മിണ്ടാണ്ട് ഇരുന്നോ ചെക്കന്റെ അമ്മക് ഇഷ്ടമായാൽ കല്യണം ഞങ്ങളു നടത്തും. അമ്മയുടെ ശബ്ദത്തിൽ വീട് നിശബ്ദമായി…

മണ്ടിപെണ്ണ്

Story written by Magi Thomas

=================

“മൂന്നാമത്തെ മകളുടെ വിവാഹം ഇന്നെലയായിരുന്നു. ഇന്ന് രാവിലെ രമേശ്‌ തിരിച്ചു ദുബായിലേക് പോയി. ചുരുക്കം പറഞ്ഞാൽ കടമകളൊക്കെ ഒരു വിധം കഴിഞ്ഞു. ഞാൻ…..ഈ വീട്ടിൽ….ഇനി ഒറ്റക്കാ ജാൻസി “

ജാൻസിയോട് വിശേഷങ്ങൾ പറഞ്ഞു നിർത്തിയപ്പോൾ മനസൊന്നു ഇടറി..കണ്ണുകളൊക്കെ നിറഞ്ഞു.

എന്തെ ഇപ്പോൾ ഇങ്ങനെ ഒരു ഫീലിംഗ്?…

…………………………

കോൺവെൻറ് സ്കൂളിലേക്ക് വെള്ളയിൽ നീല പൂക്കളുള്ള സാരിയും..തുളസിക്കതിര് വെച്ച നീണ്ട മുടിയുമായി മന്ദം മന്ദം നീങ്ങുന്ന എന്നെ എനിക്ക് ഓർമവന്നു. സ്കൂളിൽ പോയാലും ഫ്രീ ടൈമിൽ psc പരീക്ഷക്ക്‌ പഠിക്കും. നല്ലൊരു ഗവണ്മെന്റ്ജോലി അതെന്റെ സ്വപ്നമാരുന്നു.

“പെണ്ണിന്ഇക്കൊല്ലം വയസ്സ് ഇരുപത്തിമൂന്നായി. വല്ല ഓർമ്മയുണ്ടോ നിങ്ങൾക്..” അമ്മ പിറുപിറുത്തു.

അതുവരെ പറമ്പിലെ തേങ്ങാടെ കണക്കു കൂട്ടാൻ മാത്രം വിരലുകൾ എണ്ണിയിരുന്ന അച്ഛൻ അന്ന് ആദ്യമായി  കയ്യിൽ വർഷം കൂട്ടി നോക്കി  പറഞ്ഞു

“ശെരിയാ..ഇരുപതിമൂന്ന് “

“ഞാനാ ബ്രോക്കറോട് ഒന്നു വരാൻ പറയാം ഇനിയിവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല..” അമ്മ അടുക്കളയിലേക് പോയി

“പയ്യന്റെ പേരു രമേശൻ. ദുബായിൽ എഞ്ചിനീയർ ആണ്. നാട്ടിൽ അമ്മ മാത്രേ ഉള്ളു. അമ്മ കണ്ടു ഇഷ്ടപ്പെടാൽ ചെക്കൻ വരും, അടുത്ത മാസം കല്യണം..”

അമ്മ കൊടുത്ത സംഭാരം വലിച്ചു കുടിച് ബ്രോക്കർ പറഞ്ഞു.

അച്ഛനും അമ്മയും ഏതാണ്ട് ഉറപ്പിച്ച മട്ടാണ്.

രാത്രി അത്താഴം കഴിക്കുമ്പോൾ ഞാൻ പറഞ്ഞു.

“അച്ഛാ എനിക്ക് psc എഴുതണം.”

“Psc എഴുതി കളക്ടർ ആകാൻ പോവല്ലേ ഒന്നു പോ കൊച്ചേ..മിണ്ടാണ്ട് ഇരുന്നോ ചെക്കന്റെ അമ്മക് ഇഷ്ടമായാൽ കല്യണം ഞങ്ങളു നടത്തും” അമ്മയുടെ ശബ്ദത്തിൽ വീട് നിശബ്ദമായി.

വിവാഹം കഴിഞ്ഞു രമേശ്‌ ദുബായിലേക് പോയി. അമ്മക്കു കൂട്ടായി തന്നെ നാട്ടിൽ നിർത്തി.

പിന്നീട് അയാളുടെ ഓരോവരവിനും ഓരോ പെൺകുഞ്ഞുങ്ങളെ സമ്മാനിച്ചു അയാൾ മടങ്ങി…

മൂന്നാമത്തെ പ്രസവം കഴിഞ്ഞു വീടിനു പോരുമ്പോൾ അമ്മ പറഞ്ഞു

“ഇനി നിർത്തിക്കോ നീയാകെ കോലം കെട്ടു. “

മക്കൾ വളർന്നു പഠിച്ചു..മക്കൾ കുറച്ചു വലുതായപ്പോൾ വീണ്ടും ചോദിച്ചു ഞാൻ ഇനി പഠിക്കട്ടെ പരിക്ഷ എഴുതിക്കോട്ടെ??

“എന്താ ഞാൻ അയക്കുന്ന ക്യാഷ് തികയുന്നില്ല എന്നുണ്ടോ? “

മറുവശത്തെ ചോദ്യം കേട്ടപ്പോ ആഗ്രഹങ്ങൾക് പൂട്ടിട്ട് താക്കോൽ മനസ്സിൽ വെച്ചു. എന്നാലും സ്വന്തം മനസിനെ ബോധിപ്പിക്കാൻ എന്നും പുസ്തകങ്ങളിൽ കണ്ണോടിച്ചു.

അമ്പതുകളിൽ ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെ പ്രഷറും ഷുഗറും കൂട്ടിനു വന്നു.അപ്പോൾ തോന്നി മക്കളെയൊക്കെ വേഗം പറഞ്ഞയക്കണം.

വർഷങ്ങൾ കടന്നു പോയി അമ്മ പോയി അച്ഛൻ പോയി രമേശിന്റെ അമ്മയും പോയി…

മക്കൾ ഓരോന്നായി വിവാഹം കഴിഞ്ഞപ്പോൾ തലയിലെ മുടികളൊക്കെ നരച്ചു തുടങ്ങി.

“ഇനി നാട്ടിൽ നിന്നൂടെ “എന്ന് ചോദിച്ചപ്പോൾ ഇവിടുത്തെ ക്ലൈമറ്റ് എനിക്ക് തീരെ പിടിക്കുന്നിയില്ലെന്നു രമേശ്‌..

…………………………

“നീയൊരു മണ്ടിയാ നിന്നോട് അന്നേ ഞാൻ പറഞ്ഞതാ രമേശിന്റെ  കൂടെ പോയില്ലേൽ നിന്റെ ജീവിതം ഇവിടെ തീരും എന്ന്.” ജാൻസി പതിവ് പല്ലവി ആവർത്തിച്ചു.

“മം ” ഞാൻ ഫോൺ കട്ടാക്കി.

കുറെ നാളായി കേൾക്കുന്നു. മണ്ടിപെണ്ണ്!

നാട്ടുകാരെ പേടിച്ചു വീട്ടുകാര് പിടിച്ചു കെട്ടിച്ച മണ്ടിപെണ്ണ്!

അതെ നാട്ടുകാർ എന്ത് പറയും എന്നുപേടിച്ചു ഭർത്താവിന്റെ അമ്മക് കൂട്ടുനിന്ന മണ്ടിപെണ്ണ്!

അതെ നാട്ടുകാരെ പേടിച്ചു മക്കളെയൊക്കെ നേരത്തെ കെട്ടിച്ചു ഒറ്റക്കായിപ്പോയ മണ്ടിപെണ്ണ്!

ചില ജീവിതങ്ങൾ അങ്ങനെ ആണ്. വിധി അല്ലാതെന്താ???

കഥ അവസാനിച്ചു എന്ന് കരുതിയോ

“അല്ല എന്റെ വിധി എന്റെ തീരുമാനങ്ങൾ ആണ് “

********************************

“ശ്രീലത ടീച്ചറിന്റെ വീട്ടിലെ കോച്ചിംഗ് ആദ്യ ബാച്ചിലെ അഞ്ചിൽ മൂന്ന് പേർ LDC പട്ടികയിൽ “

പത്രത്തിൽ വാർത്തയോടൊപ്പം തന്റെ ചുവന്ന സാരിയുടുത്ത ഫോട്ടോയും ഉണ്ട്.”

തനിക്കിനി ഒന്നും ചെയ്യാനില്ലെന്നു തോന്നി ഇരിക്കുമ്പോളാണ് എന്തുകൊണ്ട് താൻ ഇത്രയും വർഷം പഠിച്ചതൊക്കെ കുട്ടികൾക്കു പറഞ്ഞു കൊടുത്തുകൂടാ എന്ന ആശയം തോന്നിയത്.

എന്നാൽ ഇപ്പോൾ കാലം ഇത്രേം ആയില്ലേ എന്ന് തോന്നി. എന്നിട്ടും ഒന്നു നോകാം എന്ന് കരുതി. ഒരു മാസം കൊണ്ട് പുതിയ സില്ലബസും എക്സാം രീതികളും പഠിച്ചെടുത്തു. കുറെ ഹോംവർക് ചെയ്തു. മനസ്സിൽ ഒരു ധൈര്യം തോന്നി തുടങ്ങി…

പിന്നെ ഒന്നും നോക്കിയില്ല വടക്കേലെ അമ്മിണിയെ വിളിച്ചു ടെറസ് വൃത്തിയാക്കിച്ചു. ടെറസിൽ ഷീറ്റ് ഇട്ടിട്ടുണ്ട്. തോമസിന്റെ furniture കടയിൽ നിന്നും പത്തു കസേര പറഞ്ഞു എടുപ്പിച്ചു. പിന്നെ ഒരു ബോർഡും ഫിക്സ് ആക്കി..അറിയാവുന്നവരോടൊക്കെ കാര്യം പറഞ്ഞു. ഫ്രീ ആയി psc കോച്ചിംഗ് കൊടുക്കുന്നു.

ആദ്യത്തെ രണ്ടാഴ്ച ഈച്ച പോലും വന്നില്ല.

പിന്നെ ഒരു കുട്ടി കാര്യം അറിഞ്ഞു വന്നു. രമ്യ!

അവൾക് പഠിക്കാൻ നല്ല മോഹമുണ്ട്. വീട്ടിൽ അതിനുള്ള വകയില്ല. രമ്യക് ക്ലാസ്സ്‌ ഇഷ്ടപ്പെട്ടു പിറ്റേന്ന് അവൾ വന്നപ്പോൾ കൂടെ രണ്ടുപേരുടെ ഉണ്ട്. മൂന്നു പേരെ കിട്ടിയപ്പോൾ എന്റെ ഇന്റെരെസ്റ്റ്‌ അങ്ങ് കൂടി. ക്ലാസ്സിൽ അഞ്ചു പേരായപ്പോൾ ഞാൻ അവരെ ഫസ്റ്റ് ബാച്ച് ആയി പ്രഖ്യാപിച്ചു.

നന്നായി പഠിപ്പിച്ചു…

മാസങ്ങൾ കഴിഞ്ഞപ്പോൾ കുട്ടികൾ കൂടി പല പല ബാച്ചുകൾ ആക്കി. അങ്ങനെ പരീക്ഷകൾ നടന്നു…

ഒടുവിൽ എന്റെ ആദ്യത്തെ ബാച്ചിന്റ റിസൾട്ട്‌!

അതെ എന്റെ കുട്ടികൾ പാസ്സായി. ഒരു ഇരുപതിമൂന്നുകാരിയുടെ നടക്കാതെ  പോയ സ്വപ്നം ഞാൻ ഇവിടെ നേടിയിരിക്കുന്നു.

വാർത്തകണ്ട് ഒരുപാട് പേർ വിളിച്ചു. മെസ്സേജ് അയച്ചു ചിലർ. ചിലർ കത്തുകൾ അയച്ചു. എല്ലായിടത്തു നിന്നും അഭിനന്ദനങ്ങൾ.

എനിക്കിപ്പോൾ നല്ല സന്തോഷം തോന്നുന്നുണ്ട്. എന്റെ വിധി ഞാൻ തീരുമാനിച്ചു.

………………………………

രമേശ്‌ ഇന്ന് ഒരുപാട് സംസാരിച്ചു. വെക്കാറായപ്പോൾ ഒരു ചോദ്യം “നാട്ടിൽ ഇപ്പോൾ ക്ലൈമറ്റ് എങ്ങനെ ഉണ്ട്..ഞാൻ നാട്ടിൽ settle ആയാലോന് ആലോചിക്കുക “

“നാട്ടിൽ ഇപ്പൊ ക്ലൈമറ്റ് തീരെ മോശമാ…” ഞാൻ ചിരിച്ചു.

ഫോൺ കട്ട്‌ ചെയ്തപ്പോൾ ജാൻസിയുടെ മെസ്സേജ്

“അഭിനന്ദങ്ങൾ! എന്നാലും “മണ്ടിപെണ്ണേ” നിനക്ക് ഈ ബുദ്ധി നേരത്തെ തോന്നിയില്ലല്ലോ??”

എന്നാലും എന്റെ ജാൻസി നീ നന്നവില്ലല്ലേ..!!!! മനസ്സിൽ ഓർത്തപ്പോൾ പിള്ളേര് വിളിക്കുന്നു….

“ടീച്ചറെ വാ ഇത്തവണ psc കിട്ടിയില്ലേൽ അപ്പൻ കെട്ടിച്ചു വിടും “

ക്ലാസ്സ്‌ മുറിയിൽ ചിരി മുഴങ്ങിയപ്പോൾ ഞാനാ പഴയ ശ്രീലതയായി മാറുകയായിരുന്നു.

~മാഗി തോമസ്