സർപ്രൈസ്
എഴുത്ത് : രഘു കുന്നുമ്മക്കര പുതുക്കാട്
==================
വാർക്കയും തേപ്പുമെല്ലാം പൂർത്തിയായി, പകുതി പരുവം വന്ന വീടിന്റെ, പൊടിയും സിമന്റും നിറഞ്ഞ അകത്തളം വൃത്തിയാക്കിയാണ് അവർ നാലുപേരും വട്ടമിട്ടിരുന്നത്.
സന്ധ്യയിൽ വീട്ടകമാകെ ഇരുളു പടർന്നു കിടന്നു. മൊബൈൽ ഫോണിലെ ടോർച്ചു വെട്ടത്തിലാണ് ജവാൻ റമ്മിന്റെ തികച്ചും ദുർബ്ബലമായ കുപ്പി തുറന്നത്. തുറന്നതും, അതിന്റെ ഉറപ്പില്ലാത്ത അടപ്പ് കോടിപ്പോയി.
നാലു ഗ്ലാസുകളിലേക്കും മ ദ്യം പകർന്ന ശേഷം, കുപ്പിയടയ്ക്കാൻ ശ്രമിച്ചപ്പോൾ അടപ്പു വെറുതേ വട്ടം കറങ്ങി നിന്നു. ലെഹർ സോഡാ നാലിലും ഒഴിച്ചു നിറച്ചു. കറുത്ത ജലത്തിൽ നുരയുയരുന്നതു കാണാം. തട്ടുകടയിൽ നിന്നും ഒപ്പിച്ച ചിക്കൻ കൊണ്ടാട്ടവും ബീഫ് ഫ്രൈയും കൊഴുവ വറുത്തതും നിരത്തിവച്ചു.
‘ചിയേർസ്’ ചൊല്ലി, നാലാളും ആദ്യ റൗണ്ട് പൂർത്തിയാക്കി. വില കുറഞ്ഞ റം, കുങ്കിയാനകളെ എതിർത്തു കൂട്ടിൽ നിന്നും പുറത്തുചാടാൻ വെമ്പിയ പിടി സെവൻ കൊമ്പനേപ്പോലെ എക്കിൾ രൂപത്തിൽ ഒരു വിഫലശ്രമം നടത്തി. സ്വന്തം ഇച്ഛാശക്തി കൊണ്ടു, നാലുപേരും ആ നിർണ്ണായക നിമിഷത്തേ അതിജീവിച്ചു.
അനൂപാണ് ആദ്യം സംസാരിച്ചത്.
“പ്രിയമുള്ള കൂട്ടുകാരേ, ജീവിതത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന നമ്മൾ, ഒരാഴ്ച്ചയുടെ അദ്ധ്വാനഭാരം ഇറക്കിവച്ച് അൽപ്പം റിലാക്സാകാൻ പതിവുപോലെ ഈ ശനിയാഴ്ച്ചയും കൂടുകയാണ്. എന്റെ ചങ്ങാതിമാരായ മധുവിനും, സുരേഷിനും, പ്രസാദിനും നന്മകൾ നേർന്നുകൊണ്ട് നമുക്ക് അടുത്ത റൗണ്ടിലേക്കു പ്രവേശിക്കാം.”
മധുവും സുരേഷും പ്രസാദും കയ്യടിച്ചുകൊണ്ട് അനൂപിന്റെ മൊഴിമുത്തുകളേ അംഗീകരിച്ചു. വീണ്ടും, ഗ്ലാസുകൾ നിറഞ്ഞു. ഒഴിഞ്ഞു. പിന്നെ നാട്ടുവർത്തമാനങ്ങൾ ആരംഭിക്കുകയായി. പരദൂഷണമായിരുന്നു വിഷയങ്ങളിൽ പ്രധാനം. നാട്ടിലെ പലരുടേയും മൂക്ക് അന്നേരം വല്ലാതെ ചൊറിഞ്ഞിട്ടുണ്ടാകണം. ചില അംഗനകളുടെ വലം കണ്ണു തുടിച്ചിട്ടുമുണ്ടാകും. അമ്മാതിരി കുറ്റം പറച്ചിലുകളാണ്, മത്സരിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. ഓരോ വർത്തമാനം തീരുമ്പോളും ചിരി അകമ്പടിയായി വന്നെത്തി. വല്ലവരേയും കുറ്റം പറയാൻ എന്തു രസമാണ്. സമയം പോകുന്നത് അറിയുന്നതേയില്ല.
രാത്രിയായി. അന്നേരത്താണ് പ്രസാദിന്റെ ഫോൺ ബെല്ലടിച്ചത്.
“ശ്യോ, പെണ്ണുമ്പിള്ള വിളിയ്ക്കണുണ്ടല്ലോ; ഇവൾക്കിതെന്തിന്റെ കേടാണ്.”
എന്നു പിറുപിറുത്തുകൊണ്ടാണ് പ്രസാദ്, കോൾ എടുത്തത്.
“എന്ത്യേടീ, ഞാൻ നമ്മുടെ വീടു പണിയണോടത്തുണ്ട്. മധൂം, അനൂപും സുരേഷുമൊക്കെയുണ്ട്. ഞാൻ അരമണിക്കൂറു കഴിമ്പോഴേക്കും വരാം. ഇനി വിളിക്കണ്ട ട്ടാ…”
പ്രസാദ് ഫോൺ വച്ചു.
“ഡാ, പ്രസാദേ നമ്മള് ശന്യാഴ്ച്ച കൂടണത് നിന്റെ പെണ്ണിനറിയണ കാര്യല്ലേ?എന്നെയൊന്നും ഇങ്ങനെ വിളിക്കില്ല. മ്മള്, ഇത്തിരി കഴിഞ്ഞാൽ വരുംന്ന് അവൾക്കറിയില്ലേ. എന്റെ പെണ്ണ് ഇങ്ങനെ വിളിച്ചാൽ, എന്റേന്നു നല്ലതു കേക്കും. പിന്നെ, ഒരു കാര്യം പറയാൻ മറന്നു; നാളെ എന്റെ കല്യാണവാർഷികമാണ്. പത്താം കൊല്ലം. അതോണ്ട്, എന്റെ പെണ്ണവിടെ കേക്കുണ്ടാക്കുന്ന തിരക്കിലാവും.”
അനൂപ്, പ്രസാദിനെ കാര്യമായി ഒന്നുപദേശിച്ചു. പിന്നെ, ആത്മപ്രശംസയിൽ പുളകം കൊണ്ടു.
“അനൂപേ, നാളെ ഞായറാഴ്ച്ചയും നിന്റെ വെഡ്ഡിങ് ആനിവേഴ്സറിയും; നിനക്കു ലീവാക്കാണ്ടു കഴിഞ്ഞൂലോ, നാളെ ഉച്ചയ്ക്ക് എന്തൂട്ടാ പരിപാടി? കേക്കു മുറിക്കലു മാത്രേ ഒള്ളൂ ? ഞങ്ങളു കൂടി വരട്ടേ ?”
മൂന്നുപേരും ഒന്നിച്ചാണു ചോദിച്ചത്.
“നിങ്ങള്, ഉച്ചയ്ക്കു വന്നോ, രണ്ടുകഷ്ണം കേക്കും കഴിക്ക്യാം. ബിരിയാണീം തിന്നാം. എല്ലാം, വീട്ടിലുണ്ടാക്കീതാ. പ്രസീതയ്ക്കു പാചകം ഭയങ്കര ഇഷ്ടാണ്. അതോണ്ട് എല്ലാം വീട്ടിൽത്തന്നെ ഉണ്ടാക്കും.”
അനൂപ് പറഞ്ഞു നിർത്തി. ഗ്ലാസുകൾ വീണ്ടും വീണ്ടും നിറഞ്ഞൊഴിഞ്ഞു. പ്രസാദിന്റെ ഫോൺ വീണ്ടും ശബ്ദിച്ചു. ഇത്തവണ അനൂപ് ഇത്തിരി പുച്ഛത്തിലാണ് പ്രസാദിനെ നോക്കിയത്. ബാക്കി രണ്ടുപേരും അന്താരാഷ്ട്രവിഷയങ്ങൾ ചർച്ച ചെയ്യുകയായിരുന്നു.
“ഡാ, അനൂപേ, പ്രസീതയാണു വിളിയ്ക്കണത്. നീ ഫോൺ, ചുളിവിലു വീട്ടിലു വച്ചു പോന്നേക്കുവാ അല്ലേ?”
അനൂപ്, പ്രസാദിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി, അങ്ങേ മുറിയിലേ ഇരുട്ടിലേക്കു നടന്നു. അവിടെ നിന്നും സംഭാഷണങ്ങളൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അനൂപിന്റെ മുക്കലും മൂളലും മാത്രം പുറത്തു വന്നു. വേഗം തന്നെ അനൂപ്, തിരിച്ചെത്തി. ഇപ്പോൾ അവന്റെ ചിരിക്കു പഴയ ജീവനില്ലായിരുന്നു. തെല്ലു നേരത്തിനു ശേഷം കൂട്ടുകാർ പിരിഞ്ഞു.
രാത്രി; പ്രസീതയുടെ കയ്യിൽ നിന്നും കണക്കറ്റു ശകാരം ഏറ്റുവാങ്ങുകയായിരുന്നു അനൂപ്.
“നിങ്ങടെ ഈ കൂട്ടുകെട്ടും, രാത്രിവരെയുള്ള ക ള്ളുകുടിയും നിർത്തിക്കോ, ആഴ്ച്ചേല് ഒരൂസം ഇത്തിരീന്നു പറഞ്ഞു തുടങ്ങീട്ട്, നിങ്ങളിപ്പോ എല്ലാ ശന്യാഴ്ച്ചയും ആടിയാടിയാണല്ലോ വരണത്. ഇത്, ശര്യാവില്ല്യാട്ടാ; നിങ്ങടെ കൂട്ടുകാരെ കാണുമ്പോൾ ഞാൻ പറയാത്തത്, നിങ്ങൾക്ക് നാണക്കേടാവണ്ടാന്നു കരുത്യാണ്. ഇനി, ഇങ്ങനെ വന്നാല് ഞാനവരോടു മുഖത്തു നോക്കി പറയും. ആഴ്ച്ചപ്പരിപാടിക്ക് നിങ്ങളുണ്ടാവില്ല്യാന്ന്.”
അനൂപ് തർക്കിക്കാൻ നിന്നില്ല. വെറുതെ തല്ലുകൂടി പിണങ്ങിക്കിടന്നാൽ നാലുദിവസം അവൾ മൗനവ്രതത്തിലാവും. നാളെ നല്ലൊരു ദിവസായിട്ട്, പിണങ്ങണ്ട. അവളു പറയണതു കേട്ടു കിടക്കാം.
“നിങ്ങള് ഞാനുണ്ടാക്ക്യ കേക്കു കണ്ടാ?അതു ഫ്രിഡ്ജില് വച്ചിട്ടുണ്ട്. ചിക്കൻ വറുത്തു കോരി വച്ചു. നാളെയിനി റൈസ് മാത്രം ശര്യാക്ക്യാൽ മതി. ക്ടാവു കിടന്നുറങ്ങി. നിങ്ങള് കുളിച്ചു വന്നു കിടക്കാൻ നോക്ക്. ക ള്ളു നാറണൂ….”
മോൻ, കിടക്കയിൽ ചുവരരികു ചേർന്നു പൂണ്ട ഉറക്കമാണ്. അനൂപ് പ്രസീതയോടു ചേർന്നു കിടന്നു.
“ഡ്യേയ്, നാളെ മ്മടെ കല്യാണം കഴിഞ്ഞ് പത്തുവർഷമായി ലേ? കാലം എത്ര പെട്ടന്നാണ് പോണത്. എല്ലാം, ഇന്നലെ കഴിഞ്ഞ പോലെ…”
“കാലമിത്രയായിട്ടും, നിങ്ങടെ കുന്നായ്മകൾക്കു എന്തേലും കുറവുണ്ടോ മനുഷ്യാ?.നിങ്ങൾക്ക് ഇപ്പഴും വലുത്, നിങ്ങടെ കൂട്ടാരല്ലേ?”
അതിനയാൾ മറുപടി പറഞ്ഞില്ല. പകരം, അവൾക്കു മേലെ കാൽ കയറ്റി വച്ച് , ഇങ്ങനേ ചോദിച്ചു.
“നാളെ രാത്രിയിൽ, പത്തുകൊല്ലം മുന്നത്തേപ്പോലെ എന്തേലും നടക്കുമോ?”
“ഉം, നടക്കും, നിങ്ങളുടെ വധം നടക്കും”
അവൾ തിരിഞ്ഞ കിടന്നു.
പിറ്റേന്ന്, രാവിലെ പതിനൊന്നുമണി. കുളിച്ചു കുട്ടപ്പനായി വന്ന അനൂപിനു അവൾ പുത്തൻ രണ്ടു ഷർട്ടുകൾ കൊടുത്തു..തിരികേ ഒരു മുന്തിയ പട്ടുസാരിയും സമ്മാനിച്ചു. പ്രതീക്ഷയുളള സർപ്രൈസ് ഗിഫ്റ്റ്.
“ഇനി വേറെയും ഒരു സർപ്രൈസ്, നിങ്ങൾക്കായി ഞാൻ കരുതിയിട്ടുണ്ട്.” അവൾ പറഞ്ഞു.
ബിരിയാണിയുടെ അവസാന ഭാഗങ്ങളിലേക്കെത്തിയ നേരത്താണ്, കാളിംഗ് ബെൽ മുഴങ്ങിയത്. പ്രസീതയാണു വാതിൽ തുറന്നത്. പൂമുഖത്ത്, നിറഞ്ഞ ചിരിയോടെ നിൽക്കുന്ന മധുവും, പ്രസാദും, സുരേഷും. അവരുടെ കയ്യിലെ പ്ലാസ്റ്റിക് കവറിൽ എന്തോ ഉണ്ടായിരുന്നു. അവൾ, എല്ലാവരേയും നോക്കി വെളുക്കേച്ചിരിച്ചു. എന്നിട്ടു, അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു.
“അനൂപേട്ടാ, ഇങ്ങ്ട് വായോ, ഇവിടെ മധുവേട്ടനും, സുരേഷേട്ടനും, പ്രസാദേട്ടനും വന്നിരിക്കുന്നു. വേഗം, വായോ…ചേട്ടന്മാര് ഇരിക്കീട്ടാ, ഞാൻ വെള്ളമെടുക്കാം.”
അവൾ അകത്തേക്കു കടക്കുമ്പോൾ, അനൂപ് എതിരേ വന്നു. അവളുടെ നോട്ടത്തിൽ ഒരു കല്ലുകടിയുടെ ലക്ഷണം കണ്ടുവെങ്കിലും അവനതു കാര്യമാക്കാതെ പുറത്തേക്കു വന്നു.
“ഹാപ്പി വെഡ്ഡിങ്ങ് ഡേ അളിയാ, നീ ദീർഘസുമംഗലനായി ഒത്തിരിനാൾ ഈ ഭൂമിയിൽ പൊറുക്കുക. ഇന്ന് ഞായറാഴ്ച്ചയല്ലേ; ഈ സുദിനം നിന്റെ ടെറസ്സിന്റെ മുകളിൽ ആഘോഷിക്കാം എന്നു കരുതി. സംഗതി വാങ്ങീട്ടുണ്ട്. ഒന്നര ലിറ്ററുണ്ട്. ലാവിഷാണ്. നീയിത്തിരി തണുത്ത വെള്ളോം, വല്ല ടച്ചിംഗ്‌സും എടുത്തു മുകളിലേക്കു വായോ, നിനക്ക് പിന്നെ പ്രസീതയെ പേടിക്കേണ്ടല്ലോ!”
പറഞ്ഞു തീർന്നതും, കൂട്ടുകാർ അകത്തളത്തിലെ ഗോവണിപ്പടവുകൾ കയറി മുകളിലേക്കെത്തി. അവിടേ നിന്നും ചിരിയലകളുയർന്നു. ഇത്തിരി വൈകിയാണ്, അനൂപ് വെള്ളവുമായി മുകളിലേക്കെത്തിയത്. അവന്റെ മുഖം തെല്ലു കല്ലിച്ചിരുന്നു. കൂട്ടുകാർ അതു ശ്രദ്ധിച്ചതേയില്ല. ഗ്ലാസ്സുകൾ നിറഞ്ഞൊഴിഞ്ഞു. ഇടയ്ക്ക്, ടച്ചിങ്സിനായി ബിരിയാണിയെടുക്കാൻ അനൂപ് താഴേക്കു പോകും തിരിച്ചു വരും. കുടി നല്ല രീതിയിൽ നടന്നു.
കൂട്ടുകാർ യാത്ര പറഞ്ഞു പോയി. വാതിലടച്ചു തിരികേ വരുമ്പോൾ, അനൂപ് ചുവരിലെ ക്ലോക്കിലേക്കു നോക്കി. കാഴ്ച്ച പതറുന്ന പോലെ. സമയം, രണ്ടര കഴിഞ്ഞിരിക്കുന്നു. ഹാളിലെ സോഫാസെറ്റിയിൽ ഒന്നുകിടന്നു. കണ്ണടഞ്ഞു പോകുന്നു. ഓക്കാനിക്കുന്നുണ്ടോ? മുറിയാകെ വട്ടം കറങ്ങുവോ ? അനൂപ്, മയക്കത്തിലേക്കു വീണു.
ഞെട്ടിയുണർന്നപ്പോൾ, സമയം ആറുമണി കഴിഞ്ഞിട്ടുണ്ട്. മുറിയകമാകെ ഇരുളു പരന്നിരിക്കുന്നു. ഈശ്വരാ, പ്രസീതയും മോനും എവിടേപ്പോയി? അനൂപ്, ഡൈനിംഗ് ഹാളിലേക്കു നടന്നു. ഡൈനിങ്ങ് ടേബിളിൽ, മുറിച്ച കേക്കിന്റെ പാതിഭാഗം ഇരിപ്പുണ്ട്. ഇവളും മോനും എവിടെപ്പോയി? ഫോൺ എവിടെയാണിരിക്കുന്നത്?
മുകൾ നിലയിലേക്കു വലിഞ്ഞു കയറിച്ചെന്നു. അവിടെ യുദ്ധക്കളം പോലെ കുപ്പിയും ഗ്ലാസ്സുകളും ചിതറിക്കിടക്കുന്നു. ബിരിയാണിയുടെ അവശിഷ്ടങ്ങൾ. അതിനിടയിൽ കിടക്കുന്ന ഫോൺ. വേഗം, ഫോണെടുത്തു.
പ്രസീതയെ വിളിക്കാൻ ഭാവിക്കുമ്പോളാണ്, അവളയച്ച വാട്സ്ആപ്പ് മെസേജുകൾ ശ്രദ്ധയിൽപ്പെട്ടത്. കുറേ ഫോട്ടോകൾ അയച്ചിരിക്കുന്നു. സോഫായിൽ തൂങ്ങിക്കിടക്കുന്ന, ഉടുതുണിയഴിഞ്ഞു പോയ, വാളു വച്ചു അലങ്കോലമായ സ്വന്തം ചിത്രങ്ങൾ കണ്ട് അനൂപിന് നാണം തോന്നി. ചിത്രങ്ങൾ തുടർന്നു. കേക്കു മുറിക്കുന്ന ചിത്രങ്ങൾ; ദൈവമേ അവളുടെ അച്ഛനും അമ്മയും വന്നിരുന്നോ? ഒപ്പം, അവളുടെ ഇളയച്ഛന്റെ പെൺമക്കളും. അതിലൊരാളുടെ വിവാഹം, അടുത്ത മാസമാണ്. അവർ വന്ന നേരത്ത്, സോഫായിലുള്ള കിടപ്പ് ജോറായിരുന്നു.
ഫോട്ടോകൾ തീർന്നു. ഇനിയൊരു വോയ്സ് മെസേജാണ്.
“അച്ഛനുമമ്മയും, ഈ പെൺകുട്ടികളും വരണ കാര്യമാണ് ഞാൻ സർപ്രൈസ് ആക്കിയത്. വന്നപ്പോൾ, നിങ്ങളുടെ കിടപ്പുകണ്ട്, എല്ലാവർക്കും സർപ്രൈസ് ആയി. ഞാനും മോനും ഇവരുടെ കൂടെ വീട്ടിലേക്കു പോകുന്നു. ബോധം വരുമ്പോൾ നിങ്ങള്, കൂട്ടുകാരേ വിളിച്ച് വീണ്ടും ആഘോഷിച്ചോ; അല്ലെങ്കിൽ എപ്പഴാന്നു വച്ചാൽ ഇവിടെ വന്നു എല്ലാവരോടും സോറി പറഞ്ഞോളൂ. എന്നാലെ ഞാനിനി അങ്ങോട്ടു വരണുള്ളൂ….എന്നാ ശരി….”
ആ മെസ്സേജും കേട്ട്, അനൂപ് തല പെരുത്തിരിക്കുമ്പോളാണ് മറ്റൊരു മെസേജ് വന്നത്. ക ള്ളു കമ്പനിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നാണ്.
“ഹാപ്പി ആനിവേഴ്സറി അളിയാ, നീ പൊരിയ്ക്ക്…എല്ലാ ഭാവുകങ്ങളും….”
അനൂപ്, വെറും നിലത്തു തളർന്നിരുന്നു. ഉത്തരം കിട്ടാത്ത ഒത്തിരി ചോദ്യങ്ങൾ അവനു മുന്നിൽ നിരന്നു നിന്നു..അന്തി മാഞ്ഞു. മണ്ണിലും, അനൂപിന്റെ മനസ്സിലും കൂരിരുളു പടർന്നു…..