വർഷങ്ങൾക്ക് മുമ്പ് ദീപാരാധാന തൊഴാൻ ക്ഷേത്രത്തിൽ ഭാനു എത്തിയാൽ ഒരു നോട്ടം കാണാൻ…

പ്രണയം….ഒരു കൊച്ചു കഥ….

Story written by Suresh Menon

===============

“യാത്രക്കാരുടെ ശ്രദ്ധക്ക്…എറണാകുളം ആലുവ വരാപ്പുഴ കൊടുങ്ങല്ലൂർ വഴി ഗുരുവായൂർക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ സ്റ്റേഷന്റെ തെക്ക് വശത്ത് പാർക്ക് ചെയ്തിട്ടുണ്ട്…പത്തേ പത്തിന് പുറപ്പെടുന്ന ബസ്സിൽ ഗുരുവായൂർക്കുള്ള യാത്രക്കാർ കയറേണ്ടതാണ് “

വീൽ ചെയറിലിരിക്കുന്ന ഭാനുമതിയുടെ പിറകിൽ നിന്നുകൊണ്ട് കൊച്ചുമകൻ നവനീത് ഉറക്കെ വിളിച്ചു പറഞ്ഞു. അത് കേട്ട് ഭാനുമതി ചിരിച്ചു.

ഭാനുമതിയുടെ 60-ാം പിറന്നാൾ ആഘോഷിക്കാൻ എത്തിയതാണ് മകൻ ദേവനും ഭാര്യയും മകൾ  ദേവികയും ഭർത്താവ് പ്രമോദും ഭാനുമതിയുടെ അനുജത്തി ഭാമയും കുടുംബവും ഭാനുമതിയുടെ ഭർത്താവ് ഗോപിനാഥന്റെ അമ്മയും പിന്നെ ചില സുഹൃത്തുക്കളും….

“എല്ലാവരും വരു .വണ്ടി വിടാറായി….”

വീൽചെയറിന്റെ പിറകിലുള്ള  രണ്ടു  പിടികളും മുറുകെ പിടിച്ച് നവനീത് ഉറക്കെ വിളിച്ചു പറഞ്ഞു. ഭാനുമതിക്ക് ചിരിയടക്കാനായില്ല..

“വരു വരു… വണ്ടി വിടാറായി” നവനീതിന്റെ വിളി കേട്ട ഗോപിനാഥൻ എല്ലാരോടുമായി പറഞ്ഞു. എല്ലാവരും അത് കേട്ട് ലിവിങ്ങ് ഹാളിലേക്ക് വന്നു.

“മുത്തശ്ശാ..ഞാൻ ഡ്രൈവർ, മുത്തശ്ശൻ കണ്ടക്ടർ. “

“ശരി” ഗോപിനാഥ് തലയാട്ടി.

നവനീത് പോക്കറ്റിൽ നിന്ന് കുറച്ച് കടലാസ് എടുത്ത് ഗോപിനാഥിന്റെ കയ്യിൽ കൊടുത്തു.

“മുത്തശ്ശാ ഇതൊക്കെ ടിക്കറ്റ് ആണ് കെട്ടൊ….”

“അച്ഛനും അമ്മക്കും ഇടപ്പള്ളി ലുലു വരെയുള്ള ടിക്കറ്റ് കൊടുത്താൽ മതി “

നവനീത് ഗോപിനാഥിനോടായി പറഞ്ഞു.

“അതെന്താടാ നിന്റെ അച്ഛനും അമ്മയും ഗുരുവായൂർ ക്ക് വരുന്നില്ലെ”

“ഏയ് അവര് ലുലുവിൽ ഇറങ്ങി നല്ല ഐസ് ക്രീം ഒക്കെ മേടിച്ച് ഗുരുവായൂരിൽ എത്തിക്കോളും “

അത് കേട്ട എല്ലാവരും പൊട്ടിചിരിച്ചു …

“ങ്ങാ എല്ലാരും കമ്പിയിൽ പിടിച്ചൊ…വണ്ടി വിടാൻ പോകുന്നു മുത്തശ്ശാ ബല്ലടിക്കു “

കണ്ടക്ടർ ബല്ലടിച്ചു. നവനീത് വീൽ ചെയർ മുമ്പോട്ടെടുത്തു. ആവണ്ടി മുന്നോട്ട് നീങ്ങി….

ഇന്ന് ദേവനന്ദനം എന്ന വീട്ടിൽ ഗോപിനാഥന്റെ ഭാര്യയായ ഭാനുമതിയുടെ അറുപതാം പിറന്നാളാണ്. നെറ്റിയിൽ വലിയ പൊട്ടുള്ള നിറയെ മുടിയുള്ള ആരും കാണാൻ കൊതിക്കുന്ന പുഞ്ചിരിയുള്ള  ഭാനുമതിയുടെ….ഗോപിനാഥന്റെ ഭാനുമതിയുടെ….

വർഷങ്ങൾക്ക് മുമ്പ് ദീപാരാധാന തൊഴാൻ ക്ഷേത്രത്തിൽ ഭാനു എത്തിയാൽ ഒരു നോട്ടം കാണാൻ…ഒരു നോട്ടം കിട്ടാൻ…ഒന്ന് ആ മനസ്സിൽ കയറി പറ്റാൻ…യുവാക്കളുടെ നീണ്ട നിരയായിരുന്നു…എന്നാൽ വിപ്ലവ വീര്യം ചോർന്ന് പോകാത്ത പ്രസംഗങ്ങളിലൂടെ….തീപാറുന്ന കൊച്ചു കൊച്ചു കവിതകളിലൂടെ…..ഭാനുമതിയുടെ മനസ്സിൽ ഇടം നേടിയത് കോളേജിലെ യൂണിയൻ ചെയർമാൻ ഗോപിനാഥായിരുന്നു….

ജാതിയിൽ ഈ ഴ വനായ ഗോപിനാഥനെ സ്വീകരിക്കാൻ ആ കാലത്ത് പേരെടുത്ത ചിറ്റേയം തറവാട്ടുകാർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു. ഭീരുക്കളെ പോലെ ഒളിച്ചോടി പോകാൻ തയ്യാറല്ലായിരുന്നു ഗോപിനാഥനും ഭാനുമതിയും…അത് കൊണ്ടു തന്നെ ആരെയും ഭയക്കാതെ ചിറ്റേയത്ത് കയറിചെന്ന് ഭാനുവിനെ കൈപിടിച്ച് ഇറക്കി കൊണ്ടു പോന്നപ്പോൾ ആ നെഞ്ചുറപ്പിനൊപ്പം നിന്നും അവിടുത്തെ നാട്ടുകാർ…അത്രക്ക് ഇഷ്ടമായിരുന്നു അവർക്ക് ഗോപിയേട്ടനേയും ഭാനു ഏടത്തിയെയും….

“എന്താ വല്ലാത്തൊരാലോചന “

ഉച്ച സദ്യ കഴിഞ്ഞ് തൂണും ചാരി വീൽചെയറിന്റെ അടുത്ത് കണ്ണടച്ചിരിക്കുന്ന ഗോപിനാഥന്റെ മുഖത്ത് നോക്കി ഭാനുമതി ചോദിച്ചു…

“ഏയ് ഒന്നൂല്യ ഞാനാലോചിക്കയായിരുന്നു എത്ര പെട്ടെന്നാ കാലം പോണത്….നിനക്കിന്ന് അറുപതായി “

“ഗോപിയേട്ടന്  64….”

“അതിനെന്താടീ ഇപ്പഴും നാൽപ്പത്തി എട്ടിൽ കൂടുമൊ എന്നെ കണ്ടാൽ “

ഭാനുമതി കുലുങ്ങി ചിരിച്ചു. ഗോപിനാഥൻ തനിക്കേറ്റവും ഇഷ്ടപെട്ട ആ മനോഹരമായ പുഞ്ചിരി താടിക്ക് കൈ കൊടുത്ത് നോക്കിയിരുന്നു…

എന്നും പുഞ്ചിരിച്ച് ആ വീട്ടിലും പറമ്പിലും മിറ്റത്തും ഓടി നടന്ന ഭാനുമതി ഒരു ദിവസം രാവിലെ എഴുന്നേൽക്കാൻ കഴിയാതെ കണ്ണു തുറിച്ച് കിടന്ന ആ നിമിഷം….അപ്രതീക്ഷിതമായി കയറി വന്ന സ്ട്രോക്ക് ഭാനുവിനെ തളർത്തി. ഒട്ടും സമയം കളയാതെ ആശുപത്രിയിൽ എത്തിച്ചതിനാൽ സംസാരശേഷിയും കൈകൾക്ക് ബലവും ലഭിച്ചെങ്കിലും അരക്ക് കീഴെ വലത് വശം തളർന്നു പോയി.

എങ്കിലും ഇപ്പോഴും ഡോക്ടർമാർ ഉറപ്പു നൽകുന്നു കൂടിപ്പോയാൽ ഒരു വർഷം ഭാനുമതി നടന്നിരിക്കും….അത്രമാത്രം ആത്മവിശ്വാസവും മനധൈര്യവുമായിരുന്നു ഭാനുമതിക്ക്…

“ഞാനെന്തിനാ ഗോപിയേട്ടാ പേടിക്കണെ എന്റെ ഇടവും വലവും നിൽക്കയല്ലെ ഈ ഒരുത്തൻ അത് തന്നെയാ എന്റെ ധൈര്യം “

ഓരോ ദിവസവും ഭാനുവിന് ആത്മധൈര്യം പകർന്നു നൽകുമ്പോൾ ഗോപിനാഥനോട് ഭാനുമതി പറയുന്ന മറുപടിയാണത്…

പിറന്നാളിന്റെ ബഹളം കഴിഞ്ഞപ്പോൾ ഓരോരുത്തരായി പടിയിറങ്ങി. ആ വലിയ വീട്ടിൽ ഗോപിനാഥനും ഭാനുമതിയും മാത്രമായി…ഒരു മുറിയിൽ അവർ രണ്ടു പേരും പഴയ പോലെ..അല്ലെങ്കിൽ അവരുടെ മാത്രമായ ഒറ്റമുറികൾ ആ വീടിൽ തുറന്ന് കിടന്നു…അവിടെ പലപ്പോഴും അവരറിയാതെ അവർ ആ പഴയ ഗോപിനാഥനും  ഭാനുമതിയുമായി മാറുകയായിരുന്നു

പ്രണയത്തിന്റെ ഒരു വരി പോലും ചോർന്നുപോകാതെ ചുണ്ടുകൾ ചുണ്ടുകളോട് സ്വാകാര്യം പറഞ്ഞ ഒരു നാൾ….ഒട്ടും തുളുമ്പി പോകാതെ കണ്ണുകളിലൂടെ പ്രണയത്തിന്റെ ഏഴഴക്  പങ്കു വെച്ച ഒരു നാൾ….ഭാനുമതി ഗോപിയേട്ടന്റെ ചെവിയിൽ ഒന്നു മന്ത്രിച്ചു

“അതേയ് എനിക്കൊരു യാത്ര പോണം”

“നമ്മുടെ കൊച്ചു മോൻ നമ്മെ കൊണ്ടുപോയ പോലെ ഒരു ബസ്സ് യാത്രയായാലൊ ” ഗോപിനാഥൻ തിരിച്ചു ചോദിച്ചു

അല്ലെന്ന് ഭാനുമതി തലയാട്ടി

ഏക പ്രണയത്തിൽ മുഴുവനായും മനസ്സ് മുക്കിവെച്ച ഗോപിനാഥൻ തന്റെ പ്രിയപ്പെട്ട ഭാനുമതിയുടെ വിടർന്ന കണ്ണുകളിലേക്ക് നോക്കി. അവിടെ തെളിഞ്ഞു കിടന്ന അക്ഷരങ്ങൾ ആവർത്തിച്ചാവർത്തിച്ച് വായിച്ച നിമിഷം തന്റെ ബലിഷ്ഠങ്ങളായ കൈകളാൽ വീൽചെയറിലിരുന്ന ഭാനുമതിയെ കോരിയെടുത്തു. ആ വിരിഞ്ഞ മാറിൽ തല ചായ്ച്ച് തന്റെ കൈകൾ ഗോപിനാഥന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച് കൊച്ച് കുട്ടിയെ പോലെ ഭാനുമതി കിടന്നപ്പോൾ ആ ചുണ്ടുകൾ മന്ത്രിച്ചു….

“യാത്രക്കാരുടെ ശ്രദ്ധക്ക്….എറണാകുളത്ത് നിന്ന് ആലുവ വരാപ്പുഴ കൊടുങ്ങല്ലൂർ വഴി ഗൂരുവായൂരിലേക്കുള്ള ഫാസ്റ്റ് പാസഞ്ചർ സ്റ്റേഷൻ വിടുന്നു…”

ഭാനുമതിയെയും കോരിയെടുത്ത് ഗോപിനാഥൻ ആ മിറ്റത്തും പറമ്പിലും വീടിനും ചുറ്റും യാത്ര തുടർന്നു….

മുഴുത്ത ചുകന്ന  റോസാപ്പൂവിന്റെ  പുറമിതളുകൾ അത് കണ്ട് നാണത്താൽ തല കുനിച്ചു. അവിടവിടെയായി പുതിയതായി കിളുർത്ത തളിരിലകൾ അത് കണ്ട് എന്തൊ കിന്നാരം പറഞ്ഞു…അവിടവിടെയായി പെയ്ത ചാറ്റൽ മഴയിൽ വിവസ്ത്രരായി മുട്ടിയിരുമ്മി നിന്ന കിളികൾ അത് കണ്ട് കണ്ണടച്ചു….വേലിയിൽ നിന്ന് ഓന്തുകൾ തല വെട്ടിച്ചു നോക്കിക്കൊണ്ടേയിരുന്നു.

“എനിക്ക് എന്നും ഇങ്ങനെ മതി…തളർന്ന കാലുമായി ഇങ്ങനെ ഈ മാറിൽ ഒട്ടി ചേർന്ന് ഇവിടം മുഴുവൻ യാത്ര ചെയ്യണം….ഇങ്ങനെ ഇങ്ങനെ “

കണ്ണടച്ച് കൊണ്ട് ഭാനുമതി ഗോപിനാഥന്റെ ചെവിയിൽ മന്ത്രിച്ചു….

ചെമ്പരത്തിയും പച്ചിലകളും അരളിയും കാട്ടുമുല്ലയും അതിരിട്ട വേലിക്കരികെ എത്തിയപ്പോൾ ഗോപിനാഥൻ  വിളിച്ചു പറഞ്ഞു

“യാത്രക്കാരുടെ ശ്രദ്ധക്ക്….ഇനി മുതൽ എന്നും ഈ ലിമിറ്റഡ് സ്റ്റോപ്പ് ഇത് വഴി യാത്ര ചെയ്യുന്നതായിരിക്കും… “

അത് കേട്ട് ഭാനുമതി കുലുങ്ങി ചിരിച്ചു. ഗോപിനാഥൻ എന്നും എപ്പോഴും കാണാൻ കൊതിക്കുന്ന ആ ചിരി….