും ഹെൽമറ്റും കോട്ടും ഊരി മാറ്റിയിരുന്നു. ചെറുപ്പക്കാരൻ ഒരു ലാപ്ടോപ് ബാഗ് ധ്രുവന് നേരെ നീട്ടി. അയാളത് തിരിച്ചും മറിച്ചും നോക്കി.

“എൻ്റെ ലാപ്പ്ടോപ്. ഇതെന്തിനാ നീയെടുത്തത്.”

“അത് പറയാനാണ് ഞാൻ അത്യാവശ്യമായി വന്നത്..ഇത് മാധവൻ. എൻ്റെ ചേട്ടനാണ്..എൻ്റെ സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ്  സാറിന് അന്ന് അക്സിഡൻ്റുണ്ടായത്. മനപൂർവമല്ല. ഏട്ടനും കൂട്ടുകാരനും കൂടിയാണ് അന്ന് സാറിനെ ആശുപത്രിയിൽ എത്തിച്ചത്.

“എനിയ്ക്കൊന്നും മനസിലാകുന്നില്ല. ഇടിച്ചിടുക, പിന്നെ രക്ഷിക്കുക.”

*************************

ഒരു ജർമൻ ബേസ്ഡ് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജില്ലാ മാനേജരാണ് സമീർ. അയാളുടെ അസിസ്റ്റന്റ് ആയി വെങ്കിടേഷും ആർക്കിടെക്ട്മാരായ ധ്രുവനും ആനന്ദും എഞ്ചിനീയർമാരും ഓഫീസ് സ്റ്റാഫും  നിർമാണ തൊഴിലാളി കളും ജോലി ചെയ്തിരുന്നു. അവിടെ സ്ട്രക്ചറൽ എഞ്ചീയറായി ജോലി ചെയ്തിരുന്ന മാധവൻ മറ്റൊരു ജോലി തേടി വിദേശത്ത് പോയി. വെങ്കിടേഷിൻ്റെ സുഹൃത്തായ മാധവൻ്റെ സഹോദരി മധുബാലയ്ക്ക് വെങ്കിടേഷ് ഒരു ജോലി ഓഫർ ചെയ്തു. സ്വന്തം കമ്പനിയിൽ ഉടനെയുണ്ടാകുന്ന ആർക്കിടെക്ട് ഒഴിവിലേയ്ക്ക്.

ധ്രുവൻ ലീവെടുത്ത ദിവസം കമ്പനിയിൽ ജോയിൻ ചെയ്ത മധുബാല , സമീറിൻ്റെ ക്യാബിനിൽ ആനന്ദും വെങ്കിടേഷും സമീറുമായി ഉണ്ടായ രഹസ്യ സംഭാഷണം കേൾക്കാൻ ഇടയായി. കമ്പനിക്ക് വരുന്ന ചില അസൈൻമെൻ്റുകൾ സമീറിന്റെ സുഹൃത്തിന്റെ കമ്പനിക്കു മറിച്ചു വിറ്റ് അതിന്റെ കമ്മീഷൻ 2 : 1 : 1 എന്ന അനുപാതത്തിൽ അവർ പങ്കിട്ടെടുത്തു. കമ്പനിക്കു വരുന്ന പ്രൊജെക്ടുകൾ സ്ഥിരമായി നഷ്ടപ്പെടാൻ തുടങ്ങിയപ്പോൾ ധ്രുവൻ അതിനെക്കുറിച്ചൊരു പഠനം നടത്തുകയും സമീറിനെയും വെങ്കിടേഷിനെയും സംശയിക്കുകയും ചെയ്തു. അപ്പോഴും ഉറ്റ സുഹൃത്തായ ആനന്ദിനെ അവനു സംശയം തോന്നിയില്ല. ആനന്ദിനോട് എല്ലാ വിവരങ്ങളും ഷെയർ ചെയ്തു.അയാൾ ഒരു രഹസ്യ റിപ്പോർട്ട് ഉണ്ടാക്കി ജർമനിയിലെ ഹെഡ് ഓഫീസിനെ അറിയിക്കാൻ തീരുമാനിച്ചപ്പോഴാണ്, ആനന്ദ് ബോസിനെ അറിയിക്കുകയും, സമീറും വെങ്കിടേഷും ഓഫീസിൽ വിളിച്ചു വരുത്തി ഭീഷണി പെടുത്തുകയോ, അല്ലെങ്കിൽ എന്നത്തേക്കുമായി ഉന്മൂലനം ചെയ്യണമെന്ന തീരുമാനത്തിലെത്തിയത്. അവിചാരിതമായി ക്യാബിനിൽ വന്ന മധുബാല ഇത് ഒളിഞ്ഞു കേൾക്കുകയും ഏട്ടനായ മാധവനോട് പങ്കു വയ്ക്കുകയും ചെയ്തു. അവർക്കാവശ്യം ധ്രുവനെയും അയാളുടെ രഹസ്യ റിപ്പോർട്ടുമായിരുന്നു. അതയാളുടെ സ്വകാര്യ ലാപ്ടോപ്പിലായിരുന്നു. മാധവന്റെ നിർദേശപ്രകാരം ധ്രുവന് മുന്നറിയിപ്പ് കൊടുക്കാൻ വന്ന മധുബാല , അവളുടെ സ്കൂട്ടറിൽ തട്ടാതിരിക്കാൻ ഇടതു വശത്തേക്ക് വളച്ചെടുത്തത്. മുന്നിലൊരു വൻമരം നില്കുന്നതുകണ്ടു ബ്രേക്ക് ചവിട്ടി നിർത്താൻ നോക്കി. അപ്പോഴാണ് വാഹനത്തിന്റെ ബ്രേക്ക് പ്രവർത്തിക്കുന്നില്ലായെന്നയാൾക്കു മനസിലായത്. ആ വാഹനത്തിന്റെ ബ്രേക്ക് മുൻപേ തന്നെ ആരോ കേടാക്കിയിരുന്നു. ശക്തമായ ഇടിയിൽ ധ്രുവന് കാര്യമായ പരിക്ക് പറ്റുകയും ചെയ്തിരുന്നു. ധ്രുവന്റെ രക്ഷക്കായി വന്ന മധുബാല തന്റെ കണ്മുൻപിൽ അയാൾ അപകടപ്പെടുന്നത് കണ്ടു ഭയചകിതയായി. ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ ധ്രുവനെ കള്ളക്കേസിൽ നിന്നെങ്കിലും രക്ഷിക്കണമെന്നോർത്തു അവൾ ഏട്ടനെ വിവരം അറിയിച്ചു. അയാളുടെ നിർദേശപ്രകാരം അവൾ ധ്രുവന്റെ ലാപ്ടോപ്പുമായി സ്കൂട്ടറിൽ രക്ഷപെട്ടു. പുറകെ ജിമ്മിൽ നിന്ന് വന്ന മാധവനും സുഹൃത്തും കൂടി അയാളെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു.

തലേദിവസം താനും ആനന്ദും കൂടിയാണ് വീട്ടിൽ എത്തിയത്. അപ്പോഴൊക്കെ കാറിന്റെ ബ്രേക്കിന് യാതൊരു തകരാറുമില്ലായിരുന്നു. ആനന്ദായിരുന്നു ഡ്രൈവിംഗ് സീറ്റിൽ. പക്ഷെ കാറിന്റെ കീ അവൻ കാറിൽ നിന്നും ഊരിയെടുത്തില്ല. രാവിലെ അത് കാറിൽ തന്നെയുണ്ടായിരുന്നു. അതിൽ ധ്രുവന് ഒരു ദുരൂഹത തോന്നുന്നു.

മധുബാലയും മാധവനും പറഞ്ഞത് കേട്ട് ധ്രുവൻ ഞെട്ടി തരിച്ചു അടുത്തിരുന്ന കസേരയിൽ ഇരുന്നു. സമീറും വെങ്കിടേഷും പണ്ടേ ഫ്രോഡുകളാണ്. പക്ഷെ ആനന്ദ് അവൻ ധ്രുവന്റെ  ബാല്യകാലം മുതലുള്ള ചങ്ങാതിയാണ്. ഒന്നാം ക്ലാസ്സു മുതൽ ബി ആർക് വരെ ഒരേ  ക്ലാസ്സിൽ , ഒരേ ബെഞ്ചിലിരുന്നു പഠിച്ചവർ.അവനെങ്ങനെ ധ്രുവനെ വഞ്ചിക്കാൻ തോന്നി.

മധുബാലയാണ് പറഞ്ഞത് ആക്‌സിഡന്റിനു മുൻപും ശേഷവും ധ്രുവനവരുടെ നിരീക്ഷണത്തിലാണെന്നും ധ്രുവന്റെ ലാപ്‌ടോപ്പിന് വേണ്ടി അവർ വീടും ഓഫീസും ഒക്കെ അരിച്ചു പെറുക്കി