കൂടെ നിൽക്കുന്ന അച്ഛൻ പോലും അമ്മയെ സപ്പോർട്ട് ചെയ്തുകൊണ്ട് സംസാരിക്കുന്നത് കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു ദേവികയുടെ…

എഴുത്ത് : മഹാ ദേവൻ

===================

“കുഞ്ഞോളെ കാണാൻ ഒരു കൂട്ടർ ഇന്ന് വരുന്നുണ്ടെന്ന് ” അച്ഛൻ പറയുമ്പോൾ എല്ലാവർക്കും അതൊരു സന്തോഷം നിറഞ്ഞ വാർത്തയായിരുന്നു. ഒരാൾ ഒഴികെ.

അച്ഛന്റെ വാക്ക് കേട്ട് ദേവികക്ക് മാത്രം ആ വാർത്ത അത്ര സന്തോഷം തരുന്നതല്ലായിരുന്നു.

ആ വീട്ടിൽ പലപ്പോഴും വഴിക്കിടേണ്ടി വന്നിട്ടുള്ളതും ആ കാര്യത്തിന് മാത്രമായിരുന്നു..

“നിന്നെ ഒരു കൂലിപ്പണിക്കാരന്റെ കൂടെ കെട്ടിച്ചു വിടാനല്ല ഞങ്ങൾ ഇത്രയും വളർത്തി വലുതാക്കിയത്. ഒന്നല്ലെങ്കിൽ ഒരു B. Ed കാരിയല്ലെടി നീ.. അതിന്റ വകതിരിവെങ്കിലും കാണിച്ചൂടെ നിനക്ക് അവൾ വന്നിരിക്കുന്നു ഒരു കൂലിപണിക്കാരന്റ പ്രേമവുമായി. നിർത്തിക്കോണം എല്ലാം. എന്നിട്ട് ഞങ്ങൾ പറയുന്ന പോലെ അങ്ങോട്ട് കേട്ടാൽ മതി എന്റെ മോള്. അതല്ല, തന്നിഷ്ടം കാണിക്കാനാണ് ഉദ്ദേശമെങ്കിൽ ……..

കൂടുതലൊന്നും ഞാൻ പറയുന്നില്ല ” എന്നൊക്കെ അമ്മ കലിതുള്ളി പറയുമ്പോൾ ദേവികയുടെ നിസ്സഹായതയോടെ ഉള്ള നോട്ടം മുഴവൻ ഒന്നും മിണ്ടാതെ ഇരിക്കുന്ന അച്ഛനിൽ ആയിരുന്നു.

അമ്മ കലി തുള്ളുമ്പോൾ എല്ലാം അവൾക്കൊരു ആശ്രയം എപ്പോഴും അച്ഛനാണെന്ന് അറിയാവുന്നത് കൊണ്ട് അവളുടെ നോട്ടത്തിൽ ഉണ്ടായിരുന്നു ” അച്ഛനെങ്കിലും എന്റെ ഇഷ്ടത്തിന് ഒന്ന് സമ്മതിച്ചൂടെ ” എന്ന ഭാവം.

” ഓഹ്, ഇനിപ്പോ അച്ഛനെ പിടിച്ചോ മോള്. അച്ഛന്റെ പുന്നാരമോളല്ലേ. എന്തിനും ഏതിനും വളം വെച്ച് തരാൻ വീട്ടിൽ തന്നെ ഉണ്ടല്ലോ ആള്. അതിന്റ അഹങ്കാരമാ ഇപ്പോൾ പെണ്ണിന്. ഒക്കെ നിങ്ങളെ പറഞ്ഞാൽ മതി മനുഷ്യാ.. എല്ലാ വീട്ടിലും പെണ്ണൊരു തെറ്റ് ചെയ്താൽ കുറ്റം അമ്മക്ക് ആയിരുന്നു വളർത്തുദോഷം എന്നും പറഞ്ഞ്. ഇതിപ്പോ ഇവിടെ അച്ഛനാ മോളെ ങ്ങനെ കൊഞ്ചിച്ചു വഷളാക്കിയത്. ദേ, മനുഷ്യാ.. ഞാൻ ഒരു കാര്യം പറഞ്ഞേക്കാം. ഈ കാര്യത്തിലും മകളുടെ താളത്തിനൊത്തു തുള്ളാൻ ആണ് പുറപ്പാടെങ്കിൽ പറഞ്ഞേക്കാം… ഇത് ജീവിതമാണ്, കുട്ടിക്കളിയല്ല.. അത് അച്ഛനും മോളും മനസ്സിലാക്കിയാൽ നന്ന് “

അച്ഛന് നേരെ കയർത്തുകൊണ്ട് അവളെ ഒന്ന് രൂക്ഷമായി നോക്കി അകത്തേക്ക് പോകുമ്പോൾ ദിവാകരൻ ദേവികയെ അടുത്തേക്ക് വിളിച്ചു,

” കുഞ്ഞോള് ഇവിടെ ഇരിക്ക്. അച്ഛൻ പറയട്ടെ ” എന്നും പറഞ്ഞ് അടുത്തിരുത്തി വാത്സല്യത്തോടെ അവളുടെ കൈ പിടിച്ചുകൊണ്ട് പുഞ്ചിരിയോടെ മുഖത്തേക്ക് നോക്കി,

” അമ്മ വഴക്കിടുന്നതും ചാടിത്തുള്ളി സംസാരിക്കുന്നതും കേട്ട് ന്റെ മോള് വിഷമിക്കുകയൊന്നും വേണ്ട. നിങ്ങളോട് ഉള്ള ഈ ചാട്ടമൊക്കെ ഉള്ളൂ… അവളൊരു പാവാ…പിന്നെ സ്നേഹംകൊണ്ട് പറയുന്നതാ ഇതൊക്കെ” അവളുടെ വാടിയ മുഖം പിടിച്ചുയർത്തി ദിവാകരൻ.

” അയ്യേ, ഈ കാര്യത്തിനൊക്കെ ഇങ്ങനെ വിഷമിച്ചിരിക്കുവാണോ. ഒന്നുല്ലെങ്കിൽ മോളൊരു ടീച്ചർ ആകാൻ പോകുന്ന ആളല്ലേ.. അതിന്റ പക്വത ഒക്കെ വേണ്ടേ. അതുകൊണ്ട് കണ്ണ് തുടക്ക് ആദ്യം. “

അച്ഛന് മുന്നിൽ കൈകൾ കൊണ്ട് കണ്ണ് തുടച്ച് ഇരിക്കുബോൾ അദ്ദേഹത്തിന്റെ മുഖത്തുമുണ്ടായിരുന്നു ആ സന്തോഷം .

” മോളെ, അമ്മ വഴക്കിടുന്നതിന്റെ പേരിൽ അച്ഛന് അമ്മയെ ശാസിക്കാൻ പറ്റില്ല. കാരണം ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നതെ നിന്റെ അമ്മയും ആഗ്രഹിക്കുന്നുള്ളു. ഇന്നത്തെ കാലത്ത് സ്വന്തം മകൾ നല്ല രീതിയിൽ ജീവിച്ചുകാണാൻ ആണ് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നത്. അതേ നിന്റെ അമ്മയും ചെയ്യുന്നുള്ളു…പിന്നെ പറയുമ്പോൾ അത് ദേഷ്യം വന്ന പോലെ ആയിരിക്കും. അത് നിന്റെ അമ്മയുടെ ഒരു ശീലമാണ്. അതിപ്പോ ഇനി മാറ്റാനൊന്നും പറ്റില്ല.”

കൂടെ നിൽക്കുന്ന അച്ഛൻ പോലും അമ്മയെ സപ്പോർട്ട് ചെയ്തുകൊണ്ട് സംസാരിക്കുന്നത് കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു ദേവികയുടെ.

ഇഷ്ടപ്പെട്ടുപോയി. അത് ഒരു നിമിഷം കൊണ്ട് വേണ്ടെന്ന് വെച്ച് വീട്ടുകാർ ചൂണ്ടിക്കാണിക്കുന്ന ഒരുത്തനെ സ്വീകരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല. അതുപോലെ തന്നെ വീട്ടുകാരെ ധിക്കരിക്കാനും വയ്യ. അച്ഛൻ കൂടി ചിരിച്ചുകൊണ്ട് കയ്യൊഴിഞ്ഞ സ്ഥിതിക്ക് ഇനി ആരോട് പറയും തന്റെ സങ്കടം എന്നറിയാതെ ഇരിക്കുകയായിരുന്നു അവൾ.

” അച്ഛാ…. സ്നേഹിക്കുന്ന മനസ്സുകൾ തമ്മിലല്ലേ ഒന്നിക്കേണ്ടത്. പരസ്പ്പരം മനസ്സിലാക്കി ജീവിക്കാൻ കഴിയുന്നിടത്തല്ലേ സന്തോഷം ഉണ്ടാകൂ.. ഇതിപ്പോ അച്ഛനും അമ്മയും കണ്ടെത്തിയ ചെക്കനെ ഞാൻ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചാലും എന്ത് ഉറപ്പാണ് ഉള്ളത് ജീവിതത്തിൽ സന്തോഷം ഉണ്ടാകുമെന്ന്.

പത്തിൽ പത്തു പൊരുത്തം പറഞ്ഞ് കെട്ടിച്ചുവിടുന്നവരിൽ പത്തു ദിവസം തികച്ചു സന്തോഷത്തോടെ ജീവിക്കാത്തവർ ഉണ്ട്. അങ്ങനെ ഒരു അഭിമാനപ്രശ്നത്തിന്റെ പേരിൽ എന്റെ മനസ്സ് അറിയുന്ന ഒരാളെ വേണ്ടെന്ന് വെക്കണോ.. ദേവേട്ടൻ നല്ലവനാ അച്ഛാ… വീട്ടിലെ കൃഷിയും റബറും മറ്റുമായി മുന്നോട്ട് പോകുന്നു എന്നെ ഉള്ളൂ.. ജീവിക്കാൻ പഠിച്ചവനാ.. നല്ല വിദ്യാഭ്യാസവും ഉണ്ട്. പിന്നെ അച്ഛന്റെ മോള് അങ്ങനെ ഇരുത്തുചാടി ഒരു തീരുമാനം എടുക്കുമോ.. ഒന്നുമില്ലെങ്കിൽ സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ് എനിക്കില്ലേ അച്ഛാ.. എന്റെ ജീവിതത്തിൽ ഇനിയെങ്കിലും സ്വന്തം തീരുമാനം കൂടി എടുക്കാനുള്ള അനുവാദം തന്നൂടെ.. അച്ഛന്റെ പൊന്നുമോളല്ലേ ഞാൻ. “

അവളുടെ സങ്കടം നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ അയാൾ ചിരിയോടെ പറയുന്നുണ്ടായിരുന്നു ” മോളെ വിവാഹം നിശ്ചയിച്ചിട്ടൊന്നും ഇല്ലല്ലോ.. ഇതൊരു പെണ്ണ് കാണൽ മാത്രമല്ലേ, അവരൊന്ന് വന്ന് പൊയ്ക്കോട്ടേ. ബാക്കി ഒക്കെ പിന്നെ അല്ലെ ” എന്ന്.

അത് കേട്ട് മറുത്തൊന്നും പറയാതെ മുഖം കനപ്പിച്ചുകൊണ്ട് അവൾ അകത്തേക്ക് പോകുമ്പോൾ അയാൾ അവളെ ഒന്ന് നോക്കി കൊണ്ട് ഫോൺ എടുത്ത് ഞായറാഴ്ച അവരോട് വരാൻ പറയുകയായിരുന്നു.

ഞായറാഴ്ച രാവിലെ എല്ലാവരും പെണ്ണുകാണൽ വരുന്നവരെ പ്രതീക്ഷിച്ചു നിൽകുമ്പോൾ ദേവിക സെറ്റുസാരിയുമുടുത്തു റൂമിനു പുറത്തേക്ക് വരുന്നത് കണ്ട എല്ലാവരിലും അത്ഭുതമായിരുന്നു.. ഇന്നലെ വരെ എതിർത്തവൾ ഇന്ന് അണിഞ്ഞൊരുങ്ങി നിൽക്കുന്നു.. എല്ലാവരും പുഞ്ചിരിചയോടെ അവൾക്കരികിലെത്തുമ്പോൾ അവൾ എല്ലാവരെയും നോക്കി ചിരിച്ചു.

” ന്തായാലും പെണ്ണ്കാണൽ അല്ലെ.. എന്നാ പിന്നെ ഒന്ന് അമ്പലത്തിൽ പോയി വരാം ഞാൻ. ഇതിപ്പോ നടക്കാതിരിക്കേണ്ടത് എന്റെ മാത്രം ആവശ്യമാണല്ലോ.. അപ്പോ ഭഗവതിക്ക് ഒരു പുഷ്പ്പാഞ്ജലിയും വെടിവഴിപാടും നേർന്നേക്കാം.. അവിടെ വെടി പൊട്ടുമ്പോൾ ഇവിടെ കല്യാണവും എട്ടു നിലയിൽ പൊട്ടണം “

എന്നും പറഞ്ഞ് പുറത്തേക്ക് നടന്ന അവളെ നോക്കി നിൽക്കുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു ” ഈ പെണ്ണിത് എന്ത് ഭാവിച്ചാണ് ” എന്ന്.

അമ്പലത്തിൽ എത്തുമ്പോൾ അവളെ പ്രതീക്ഷിച്ചു കാത്തിരിപ്പുണ്ടായിരുന്നു ദേവൻ. അവൾ അടുത്തെത്തുമ്പോൾ ഇരുന്നിടത്തു നിന്നും എഴുനേറ്റ് അവൾക്കൊപ്പം അമ്പലത്തിലേക്ക് നടന്നു അവനും.

” എന്താണ് മാഷേ, ഇന്ന് ചുള്ളൻ ആയിട്ടുണ്ടല്ലോ. എന്നെ കാണാൻ വരുമ്പോഴും ഇത്രക്ക് ബിൽഡപ്പൊക്കെ വേണോ.. മ്മക്ക് ആ സാധാരണ വേഷം മതിട്ടോ.. അതാണ്‌ ദേവനു ചന്തം “.

അവളുടെ വാക്കുകൾ കേട്ടൊന്നു പുഞ്ചിരിച്ചു അവൻ. പിന്നെ തടിയിൽ പതിയെ തടവിക്കൊണ്ട് അവളെ ഒന്ന് അടിമുടി നോക്കി, “നീയും ഇന്ന് മോശമല്ലല്ലോ.. അണിഞ്ഞൊരുങ്ങി സുന്ദരി ആയിട്ടുണ്ട്.. എന്താ അമ്പലദര്ശനം കഴിഞ്ഞ് എങ്ങോട്ടെങ്കിലും പോണുണ്ടോ “

അത് കേട്ട് ഇല്ലന്ന് തലയാട്ടി അവൾ.

” എന്റെ മാഷേ.. ഞാൻ എവിടെ പോവാൻ ആണ്..വീട്ടിൽ ഒരു പെണ്ണുകാണൽ നടക്കുന്നുണ്ട്. അവർക്ക് മുന്നിൽ നിൽക്കാനുള്ള വേഷം ആണ്. ചെക്കന് ബോധിച്ചാൽ കെട്ടി അവന്റെ കൂടെ പോയാലോ എന്നൊരു പ്ലാൻ. ന്തേ “

അവളുടെ ചിരിയോടെ ഉളള വാക്കുകൾ കേട്ട് അവൾക്കൊപ്പം ചിരിച്ചുംകൊണ്ട് അതിന് മറുപടിയെന്നോണം അവനും പറയുന്നുണ്ടായിരുന്നു ” അത് നല്ല കാര്യം ആണല്ലോ കുട്ട്യേ.. കെട്ടു ദിവസം വിളിക്കാൻ മറക്കല്ലേ.. നല്ല ഒരു ഊണ് വെറുതെ കളയണ്ടല്ലോ ” എന്ന്.

അത് കേട്ടപ്പോൾ അവളുടെ മുഖം ഒന്ന് മങ്ങിയെങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ വഴിപാട് കൗണ്ടറിനടുത്തേക്ക് നടക്കുമ്പോൾ ആണ് വീട്ടിൽ നിന്ന് അച്ഛന്റെ കാൾ. അച്ഛൻ ആണ് വിളിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ തന്നെ അവൾക്ക് മനസ്സിലായി പെണ്ണ് കാണാൻ ഉള്ളവർ എത്തിയിട്ടുണ്ടെന്ന്.

അതുകൊണ്ട് തന്നെ അടുത്ത് നില്കുന്ന ദേവനോട് മിണ്ടരുതെന്ന് ചുണ്ടിൽ വിരൽചേർത്ത് ആംഗ്യം കാട്ടികൊണ്ട് കാൾ എടുക്കുമ്പോൾ മറുതലക്കൽ നിന്ന് അച്ഛൻ ചോദിക്കുന്നുണ്ടായിരുന്നു ” അവർ വന്നിട്ട് ഒരുപാട് നേരം ആയല്ലോ മോളെ നീ ഇത് എവിടെ ആണ് ” എന്ന്.

മറുപടി ആയി ” ഞാൻ അമ്പലത്തിൽ എത്തിയതേ ഉളളൂ. കല്യാണം മുടങ്ങാനുള്ള വഴിപാട് കഴിക്കാൻ ക്യു നിൽക്കുവാ ” എന്ന് പറയുമ്പോൾ ചിരിച്ചുകൊണ്ട് തന്നെ ദൃതിയിൽ അച്ഛൻ പറയുന്നുണ്ടായിരുന്നു ” മോളെ ഇനി ആ വഴിപാട് കഴിക്കണ്ട, ഞങ്ങൾ ഈ കല്യാണം ഉറപ്പിച്ചു ” എന്ന്.

ആ വാക്കുകൾ ഒരു ഇടിത്തീ പോലെ ആയിരുന്നു അവളുടെ കാതിൽ പതിച്ചത്.
തന്നോടൊരു വാക്ക് പോലും ചോദിക്കാതെ…അച്ഛൻ പോലും അതിന് കൂട്ട് നിൽക്കുമെന്ന് കരുതിയില്ല…അവൾ നിറഞ്ഞ കണ്ണ്കഖിൽ തുടച്ചുകൊണ്ട് ദേവനെ നോക്കുമ്പോൾ അപ്പുറത്തു നിന്ന് അച്ഛൻ വീണ്ടും പറയുന്നുണ്ടായിരുന്നു ” മോളെ ചെക്കൻ വന്നിട്ടില്ലാട്ടോ… അവന്റെ വീട്ടുകാർ മാത്രമേ ഉളളൂ.. എന്നാലും നിന്റെ ഫോട്ടോ കണ്ടപ്പോൾ അവർക്കും അങ്ങ് ഇഷ്ട്ടായി. ചെക്കന് തിരക്കല്ലേ. അവൻ തിരക്ക് കഴിഞ്ഞു വരട്ടെ. ” എന്ന്.

” എന്നാലും അച്ഛാ. എന്നോടിത് വേണ്ടായിരുന്നു.. അച്ചനെങ്കിലും കുറച്ചെന്നെ മനസ്സിലാക്കും എന്ന് കരുതി… ” എന്നും പറന്നുകൊണ്ട് നിൽക്കുന്ന അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ അതേ കണ്ണുകളിൽ സന്തോഷം വിടർത്തികൊണ്ട് അച്ഛൻ ഒന്നുകൂടി പറയുന്നുണ്ടായിരുന്നു,

” ചെക്കനിപ്പോ അവൻ സ്നേഹികുന്ന പെണ്ണിന്റെ കൂടെ അമ്പലത്തിൽ ഉണ്ടെന്നാണ് അറിഞ്ഞത്. അവനിപ്പോ നിന്നെ കണ്ട് അന്തംവിട്ട് നിൽക്കുന്നുണ്ടാകും. “എന്ന്.

അത് കെട്ട പാടെ അവൾ നാലുപാടും ഒന്ന് നോക്കി. തന്നെ കണ്ട നിമിഷത്തിൽ ആരെങ്കിലും അന്തം വിട്ട് നോക്കി നിൽക്കുന്നുണ്ടോ എന്ന്.. പക്ഷേ, ആരെയും കാണാതെ തിരഞ്ഞുകൊണ്ട് നിൽക്കുന്ന അവളെ അന്തം വിട്ട് നോക്കി നിൽക്കുകയായിരുന്നു ദേവൻ, ” ഈ പെണ്ണിത് അമ്പലത്തിൽ കിടന്ന് കരഞ്ഞു കുളമാക്കുമല്ലോ ” എന്ന് കരുതി..

നാലുപാടും തിരഞ്ഞവൾ നിരാശയോടെ ദേവനെ നേരെ നോക്കുമ്പോൾ പെട്ടന്ന് അവളുടെ മുഖം സന്തോഷം കൊണ്ട് തുടുത്തു..

അത് വരെ നിറഞ്ഞ കണ്ണുകളിൽ ആശ്ചര്യമായിരുന്നു അപ്പോൾ. കാമുകിയോടൊത്തു കറങ്ങുന്ന കാമുകനെ കണ്ടുപിടിച്ച സന്തോഷത്തോടെ ഫോണിൽ ” അച്ഛാ ” എന്ന് വിളിക്കുമ്പോൾ നിറഞ്ഞ ചിരിയോടെ അപ്പുറത്ത് നിന്ന് അയാൾ പറയുന്നുണ്ടായിരുന്നു,

” ഇനി ആ ക്യുവിൽ നിന്ന് മാറി നിന്നെക്ക് മോളെ.. വെറുതെ കല്യാണം മുടങ്ങാനുള്ള വെടിവഴിപാട് കഴിക്കാൻ നിൽക്കണ്ട. ആ കാശ് നിങ്ങളുടെ രണ്ട് പേരുടെയും നാളിൽ രക്തപുഷ്പ്പാഞ്ജലി കഴിച്ചേക്ക്.മനസ്സിൽ കരുതിയ ജീവിതം തന്നതിന് ഭഗവതിക്ക് ഒരു നെയ്‌വിളക്കും ” എന്ന്.

✍️ ദേവൻ