അവൾ മുറിയിലെ ടേബിളിന് മുന്നിലിരുന്നു കണ്ണ് തുടച്ചു കൊണ്ട് ഒരു വെള്ള പേപ്പർ എടുത്തു. എന്നിട്ടു എഴുതാൻ തുടങ്ങി…

സമയം

Story written by Rivin Lal

::::::::::::::::::::::::::::

“നീയൊന്നു ശല്യം ചെയ്യാതെ മുന്നിൽ നിന്നും പോയേ എന്റെ ദേവാ…!” ആക്രോശിച്ചു കൊണ്ട് നിർവേദ് ഹാളിലെ ടേബിളിലിരുന്ന പ്ലേറ്റെടുത്തു താഴേക്കെറിഞ്ഞുടച്ചത് കണ്ടപ്പോൾ തന്നെ ദേവനയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി തുടങ്ങിയിരുന്നു.

ഒന്നും മിണ്ടാതെ അവൾ കരഞ്ഞു കൊണ്ട് റൂമിലേക്ക്‌ കയറി വാതിലടച്ചു. റൂമിൽ കയറിയപ്പോൾ കുറച്ചു മുൻപേ ഹാളിൽ വെച്ചു എന്താണ് സംഭവിച്ചതെന്നു അവൾക്കൊരു എത്തും പിടിയും ഇല്ലായിരുന്നു. എന്നാലും എല്ലാത്തിനും ഇന്നത്തോടെ ഒരു അവസാനം ഉണ്ടാവണമെന്ന് അവൾ തീരുമാനിച്ചു.

അവൾ മുറിയിലെ ടേബിളിന് മുന്നിലിരുന്നു കണ്ണ് തുടച്ചു കൊണ്ട് ഒരു വെള്ള പേപ്പർ എടുത്തു. എന്നിട്ടു എഴുതാൻ തുടങ്ങി..

“പ്രിയപ്പെട്ട നിർവേദിന്..ഞാൻ ആദ്യമായി നിങ്ങളെ കാണുന്നത് എന്റെ കോളേജിൽ കൊടിയും പിടിച്ചു നടന്ന നേതാവായിട്ടാണ്. രക്തത്തിൽ കോളേജ് രാഷ്ട്രീയം തിളച്ചു നിൽക്കുന്ന സമയത്ത് നിങ്ങൾ ജൂനിയറായ എന്നെ ശ്രദ്ധിച്ചു കാണില്ല. പക്ഷേ ഞാൻ എന്നും ശ്രദ്ധിക്കാറുണ്ടായിരുന്നു. അത് കൊണ്ടാവണം നിങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാനായി പലപ്പോഴും ഞാൻ നിങ്ങൾക്കരികിലൂടെ നടന്നതും നിങ്ങൾക്കടുത്തു ഇരുന്നതുമെല്ലാം.

എന്റെ ഓർമ ശരിയാണെങ്കിൽ ഒരിക്കൽ ബസ്റ്റോപ്പിൽ വെച്ചു എന്റെ സ്വർണ്ണ കൊലുസ് ഞാൻ പോലും അറിയാതെ അഴിഞ്ഞു വീണപ്പോൾ ബസ്റ്റോപ്പിൽ നിന്നും ബൈക്കുമെടുത്തു ഞാൻ കയറിയ ബസിനു പിന്നാലെ വന്നത് എനിക്ക് ഇന്നലെ കഴിഞ്ഞ പോലെയാണ് തോന്നുന്നത്. ഞാൻ വീട്ടിലേക്കു കയറുമ്പോൾ അച്ഛന്റെ ചോദ്യത്തിന് മുൻപേ കൊലുസ് എനിക്കു നേരെ നീട്ടിയത് എനിക്കെങ്ങിനെ മറക്കാൻ കഴിയും..?

ഞാൻ P. G ക്ക് പഠിക്കുമ്പോൾ വന്നിരുന്ന കല്യാണ ആലോചനകളെല്ലാം മുടക്കിയത് നിങ്ങൾക്ക് വേണ്ടിയായിരുന്നു. അവസാനം ജർമനിയിൽ ജോലിയും കിട്ടി ഒരു വർഷത്തിന് ശേഷം പുതിയ കാറിൽ എന്നെ പെണ്ണ് കാണാൻ വന്നപ്പോൾ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാനാണെന് സന്തോഷിച്ചു.

രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിഞ്ഞു നമ്മൾ ജർമ്മനിയിലേക്ക് വന്നു. ഇവിടെ വെച്ചാണ് നമ്മൾ ശരിക്കും പ്രണയിച്ചു തുടങ്ങുന്നത്. പ്രകൃതി മനോഹരമായ ജർമനിയിലെ പാർക്കിലൂടെ എന്റെ കൈകൾ കോർത്തു പിടിച്ചു നമ്മൾ നടന്നപ്പോൾ ജീവിത കാലം മുഴുവൻ ഈ കൈകൾ കൊണ്ട് എന്നെ ചേർത്തു പിടിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു.

തണുപ്പത്തു രാവിലെ എണീക്കാൻ അല്പം മടിയുള്ള എനിക്ക് രാവിലെ ചൂടുള്ള കോഫി തന്ന് എന്നെ ഉണർത്തിയത് നിങ്ങളുടെ ഉള്ളിലെ പ്രണയമാണ്. ഇവിടുത്തെ മനോഹരമായ പുഴ വക്കിലിരുന്ന് വൈകുന്നേരങ്ങളിൽ നമ്മൾ എന്ത് മാത്രം സ്വപ്നങ്ങൾ കണ്ടിരിക്കുന്നു. എന്റെ ജീവിതത്തിലെ ഓരോ ദിവസവും ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് നിങ്ങളോടുള്ള അതിയായ പ്രണയം കൊണ്ടാണ്.

നിങ്ങൾക്കിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി നമ്മൾ പല രാത്രികളിലും ഒരുമിച്ചു കഴിക്കുമ്പോൾ ഞാൻ എന്ത് മാത്രം സന്തോഷവതിയായിരുന്നു എന്നറിയാമോ..? അടുക്കളയിൽ വെച്ചു തലയിലൂടെ കപ്പിൽ വെള്ളം ഒഴിക്കാൻ നമ്മൾ അടുക്കള മുഴുവൻ കുട്ടികളെ പോലെ ഓടുമായിരുന്നു. ഇടിയും മിന്നലുമുള്ള പേടിയാവുന്ന രാത്രികളിൽ ആ നെഞ്ചോടു ചേർന്നു കിടക്കുമ്പോൾ എന്റെ ചെവിയിൽ നിങ്ങൾ പതുക്കെ പറയുമായിരുന്നു “എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്” എന്ന്.. അത് കേൾക്കുമ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെ പോലെ ആ ശരീരത്തോട് ഒന്നൂടി ചേർന്നു കിടക്കും. അങ്ങിനെ നമ്മുടെ പ്രണയ ദിനങ്ങൾ ആഴ്ചകളായും മാസങ്ങളായും സന്തോഷത്തോടെ കടന്നു പോയി….!!!

പിന്നെ എന്ന് മുതലാണ് നമ്മൾക്കിടയിൽ പ്രശ്നങ്ങൾ വന്നു തുടങ്ങിയത്. കൊറോണ വന്ന കാലത്ത് വർക്ക്‌ ഫ്രം ഹോം ആയപ്പോൾ വീട്ടിൽ നിന്നും എപ്പോളും ഈ ലാപ് ടോപിന് മുന്നിൽ ഇരിക്കാൻ മാത്രമേ നിങ്ങൾക്ക് സമയം ഉണ്ടായിരുന്നുള്ളു. ഞാൻ ഒന്ന് അടുത്ത് വന്നു കെട്ടി പിടിച്ചാൽ ഇഷ്ടമാവില്ല, പുതിയ എന്തേലും ഡിഷ്‌ പാചകം ചെയ്തു കൊണ്ട് തന്നാൽ ഒന്ന് രുചിച്ചു നോക്കുകയോ ശരിക്കും കഴിക്കുകയോ ഒരു നല്ല വാക്ക് പറയുകയോ ഇല്ലാ. എന്തിന്, ഒരിക്കൽ പിറന്നാളിന് ഞാൻ വാങ്ങി തന്ന ടി ഷർട്ട് ഇത് വരെ ഒന്ന് ഇട്ടു നോക്കിയിട്ടു പോലുമില്ല. അതെന്നെ എന്ത് മാത്രം വേദനിപ്പിച്ചു എന്ന് നിങ്ങൾക്കറിയുമോ..?

എന്റെ പിറന്നാളോ നമ്മുടെ ആനിവേഴ്സറി ഡേറ്റ് പോലും ഓർക്കാൻ നിങ്ങൾക്കു സമയമില്ല. ഞാൻ എന്ത് ചോദിച്ചാലും “വർക്ക്‌ ഉണ്ട്.. സമയമില്ല” എന്ന് മാത്രം മറുപടി.. എന്നിട്ടു ലാപ്പിൽ തന്നെ ഊണും ഉറക്കവും.. ഇങ്ങിനെ ഒരാൾ ഇവിടെ ജീവനോടെ ഈ വീട്ടിൽ ഉണ്ടെന്ന ചിന്ത പോലുമില്ല.. എന്നോട് മിണ്ടാതെയായപ്പോൾ ഞാൻ കുറേ ടിവി കാണാൻ തുടങ്ങി… ബോറടി മാറ്റാൻ പിന്നെ പാചകം ചെയ്യും… കുറേ നാട്ടിലേക്കു ഫോൺ വിളിച്ചു സംസാരിക്കും… എന്നാലും എത്ര എന്ന് വെച്ചാ ഇതെല്ലാം ചെയ്യുക.. നിങ്ങൾ അടുത്ത് ഉണ്ടായിട്ടു പോലും എനിക്ക് ഡിപ്രെഷൻ വന്നു.. ആരും ഇല്ലാത്ത പോലെ.. അത് പോലും നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റിയില്ല.. എന്റെ ഫീലിംഗ്സൊ എന്റെ മനസ്സോ നിങ്ങൾക്ക് കാണാൻ സമയം ഇല്ലാ.. ജോലി തന്നെ.. ജോലി…. എല്ലായ്‌പോഴും.. എന്നെ ഒന്ന് തൊട്ടിട്ടു പോലും എത്രയോ നാളുകളായി.. എനിക്കുമില്ലേ ഒരു ലിമിറ്റ്.. ഒരു മുറിയിൽ രണ്ടറ്റത്താണ് നമ്മളിപ്പോൾ കിടക്കാറ്… ചിലപ്പോൾ രണ്ടു പേരും രണ്ടു മുറിയിലും…!!

ശരിയാണ്.. എന്നോട് സംസാരിക്കാഞ്ഞപ്പോൾ, എന്റെ പ്രണയത്തെ ശ്രദ്ധിക്കാഞ്ഞപ്പോൾ, എനിക്ക് ഈ വീട്ടിൽ വില കല്പിക്കാഞ്ഞപ്പോൾ, ഞാൻ പ്രതികരിച്ചു.. പൊട്ടിത്തെറിച്ചു.. ആ ദേഷ്യത്തിന് നിങ്ങൾ ജോലി സംബന്ധമായ ഓൺലൈൻ വീഡിയോ മീറ്റിംഗിൽ മുഴുകി കൊണ്ടിരിക്കുമ്പോൾ ഞാൻ വന്നു ലാപ് ടോപ് ശക്തിയായി അടച്ചു.. അത് കാരണം നിങ്ങളുടെ ബോസ്സ് നിങ്ങളെ ഫയർ ചെയ്തു.. ആ ദേഷ്യത്തിന് നിങ്ങൾ ടേബിളിലെ പ്ലേറ്റ് എടുത്തു എറിഞ്ഞുടച്ചു..

ഞാൻ ചെയ്തത് തെറ്റാണോ..?? എനിക്ക് നിഷേധിച്ച സമയം നിങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സ് പ്രതികരിച്ചു.. അതൊരു തെറ്റാണെങ്കിൽ സോറി.. ഞാൻ പോകുന്നു…. എങ്ങോട്ടെങ്കിലും……!!!

എന്ന് സ്വന്തം ദേവന…

അവളാ കത്തിൽ പേന വെച്ചിട്ട് കാറെടുക്കാനായി പുറത്തേക്കിറങ്ങി. അവൾ പോകുന്നത് കണ്ടപ്പോൾ അവൻ തടയാൻ ശ്രമിച്ചു. പക്ഷേ അവളവന്റെ കൈകൾ തട്ടി മാറ്റി കൊണ്ട് പോർച്ചിലെ കാർ സ്റ്റാർട്ട്‌ ചെയ്തു വേഗത്തിൽ ഓടിച്ചു പുറത്തേക്കു പോയി.

അവൾക്കു പിന്നാലെ പോവാനായി നിർവേദ് റൂമിൽ വന്നു അവന്റെ ബൈക്കിന്റെ കീ തപ്പാൻ തുടങ്ങുമ്പോളാണ് ടേബിളിന് മുകളിൽ ദേവന വെച്ച കത്ത് കണ്ടത്. അവൻ കത്തെടുത്തു മുഴുവൻ വായിച്ചപ്പോളേക്കും അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി. അവസാന വരി വായിക്കുമ്പോൾ അവന്റെ ചുണ്ടിൽ നിന്നും അറിയാതെ ആ വാക്ക് വീണു “സമയം..! അവൾക്ക് വേണ്ടിയുള്ള സമയം..!!”

അപ്പോൾ അയാളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. അപരിചിതമായ നമ്പർ കണ്ടപ്പോൾ അവൻ വേഗം ഫോണെടുത്തു സംസാരിച്ചു. മറു വശത്തു ജർമ്മൻ ഹൈവേ പോലീസായിരുന്നു.

“നിങ്ങളുടെ ഭാര്യ ഹൈവേയിലെ ഒരു കാർ അപകടത്തിൽ മരിച്ചു” എന്ന വാർത്ത ഇംഗ്ലീഷിൽ കേട്ടതും അവന്റെ കയ്യിൽ നിന്നും ഫോൺ താഴേക്കു താനെ ഊർന്നു വീണു. നിലത്തു മുട്ട് കുത്തിയിരുന്ന് നിർവേദ് ഉറക്കെ പൊട്ടി കരഞ്ഞു. അവന്റെ കരച്ചിലിനിടയിലും താഴെ വീണ ഫോണിലൂടെ പോലീസുകാരന്റെ “ഹലോ” എന്ന ശബ്ദം വീണ്ടും വീണ്ടും ആ മുറിയിലേക്ക് പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.

***********************

ആറു മാസത്തിനു ശേഷമുള്ള ഒരു ദിവസം….

നിർവേദ് അവർ പണ്ട് നടന്ന പാർക്കിലൂടെ നടന്നു.. പക്ഷേ ഇന്നവൻ ഒറ്റയ്ക്കാണ് നടക്കുന്നത്. പാർക്കിൽ അവർ ഒരുമിച്ചിരുന്ന സീറ്റിൽ കുറേ നേരം അവനിരുന്നു. അടുത്ത് അവളുടെന്ന ഓർമയിൽ അവിടം അവൻ തലോടി. പിന്നീട് അവർ പോകാറുള്ള പുഴ വക്കത്തു പോയി അവൻ കുറേ സമയം ഇരുന്നു. അവിടെയിരുന്നു അവർ നെയ്ത സ്വപ്നങ്ങൾ ഓരോന്നായി ഓർക്കും. വീട്ടിലെത്തിയാൽ അവളുണ്ടാക്കുന്ന ഭക്ഷണം അവനുണ്ടാക്കി അവൾ പിറന്നാളിന് കൊടുത്ത ടി ഷർട്ടിട്ടു ഒറ്റയ്ക്ക് മൂടി പുതച്ചു കിടക്കും. ഇടിയും മഴയും വരുമ്പോൾ അവിടെ ഭയക്കാനിപ്പോൾ ആരുമില്ല. അവൾ കിടന്ന ബെഡിന്റെ സൈഡിൽ കൈ വെക്കുമ്പോൾ ആ ശൂന്യതക്കു ഒരുപാട് വിലയുണ്ടെന്നു അവനപ്പോൾ തിരിച്ചറിഞ്ഞു.

അടുത്ത ദിവസം അവനവൾ ഇരുന്ന കസേരയിൽ ഇരുന്ന് പെൻ എടുത്തു വെള്ള പേപ്പറിൽ എഴുതാൻ തുടങ്ങി..

പ്രിയപ്പെട്ട ദേവക്ക്,

നീ അടുത്ത് വന്നിരുന്ന് എന്നെ കെട്ടി പിടിച്ച സമയത്ത് ഞാൻ ലാപ് ടോപ് മാറ്റി വെച്ചു നിന്നെ ഒന്ന് ചേർത്തു പിടിച്ചിരുന്നെങ്കിൽ നീ ഒരുപാട് സന്തോഷിച്ചേനെ..!! നീ ഉണ്ടാക്കിയ ഭക്ഷണം ഞാൻ ഒന്ന് രുചിച്ചു നോക്കിയിരുന്നെങ്കിൽ, നന്നായിട്ടുണ്ട് എന്നൊരു വാക്ക് ഞാൻ പറഞ്ഞു നമ്മളത് ഒരുമിച്ചു കഴിച്ചിരുന്നെങ്കിൽ…!! നീ തന്നെ പിറന്നാൾ സമ്മാനമായ ടി ഷർട്ടിട്ട് ഇതെനിക്കൊരുപാട് ഇഷ്ടമായി എന്നൊരു വാക്ക് ഞാൻ പറഞ്ഞിരുന്നെങ്കിൽ…!!! തിരക്കുകൾ മാറ്റി വെച്ചു നിന്നോട് ഞാൻ അല്പം സംസാരിച്ചിരുന്നെങ്കിൽ..!! നിന്നെയും കൂട്ടി വൈകിട്ട് ഒന്ന് കൈ പിടിച്ചു നടന്നിരുന്നെങ്കിൽ..!! പുഴ വക്കിൽ എന്റെ തോളോട് ചേർത്തു നിന്നെയിരുത്തി ഒരു പ്രണയ വാക്ക് പറഞ്ഞിരുന്നെങ്കിൽ..!!! ഇതെല്ലാം ഞാൻ ചെയ്തിരുന്നെങ്കിൽ നിന്നെ എനിക്ക് ഒരിക്കലും നഷ്ടപ്പെടില്ലായിരുന്നു….!!!!

ബാക്കി എഴുതാൻ കഴിയാതെ, വാക്കുകൾ മനസ്സിൽ ഇടറി കൊണ്ട് ആ കത്തുമായി അവൻ നേരെ അവളുടെ കുഴിമാടത്തിനു മുന്നിൽ ചെന്നു മുട്ട് കുത്തിയിരുന്നു. അതവളുടെ കുഴിമാടത്തിൽ വെച്ചു അവൻ പറഞ്ഞു “നീ പറഞ്ഞത് ശരിയാണ് ദേവാ…

എനിക്ക് ഒന്നിനും സമയം ഇല്ലായിരുന്നു. നമ്മുടെ ഇടയിലെ പ്രശ്നം സമയമായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് ഒരുപാട് സമയമുണ്ട്. എല്ലാത്തിനും….പക്ഷേ അതിന്റെ വില മനസിലാക്കിയപ്പോളേക്കും നീ എന്റെ കൂടെയില്ല.. എന്നോട് പൊറുക്കണം ദേവാ…!!!!!”

അത് പറഞ്ഞു മുഴുമിപ്പിക്കുമ്പോളേക്കും അവൻ മുഖം പൊത്തി പൊട്ടി കരഞ്ഞു പോയിരുന്നു…!!!അവന്റെ കണ്ണുനീർ കണ്ടത് കൊണ്ടാവണം ആ കൊടും തണുപ്പിൽ ഒരു ഇളം കാറ്റു അവന്റെ കണ്ണുനീർ ഉണക്കിക്കൊണ്ട് തലോടി പോയി. അവൻ തലയുയർത്തി ചുറ്റിലേക്കും മെല്ലെ നോക്കുമ്പോൾ ആ കാറ്റിനു മാത്രം ദേവയുടെ ശരീരത്തിന്റെ മണമുള്ളതായി അവനപ്പോൾ തോന്നി…!!!

അവസാനിച്ചു

റിവിൻ

NB:- നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വില പിടിപ്പുള്ള സമ്മാനം മറ്റൊന്നുമല്ല, അത് നിങ്ങളുടെ വില പിടിപ്പുള്ള സമയമാണ്..!!