കുഞ്ഞ് മനസ്സാണ്. മനസ്സിൽ അച്ഛനെ കുറിച്ച് അങ്ങനെ ഒരു ചിന്ത ആ കുഞ്ഞുമനസ്സിൽ കയറിപ്പറ്റിയാൽ പിന്നെ…

എഴുത്ത്: മഹാ ദേവൻ

=================

“മോളെന്തിനാ കരയുന്നെ?  അച്ഛൻ വഴക്ക് പറഞ്ഞത് കൊണ്ടാണോ, മോളുടെ നല്ലതിന് വേണ്ടിയല്ലേ അച്ഛൻ വഴക്ക് പറയുന്നത്. “

എന്നൊക്കെ ചോദിച്ചുകൊണ്ട് മുത്തശ്ശി അമ്മുവിന്റെ മുടിയിലൂടെ തലോടുമ്പോൾ അവൾ ഏങ്ങലടിച്ചു വീണ്ടും വീണ്ടും കരഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു…

“അച്ഛൻ ചീത്തയാ..അമ്മുനെ വെറുതെ വഴക്ക് പറഞ്ഞ അച്ഛൻ ചീത്തയാ ” എന്ന്

കുഞ്ഞ് മനസ്സാണ്. മനസ്സിൽ അച്ഛനെ കുറിച്ച് അങ്ങനെ ഒരു ചിന്ത ആ കുഞ്ഞുമനസ്സിൽ കയറിപ്പറ്റിയാൽ പിന്നെ അത് അവളോടൊപ്പം കൂടെ വളരും. അത് ഭാവിയിൽ ദോഷമാണെന്ന് അറിയാവുന്നത് കൊണ്ട് മുത്തശ്ശി അവളെ നല്ലത് പറഞ്ഞ് അനുനയിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു

“മോളെ അച്ഛൻ ചീത്തയല്ല..മോള് വലുതാകുമ്പോൾ നല്ല കുട്ടി ആകാൻ വേണ്ടിയല്ലേ അച്ഛൻ വഴക്ക് പറഞ്ഞത്. അമ്മ വഴക്ക് പറയുമ്പോൾ മോൾക്ക് ഇത്ര വിഷമം ഇല്ലല്ലോ. വഴക്ക് കൂടിയാലും കുറച്ച് കഴിയുമ്പോൾ എ പിണക്കം മാറാറുണ്ടല്ലോ..അച്ചനോട് മാത്രം മോൾക്കെന്താ പിണക്കം മാറത്തെ? “

മുത്തശ്ശിയുടെ പുഞ്ചിരിയോടെയുള്ള  ചോദ്യം കേട്ട് കണ്ണുകൾ തുടക്കുന്ന അമ്മുവിന് പറയാനുണ്ടായിരുന്നത് കേട്ടപ്പോൾ അവർക്ക് അവളുടെ വാക്കുകൾ അത്രയും ശരിയാണെന്നു തോന്നി.

“അമ്മ വഴക്ക് പറഞ്ഞാലും കുറച്ച് കഴിഞ്ഞാൽ അമ്മ വന്ന് ന്നേ കെട്ടിപിടിക്കൂലോ..ന്നിട്ട് അമ്മൂന് കൊറേ ഉമ്മ തരും, കഴിക്കാൻ ചോക്ലറ്റ് തരും..പിന്നെ അമ്മൂന്റെ പിണക്കം മാറുന്നത് വരെ അമ്മൂന്റെ ഒപ്പം ഇരിക്കും. അച്ഛൻ വഴക്ക് പറഞ്ഞാൽ പിന്നെ അമ്മൂനെ നോക്കത്തുപോലും ഇല്ല. അമ്മൂനെ നോക്കി ചിരിക്കില്ല..അമ്മൂന് ഒരു ഉമ്മ പോലും തരില്ല..അമ്മക്ക് പോലും അച്ഛൻ ഉമ്മ കൊടുക്കാറുണ്ടല്ലോ. പിന്നെന്താ അമ്മൂന് തന്നാൽ ? അമ്മ വലിയ കുട്ടിയല്ലേ? ഞാൻ അല്ലെ കുഞ്ഞ് കുട്ടി. അപ്പൊ എനിക്കല്ലേ ഉമ്മ തരേണ്ടത്. അമ്മയോടുള്ള സ്നേഹം പോലും അച്ഛന് അമ്മൂനോട് ഇല്ല. ദേഷ്യപെടുമ്പോൾ അച്ചന്റെ മുഖം കണ്ടാൽ അമ്മൂന്  പേടിയാകും. പിന്നെ എങ്ങനെ ഞാൻ പിണക്കം മാറ്റി അടുത്തേക്ക് പോകും..അമ്മൂനോട് ഒട്ടും ഇഷ്ട്ടമില്ല അച്ഛന്…അച്ഛൻ ചീത്തയാ…. “

“കുഞ്ഞുങ്ങളുടെ മനസ്സാണ്..അവർ സ്നേഹം കൊതിക്കുന്ന പ്രായം..ആ അവർക്ക് മുന്നിൽ നഷ്ടപ്പെടുന്നത് പലതും മറ്റുള്ളവർക്ക് കിട്ടുമ്പോൾ ആ കുഞ്ഞ് മനസ്സ് എത്രത്തോളം വേദനിക്കുമെന്ന് മാതാപിതാക്കൾ മനസ്സിലാക്കേണ്ട ഒരു കാര്യം ആണ്. അടിച്ചു വളർത്തിയാൽ മാത്രമല്ല കുട്ടികൾ നന്നാക്കൂ…അതിനു സ്നേഹവും മരുന്നാണ് എന്ന് ചിലർ മറന്നു പോകുന്നതാണ് പ്രശ്നം” എന്ന ചിന്തയോടെ അവളെ ചേർത്തുപിടിക്കുമ്പോൾ മുത്തശ്ശി അവളുടെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് പറയുന്നുണ്ടായിരുന്നു

“മോളെ അച്ഛൻ പാവാട്ടോ…സ്നേഹം കാണിക്കാൻ അറിയില്ലന്നേ ഉളളൂ.. അമ്മൂനോട് അച്ഛന് ഉള്ള് നിറയെ സ്നേഹം ആണ് ” എന്ന്..

പക്ഷേ അവളുടെ ഒറ്റ ചോദ്യത്തിൽ ഉത്തരം മുട്ടിപ്പോയി ആ അമൂമ്മക്ക് പോലും..

“അമ്മയോട് അച്ഛന് വലിയ സ്നേഹം ആണല്ലോ..ചിരിക്കും, നെഞ്ചിൽ കിടത്തും, ഉമ്മ കൊടുക്കും…പിന്നെന്താ അങ്ങനെ അമ്മൂനെ കൂടി സ്നേഹിച്ചാൽ? ” എന്ന്.

********************

കുട്ടികൾ ആണെന്ന് കരുതി ചെയ്യുന്നതൊന്നും നിസ്സാരമായി കാണരുത്. അവർ പലതും കാണണുന്നുണ്ടാകും. അവർ അത് വേദികളിൽ പോലും തുറന്ന് പറയുന്ന അവസ്ഥ വരും..പിള്ള മനസ്സാണ്…കള്ളം ഇല്ലെന്ന് അറിയാല്ലോ.. !

✍️ ദേവൻ