അല്ലങ്കിൽ ഈ മരുഭൂമിയിൽ തന്നോടൊപ്പം അവളും പട്ടിണി കിടന്നു മരിക്കേണ്ടതായി വരും.

വിലാപം

Story written by Rajesh Dhibu

=================

വൈകുനേരം ജോലി കഴിഞ്ഞു വന്ന മഹേഷിൻ്റെ മുഖം പതിവിനേക്കാളും ദുഃഖ സൂചകമായിരുന്നു

ചായയുമായി എത്തിയ ബീന ചായ കയ്യിൽ കൊടുത്തതിനു ശേഷം തൻ്റെ അടിവയറ്റിൽ കൈ കൊണ്ടു താങ്ങി കൊണ്ട് സോഫയുടെ അരികിലായി ഇരുന്നു

“എന്തു പറ്റി മഹേഷേട്ടാ വല്ലാതിരിക്കുന്നത് .. “

“ഏയ് ഒന്നുമില്ല ബീനേ…ചരൺ എന്ത്യേ..”

മഹേഷ് ബീനയുടെ ചോദ്യത്തിനു മറുപടി നൽകാതെ വിഷയം മാറ്റാൻ ശ്രമിച്ചു..

“അവൻ അപ്പുറത്തിരുന്ന് കളിക്കുന്നുണ്ടാകും..”

ബീന സോഫയിൽ നിന്ന് എഴുന്നേൽകാതെ നിരങ്ങിക്കൊണ്ട് മഹേഷിനോട് ചേർന്നിരുന്നു..

ഇടതു കൈ കൊണ്ട് താഴ്‌ന്നു കിടന്ന ആ മുഖം മെല്ലെയുയർത്തി

“എന്നോട് പറ മഹേeഷട്ടാ. ഈ മുഖമൊന്ന് വാടിയാൽ എനിക്കറിയാം.. “

“അതാന്നുമില്ല ബീനേ ..

ശബളം കിട്ടി ലോണും ക്രെഡിറ്റുകാർഡിൻ്റേയും കൂടി പിടിച്ചപ്പോൾ ബാക്കി 300 രൂപയേ ഉള്ളൂ. 13 ആം തിയ്യതി അല്ലേ. നിന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടത്..റൂം വാടക കൊടുക്കാൻ പോലും പൈസ തികയില്ല. പാതി ശമ്പളമായതുകൊണ്ട് ഒരുത്തന്നോട് ചോദിച്ചാൽ പോലും കിട്ടില്ല. അവരെ പറഞ്ഞിട്ട് എന്താ കാര്യം..ഈ കൊറോണ വന്നതിൽ പിന്നെ..എല്ലാവർക്കും ബുദ്ധിമുട്ടല്ലേ.. “

ഏട്ടൻ വിഷമിക്കാതിരിക്കൂ. എല്ലാം ശരിയാകും. ബീന മഹേഷിനെ ആശ്വസിപ്പിച്ചു…

“എവിടുന്ന് ബിനേ..എനിക്ക് ആലോചിട്ട് ഒരു പിടിയും കിട്ടുന്നില്ല .. “

“ഇങ്ങിനെ തളർന്നിരുന്നാൽ പൈസ ആരെങ്കിലും കൊണ്ടു തരുമോ..ഏട്ടൻ എഴുന്നേറ്റ് പോയി കുളിച്ചു വാ. ഇന്നലെ വാങ്ങിയ കുബൂസ് ഞാനൊന്നു ചൂടാക്കട്ടെ..”

“ബീനേ നിനക്ക് എന്നോട് ദേഷ്യമുണ്ടോ.”

“എന്തിനാ ഏട്ടാ..”

പ്രസവ സമയത്തും നിനക്ക് നല്ല ഭക്ഷണം വാങ്ങിത്തരാതിരിക്കുന്നതിൽ…

“എനിക്ക് മനസ്സിലാകും ഏട്ടൻ്റെ കയ്യിൽ ഇല്ലാത്തതു കൊണ്ടല്ലേ ‘… “

അവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് നീങ്ങിയപ്പോൾ അവൻ്റെ മനസ്സിൽ അ പഴയ കാലം തെളിഞ്ഞു വന്നു…

തോമാസ് മാഷ് ലീവായിരുന്നപ്പോൾ പകരത്തിനു ക്ലാസ്സ് എടുക്കാൻ പോയതും അവിടെ വെച്ച് ബീനയെ കണ്ടുമുട്ടിയതും അധികം മരം ചുറ്റി പ്രണയിക്കാതെ..എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് കല്യാണം കഴിച്ചതുമെല്ലാം….

തനിക്ക് ഒരു ജീവിതമുണ്ടായപ്പോൾ പുറത്താക്കിയ ഇരു വീട്ടുകാരും. വർഷം നാലു കഴിഞ്ഞിട്ടും..ആർക്കും വേണ്ടാതെ എല്ലാവരും ഉണ്ടായിരുന്നിട്ടുപോലും ഒരു അനാഥയെ പോലെ ഈ മരുഭൂമിയിൽ ജീവിച്ചു തീർക്കുന്നു…

സ്വന്തം അമ്മയല്ലാതെ..കൂടപ്പിറപ്പുകളാരും തിരിഞ്ഞു നോക്കിയിട്ടില്ല ഇന്നുവരെ….

അവളുടെ പ്രസവം കഴിഞ്ഞോട്ടെ..അമ്മയെ പോയി ഒന്നു കാണണം..പറ്റിയാൽ വേറെ വീടെടുത്ത് അമ്മയുടെ കൂടെ ഇവളെ നാട്ടിൽ തന്നെ താമസിപ്പിക്കണം.’

അല്ലങ്കിൽ ഈ മരുഭൂമിയിൽ തന്നോടൊപ്പം അവളും പട്ടിണി കിടന്നു മരിക്കേണ്ടതായി വരും.

ഒരോന്ന് ആലോചിച്ചു കൊണ്ട് പതിയെഎഴുന്നേറ്റു പോയി കുളിച്ചു…അൽപ സമയം നാട്ടിലെ വാർത്തകൾ മാറ്റി മാറ്റി ടി .വി യിൽ കണ്ടു കൊണ്ടിരുന്നു. നാട്ടിലും കൊറോണയ്ക്കു ഒരു കുറവും ഇല്ല…അമ്മക്കു ഒന്നും വരാതിരുന്നാൽ മതിയായിരുന്നു.

ചുവരിൽ തൂക്കിയിരുന്ന കൃഷ്ണനെ നോക്കി മനസ്സുകൊണ്ടു പ്രാർത്ഥിച്ചു..

അമ്മയെ ഒന്നു വിളിച്ചാലോ..ഉറങ്ങിക്കാണുമോ…

അവൻ മൊബൈൽ എടുത്ത് നാട്ടിലേക്ക് വിളിക്കാൻ തുടങ്ങിയപ്പോഴാണ് മൊബൈലിൽ മിസ്സ്ഡ് കോൾ ചെയ്യാൻ പോലും പൈസയില്ലെന്നുള്ള കാര്യമോർത്തത്..

ഫോൺ അവിടെ വെച്ച് ഭക്ഷണം കഴിക്കാനായി എഴുന്നേറ്റു..കീറിയിട്ട കുബൂസ് കഷണങ്ങളിൽ തൻ്റെ തൊട്ടടുത്ത് നിന്ന് കാലിയായ മയോണിസിൻ്റെ കുപ്പിയിൽ ടിസ്പൂൺ കൊണ്ട് അവൾ അവസാന ഭാഗവും തോണ്ടി എടുക്കുന്ന ശബ്ദം കേട്ടു അവളുടെ മുഖത്തേക്ക് ഒന്നു നോക്കി..മൗനം പാലിച്ചു നിന്ന അവൾ അതിനു മറുപടിയായി…ചെറുതായി ഒന്നു പുഞ്ചിരിച്ചു..

പുറമെ ചിരിച്ചങ്കിലും ഉള്ളിൽ അവൾ കരയുകയാണന്ന് അവൻ മനസ്സിലാക്കിയിരുന്നു…

തൊട്ടുടുത്തു അവളുടെ കയ്യു പിടിച്ച് ചേർത്തിരുത്തി..ഇതിൽ നിന്ന് ഒരു കുബൂസ് അവളുടെ വായിലേക്ക് വച്ചു കൊടുക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു…

“കരയല്ലേ ബിനേ..ദൈവം ഒരു വഴി കാണിച്ചു തരാതിരിക്കില്ല..

എല്ലാം കഴിഞ്ഞ് കട്ടിലിൽ വന്നു കിടക്കുമ്പോൾ ഒന്നും മറിയാത്ത അ മൂന്നു വയസ്സുകാരൻ തള്ളവിരൽ നുണഞ്ഞു കൊണ്ടു ഉറങ്ങുന്നുണ്ടായിരുന്നു.

അവനേയും ചേർത്തു പിടിച്ച്..വേഗത്തിൽ ചുറ്റാൻ മടി കാണിക്കുന്ന ഫാനിനേയും നോക്കി മലർന്നു കിടക്കുമ്പോൾ നാളെ ഇനി എന്തു ചെയ്യും എന്ന ഒരു ശരാശരി മലയാളിയുടെ നെഞ്ചിടിപ്പ് അവനുകേൾക്കാമായിരുന്നു.

പിറ്റേന്ന് രാവിലെ ഞെട്ടിയെഴുന്നേറ്റു നോക്കിയപ്പോൾ തൊട്ടടുത്തായി ബീന ഉണ്ടായിരുന്നില്ല..

അടുക്കളയിൽ നിന്ന് കുക്കറിൻ്റെ വിസിൽ നീട്ടിയടിച്ചു..

“അമ്മ “…അമ്മക്കു എന്താണ് സംഭവിച്ചത്.

സ്വപ്നത്തിൽ കണ്ടത് സത്യമാകരുതേ..എന്ന് ഭഗവാനോട് പ്രാർത്ഥിച്ചു.

“ബീനേ ഒന്നിങ്ങു വന്നേ.. ” കിടക്കയിൽ എഴുന്നേറ്റിരുന്ന് കൊണ്ട് അടുക്കളയിലേക്ക് നോക്കി വിളിച്ചു.

നിറവയറുമായി അവൾ മുറിയിലേക്കു വന്നു.

“എന്താ ഏട്ടാ..ചായ ഇപ്പോൾ എടുക്കാം..പാൽ പൊടി കഴിഞ്ഞു. കട്ടൻ എടുക്കാം.”

“അതു പിന്നെയാകാം. നിൻ്റെ മൊബൈലിൽ ബാലൻസുണ്ടോ..

“ഒരു അഞ്ചു ദിർഹം കാണും.എന്താ മുഖത്ത് ഒരു വെപ്രാളം..”

ഞാനൊരു സ്വപ്നം കണ്ടു

അമ്മയെ ഒന്നു വിളിക്കണം. മനസ്സിന് ഒരു സമാധാനവുമില്ല..

അവൾ ഫോൺ എടുക്കാനായി ഹാളിലേക്കു പോയപ്പോൾ ഏട്ടൻ്റെ മൊബൈൽ നിറുത്താതെ കിടന്നു കത്തുന്നുണ്ട്. ഫോൺ സൈലൻ്റിലാണല്ലോ..

തൻ്റെ ഫോൺ എടുക്കുന്നതിനു മുൻപായി അവൾ ആ ഫോണെടുത്തു നോക്കി..

അതിൽ തെളിഞ്ഞ പേരു വായിച്ചു…മനോജേട്ടൻ നാട്ടിൽ നിന്നാണല്ലോ..

അവൾ നിറുത്താതെ വിറക്കുന്ന ഫോണുമായി മഹേഷേട്ടൻ്റെ കയ്യിലേക്ക് നീട്ടി..

“നാട്ടിൽ നിന്നാ…മനോജേട്ടൻ..”

നാട്ടിൽ നിന്നും പോന്നതിനു ശേഷം ആദ്യമായിട്ടാണ് ആ പേര് തൻ്റെ മൊബെലിൽ…മറുത്തൊന്നും ആലോചിക്കാതെ. ആ ഫോണെടുത്ത് ചെവിയിലേക്ക് ചേർത്തു പിടിച്ചു.

ആദ്യം പറഞ്ഞ ആ വാക്കുകൾ മാത്രമാണ് അവനു കേൾക്കാൻ കഴിഞ്ഞതു…അമ്മ പോയി ഇന്നലെ രാത്രിയായിരുന്നു. ആരും അറിഞ്ഞില്ല.

അതിനു ശേഷമുള്ളതൊന്നും കേൾക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല..കണ്ണിൽ ഇരുട്ടു കയറി തുടങ്ങിയിരുന്നു..നിറഞ്ഞു തുളുമ്പിയ കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി..

അമ്മേ..എന്നു ഉച്ചത്തിൽ നിലവിളിച്ചങ്കിലും നേർത്ത ശബ്ദമായ് അതു പുറത്തേക്ക് ഒഴുകി. ആശ്വസിപ്പിക്കാനല്ലാതെ ഈയവസരത്തിൽ ബീനക്കു വേറൊന്നും കഴിഞ്ഞിരുന്നില്ല.

അവളുടെ മാറിൽ കിടന്നവൻ പൊട്ടിക്കരഞ്ഞു..

ഈ കൊറോണ കാരണം ഉറ്റവരേയും ഉടയവരേയും കാണാൻ കഴിയാത്ത എത്രയോ പ്രവാസികൾ…

കാണുന്നില്ലേ..ഈശ്വരാ..ഒരോരുത്തരുടേയും വിലാപം…അങ്ങ്..കണ്ണടച്ചിരിക്കുകയാണോ..

കുറച്ചു നിമിഷത്തേക്ക് സ്ഥിരകാല ബോധം നഷ്ടപ്പെട്ട മഹേഷ് അവളുടെ മാറിൽ കിടന്ന് പുലമ്പികൊണ്ടിരുന്നു..

ഒരു പ്രവാസിയുടെ വിലാപം. (04.08.2020)

********************

എന്ന് നിങ്ങളുടെ സ്വന്തം ദീപു…