പെണ്ണായാൽ കുറച്ചൊക്കെ അടക്കോം ഒതുക്കോം വേണം, ഇത് ഏത് നേരോം ഫോണിലാ…

എഴുത്ത്: ഷാൻ കബീർ

===============

“എന്റെ കുട്ടീനെ അങ്ങോട്ട് കെട്ടിച്ച് വിട്ടിരിക്കുന്നത് അടുക്കള പണി എടുക്കാനല്ല. പിന്നെ ഇങ്ങളെ മോൻ ക ള്ള് കുടിക്കുന്നതൊന്നും ഞങ്ങക്ക് അറീലായിരുന്നു. അന്വേഷിച്ചപ്പോൾ ആരും ഞങ്ങളോട് അവൻ കുടിയനാന്ന് പറഞ്ഞില്ല. അവർക്ക് പടച്ചോൻ കൊടുത്തോളും”

വട്ടം കൂടിയിരിക്കുന്ന ആളുകൾക്കിടയിൽ നിന്ന് വാപ്പ മുഖം ചുവപ്പിച്ച് തന്റെ ഭർത്താവിന്റെ വീട്ടുകാരോട് പറയുന്നത് അവൾ നിറകണ്ണുകളോടെ കേട്ട് നിന്നു. അവൾക്ക് ധൈര്യം കൊടുക്കാൻ പെണ്ണുങ്ങളുടെ ഒരു പട തന്നെ ചുറ്റിലും ഉണ്ടായിരുന്നു.

ഭർത്താവിന്റെ വീട്ടുകാരും വിട്ട് കൊടുക്കാൻ തയ്യാറല്ലായിരുന്നു

“പെണ്ണായാൽ കുറച്ചൊക്കെ അടക്കോം ഒതുക്കോം വേണം, ഇത് ഏത് നേരോം ഫോണിലാ. പിന്നെങ്ങനെ ചുറ്റിലും ഉള്ള കാര്യങ്ങൾ അറിയും. കല്യാണം കഴിക്കുന്ന വരെ ക ള്ള് കുടിക്കാത്ത ന്റെ മോൻ ക ള്ള് കുടിച്ചെങ്കിൽ അത് ഓളുടെ പോരായ്മയാണ്”

രണ്ട് കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും വിട്ടുകൊടുക്കുന്നില്ല. ഭർത്താവിന്റെ കൂട്ടർ ഒരു ഭാഗത്ത് ഭാര്യയുടെ കൂട്ടർ മറു ഭാഗത്ത്. ആകെ ഒച്ചയും വിളിയും..കല്യാണം കഴിഞ്ഞിട്ട് ഒന്നര വർഷമേ ആയൊള്ളൂ. എന്നാലോ പ്രശ്നങ്ങളോട് പ്രശ്നങ്ങൾ.

ചെറിയ ചെറിയ കാര്യങ്ങൾ ഊതി പെരുപ്പിച്ച് രണ്ടാളും കൂടി അങ്ങ് ആളി ക ത്തിച്ചു. പക്വത കുറവാണ് അതിന്റെ അടിസ്ഥാന കാരണം. അവർക്കിടയിൽ പറഞ്ഞ് തീർക്കേണ്ട ചെറിയ ചെറിയ കാര്യങ്ങൾ അവർ വീട്ടുകാരോടും അടുത്ത ബന്ധുക്കളോടും ചർച്ച ചെയ്ത് എല്ലാം അങ്ങ് വല്യ പ്രശ്നങ്ങൾ ആക്കി. ഒടുവിൽ പ്രശ്നം വലുതായി വലുതായി അവരുടെ കയ്യിൽ നിക്കാതായി.

ഇപ്പൊ ഭാര്യയുടെ ചില പ്രമാണിമാരായ ബന്ധുക്കളും ഭർത്താവിന്റെ ചില പ്രമാണിമാരായ ബന്ധുക്കളും വട്ടം കൂടിയിരുന്ന് മിച്ചറും കായ വറുത്തതും ലഡ്ഡുവും തിന്ന് അവരുടെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്താൻ പോവാണ്.

അങ്ങനെ ഭാര്യയുടേയും ഭർത്താവിന്റെയും പ്രശ്നം സംസാരിക്കാൻ വന്നവർ വന്ന കാര്യം മറന്നു, തങ്ങൾക്ക് തന്ന ചായയിൽ മധുരം കുറവായിരുന്നു, ഒരാൾക്ക് ഇരിക്കാൻ കസേര കിട്ടിയില്ല എന്നൊക്കെ പറഞ്ഞ് അവർ തമ്മിൽ വാക്ക് തർക്കമായി. ഒടുവിൽ ദേഷ്യം കൊണ്ട് വിറച്ച് അതിൽ മൂത്ത കാർന്നോർ ഷാൻ കബീറിക്ക കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് അലറി

“മധുരമില്ലാത്ത ഒരു ലഡ്ഡു പോലും തരാതെ ഞങ്ങളുടെ കുടുംബത്തെ മുഴുവൻ അപമാനിച്ച ഈ കുടുംബത്തിലെ പെണ്ണിനെ ഞങ്ങളുടെ കുടുംബത്തിലെ ചെക്കന് വേണ്ട. ഇനി അവര് ഒന്നിക്കാൻ തീരുമാനിച്ചാലും ഞങ്ങൾ സമ്മതിക്കൂല, ഡിവോഴ്സ്!!!!”

അങ്ങനാണേൽ ഞങ്ങളുടെ വീട്ടിലെ പെണ്ണിനെ തോട്ടിൽ കളഞ്ഞാലും ഇങ്ങളെ പെരേക്ക് പറഞ്ഞയക്കൂലാന്ന് ഭാര്യയുടെ വീട്ടുകാരും. ഒടുവിൽ മധ്യസ്തം പറച്ചിൽ കയ്യാങ്കളിയിലേക്ക് പോയി. ആരൊക്കെയോ ഇടപെട്ട് രണ്ട് കൂട്ടരേയും പിടിച്ചുമാറ്റി. അപ്പൊ ഏകദേശം അതിന്റെ കാര്യത്തിൽ ഒരു തീരുമാനമായി.

ഭർത്താവിന്റെ കുടുംബക്കരെല്ലാം ചാടി എഴുന്നേറ്റ് വീട്ടിൽ നിന്നും ഇറങ്ങി പോകുന്നത് തന്റെ പിഞ്ചു കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ച് അവൾ നോക്കി നിന്നു…

അപ്പോഴാണ് അവളുടെ മൊബൈൽ ശബ്ദിച്ചത്. വാട്സാപ്പിൽ വന്ന മെസ്സേജ് അവൾ തുറന്നു നോക്കി. ഭർത്താവിന്റെ വോയ്‌സ് മെസ്സേജ് ആയിരുന്നു അത്

“എന്തായി തീരുമാനം…? ഞാൻ ഇവിടെ വട്ട് പിടിച്ച് നിക്കാ. ഞാൻ അന്നോട് പറഞ്ഞതല്ലേ അറിയാതെ പറ്റിപ്പോയതാ, ഒരു ബിയർ അല്ലേ കുടിച്ചേ. ഇനി ഒരിക്കലും കുടിക്കില്ല. നീയാണേ നമ്മുടെ മോനാണേ സത്യം. നീ ഇങ്ങനെ കടും പിടിത്തം പിടിക്കല്ലേ”

കണ്ണീരോടെ നോക്കി നിൽക്കാനേ അവൾക്ക് സാധിച്ചൊള്ളൂ…

സ്പെഷ്യൽ നോട്ട്: സ്വന്തം വീട് ആളി കത്തുന്നത് കണ്ടാലും ആ തീ അണക്കാൻ ശ്രമിക്കാതെ മറ്റുള്ളവരുടെ വീട്ടിലെ അടുപ്പിലെ തീ അണക്കാൻ ഫയർ ഫോഴ്സിനെ വിളിക്കാൻ ഓടുന്ന ഇതുപോലുള്ള “ചില” മധ്യസ്തക്കാർ കാരണം ഒരുപാട് കുടുംബങ്ങൾ തകർന്ന് തരിപ്പണമായിട്ടുണ്ട്. എല്ലാ മധ്യസ്തരും ഇങ്ങനെ ആണെന്ന് ഒരിക്കലും ഞാൻ ഉദ്ദേശിച്ചിട്ടില്ല. ചിലർ, ചിലർ മാത്രം…കഴിയുന്നതും നമ്മളെകൊണ്ട് തീർക്കാൻ പറ്റുന്ന പ്രശ്നങ്ങൾ ആണെങ്കിൽ അത് പരസ്പരം പറഞ്ഞ് തീർക്കുക. മൂന്നാമതൊരാളുടെ പ്രെസൻസ് ആണ് പല ചെറിയ കാര്യങ്ങളും വലുതായി തകരാൻ കാരണം….

~ഷാൻ കബീർ