കുറയരുതേ, കുറച്ചുകൂടി കൂടണെ എന്ന പ്രാർഥനയുമായി ഞങ്ങൾ അടുത്തൂന്ന് മാറാതെ ഇരിപ്പാണ്…

Story written by Bindu Anil

================

രാവിലെ മുതൽ വെല്യമ്മച്ചിക്ക് ചെറിയ തലകറക്കം. ഈയിടെയായി ഇത് പതിവാണ്..കുറച്ചുനേരം കിടക്കുമ്പോൾ മാറും….തലകറക്കം കുറഞ്ഞില്ലെങ്കിൽ ആശുപത്രിയിൽ പോകാം എന്ന് അമ്മ പറയുന്നുണ്ട്…

കുറയരുതേ, കുറച്ചുകൂടി കൂടണെ എന്ന പ്രാർഥനയുമായി ഞങ്ങൾ അടുത്തൂന്ന് മാറാതെ ഇരിപ്പാണ്..

നാട്ടിൽ വണ്ടി സൗകര്യം കുറവാണ് എവിടെയെങ്കിലും പോകണമെങ്കിൽ അരമണിക്കൂർ നടന്ന് കവലയിലെത്തിയാൽ ആണ്ടിനും ചങ്ക്രാന്തിക്കും ഓരോ ബസ് ഉണ്ട്..

അത്യാവശ്യ നേരങ്ങളിൽ ആശ്രയം ഒരു ജീപ്പാണ്..നാടിന്റെ പൊതുസ്വത്ത്‌..ഈട്ടിക്കലെ സാജൻ ചേട്ടന്റെ ജീപ്പ്…..ഏതു പാതിരാത്രിയിൽ  ആര് വിളിച്ചാലും വരും..കൈയിൽ കാശുള്ളവർ വണ്ടിക്കൂലി അപ്പൊത്തന്നെ കൊടുക്കും. ഇല്ലാത്തവർ സാജാ പിന്നെ കാണാം കേട്ടോ, എന്ന് പറയും..ചിലർ ഇതൊന്നും പറയില്ല, കൈയിൽ കിട്ടുന്ന പോലെ കൊടുക്കും…

ഞങ്ങൾ കുട്ടികൾക്കെല്ലാം വണ്ടിയേലുള്ള യാത്ര അന്നൊക്കെ ഒരു സ്വപ്നം ആയിരുന്നു..സ്കൂൾ അടയ്ക്കുമ്പോൾ ഏതേലും ബന്ധുവീടുകളിൽ പോകുന്നതല്ലാതെ കാര്യമായി എങ്ങും പോകാറില്ല..

വെല്യമ്മച്ചിക്ക് അസുഖം കൂടിയാൽ വണ്ടി വിളിക്കും ഞങ്ങൾക്ക് അതിൽ കയറി ആശുപത്രി വരെ പോകാമല്ലോ എന്ന് കരുതിയിട്ടാണ് അസുഖം കൂടാൻ പ്രാർഥിക്കുന്നത്….അതിൽ കൂടുതലുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള ബുദ്ധി അന്നില്ലായിരുന്നു..

പക്ഷേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് വല്യമ്മച്ചി കുറച്ചുകഴിഞ്ഞപ്പോൾ എണീറ്റു…ഇനിയിപ്പോ പ്രതീക്ഷക്ക് വകയില്ല എന്നറിഞ്ഞ ഞങ്ങൾ നിരാശയോടെ സ്ഥലം കാലിയാക്കി…

വൈകുന്നേരം കുളിയൊക്കെ കഴിഞ്ഞ്  പ്രാർഥിക്കാൻ ഇരുന്നു..പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേയെന്റെ ഹൃദയത്തിൽ എന്ന് പാടിക്കൊണ്ടിരിക്കുമ്പോൾ മുറ്റത്തെ കയ്യാലയിൽ നിന്നും എന്തോ താഴോട്ട് വീഴുന്ന ശബ്ദം…

പ്രാർഥിക്കുമ്പോ മുട്ടുകുത്തി നിന്ന് പ്രാർഥിക്കണം, അങ്ങോട്ടും ഇങ്ങോട്ടും എണീറ്റ് ഓടിയെക്കരുത് എന്നാണ് അച്ചാച്ചീടെ കല്പന..അതുകൊണ്ട് മനമങ്ങും മിഴിയിങ്ങുമായി ഞങ്ങൾ പാട്ട് തുടർന്നു…

അമ്മയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടപ്പോൾ കൈയിലിരുന്ന പ്രാർഥന പുസ്തകം എങ്ങാണ്ടോട്ട് എറിഞ്ഞിട്ട് ഒറ്റയോട്ടം..നോക്കിയപ്പോൾ വല്യമ്മച്ചി ആട്ടിൻകൂടിന്റെ താഴെ കിടക്കുന്നു..ആടിന് പ്ലാവില വെച്ചുകെട്ടികൊടുക്കാൻ പോയപ്പോ കാല് മടിഞ്ഞ് കയ്യാല കുഴിയിലോട്ട് വീണതാണ്…

സാധാരണ കൊന്തയുമെടുത്ത് ആദ്യം പ്രാർഥിക്കാൻ ഇരിക്കുന്നത് വെല്യമ്മച്ചിയാണ്..അന്നെന്തുപറ്റി എന്നറിയില്ല…

കണ്ടപാടെ യ്യോ ,നാട്ടുകാരെ ഓടിവായോ ഞങ്ങടെ വല്യമ്മച്ചി മരിച്ചുപോയെ എന്ന് ഞങ്ങളും കരഞ്ഞു..അത് കേട്ട് താഴേന്ന് അമ്മാമ്മേം ജോസുചേട്ടനും ഓടിയെത്തി…

ഇതിനിടയിൽ ഇളയ ആങ്ങള എന്നോട് നീ കാരണമാ വല്യമ്മച്ചി വീണതെന്ന് ചെവിയിൽ പറഞ്ഞു

എല്ലാരും കൂടി പ്രാർത്ഥിച്ചിട്ട് ഒടുവിൽ എന്റെ മണ്ടയ്ക്ക് വെക്കാനുള്ള പ്ലാനാണ്…

ഞാനവനെ ഒരു കടലമുട്ടായി  ഓഫർ ചെയ്ത് ഒതുക്കി നിർത്തി…അമ്മയറിഞ്ഞാൽ  കൈയിൽ കിട്ടുന്നത് വെച്ച് തലയ്ക്കിട്ട് അടി കിട്ടും..

ജീപ്പ് വിളിക്കാൻ ആള് പോയിട്ടുണ്ടെന്ന് ആരോ പറയുന്നത് കേട്ട മാത്രയിൽ,  അകത്തുപോയി, ഉള്ളതിൽ നല്ലൊരു പാവാടേം ബ്ലൗസും എടുത്തിട്ട് കണ്മഷിയെടുത്ത് കണ്ണും എഴുതി, കണ്ണാടീടെ മൂലയ്ക്ക് ഒട്ടിച്ചുവെച്ച പൊട്ടെടുത്ത് നെറ്റിയിൽ തൊട്ട്, പൗഡറും ഇട്ട് റെഡിയായി നിന്നു…

‘അമ്മ കരഞ്ഞോണ്ട് ഓടിനടന്ന്, ആശുപത്രിയിലേക് കൊണ്ടുപോകാനുള്ള തോർത്തും, വേറെന്തൊക്കെയോ സാധനങ്ങളും കൂടി ഒരു പ്ലാസ്റ്റിക് കൂട്ടിലാക്കി വെക്കുന്നുണ്ട്…

നിങ്ങൾ പൊക്കോ..പിള്ളേരെ ഞാൻ താഴോട്ട് കൊണ്ടൊക്കോളാം എന്ന് അമ്മാമ അമ്മയോട് പറേന്നുണ്ട്..ഇതിനെല്ലാമിടയിൽ ജീപ്പ് ദൂരെന്ന് വരുന്ന ശബ്ദം കേൾക്കുന്നുണ്ട്..ഞങ്ങൾ അമ്മാമ്മ കാണാതെ റോഡിൽ കേറി നിന്നു…കണ്ടാൽ ഞങ്ങളെ വിടാൻ സാധ്യതയില്ല..

ജീപ്പ് വന്നു നിന്ന പാടെ ഞാൻ പുറകിലും ആങ്ങളമാർ മുമ്പിലും ചാടിക്കേറി..ഇങ്ങോട്ടിറങ്ങു പിള്ളേരെ, നീയൊക്കെ എവിടെപോവ്വാ എന്ന് ജോസ് ചേട്ടൻ വഴക്ക് പറഞ്ഞത് കേട്ടില്ല എന്ന മട്ടിൽ ഇരുന്നു…

എല്ലാരും കേറി ബാക്കി ഉണ്ടായിരുന്ന ഇടയിൽ വെല്യമ്മച്ചിയെ ഇരുത്തി. ആശുപത്രിയിൽ എത്തി പരിശോധിച്ച് അഡ്മിറ്റാക്കി…കൈയിലും കാലിലും ബാൻഡേജ് കെട്ടിയിരിക്കുന്നത്, കണ്ട് പേടിച്ചു സങ്കടപ്പെട്ട് നിൽക്കുമ്പോഴാണ് കുത്തിവെക്കാൻ നേഴ്സ് വന്നത്..ഞങ്ങൾ  മൂന്നും മാറിനിന്ന് കരഞ്ഞു…മക്കൾ കരയണ്ട, എനിക്ക് ഒന്നും പറ്റിയില്ലല്ലോ എന്ന് വല്യമ്മച്ചി പറഞ്ഞപ്പോൾ കുറ്റബോധം കൊണ്ടാവാം കരച്ചിൽ കൂടി..പിന്നീടൊരിക്കലും ആർക്കും അസുഖം വരാൻ പ്രാർഥിച്ചിട്ടില്ല…പ്രത്യേകിച്ച് വെല്യമ്മച്ചിക്ക്…

എന്നാലും കർത്താവേ, ഒരു ചെറിയ തലകറക്കത്തിന് വേണ്ടി പ്രാർഥിച്ചപ്പോൾ പാവം  വെല്യമ്മച്ചിയെ കയ്യാലക്കുഴിയിലേക്ക് തള്ളിയിട്ടതെന്തിനായിരുന്നു… 🤔 (ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം…)

ഇപ്പൊ സ്വർഗ്ഗത്തിലിരുന്ന് facebook  നോക്കി ഇത് വായിച്ചിട്ട് ഈ പെണ്ണിന്റെ ഒരു കാര്യം എന്ന് പറഞ്ഞ് താടിക്ക് കൈയും കൊടുത്തിരുന്നു ചിരിക്കുന്നുണ്ടാകും…ഞങ്ങടെ സുന്ദരി വല്യമ്മച്ചി 😍