അന്നു രാത്രിയിലാണ് കുമ്പസാരിക്കണമെന്നു  പറഞ്ഞ് കാളി, പള്ളീലച്ചന്റെ  അരികിലെത്തിയത്…

കാളി

Story written by Jayachandran NT

==================

“മോളിപ്പെണ്ണ് ച ത്തു. വി ഷം കുടിച്ചതാന്നാ കേക്കുന്നേ.”

വാർത്ത കേട്ടവരെല്ലാം അവളുടെ ഓലപ്പുരയിലേക്കുള്ള കാടുകയറി. കുരിശ്ശടിക്കവലയിൽനിന്ന് റബ്ബർക്കാട്ടിനുള്ളിലേക്കുള്ള ഒറ്റയടിപ്പാത. കൊഴിഞ്ഞ ഇലകൾ, തലേന്നു പെയ്ത മഴയിൽ മണ്ണിലൊട്ടിക്കിടന്നിരുന്നു. നനഞ്ഞ മണ്ണിലതു ചവിട്ടിപ്പൂഴ്ത്തി, ആളുകൾ മോളിക്കുട്ടിയുടെ പുരയിലെത്തി. കിണറ്റിൻകരയിലായിരുന്നു അവളുടെ ശരീരം, തുണിയൊന്നുമില്ലാതെ കമിഴ്ന്നുകിടന്നത്.  ജീവിച്ചിരുന്നപ്പോൾ അവളുടെ ന ഗ്ന ത കാണാൻ കൊതിച്ചിരുന്നവർ അതുകണ്ടാസ്വദിച്ചുനിന്നു. മണ്ണിലമർന്നു കിടക്കുന്നവളുടെ ഒരു മു ല ക്ക ണ്ണ് പുറത്തുകാണാം. മണൽപുരണ്ട മു ല ക്ക ണ്ണിലേക്ക് ഉറുമ്പുകൾ വരിവച്ചു പോകുന്നുണ്ട്. ചിലരതു കാണാനും തിക്കിത്തിരക്കി.

മെടഞ്ഞൊരു ഓലക്കീറെടുത്ത് അവളുടെ ന ഗ്ന ത മറച്ചത് കാളി എന്ന കാളീശ്വരനാണ്. പോലീസ് വന്ന് ഓലക്കീറ് മാറ്റുന്നതും, അവളെ തിരിച്ചിടുന്നതും കാത്തു പിന്നെയും ആൾക്കൂട്ടം കാത്തുനിന്നു. പോലീസ് വന്നു. അവർക്ക് സഹായിയായി മോളിക്കുട്ടിയെ തിരിച്ചിട്ടതും പനമ്പായയിൽ പൊതിഞ്ഞുകെട്ടിയതുമൊക്കെ കാളിയായിരുന്നു.

സർക്കാരാശുപത്രിയിലെ മോർച്ചറിയിലേക്കും അവൻതന്നെ കൂട്ടുപോയി. പോസ്റ്റുമോർട്ടം കഴിഞ്ഞ്  അവളെ തിരികെ കൊണ്ടുവന്ന്, പഴയക്കൂർപള്ളിയിലെ തെമ്മാടിക്കുഴിയിലാണ് കുഴിച്ചിട്ടത്. റിപ്പോർട്ടിൽ ആ ത്മഹ ത്യയെന്നാണുണ്ടായിരുന്നത്. 

മോളിക്കുട്ടി ച ത്ത്, അഞ്ചാംനാളായിരുന്നു പഴയക്കൂർമാളിയേലെ തര്യൻ മരിച്ചെന്ന വാർത്ത വന്നത്. നാട്ടാരതു കേട്ട് കുശുകുശുത്തു തുടങ്ങി. തര്യൻ, ഭംഗിയാർന്നൊരു പെട്ടിക്കുള്ളിൽ കോട്ടും സ്യൂട്ടും ധരിച്ച് കുരിശും പിടിച്ചുകിടന്നു. കണ്ണുകളൽപ്പം തുറന്നിരുന്നു. ഐസിലിട്ട മീനിൻ്റെ കണ്ണുകൾ പോലെയുണ്ടല്ലോയെന്ന് ചിലർ അടക്കം പറഞ്ഞു.

തര്യൻ്റെ ശവമടക്ക് പഴയക്കൂർ സെമിത്തേരിയിൽ ഗംഭീരമായി നടന്ന അന്നു രാത്രിയിലാണ് കുമ്പസാരിക്കണമെന്നു  പറഞ്ഞ് കാളി, പള്ളീലച്ചന്റെ  അരികിലെത്തിയത്.

”എനിക്കൊന്നു കുമ്പസരിക്കണമച്ചോ” അവൻ പൊട്ടിക്കരഞ്ഞു.

പേരുകൊണ്ടവൻ നസ്രാണിയല്ലെങ്കിലും പഴയക്കൂർ മാളിയേലെ തര്യൻ്റെ കൈക്കാരനാണ്. അതുകൊണ്ടുതന്നെ അവൻ്റെ ജീവിതശൈലിയും കർത്താവിൻ്റെ വഴിയിലൂടെയായിരുന്നു. അച്ചൻ അവൻ്റെ പാപങ്ങളേറ്റുപറയാൻ അനുവദിച്ചു.

”എന്താണ് നീ ചെയ്ത കുറ്റം? ഏറ്റു പറഞ്ഞോ കാളീ….സർവ്വശക്തനായ തമ്പുരാൻ നിൻ്റെ പാപങ്ങൾ പൊറുത്തുതരും.”

”ഞാൻ കൊന്നച്ചോ. തര്യച്ചായനേം, മോളിക്കുട്ടിയേം കൊ ന്നത് ഞാനാ. അച്ചായൻ, ഷാ പ്പീന്ന് വാങ്ങിച്ച ക ള്ളിൽ ഞാൻ വെഷമിട്ടു. പക്ഷേങ്കി മോളിപ്പെണ്ണും അത് കുടിക്കോന്ന് എനിക്കറിയില്ലായിരുന്നച്ചോ. രണ്ടുപേരെയും ഞാനാരിക്കും കൊന്നത്.” കാളി പറഞ്ഞുനിറുത്തി.

അവൻ കിതച്ചു കൊണ്ടിരുന്നു….

”എന്തിനാ കാളീ നീയത് ചെയ്തേ?ചെയ്തേച്ച് ചെയ്തോന്ന് പിന്നേം സംശയമോ?”

”അച്ചായൻ വറീതപ്പെണ്ണിനെ നശിപ്പിക്കും. എനിക്ക് സഹിച്ചില്ലച്ചോ…വറീതപ്പെണ്ണിനെ എനിക്ക് ജീവനാണ്. അവക്കും എന്നെ ഇഷ്ടാ. അവളെ നശിപ്പിക്കാൻ ഞാൻ സമ്മതിക്കൂല്ലച്ചോ. അതാ അച്ചായനെ എനിക്ക് കൊല്ലണംന്ന് തോന്നിയേ…”

”എന്തു വിഷമാ നീ കൊടുത്തേ?”

”കുന്നിക്കുരുക്കൾ  പൊടിച്ചുവച്ചാരുന്നു. ഞാനത് കള്ളിൽച്ചേർത്ത്..”

ഇടയ്ക്കവൻ മൗനത്തിലാണ്ടു. പിന്നെ കരയുകയും ചെയ്തു. അതിനിടയിലൂടെ പിറുപിറുത്തുകൊണ്ടുമിരുന്നു.

“പക്ഷേ, അച്ചായൻ പോയപ്പോ വെഷമിട്ട കൊടം ഞാൻ കൊടുത്തില്ല. എന്നിട്ടും അവരെങ്ങനെയാണച്ചോ ചത്തത്?എനിക്കറിയില്ല. വെഷമിട്ട ക ള്ള്കുടം ഞാനാ പൊട്ടിച്ചേ. എനിക്കിപ്പഴും ഓർമ്മയൊണ്ട് ”

പറഞ്ഞു നിറുത്തി, കാളി നിന്നു കിതച്ചു.

കുമ്പസാരക്കൂട്ടിലിരുന്നവൻ വിയർത്തു. അച്ചൻ അമ്പരന്നു. തര്യൻ അവളെ നശിപ്പിക്കുമെന്ന ഭയത്തിൽ ഇവൻ തൻ്റെ യജമാനനുള്ള പാനീയത്തിൽ വിഷം കലർത്തി. വിധേയൻ വധകനായ നിമിഷം! കാളി,തൻ്റെ പാപങ്ങൾ, അച്ചന്റെ നെഞ്ചിലൊരു ഭാരമായിറക്കി വച്ച് പടിയിറങ്ങിപ്പോയിരുന്നു.

മോളിക്കുട്ടിയുടെ മരണം മാത്രമായിരുന്നു ആദ്യം പുറംലോകമറിഞ്ഞത്. തര്യൻ പിന്നെയും നാലുദിവസങ്ങൾ കഴിഞ്ഞാണ് മരണപ്പെട്ടത്. ഈ നാലു ദിവസങ്ങളിലും തര്യനെ പുറത്താരും കണ്ടിരുന്നില്ല. മലമ്പനി പിടിച്ച് കിടപ്പെന്നാണ് പറഞ്ഞിരുന്നത്. നാലാംനാൾ തര്യൻ സ്വാഭാവികമായി മരണപ്പെടുന്നു; ആ വാർത്ത നാടാകെ പരക്കുന്നു. എന്നാൽ, ഇതിലുൾപ്പെട്ട രഹസ്യങ്ങൾ തന്നോട്  കാളിയെന്തിന് ഏറ്റുപറഞ്ഞുവെന്നത് സേവ്യറച്ചനൊരു പ്രഹേളികയായിത്തീർന്നു.

ഒന്നുകിൽ  താൻ നിരപരാധിയാണെന്നുള്ളത്  അവനാരോടെങ്കിലും പറയണമായിരുന്നു. അല്ലെങ്കിൽ  തൻ്റെ യജമാനനോട് നന്ദികേട് കാട്ടാനൊരുങ്ങിയതിന്റെ  മാനസികസമ്മർദ്ദം പ്രേരിപ്പിച്ചതാകാം.

കുമ്പസാരരഹസ്യമായതിനാൽ ഒരു  വൈദികന്റെയുള്ളിൽ ഈ രഹസ്യം  സുരക്ഷിതമായിരിക്കും എന്ന ചിന്ത അവനു ധൈര്യം പകർന്നിട്ടുണ്ടാവും. മറ്റുചില  സാധ്യതകളുമുണ്ട്. പ്രതികാരം! അതുമല്ലെങ്കിൽ, തൻ്റെ പ്രണയിനിയെ രക്ഷിക്കാൻ  കാട്ടിയ ധീരത; അതാരും അറിയാതെ പോകരുത് എന്നവൻ ആശിച്ചിട്ടുണ്ടാകാം.

സേവ്യറച്ചൻ്റെ ചില  സംശയങ്ങൾക്കുള്ള ഉത്തരം കാളിയുടെ കുമ്പസാരത്തിനുള്ളിൽത്തന്നെ ഉണ്ടായിരുന്നു. കാളിയുടെ കുമ്പസാരപ്രകാരം, തര്യനെ തിരികെക്കൂട്ടാനായ് അവൻ മോളിക്കുട്ടിയുടെ വീട്ടിൽച്ചെന്നത് അർദ്ധരാത്രി കഴിഞ്ഞപ്പോളാണ്. മുറ്റത്തെ കിണറ്റിൻചുവട്ടിൽ, മണ്ണിലാരോ കിടക്കുന്നുണ്ടായിരുന്നു. കാളി കിണറ്റിൻകരയിലേക്കുചെന്ന് തീപ്പെട്ടിക്കൊള്ളിയുരച്ചു നോക്കി. മോളിക്കുട്ടി കമിഴ്ന്ന് കിടക്കുന്നു!ശരീരത്തിനൊരനക്കവുമില്ല. കാളി ഓടി, പുരയ്ക്കകത്ത് കയറി. അകത്തെമുറിയിലെ നിലത്തെ പായയിൽ തര്യൻ തുണിയൊന്നുമില്ലാതെ മലർന്നു കിടക്കുന്നു. വായ് തുറന്നിരുന്നു. ഒരു വശത്തുകൂടെ നുരയും പതയും ഒലിച്ചിറങ്ങുന്നതും അവൻ കണ്ടു.. കാളി അവിടെ നിന്നിറങ്ങി, പഴയക്കൂർമാളിയേലെത്തി.

വിവരമറിഞ്ഞ  പഴയക്കൂറിലെ കാരണവർ വർക്കിയും. അനിയൻ കുഞ്ഞവറാനും കാളിയോടൊപ്പം തിരിച്ചു. ജീപ്പ് ദൂരെയിട്ട്, അവർ കാടുകയറി അവളുടെ വീട്ടിലെത്തി. രായ്ക്കുരാമാനം ആരുമറിയാതെ കാളിയെക്കൊണ്ടുതന്നെ തര്യനെ ചുമന്ന് ജീപ്പിൽ കയറ്റി, പഴയക്കൂർമാളിയേല് കൊണ്ടുവന്നു.

അന്നു രാത്രി പഴയക്കൂറുകാർ ഒത്തുകൂടി പലതും ചർച്ച ചെയ്തു; തീരുമാനമെടുത്തു. തര്യൻ്റെ മരണം മോളിയോടൊപ്പം പിറ്റേന്ന് ഒരു വാർത്തയാകാൻ പാടില്ല! പഴയക്കൂർ മാളിയേലെ പത്തായത്തിനകത്ത് പ്ലാസ്റ്റിക്ഷീറ്റു വിരിച്ച്,  ഐസുകട്ടകൾ നിറച്ചതും തര്യൻ്റെ ശവശരീരം അതിൽ പൂഴ്ത്തിവച്ചതും കാളിയായിരുന്നു. ഐസിലിട്ട ചീയാത്ത മീനിനെപ്പോലെ തര്യൻ നാലുദിവസം ആ തണുപ്പിൽ മുങ്ങിക്കിടന്നു.

കാളിയുടെ ഈ ഭാഷ്യം കേട്ടപ്പോൾ,  അച്ചന്റെയുള്ളിലെ കുറ്റാന്വേഷകൻ ഉണർന്നു. പോലീസ്സ്റ്റേഷനിൽനിന്നു കിട്ടിയ മോളിക്കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആ ത്മഹ ത്യയെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മുന്തിരിച്ചാറിനോടൊപ്പം കലർന്ന പൊട്ടാസിയംസയ നൈ ഡ് എന്ന വി ഷത്തിൻ്റെ സാന്നിദ്ധ്യമാണത്രെ അവളുടെ മരണകാരണം. മരിക്കുന്നതിന് മുൻപവൾ ര തി യിലേർപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

”നിങ്ങളെന്താ അതിനെക്കുറിച്ച് അന്വേഷിക്കാത്തത്? ഒരാൾക്ക് ഒറ്റക്ക് ര തി യിലേർപ്പെടാൻ കഴിയില്ലല്ലോ?”

അച്ചന്റെ ചോദ്യത്തിന് പോലീസുകാർക്ക് മറുപടിയില്ലായിരുന്നു. പഴയക്കൂറുകാരുടെ പണം അവരുടെ വായ് മൂടിക്കെട്ടിയെന്ന് അച്ചന് മനസ്സിലായിരുന്നു.

കുന്നിക്കുരുക്കളിൽ അബ്രിൻ എന്ന വിഷമാണ് അടങ്ങിയിരിക്കുന്നത്. 90 മുതൽ 120 മില്ലിഗ്രാംവരെ മതിയാകും ഒരാൾ മ രി ക്കാൻ. അതിനായ് ഒന്നോ രണ്ടോ കുരുക്കൾ മതിയാകും. ഇവിടെ കാളി ഒരുപിടി കുരുക്കളാണ് പൊടിച്ചു ചേർത്തിരിക്കുന്നത്. എന്നാൽ, റിപ്പോർട്ടുപ്രകാരം സയനൈഡ് എന്ന വിഷം ഉള്ളിൽ ചെന്നതാണ് മോളിയുടെ മരണകാരണം. ഭക്ഷണപാനീയത്തിലൂടെയാണ് അത് അവളുടെ ഉള്ളിൽ ചെന്നിരിക്കുന്നതും. സ യനൈ ഡിന്  രുചിയോ മണമോ ഇല്ലാത്തതിനാൽ കഴിക്കുന്നയാൾ അറിഞ്ഞോ അറിയാതെയോ അത്, ശരീരത്തിലെത്താൻ സാധ്യതയുണ്ട്.

കാളി നൽകിയ വിഷം കാരണമല്ല മോളിക്കുട്ടി മരിച്ചതെന്നത് അവൻ്റെ ഏറ്റുപറച്ചിലിന് സാധുതയുണ്ടാക്കിയതായ് അച്ചനു മനസ്സിലായി. എങ്കിലും കാര്യങ്ങൾക്ക് കൂടുതൽ വ്യക്തതയുണ്ടാക്കാനായ് അടുത്ത ദിവസംതന്നെ കാളിയെ അച്ചൻ വിളിച്ചുവരുത്തി.

തിരിച്ചും മറിച്ചും ചോദ്യങ്ങൾ ചോദിക്കാനാരംഭിച്ചപ്പോൾ അതുവരെ മിണ്ടാതെനിന്ന അവൻ ചുണ്ടനക്കി.

”എനിക്കൊരു കാര്യംകൂടെ പറയാനുണ്ടച്ചോ”

അൾത്താരയിലെ ഇടതുവശത്തുള്ള മച്ചിലേക്ക് നോക്കി അവൻ പറഞ്ഞു.

“മഴ തുടങ്ങുന്നന്നു രാത്രി മോളിപ്പെണ്ണിൻ്റെ വീട്ടി പോണംന്ന് തര്യച്ചായൻ നേരത്തെ പറഞ്ഞതാ. അന്നുതന്നെ അച്ചായനെ കൊല്ലംണന്നാരുന്നു എന്റെ മനസ്സില്. ഞങ്ങൾ മോളിപ്പെണ്ണിൻ്റെ വീട്ടിലേക്കു തിരിച്ചപ്പോ ഞാനാരുന്നു ജീപ്പോടിച്ചിരുന്നത്. പതിവില്ലാതെ തര്യച്ചായൻ വല്ല്യ സങ്കടത്തിലായിരുന്നു. ഒന്നും മിണ്ടാതെയാ ജീപ്പിലിരുന്നേ. തോണിക്കടവിലെ വയറ്റാട്ടിക്കുഞ്ഞമ്മയുടെ ക ള്ളുഷാപ്പിനരികിലെത്തിയപ്പളാ ജീപ്പു നിറുത്താൻ അച്ചായൻ പറഞ്ഞ്. ഞാൻ കുന്നിമരത്തിന്റെ ചോട്ടിലോട്ടാ ജീപ്പിട്ടേ. അച്ചായൻ ഷാപ്പിലോട്ടുപോയി. ജീപ്പിന്റെ മോളിലോട്ട് വീണ കൊറേ കുന്നിക്കുരുക്കൾ ഞാനെടുത്ത്, കല്ലുകൊണ്ട് ചതച്ച്  മുറുകെപ്പിടിച്ചു. അച്ചായൻ തിരിച്ചു വന്നപ്പോൾ നന്നായി കുടിച്ച്, കാല്  ഇടറുന്നൊണ്ടാരുന്നു. കൈയ്യിലുണ്ടായിരുന്ന ക ള്ളുകുടം എൻ്റെ കൈയിൽത്തന്നിട്ട് അച്ചായൻ ജീപ്പിക്കേറി കണ്ണടച്ചിരുന്നു. കുന്നിക്കുരുകൾ പൊടിച്ചത് അന്നേരമാ  കുടത്തിലോട്ട് ഞാൻ  കലക്കിവച്ചേ…

കുരിശ്ശടിക്കവലയിൽ ഞങ്ങളെത്തിയപ്പോൾ പാതിരാത്രിയായിക്കാണും. പിന്നവിടന്ന് നടന്നുവേണം മോളിപ്പെണ്ണിൻ്റെ വീട്ടിപ്പോവാൻ. ഇറങ്ങാൻ നേരം അച്ചായൻ കഴുത്തിലെ സ്വർണ്ണമാല ഊരി, എനിക്കു തന്നു.

”നീയിത് വച്ചോടാ കാളിയേ. വറീതയെ കെട്ടി, സുഖായിട്ട് ജീവിക്ക്. അവളെ പൊക്കണംന്ന് ഞാൻ ചുമ്മാ പറഞ്ഞതാടാ. എനിക്കറിയാം നിനക്കവളോട് പ്രേമാണെന്ന്. തെക്കെപ്പറമ്പിലെ ഒരറ്റത്ത് നീയൊരു പൊര പണിതോ. എന്നിട്ടവിടെ താമസിച്ചോ. ഞാനത്  അപ്പനോട് പറഞ്ഞിട്ടൊണ്ട്.”

ചിരിച്ചുകൊണ്ട് തര്യച്ചായൻ തുടർന്നു:

“നീയാ ക ള്ളിങ്ങെടുത്തേ’

വി ഷം കലർത്തിയത് എനിക്കന്നേരം കൊടുക്കാൻ തോന്നീല്ല. ഞാനാ കൊടം  കൈയബദ്ധം പറ്റിയപോലെ  താഴെയിട്ട് പൊട്ടിച്ചുകളഞ്ഞു.

”പോട്ടെ ടാ സാരംല്ല്യ” കാര്യമൊന്നും അറിയാതെ അച്ചായൻ പറഞ്ഞു.

എന്നിട്ട് ജീപ്പിനുള്ളിൽ നിന്ന് നാടൻവീഞ്ഞിൻ്റെ കുപ്പിയും എടുത്തോണ്ട് നടക്കാൻ തൊടങ്ങി. വഴീല് വച്ച് തിരിഞ്ഞു നിന്നു. എന്നെ, പിന്നേം വിളിച്ചു. കീശയിലുണ്ടായിരുന്ന കാശെല്ലാം എടുത്തു തന്നു.

”ഇതൊന്നും നീയിപ്പൊ ചെലവാക്കണ്ട കേട്ടാ. അത് കൊഴപ്പാകും. കൊറെക്കാലം കഴിഞ്ഞ് ചെലവാക്കിയാ മതി. മോളി, അവളൊരു തേ വി ടി ശ്ശി യാടാ..പുതിയതായി വന്ന എസ്റ്റേറ്റ് മാനേജരില്ലേ ഒരു സായിപ്പ്, ഓൾക്കിപ്പൊ അയാൾടെ ബംഗ്ലാവിൽ കുശിനിപ്പണിക്ക് പോണംന്ന്. കഴിഞ്ഞാഴ്ച്ച അവിടായിരുന്നവളുടെ ഉറക്കം. ഇന്നു ഞാനവളുടെ ക ഴ പ്പ് തീർക്കും. നീ നോക്കിക്കോ”

തിരിഞ്ഞു നടക്കാൻ തുടങ്ങിയ  അച്ചായൻ പിന്നേം നിന്നു. എന്നെ വീണ്ടും അടുത്തേക്ക് വിളിച്ചു.

”ടാ കാളീ….നീ കൃത്യം  പൊലർച്ചെ തന്നെയിങ്ങെത്തണം കേട്ടാ. പൊറത്തൂന്ന് വിളിച്ചിട്ട് വിളി കേട്ടില്ലെങ്കി പൊരക്കകത്തേക്ക് കയറിപ്പോരെ. ഞാനുറക്കായിരിക്കും. അച്ചായൻ പോട്ടെ ടാ..കാളീ”

തര്യച്ചായൻ്റെ ഒച്ചയൊക്കെ ഇടറിയിരുന്നച്ചോ. കണ്ണീരൊക്കെ വന്നാരുന്നു. വീഞ്ഞിൻ്റെ കുപ്പി നന്നായി കുലുക്കിക്കൊണ്ടാ അച്ചായൻ നടന്നുപോയത്. ബാക്കിയെല്ലാം ഞാനന്നു പറഞ്ഞതാ. ”

കാളി പറഞ്ഞുനിറുത്തി. കിതച്ചു. മൺകൂജയിലെ വെള്ളം എടുത്ത് അച്ചൻ അവനു നൽകി. ആർത്തിയോടെ കാളിയത് വലിച്ചു കുടിച്ചു.

”ഞാൻ പോവാ അച്ചോ, വറീതേംകൊണ്ട് നാടുവിടുവാ…. ”

“എങ്ങോട്ട്…?” അച്ചൻ  അത്ഭുതത്തോടെ ചോദിച്ചു.

”എങ്ങോട്ടേലും…”

തിരികെപ്പോകുമ്പോൾ കാളിയുടെ മനസ്സ് ശാന്തമായിട്ടുണ്ടാകണം .

”ഞാനല്ല തര്യച്ചായനെ കൊന്നത്. ഞാൻ കാരണമല്ല മോളിപ്പെണ്ണ് ച ത്തത്. അച്ചായൻ തനിയെ ചത്തതാണ്. മോളിയെ കൊ ന്നതും അച്ചായൻ തന്നെയാണ്.” താൻ പറഞ്ഞുകൊടുത്ത  വരികൾ അവൻ മനസ്സിലുരുവിടുന്നുണ്ടാകാം. അച്ചൻ ഓർത്തു.

അഴികളില്ലാത്ത ജനലരികിലായിരുന്നു സേവ്യറച്ചൻ. കാളി, മഴ നനഞ്ഞു കുന്നിറങ്ങുന്നുണ്ടായിരുന്നു.

കാലവർഷം പേമാരിയായ് പെയ്തിറങ്ങി. കാളി, അച്ചന്റെ കാഴ്‌ചയിൽ നിന്നകന്നുകൊണ്ടിരുന്നു. ഇടയിലെപ്പോളോ ഒരു മിന്നൽവെളിച്ചത്തിൽ, അവനൊന്നു തിരിഞ്ഞുനോക്കുന്നത് അച്ചൻ കണ്ടു. ആ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നോ? അതൊ തൻ്റെ തോന്നലായിരുന്നോ! ആ ഭാവം! ജേതാവിൻ്റെ നോട്ടം. ഒന്നുകിൽ കാളി പറഞ്ഞതെല്ലാം വെറും കഥകളായിരിക്കും. തര്യൻ്റെ വിടചൊല്ലൽ ദൃശ്യങ്ങൾ കാളിയുടെ സ്വയംകൃതി മാത്രമാണ്. തര്യൻ ആ ത്മഹ ത്യ ചെയ്തതല്ല. ഇതൊരു പഴുതുകളടച്ച കൊ ല പാ തകമാണ്. രണ്ടാമതൊരാൾ ഇതിനെല്ലാം കാളിയെ സഹായിച്ചിട്ടുണ്ട്. ഉത്തരമായൊരു മുഖം മനസ്സിലേക്കെത്തിയപ്പോൾ സേവ്യറച്ചനൊന്നു പുഞ്ചിരിച്ചു.

മേശപ്പുറത്തെ റാന്തലിനരികിൽ കപ്യാര് മണിയപ്പൻ കൊണ്ടു വച്ച വീഞ്ഞിൻ്റെ കുപ്പി ഇരിപ്പുണ്ടായിരുന്നു. അയാൾ അതിൽ നിന്നൽപ്പം ഗ്ലാസിലേക്ക് പകർത്തി ചുണ്ടോടടുപ്പിച്ചു.

”വയറ്റാട്ടിക്കുഞ്ഞമ്മ ഈ വർഷവും വീഞ്ഞുണ്ടാക്കിയിട്ടുണ്ട് അച്ചോ ഒരു കുപ്പി മേശപ്പുറത്ത് വച്ചിട്ടുണ്ടേ”

കപ്യാരുടെ വാക്കുകൾ അച്ചൻ്റെ സംശയങ്ങൾക്കുള്ള ഉത്തരമായിരുന്നു. ജാലകത്തിലൂടെ കാളി അച്ചന്റെ കാഴ്‌ചയിൽ നിന്നകന്നുകൊണ്ടിരുന്നു.

“ഒരാളെ കൊ ല്ലാനായ് ആരെങ്കിലും  തുനിഞ്ഞിറങ്ങിയാൽ, മ രിക്കുകയല്ലാതെ അയാൾക്കു വേറെ മാർഗ്ഗമില്ല. അല്ലേ?” അച്ചൻ സ്വയം ചോദിച്ചു.

”വറീത കാത്തിരിക്കുന്നുണ്ടാകും. അവൻ പൊയ്‌ക്കോട്ടെ ” അയാളുടെ മനസ്സ് മന്ത്രിച്ചു.

തിരിഞ്ഞുനോക്കി, പുഞ്ചിരിച്ച കാളിയുടെ മനസ്സിൽ അപ്പോൾ ഉയർന്നത് മറ്റൊന്നായിരുന്നു.

”അവനൊരു നാ റി യാടാ..ആ തര്യൻ. അവളെ, അവൻ വെടക്കാക്കാണ്ട് നിനക്ക് കെട്ടണോടാ കാളീ”

”വേണം.”

”ഞാൻ നിനക്കൊരു കഥ പറഞ്ഞു തരട്ടെ? വിഷക്കായ്കളുടെ കഥ!”

അവൻ സമ്മതം മൂളി.

വിഷക്കായ്കളുടേയും അവരേറ്റുപറയുന്ന കുമ്പസാരത്തിന്റെയും കഥകൾ വയറ്റാട്ടിക്കുഞ്ഞമ്മ പറഞ്ഞത് കാളി ശ്രദ്ധയോടെ കേട്ടു.

“നീ ചെയ്യ് കാളീ. കുമ്പസാരം കേക്കുമ്പോ അച്ചൻ എന്നെ പൊലീസിന് കൊടുത്തോളും. നീ അവളേം കൊണ്ട് എങ്ങോട്ടേലും പോയി ജീവിക്ക്” കുഞ്ഞമ്മ സ്നേഹത്തോടെ കാളിയെ ചേർത്തുപിടിച്ചു.

~ജെ..