പിന്നെ ഊർന്നിറങ്ങുന്ന മഴത്തുള്ളിയോടൊപ്പം അവനെ ചേർത്തുപിടിക്കുമ്പോൾ അവളുടെയും അവന്റെയും നിറഞ്ഞ കണ്ണുകളിൽ…

എഴുത്ത്: മഹാ ദേവൻ

==================

അന്ന് ആ ജനാലകൾക്ക് പുറത്ത് പെയ്യുന്ന മഴക്ക് വല്ലാത്ത ഹുങ്കാരമായിരുന്നു.
ഇരുട്ടിനെ കീറിമുറിച്ച് കൂട്ടിമുട്ടി നിലത്തിറക്കി വെട്ടുന്ന മിന്നല്പിണരുകൾക്ക് വല്ലാത്തൊരു ഭീകരതയായിരുന്നു. തുള്ളിക്കൊരുകുടം പോലെ പെയ്യുന്ന മഴയിലേക്ക് മിഴിനട്ടിരിക്കുന്ന അവളുടെ കണ്ണുകളിൽ വല്ലാത്തൊരു പ്രതീക്ഷയുണ്ടായിരുന്നു.. !

പെട്ടന്ന് വീശിയടിച്ച കാറ്റിൽ തൊടിയിലെവിടെയോ ഒരു മരം കടപുഴകി വീഴുന്ന ശബ്ദത്തിൽ ഭയം മനസ്സിനെ പൊതിയവേ ആ കാറ്റിനൊപ്പം ഉള്ളിലേക്ക് തെറിച്ച മഴത്തുള്ളികൾ ഒരു തണുപ്പിനൊപ്പം അവളെ ചേർത്തുപിടിക്കുമ്പോൾ ആ കാറ്റിനെ ചെറുക്കാനെന്നോണം ജനലഴികൾ തനിയെ ചേർന്ന് അടഞ്ഞിരുന്നു… !

അതേ സമയം അവളെയും കാത്ത് പുറത്ത് അവനുണ്ടായിരുന്നു..കാത്തിരിക്കുമെന്ന് അറിയാവുന്നത് കൊണ്ട് അവളിലെ ആ പ്രതീക്ഷ അവനിലും ഉണ്ടായിരുന്നതിനാൽ തന്നെ ആർത്തലച്ചുപെയ്യുന്ന മഴയെ വകവെക്കാതെ പ്രണയിനിക്ക് വേണ്ടി കാത്തിരിക്കുമ്പോൾ അകത്ത്‌ അവന്റെ ഒരു വിളിക്കായ് അവളും കാതോർത്തിരിക്കുകയായിരുന്നു.. “

” മായാ.. “

മഴയെ പോലും നിശ്ചലമാകുമാറുള്ള അവന്റെ ഉച്ചത്തിലുള്ള വിളി കാതുകളിൽ ഒരു പ്രണയശ്വാസം പോലെ തരളിതമായി തലോടിയപ്പോൾ അവൾ ആ വിളി ഒന്ന് കേൾക്കാൻ കാത്തിരുന്ന പോലെ മഴയിലേക്കോടിയിറങ്ങി..പിന്നെ ഊർന്നിറങ്ങുന്ന മഴത്തുള്ളിയോടൊപ്പം അവനെ ചേർത്തുപിടിക്കുമ്പോൾ അവളുടെയും അവന്റെയും നിറഞ്ഞ കണ്ണുകളിൽ നിന്ന് ഊർന്നിറങ്ങിയ കണ്ണുനീർ മഴത്തുള്ളികൾക്കൊപ്പം ഒരു കടൽ ലക്ഷ്യയാക്കി ഒഴുകിത്തുടങ്ങിയിരുന്നു.. !

” മായാ… നിനക്കീ യാത്ര വേണ്ടെന്ന് വെക്കാമായിരുന്നു.. ഒരിക്കലും നിനക്ക് മുന്നിൽ ഒരു സങ്കടമായി ഞാൻ വരികയുമില്ലായിരുന്നു. ഒറ്റപ്പെട്ടുപോയ എന്റെ ലോകത്തേക്ക് ഒരിക്കലും നിന്നെ കൈപിടിച്ച് ചേർത്തുനിർത്താൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഞാൻ എന്റേതായ ഒരു ലോകത്തേക്ക് നിന്നോട് പോലും യാത്ര പറയാതെ, നിന്റെ പ്രതീക്ഷകൾക്ക് തടസ്സം നിൽക്കാതെ ഒഴിഞ്ഞുമാറിയത്..

പക്ഷേ, അപ്പോഴും നീ എന്നെ തോൽപ്പിച്ചുകളഞ്ഞല്ലോ മായ..സ്നേഹം കൊണ്ട്…..അല്ലെങ്കിൽ ആത്മാർത്ഥപ്രണയത്തിന്റെ വിശ്വാസം കൊണ്ട്….ഇനി ഒരു പിന്മാറ്റം നിനക്കും എനിക്കുമില്ലെന്ന് അറിയാം.. എങ്കിലും ഇപ്പോഴും ഞാൻ കൊതിക്കുന്നു, നീ നിന്റെ ആ വീട്ടിലെ അകത്തളത്തിനുള്ളിലെ സന്തോഷം നിറഞ്ഞ ജീവിതസ്വപ്നങ്ങളിലേക്ക് ചേക്കേറിയിരുന്നെങ്കിൽ എന്ന് “

നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് അവൻ പറഞ്ഞ വാക്കുകൾ അവളുടെ കണ്ണുകൾക്ക് ഒരു പെരുമഴക്കാലമാണ് സമ്മാനിച്ചത്.

” എന്തിനാണ് ജീവൻ ഇനി ഇങ്ങനെ ഒരു ആഗ്രഹം… നിനക്കും എനിക്കുമിടയിൽ ഇപ്പോൾ ഒരു നിശ്വാസത്തിന്റെ ദൂരം മാത്രമേ ഉളളൂ.. അങ്ങനെ ആവാനാണ് ഞാൻ കൊതിച്ചതും.

പക്ഷെ, അവസാനമായി കണ്ടപ്പോഴും, നിന്റെ കൂടെ ഒരുപാട് സമയം ചിലവഴിച്ചപ്പോഴും, നിന്റെ നെഞ്ചിൽ ഇതുപോലെ ചേർന്നു കിടന്നപ്പോഴും നീ പറഞ്ഞില്ല ജീവൻ നീ ഒരു യാത്രക്ക് ഒരുങ്ങുകയാണെന്ന്..എന്റെ സ്വപ്നം.. അതെന്നും നീ ആയിരുന്നു ജീവൻ..നീ ഇല്ലാതെ എനിക്കെന്ത് സ്വപ്നം.. ! എനിക്കെന്ത് ജീവിതം… !ഇതുപോലെ നിന്റെ കൈകോർത്തു പിടിച്ചു നിൽക്കാനാണ് ഞാൻ കൊതിച്ചത്…!ഇതുപോലെ നിന്റെ നെഞ്ചിൽ മയങ്ങാനാണ് ഞാൻ ആഗ്രഹിച്ചത്… !”

അത് പറയുമ്പോൾ അവനെ ഒരിക്കലൂം നഷ്ടപ്പെടുത്താൻ കഴിയാത്ത പോലെ അവന്റെ നെഞ്ചിലേക്ക് കൂടുതൽ പറ്റിച്ചേരുകയായിരുന്നു അവൾ.

ആ നിമിഷങ്ങളിൽ അലിഞ്ഞുകൊണ്ട്, ആർത്തലച്ചു പെയ്യുന്ന മഴയോടൊപ്പം അവളുടെ കൈപിടിച്ചവൻ മുന്നോട്ട് നടക്കുമ്പോൾ അവർക്കൊപ്പമെത്താത്ത ഒരു നിലവിളി ആ വീടിന്റ അകത്തളങ്ങളിൽ നിന്ന് കേൾക്കാമായിരുന്നു.

മഴക്കൊപ്പം അലിഞ്ഞചേർന്ന നിലവിളിയിൽ ആ വീട് മൊത്തം വിറങ്ങലിച്ചുനിൽക്കുമ്പോൾ മാറി നിന്നുള്ള സംസാരങ്ങൾക്കിടയിൽ ആരോ പറയുന്നുണ്ടായിരുന്നു,

” എന്ത് ചെയ്യാം.. ആ കുട്ടിക്ക് അങ്ങനെ ഒരു പൊട്ടബുദ്ധി തോന്നി.. ഇനി പറഞ്ഞിട്ട് എന്ത് കാര്യം പോയവർ പോയില്ലേ.. ” എന്ന്..

അത് കേട്ട് നിൽക്കുന്ന വേറെ ഒരാൾ അതോടൊപ്പം പറയുന്നുണ്ടായിരുന്നു,

” പെണ്ണിനെ സ്നേഹിച്ചിരുന്ന ചെക്കൻ ഇന്ന് ഒരു ആക്സിഡന്റിൽ മരിച്ചത്രേ.. അപ്പൊ മുതൽ പെണ്ണ് റൂമിൽ വാതിലടച്ചുകൊണ്ട് ഒറ്റ ഇരിപ്പായിരുന്നു. പല വട്ടം വിളിച്ചിട്ടും മറുപടി ഒന്നും കാണാതായപ്പോൾ ഇടിച്ചു തുറന്നതാ..ഫാനിൽ കുരുക്കിട്ട് അവൻ അവൾക്ക് വാങ്ങിക്കൊടുത്ത ഷാളിൽ ആണത്രേ…..എന്റെ ചെയ്യാം.. അത്രേ ആയുസ്സ് പെണ്ണിന് ദൈവം കൊടുത്തിട്ടുള്ളൂ എന്ന് കരുത്തുകയല്ലാതെ എന്ത് ചെയ്യാൻ… “

ആ വാക്കുകൾക്കൊപ്പം ദീർഘനിശ്വാസങ്ങൾ കൂട്ടിമുട്ടുമ്പോൾ പിന്നാമ്പുറത്തുള്ള തൊടിയിൽ ആ മഴക്കൊപ്പം മണ്ണടിഞ്ഞ മാവിനെ ആരൊക്കെയോ വെട്ടിയൊതുക്കുന്നുണ്ടായിരുന്നു.

ഒരു പ്രണയത്തിന്റ അവശേഷിപ്പിനെ ദഹിപ്പിച്ച് ഒരുപിടി ചാരമാക്കാനായി.. !

✍️ദേവൻ