ആകാശിന്റെ വാക്കുകൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുതായി തോന്നി നന്ദിതയ്ക്ക്….

Story written by Nithya Prasanth

====================

“ചാരിറ്റി പ്രവർത്തനം നടത്താനല്ല എന്റച്ഛൻ സമ്പാദിക്കുന്നത് “

ആകാശിന്റെ വാക്കുകൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുതായി തോന്നി നന്ദിതയ്ക്ക് …മനസ് പലയാവർത്തി അതു തന്നെ ഉരുവിടുന്നു….

എഞ്ചിനീയറിംഗ് ലാസ്റ്റ് സെമെസ്റ്റർ ഫീസ് അടയ്ക്കാൻ കുറച്ചു പൈസയുടെ കുറവുണ്ടായിരുന്നു….അച്ഛന് ജോലിചെയ്തിരുന്ന കമ്പനിയിൽ വച്ചു ആക്‌സിഡന്റ് ആയി ജോലി നഷ്‌ടപ്പെട്ടിരുന്നു…നഷ്ടപരിഹാരമോ ആശ്രിതകർക്കു ജോലിയോ നൽകാതെ കമ്പനി തന്ത്രപൂർവം ഒഴിവാക്കാൻ നോക്കുകയായിരുന്നു….. കേസ് പറഞ്ഞു തുക സാങ്ക്ഷൻ ആയിട്ടുണ്ട്… പക്ഷെ കിട്ടിയിട്ടില്ല… ട്രീറ്റ്മെന്റ്നു നല്ലൊരു തുക ചിലവായിരുന്നു … പുതിയൊരു കടവാങ്ങിയതുകൊണ്ട് കയ്യിലുള്ള പൈസയെല്ലാം ചിലവായിരുന്നു ….

തന്റെ സിറ്റുവേഷൻ അറിഞ്ഞപ്പോൾ മേഖയാണ് ആകാശിനോട് ചോദിക്കാം എന്ന് പറഞ്ഞത്…

“നന്ദിത…. ഞാൻ ആകാശിനോട് ചോദിച്ചു നോക്കട്ടെ….. അവന്റ കയ്യിൽ കാണും “

“അതു വേണോ…..ഞാൻ വേറെന്തെങ്കിലും വഴി നോക്കട്ടെ….”

താൻ എതിർത്തെങ്കിലും അവൾ വാങ്ങി തരാം എന്ന് പറഞ്ഞു പോയതാ ഇപ്പോൾ ഇങ്ങനെ അവസാനിച്ചത്.. കുറച്ചു മാറി നിൽക്കുന്ന എന്നെ അവൻ കണ്ടില്ല…..മേഖയും വിളറിപോയിരുന്നു… അവളൊട്ടും പ്രതീക്ഷിച്ചില്ല… ഇങ്ങനെ ഒരു മറുപടി…..

കാരണം… കോളേജിൽ വന്ന കാലം മുതൽ ഞാനായിരുന്നു ആകാശിന് കൂട്ട്.. …..കുറച്ചു പിന്നിലായിരുന്ന അവനെ അധികം സപ്പ്ളി ഒന്നും ഇല്ലാതെ പാസ്സാക്കി എടുക്കാൻ സ്റ്റഡി ലീവ്നു പോലും വീട്ടിൽ പോകാതെ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്…നോട്സ് എഴുതി കൊടുത്തിട്ടുണ്ട്…. എപ്പോഴോ മറ്റെല്ലാരെക്കളുമുപരി ഒരിഷ്ടം കൂടുതൽ അവനോട് തോന്നിയിട്ടുണ്ട്… ഇങ്ങോടും അങ്ങനെ എന്നാണ് കരുതിയിരുന്നത്…. ക്യാഷ് തന്നില്ലെങ്കിലും ഇങ്ങനെ അപമാനിക്കണോ…

അന്ന് വൈകുന്നേരം തന്നെ അച്ഛന്റെ കോളുവന്നു… പണം റെഡി ആയത്രേ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട് എന്ന് …. ഒരുവിധത്തിൽ നന്നായി… അവന്റ തനി സ്വഭാവം മനസിലാക്കാൻ പറ്റി….. പണമടച്ചു നാട്ടിലേക്ക് പോന്നു….. ഇത്തവണ സ്റ്റഡി ലീവ് ഇനി വീട്ടിൽ തന്നെ…… അവൻ തനിയെ പഠിച്ചു പാസ് ആകട്ടെ….

നാട്ടിലെത്തിയെങ്കിലും മനസ് നേരെ നിൽക്കുന്നില്ല….അച്ഛന് ആക്‌സിഡന്റ് ആയതിനു ശേഷം പണത്തിനു മുൻപും കുറച്ചു ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ട്…. എങ്കിലും ഇങ്ങനെ പരിഹാസം കേൾക്കുന്നത് ഇതു ആദ്യമാണ്….അതും താൻ ഇത്രയും നാൾ വിശ്വസിച്ചിരുന്ന ഒരു സുഹൃത്ത്…ആരോടും പറയാനും പറ്റില്ലല്ലോ…

“നന്ദു….. എപ്പോ എത്തി…???? ” വരുണേട്ടന്റ ചോദ്യമാണ് ചിന്തയിൽനിന്നും ഉണർത്തിയതു…..

“ഇന്ന് ഉച്ചയ്ക്ക്…. “

ഏട്ടന്റെ സ്വരം കേട്ടപ്പോൾ കുറച്ചു ആശ്വാസം പോലെ… വീട്ടുകാർ കുട്ടിക്കാലത്തെ തന്റെ പേരിനൊപ്പം ചേർത്തുവച്ചതാണ് വരുണേട്ടനെ…. അപ്പച്ചിയുടെ മകൻ…താനാണ് അകന്നു പോയത്….. കുഞ്ഞുനാളിലെ ഒപ്പം കളിച്ചു വളർന്നതായിരുന്നു… പഠനത്തിൽ മുന്നിൽ നിൽക്കുന്നത് കൊണ്ട് ഹൈസ്കൂൾ ആയപ്പോൾ ടൗണിലെ സ്കൂളിൽ ആക്കി…. പിന്നെ ഏട്ടനും ആയുള്ള കൂടികഴ്ചകൾ കുറഞ്ഞു…

പിന്നീടൊരിക്കൽ പഴയ കാര്യം എടുത്തിട്ടപ്പോൾ എതിർത്തു…. എനിക്ക് കല്യാണം കഴിക്കുന്നെങ്കിൽ ജോലിക്കാരനെ മതി എന്ന്…. വരുണേട്ടൻ പഠനം ഒക്കെ കഴിഞ്ഞു കൃഷിയും കുറച്ചു ബിസിനസ്സും ഒക്കെയായി നാട്ടിൽ തന്നെ…… എന്നാൽ അച്ഛനും അമ്മയ്ക്കും ആളെ ഒരുപാട് ഇഷ്ടം ആണ്…. ഇതുപോലെ നല്ല സ്വഭാവ ഗുണം ഉള്ള ചെറുപ്പക്കാർ ഇക്കാലത്തു കുറവാണത്രെ….

അന്ന് വരുണേട്ടന് കുറച്ചു വിഷമം ഉള്ളതായി തോന്നി.. എങ്കിലും തന്നോട് അനിഷ്‌ടം ഒന്നും പ്രകടിപ്പിച്ചില്ല…. ഇതുവരെ സ്നേഹത്തോടെയെ പെരുമാറിയിട്ടുള്ളു…..

“എന്താ നന്ദു മുഖം വല്ലാതെ.. എന്തെങ്കിലുംസങ്കടം ഉണ്ടോ…?” അമ്മയ്ക്ക് പോലും മനസിലായില്ല തന്റെ മനസിലെ വിഷമം… വരുണേട്ടൻ കണ്ടു പിടിച്ചിരിക്കുന്നു….

“ഒന്നുമില്ല ഏട്ടാ.. വെറുതെ…”

“പറയാൻ ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട… ഇനി എന്നാ തിരിച്ചു പോകുന്നെ…..?”

“ഇനി എക്സാംനെ പോകു… മൂന്നാഴ്ച ഇവിടെ കാണും…..”

അങ്ങനെ ഓരോന്ന് പറഞ്ഞു നടന്നു… സ്നേഹത്തിലും സൗമ്യതയിലും ഉള്ള വാക്കുകൾ മനസിന്റെ ഭാരം കുറയ്ക്കുന്നതറിഞ്ഞു …. തന്നെ സ്നേഹിക്കാനും മനസിലാക്കാനും ആരൊക്കെയോ ഉള്ള പോലെ… മനസിനേറ്റ അപമാനം ഒക്കെ എങ്ങോ പോയ്‌ മറയുന്ന പോലെ.. ഈ ആളിൽ നിന്നും ആണല്ലോ ഇത്രയും നാൾ അകന്നു നിന്നത്…. നന്ദുവിന് എന്തോ ഒരു നഷ്ടബോധം തോന്നി….

തന്റെ വീട് കഴിഞ്ഞാണ് ആളുടെ വീട്… താനകത്തേയ്ക്ക് കയറുന്നത് വരെ ഗേറ്റിനരുകിൽ വെയിറ്റ് ചെയ്തു ആളു പോയി…

അന്ന് രാത്രി ആണ് അമ്മ വരുണേട്ടന് വില്ലേജ് ഓഫീസിൽ വർക്ക്‌ ചെയ്യുന്ന കുട്ടിയുടെ വിവാഹലോചനയുടെ കാര്യം പറയുന്നത്….

കുട്ടിക്കാലത്തെ എല്ലാ കളികളിലും തങ്ങൾ ആയിരുന്നു രാജകുമാരനും രാജകുമാരിയും… വേറെ ആരെയും ആ സ്ഥാനത്തു വരാൻ അനുവദിച്ചിരുന്നില്ല….

ഇപ്പോൾ മനസ്സിൽ അങ്ങനെ ഒരു ചിന്തകളും ഉണ്ടായിരുന്നില്ലെങ്കിലും തന്റെ രാജകുമാരനു പുതിയ ഒരാൾ….എന്തോ അങ്ങനെ സങ്കൽപ്പിക്കാൻ പറ്റുന്നില്ല… താൻ പോലുമറിയാതെ ഉൾമനസ്സിൽ അങ്ങനെ ഉണ്ടായിരുന്നുവോ???.

“എന്നെ വരുണേട്ടനെക്കൊണ്ട് കല്യാണം കഴിപ്പിക്കാമെന്ന് പറഞ്ഞിട്ട്…????”

അറിയാതെ ചോദിച്ചു പോയി…എത്ര നിയന്ത്രിച്ചിട്ടും വാക്കുകൾ ഇടറിപ്പോയിരുന്നു…..

“അതു കുറെ മുൻപല്ലേ… നീ തന്നെയല്ലേ എതിർത്തതും…. ഇതിപ്പോ ആ വിവാഹം ഏതാണ്ട് ഉറച്ചപോലാണ് “

കുഞ്ഞുനാളിൽ തന്റെ മാത്രം രാജകുമാരൻ… ഇനി വേറൊൾക്ക് സ്വന്തം ആകാൻ പോകുന്നു… കരച്ചിലടക്കികൊണ്ട് നിൽക്കാനേ കഴിഞ്ഞുള്ളു…

ഇനി എന്നെ സ്വീകരിക്കില്ലായിരിക്കും … മുൻപൊരിക്കൽ തള്ളി പറഞ്ഞതുകൊണ്ട്….

പിറ്റേദിവസവും ആ സമയത്തു തന്നെ അവർ അമ്പലത്തിൽ വച്ചു കണ്ടുമുട്ടി…

“വരുണേട്ട… കുറച്ചു നേരം ഇവിടെ ഇരിക്കാമോ….??” തൊഴുതിറങ്ങിയപ്പോൾ ആളോട് ചോദിച്ചു…. കുറച്ചു സമയം കൂടി ആ അമ്പലമുറ്റത്തു ചിലവഴിക്കാൻ തോന്നി…

“മ്മ്…”
ആളു ആൽത്തറയിൽ കൈകൾ ഊന്നി എന്തോ ആലോചനയിൽ ഇരുന്നു…

“നീ എന്താ വന്നപ്പോൾ മുതൽ ഇങ്ങനെ ഗ്ലൂമി ആയിട്ടിരിക്കുന്നെ…??”

“എനിക്കൊരു കാര്യം സാധിക്കാനുണ്ട്…. കണ്ണനോട് ഞാൻ പറഞ്ഞിട്ടുണ്ട്…അതു നടന്നാലേ ഇനി ഒരു സമാധാനം ഉണ്ടാവു..”

കോവിലിലേക്ക് മിഴികളൂന്നി അവൾ പറഞ്ഞു…

“ഇതു വരെയുള്ള എക്സാം നല്ല മാർക്കോടെ പാസായല്ലോ .. ഭേദപ്പെട്ട ശമ്പളത്തിൽ ജോലിയുമായി….. പിന്നെ മാമന്റെ കേസ് ജയിക്കുകയും ചെയ്തു…… പിന്നെന്തു വേണം….”

ചിരിച്ചുകൊണ്ടുള്ള അവന്റെ ചോദ്യം നന്ദുവിൽ ഒട്ടും ആശ്വാസം നൽകിയില്ല….നന്ദുവിന്റെ മുഖത്ത് ഒരു തെളിച്ചവും ഇല്ലായിരുന്നു.. വേറേതോ ലോകത്തിലെന്നപോലെ ചിന്തയിലാണ്ട്….

“ഇതിലും വലിയൊരു കാര്യമാ ഞാൻ ചോദിച്ചിരിക്കുന്നെ….കണ്ണനോട് “

“എന്നിട്ട് നിന്റെ കണ്ണൻ എന്ത് പറഞ്ഞു….??”

“നോക്കട്ടെന്ന്….”

“മ്മ് “ഒന്ന് മൂളുക മാത്രം ചെയ്തു അവൻ

“ഏട്ടൻ കളിയാക്കേണ്ട…ഞാൻ ചോദിച്ചിട്ടുള്ള എല്ലാം നടത്തി തന്നിട്ടുണ്ട് കണ്ണൻ “

“ഇല്ലാന്ന് ഞാൻ പറഞ്ഞില്ലല്ലോ….നീ കുറെ നാളായി ഇങ്ങോട്ട് കടക്കാറില്ലല്ലോ… കാര്യസാധ്യത്തിന് മാത്രം വരണോരോട് താല്പര്യം കുറച്ചു കുറവാണു കണ്ണന് “

തന്നെ ഒന്ന് ഇരുത്തി നോക്കിയിട്ട് പറഞ്ഞു….

മഴക്കോള് ഉണ്ട്..ഇനി വൈകേണ്ടെന്നു പറഞ്ഞു പോകാനൊരുങ്ങി അവൻ…

“ആവശ്യം ഇല്ലാത്തത് ഓരോന്ന് ആലോചിച്ചു മനസ് വിഷമിപ്പിക്കേണ്ട .. നന്നായി പഠിക്കുക..പോകാം….”

അന്ന് വീട്ടിൽ കയറി കുറച്ചു സമയം ഇരുന്നിട്ടാണ് വരുൺ വീട്ടിലേക്കു പോയത്..
അമ്മയോട് പറയുന്ന കേട്ടു… ഒന്ന് ശ്രദ്ധിച്ചോളാൻ.. എന്തോ പ്രയാസം ഉണ്ട് നന്ദുന് എന്ന്…

അവൾ ജനിച്ചു വാവയായിരിക്കുമ്പോൾ കൈയിലേക്ക് വച്ചു തന്നിട്ട് മാമൻ പറഞ്ഞതാ നീ എടുത്തോളാൻ….അന്ന് നെഞ്ചോടടുക്കി പിടിച്ചതാ തന്റെ ആണെന്നും പറഞ്ഞു….അവളുടെ അച്ഛനെക്കാളും അമ്മയെക്കാളും കൂടുതൽ തന്റെ കൂടെ ആയിരുന്നു കുട്ടിക്കാലത്ത്….അതുകൊണ്ട് ആ മുഖം വാടിയാൽ മറ്റാരേക്കാളും മുന്നേ തനിക്ക് മനസിലാകും….

ഹൃദയത്തോട്‌ ചേർത്തു നിർത്തിയ ആൾ അകന്നു പോകുമ്പോൾ ഒരുപാട് വിഷമം ഉണ്ടാകും…അന്ന് അവൾ തള്ളിപ്പറഞ്ഞപ്പോൾ ഹൃദയം നുറുങ്ങുന്ന വേദന ഉണ്ടായിരുന്നു… എങ്കിലും എല്ലാം മറക്കാൻ മനസിനെ പറഞ്ഞു പഠിപ്പിച്ചു, ഹൃദയത്തിന്റെ ഒരു കോണിലേക്ക് മാറ്റിവച്ചത് ആയിരുന്നു എല്ലാം…. എങ്കിലും അവളോട് ഇതുവരെ ഒരു അനിഷടവും തോന്നിയിട്ടില്ല….. ഈ ഭൂമിയിൽ ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണ് ഇപ്പോഴും….അതു അങ്ങനെ തന്നെ ആയിരിക്കും….അവന്റെ മനസിലൂടെ ഓരോ ചിന്തകൾ കടന്നുപോയി..

അങ്ങനെ ഒരാഴ്ച കടന്നു പോയി… നന്ദുവിന്റെ വഴിപാടുകളുടെ അവസാന ദിവസം…..

ഏകദേശം സന്ധ്യക്ക് ഏഴുമണി ആയപ്പോൾ വരുണിനു ഒരു കോളുവന്നു…..പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും ആണ്…

“നിങ്ങളുടെ തറവാട്ടിലെ കുട്ടിയില്ലേ നന്ദിത…വിഷം തീണ്ടി കാവിനടുത്തുള്ള ഇടവഴിയിൽ വീണു കിടക്കുവായിരുന്നു….. ഇപ്പോൾ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട്…. ഹോസ്പിറ്റലിൽ എത്തുമ്പോളേക്കും ആകെ നീലനിറമായിരുന്നു… “

കേട്ടത് വിശ്വസിക്കാനാവാതെ ഒരു നിമിഷം തരിച്ചു നിന്നു… ശരീരം ആകെ തളരുന്ന പോലെ… പിന്നെ നഷ്ടപെട്ട ശ്വാസം ഒന്ന് ഉള്ളിലേക്കെടുത്തു ഹോസ്‌പിറ്റലിലേക്ക് പാഞ്ഞു…

അച്ഛനെ വിളിച്ചു വിവരം പറഞ്ഞു……

ആധിയോടെ ഐസിയൂവിനു മുന്നിൽ വെയിറ്റ് ചെയ്യുമ്പോളും പ്രാർത്ഥിക്കുക ആയിരുന്നു…….അവൾക്കൊന്നും വരുത്തല്ലെന്നു… അച്ഛനും അമ്മയും മാമനും അമ്മായിയും ഒക്കെ ഉടനെ എത്തിചേർന്നു …എല്ലാവരും മരവിച്ച മനസോടെ പ്രാർത്ഥനയോടെ നിന്നു…

ലക്ഷണങ്ങൾക്ക് അനുസരിച്ചു മരുന്നുകൾ കൊടുത്തു എന്നും അതു ഗുണം കണ്ടെന്നും ക്രിട്ടികൽ സ്റ്റേജ് കഴിഞ്ഞെന്നും ഡോക്ടർ വന്നു അറിയിച്ചു..

ബോധം തെളിഞ്ഞപ്പോൾ എല്ലാരും പോയി കണ്ടു… അമ്മായി അപ്പോഴും കരയുക ആയിരുന്നു….

“എല്ലാദിവസവും ദീപാരാധന കഴിഞ്ഞു ഇരുട്ടുന്നതിനു മുൻപ് മടങ്ങി പോകാറുണ്ടല്ലോ.. പിന്നെ ഇന്ന് എന്താ ഇത്രയും വൈകിയെ….???”

അച്ഛൻ ആണത് ചോദിച്ചത്.

“ഏതോ കാര്യസാധ്യത്തിന് വഴിപാട് ഉണ്ട്… അതാ ദിവസവും അമ്പലത്തിൽ പോകുന്നെ എന്നാ പറഞ്ഞത്….”

“അതു നടക്കില്ലെന്നും കാവിലെ ഭാഗവതിക്കു ഒരു നേർച്ച ഉണ്ടെന്നും ഇന്നലെ ഉച്ചക്ക് വന്നപ്പോൾ നന്ദു പറഞ്ഞിരുന്നു…അതായിരിക്കും ഇത്ര വൈകിയത്…”

വരുണിന്റ അമ്മ പറഞ്ഞു നിർത്തി..

“ഞങ്ങളോട് ഇതൊന്നും മോളു പറഞ്ഞിരുന്നില്ല…. ഇപ്പോൾ എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ…”

നന്ദുവിന്റ അച്ഛൻ പാതിയിൽ നിർത്തി..

“കൂട്ടിവായിക്കുമ്പോൾ…..???എന്തിനാ ഇത്രയും നേർച്ചയും വഴിപാടും…. എന്താ ഇപ്പോ നന്ദുന് പറ്റിയെ… കുറച്ചു ദിവസം ആയി… ആകെ വിഷമിച്ചു ആണ് കുട്ടി നടക്കുന്നെ… ഇനി കോളേജിൽ വല്ല പ്രശ്നവും…..”

വരുണിന്റെ അച്ഛൻ ആണ് അതു ചോദിച്ചത്…..

“അതു ജയേട്ടാ…. കോളേജിൽ ഒന്നും അല്ല പ്രശ്നം… “

എല്ലാരും നന്ദുവിന്റ അമ്മ റാണിയുടെ വാക്കുകൾക്ക് കാതോർത്തു..

“പിന്നെ???”

” വരുണിനു ഒരു വിവാഹാലോചന വന്നിരുന്നല്ലോ.. അതറിഞ്ഞപ്പോൾ നന്ദു ചോദിച്ചിരുന്നു വരുണേട്ടനെ എന്നെ കൊണ്ട് കല്യാണം കഴിപ്പിക്കാമോ എന്ന്….അതിന് വേണ്ടി ആയിരിക്കണം നന്ദു ഈ വഴിപാടുകളൊക്കെ….. “

വരുൺ ഞെട്ടലോടെ അമ്മായിയുടെ മുഖത്തേക്ക് നോക്കി…..വരുണിന്റെ അച്ഛന്റെയും അമ്മയുടെയും അവസ്ഥയും അതു തന്നെ ആയിരുന്നു…

“എന്നിട്ട്… എന്നിട്ട് നീയെന്താ ഞങ്ങളോടിത് പറയാതിരുന്നത്….??”

ജയൻ ഒരു ഇടർച്ചയോടെ ചോദിച്ചു..

“ഞങളുടെ മോളെ ഞങ്ങൾക്ക് അറിയാഞ്ഞിട്ടാണോ….ഒരിക്കൽ വരുണിനെ തള്ളിപ്പറഞ്ഞതാ…ഇപ്പോൾ ഇങ്ങനെ പറയുന്നത് വേറെ വല്ല ഉദ്ദേശത്തോടെ ആണോന്നു സംശയം തോന്നി……ബാംഗ്ലൂരിൽ ജോലിയായി….ഇതിപ്പോ കാര്യമായിട്ട് പറയുന്നതായി തോന്നിയില്ല…. വരുണിനു കിട്ടാവുന്ന നല്ലൊരു കുട്ടിയേയും വെറുതെ നഷപെടുത്തേണ്ടെന്നു തോന്നി…”

ഒന്ന് നിർത്തി അവർ തുടർന്നു…

“പിന്നെ, ഒരിക്കൽ കൂടി അവൾ മാറ്റിപറഞ്ഞാൽ ഇനിയും ഒരു അവഗണന താങ്ങാൻ മോനു കഴിയില്ല….ഞങൾക്ക് നന്ദുവിനെ പോലെ തന്നെയാ അവനും…എങ്കിലും സത്യാവസ്‌ഥ ചോദിച്ചു അറിയാൻ ഇരിക്കുക ആയിരുന്നു ഞാൻ…..അപ്പോഴാ ഇങ്ങിനെയൊക്കെ….” അവർ സാരിത്തുമ്പുകൊണ്ട് കണ്ണുനീരൊപ്പി…

പിന്നെ ആരും ഒന്നും മിണ്ടിയില്ല…. അച്ഛനും അമ്മയും വരുണിനെ നോക്കി….. അവിടെ പ്രതേകിച്ചു ഭാവവ്യത്യാസം ഒന്നും ഇല്ല….അനുകൂലിച്ചോ പ്രതികൂലിച്ചോ ഒരു മറുപടിയും പറഞ്ഞതും ഇല്ല….

ഏതായാലും നന്ദു പൂർണ ആരോഗ്യത്തോടെ വരട്ടെ എന്നിട്ടാവാം മറ്റു കാര്യങ്ങൾ എന്ന് പറഞ്ഞു തത്കാലം ചർച്ചകൾക്ക് വിരാമമിട്ടു….

ഒരു ദിവസം കൂടി ഹോസ്പിറ്റലിൽ കിടന്നിട്ടാണ് നന്ദുവിനെ ഡിസ്ചാർജ് ചെയ്തത്….. വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാൻ വരുണെത്തിയിരുന്നു.. അവന്റെ ഭാഗത്തുനിന്നും പ്രതികരണം ഒന്നും ഇല്ലാത്തത് എല്ലാവരെയും കുറച്ചു നിരാശപ്പെടുത്തി…

ഗവണ്മെന്റ് ജോലി ഉള്ള കുട്ടിയെ കണ്ടപ്പോൾ നന്ദുവിനെ വേണ്ടാന്ന് വച്ചിരിക്കുമോ???

ഏതായാലും പരസ്പര സമ്മതത്തിൽ മാത്രം മതി ഭാവി കാര്യങ്ങൾ എന്ന് എല്ലാവർക്കും ഒറ്റ അഭിപ്രായം ആയിരുന്നു….

രണ്ടു ദിവസം കൂടിയേ എക്സാമിന് ഉള്ളു…..എക്സാം നന്നായി എഴുതു.. വരുണിനോട് ഞങൾ സംസാരിച്ചു വയ്ക്കാം… എന്ന ആശ്വാസ വാക്ക് നൽകി അവർ നന്ദുവിനെ യാത്രയാക്കി.

റെയിൽവേ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോകാൻ കാറുമായി വരുണെത്തിയിരുന്നു.

മുഖത്തോടുമുഖം കണ്ടപ്പോൾ പരസ്പരം ഒരു പുഞ്ചിരി കൈമാറി വീട്ടിലെല്ലാവരോടും യാത്രപറഞ്ഞു അവരിറങ്ങി…

റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയിൽ ഇരുവരും അധികം സംസാരിച്ചില്ല….സ്റ്റേഷനിൽ എത്തി കാർ പാർക്കിംഗ് ഏരിയയിലേക്ക് കയറ്റി…

“ഒരു ഐട്ടി എഞ്ചിനീയറും വില്ലജ് അസിസ്റ്റന്റ് ഉം വന്നാൽ വരുണേട്ടൻ ആരെ സെലക്ട്‌ ചെയ്യും….??” മുഖവുര ഒന്നും ഇല്ലാതെയായിരുന്നു നന്ദുവിന്റെ ചോദ്യം.

വരുൺ മുഖം ചെരിച്ചു നന്ദുവിനെ നോക്കി….പിന്നെ പതിയെ പറഞ്ഞു…

“ഏത് ഓഫീസർ വന്നാലും രാജകുമാരൻ അവന്റെ രാജകുമാരിയെ തന്നെ സെലക്ട്‌ ചെയ്യും…”

പഴയ ആ ഓർമകളിൽ നന്ദുവിന്റ കണ്ണുകൾ തിളങ്ങി…

“ഇനിയും സംശയം ഉണ്ടോ…..?”

പുഞ്ചിരിയോടെയുള്ള വരുണിന്റ ചോദ്യത്തിനും അവന്റെ മിഴികളിലെ തീഷ്ണതയും താങ്ങാനാവാതെ നന്ദു ദൃഷ്ടി മാറ്റി……ഏതോ ഒരു ആശ്വാസത്തിൽ അവന്റെ തോളിലേക്ക് തലചായ്ച്ചപ്പോൾ വലതുകരം കൊണ്ടു തന്നോട് ചേർത്തുപിടിച്ചു അവൻ… പിന്നെ നെറ്റിയിൽ കവിൾ ചേർത്തുവച്ചു കുറച്ചു നേരം ഇരുന്നു…

“ഞാൻ ഹോസ്റ്റലിൽ കൊണ്ടുവിട്ടാലോ…?”

“ഇവിടുന്ന് മൂന്നു മണിക്കൂറോളം ഉണ്ട്… ഏട്ടന് ബുദ്ധിമുട്ടാകും…”

“എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല….”

ഒരു ചെറുചിരിയോടെ അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു….പിന്നീട് അങ്ങോട്ട് പരസ്പരം ഓരോ വിശേഷങ്ങൾ പറഞ്ഞു ഹോസ്റ്റൽ എത്തിയത് ഇരുവരും അറിഞ്ഞില്ല….

“ലാസ്റ്റ് എക്സാം ആണ് വരുന്നത്… ഓരോന്ന് ആലോചിച്ചു ഇരിക്കാതെ നന്നായി പഠിക്കണം….”

“ഇതിപ്പോ അച്ഛനും അമ്മയും സ്ഥിരം പറയുന്നതാ… വേറെ ഒന്നും ഇല്ലേ എന്നോട് പറയാൻ…..”

കുസൃതിയോടെ പറയുന്നവളെ നോക്കി അവൻ ചിരിച്ചു…

“ഫ്രൈഡേ എക്സാം കഴിഞ്ഞാൽ രണ്ടു ദിവസം അവധി അല്ലെ… മ്മ്…അപ്പോൾ ഫ്രൈഡേ വൈകിട്ടു ഞാൻ വരാം…”

സന്തോഷത്തോടെ കൈവീശി അവനെ യാത്രയാക്കുമ്പോൾ നന്ദു ഒരുകാര്യം മനസ്സിൽ ഉറപ്പിച്ചു.. ഇനി ആകാശിനോട് അനിഷ്‌ടം ഒന്നും കാണിക്കേണ്ട….. കയ്യിലുള്ള മാണിക്യത്തിന്റെ വില മനസിലാക്കി തന്നത് അവനാണ്… അല്ലെങ്കിൽ ഒരുപക്ഷെ തനിക്കു ആ ഭാഗ്യം നഷ്‌ടപ്പെട്ടു പോയേനെ….

സ്നേഹപൂർവ്വം, നിത്യ പ്രശാന്ത്.