മകനോട് അങ്ങനെ പറഞ്ഞതിന് ശേഷം മകന്റെ മുഖത്തും പെരുമാറ്റത്തിലും ഉണ്ടായ മാറ്റങ്ങൾ…

Story written by Abdulla Melethil

==================

“ഞാനെന്റെ ഇപ്പോഴത്തെ ബൈക്ക് മാറ്റി പുതിയൊരു ബൈക്ക് എടുക്കട്ടെ എന്ന് മകൻ ചോദിക്കുമ്പോൾ പതിവ് പോലെ പുറകിൽ ചെറിയൊരു പിന്തുണയുമായി ഭാര്യയും നിന്നിരുന്നു..

‘സലിയുടെ കല്ല്യാണം കഴിഞ്ഞ കടം തന്നെ മുഴുവൻ വീടിയിട്ടില്ല പോരാത്തതിന് ഇപ്പോഴത്തെ ബൈക്കിന് ഒരു കേടുമില്ലല്ലോ..ഒപ്പമുള്ള ചെങ്ങായിമാരൊക്കെ പല കളിയും കളിക്കും അവരുടെ വാപ്പമാര് ഗൾഫിലാണ് ഞാൻ ഒരു കൂലി പണിക്കാരനും നിനക്ക് കംബ്യൂട്ടർ പഠിപ്പിക്കാൻ പോയാൽ എന്താ കിട്ടുക എന്ന് നിനക്കറിയാല്ലോ..?

‘നമ്മുടെ കടങ്ങളൊക്കെ വീടട്ടെ എന്നിട്ട് നമുക്ക് ഇപ്പോഴത്തെ മാറ്റിയിട്ട് പുതിയ മോഡൽ എടുക്കാം..

‘കഴിയുന്നതും ശബ്ദം മയപ്പെടുത്തി മകനോടും ഭാര്യയോടുമായി അങ്ങനെ പറഞ്ഞ ശേഷം അബു കൈകോട്ടുമായി വാര്യത്തേക്ക് പണിക്ക് പോയി..

‘വാര്യത്തെ പറമ്പ് കൊത്തി കിളക്കുന്നതിനടയിൽ തുണക്കാരൻ ചങ്ങനോട് ഇപ്പോഴത്തെ കുട്ടികളുടെ കാര്യങ്ങൾ പറഞ്ഞപ്പോൾ ചങ്ങനും ശരി വെച്ചു പണ്ടത്തെ കാലമല്ല ചെക്കന്മാരൊക്കെ തോന്നിയ പോലെയാണ്..

‘ആറ് മാസം തികച്ചായിട്ടില്ല പുതിയ ജോലിക്ക് മകൻ പോയി തുടങ്ങിയിട്ട് ആദ്യ മാസം ശമ്പളം കിട്ടിയത് കൊണ്ടും ബാക്കി കടം പറഞ്ഞും പുതിയൊരു ഫോണുമായി മകൻ കയറി വന്നപ്പോൾ ഉള്ളൊന്നു കാളിയെങ്കിലും പുറത്തേക്ക് കാട്ടിയില്ല പുതിയൊരു കുറി കൂടിയിരുന്നു വിളിച്ചെടുക്കാൻ അടക്കാൻ മകനിൽ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നതാണ്..

‘മകളുടെ കല്യാണത്തിന് സ്വർണ്ണം എടുത്തത് പകുതിയിലേറെ കടം പറഞ്ഞു കൊണ്ടായിരുന്നു ജാമ്യം നിൽക്കാൻ ബാവ ഹാജിയുടെയും മെമ്പർ കുഞ്ഞിപ്പയുടെയും കൈയ്യും കാലും പിടിക്കുന്ന കൂട്ടത്തിൽ ചൂണ്ടി കാണിച്ചത് മകനെയായിരുന്നു ഞാനില്ലെങ്കിലും അവൻ നിവൃത്തിക്കും..

‘ഫോണിന്റെ കടം തീരുമ്പോഴേക്കും ബൈക്ക് എടുത്തതും തന്നോട് സമ്മതം ചോദിച്ചിട്ട് ആയിരുന്നില്ല മുറ്റത്ത് പുതിയൊരു ബൈക്ക് ഇരിക്കുന്നത് കണ്ടപ്പോൾ ഭാര്യയോട് ചോദ്യഭാവത്തിൽ നോക്കിയപ്പോൾ അവൾ അഭിമാനത്തോടെ പറഞ്ഞു നിഹാൽ എടുത്തതാണ് കുറച്ചു പൈസ കൊടുത്തു ബാക്കി അടവാണ്..!

‘അന്നും നെഞ്ചോന്ന് കാളി ഭാര്യയോട് സമ്മതം ചോദിച്ച ശേഷം രണ്ട് പേരും അറിഞ്ഞിട്ട് എടുത്തതാണെന്നും മനസ്സിലായപ്പോൾ അതിനെ കുറിച്ചൊന്നും മിണ്ടാൻ പോയില്ല..

‘എന്നാൽ ഇനിയും മിണ്ടതിരുന്നിട്ട് കാര്യമില്ലെന്ന് കരുതിയാണ് ഇപ്പോൾ മിണ്ടിയത് മോഡൽ ഇറങ്ങുന്നതിനനുരിച്ചു ബൈക്ക് മാറാൻ ബാവാജിയുടെ മകനല്ലല്ലോ അവൻ കൂലിപ്പണിക്കാരനായ അബുവിന്റെ മകനല്ലേ..

‘അബു തന്റെ വിഷമം കുറച്ചൊക്കെ ചങ്ങനോട് പറയാറുണ്ട് എല്ലാം ശരിയാകുമെന്ന് ചങ്ങൻ സമാധാനിപ്പിക്കും സി ഗരറ്റും കുപ്പിയുമൊക്കെയായി അബുവിന്റെ മകനെ ഒന്ന് രണ്ടിടത്ത് ചങ്ങൻ കണ്ടിട്ടുണ്ടെങ്കിലും അബുവിനോട് പറഞ്ഞിരുന്നില്ല കാരണം മകനിൽ അബുവിന് ഒരുപാട് പ്രതീക്ഷയുണ്ടെന്ന് ചങ്ങനറിയാമായിരുന്നു..

‘മകനോട് അങ്ങനെ പറഞ്ഞതിന് ശേഷം മകന്റെ മുഖത്തും പെരുമാറ്റത്തിലും ഉണ്ടായ മാറ്റങ്ങൾ അബുവിൽ വലിയ വിഷമങ്ങൾ ഉണ്ടാക്കിയിരുന്നു..

‘പണ്ടേ അവന് അടുപ്പം കൂടുതൽ ഉമ്മയോടയിരുന്നു വികൃതി കാട്ടിയാൽ ഉപ്പയുടെ കൈയ്യിൽ നിന്നടി കിട്ടും എന്നുള്ള പല്ലവികളിൽ താനൊരു അടിക്കാരനും അവളൊരു തലോടൽകാരിയുമായി മാറിയിരുന്നു..

‘അടിക്കേണ്ടി വന്നിട്ടില്ല ഇക്കാലയളവിൽ നോട്ടത്തിലും ഒച്ചയിലും നിലക്ക് നിർത്തിയിരുന്നു എന്നാലും ഉപ്പ ഇങ്ങോട്ട് വരട്ടെ ഉപ്പയോട് പറയും എന്നുള്ള പറച്ചിലുകൾ കുറച്ചൊരു അകലം മകനിൽ ഉണ്ടാക്കിയിരുന്നു..

‘ഭക്ഷണം ഞാൻ കഴിക്കുന്നതിന് മുമ്പോ അല്ലെങ്കിൽ ശേഷമോ അവൻ കഴിക്കുന്നത് തന്റെ കൂടെ ഇരിക്കുന്നത് ഒഴിവാക്കാനായിരുന്നു ഇടക്കൊന്നു മുഖത്തേക്ക് നോക്കുമ്പോൾ തന്നോടുള്ള ദേഷ്യം കണ്ണുകളിൽ കാണുന്നത് ഇതെല്ലാം അബു സ്വയം ഉള്ളിലൊതുക്കി..ഭാര്യയോട് പറഞ്ഞാൽ അതോ‌ക്കെ നിങ്ങളുടെ തോന്നലാണ് എന്ന രീതിയിലുള്ള മറുപടിയായിരിക്കും..

‘അതിനിടയിൽ മകളൊന്ന് നിൽക്കാൻ വന്നപ്പോഴാണ് അബുവിന് ഒരു ഉണർവ്വ് കിട്ടിയത് അവൾക്ക് വിശേഷമുണ്ട് മകൾ മറ്റുള്ളവരെ പോലെയായിരുന്നില്ല അവൾ ജ്വല്ലറിയിൽ അടച്ചതും അടക്കാൻ ബാക്കിയുള്ളതും എടുത്ത് നോക്കിയിട്ട് വീട്ടിൽ ചെറിയൊരു ബഹളം ഉണ്ടാക്കിയിരുന്നു..ബൈക്ക് മാറ്റലും ആദ്യ ശമ്പളത്തിൽ ഫോണെടുത്തതും മകൾ പറഞ്ഞു..

‘അന്ന് മകന്റെ ശബ്ദം ഉയർന്നതും അവനിൽ നിന്നുണ്ടായ വാക്കുകളും എന്നിൽ ഭയം നിറച്ചു..

“മക്കളെ ഉണ്ടാക്കിയാൽ മാത്രം പോരാ നോക്കാനും കഴിയണം…!!

‘അന്നെന്തിനാണ് ആദ്യമായി അവനെ അടിക്കാൻ പോയതെന്ന് ഇപ്പോഴും ഒരു പിടിയും കിട്ടുന്നില്ല എന്നെ ഒന്ന് അടിക്കട്ടെ അപ്പോൾ കാണാം എന്ന് മകൻ പറഞ്ഞപ്പോൾ ഞാൻ നോക്കിയത് ഭാര്യയുടെ മുഖത്തേക്കായിരുന്നു നിങ്ങളെന്തിനാ അവനെ അടിക്കാൻ നിൽക്കുന്നതെന്ന ഭാവമാണ് അവൾക്കെന്ന് കണ്ടപ്പോൾ ഒരു വഴിയിലൂടെ ഒഴുകിയ നദികൾ രണ്ടായി ഒഴുകി ആരും കാണാതിരിക്കാൻ പുറത്തേക്കു നടന്നു..

‘ചങ്കിൽ നിന്നാണ് കണ്ണ് നീർ ഉത്പാദിപ്പിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് തൊണ്ടയിൽ പിടിച്ചു നിർത്തുന്ന വിതുമ്പലുകൾ കണ്ണ് നീരായി അരുവികളായി ഇരു വഴിയിൽ ഒഴുകുന്നതാകും..

‘രണ്ട് ദിവസം കഴിഞ്ഞപ്പോൾ മുറ്റത്ത് പുതിയൊരു ബൈക്ക് വന്നു ഏറ്റവും പുതിയ മോഡൽ തന്നെ കുതിര പുറത്ത് ഇരിക്കുന്നത് പോലെയുണ്ട് അതിന്റെ പുറകിൽ ഇരിക്കുമ്പോൾ ഭാര്യ അത്ഭുതത്തോടെ പറഞ്ഞു..എനിക്കും അത്ഭുതമായിരുന്നു ഞാൻ വണ്ടിയെയും ഭാര്യയെയും മകനെയും അത്ഭുതത്തോടെ നോക്കി ഇപ്പച്ചി വരുമ്പോൾ മിട്ടായി കൊണ്ട് വരണം അല്ലെങ്കിൽ ഞാൻ മിണ്ടൂലാ എന്ന് എന്നാണ് അവൻ പരാതി പറയുന്നത് നിർത്തിയത്..

‘വണ്ടി കുഴപ്പമില്ല മോന് ചേരും..എന്ന് മകന്റെ മുഖത്തേക്ക് നോക്കി പറഞ്ഞത് അവനൊന്നു ചിരിക്കുന്നത് കാണാനും എനിക്കവനോട് പരിഭവമില്ല എന്ന് കാണിക്കാനും വേണ്ടിയായിരുന്നു ഞാൻ വല്ലാതെ ഒറ്റപ്പെടുന്നുണ്ട് അവർക്കിടയിൽ ഒരു ഒറ്റ തുരുത്ത് പോലെ അവന്റെ ചിരിയൊന്ന് കാണാൻ ആനയായും പൂച്ചയായും കളിച്ചത് പിന്നെന്തിനായിരുന്നു മക്കളുടെ സന്തോഷത്തിന് മക്കൾ സന്തോഷിക്കട്ടെ..

‘അബു കൈക്കോട്ട് വീടിന്റെ പിന്നാമ്പുറത്ത് കൊണ്ട് വെക്കുമ്പോൾ മകൻ പറയുന്നത് വ്യക്തമായും കേട്ടു ത ന്ത ചീത്ത പറയുമെന്നാണ് കരുതിയത് എന്തോ ഭാഗ്യത്തിന് നല്ല ബുദ്ധി തോന്നിയിട്ടുണ്ട്..

അങ്ങനെയൊന്നും പറയെല്ലെടാ എന്ന് ലാഘവത്തോടെ പറയുന്ന ഭാര്യയുടെ ശബ്ദവും കുളിമുറിയിൽ കയറി തലയിലൂടെ വെള്ളമെടുത്ത് ഒഴിക്കുമ്പോൾ കരയുന്ന ശബ്ദവും കണ്ണ് നീരും വെള്ളത്തിനും വെള്ളം നിലത്ത് വീഴുന്ന ശബ്ദത്തിലും തെങ്ങിൻ ചുവട്ടിലേക്ക് ഒഴുകി പോയി…..!!

*************

സ്നേഹത്തോടെ അബ്ദുള്ള മേലേതിൽ