ഏതെങ്കിലും വിധത്തിൽ നിനക്കൊരു ഗുണോം വന്നുചേരാത്ത ഒന്നും നീ കാര്യമായി ചെയ്തിട്ടില്ല…

നരകം

Story written by Bindu Anil

===============

പതിവുപോലെ ഇന്നും ഓഫീസിലെത്താൻ വൈകും. തിരക്കിട്ട് ഓടുന്നതിനിടയിലാണ് കൂട്ടുകാരിയുടെ കാൾ. സംസാരിച്ചുകൊണ്ടു റോഡ് ക്രോസ്സ് ചെയ്യവേ എന്തോ ഒരു വലിയ ശബ്ദം കേട്ടു. നീണ്ട ഒരുറക്കത്തിനൊടുവിൽ കണ്ണുതുറക്കുമ്പോൾ ചുറ്റിനും ഇരുട്ട് മാത്രം..

അവിടുന്ന് ഒരു ടണൽ വഴി നിറയെ പൂക്കൾ ഉള്ള ഒരു സ്ഥലത്തെത്തി. ഇരു വശങ്ങളിലേക്ക് തുറക്കുന്ന വലിയ വാതിലുകളുള്ള വലിയൊരു ഹാളിലേക്ക് ഒരു ശബ്ദം എന്നെ സ്വാഗതം ചെയ്തു, ഉള്ളിൽ അസാധാരണമായ ഒരു സുഗന്ധം നിറഞ്ഞു നിൽക്കുന്നു, ഇരിക്കാനുള്ള നിർദേശം കിട്ടിയപ്പോൾ അവിടെ ഇരുന്നു. കുറേനേരം ഇരുന്നു ബോറടിച്ചു..ഭാഗ്യം ഫോൺ കൈയിൽ തന്നെയുണ്ട്…

whtsup ലും fb യിലും ഒന്നും ആരേം കാണുന്നില്ലല്ലോ…നാശം നെറ്റില്ല..ഞാനെന്തിനാണ് ഇവിടെയെത്തിയതെന്നു എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല…

പെട്ടെന്ന് ഇടതുവശത്തെ വാതിൽ തുറന്നു , മനുഷ്യന്റെ രൂപവും കരിഞ്ഞ മുഖവും , ചുവന്നു വീർത്ത കണ്ണുകളും, പൂടപോഴിഞ്ഞ നനഞ്ഞ കോഴിയുടെ ചിറകുപോലെ , കൈകളും ഉള്ള ഒരു ജീവി മുന്നിലേക്ക് തിടുക്കപ്പെട്ടു വന്നു..

അവരുടെ കൈയിലിരുന്ന പേപ്പറുകളിൽ നോക്കി ഞാൻ തന്നെയെന്ന് ഉറപ്പുവരുത്തിയിട്ട്, എന്നെക്കൊണ്ട് അവിടവിടെയായി ഒപ്പിടുവിച്ചു…എന്താണിതെന്നു ചോദിച്ചപ്പോൾ പുച്ഛത്തിൽ ഒന്ന് നോക്കീട്ടു അകത്തേക്ക് പോയി

ഇനി കെട്ടിയോനെങ്ങാനും അയച്ച ഡിവോഴ്സ് നോട്ടിസിലാണോ ഒപ്പിട്ടതെന്നോർത്തു ടെൻഷൻ അടിച്ചു  നിന്നു..ജീവനുള്ള കാലം അങ്ങേരെ രക്ഷപെടാൻ സമ്മതിക്കൂല എന്ന് മനസ്സിൽ പ്രതിജ്ഞയെടുത്തു…

ആകെയുള്ള അക്കൗണ്ടിൽ കാശില്ലാത്തതിനാലും കള്ളയൊപ്പിട്ട് അടിച്ചുമാറ്റാൻ എന്റെ പേരിൽ മറ്റ് സ്ഥാവര ജംഗമങ്ങൾ ഒന്നുമില്ലാത്തതിനാലും അതിനെക്കുറിച്ച് ടെൻഷൻ അടിക്കേണ്ട കാര്യവുമില്ല….

കുറച്ചു കഴിഞ്ഞപ്പോൾ അതുപോലെ തന്നെയുള്ള മറ്റൊരു ജീവി ആ വാതിൽ തുറന്നു വന്നു. ചീവീട് കരയുന്ന ശബ്ദത്തിൽ എന്റെ പേര് വിളിച്ചു….

ഞാനിവിടുത്തെ മാലാഖയാണ്. നിന്നെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോകാനാണ് ഞാൻ വന്നത്..

എനിക്ക് അതിശയമായി…ഇങ്ങനേം മാലാഖയോ…?

ചിരി വന്നെങ്കിലും അതിന്റെ  നോട്ടം കണ്ടപ്പോൾ വേണ്ടെന്നു വച്ചു..പേടിച്ച് പേടിച്ച് പറഞ്ഞു, “എനിക്കറിയാവുന്നത് നല്ല സൗന്ദര്യമുള്ള , വിടർന്ന ചിറകുകൾ ഉള്ള , തൂവെള്ള കുപ്പായമിട്ട മാലാഖയെയാണ്. ഞാനിതൊന്നും വിശ്വസിക്കില്ല…”

ആ ജീവിയുടെ ഭാവം മാറി സ്വരം കടുത്തു. എന്നെ നോക്കി ദേഷ്യത്തിൽ പറഞ്ഞു, “ചിത്രങ്ങളിൽ നീ കണ്ട മാലാഖയല്ല യഥാർഥ മാലാഖ…”

ഇത് മമ്മൂട്ടി ഫാൻ ആണല്ലോ എന്നോർത്ത് ഒരു നിമിഷം എനിക്കതിനോട് ഒരിഷ്ടം തോന്നി..അത് സങ്കടത്തോടെ തുടർന്നു… “നിങ്ങളൊക്കെ കാണുന്നത് സ്വർഗ്ഗത്തിലെ മാലാഖമാരെയാരിക്കും..അവർക്കെന്താ, ഏതുനേരോം കുന്തിരിക്കോം പുകച്ചു, മേക്കപ്പും ഇട്ട്, ഫോട്ടോക്ക് പോസുചെയ്തു ഇരുന്നാൽ പോരെ ഞങ്ങടെ കാര്യം അങ്ങനാണോ?365 ദിവസോം ആത്മാക്കളെ വ റുത്തും പൊ രിച്ചും തീ യും പു കയുമടിച്ചു നരകിക്കുവല്ലേ? ഞങ്ങളാരും ഇതുവരെ ക്യാമറ കണ്ടിട്ടുകൂടിയില്ല. എന്തിനേറെ ഇവിടെ ഒരു കണ്ണാടി പോലും ഇല്ല..അത്രേം കഷ്ടപ്പെട്ട്  ഈ നരകത്തിൽ ജീവിക്കുന്ന ഞങ്ങൾക്ക് ഐശ്വര്യ റായീടെ സൗന്ദര്യം വേണമെന്ന് വാശിപിടിക്കാതെ….

നരകത്തിലോ?എനിക്ക്  വിശ്വാസം വരുന്നില്ല. ഇത്രേം നന്നായി പ്രാർഥിച്ചും, നോയമ്പെടുത്തും, ജീവിച്ചിട്ടും നരകമോ….? ഇത് ഞാൻ വിശ്വസിക്കൂല. എന്നെ കൊ ന്നാലും വിശ്വസിക്കൂല…

“മാലാഖയ്ക്ക് അറിയാമോ….ഞാൻ ജീവിച്ചിരുന്ന കാലത്ത് അറിഞ്ഞോണ്ട് ഒരു മാരക പാപോം ചെയ്തിട്ടില്ല , പിന്നെ ചെറിയ കുശുമ്പ് , അസൂയ , കണ്ണിക്കടി ഇതൊക്കെ മൂലം ഉണ്ടാകുന്ന കുഞ്ഞികുഞ്ഞി പാപങ്ങളെ ഉള്ളൂ…

ചീവീട് കയ്യിലിരുന്ന ഒരു ബുക്കെടുത്ത് നിവർത്തി, ഇത് മുഴുവൻ ഞാൻ ചെയ്ത പാപ പുണ്യങ്ങളുടെ ലിസ്റ്റാണത്രെ, വേണേൽ ഡീറ്റെയിൽസ് തരാമെന്ന്,

എന്നാലൊന്ന് കണ്ടിട്ട് തന്നെ കാര്യം എന്നോർത്ത് വാങ്ങാൻ കൈ നീട്ടിയപ്പോ കൈയിൽ തരില്ലത്രേ..വായിച്ചു കേൾപ്പിക്കാൻ തുടങ്ങി….

സ്കൂളിൽ പോകുമ്പോ ദാസൻ ചേട്ടന്റെ പറമ്പീന്ന് കമ്പിളി നാരങ്ങാ കട്ടത് മുതൽ കഴിഞ്ഞ ദിവസം ഓവർടൈം ചെയ്യിച്ചെന് കമ്പനീടെ ഓണറേയും കുടുമ്പത്തെയും വല്യപ്പന്മാരെയും ചീത്ത പറഞ്ഞത് വരെ ഉണ്ട്…എന്നാൽ അത് നിർത്തീട്ട് ഞാൻ ചെയ്ത പുണ്യങ്ങളുടെ..ലിസ്റ്റ് ഒന്ന് വായിക്കാമോ?

മാലാഖയുടെ മുഖത്ത് സഹതാപം…യ്യോ ദാരിദ്ര്യം !!…ഏതെങ്കിലും വിധത്തിൽ നിനക്കൊരു ഗുണോം വന്നുചേരാത്ത ഒന്നും നീ കാര്യമായി ചെയ്തിട്ടില്ല…

അപ്പൊ ഞാനന്ന് ഒരു രോഗിക്ക് മരുന്ന് വാങ്ങാൻ കാശ് കൊടുത്തതോ , ? അത് നീ എത്ര പേരോട് പറഞ്ഞു ? അതോർക്കുന്നില്ല ,കൂട്ടുകാരോടൊക്കെ പറഞ്ഞു , എന്നാൽ അപ്പോൾ  നീ എന്തോ വല്യ കാര്യം ചെയ്തു എന്ന് മറ്റുള്ളവരിൽ ഒരു തോന്നലുണ്ടാക്കാൻ നിനക്ക് കഴിഞ്ഞു , അതിന്റെ പ്രതിഫലം അങ്ങനെ കഴിഞ്ഞു. അങ്ങനെ ഓരോന്നിനും ഏതെങ്കിലും വിധത്തിൽ നീ പ്രതിഫലം പറ്റിക്കഴിഞ്ഞു..

ഈ കളിക്ക് ഞാനില്ല, എനിക്ക് സ്വർഗത്തിൽ പോയാൽ മതി…

കേറിപ്പോടീ അകത്തോട്ട്..അവടെയൊരു ഫോൺ..കൈയിലിരുന്ന ഫോണും തട്ടിപ്പറിച്ചിട്ടു നടുവിന് ഒറ്റച്ചവിട്ട്..ചവിട്ടിന്റെ ശക്തിയിൽ വന്നു വീണത് വെളുപ്പിനെ നാലുമണിലേക്കും…

കെട്ടിയോൻ നല്ല ഉറക്കം…ഡിവോഴ്സ് പേപ്പറിന്റെ കാര്യം കക്ഷി അറിഞ്ഞിട്ടേയില്ല…ആശ്വാസം….