ഈ അമ്മ പറഞ്ഞാൽ ഞാൻ വരാഹത്തിൽ പോണ്ടാ എന്ന് വൈക്കോ…ഇല്ലല്ലോ…അത്രേ ഉള്ളു ഇതും..

Story written by Reshma Devu

==============

ജാനകിയമ്മേ…..കൂയ്…..ഇവിടെ ആരൂല്ലേ….ദേ ഞാൻ വന്നുകേട്ടോ….

തോട്ടിറമ്പ് കഴിഞ്ഞു മുറ്റത്തെ ചരലിലേക്ക് കാലെടുത്തു വച്ചുകൊണ്ട് ശ്രീപ്രസാദ് ഉറക്കെ വിളിച്ചു പറഞ്ഞു..

ഓടിട്ട ആ കുഞ്ഞു വീടും പൂത്തുനിൽക്കുന്ന ചെടികൾ നിറഞ്ഞ വലിയ മുറ്റവും സമൃദ്ധമായി കായ്ച്ചു കിടക്കുന്ന അടുക്കള തോട്ടവും അവൻ ആകമാനം ഒന്ന് നോക്കി.

എന്റെ ജാനകിപ്പെണ്ണ് ഈ പച്ചക്കറി ഒക്കെ വിറ്റ് ഇമ്മിണി പൈസ ഉണ്ടാക്കുന്നുണ്ടാവൂലോ…ആർക്കും കൊടുക്കാതെ എവിടെ പൂഴ്ത്തി വച്ചേക്കുന്നാവോ…

അവൻ ചിരിയോടെ ജാനകി കേൾക്കാനെന്ന പോലെ തെല്ലുറക്കെ പറഞ്ഞു..

ഇത്തിരി വർത്താനം കൂടുന്നുണ്ട് ചെക്കന്..നീ തല്ലു മേടിക്കും കേട്ടോ…ചെറു ചിരിയോടെ ഉമ്മറത്തേക്ക് ഇറങ്ങി വന്ന ജാനകി അവന്റെ ചെവിയിൽ പിടുത്തമിട്ടു.

ഹാ.. വിട്…വിട്…ഇങ്ങനെ പിടിച്ചാൽ എന്റെ ചെവി കൂടി ഇളകി പോരൂട്ടാ…ജാനകിയുടെ പിടുത്തം വിടുവിച്ചു കൊണ്ട് അവൻ ചെവി തിരുമ്മി..

ഇവിടത്തെ കപ്പേം കാന്താരിയും കഴിക്കാനും എന്റെ പാവം ജാനകി അമ്മേ കാണാനും വന്ന എന്നോട് തന്നെ വേണം ഇത്. ശ്രീപ്രസാദ് പരിഭവം നടിച്ചു.

ഹോസ്റ്റലിൽ നിന്ന് ചാടി വന്നതാണോ ശ്രീക്കുട്ടാ നീയ്യ്…ഇന്നാള് അല്ലെ വന്നിട്ട് പോയെ..അല്ലെ തന്നെ ഇവിടത്തെ സന്ദർശനത്തിന് ഇന്ന് മോന് കാര്യമായുള്ള സൽക്കാരം അമ്മ തരൂല്ലോ. എന്തിനാടാ ചെക്കാ അത് കേക്കാൻ ഇങ്ങോട്ട് വരണേ നീ…അതുപറയുമ്പോൾ ജാനകിയുടെ മുഖം സങ്കടത്താൽ കുനിഞ്ഞു.

വരാഹത്തിലെ ജയപ്രകാശിന്റെയും ശ്രീപ്രഭയുടെയും ഒരേ ഒരു മകനായ ശ്രീപ്രസാദ് നഗരത്തിലെ കോളേജിൽ ആണ് പിജി ചെയ്യുന്നത്..ദൂരകൂടുതൽ കൊണ്ട് അവിടെ ഹോസ്റ്റലിൽ തന്നെയാണ് താമസവും. ഇടയ്ക്കിടെ  കിട്ടുന്ന അവധി ദിനങ്ങളിലെ വന്നുപോകലുകളിൽ ജാനകിയുടെ പുഴയിറമ്പിലെ ഈ കുഞ്ഞു വീട്ടിൽ കയറി അവരുടെ കയ്യിൽ നിന്നൊരു നേരത്തെ ആഹാരവും കഴിച്ചു വിശേഷങ്ങളും പങ്കുവച്ചിട്ടേ ശ്രീപ്രസാദ് വീട്ടിലേക്ക് പോകാറുള്ളു. അവന്റെ ഈ സന്ദർശനം വരാഹത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാറുമുണ്ട്.

ചുമ്മാ സെന്റി അടിച്ചു എന്റെ ആവേശം നശിപ്പിക്കല്ലേ..പ്ലീസ്…ഞാൻ വല്ലതും കഴിക്കാൻ റെഡി ആയിട്ട് നിക്കുവാണ്..വേഗം വല്ലോം എടുത്തേ എനിക്ക് വിശക്കുന്നു….ജാനകിയുടെ മുഖത്തെ വേദന കണ്ടതും വിഷയം മാറ്റാനെന്ന പോലെ അവൻ പറഞ്ഞു.

ഇവിടെ ഒന്നും ഇല്ല കുട്ട്യേ…നീ വരുംന്നു ഞാൻ അറിഞ്ഞോ.. ഇന്ന് അവധി ഒന്നും അല്ലല്ലോ…എന്താ ഇപ്പൊ തരാ…നല്ല മധുരക്കിഴങ്ങ് പുഴുങ്ങിയതുണ്ട്. അത് മതിയോ ആവോ തമ്പുരാന്..അവർ തമാശ രൂപേണ അവനോട് ചോദിച്ചു.

ആഹാ…അടിപൊളി പിന്നെ വേറെ എന്തുവേണം…വേഗം കൊണ്ട് വന്നോ ജാനിമ്മേ…എനിക്ക് കൊതി വന്നിട്ട് പാടില്ല…

അവൻ കൈകൾ കൂട്ടി തിരുമ്മി കൊതിയോടെ പറഞ്ഞു കൊണ്ട് ആ ചെറിയ ഉമ്മറത്തെ ചാണകം മെഴുകിയ വെറും നിലത്തേക്കിരുന്നു.

അവന്റെ ഇരുപ്പും ഭാവവും കണ്ട് ജാനകി ചിരിയോടെ അകത്തേക്ക് കയറിപ്പോയി..കുറച്ചു സമയത്തിനകം ഒരു പിഞ്ഞാണ പാത്രത്തിൽ നിറയെ മധുരക്കിഴങ്ങു പുഴുങ്ങിയതും കാന്താരിയും ചെറിയുള്ളിയും  ഉപ്പും ചേർത്ത് ചതച്ചത് വെളിച്ചെണ്ണയിൽ ചാലിച്ചതുമായി  തിരികെ വന്നു…

പാത്രങ്ങൾ അവനടുത്തേക്ക് വച്ച് അകത്തേക്ക് പോയി ഒരു ചില്ലുഗ്ലാസിൽ പകർന്ന കട്ടനുമായി അവർ തിരികെ വരുമ്പോഴേക്കും ശ്രീപ്രസാദ് കഴിച്ചു തുടങ്ങിയിരുന്നു.

വാതോരാതെ വിശേഷങ്ങൾ പറയുകയും രുചിയോടെ ആസ്വദിച്ചു തന്നെ അത് കഴിക്കുകയും ചെയ്യുന്ന അവനെ കാൺകേ പതിവ് പോലെ തന്നെ അവരുടെ കണ്ണുകൾ ഈറനണിഞ്ഞു.

എടുത്തു പറയാൻ ഒരു ബന്ധത്തിന്റെയും പിൻബലമില്ലാതെ ഒരു ദിവസം ഇവിടെ കയറി വന്നതാണ്..പിന്നെ പറയാൻ ആണെങ്കിൽ ഒരേ ഒരു ബന്ധം അച്ഛന്റെ പഴയ കാമുകി എന്നതുമാത്രമാണ്..അതും ആ മനുഷ്യൻ പോലും മറന്നു കളഞ്ഞ ഒന്ന്…എന്നിട്ടും എന്തുകൊണ്ടെന്നറിയില്ല അയാളുടെ മകൻ  ഈ വീട്ടിലേക്ക് കടന്നു വരുന്നു..അമ്മേ എന്ന് സ്നേഹത്തോടെ സ്വാതന്ത്ര്യത്തോടെ വിളിക്കുന്നു..വിളമ്പിയൂട്ടാൻ ഒരാളും ഇല്ലാത്ത ഈ വീട്ടിൽ അവനു വേണ്ടി മാത്രമായി പലപ്പോഴും പലതും പാകം ചെയ്തു താൻ കാത്തിരിക്കുന്നു.

ആദ്യമായ് വന്നപ്പോഴും എന്തിനെന്നു ചോദിച്ചില്ല…ഇപ്പോഴും അങ്ങനെ തന്നെ..പിന്നെ പിന്നെ ഇവിടേക്കുള്ള വരവ് സ്ഥിരമായപ്പോൾ അറിഞ്ഞു വരാഹത്തിൽ അമ്മയും മകനും തമ്മിൽ അതേ ചൊല്ലി നടക്കുന്ന തർക്കങ്ങളെ കുറിച്ച്.

അവർക്കൊക്കെ പുഴക്കരയിലെ ജാനകിയുടെ വീട് വെറുമൊരു വ്യ ഭി ചാ ര പ്പുര മാത്രമാണല്ലോ. സ്വന്തം മകന്റെ അവിടത്തെ വരവുപോക്കുകൾ ഏതൊരു അമ്മയെയും ഒന്ന് ഭയപ്പെടുത്തും. അന്നാണ് ആദ്യമായി അവനെ വിലക്കിയത്. പക്ഷെ അവൻ പിന്നെയും വന്നു..

ഈ അമ്മ പറഞ്ഞാൽ ഞാൻ വരാഹത്തിൽ പോണ്ടാ എന്ന് വൈക്കോ…ഇല്ലല്ലോ…അത്രേ ഉള്ളു ഇതും..അങ്ങനെ കണ്ടാൽ മതി എന്നായിരുന്നു അവന്റെ മറുപടി.

അമ്മേ എന്നുള്ള ശ്രീപ്രസാദിന്റെ വിളിയാണ് അവരെ ചിന്തകളിൽ നിന്ന് ഉണർത്തിയത്..അപ്പോഴേക്കും അവൻ കഴിച്ചു കഴിഞ്ഞിരുന്നു. നീ മതിയാക്കിയോ ശ്രീകുട്ടാ…ജാനകി ചോദിച്ചു.

മതി അമ്മേ…വയറു നിറഞ്ഞു..അപ്പൊ ഞാൻ പോട്ടെ…പോകാൻ നേരം ഇതിലെ വരാട്ടോ…രണ്ടൂസം ഇവിടെ ഉണ്ടാവും ഞാൻ..കൈ കഴുകി വന്ന് ബാഗ് എടുത്തു തോളിലേക്കിട്ട് അവൻ യാത്ര പറഞ്ഞിറങ്ങിപ്പോയി.

നടന്നു ദൂരേക്ക് മറയുന്ന അവനെ നോക്കിനിൽക്കേ എന്തുകൊണ്ടോ മനസിൽ വല്ലാത്തൊരു വേദന നിറയുന്നതായി ജാനകിക്ക് തോന്നി..

കൂറ്റൻ ഗേറ്റ് കടന്ന് തറയോടുകൾ പതിപ്പിച്ച മുറ്റത്തേക്ക് കടന്നുകൊണ്ട് ശ്രീപ്രസാദ് തന്റെ വീട് ആകമാനം ഒന്നു നോക്കി. പണത്തിന്റെ പ്രൗഡ്ഢി വിളിച്ചോതുന്ന ആ കൂറ്റൻ ബംഗ്ലാവ് എപ്പോഴൊക്കെയോ കണ്ണുനീരിന്റെ തണുപ്പേറുന്നയിടമായി തോന്നാൻ തുടങ്ങിയിരിക്കുന്നുവോയെന്ന് അവൻ ചിന്തിച്ചു. അകത്തേക്ക് ചെന്നപ്പോഴേക്കും അവനെ കാത്തെന്ന പോലെ അമ്മ ശ്രീപ്രഭ ഹാളിലെ സോഫയിൽ ഇരിപ്പുണ്ടായിരുന്നു. മുഖത്തെ ദേഷ്യത്തിൽ നിന്നറിയാം ഒരു ചോദ്യം ചെയ്യലിനോ പോരിനോ തയാറായുള്ള ഇരിപ്പാണ് എന്ന്. താൻ ജാനകിയമ്മയെ കാണാൻ കയറിയ കാര്യം വരാഹത്തിലെ ശ്രീപ്രഭയുടെ കാതിൽ എത്തിക്കാൻ നാട്ടുകാർക്ക് താല്പര്യം അൽപ്പം കൂടുമെന്ന് അവനോർത്തു..പുച്ഛം നിറഞ്ഞൊരു ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞുവെങ്കിലും സമർഥമായി അതിനെ മറച്ചുകൊണ്ട് അവൻ ശ്രീപ്രഭയുടെ അടുത്തേക്കുനടന്നു.

അമ്മേ…ഇന്നെന്താണ് ആരെയോ കാത്തിരിക്കുന്ന പോലെയുണ്ടല്ലോ…ഞാൻ വരുമെന്ന് വല്ല വെളിപാടും കിട്ടിയോ..അവൻ ചോദിച്ചു.

എന്തിനാടാ എനിക്ക് വെളിപാട് ഉണ്ടാവണേ…അല്ലെങ്കിൽ തന്നെ എനിക്ക് വെളിപാട് കിട്ടിയിട്ട് കാര്യം വല്ലതും ഉണ്ടോ..നീ വരുന്നതും പോകുന്നതും ഇവിടെ എന്നെ കാണാൻ അല്ലല്ലോ…ഇത്രയും അധഃപ്പതിക്കരുത് ശ്രീക്കുട്ടാ നീ…അവളെപോലൊരുത്തിയുടെ തിണ്ണ നിരങ്ങി നടക്കാൻ നിനക്ക് നാണമില്ലേ. അവളാരാ ആള് എന്ന് നിനക്ക് അറിയില്ലേ..മാ നം വി റ്റു നടക്കണവളെ ഒക്കെ ഇപ്പൊ വരാഹത്തിലെ ശ്രീപ്രസാദ് ആണ് കൊണ്ട് നടക്കുന്നതെന്നാ ആളൊള് പറയുന്നത്..ശ്രീപ്രഭ ദേഷ്യത്തോടെ പറഞ്ഞു.

അമ്മേ…അനാവശ്യം പറയരുത്. ഇപ്പൊ ഞാനാണോ അമ്മയാണോ അധഃപ്പതിച്ചു പോയത്. അവൻ ദേഷ്യം കൊണ്ട് വിറച്ചു.

അതേടാ നിനക്കിപ്പോ അമ്മയെ അങ്ങനെ ഒക്കെ തോന്നും. എന്ത് കൈവിഷം തന്നാടാ അവള് നിന്നെ വശത്താക്കി വച്ചേക്കുന്നത്..അതിനും വേണ്ടി എന്ത് ബന്ധം ആണെടാ നിനക്ക് അവളോട്‌. ശ്രീപ്രഭ തിരിച്ചടിച്ചു.

അമ്മേ…എന്റെ ക്ഷമ നശിപ്പിക്കരുത്. അമ്മയ്ക്ക് നാണം ഇല്ലേ സ്വന്തം മകനെയും അവന്റെ അമ്മയാകാൻ പ്രായം ഉള്ള സ്ത്രീയെയും ചേർത്ത് ഇങ്ങനെയൊക്കെ പറയാൻ. പിന്നെ അമ്മ ചോദിച്ചതുകൊണ്ട് ഞാൻ പറയാം ഞങ്ങൾ തമ്മിലുള്ള ബന്ധം. ഒരുകാലത്ത് അവർ എന്റെ അച്ഛന്റെ കാമുകി ആയിരുന്നു..നട്ടെല്ലിന് ഉറപ്പുള്ള ആണായിരുന്നു എന്റെ അച്ഛൻ എങ്കിൽ അമ്മയ്ക്ക് പകരം ഈ വീടിന്റെ മരുമകൾ ആകേണ്ടിയിരുന്നവളാണ് ആ സ്ത്രീ…അവൻ പറഞ്ഞു.

ശ്രീക്കുട്ടാ….നില മറന്നു സംസാരിക്കരുത് നീ…നിന്റെ അച്ഛനെ ആണോ നീ ഇതൊക്കെ പറയുന്നത്. അതും ഒരു പി ഴ ച്ച വ.ൾക്ക് വേണ്ടി.

ശ്രീപ്രഭ അവനെ പിടിച്ചുലച്ചുകൊണ്ട് പറഞ്ഞു.

അമ്മേ…മതി..ഇനി ജാനകിഅമ്മയെ അങ്ങനെ വിളിക്കരുത്..ഒന്നും അറിയാതിരുന്നകാലത്തു ഞാനും മനസിലെങ്കിലും അവരെ കുറിച്ച് അത്തരത്തിൽ ചിന്തിച്ചിട്ടുണ്ട്. പക്ഷെ ഇന്ന് അവരെനിക് എന്റെ അമ്മയുടെ സ്ഥാനത്താണ്. അമ്മ ഇപ്പൊ പറഞ്ഞില്ലേ പി ഴ ച്ച വൾ എന്ന് എങ്ങനാ അമ്മേ അവർ അങ്ങനെ ആയെ..അത് അമ്മയ്ക്ക് അറിയാത്തത് ആണോ. ഒന്നും അറിയാത്ത പ്രായത്തിൽ എന്റെ അച്ഛനല്ലേ അവരെ പ്രണയം നടിച്ചു ചതിച്ചത്. അന്ധമായ അവരുടെ സ്നേഹത്തെ മുതലെടുത്ത് സ്വന്തം ബിസിനസിന്റെ വളർച്ചയ്ക്ക് വേണ്ടി  പലർക്കും അവരെ കാഴ്ചവച്ചതും അച്ഛനല്ലേ..പ്രാണനെ പോലെ സ്നേഹിക്കുന്നവൻ കൈവിടില്ല എന്നുള്ള വിശ്വാസത്തിൽ അല്ലെ അമ്മേ അവർ ജീവിച്ചത്..അവസാനം അമ്മയുടെ കയ്യും പിടിച്ച് അച്ഛനീ പടി കടന്നു വരുംവരെയും അവരെന്റെ അച്ഛന്റെ പഞ്ചാരവാക്കുകളിൽ മയങ്ങി ജീവിച്ചു. അന്ന് പാതി ചത്തതാ അവര്.. എന്നിട്ടും പ്രണയം നടിച്ചു മുതലെടുപ്പ് നടത്തിയവന്റെ മുന്നിൽ നഷ്ടപ്പെട്ടു പോയ ജീവിതത്തിനോ മാനത്തിനോ ഉള്ള കൂലി ചോദിച്ച് ആ സ്ത്രീ എന്നെങ്കിലും വന്നിട്ടുണ്ടോ.അങ്ങനെ വന്നിരുന്നുവെങ്കിൽ പകൽ മാന്യനായി ജീവിച്ചു മരിച്ച വരാഹത്തിലെ ജയപ്രകാശിന്റെ തനിനിറം ഈ നാട് അറിഞ്ഞേനെ. അവൻ ദേഷ്യവും സങ്കടവും നിറഞ്ഞ സ്വരത്തിൽ പറഞ്ഞു നിർത്തി.

ഓഹോ..അവള് നിനക്ക് ഇല്ലാകഥകൾ പലതും പറഞ്ഞു തന്നല്ലേ…അവളെ പോലൊരുത്തി പറഞ്ഞതുകേട്ട് നീ സ്വന്തം അച്ഛനെ തള്ളി പറയുന്നത് നിനക്ക് നല്ലതിന് ആവില്ല അത് നീ ഓർത്തോ. ശ്രീപ്രഭ വാശിയോടെ പറഞ്ഞു.

എന്തിനാണമ്മേ പിന്നെയും സത്യങ്ങളെ വളച്ചൊടിക്കുന്നത്. ഞാൻ ഈ പറഞ്ഞതൊന്നും ഇല്ലാക്കഥകൾ അല്ലെന്ന് അമ്മയ്ക്ക് തന്നെ വ്യക്തമായി അറിയാം. കാരണം അച്ഛന്റെ ജീവിതത്തിൽ ജാനകി ആരായിരുന്നുവെന്ന് അമ്മയ്ക്ക് ആദ്യമേ തന്നെ അറിയാമായിരുന്നു..അച്ഛന്റെ ചതിയുടെ കഥകളും അമ്മ നേരത്തെ തന്നെ മനസിലാക്കിയത് ആണ്..

അമ്മ നേരത്തെ വിളിച്ചില്ലേ പി ഴ ച്ച വൾ എന്ന്..അവരെങ്ങനാ അങ്ങനെ ആയത്? എന്റെ അച്ഛനായിട്ടല്ലേ അവരെ ഇങ്ങനെ ആക്കിയത്. അച്ഛൻ കാണിച്ചു കൊടുത്ത പാതയിലൂടെ അല്ലെ ആ അമ്മ സഞ്ചരിച്ചത് അപ്പൊ വഴി നടന്നവർ മാത്രം എങ്ങനെ തെറ്റുകാരിയാകും…പിന്നെ അമ്മ അവരെ പഴി പറയുമ്പോൾ ഒന്നുകൂടി ഓർക്കണം അമ്മ ഇന്ന് ഈ ചുറ്റിയിരിക്കുന്ന പട്ടിലും അണിഞ്ഞിരിക്കുന്ന സ്വർണ്ണത്തിലും അനുഭവിക്കുന്ന സമ്പത്തിലുമെല്ലാം  അവരുടെ വിയർപ്പിന്റെ ഉപ്പുകൂടി കലർന്നിട്ടുണ്ടെന്ന്. അവരെ വിറ്റിട്ടാണ് എന്റെ അച്ഛൻ ഇതെല്ലാം നേടിയത്..അപ്പൊ അമ്മ അവരോട് കടപ്പെട്ടിരിക്കണം. അല്ലാതെ പരിഹസിക്കാൻ അവകാശമില്ല..അമ്മയ്ക്കെന്നല്ല ആർക്കും..അവന്റെ വാക്കുകൾ കേട്ട് അപമാന ഭാരത്താൽ ശ്രീപ്രഭയുടെ ശിരസ്സ് കുനിഞ്ഞു..

അമ്മയെ വേദനിപ്പിക്കാൻ പറഞ്ഞതല്ല ഇതൊന്നും..അവരും അമ്മയെപ്പോലെ ഒരു സ്ത്രീയാണ്..ചതിക്കപ്പെട്ടവൾ, അപമാനിക്കപ്പെട്ടവൾ, ഒറ്റയ്ക്കായിപോയവൾ…അതും എന്റെ അച്ഛൻ കാരണം..അപ്പൊ ആ തെറ്റ് തിരുത്തേണ്ടത് ഞാനാണെന്ന് എനിക്ക് തോന്നി..വേദനയുടെ കടൽ നീന്തിക്കടന്ന് ആശ്വാസത്തിന്റെ തീരത്തടുക്കാൻ കൊതിക്കുന്ന ഒരു മനസ് ഏതൊരു മനുഷ്യനും ഉണ്ടാവും..കൂടെ നിൽക്കാൻ സ്നേഹമുള്ള മറ്റൊരു ഹൃദയമുണ്ടെങ്കിൽ..ജാനകിയമ്മയ്ക്ക് ഇനി ഞാനുണ്ടാകും..ഒരു മകനായി..മനസ്സറിഞ്ഞു ഞാൻ അമ്മേ എന്ന് വിളിച്ചു തുടങ്ങിയതിൽ പിന്നെ എന്റെ അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് എനിക്ക് അറിയാം. അച്ഛന്റെ തെറ്റുകൾ പൂർണ്ണമായും തിരുത്താൻ എനിക്ക് കഴിയില്ല..പക്ഷെ ആ മുറിവുകളുടെ വേദനയാറ്റാൻ എനിക്ക് കഴിയും. അമ്മ എന്നെ ഇനി തടയരുത്..എന്നെ ഒന്നിൽ നിന്നും വിലക്കരുത്…

അവസാന വാക്കെന്നോണം ശ്രീപ്രഭയോടായി ഇങ്ങനെ പറഞ്ഞുകൊണ്ട് അവൻ മുകളിലേക്ക് കയറിപ്പോയി. നിരവധി ചിന്തകളാൽ കണ്ണിൽ ഊറിയിറങ്ങിയ നീർമണികളെ സാരി തലപ്പിനാൽ തുടച്ചു നീക്കിക്കൊണ്ട് ശ്രീപ്രഭയും അകത്തേക്ക് നടന്നു നീങ്ങി.

ആഴത്തിൽ മുറിവേറ്റ ചില ജീവിതങ്ങൾക്ക് മുന്നിൽ അങ്ങനെ ചിലരെങ്കിലും നന്മയുടെ വെളിച്ചമാകട്ടെ….തിരുത്തപ്പെടാൻ മാത്രമല്ല….ചില തിരിച്ചറിവുകൾക്ക് കൂടി വേണ്ടി……

✍️ രേഷ്മദേവു