സാരി നനയാതെ ഒതുക്കി പിടിച്ച് വേഗത്തിൽ നടന്നു തുടങ്ങിയപ്പോഴാണ് ഒപ്പം നടന്നുവന്ന ആളെ ശ്രദ്ധിച്ചത്…

Story written by Bindu Anil

================

കവലയിൽ ബസ് എത്തിയപ്പോൾ മഴ ചാറുന്നുണ്ടായിരുന്നു…കുമാരേട്ടന്റെ ചായക്കടയുടെ ഓരത്തേക്ക് കയറി നിന്ന് കുടനിവർത്തി നടക്കാനൊരുങ്ങുമ്പോഴാണ് പിന്നിൽ നിന്നൊരു വിളി…

കൊച്ചെ ഇന്നെന്താ താമസിച്ചോ…

ചായക്കടയുടെ അരികിലെ ചെറിയ മുറിയിലിരുന്ന് തുണി തയ്ക്കുന്നതിനിടയിൽ കുമാരേട്ടന്റെ ഭാര്യ സരസമ്മ ചേച്ചി കുശലം ചോദിക്കുന്നു..

ആ….കുറച്ച് താമസിച്ചുപോയി. അച്ഛൻ ആശുപത്രിയിൽ അഡ്മിറ്റാണ്, ജോലികഴിഞ്ഞ് അവിടെ കയറിയിട്ടാണ് വന്നത്..

വേഗം പൊക്കോ, നേരം മയങ്ങി. മഴ ഉറയ്ക്കും..

തിരക്കിട്ട് നടക്കുന്നതിനിടയിലും നാളെ ആശുപത്രിയിൽ അടയ്‌ക്കേണ്ട പണം എവിടുന്നുണ്ടാകും എന്ന് ചിന്തിച്ച് മനസ്സ് വിഷമിക്കുന്നുണ്ടായിരുന്നു. കൃഷ്ണാ ഒരു വഴി തുറന്നു തരണേ….

മഴകൊണ്ടാവും വഴിയിൽ ആളുകൾ കുറവാണ്. ഉള്ളവരാകട്ടെ മഴ ഉറയ്ക്കുന്നതിനു മുമ്പ് വീട്ടിലേക്കെത്താനുള്ള ഓട്ടത്തിലും….

സാരി നനയാതെ ഒതുക്കി പിടിച്ച് വേഗത്തിൽ നടന്നു തുടങ്ങിയപ്പോഴാണ് ഒപ്പം നടന്നുവന്ന ആളെ ശ്രദ്ധിച്ചത്…ഉണ്ണിച്ചേട്ടൻ….

പാരഗൺ ചെരുപ്പ് വെള്ളമുണ്ടിൽ ചള്ള തെറിപ്പിക്കുന്നുണ്ടോന്ന് തിരിഞ്ഞു നോക്കി ശ്രദ്ധിച്ചാണ് നടപ്പ്….

ആഹാ കൊച്ചാരുന്നോ? സന്ധ്യ ആയല്ലോ , എന്താ താമസിച്ചേ..വിശേഷങ്ങളൊക്കെ പറഞ്ഞ് നടക്കുന്നതിനിടയിലാണ് ഉണ്ണിച്ചേട്ടൻ പറഞ്ഞത് ഞങ്ങൾ ശ്രീക്കുട്ടന്റെ കല്യാണം ഉറപ്പിക്കാൻ പോയതായിരുന്നു..വരുന്നവഴി ഞാൻ കവലയിൽ ഇറങ്ങി, അവരെല്ലാവരും വീട്ടിലേക്ക് പോയി…

മനസ്സിലൊരു വെള്ളിടി വെട്ടിയത് മുഖത്ത് വരുത്താതെയിരിക്കുവാൻ പണിപ്പെട്ടു.

എവിടെയാണ് പെണ്ണ്?എന്നാണ് കല്യാണം എങ്ങനെയൊക്കെയോ എന്തൊക്കെയോ ചോദിച്ചെന്നു വരുത്തി..അതിന് ഉണ്ണിച്ചേട്ടൻ പറഞ്ഞ മറുപടികൾ ഒന്നും കേൾക്കാനായില്ല.

ഞാനെങ്കിൽ വേഗം നടക്കട്ടെ, ഉണ്ണിച്ചെട്ടൻ പതിയെ നടന്നു വന്നോളൂ, വീട്ടിൽ അമ്മ എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും….

പേടിയുണ്ടെങ്കിൽ ഞാൻ വീട്ടിലേക്ക് കൊണ്ടാക്കാം മോളെ….

ഓ സാരമില്ലെന്നേ ഞാൻ വേഗം പൊയ്ക്കൊള്ളാം….

ഒരു വിധത്തിൽ അവിടുന്ന് മുമ്പോട്ട് നടന്നപ്പോഴേക്കും കണ്ണുകൾ പെയ്തു തുടങ്ങിയിരുന്നു.

ഇന്ന് രാവിലെയും അമ്പലത്തിൽ വെച്ച് കണ്ടതാണ് , ഒരു വാക്ക് പറഞ്ഞില്ലല്ലോ എന്നതായിരുന്നു സങ്കടം….സ്കൂളിൽ പഠിക്കുമ്പോൾ മുതലുള്ള സൗഹൃദമാണ്…

മോഹിച്ചിട്ടില്ല ഒന്നും ഒരിക്കലും , പക്ഷേ ഉള്ളിന്റെയുള്ളിൽ എന്തോ ഒരിഷ്ടം , അതിങ്ങോട്ടും ഉണ്ടെന്ന് ഉറപ്പായിരുന്നു, ഒരിക്കലും പറഞ്ഞിട്ടില്ലെങ്കിലും..കണ്ണിലെ തിളക്കത്തിൽ ആ ഇഷ്ടം പ്രകടമായിരുന്നു….

കാണുമ്പോൾ ഒരുപാട് സംസാരിക്കുമെന്നല്ലാതെ തന്നോട് ഇഷ്ടമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ, വാഗ്ദാനങ്ങൾ ഒന്നും നൽകിയിട്ടില്ല…അപ്പോൾ തങ്ങൾക്കിടയിലൊരു പ്രണയമില്ലായിരുന്നിരിക്കാം…

കല്യാണം ആലോചിക്കുന്നതോ, പെണ്ണുകണ്ടതോ കല്യാണം നിശ്ചയിച്ചതോ ഒന്നും പറഞ്ഞില്ല, അപ്പോൾ അത്രയ്ക്ക് അടുപ്പമേയുള്ളൂ മനസ്സുകൊണ്ട്….വെറും പരിചയക്കാർ…അങ്ങനെയാകും തന്നെ കണ്ടിരിക്കുന്നത്, ബാക്കിയൊക്കെ ഒരു പക്ഷേ തന്റെ തോന്നലാവാം…മനസ്സിനെ പറഞ്ഞ് വിശ്വസിപ്പിക്കാൻ പാടുപെട്ടു…എങ്കിലും നെഞ്ചിലൊരു ഭാരം തിങ്ങി നിൽക്കുന്നപോലെ.

അപ്രതീക്ഷിതമായി പിരിയേണ്ടി വന്നു എന്ന സങ്കടം, അതും ഇഷ്ടമാണെന്ന് ഒരു വാക്ക് പറയാതെ, വിട പറയാതെ…കല്യാണം കഴിയുമ്പോ പിന്നെ എന്ത് സൗഹൃദം…

എന്തിനെന്നറിയാത്ത ഒരു സങ്കടം വീണ്ടും ഉള്ളിൽ തികട്ടിവന്നു…

എല്ലാം ഈശ്വരേച്ഛ….

ഉറങ്ങാൻ കിടന്നപ്പോഴും അതായിരുന്നു ചിന്ത, പക്ഷേ നാളത്തെ കാശിന്റെ കാര്യം ഓർത്തപ്പോൾ പറയാതെ പോയ ഒരിഷ്ടത്തിന്റെ നഷ്ടം എവിടെയോ പോയി ഒളിച്ചു….

പിറ്റേന്ന് പതിവ് സ്ഥലത്ത് ആളെ കണ്ടില്ല..

രാവിലെ ജോലിക്ക് പോകാൻ വരുമ്പോൾ കുമാരേട്ടന്റെ ചായക്കടയുടെ തിണ്ണയിൽ പത്രം വായിക്കാനെന്ന വ്യാജേന കാണേണ്ടതാണ്….നേരത്തെ പോയിക്കാണണം…ബാങ്കിലെ തിരക്കിനിടയിൽ ഒരുവേള തലയുയർത്തി നോക്കിയപ്പോൾ തന്നെ തിരയുന്ന രണ്ട് കണ്ണുകൾ കണ്ടിരുന്നെങ്കിലും മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു..പതിവ് പോലെയാണെങ്കിൽ അങ്ങോട്ട് നോക്കി ഒരു ചിരി സമ്മാനിക്കാറുണ്ട്..ഇന്നെന്തോ അങ്ങനെ തോന്നിയില്ല…

കൊച്ചെ നിന്നെ ഒരാൾ അന്വേഷിക്കുന്നുണ്ട്….പ്യൂൺ ചേച്ചി വന്ന് പറഞ്ഞു.

ആരായാലും തിരക്കാണെന്ന് പറയൂ…ഇപ്പൊ സമയമില്ല….അങ്ങനെ പറയാനാണ് തോന്നിയത്…

നിരാശനായി ഇറങ്ങിപോകുന്നത് കണ്ടു..വൈകുന്നേരം ആശുപത്രിയിൽ പോയി അച്ഛനെ കണ്ട് , കൂട്ടുകാരിയോട് കടം വാങ്ങിയ പണം ഏല്പിച്ച് തിരിച്ചു നടക്കുമ്പോൾ വഴിയരികിൽ അപ്രതീക്ഷിതമായി കാത്തു നിൽക്കുന്നു…

ആഹാ ! എന്തൊക്കെയാണ് വിശേഷങ്ങൾ ? കല്യാണം ആയോ എന്താ ഞങ്ങളോടൊന്നും പറയുന്നില്ലേ ?എങ്ങനെയാണ് അത്ര ലളിതമായി, മനസ്സിനെ അടക്കി ചോദിച്ചതെന്ന് അറിയില്ല.

ആരാണ് പറഞ്ഞത്, എങ്ങനെയറിഞ്ഞു..

അതൊക്കെ അറിഞ്ഞു…അതുപോട്ടെ പെണ്ണ് സുന്ദരിയാണോ…

അതെ, കുഴപ്പമില്ല…

എന്താണ് ഒരു സന്തോഷം ഇല്ലാത്തത്?

ഒന്നുമില്ല…എന്തോ ഒരു സങ്കടം ഉണ്ട്, എന്താണെന്നറിയില്ല…

പെണ്ണിനെ ഇഷ്ടപ്പെട്ടില്ലേ?

ഇഷ്ടമായി…

പിന്നെന്താ ? സ്ത്രീധനം കുറവാണോ?

അതൊന്നും അല്ല…

പറയാനുള്ളത് എന്താണെന്ന് വ്യക്തമായി അറിയാമായിരുന്നു എങ്കിലും ഒന്നും മനസ്സിലാവാത്ത വിധത്തിൽ ആശംസകൾ നേർന്ന് കല്യാണത്തിന് വരും എന്ന് ഉറപ്പ് പറഞ്ഞ് പിരിയുമ്പോഴും ആ കണ്ണുകളിൽ എന്തോ പറയാൻ ബാക്കിയുണ്ടായിരുന്നു…ഒരു പക്ഷേ അതും എന്റെ തോന്നലാവാം….

ഇന്നാണ് കല്യാണം….