ശിവഹരിയുടെ ചോദ്യം കേട്ട് ആത്മിക ഒന്ന് ഞെട്ടി. ആ ഞെട്ടൽ പുറത്ത് കാണിക്കാതെ ആത്മിക ചിരിച്ചു..

അകലങ്ങളിൽ…..

Story written by Unni K Parthan

====================

“നിന്നേ അങ്ങട് പ്രണയിച്ചാലോ…”

ശിവഹരിയുടെ ചോദ്യം കേട്ട് ആത്മിക ഒന്ന് ഞെട്ടി…ആ ഞെട്ടൽ പുറത്ത് കാണിക്കാതെ ആത്മിക ചിരിച്ചു..

“ബുദ്ധിമുട്ട് ആയാലോ..”

ആത്മിക കണ്ണിറുക്കി കൊണ്ട് ചോദിച്ചു….

“ആർക്ക്..”

“ങ്ങൾക്ക്..”

“ങ്ങേ..അപ്പൊ സമ്മതാണോ..”

“പിന്നെ അല്ലാതെ…” വിട്ടു കൊടുക്കാതെ ആത്മികപറഞ്ഞു..

“നിന്നോട് ആരേലും ഇങ്ങനെ ചോദിച്ചിട്ടുണ്ടോ..”

“എങ്ങനെ..”

“പ്രണയിച്ചോട്ടെ എന്ന്..”

“ഹേയ്..അങ്ങനെ ആരും ഇല്ല…”

“അല്ല മാഷേ..മാഷിന് എന്തേ എന്നോട് ഇങ്ങനെ ഒരു പ്രണയം..”

നിന്റെ ഈ തടി തന്നെ.. “

“ഹ ഹ അടിപൊളി..ഇങ്ങനെ തടിച്ച ആളുകളോട് പ്രണയം തോന്നോ..എന്നെ പോലെ ത ള്ളച്ചിയെ പോലെ ഇരിക്കുന്നവളോട്..” പുഞ്ചിരിയോടെ അവൾ ചോദിച്ചു..

“തടിച്ചവർ അടിപൊളി അല്ലേ..” ശിവഹരി ചിരിച്ചു കൊണ്ട് ചോദിച്ചു..

“ആണോ..”

“പിന്നല്ലാതെ..”

“എന്നാലും തടി മാത്രം ആണോ കാരണം..”

“അല്ല..”

“പിന്നെ..”

“വല്യ പരിചയം ഇല്ലേലും..എന്തോ ഒരുപാട് അറിയാവുന്ന ഒരാളെ പോലെയൊരു..അതിലുപരി എന്നോ പാതിയിൽ നിർത്തി യാത്ര പറയാതെ പോയൊരു പ്രിയപ്പെട്ടവളെ പോലെ തോന്നുന്നു..”

“മാഷേ..എന്റെ കല്യാണം കഴിഞ്ഞതാണേ..

പൊട്ടിച്ചിരിച്ചു കൊണ്ട് ആത്മിക
പറഞ്ഞു..

“അതിന്..” ശിവഹരി ചോദിച്ചു..

“അതിന് ഒന്നുമില്ലേ..” ശിവഹരിയുടെ കണ്ണിലേക്കു നോക്കി കൊണ്ട് അവൾ ചോദിച്ചു..

“നിന്നോട് എന്നെ പ്രണയിക്കാൻ പറഞ്ഞില്ല ലോ ഞാൻ..” ശിവഹരിയുടെ മറുപടി ഇത്തവണ അവളെ ഒന്ന് ഉലച്ചു…

“മ്മ്…അതില്ല.. “

“കാലം ഇന്നലെകളിലേക്ക് തിരിഞ്ഞു നടക്കുമ്പോളാവും..ഒരിക്കലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഇഷ്ടങ്ങളെ കൂടെ ചേർത്ത് പിടിക്കാൻ തുടങ്ങുക..

നഷ്ടങ്ങളുടെ കടലാസ് കണക്കുകൾ പോലെയുള്ള ഇഷ്ടങ്ങൾ..ഇഷ്ടങ്ങളെ തട്ടി തെറിപ്പിച്ചു ക്രൂരത കാട്ടുന്ന ഉത്തരവാദിത്തങ്ങൾ..അതിനെല്ലാം ഉപരി..ജീവിതം കൊണ്ട് കാലം കണക്ക് പറയിക്കുന്ന ഓരോ പുലരിയും..” ശിവഹരി മെല്ലെ പറഞ്ഞു നിർത്തി..

“ഡോ…മനുഷ്യാ..എനിക്ക് നിങ്ങളെ അറിയുക പോലുമില്ല..ദാ…എന്നും ഇങ്ങനെ യാത്ര ചെയ്യുന്നു..ഒരേ സമയം കാണുന്നു..ഒരുപാട് സംസാരിക്കുന്നു..അതിലുപരി നമുക്കിടയിൽ ഒന്നുമില്ല എന്ന് ഞാൻ വിശ്വസിക്കുന്നു..

പക്ഷെ..ഇന്ന് നിങ്ങളുടെ വാക്കുകൾ എവിടെയോ എന്നെ കുത്തി നോവിക്കുന്നു..പറയാറില്ലേ..മുന്നേ അറിയില്ലയെങ്കിലും..അറിഞ്ഞു കഴിയുമ്പോൾ എന്നോ പരിജയമുള്ളവരെ പോലുള്ള ബന്ധങ്ങൾ..ചിലപ്പോൾ പറയില്ലേ മുജന്മ ബന്ധം എന്നൊക്കെ..അങ്ങനെയാവാം..

പക്ഷെ..ഇന്നിന്റെ നാളുകളിൽ നമുക്ക് പരിമിതികളുണ്ട്..ജീവിതമെന്ന വലിയ വിരുന്നുകാരൻ നമുക്ക് നൽകുന്ന പാഠങ്ങൾ ഉണ്ട്..ഉള്ളിൽ ഉണ്ടേലും..ഒരിക്കലും ആരും അറിയാതെ കുഴിച്ചു മൂടുന്ന ഒരുപാട് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്..അതിൽ നമ്മുടെ സ്വപ്നങ്ങൾ ഉണ്ടാവും..സങ്കടമുണ്ടാവും..പ്രണയമുണ്ടാകും..പ്രിയപ്പെട്ട ഇഷ്ടങ്ങളുണ്ടാവും..പക്ഷെ..അതൊക്കെ നാം സ്വയം ഇങ്ങനെ ചങ്ങലക്കിടും അല്ലേ..” പുഞ്ചിരിയോടെ ആത്മിക ചോദിച്ചു..

“മ്മ്..പ്രണയമുണ്ടോ.. എന്നോട്..”

ശിവഹരിയുടെ ചോദ്യം..മൗനത്തിന് വഴി മാറി…

“എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ്‌ ആയി..” ട്രെയിനിലെ സീറ്റിൽ നിന്നും എഴുന്നേറ്റു ആത്മിക മുന്നോട്ട് നടന്നു..

“എനിക്ക് ട്രാൻസ്ഫർ ആണ്..ഇനി നമ്മൾ തമ്മിൽ ഒരു കാണൽ ഉണ്ടാവില്ല..” ശിവഹരിയുടെ ശബ്ദം ആത്മികയിൽ ഒരു പിടച്ചിൽ നൽകി..

“എനിക്ക് തന്റെ നമ്പർ വേണം..” ശിവഹരി എഴുന്നേറ്റു ആത്മികയുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു..

“ഹേയ്..വേണ്ടാ..ചില ഇഷ്ടങ്ങളും സൗഹൃദങ്ങളും എന്നും നിറമുള്ള ഓർമകളായി ഇരിക്കുന്നത്..പരിധി വിടാതെ കൂടെ കൂടുന്നത് കൊണ്ടാവും..

നമുക്കും കാലം നൽകിയ കുറച്ചു നാളുകൾ..അത് മാത്രം മതി ബന്ധങ്ങളുടെ ആത്മാവിനെ കൂടെ ചേർത്ത് നിർത്താൻ..ഇല്ലേ ചിലപ്പോൾ ഇനിയുള്ള നാളുകൾ നമ്മൾ ഒരുപാട് വേദനിക്കും..അത് കൊണ്ട്..ഇനിയൊരു കാഴ്ച ഉണ്ടാവില്ല എന്ന് കരുതി ഞാൻ ഇറങ്ങുന്നു..”

ആത്മിക ട്രെയിനിൽ നിന്നും ഇറങ്ങി തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു..

“ഡോ..” ശിവഹരിയുടെ പിൻ വിളി കേട്ട് ആത്മികതിരിഞ്ഞു നിന്നു..തോളിൽ കിടന്ന ബാഗ് എടുത്തു ഒന്നുടെ ഇളക്കി..

“വേണ്ടാ മനുഷ്യാ..നിങ്ങൾ പോകൂ..ഇഷ്ടങ്ങളേ ഭ്രാന്തമായി ചേർത്ത് പിടിക്കുന്ന ഒരു മനസാണ് എന്റെ..അതോണ്ട്..മനുഷ്യാ…” പാതിയിൽ നിർത്തി ആത്മിക പുഞ്ചിരിച്ചു..

“പോണ്..കാലം നിനക്ക് വേണ്ടി പുനർ ജനിക്കുമെങ്കിൽ..ഇന്നലകളോട്  പറയാൻ മറന്നത്..ഇതായിരുന്നു…എനിക്ക് നിന്നോട് പ്രണയമായിരുന്നു..അത് ഇന്ന് ഞാൻ തുറന്നു പറയുന്നു..ഇനിയൊരു കണ്ടുമുട്ടൽ ഇല്ലാതെ ഈ യാത്ര ഇന്നിവിടെ തുടങ്ങട്ടെ..നിനക്ക് എന്നും നല്ലത് മാത്രം വരട്ടെ..” ശിവഹരി തിരികേ ട്രെയിനിൽ കയറി..ട്രെയിൻ പതിയെ മുന്നോട്ട് നീങ്ങി തുടങ്ങി..

ഉള്ളിൽ എവിടെയോ ഒരു നീറ്റൽ ഹൃദയം കീറി മുറിക്കുന്നത് ആത്മിക അറിയുകയായിരുന്നു..

ആരാണയാൾ..എന്നെ ഇത്രേം കീഴടക്കിയ അയ്യാളുടെ പേര് പോലും എനിക്ക് അറിയില്ല..അയ്യോ..ഇത്രേം നാളായി ഞാൻ അത് ചോദിച്ചത് പോലുമില്ല ലോ..എന്നെ പറ്റി അയ്യാൾ എല്ലാം ചോദിച്ചു..പക്ഷെ..അയ്യാളെ പറ്റി ഞാൻ ഒരു വാക്ക് പോലും ചോദിച്ചില്ല..ഒരുപാട് സംസാരിച്ചിരുന്നു കുറച്ച് ആഴ്ചകൾ ആയി..

പേരറിയാത്ത ഇഷ്ടങ്ങളുടെ കൂടെ..ഇനി ഇത് കൂടെ ചേർത്ത് പിടിച്ചു മുന്നോട്ട് പോകാം..കാലം കുറെ കഴിയുമ്പോൾ ഇതും മറവിയുടെ ചിലന്തി വലയിൽ കുടുങ്ങി പോകും..പിന്നെ എല്ലാം പതിവ് പോലെ… ” ആത്മിക സ്വയം പറഞ്ഞു തിരിഞ്ഞു നടന്നു..

ശുഭം

~Unni K Parthan