സിസ്റ്റർ പറയുമ്പോൾ ചന്ദ്രേട്ടൻ തല കുലുക്കി ഇടയ്ക്ക് എന്നെ നോക്കുന്നുണ്ടായിരുന്നു…

അയാളും ഞാനും….

എഴുത്ത്: ശ്യാം കല്ലുകുഴിയിൽ

=================

ഓട്ടോ ആശുപത്രിക്ക് മുന്നിൽ നിൽക്കും മുന്നേ കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന നോട്ട് ഡ്രൈവറുടെ മടിയിലേക്കിട്ട് കൊണ്ട് ക്യാഷ്വാലിറ്റിയിലേക്ക് ഓടുമ്പോഴും അമ്മയ്ക്ക് ഒന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥന മാത്രമായിരുന്നു മനസ്സിൽ. ഐ.സി.യു വിന്റെ ചില്ലിട്ട വാതിലിന് മുൻപിൽ നിൽക്കുന്ന ലക്ഷ്മിയേച്ചിയേയും, ചന്ദ്രേട്ടനേയും കണ്ടപ്പോൾ മനസ്സിന് ഒരു ആശ്വാസം വന്നെങ്കിലും അവരുടെ മുഖത്തെ പരിഭവം പിന്നേയുമെന്നിൽ ഭയം ഉണർത്തി….

” എന്താ പറ്റിയെ ചേച്ചി…. “

ഓടി ലക്ഷ്മിയേച്ചിയുടെ അരികിലെത്തി ചോദിക്കുമ്പോഴും ചില്ലുവാതിലിന്റെ ഉള്ളിലേക്കായിരുന്നു എന്റെ കണ്ണ്….

” സുലോചനയുടെ കൂടെയുള്ളവർ ആരാ…”

ലക്ഷ്മിയേച്ചി എന്തേലും പറയും മുന്നേ വാതിൽ തുറന്ന് വന്ന നേഴ്സ് പുറത്ത് നിൽക്കുന്നവരുടെ മുഖങ്ങളിലേക്ക് മാറി മാറി നോക്കി ചോദിച്ചു….

” എന്താ സിസ്റ്ററെ….. “

പെട്ടെന്ന് തന്നെ ചന്ദ്രേട്ടൻ അവർക്ക് അരികിലേക് ചെന്നു…..

” അതേ പേഷ്യന്റിന് കുറച്ച് അധികം ബ്ലഡ്‌ വേണ്ടി വരും, അതിനുള്ള ആളിനെ ഒപ്പിക്കണം… പെട്ടെന്ന് തന്നെ വേണം കേട്ടോ…. “

സിസ്റ്റർ പറയുമ്പോൾ ചന്ദ്രേട്ടൻ തല കുലുക്കി ഇടയ്ക്ക് എന്നെ നോക്കുന്നുണ്ടായിരുന്നു…

” ബി പോസിറ്റീവ് അല്ലേ ഞാൻ തരാം… “

അത് പറഞ്ഞ് നേഴ്സിന്റെ അരികിലേക്ക് എത്തിയ ആളിനെ ഞാനപ്പോഴാണ് കണ്ടത്….

” ആദ്യം സാമ്പിൾ എടുത്ത് കൊടുക്കണം നിങ്ങൾ ആ മുറിയിലേക്ക് ചെന്നോളൂ… “

നേഴ്സ് അയാളെ അടിമുടിയൊന്ന് നോക്കി അടുത്ത മുറിയിലേക്ക് കൈ ചൂണ്ടി പറയുമ്പോൾ അയാൾ വേഗത്തിൽ അവിടേക്ക് നടന്നു…..

” ഇയാളാണ് ചേച്ചിയെ ഇവിടെ എത്തിച്ചത്… “

ഞാൻ സംശയത്തോടെ ലക്ഷ്മിയേച്ചിയെ നോക്കുമ്പോഴാണ് ചേച്ചി അത് പറഞ്ഞത്. അപ്പോഴേക്കും ചിന്തകൾ അയാളിൽ നിന്ന് മാറി അമ്മയിലേക്ക് മാത്രമായി ചുരുങ്ങിയിരുന്നു….

ഇടയ്ക്ക് ചില്ല് വാതിൽ തുറന്ന് പുറത്തേക്ക് ഉള്ളിലേക്കും ഡോക്ടെഴ്സും, നേഴ്‌സും പോകുമ്പോഴുക്കെയും ഹൃദയമിടിപ്പ് കൂടി കൂടി വന്നുകൊണ്ടിരുന്നു….

” അതേ മോളേ.. ബ്ലഡിനുള്ള ആളിനെ ഒപ്പിച്ചിട്ടുണ്ട് അവർ വന്നോളും, അതോർത്ത് ടെൻഷൻ അടിക്കേണ്ട, ഞാൻ കട തുറന്നിട്ടിട്ടാണ് വന്നത് പോകാതെ പറ്റില്ല, ഇവൾ ഇവിടെ നിന്നോളും… എന്തേലും ഉണ്ടേൽ വിളിച്ചാൽ മതി…. “

ചന്ദ്രേട്ടൻ അത് പറയുമ്പോൾ സങ്കടമാണോ, ഭയമാണോ ആദ്യം വന്നതെന്നറിയില്ല, അദ്ദേഹം അവിടെയുള്ളത് ഒരു ധൈര്യമായിരുന്നു, പക്ഷേ…..

എന്നെ നോക്കി നിൽക്കുന്ന ചന്ദ്രേട്ടനോട്‌ തല കുലുക്കി പൊയ്ക്കോളാൻ പറഞ്ഞെങ്കിലും, പോകാതിരുന്നെങ്കിലെന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ചിരുന്നു….

പിന്നേയും കുറെ കഴിഞ്ഞാണ് ഐ സി യു വിന്റെ പുറത്ത് കസേരയിൽ അയാൾ വന്നിരിക്കുന്നത് കണ്ടത്, അയാളുടെ ഷർട്ടിൽ അങ്ങിങ്ങായി ചോ ര ഉണങ്ങിയിരിപ്പുണ്ടായിരുന്നു. ഇടയ്ക്ക് അയാളുടെ കണ്ണുകൾ എന്നിൽ പതിയുന്നതും പെട്ടെന്ന് മാറ്റുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു….

” ചേച്ചി വീട്ടിൽ പൊയ്ക്കുള്ളൂ, കുട്ടികളൊക്കെ സ്കൂൾ കഴിഞ്ഞ് വന്നാൽ തനിച്ചാല്ലേയുള്ളു വീട്ടിൽ…. “

നേരം വൈകും തോറും ലക്ഷ്മിയേച്ചിയുടെ മുഖത്ത് തെളിഞ്ഞു വരുന്ന ഭാവങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്….

” നീയിവിടെ തനിച്ച് എങ്ങനെയാ മോളെ, സാരമില്ല ഞാൻ നിന്നോളം… “

” സാരമില്ല ചേച്ചി, ഇവിടെ നേഴ്സ്മാരൊക്കെ ഉണ്ടല്ലോ, ചേച്ചി പൊയ്ക്കോളൂ…. “

ഉള്ളിലെ സങ്കടം കടിച്ച് പിടിച്ച് ഞാനത് പറയുമ്പോൾ നോട്ടം കൊണ്ടെങ്കിലും ഒരു ആശ്വാസത്തിനു ആരേലും കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ കൊതിച്ചു…

അമ്മ ആയിരുന്നു ലോകം, എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും അതായിരുന്നു ഞങ്ങളുടെ സന്തോഷം. അച്ഛന്റെ കുറവ് അറിയിക്കാതെ പലയിടങ്ങളിലായി പല പല ജോലികളെടുത്ത് പഠിപ്പിച്ചു, പലപ്പോഴും പട്ടിണി കിടക്കേണ്ടി വന്നിട്ടും ഒന്നും ആരോടും പറയാതെ ഉള്ളത് കൊണ്ട് ജീവിക്കാൻ പഠിപ്പിച്ചതും അമ്മയാണ്, ആ അമ്മയാണ് ഇപ്പോൾ…പെട്ടെന്ന് ഈ ലോകത്ത് തനിച്ചായത് പോലെ. കസേരയിൽ മലർന്നിരിക്കുമ്പോൾ മനസ്സിൽ ഒരായിരം ഓർമ്മകൾ മിന്നിമാഞ്ഞ് പൊയ്ക്കൊണ്ടിരുന്നു …

” സുലോചന….. “

ഇടയ്ക്ക് എപ്പോഴോ നേഴ്സിന്റെ ശബ്ദം കേട്ടപ്പോഴാണ് കണ്ണ് തുറന്ന് ഐ.സി.യു വിലെ വാതിലിലേക്ക് നോക്കിയത്. നേഴ്സ് നീട്ടി പിടിച്ച തുണ്ട് പേപ്പർ വാങ്ങി, അവർ പറയുന്നത് കേട്ട് തലയാട്ടി അയാൾ നിൽപ്പുണ്ടായിരുന്നു…

നേഴ്സ് തിരികെ പോകുമ്പോഴേക്കും അയാൾ ധൃതിപ്പെട്ട് നടന്നരികിലേക്ക് വന്നു….

” ഒന്ന് രണ്ട് മരുന്ന് പുറത്ത് നിന്ന് വാങ്ങണം ഞാൻ വാങ്ങി വരാം മോളിവിടെ ഇരുന്നോ… “

അത് പറഞ്ഞ് എന്റെ മറുപടിക്ക് നിൽക്കാതെ അയാൾ പുറത്തേക്ക് വേഗത്തിൽ നടന്ന് അകന്നിരുന്നു. നേഴ്സ് കൊടുത്ത കുറിപ്പടി അയാളിൽ നിന്ന് വാങ്ങി മരുന്ന് വാങ്ങണമെന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും, കയ്യും കാലുകളും തളർന്ന അവസ്ഥയായിരുന്നു അപ്പോൾ….

ഏതാനും നിമിഷങ്ങൾക്കകം മരുന്ന് വാങ്ങി വന്ന അയാൾ അത് നേഴ്‌സിനെ ഏൽപ്പിച്ച് വീണ്ടും പഴയ സ്ഥലത്ത് പോയിയിരുന്നു. മുന്നത്തെപോലെ ഇടയ്ക്ക് അയാളുടെ നോട്ടം എന്നിലേക്ക് വന്നുകൊണ്ടിരുന്നു…

പിന്നേയും ഏറെനേരം കഴിഞ്ഞാണ് എനിക്കരികിലെ ഒഴിഞ്ഞ കസേരയിൽ അയാൾ വന്നിരുന്നത്. പരസ്പരം മിണ്ടാതെ രണ്ടുപേരും ഐ.സി.യു വിന്റെ വാതിലിലേക്ക് പ്രതീക്ഷയോടെ നോക്കിയിരുന്നു….

” ഞാൻ ചായ വാങ്ങി വരട്ടെ ഒന്നും കഴിച്ചില്ലല്ലോ ഇന്ന്…. “

ഐ. സി. യു വിന്റെ വാതിലിൽ നിന്ന് കണ്ണെടുക്കാതെയാണ് അയാൾ ചോദിച്ചത്, മറുപടി ഒന്നും പറയാതെ ഞാനും ആ വാതിലിലേക്ക് തന്നെ നോക്കിയിരുന്നു…

എന്നിൽ നിന്ന് മറുപടി ഒന്നും കിട്ടാതെയിരുന്നപ്പോഴാണ് ഒരു ദീർഘനിശ്വാസത്തോടെ അയാൾ എഴുന്നേറ്റ് പോയത്. മടങ്ങി വരുമ്പോൾ കയ്യിൽ രണ്ട് ഗ്ലാസ്‌ ചായയും ഉണ്ടായിരുന്നു….

” ഇത് കുടിക്ക്… അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല സമാധാനമായി ഇരിക്ക്…. “

എനിക്ക് നേരെ ഒരു ഗ്ലാസ്സ് നീട്ടി അയാൾ പറയുമ്പോൾ, ഞാൻ ആ മുഖത്തേക്ക് നോക്കി. സ്നേഹമാണോ, വാത്സല്യമാണോ, സങ്കടമാണോ എന്താണെന്നറിയില്ല ആ മുഖത്ത് ഉണ്ടായിരുന്ന വികാരം…

ചൂട് ചായ ഗ്ലാസ്സ് ഉള്ളൻ കയ്യിൽ പിടിക്കുമ്പോൾ ചിന്ത അയാളെ കുറിച്ച് ആയിരുന്നു. പലപ്പോഴും അമ്മയ്‌ക്കൊപ്പം പോകുമ്പോൾ കണ്ടിട്ട് ഇയാളെ, കുഴിഞ്ഞ കണ്ണുകൾ അമ്മയെ കാണുമ്പോൾ വലുതാകുന്നതും, അയാളെ കാണുമ്പോൾ അമ്മ തല കുമ്പിട്ട് നടക്കുന്നതും. പിന്നീട് എപ്പോഴെങ്കിലും നമ്മുടെ സംസാരത്തിൽ അയാൾ കയറി വരുമ്പോൾ അമ്മ പെട്ടെന്ന് വിഷയം മാറ്റുന്നതുമൊക്കെ ഓർമ്മകളിൽ വന്നുപോയി….

” കുടിക്ക്…. “

അയാൾ വീണ്ടും പറഞ്ഞപ്പോഴാണ് ചായ ഗ്ലാസ്സ് ചുണ്ടിലേക്ക് അടുപ്പിക്കുന്നത്. അപ്പോഴേക്കും ചില്ല് വാതിൽ തുറന്ന് നേഴ്സ് പുറത്തേക്ക് ഓടുകയും അൽപ്പം കഴിഞ്ഞ് രണ്ട് ഡോക്ടേഴ്സിന് പിന്നാലെ അവർ തിരികെ ഓടുന്നതും കണ്ടപ്പോൾ അയാൾ എഴുന്നേറ്റ് ചില്ല് വാതിലിന്റെ ഉള്ളിലേക്ക് എത്തി വലിഞ്ഞു നോക്കുന്നുണ്ടായിരുന്നു…..

മനസ്സിലെന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നത് പോലെയൊരു തോന്നൽ, അമ്മയ്ക്ക് ഇനിയെന്തെങ്കിലും,,,,, അമ്മയില്ലാതെ ഒരു നിമിഷം, അത് ഓർക്കാൻ കൂടി പറ്റുന്നില്ലായിരുന്നു. അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ച് പ്രാർത്ഥിച്ച് ഇരിക്കുമ്പോഴും, ഇരിക്കുന്ന കസേരയിൽ നിന്നെഴുന്നേറ്റ് വാതിൽക്കൽ വരെ പോകാനുള്ള ധൈര്യം പോലും ഉണ്ടായിരുന്നില്ല….

” സുലോചനയുടെ…… “

ഏതാണ്ട് ഒരു മണിക്കൂറോളം കഴിഞ്ഞ് പുറത്തേക് ഇറങ്ങി വന്ന ഡോക്ടർ വാതിൽക്കൽ നിൽക്കുന്ന അയളോട് പതിയെ ചോദിച്ചു, ആ മുഖത്ത് നിന്നെനിക്ക് വായിച്ചെടുക്കാൻ കഴിയുമായിരുന്നു ഡോക്ടർ പറയാൻ പോകുന്ന കാര്യങ്ങൾ..

ചാടിയെഴുന്നേറ്റ് വാതിൽക്കലേക്ക് ഓടുമ്പോൾ ചില്ല് വാതിൽ മലർക്കേ തുറന്ന് രണ്ട് അറ്റന്റന്മാർ വെള്ള തുണി പുതപ്പിച്ച അമ്മയുടെ ചലനമറ്റ ശരീരം സ്ട്രക്ച്ചറിൽ തള്ളികൊണ്ട് എന്റെ മുന്നിൽ എത്തിയിരുന്നു. ആരോ മുഖത്ത് നിന്ന് വെള്ള തുണി മാറ്റിയതും മിന്നായം പോലെ അമ്മയുടെ മുഖം കണ്ടതും ഒന്ന് നിലവിളിക്കാൻ പോലും കഴിയാതെ നിലത്തേക്ക് വീണതും ഒരുമിച്ചായിരുന്നു…

” അമ്മാ…” യെന്ന് വിളിച്ചുകൊണ്ട് പിന്നെ കണ്ണ് തുറക്കുമ്പോൾ ആശുപത്രി കിടക്കയിൽ ആയിരുന്നു, എനിക്ക് അരികിലായി അയാളും ഇരിപ്പുണ്ട്. കയ്യിൽ കുത്തിയിരിക്കുന്ന ഡ്രിപ്പിന്റെ ട്യൂബ് വലിച്ചിളക്കാൻ ശ്രമിച്ചു കൊണ്ട്,ചാടി എഴുന്നേൽക്കാൻ നോക്കുമ്പോൾ അയാൾ എന്നെ കട്ടിലിൽ കിടത്താൻ ശ്രമിച്ചു….

ബഹളം കേട്ട് നേഴ്സ് എത്തുമ്പോൾ എന്റെ നിലവിളി കൂടി വന്നിരുന്നു. അയാളുടെ നിർബന്ധപ്രകാരമാണ് നേഴ്സ് ഡ്രിപ്പ്‌ വിടുവിച്ചത്. അയാൾ എന്നെയും കൂട്ടി വീട്ടിലേക്ക് പോകുമ്പോൾ എന്തെക്കെയോ പറഞ്ഞ് നിലവിളിച്ചു കൊണ്ടിരുന്നയെന്നെ അശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടയിരുന്നു…..

ഉമ്മറത്ത് വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്ന അമ്മയുടെ നെഞ്ചിലേക്ക് വീണ് ഉച്ചത്തിൽ നിലവിളിക്കുമ്പോൾ ആരൊക്കെയോ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു. ഇടയ്ക്ക് ബോധം നഷ്ടമായി ആരുടെയൊ മടിയിൽ തളർന്ന് കിടന്നും, പിന്നെ ഉറക്കെ നിലവിളിച്ചു, പിന്നെ പതിയെ നിശബ്ദമായി തേങ്ങിയും ചലനമറ്റ അമ്മയെ നോക്കി ഭിത്തിയും ചാരി ഇരുന്നു….

ചടങ്ങുകൾ കഴിഞ്ഞ് ബന്ധുക്കളും നാട്ടുകാരും പോയി കഴിഞ്ഞും, അമ്മയുടെ ചിതയ്ക്കരികിലും, വേലിക്കരിക്കിലും, മുറ്റത്തുമൊക്കെ ആ മനുഷ്യനെ കണ്ടിരുന്നു. അമ്മകൂടെയില്ലാത്ത ആ രാത്രി ലക്ഷ്മിയേച്ചി ആശ്വാസവാക്കുകൾ എന്തൊക്കെയോ പറഞ്ഞ് എന്റെ കൂടെ കിടക്കുമ്പോഴും, അമ്മയെ ഓർത്തുള്ള തേങ്ങൽ പുറത്തേക്ക് വരാതെയിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു …

പിറ്റേന്ന് രാത്രി ലക്ഷ്മിയേച്ചി വീട്ടിലേക്ക് വിളിച്ചെങ്കിലും സ്നേഹത്തോടെ നിരസിച്ച് തനിയെ വീട്ടിൽ കിടക്കാൻ തീരുമാനിച്ചത്, എല്ലാം ഒറ്റയ്ക്ക് നേരിടണമെന്ന് അമ്മ കാണിച്ച് തന്ന അമ്മയുടെ ജീവിതം തന്നെയാണ്….

ആ രാത്രി തനിച്ച് കിടക്കുമ്പോൾ ചുറ്റും അമ്മയുടെ മണവും, അമ്മയുടെ ചിരിയും, പരിഭവവം പറച്ചിലുമൊക്കെ കാതിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു. ഉറക്കം വരാതെ ജന്നൽ തുറന്ന് പുറത്തേക്ക് നോക്കിനിൽക്കുമ്പോൾ നിലാവെളിച്ചത്താൽ പിന്നേയും ആ മനുഷ്യനെ കണ്ടു. പിന്നെയുള്ള രാത്രിയിൽ പലപ്പോഴും അയാളെ വീടിന് ചുറ്റും കണ്ടിരുന്നു, വെളുപ്പിന് കൈകൾ പിന്നിൽ കെട്ടി, തല താഴ്ത്തി അയാൾ നടന്ന് പോകുന്നതും പതിവ് കാഴ്ചകളായി മാറിയിരുന്നു….

” നിങ്ങൾക്ക് എങ്ങനെ അമ്മയെ അറിയാം… “

ഒരു രാത്രി ഉമ്മറത്തെ അരഭിത്തിയിൽ ഇരിക്കുന്ന അയാൾക്ക് അരികിൽ ചെന്ന് നിന്ന് ചോദിക്കുമ്പോൾ അയാൾ ഒന്നും മിണ്ടിയിരുന്നില്ല. പിന്നേയും ഞാൻ ആ ചോദ്യം ആവർത്തിച്ചപ്പോഴാണ് അയാൾ എഴുന്നേറ്റ് നേരെ നടന്ന് പോയത്. അയാൾ പോകുന്നത് നോക്കി അരഭിത്തിയും ചാരി നിൽക്കുമ്പോൾ അയാൾ തിരിച്ച് വരുമെന്ന് ഉറപ്പുണ്ടായിരുന്നു…

ഏറെ നേരം കഴിഞ്ഞ് അയാൾ തിരികെ വരുമ്പോൾ കയ്യിൽ ചെറിയ ഒരു പെട്ടിയും ഉണ്ടായിരുന്നു. ഉമ്മറത്തെ തറയിലേക്ക് ആ പെട്ടി തുറന്ന് ഇടുമ്പോൾ കുറെ കടലാസുകൾ തറയിൽ വീണു. അതിൽ നിന്ന് കുറെ വാരിയെടുത്ത് അയാൾ എനിക്ക് നേരെ നീട്ടുമ്പോൾ അതും വാങ്ങി ഞാൻ തറയിൽ ഇരുന്നു…..

ഉമ്മറത്തെ പ്രകാശം കുറഞ്ഞ ബൾബിന്റെ വെട്ടത്തിൽ ഞാൻ തിരിച്ചറിഞ്ഞു അമ്മയുടെ കയ്യക്ഷരം. എഴുതിയത് വായിക്കും മുന്നേ കണ്ണുകൾ ഉടക്കിയത് അവസാനം എഴുതിയിരുന്ന വാക്കുകളിൽ ആയിരുന്നു…

” രാജിന്റെ സ്വന്തം സുലോചന… ” അത് രണ്ട് മൂന്ന് ആവർത്തി വായിച്ച് കഴിഞ്ഞിട്ടാണ് എനിക്കരികിൽ ഇരിക്കുന്ന അയാളെ നോക്കിയത്, അപ്പോഴും അയാളുടെ കണ്ണുകൾ അമ്മയുടെ ചിതയൊരിക്കിയ സ്ഥലത്തേക്ക് ആയിരുന്നു…

അതിലെ ഒരോ എഴുത്തുകൾ വായിക്കുമ്പോഴും എനിക്ക് അത്ഭുതം ആയിരുന്നു, അമ്മയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നോ, എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. എന്ത് ഭംഗിയായിയാണ് അമ്മ മനസ്സിലെ പ്രണയം കുറിച്ച് ഇട്ടിരിക്കുന്നത്, ഇവിടെ ഒന്ന് ചിരിക്കാൻ പോലും പിശുക്ക് കാണിക്കുന്ന അമ്മയുടെ ഉള്ളിൽ ഒരു കാമുകി ഉണ്ടായിരുന്നു എന്നത് എന്നെ കൂടുതൽ അത്ഭുതപ്പെടുത്തി…

ഓരോ എഴുതും വായിച്ചു കഴിയുമ്പോൾ കണ്ണുകൾ ഞാൻ പോലും അറിയാതെ നിറഞ്ഞൊഴുകികൊണ്ടിരുന്നു. ആ ലെറ്ററുകൾക്ക് ഇടയിൽ നിന്നാണ് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ കയ്യിൽ തടയുന്നത്. മുടികൾ ഇരു വശങ്ങളിലേക്കും കെട്ടി, കണ്ണെഴുതി, ചിരിച്ചു കൊണ്ടിരിക്കുന്ന അമ്മയുടെ ഫോട്ടോ,അതിൽ ചേർത്ത് വെട്ടി ഒട്ടിച്ചിരിക്കുന്ന അയാളുടെയും ചിരിക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. അത് കൂടി കണ്ടപ്പോൾ ഉള്ളിലെ കരച്ചിൽ പിടിച്ച് നിർത്താൻ കഴിയാതെ ആ ഫോട്ടോയും നോക്കി ഉള്ളിലെ സങ്കടം തീരും വരെ കരഞ്ഞു…..

ഏറെ നേരം ആ ഇരുപ്പ് ഇരുന്നതിന് ശേഷം ഒന്നും മിണ്ടാതെ അയാൾ ആ ലെറ്ററുകൾ എല്ലാം തിരികെ പെട്ടിയിൽ എടുത്ത് വച്ച് നടന്നു. എന്തൊക്കെയോ ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും ഒന്നും ചോദിക്കാൻ കഴിയാതെ ഞാനും ഇരുന്നു….

പിറ്റേന്ന് രാവിലെ അയാൾ താമസിക്കുന്ന ചെറിയ വീട്ടിലേക്ക് ചെല്ലുമ്പോൾ കഴിഞ്ഞ ദിവസം ചോദിക്കാൻ മറന്ന കുറെ ചോദ്യങ്ങൾ മനസ്സിൽ ഉണ്ടായിരുന്നു. വീട്ടിലേക്ക് ചെന്ന എന്നെ കണ്ടപ്പോൾ അയാളുടെ കണ്ണുകളിലെ സന്തോഷം എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു…

” മോളിരിക്ക്…. “

കസേരയിൽ കിടന്ന മുഷിഞ്ഞ തുണികൾ എടുത്ത് മാറ്റിക്കൊണ്ട് അയാൾ പറയുമ്പോൾ ചുറ്റും ഒന്ന് കണ്ണോടിച്ച് കസേരയിൽ ഇരുന്നു…

” ഞാൻ ചായ എടുക്കാം…. “

അത് പറഞ്ഞ് അയാൾ അടുക്കള ഭാഗത്തേക്ക്‌ പോകുമ്പോൾ ഞാനും പുറകെ നടന്നിരുന്നു….

” ഇവിടെ തനിച്ചാണോ താമസം…. “

എന്റെ ചോദ്യം കേട്ട് അയാൾ തിരിഞ്ഞ് എന്നെ നോക്കി ചിരിച്ചുകൊണ്ട് അടുപ്പിലേക്ക് ചായ പാത്രം വച്ചു….

” ഇവിടെയെന്നല്ല,, ഈ ലോകത്തെ ഞാൻ തനിച്ചാണ്….. “

ആ വാക്കുകളിൽ നിറഞ്ഞ് നിന്നിരുന്നു അയാളുടെ ജീവിതത്തിലെ നിരാശ….

” കല്യാണം…. “

അതിനും അയാൾ ഒന്ന് ചിരിച്ചുകൊണ്ട് ചായ പാത്രത്തിലെ വെള്ളം തിളയ്ക്കുന്നതും നോക്കിനിന്നു….

” പാലില്ല കട്ടനാണേ… “

അത് പറഞ്ഞ് തിളച്ച വെള്ളത്തിലേക്ക് ചായ പൊടിയും പഞ്ചസാരയും ഇട്ടു. അത് തിളച്ചപ്പോൾ സ്റ്റൗ ഓഫാക്കി രണ്ട് ഗ്ലാസിലേക്ക് അത് പകർന്നൊഴിച്ച് അതിലൊരു ഗ്ലാസ്സ് എനിക്ക് നേരെ നീട്ടി….

” ഞാൻ ചോദിച്ചതിന് മറുപടി തന്നില്ല… “

എനിക്ക് നേരെ നീട്ടിയ ഗ്ലാസ്സ് വാങ്ങി കൊണ്ടാണ് ഞാൻ വീണ്ടും ചോദിച്ചത്….

” ആഗ്രഹിച്ചയാളെ കെട്ടാൻ പറ്റിയില്ല, മറ്റൊരാളെ കെട്ടാൻ വേണ്ടി ആഗ്രഹിച്ച ആളിനെ മറക്കാനും പറ്റിയില്ല. ഒരാളെ മനസ്സിലിട്ടു കൊണ്ട് മറ്റൊരാൾക്കൊപ്പം ജീവിക്കാൻ…. അത് എനിക്ക് കഴിയുമായിരുന്നില്ല…. “

” അത്രയ്ക്ക്…. അത്രയ്ക്ക് ഇഷ്ടമായിരുന്നോ എന്റെ അമ്മയെ…. “

എന്റെ മനസിലുള്ളത് അതുപോലെ പുറത്തേക്ക് വന്നിരുന്നു. ആ ചോദ്യത്തിന് വേദനയോടെ ഒരു ചിരി സമ്മാനിച്ച് അയാൾ പുറത്തേക് നോക്കിയിരുന്നു….

” ചില ചോദ്യങ്ങൾക്ക് മറുപടി… അതങ്ങനെ പറഞ്ഞറിയിക്കാൻ കഴിയില്ലല്ലോ…. എന്റെ ജീവിതം തന്നെയാണ് ആ ചോദ്യത്തിന്റെ ഉത്തരം … “

ചിരിച്ചു കൊണ്ട് അയാൾ പറയുമ്പോൾ പിന്നെയൊന്നും ചോദിക്കാൻ കഴിയാതെ ഞാനിരുന്നു….

” അവൾ പത്താം ക്ലാസ് കഴിഞ്ഞ് തയ്യൽ പഠിക്കാൻ പോകുമ്പോഴാണ് ആദ്യമായി കാണുന്നത്. പാവാടയും ഉടുപ്പുമിട്ട, രണ്ട് വശത്തേക്കും മുടി പിന്നിക്കെട്ടി, കണ്ണെഴുതി, ചന്ദനക്കുറിയിട്ട സുലോചന, ഇന്നത്തെ പോലെ ഒന്നും അല്ലാട്ടോ നല്ല സുന്ദരി ആയിരുന്നു അവൾ… “

അത് പറയുമ്പോൾ ആ കണ്ണിലെ തിളക്കം ഞാൻ ശ്രദ്ധിച്ചിരുന്നു….

” വല്യ വാശിക്കാരി ആയിരുന്നു, അതുപോലെ ദേഷ്യവും… പഠിക്കാൻ പോകുന്നതോ എന്റെയൊരു അകന്ന ബന്ധുവിന്റെ വീട്ടിൽ. അവളെ കാണാൻ വേണ്ടി തന്നെ ഞാനും ദിവസവും അവിടെ പോകും… അവൾ ഒന്ന് നോക്കി ചിരിക്കാൻ തന്നെ എത്ര പുറകെ നടന്നു എന്നറിയോ…. “

അത് പറയുമ്പോൾ അയാളുടെ മുഖത്ത് വിരിഞ്ഞ ചിരി എന്റെ ചുണ്ടിലും വിരിഞ്ഞു. ആ നിമിഷങ്ങൾ ഞാനും മനസ്സിൽ ഓർത്തെടുക്കാൻ ശ്രമിച്ചു…..

” പതിയെ എല്ലാവരും അറിഞ്ഞു നമ്മുടെ ഇഷ്ട്ടം. അവളുടെ പഠിപ്പ് നിർത്തി, കല്യാണാലോചനകൾ വന്ന് തുടങ്ങി, പേടി ആയിരുന്നു അവൾക്ക് വീട്ടുകാരെ, എനിക്കും ഉണ്ടായിരുന്നു കുറെ പ്രാരാബ്ദങ്ങൾ… മോളുടെ അച്ഛനും ആയിട്ടുള്ള കല്യണം അത് നടക്കുമെന്ന് ഉറപ്പായപ്പോൾ അവളോട് ഇറങ്ങി വരാൻ ഞാൻ പറഞ്ഞു…. എന്നാൽ അതും അവളുടെ വീട്ടുകാർ അറിഞ്ഞു, അവളെ വീട്ടിൽ പൂട്ടിയിട്ടു, നിശ്ചയിച്ചതിലും ഒരാഴ്ച്ച മുന്നേ വിവാഹവും നടത്തി….. “

അത് പറഞ്ഞ് ഒരു ദീർഘനിശ്വാസത്തോടെ അയാൾ ഇരുന്നു….

” പക്ഷേ മോളുടെ അച്ഛൻ സ്നേഹമുള്ളവൻ ആയിരുന്നു. നിന്റെ അമ്മയെ പൊന്നുപോലെയാണ് നോക്കിയത്, പക്ഷേ അവിടെയും വിധി അവളെ…..ജീവിതത്തിൽ ഒരു നിമിഷം പോലും സന്തോഷം ആസ്വദിക്കാൻ കഴിയാതെ പോയി അവൾക്ക്, കുറെ ആഗ്രഹങ്ങൾ നൽകി ഞാനും….. “

അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….

” എല്ലാം മറക്കാൻ വേണ്ടിയാണ് ഞാൻ നടു വിട്ടത്, പതിയെ കൂടെയുള്ളവരുടെ ജീവിതം ഒരു കരയ്ക്ക് അടുപ്പിച്ചു, അപ്പോഴാണ് മോളുടെ അച്ഛന്റെ മരണം അറിഞ്ഞത്. സത്യത്തിൽ എന്റെ ചിന്തകൾ അവളെ കുറിച്ച് ആയിരുന്നു, ജീവിതത്തിൽ ഇനി തനിച്ച് അവൾ എങ്ങനെ….. “

അത് പറഞ്ഞ് അയാൾ എന്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു….

” മോളുടെ അച്ഛൻ മരിച്ച് ഒരു വർഷം കഴിഞ്ഞാണ് അവളെ ഞാൻ കാണുന്നത്, പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയത് അവളുടെ മാറ്റം ആയിരുന്നു. എല്ലാത്തിനെയും ഭയമായിരുന്ന അവൾ അപ്പോഴേക്കും തനിച്ച് പോരാടാൻ പഠിച്ചിരുന്നു. എന്നെ കാണുമ്പോൾ അവൾക്ക് സന്തോഷമുണ്ടാകുമെന്ന് കരുതിയ എന്നെ ഞെട്ടിച്ചു കൊണ്ടവൾ ഒരു പരിചയവും ഇല്ലാത്തവരെ പോലെയാണ് പെരുമാറിയത്….

അല്ലേലും ജീവിതം അങ്ങനെയാണ് മോളെ നമ്മൾ തനിച്ച് ആകുമ്പോഴേ പലതും നമുക്ക് മനസ്സിലാകുള്ളൂ, പലതും നമ്മൾ പഠിക്കുള്ളു. അന്ന് അവളെ ജീവിതത്തിലേക്ക് കൂട്ടാൻ തന്നെയാണ് ഞാൻ പോയത്, പക്ഷേ അവളുടെ മറുപടി ഇനിയുള്ള ജീവിതം അത് മോൾക്ക് വേണ്ടി മാത്രമാകും എന്നാണ്, അവരുടെ ജീവിതത്തിൽ മൂന്നാമതൊരാൾ ഉണ്ടാകില്ല എന്നാണ്…..

എനിക്ക് അറിയാം അവളുടെ വാശി എത്രത്തോളം ഉണ്ടെന്ന്, അവൾ തീരുമാനിച്ചാൽ പിന്നെ അതിൽ നിന്ന് മാറില്ല, അത് അവൾക്ക് എന്നോട് ഇഷ്ട്ടമില്ലാഞ്ഞിട്ട് ഒന്നുമല്ല. പക്ഷേ ചിലർ അങ്ങനെയാണ്. അവരുടെ വാശിക്ക് ചിലപ്പോൾ അവരുടെ ജീവനോളം വില കാണും….”

എന്നെ നോക്കി പറയുമ്പോൾ ഞാൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു…

” എങ്കിലും ഞാൻ അവളെ പിന്തുടർന്നിരുന്നു, ചിലപ്പോഴൊക്കെ നമ്മൾ ഒന്ന് വീണു പോകുമെന്ന് തോന്നുമ്പോൾ താങ്ങാൻ ഒരു ചുമൽ വേണമല്ലോ, പക്ഷെ അവൾ തളർന്നില്ല എന്നെ കാണുമ്പോൾ അവൾ വാശിയോട് ജീവിച്ചു, എന്നെ ബോധ്യപ്പെടുത്താൻ വേണ്ടിയെങ്കിലും അവൾ സന്തോഷിച്ചു. നിങ്ങൾ അറിയാതെ പലയിടത്തും ഞാൻ നിങ്ങളെ പിന്തുടർന്നിട്ടുണ്ട്, അതൊക്കെ അവൾ കണ്ടുപിടിക്കുകയും ചെയ്യും… അതൊരു ധൈര്യമാണ് മോളെ എവിടെ പോയാലും നമ്മൾ തനിച്ചല്ലല്ലോ എന്നുള്ള ധൈര്യം, അതിനിപ്പോ ഇരുപത്തി നാല് മണിക്കൂറും നമ്മൾ കൂടെ വേണമെന്നൊന്നും ഇല്ല……

ഞാൻ കാത്തിരുന്നത് ഇങ്ങനെ അവളെ നഷ്ടപ്പെടാൻ വേണ്ടിയായിരുന്നില്ല മോളെ, നാളെ ജീവിതത്തിൽ നിനക്കും അവളെ തനിച്ചാക്കി പോകേണ്ടി വരും, ആരോരും അവകാശം പറയാൻ വരാത്ത അവളെ…. ആ ഒരു നിമിഷത്തിന് ആയിരുന്നു എന്റെ കാത്തിരിപ്പ്…. മാറ്റാർക്കും വിട്ട് കൊടുക്കാതെ എനിക്ക് മാത്രമായി, മനസ്സിലുള്ള പ്രണയം മുഴുവനും പരസ്പരം പറഞ്ഞും അനുഭവിച്ചും തീർക്കാൻ, പിന്നെയുള്ള ജീവിതത്തിലെങ്കിലും അവൾക്ക് സന്തോഷം കൊടുക്കാൻ അതൊക്കെ ആയിരുന്നു…. പക്ഷേ അവിടെയും വിധി….. “

ഞാൻ കാണാതെ ഇടയ്ക്ക് അയാൾ കണ്ണുകൾ തുടയ്ക്കുന്നുണ്ടായിരുന്നു….

” അല്ലേലും ജീവിതം അങ്ങനെയല്ലേ മോളെ നമ്മൾ ആഗ്രഹിക്കുന്നത് പോലെയൊന്നും നടക്കില്ല, അല്ലേ തന്നെ എല്ലാം നടന്നാൽ പിന്നെ ജീവിതം ബോറകില്ലേ അല്ലേ…. “

കണ്ണുകൾ തുടച്ച് ചിരിച്ച് കൊണ്ട് അയാൾ പറഞ്ഞു….

” എങ്കിലും ഒട്ടും പ്രതീക്ഷിച്ചില്ല മോളെ, അവളെന്നെ തനിച്ചാക്കി ഇത്ര പെട്ടെന്ന്….. “

അത് പറഞ്ഞ് പൊട്ടിക്കരയാൻ തുടങ്ങുന്ന ആ മനുഷ്യനെ ഓടി ചെന്ന് കെട്ടിപ്പിടിക്കാനാണ് എനിക്ക് തോന്നിയത്. വർഷങ്ങളോളം ആരോടും പറയാതെ മനസ്സിൽ കൊണ്ട് നടന്ന സങ്കടങ്ങൾ കരഞ്ഞ് തീരുന്നത് വരെ ആ മനുഷ്യനെ കെട്ടിപ്പിടിച്ച് നിന്നു. മോളോടുള്ള വാത്സല്യത്തോടെ എന്റെ തലമുടിയിൽ തഴുകി എന്റെ മുഖം ഉയർത്തി ആ മനുഷ്യൻ എന്നെ നോക്കി ചിരിച്ചു….

” എനിക്കും ഇനി ആരും ഇല്ലല്ലോ, വരുമോ എന്റെ വീട്ടിലേക്ക്, ഒരു അച്ഛന്റെ സ്നേഹവും, കരുതലുമൊന്നും എനിക്കും കിട്ടിയിട്ടില്ല, എനിക്കൊരു അച്ഛനായി എന്നും കൂടെ നിൽക്കുമോ….. “

അത് പറഞ്ഞ് കഴിയും മുന്നേ ഞാൻ ആ മനുഷ്യന്റെ നെഞ്ചിൽ മുഖം ചേർത്ത് പൊട്ടി കരഞ്ഞിരുന്നു….

” അമ്മയുടേത് പോലെ വാശി എടുത്താൽ നല്ല അടി തരും കേട്ടല്ലോ…. “

എന്റെ മുഖം ഉയർത്തി ചിരിച്ചുകൊണ്ട് പറയുമ്പോൾ അമ്മയുടെ സാമിപ്യം കൂടെയുള്ളത് പോലെ തോന്നി. മറ്റൊരു ലോകത്ത് നിന്ന് അമ്മ സന്തോഷിക്കുന്നുണ്ടാകും, മോൾ ഇനി തനിച്ചല്ലല്ലോ എന്നോർത്ത്,…

✍️ശ്യാം….