ഒരിക്കൽ ആ സുഖത്തിന്റെ പാരമ്യത്തിൽ ദാമോരൻ കുഴഞ്ഞ് വീണു. പിന്നെ രാധാമണിയുടെ അടുത്തേക്ക് ചെന്നിട്ടില്ല….

ദാമോരേട്ടൻ…

Story written by Rajesh Dhibu

===============

“ന്റെ ദാമോരേട്ടാ ങ്ങക്ക് നാണാവൂല്ലേന്ന്… ഇന്നത്തെ കാലത്ത്  ആ പറമ്പിൽ പോയി വെളിക്കിരിക്കാൻ….ഇങ്ങക്ക് വീട്ടിലെ കക്കൂസിൽ പൊയ്ക്കൂടെന്ന് …..”

സന്ധ്യ കഴിയുമ്പോൾ പറമ്പിലേക്ക് പോകാൻ പഴയ പാനീസും കയ്യിൽ പിടിച്ച് റഡിയായി നിൽക്കണ തന്റെ ഭർത്താവ് ദാമോരനോടായി രാധാമണി ചോദിച്ചു.

“യ്യ് പോടി അവിടുന്ന്…അയിന്റെ സുഖം അനക്ക് അറിഞ്ഞൂടായി റ്റാ ….”

ദാമോരൻ ഒന്നു നിർത്തി തുടർന്നു.

“ഈ പാനീസിന്റെ വെളിച്ചത്തില് അങ്ങനെ മുട്ടും മടക്കിയിരുന്ന് നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ഇടക്ക് ഓരോ ചെറിയ ഉരുളൻ കല്ലെടുത്ത് ദൂരേക്കെറിഞ്ഞ് ചെറിയ ചെറിയ പുല്ലിന്റെ കുറ്റി ചന്തീമ്മല് കൊണ്ടിട്ട് അങ്ങിനെ ഇരിക്കണ സുഖം അന്റെ ഒലക്കേലെ കക്കൂസിൽ പോയാ കിട്ടോടി….”

“പിന്നെ ഓരോ ന്യായങ്ങള് .അതൊക്കെ പണ്ട്. ഈ 2022 ൽ ഇതൊക്കെ ആരേലും ചെയ്യുമൊ…” രാധാമണി നീരസം  സഹിക്കാനാവാതെ പറഞ്ഞു.

“ടീ അനക്ക് ഓർമ്മയുണ്ടൊ…പണ്ട് അപ്പുണ്ണി മാമയുടെ കാലത്ത് അച്ഛന്റെ തറവാട്ടില്…ചീരു ഏടത്തി സുശീലേടത്തി ശാന്തേടത്തി പിന്നെ ഉണ്ണി ഏട്ടനും…രാത്രി 8 മണിക്ക് ഊണ് കഴിയും..ഉറങ്ങുന്നതിന് മുൻപ് എല്ലാരും കൂടി കല്ല് വെട്ടാം കുഴിയിലേക്ക് ഒരു പോക്കുണ്ട്. വെളിക്കിരിക്കാൻ…അന്ന് ഞാൻ ചെറുതാ…അഞ്ചിലൊ ആറിലൊ പഠിക്ക്യാ. അന്ന് പാനീസ് പിടിച്ച് മുന്നില് നടക്കുന്നത് ഞാനാ…വെളിച്ചം കിട്ടാൻ……ഉണ്ണിയേട്ടന്റെയും സുശീലേടത്തി യുടെയും  തമാശകള്…ന്ത് രസായിരുന്നു. പിന്നെ നാട്ടില് വിശേഷങ്ങള് സിനിമാ വിശേഷങ്ങള്…. ഇതൊക്കെ പറഞ്ഞ് ചിരിച്ച് നേരം പോണതറിയില്ല…അന്ന് നസീറിന്റെ കൊച്ചിൻ എക്സ്പ്രസ് എന്ന സിനിമ ഇറങ്ങിയ കാലമാണ്”

“കല്ല് വെട്ടാം കുഴിയിൽ എത്തിയാൽ ഓരോരുത്തരായി പോയി വരും..നേരം വൈകിയാൽ അപ്പുണ്ണിമാമ ദേഷ്യപെട്ട് ഉറക്കെ വിളിച്ച് ചോദിക്കും

“ത്ര നേരായീന്ന് വെച്ചാ…കഴിഞ്ഞില്ലെ ങ്ങടെ തൂ റ ല് “

“…ന്ത് രസായിരുന്നു അന്ന് … “

ലുങ്കിയിൽ തിരുകി വെച്ച സി ഗ ററ്റിന് തീ കൊളുത്തി ദാമോരൻ രാധാമണിയോടായി പറഞ്ഞു.

“ങ്ങള് ന്നെ കെട്ടി കൊണ്ടുവന്നപ്പോ ചിരുതേടത്തി ഇതൊക്കെ പറഞ്ഞിക്ക്ണ്. എന്നിട്ട് കുറെ ചിരിച്ച്…ചിരുതേടത്തിടെ ചിരി കാണാൻ ന്ത് രസാ നോക്കിയിരിക്കാൻ തോന്നും….ന്ന് പ്പൊ ല്ലാരും പോയി….സുശീലേടത്തി മാത്രം ണ്ട്…അതൊക്കെ ഒരു കാലം…” രാധാമണി നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു…

“ന്നാള് അമേരിക്കയിലുള്ള മോന്റടുത്ത് പോയപ്പോ സുശീലേടത്തി പറയാ….ന്റെ ദാമോരാ…ഇബടത്തെ കക്കൂസ് കണ്ടാലെ കൊട്ടാരം പോലീണ്ട്. നിക്കൊരു സുഖം കിട്ട്ണില്ലാ ട്ടാ … “

ദാമോരൻ അത് പറഞ്ഞ് ഉറക്കെ ചിരിച്ച് പുറത്തേക്കിറങ്ങി…

“ടീ നാളെ ഞാൻ സന്ധ്യക്ക് പോവുമ്പൊ ഒരെലേല് കുറച്ച് ചോറും കൂടി തരണെ……” ദാമോരൻ രാധാമണിയോടായി പറഞ്ഞു.

“ങ്ങക്ക് ദ് ന്താ പറ്റിയെ മനുഷ്യാ…ങ്ങളിനി അവിടെ പോയി ഉണ്ണാൻ പുവ്വാ….മ്മക്ക് മക്കളില്ലാഞ്ഞത് നന്നായി….ല്ലെ ങ്കി ഈ വയസ്സ് കാലത്ത്  ങ്ങളെ പിടിച്ച് പൂട്ടിയിട്ടേനെ”

“അതല്ലെടി വെളിക്കിരിക്കലെല്ലാം   കഴിഞ്ഞ് തോട്ടിലെ വെള്ളത്തില് കയ്യും കാലുമൊക്കെ കഴുകി മേലേക്ക് കയറുമ്പോൾ ഒരു നായ ഞാനിരുന്നതിന് ചുറ്റും മണം പിടിച്ച് നിക്കണ്. തെരുവ് നായ ആയിരിക്കും. പാവം വിശന്നിട്ടാ….ആര് തിന്നാൻ കൊടുക്കാനാ…അതും ഒരു ജീവനല്ലെടി..മ്മടെ വി സ ർജ്യം ഒക്കെ തിന്നാന്ന് വെച്ചാൽ മഹാ പാപമല്ലെ….ഞാനിരിക്കുമ്പോ എന്നും ഓൻ വരും…അതിനിത്തിരി ചോറ് കൊടുക്കണം “

അതും പറഞ്ഞ് പാനീസും കയ്യിൽ പിടിച്ച് ദാമോരൻ പറമ്പിലേക്കിറങ്ങി

ക ള്ളു ഷാ പ്പി ൽ നിന്ന് ക ള്ളും മോന്തി കെട്ടിയോക്ക് മീൻ കറിയുമായി തോട് ചാടിക്കടന്ന് അത് വഴി വന്ന രമേശൻ ദാമോരേട്ടനെ കണ്ടപ്പൊ ഉറക്കെ വിളിച്ചു ചോദിച്ചു

“ദാമോരേട്ടാ ങ്ങള് എങ്ങട്ടാ ഈ രാത്രീല്…തൂ റാ ൻ പുവ്വാ ….”

“അല്ലടാ സിനിമ കാണാൻ പുവ്വാ…അനക്ക്  ടിക്കറ്റ് ബുക്ക് ചെയ്യണാ ….”

“അല്ല ദാമോരേട്ടാ…ങ്ങക്ക് വേറെ പണി ല്ലേന്ന്..മ്മടെ ഗവർമ്മണ്ടാണെങ്കി ല്ലാർക്കും ശൗചാലയം പണിയാൻ ഒരോ പദ്ധതിയുമായി ഓടി നടക്കാണ്….ങ്ങളാണെങ്കി ബീട്ടില് കക്കൂസ്ണ്ടായിട്ട് പറമ്പി പോണ്…ങ്ങക്ക് പിരാന്താ…”

“യ്യ് ചിലക്കാതെ വേഗം വീട്ടി ചെന്ന് കെട്ടിയോക്ക് മീൻ കറി കൊടുക്കാൻ നോക്ക് ന്റെ രമേശാ…”

രമേശൻ ഒന്നും മിണ്ടാതെ വീട്ടിലേക്ക് വെച്ച് പിടിക്കും…

മാനത്തെ ചന്ദ്രനും തൊട്ടാൽ പിണങ്ങുന്ന തൊട്ടാവാടികളും തോട്ടിൻ കരയിലെ കൈതപ്പുവിന്റെ മണവും വെറുതെയൊന്ന് ശല്യപെടുത്താൻ വരുന്ന കാറ്റും പിന്നെ കൂട്ടിന് ചുണ്ടില് സി ഗ ററ്റും…കൊച്ചുരുളൻ കല്ലുകൾ വലിച്ചെറിഞ്ഞ് ദൂരത്തേക്ക് കണ്ണും നട്ട് ദാമോരൻ  കുറെ നേരമിരിക്കും..ആ നേരം ദാമോരന് വല്ലാത്തൊരു സുഖമാണ്…

ഒരിക്കൽ ആ സുഖത്തിന്റെ പാരമ്യത്തിൽ ദാമോരൻ കുഴഞ്ഞ് വീണു. പിന്നെ രാധാമണിയുടെ അടുത്തേക്ക് ചെന്നിട്ടില്ല….

*******************

ദിവസങ്ങൾ കഴിഞ്ഞു. ആൾക്കാർ വന്നു. മടങ്ങി…വീണ്ടും വന്നു..മടങ്ങി….

ചിലർ വരും വല്ലപ്പോഴും…പലർക്കും വന്നന്വേഷിക്കുന്നത് പിന്നീട് ഒരു മടുപ്പായി മാറി….ആരുമില്ലാതായി…

ക ള്ളും കുടിച്ച് തോട് ചാടിക്കടന്ന് രമേശൻ എന്നും ദാമോരന്റെ വീട്ടിന് മുൻപിലെത്തുമ്പോൾ പതിവ് പോലെ വിളിച്ച് പറയും…

“രാധാമണിയേടത്ത്യേ….ന്തെങ്കിലും അവിശ്യ ണ്ടെങ്കി വിളിക്കാൻ മടിക്കല്ലെ ട്ടൊ….”

ബാക്കിയെല്ലാം പതിവു പോലെ..വെയിലും കാറ്റും പതിവു പോലെ….ചൂടും തണുപ്പും പതിവു പോലെ…പൂക്കൾ  വിടരുകയും കൊഴിയുകയും പതിവു പോലെ…

എന്നാൽ പതിവു പോലെ അല്ലാത്ത ഒന്നുണ്ടായി…ഒരു പുതിയ സമ്പ്രദായം

സന്ധ്യ കഴിഞ്ഞാൽ പാനീസ് എടുത്ത് ഇറങ്ങും….ഒരു കയ്യിൽ ഇത്തിരി ചോറ്. കൂടെ ഒരു കിണ്ടിയിൽ വെള്ളവും.

മുട്ട് മടക്കിയിരുന്ന് ചെറിയ ഉരുളൻ കല്ലെടുത്ത് ദൂരെക്കെറിഞ്ഞ്  രാധാമണി പതിയെ ചോദിക്കും

“ങ്ങക്ക് ന്നെ കാണാവോ ദാമോരേട്ടാ….ഞാനും പ്പം ങ്ങളെ പോലെയായി….രാത്രിയായാൽ ബടെ ബന്നിരിന്നില്ല്യാച്ചാ ഒരു സുഖല്ല്യ….ങ്ങക്ക് പറ്റിച്ചാ ങ്ങട് പോരി…മ്മക്ക് ഇബടെ ഒരുമിച്ചിരുന്ന് സൊള്ളാം “

കിട്ടിയ ചോറ് ആർത്തിയോടെ തിന്നാൻ വരുന്ന നായ അത് കേട്ട് പതിവ് പോലെ വാലാട്ടും…

എല്ലാം കഴിഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ ഒരിക്കൽ കൂടി ദൂരേക്ക് നോക്കും….നോക്കെത്താത്ത ആ ദൂരെക്ക്….

“നാളെ വരാട്ടാ ദാമോരേട്ടാ…” താൻ കരയുന്നത് ദാമോരേട്ടൻ കാണാതിരിക്കാൻ ബാക്കി വന്ന കിണ്ടിയിലെ ഇച്ചിരി വെള്ളം മുഖത്തേക്കൊഴിക്കും.

കൂട്ടിന് വാലാട്ടിക്കൊണ്ട് ആ നന്ദിയുള്ള നായയും…