ദീപ വാതിൽ കുറ്റിയിട്ടില്ലേ എന്ന് ഒന്ന് കൂടി നോക്കിയ ശേഷം നെഞ്ചിൽ കൈവെച്ചു കിടന്നു…

Story written by Abdulla Melethil

=================

“അമ്മയുടെ കുഴിമാടത്തിൽ നിന്നായിരുന്നു യന്ത്രകൈകൾ മാന്താൻ തുടങ്ങിയത്. കുഴിമാടത്തിലെ സിമന്റ് ഭിത്തിയിൽ തുമ്പി കൈകൾ മുട്ടിയപ്പോൾ ഉയർന്ന ശബ്ദത്തിൽ ഉണങ്ങി വീഴാൻ കുറച്ചു കൂടി പച്ചപ്പ് ബാക്കിയുള്ള മൂവാണ്ടൻ മാവിൽ നിന്നും കുറച്ചു പക്ഷികൾ ചിറകടിച്ചു ഉയർന്ന് അടുത്ത പറമ്പുകളിലെ വൃക്ഷങ്ങളിലേക്ക് ചേക്കേറി. കുഴിമാടത്തിലെ കല്ലുകളും സിമന്റ് പടവുകളും അവിടെ തന്നെ ഇടിച്ചമർത്തി ലോഹ കൈകൾ…  !

‘ഏട്ടന്മാർ ബ്രോക്കർമാരോട് ഓരോ തമാശ പറഞ്ഞു ചിരിക്കുന്നുണ്ട് പ്രേത മാളിക പോലുള്ള പഴയ കുമ്മായ വീട് ഇടിച്ചു നിരത്തിയാൽ സ്ഥലത്തിന് കൂടുതൽ വില കിട്ടുമെന്ന് പറഞ്ഞത് പറമ്പ് കച്ചവടക്കാരൻ സുലൈമാൻ കുട്ടിയായിരുന്നു.. !

‘പിഴുതെറിയുന്ന വൃക്ഷങ്ങൾക്ക് മൂ ത്രത്തിന്റെയുംചാണകത്തിന്റെയും മ ലത്തിന്റെയും സമ്മിശ്ര ഗന്ധം തറവാട്ട് കുളവും തുളസി തറയും ഇപ്പോൾ ഒന്നായി കാവി തേച്ചു മിനുക്കിയ അകത്തളങ്ങൾ കീഴ്മേൽ മറിഞ്ഞപ്പോൾ ഒരു കുഞ്ഞുടുപ്പിട്ട ബാലികയുടെ ചിരിയും കരച്ചിലും അതിലാഴ്ന്ന് പോയി അവസാന നാളിൽ അമ്മയും കുറച്ചു കഷ്ടപ്പെട്ടിരുന്നു മ ലവും മൂ ത്രവും എല്ലാം കിടന്നിടത്ത് തന്നെ പോകാൻ തുടങ്ങിയപ്പോൾ ഏട്ടന്മാർ വിളിച്ചു ദീപ ഇനി വീട്ടിലോട്ട് പോരൂ അമ്മക്ക് ഭേദമായൽ പഠനം തുടരാം.. !

‘ഏട്ടത്തിയമ്മമാർ അമ്മയുടെ റൂമിലേക്ക് തന്നെ കടന്നിട്ടില്ലെന്ന് മനസ്സിലായിരുന്നു ഹോസ്റ്റലിൽ നിന്ന് പുസ്തകവും വസ്ത്രവും എല്ലാമെടുത്ത് വീട്ടിലേക്ക് കയറിയപ്പോൾ..അച്ഛൻ അമ്മയെ നനച്ച തുണി കൊണ്ട് തുടച്ചു കൊടുക്കുന്നുണ്ട് തന്നെ കണ്ടപ്പോ രണ്ട് പേരുടെയും കണ്ണുകൾ ഒപ്പം നിറഞ്ഞു.. മൂന്ന് ആണ്മക്കൾക്കിടയിലേക്ക് ഒരു പെൺകുഞ്ഞ് ഉണ്ടായത് നിന്റെ ഭാഗ്യമാണ് യശോദേ എന്നമ്മയോട് പറഞ്ഞത് മുത്തശ്ശിയായിരുന്നു.. !

‘പഴമക്കാർ പറയുന്നതിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ടാകും അർത്ഥങ്ങൾ ഒരിക്കലും വിപരീതമാകില്ല അമ്മ കിട്ടുന്നിടത്ത് അച്ഛനും മകളും ഒന്നായത് അവസാനം ബാക്കിയാകുന്ന ചില സത്യങ്ങൾ പോലെയായിരുന്നു..എന്റെ കാലം കൂടി കഴിഞ്ഞിട്ട് പോരെയെന്ന് അച്ഛൻ ചോദിക്കുമ്പോൾ ശബ്ദത്തിന് ഒരു അപേക്ഷയുടെ സ്വരമായിരുന്നു.. !

‘മൂവാണ്ടൻ മാവും വലിയൊരു ശബ്ദത്തോടെ നിലം പതിച്ചപ്പോൾ എല്ലാവരും കുറച്ചു നേരം നിശബ്ദരായി. ഏട്ടൻ എന്റെ മുഖത്തേക്ക് നോക്കി കാറ്റും മഴയും നിറഞ്ഞ രാത്രികൾക്ക് ശേഷം പുലർച്ചെ ഓരോട്ടമുണ്ട് മാവിന്റെ ചുവട്ടിലേക്ക് മാങ്ങ പെറുക്കാൻ മാങ്ങകൾ എത്രയുണ്ടായാലും തല്ലും കരച്ചിലും ബാക്കിയാകും തല്ലുന്നത് എപ്പോഴും ഏട്ടന്മാരും കരയുന്നത് താനുമായിരിക്കും അച്ഛനോ അമ്മയോ നോക്കുന്നുണ്ടെങ്കിൽ കരച്ചിൽ ഒന്ന് കൂടി ഉയരും.. !

‘മൂവാണ്ടൻ മാവ് വേരോടെ നിലം പതിച്ചപ്പോൾ ഒരു നെടുവീർപ്പ് പോലും ഉയർന്നില്ല പച്ചപ്പ് ബാക്കിവെച്ച വലിയ കൊമ്പ് ഇനിയുള്ള തലമുറക്ക് കൂടി ഊഞ്ഞാൽ ഇടാൻ വേണ്ടിയായിരുന്നോ..?

‘കുറച്ചു മണിക്കൂറുകൾ കൊണ്ട് വീടും മാവും തെങ്ങും വടക്കിനിയും തെക്കിനിയും ഓർമ്മകളോട് കൂടെ മണ്ണോട് ചേർന്നു..ഏട്ടന്റെ രണ്ട് നിലവീട്ടിലെ സ്റ്റോർ റൂമിനോട് ചേർന്ന് നിൽക്കുന്ന കൊച്ചു മുറിയിൽ ഒരു ദീർഘ നിശ്വാസം ഉയർന്നത് അച്ഛന്റേതായിരിക്കണം.. !

‘കണക്കുകൾ കൂട്ടിയും കിഴിച്ചും ഹരിച്ചും ഏട്ടന്മാർ നിൽക്കുമ്പോൾ ശിഷ്ടം എപ്പോഴും ഞാനും അച്ഛനുമായിരുന്നു ഏട്ടന്റെ കൊച്ചു കുട്ടികളുടെ വികൃതികൾക്ക് പോലും ശാസിക്കാൻ കഴിയാത്ത ശിഷ്ടങ്ങൾ കല്ലെറിഞ്ഞു നെറ്റി പൊട്ടിയപ്പോൾ ഏടത്തിയമ്മ നിസ്സാരമായി പറഞ്ഞിരുന്നു കുട്ടികളല്ലേ.. !

‘എല്ലാവരും പിരിഞ്ഞു പോയി ഒഴിഞ്ഞ പറമ്പ് മാത്രം ബാക്കിയായി ഇപ്പോൾ മ ലത്തിന്റെയും മൂ ത്രത്തിന്റെയും ഗന്ധമില്ല പകരം ഓയലിന്റെയും ഡീസലിന്റെയും മണം ..!

‘തുളസി തറ എവിടെയായിരുന്നു ഇനിയിപ്പോൾ വിളക്ക് കൊളുത്തേണ്ടതില്ല ചുറ്റും അന്ധകാരം ഇരുൾ മൂടിയിരിക്കുന്നു..അച്ഛന് കഞ്ഞി കൊടുക്കുമ്പോൾ കഴിയും പോലെ എല്ലാം പറഞ്ഞു ഒലിച്ചു പോയ വെള്ളത്തിനിടയിൽ ചില കരടുകൾ ബാക്കിയായിരിക്കുന്നു.. !

‘രാത്രി എല്ലാം കഴിഞ്ഞു അച്ഛന്റെ കട്ടിലിന് താഴെ പായ വിരിച്ചു കിടക്കാൻ തുടങ്ങുമ്പോൾ അച്ഛൻ ചോദിച്ചു വാതിലിന്റെ കുറ്റിയിട്ടില്ലേ എന്ന് ഏടത്തിയമ്മയുടെ ആങ്ങള നിൽക്കാൻ വന്നിട്ടുണ്ട് അച്ഛൻ അവന്റെ ശബ്ദം കേട്ടിരിക്കാം ദീപ വാതിൽ കുറ്റിയിട്ടില്ലേ എന്ന് ഒന്ന് കൂടി നോക്കിയ ശേഷം നെഞ്ചിൽ കൈവെച്ചു കിടന്നു.. !

‘വീട്ടിലെ എല്ലാ പണികളും ചെയ്ത ശേഷം ഒന്ന് കിടന്നാൽ മതി അപ്പോൾ തന്നെ ഉറക്കത്തിലേക്ക് വഴുതി വീഴും ഗാഢമായ നിദ്രയിലേക്ക് വീണ ഒരു രാത്രിയിലാണ് ശ്വാസം കിട്ടാതെ കണ്ണ് തുറക്കുന്നത് അപ്പോൾ ഏട്ടത്തിയമ്മയുടെ ആങ്ങളയുടെ തടിച്ച ശരീരമായിരുന്നു തന്റെ മേലേ..ഒച്ചിഴയുന്നത് പോലെ അയാളുടെ കൈകൾ തന്റെ ശരീരങ്ങളിൽ ഓടി നടക്കുന്നു..  !

‘തള്ളിയിട്ടും കരഞ്ഞിട്ടും ദേഹത്ത് നിന്ന് എണീക്കാഞ്ഞപ്പോൾ അലറി കരയുകയായിരുന്നു അവസാനത്തെ വഴി ഏട്ടത്തിയമ്മയും ഏട്ടനും ഓടി വരുമ്പോൾ അവരുടെ മുന്നിലൂടെ അയാൾ കടന്ന് പോയി. അന്ന് ഏട്ടത്തിയമ്മ ആഞ്ഞടിച്ചത് തന്റെ കവിളിലായിരുന്നു ആണുങ്ങളെ വശീകരിച്ചതിന് ഏട്ടൻ ഒന്നും മിണ്ടിയില്ല അച്ഛനെന്തൊക്കെയോ പറഞ്ഞു.. !

‘ദിവസങ്ങൾ കടന്ന് പോയി…

ഭൂമിയെല്ലാം ഏട്ടൻ എടുക്കാൻ പോകുന്നു മറ്റുള്ളവർക്ക് എല്ലാം പൈസ കൊടുത്ത് ഏട്ടൻ ഒപ്പിടുവിച്ചു ഇനി ഞാനും അച്ഛനും ബാക്കി എന്റെ കല്യാണവും അച്ഛന്റെ മരണം വരെയുള്ള കാര്യങ്ങളും ഏട്ടൻ നോക്കും രണ്ട് പേരുടെയും ഒപ്പ് വേണം.. !

‘പറഞ്ഞതിൽ നിന്നും കേട്ടതിൽ നിന്നും മോശമല്ലാത്ത വിലകിട്ടുന്ന ഭൂമിയാണ് ഒപ്പ് വെക്കുന്നില്ലെന്ന് അച്ഛൻ പറഞ്ഞപ്പോൾ ഏട്ടന്റെ മുഖത്തെ ദേഷ്യം ചെറുപ്പത്തിൽ മാങ്ങ എനിക്ക് തരാത്തപ്പോൾ അച്ഛനടിച്ച പോലെയായിരുന്നില്ല.. !

‘എന്റെയും അച്ഛന്റെയും ഭാഗം അവിടെ അളന്നിട്ടോളൂ എത്രയാണെന്ന് വെച്ചാൽ…എന്റെ ശബ്ദം കുറച്ചു ഉയർന്ന് തന്നെയായിരുന്നു ഏട്ടത്തിയമ്മ കൂടി കേൾക്കേണ്ടിയിരുന്നു. ഞങ്ങളവിടെ കഴിഞ്ഞോളാം അല്ലെങ്കിൽ വിറ്റിട്ട് മറ്റൊരിടത്തേക്ക്.. !

‘പറമ്പിന്റെ മണ്ണ് കൂടിയ മൂലയിൽ തനിക്ക് പ്രസവിക്കാൻ ഒരിടം മണ്ണ് മാന്തിയുണ്ടാക്കിയിരുന്ന പ ട്ടി യന്ത്രകൈകൾ തന്റെ പ്രസവിച്ചു കിടക്കാനുള്ള ഇടവും മാന്തിയെടുത്തപ്പോൾ അപ്പുറത്തെ പറമ്പിലേക്ക് പോയിരുന്നു..പക്ഷികളും പാമ്പും പൂച്ചയുമെല്ലാം പലയിടത്തേക്കും പോയി എല്ലാവർക്കും പലതും നഷ്ടപ്പെട്ടപ്പോൾ ദീപ എന്തൊക്കെയോ തിരികെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. അവളാ മണ്ണിൽ പോയിരുന്നു കുഴിമാടമെങ്കിലും ബാക്കിയാകാൻ ഒരു തുണ്ട് ഭൂമിയെങ്കിലും രണ്ടിറ്റ് നീർ തുള്ളികൾ ഇറ്റു വീണത് അമ്മയെ അടക്കിയ ഇടത്ത് തന്നെയായിരുന്നു….!!

************

സ്നേഹത്തോടെ അബ്ദുള്ള മേലേതിൽ