ഇന്നാളിൽ നാത്തൂൻ വന്നപ്പോ വാങ്ങിട്ടു വന്നില്ലേ…മീന പെട്ടെന്നു ഓർത്തെടുത്തു

ഷവർമ

Story written by Magi Thomas

================

“അമ്മച്ചി ഞാനൊരു ഷവർമ ഓർഡർ ചെയ്തോട്ടെ??” മീന വയറു തിരുമി സാറമ്മേടെ മുന്നിൽ ചെന്ന് ചോദിച്ചു.

നാലഞ്ചു മാസത്തെ കഠിനമായ ശർദിലിന് ശേഷം മീനക് വല്ലൊക്കെ കഴിക്കാൻ തോന്നിയ സമയം. കെട്ടിയോ നാണേൽ അങ്ങ് ദുബൈയിന് ക്യാഷ് ആവശ്യത്തിന് അയക്കുന്നുമുണ്ട്. പറഞ്ഞിട്ട് കാര്യമില്ല അമ്മായിയപ്പൻ കനിയാതെ പുറത്തുപോയി സാധനം ഒന്നും വാങ്ങാനും പറ്റില്ല. ഏഴാം മാസം ആയിരുന്നേൽ സ്വന്തം വീട്ടിലോട്ട് പോകാമായിരുന്നു.

“ഷവർമയോ അതെന്നാടി??” കരിയില പെറുക്കി തീയിൽ ഇടുന്നെതിനിടയിൽ സാറാമ്മ ചോദിച്ചു.

“അതുപിന്നെ ഈ ബ്രെഡിൽ ചിക്കനും മയോന്നയ്‌സും ഒക്കെ വെച്ചിട്ട്…

“ഇന്നാളിൽ നാത്തൂൻ വന്നപ്പോ വാങ്ങിട്ടു വന്നില്ലേ” മീന പെട്ടെന്നു ഓർത്തെടുത്തു.

നാത്തൂൻ വരുമ്പോളാണ് വീട്ടിൽ ഈ വക സാദനങ്ങൾക്കൊക്കെ സ്ഥാനം കിട്ടുന്നത്.

“ഓഹോ അതാണോ? അപ്പച്ചന് അതൊന്നും ഇഷ്ടമല്ല ” സാറാമ്മ അതു പറഞ്ഞതും മീനയുടെ മുഖം വാടി.

ഗർഭിണി ആദ്യമായിട്ട് ഒരു കാര്യം ചോദിച്ചിട്ട് കൊടുക്കാൻ പറ്റിയില്ല്ലോ എന്ന് ഓർത്തപ്പോൾ സാറാമ്മയ്ക്കും വേവലാതി.

“അല്ലേൽ കൊച്ചേ നീ വാങ്ങിക്ക്..പിന്നെ അപ്പച്ചൻ പറമ്പിനു വരുന്നെന്നു മുന്നേ കഴിച്ചേക്കണം. അധിയാൻ കണ്ട പിന്നെ അതുമിതും പറയും”

“ശെരി അമ്മച്ചി” മീന നാലുകാലിൽ തുള്ളിചാടി ഫോൺ എടുത്തു അടുത്തുള്ള കടയിൽ വിളിച്ചു ഷവർമ ഓർഡർ ചെയ്തു.

മീനയുടെയും സാറാമ്മയുടെയും പ്രതീക്ഷകൾ തെറ്റിച്ചു തോമാച്ചായൻ പറമ്പിനു നേരത്തെ എത്തി.

മുറ്റത്തെ പൈപ്പിൽ നിന്നും വെള്ളമൊഴിച്ചു കാലുകൾ തിരുമി കഴുകി ക്കൊണ്ടിരുന്ന തോമാച്ചായൻ ബൈക്ന്റെ ഹോൺ കേട്ടു തിരിഞ്ഞു നോക്കി.

“ചേട്ടാ ഇവിടെ രണ്ട് ഷവർമ ഓർഡർ ഉണ്ടാരുന്നു.” ബൈക്കിൽ വന്ന ചെക്കൻ പറഞ്ഞു.

“ഷവർമയോ? ആരാടി ഇവിടെ ഇതൊക്കെ ഓർഡർ ചെയ്തേ..!

തോമാച്ചായൻ കലിപ്പൂണ്ട് ചോദിച്ചു.

“അതുപിന്നെ പെണ്ണൊരു ആഗ്രഹം പറഞ്ഞപ്പോ… ” സാറാമ്മ പേടിച്ചു വിക്കി വിക്കി പറഞ്ഞൊപ്പിച്ചു..

മീന അമ്മച്ചിടെ പുറകിനു ഞാനൊനുമറിഞ്ഞില്ലേ എന്നമട്ടിൽ ഒന്നു നോക്കി.

“ഇവിടെ ഇതൊന്നും വേണ്ട..” തോമാച്ചായൻ ഡെലിവറി ബോയോട് പറഞ്ഞു.

“ഇങ്ങേരു ഏതു നൂറ്റാണ്ടിലാണോ” എന്ന് ചോദിച്ചു ചെക്കൻ കലിപ്പിച്ചു ബൈക്ക് തിരിച്ചു പോയി.

രാത്രി കിടക്കാൻ നേരം റോയിച്ചൻ വിളിച്ചപ്പോ മീന തന്റെ സങ്കടം പറഞ്ഞു കരഞ്ഞു. അതുകേട്ടപ്പോ റോയ്ച്ചനും വിഷമം.

“അല്ലേലും ഞാൻ മരുമോളല്ലേ? എന്റെ ആഗ്രഹങ്ങൾക് ഇവിടെ എന്താ വില?”

അവൾ വിങ്ങി പൊട്ടി…

“ഞാൻ പറഞ്ഞോളാം അപ്പച്ചനോട് നീ വാങ്ങി കഴിക്ക്” റോയ്ച്ചൻ അവളെ സമാധാനിപ്പിച്ചു.

****************

പിറ്റേന്ന് രാവിലെ അടുക്കളയിൽ തട്ടും മുട്ടും കേട്ടാണ് മീന ഉണർന്നത്.

ചെന്നു നോക്കുമ്പോ കാണാം അമ്മായിയപ്പൻ അടുക്കളയിൽ..

മീന ഞെട്ടി..സാറാമ്മ ആദ്യമേ ഞെട്ടി നിൽകുയാണേനു അവൾക് മനസിലായി..

സാറാമ്മ പതിയെ മീനയുടെ ചെവിയിൽ പറഞ്ഞു

“ഇന്നലെ രാത്രിയിൽ മുഴുവൻ യൂട്യൂബ് നോക്കി ഷവർമ ഉണ്ടാക്കാൻ പഠിക്കുകയായിരുന്നു. രാവിലെ പോയി ചിക്കനും വാങ്ങി വന്നു പണി തുടങ്ങി.”

“മരുമോളെ ദേ നിന്റെ ഷവർമ റെഡി..കടയിലെ ടേസ്റ്റ് ഒന്നും കാണില്ല എന്നാലും തരക്കേടില്ല…വിശ്വസിച്ചു കഴിക്കാം..പണ്ട് സൗദിയിൽ ആരുന്നപ്പോ ഞാൻ കുറച്ച് പാചകമൊക്കെ ചെയ്യുവാരുന്നു..” തോമാച്ചായൻ പ്ലേറ്റ് നീട്ടി കൊണ്ട് പറഞ്ഞു.

മീനക് അതിശയം തോന്നി..

“ഗർഭിണി പെണ്ണിന്റെ ആഗ്രഹങ്ങൾ ഒന്നും നമ്മടെ തറവാട്ടിൽ നടത്തികൊടുക്കാതിരുന്നിട്ടില്ല. പിന്നെ കണ്ട കടയിലൊക്കെ വിശ്വസിച്ചു നിനക്ക് എങ്ങെനെയാ മേടിച് തെരുന്നേ…എന്തേലും പറ്റിയാൽ നിന്റെ കെട്ടിയോനെ എന്റെ മോനെ എന്നോടെ ചോദിക്കുള്ളു…”

അതും പറഞ്ഞു തോമാച്ചായൻ നടന്നുപോയപ്പോൾ മീനയുടെ കണ്ണുകൾ നിറഞ്ഞു സന്തോഷം കൊണ്ട്…വയറ്റിനു എന്തോ ഒരു ഇളക്കം…

“അയ്യോ അമ്മച്ചി “

“എന്താടീ എന്നാ പറ്റി”

“വയറ്റിൽ ഒരു അനക്കം പോലെ”

അവൾ പറഞ്ഞു.

അതുപിന്നെ നിന്റെ കൊച്ചു പറഞ്ഞതാ ഷവർമ തണുക്കാതെ വേഗം അങ്ങോട്ട് കൊടുക്കാൻ…

അവൾ ചിരിച്ചു സന്തോഷം കൊണ്ട് മനസും വയറും നിറഞ്ഞ ചിരി.