വഴിയരികിൽ ആളുകൾ കൂട്ടമായും ഒറ്റയ്ക്കും നിൽക്കുന്നുണ്ട്. അവൾ പതിയെ നടന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും….

ഇനി എന്നും…..

രചന: രജിഷ അജയ് ഘോഷ്

======================

ഈ രാത്രിയാത്ര ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു, ..രാഹുൽഡ്രൈവ് ചെയ്യുന്നതിനിടെ തിരിഞ്ഞു നോക്കി ,ശിവദഎന്തോ ചിന്തിച്ചുള്ള ഇരിപ്പാണ്.ദച്ചുമോൾ അവളുടെ മടിയിൽ കിടന്നുറങ്ങുന്നു.

“ശിവാ താൻ ഓകെയല്ലേ “

“ഉം ,നമുക്കിടക്കൊന്നു ഇന്ദുവമ്മേനേം കൃഷ്ണച്ചനേം കാണാൻ പോകാമായിരുന്നു അല്ലേ ഏട്ടാ “. അവൾ സങ്കടത്തോടെ പറഞ്ഞു.

” ഇനി പറഞ്ഞിട്ടു കാര്യമില്ല ടോ ,താനിനി അതോർത്തു വിഷമിക്കാതെ “.

രാഹുൽ അങ്ങനെ പറഞ്ഞെങ്കിലും ശിവദയുടെ മനസ്സു വല്ലാതെ നീറി. തിരക്കുകൾക്കിടയിൽ പ്രിയപ്പെട്ട പലതും മനപൂർവ്വമല്ലാതെ മറന്നിരിക്കുന്നു. ഓർമ്മകൾ കുട്ടിക്കാലത്തേക്ക് അവളെ കൊണ്ടുപോയി.

കാലിൽ വെള്ളിക്കൊലുസണിഞ്ഞ ,തുടുത്ത കവിളിൽ കൺമഷി പൊട്ടിട്ട ,വെളുത്ത മൂന്നു വയസ്സുകാരി ശിവദ.കൃഷ്ണച്ഛൻ കൊണ്ടുവരുന്ന മിഠായി പൊതികൾക്കായി കാത്തിരുന്ന കുഞ്ഞുശിവദ.

അടുത്ത വീട്ടിലെ കൃഷ്ണൻ അവൾക്ക് കൃഷ്ണ ച്ഛനും ഇന്ദുലക്ഷ്മി അവൾക്ക് ഇന്ദുവമ്മയും ആയിരുന്നു. മക്കളില്ലാത്ത അവർക്കു അവൾ മകളായിരുന്നു. പരാതിയും പരിഭവങ്ങളും ഇല്ലാത്ത അവർക്ക് ശിവദ കുഞ്ഞാവയായിരുന്നു. അങ്ങനെയെ വിളിക്കാറുള്ളൂ രണ്ടാളും .

കൃഷ്ണച്ഛൻ കടയിൽ ജോലിക്കു പോയിഉച്ചയ്ക്ക് ഉണ്ണാൻ വരുന്നതും നോക്കി കുഞ്ഞാവ വീടിൻ്റെ ഉമ്മറത്തുണ്ടാവും.തൻ്റെ വീടിൻ്റെ മുൻപിലൂടെ വേണം കൃഷ്ണച്ഛന് വീട്ടിൽ പോവാൻ.

” കുഞ്ഞാവേ “

വിളി കേൾക്കേണ്ട താമസം ” അമ്മേ ഞാൻ മേലേ വീട്ടിൽ പോവാ ” കുഞ്ഞുവായിൽ പറഞ്ഞ് അവളോടും .

എപ്പോഴും അവൾക്കായി ഒരു മിഠായിപ്പൊതി കൃഷ്ണച്ഛൻ്റെ കയ്യിൽ കാണും. ഇന്ദുവമ്മയ്ക്ക് ഒരു പശുവും കിടാവുമുണ്ട്. അതിനു പുല്ലരിഞ്ഞും പാലു കറന്നും അവരോട് കിന്നാരം പറഞ്ഞും ഇന്ദുവമ്മയങ്ങനെ നടക്കും. കുഞ്ഞാവയ്ക്കായ് അവിടെ എപ്പോഴും പാലും പലഹാരവും ഉണ്ടാവും. വൈകിട്ട് ഇന്ദുവമ്മ പശൂനുള്ള കഞ്ഞി വെള്ളം എടുക്കാൻ വരുമ്പോൾ ആ കൈയ്യും പിടിച്ച് മേലേ വീട്ടിൽ പോവും. പിന്നെ ഞാനാണ് അവിടത്തെ വീട്ടുകാരി …. എൻ്റെയിഷ്ടം കഴിഞ്ഞിട്ടേ അവിടെ വേറെന്തുമുള്ളൂ. സന്ധ്യയാവുമ്പോ അമ്മ ചേച്ചീനെ പറഞ്ഞു വിടും എന്നെ കൊണ്ടുവരാൻ.

കൃഷ്ണച്ഛൻ്റെ മുറ്റത്ത് പ്ലാവും മാവുമൊക്കെയുണ്ട്. ഇന്ദുവമ്മ മാങ്ങ പൂളിയും ചക്ക പറിച്ചും തരും. എപ്പോഴും ” കുഞ്ഞാവേ ” എന്നു വിളിച്ചോണ്ടിരിക്കും. കുറച്ചു വലുതായപ്പോൾ പിന്നെ രാത്രി ചേച്ചി വിളിക്കാൻ വന്നാലും കള്ളക്കരച്ചിൽ പാസ്സാക്കും.

“ഞാനിന്നിവിടെയാ… അമ്മോടു പറഞ്ഞാ മതി”

ഓണത്തിനും വിഷൂനും എനിക്കു മാത്രം രണ്ട് പുത്തനുടുപ്പുകൾ കിട്ടും. ഒന്നച്ഛൻ്റെ വകയും പിന്നൊന്നു കൃഷ്ണച്ഛൻ്റെ വകയും .. ഒന്നാം ക്ലാസിൽ ചേർന്നപ്പോൾ ബാഗും കുടയും നേരത്തെ തന്നെ കൃ ഷണച്ഛൻ വാങ്ങിച്ചു വച്ചിരുന്നു. സ്കൂളുവിട്ടു വന്നാൽ നേരെ മേലെ വീട്ടിലേക്കോടും .. ഇന്ദുവമ്മേൻ്റെ നല്ല മധുരമിട്ട പാലും അപ്പവും കഴിയ്ക്കാൻ ….

രണ്ടാം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് സ്കൂൾ പൂട്ടിയപ്പോഴാണ് അച്ഛൻ്റെ നാട്ടിലേക്ക് താമസം മാറാൻ തീരുമാനിച്ചത്.എനിക്കു സങ്കടായി, അതിനേക്കാൾ സങ്കടം കൃഷ്ണച്ഛനും ഇന്ദുവമ്മയ്ക്കുമായിരുന്നു. പുതിയ സ്കൂളും കൂട്ടുകാരുമായി താൻ പതിയെ ഇണങ്ങിച്ചേർന്നു. വർഷങ്ങൾ കടന്നു പോയി ,ഇടയ്ക്ക് ഇന്ദുവമ്മേനേം കൃഷ്ണച്ചനേം കണാൻ പോവും ഇടയ്ക്കവർ തന്നെ കാണാൻ വരും.

കാലങ്ങൾ കഴിഞ്ഞിട്ടുംമിഠായി പൊതിക്കും കുഞ്ഞാവേ എന്ന വിളിക്കും മാത്രം യാതൊരു മാറ്റവുമില്ല.അവർക്ക് താനെന്നും കുഞ്ഞാവ തന്നെയായിരുന്നു.

കോളേജ് പഠനവും കഴിഞ്ഞപ്പോൾ രാഹുലിൻ്റെ ആലോചന വന്നു. എല്ലാവർക്കും ഇഷ്ടായി ,പിന്നെ എല്ലാം പെട്ടന്നായിരുന്നു. വിവാഹത്തിന് രണ്ടു ദിവസം മുൻപേ ഇന്ദുവമ്മേം കൃഷ്ണച്ഛനും വന്നിരുന്നു. തലേ ദിവസം രാത്രി ഇന്ദുവമ്മ നല്ല ചുവന്ന കല്ലുകൾ പതിച്ച ഒരു വള എൻ്റെ കയ്യിലിട്ട് പറഞ്ഞു, “ഇത് ഞങ്ങടെ കുഞ്ഞാവ യ്ക്കുള്ള കുഞ്ഞു സമ്മാനാട്ടോ ” .എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.കാലം ഇത്ര കഴിഞ്ഞിട്ടും അവർ തന്നെ ഇത്രയേറെ സ്നേഹിക്കുന്നു.

പിന്നെ ഒരിക്കൽ കൃഷ്ണച്ഛന് നെഞ്ചുവേദനയാണെന്നറിഞ്ഞപ്പോൾ ഏട്ടനെയും കൂട്ടി ഹോസ്പിറ്റലിൽ പോയി. ഇന്ദുവമ്മ അരികിൽ തന്നെയുണ്ടായിരുന്നു.” കുഞ്ഞാവ വന്നോ?” അവർ എന്നെ ചേർത്തു പിടിച്ചിരുന്നു. …

വർഷം രണ്ടു കഴിഞ്ഞിരിക്കു്ന്നു. ഇടയ്ക്ക് രാഹുലേട്ടന് ബാഗ്ലൂർക്ക് ട്രാൻസ്ഫറായി .ദച്ചു മോളുണ്ടായി, തിരക്കുകൾ കൂടി വന്നപ്പോൾ നാട്ടിലേ ക്ക് വരവ് വല്ലപ്പോഴുമായി. വരുമ്പോൾ കുറച്ചു നാൾ നിന്നിട്ടു പോവും, എന്നിട്ടും ഇടയ്ക്കെന്തോ അവരെ ഓർത്തതേയില്ല… പക്ഷേ, ഇന്ന് ….ശിവദയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

നേരം വെളുത്തപ്പോഴാണ് സ്ഥലമെത്തിയത്. വഴിയരികിൽ ആളുകൾ കൂട്ടമായും ഒറ്റയ്ക്കും നിൽക്കുന്നുണ്ട്. അവൾ പതിയെ നടന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും വലിയ മാറ്റങ്ങൾ ഇല്ല. പണ്ട് തൻ്റെ വീടിൻ്റെ മുൻപിലൂടെ ഉണ്ടായിരുന്ന നടവഴി കുറച്ചു നീങ്ങി അപ്പുറത്തേക്കായിട്ടുണ്ട്. മുറ്റത്തേ പ്ലാവും മാവും എന്തിനേറെ ആ വീടും തൊഴുത്തും പോലും അതുപോലെത്തന്നെ. അച്ഛനും അമ്മയും ഇന്നലെ തന്നെ എത്തിയിരുന്നു. പക്ഷേ…. കൃഷ്ണച്ഛൻ മാത്രം അകത്ത് ജീവനില്ലാതെ….തലയ്ക്കൽ നിലവിളക്ക് കത്തിയിരിക്കുന്നു.

കൃഷ്ണച്ഛൻ ശാന്തനായി ഉറങ്ങുകയാണെന്നേ തോന്നൂ.. എൻ്റെ മനസ്സ് വല്ലാതെ നൊന്തു .ആ കാൽക്കൽ തല കുമ്പിട്ട് നിന്നപ്പോൾ ‘ കുഞ്ഞാവേ ‘ എന്നു വിളിയ്ക്കുന്നതു പോലെ തോന്നി. ഇന്ദുവമ്മയെ അവിടെ കണ്ടില്ല. നോക്കിയപ്പോൾ അകത്തെ കട്ടിലിൽ കണ്ണടച്ചു കിടക്കുന്നു. പതിയെ ആ കൈകൾ ചേർത്തു പിടിച്ചു. എന്നെ കണ്ടപ്പോൾ വിതുമ്പി പറഞ്ഞു ”എന്നെ തനിച്ചാക്കി പോയി…. ” കണ്ണുനീർ നിയന്ത്രിക്കാൻ ഞാൻ വല്ലാതെ പാടുപെട്ടു.

കൃഷ്ണച്ഛൻ്റെ ശരീരം ദഹിപ്പിച്ചു കഴിഞ്ഞ് ആളുകൾ പിരിഞ്ഞു തുടങ്ങിയിരുന്നു. ഇടയ്ക്കാരോ പറയുന്നതു കേട്ടു ,സഞ്ചയനം കഴിഞ്ഞാൽ ഇന്ദു വമ്മയെ കൃഷ്ണച്ഛൻ്റെ അനിയൻ്റെ മകൻ കൊണ്ടു പോവുമെന്ന്, ഇവിടുത്തെ വീടും പറമ്പുമൊക്കെ നേരത്തെ വയ്യാതായപ്പോൾഅയാൾക്ക് എഴുതിക്കൊടുത്തിരുന്നു.

‘പോവാം ‘ എന്ന രീതിയിൽ ഏട്ടൻ കണ്ണുകൾ അനക്കി. ഇന്ദുവമ്മയുടെ കിടപ്പ് കണ്ടിട്ട് സഹിക്കുന്നില്ല. പാവംഇതു വരെ ഒന്നും കഴിച്ചിട്ടില്ല അൽപം കഞ്ഞി കൊടുത്തിട്ടു വരാം എന്ന് ഏട്ടനോടു പറഞ്ഞ് അടുക്കളയിലേക്ക് നടന്നു.

പുറത്താരോ സംസാരിക്കുന്നുണ്ടായിരുന്നു.

“സഞ്ചയനം കഴിഞ്ഞ് വല്യമ്മയെക്കൂടെ കൊണ്ടു പോവണം എന്നാണ് അമ്മയൊക്കെ പറയുന്നത്.ഇവിടെ അമ്മയേംഅച്ഛനേംതന്നെ നോക്കണമല്ലോ എന്നാലോചിച്ചിരിക്കുമ്പോഴാ ഇങ്ങനെയൊന്നു കൂടി “. ആ വാക്കുകൾ കേട്ട ഞാൻ ഞെട്ടി. ഇന്ദുവമ്മയെ കൊണ്ടു പോവുമെന്നു പറഞ്ഞയാൾ ഇതാവും. അയാൾക്കതിൽ വലിയ താൽപര്യമില്ലാത്തതുപോലെ തോന്നി.

ഏറെ നിർബന്ധിച്ചുകഞ്ഞിയും കൊടുത്തി റങ്ങുമ്പോൾ ദയനീയമായ ആനോട്ടം വല്ലാതെ എന്നെ തളർത്തിയിരുന്നു.

നാട്ടിലേക്ക് വന്നിട്ട് കുറച്ചായിരുന്നു അതു കൊണ്ടു തന്നെ ഒരാഴ്ച്ച വീട്ടിൽ നിന്നിട്ട് തിരിച്ചു പോവാം എന്നു തീരുമാനിച്ചായിരുന്നുപോന്നത്. എല്ലാ തവണയും വീട്ടിൽ വന്നാൽ വല്ലാത്ത സന്തോഷമാണ്. പക്ഷേ ഇത്തവണ ഒരു വേദന മനസ്സിൽ …ഇടയ്ക്കിടെ ഇന്ദുവമ്മയുടെ ഓർമ്മകളും. ഞങ്ങൾ വന്നതുകൊണ്ട്ചേച്ചിയും ഭർത്താവും മക്കളും എല്ലാരുമുണ്ട്. ആകെപ്പാടെ ബഹളമാണ്. രാഹുലേട്ടൻ പൊതുവെ ഇവിടെ വന്നാൽ അമ്മയുടെ കൂടെ തൊടീലും വയലിലും ഒക്കെയായങ്ങനെ നടക്കും. ഏട്ടൻ്റെ കുഞ്ഞിലെ തന്നെ അമ്മ മരിച്ചു പോയിരുന്നു. അച്ഛൻ ഞങ്ങളുടെ വിവാഹത്തിൻ്റെ ഒരു വർഷം മുൻപും ..അതു കൊണ്ടു തന്നെ ഇവിടെ വരുന്നതാണ് ഏട്ടന് ഏറ്റവും ഇഷ്ടം. അമ്മയുടെ കൂടെ കാണും എപ്പോഴും. അമ്മയും അതുപോലെ തന്നെ മകനില്ലാത്ത വിഷമം തീർന്നെന്നു പറയും. ഇടയ്ക്കൊക്കെ സങ്കടത്തോടെ എന്നോടു പറയും “കുഞ്ഞുന്നാളിൽ എവിടെന്നെങ്കിലും ഒരമ്മയെ കളഞ്ഞുകിട്ടിയെങ്കിൽ എന്നാഗ്രഹിച്ചിരുന്നു’വെന്ന്.

“ശിവാ, താൻ ഇതേതു ലോകത്താ “രാഹുലേട്ടൻ്റെ ചോദ്യം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.ദച്ചൂം ഉണ്ട് കയ്യിൽ.

“ഏയ് ഒന്നൂല്ല എട്ടാ, ഞാൻ വെറുതെ “മോളെ വാങ്ങിക്കൊണ്ട് ഞാൻ പറഞ്ഞു.

“തനിക്കെന്താ പറ്റിയത്, ഇവിടെ വന്നപ്പോൾ മുതലിങ്ങനെ തന്നെയാണല്ലോ, ആ അമ്മയെ ഓർത്താണോ?”

“ഉം ,അവർ ഇന്ദുവമ്മയെ നന്നായി നോക്കുമോ?”

“എന്തേ, അങ്ങനെ തോന്നാൻ “

ഞാൻ കേട്ടതെല്ലാം ഏട്ടനോടു പറഞ്ഞു. “ഇന്നത്തെ ലോകം അങ്ങനെയാടോ ബന്ധങ്ങളേക്കാൾ വില പണത്തിനാണ്. സ്വത്തെഴുതി കൊടുത്തപ്പോൾ കൈ നീട്ടി വാങ്ങാൻ ബുദ്ധിമുട്ടുണ്ടായില്ല. ഇപ്പോൾ അവരെ നോക്കാൻ ബുദ്ധിമുട്ട് ” .അതു ശരിയാണെന്ന് എനിക്കും തോന്നി.

വൈകുന്നേരം ആയപ്പോൾ “താൻ ഒന്ന് ഉഷാറാവൂ ട്ടോ, രണ്ടു ദിവസം കഴിഞ്ഞ് പോവണ്ടേ, വല്ലപ്പോഴും വരുമ്പോ ഇവിടുള്ളവരെ വിഷമിപ്പിക്കാതെ, …പിന്നെ ,ഞാനും അച്ഛനും പുറത്തൊക്കെ ഒന്നു പോയിട്ടു വരാം ” രാഹുലേട്ടൻ പറഞ്ഞു.

ദിവസങ്ങൾ വേഗം കടന്നു പോയി നാളെ രാവിലെ ബാംഗ്ലൂർക്ക് തിരിച്ചു പോണം. പോവുമ്പോൾ ഇന്ദുവമ്മയെ കണ്ടിട്ടു പോവാമെന്ന് ഏട്ടൻ പറഞ്ഞപ്പോൾ ഞാനും ഓർത്തു ഇനിയെപ്പഴാ കാണാൻ കഴിയാ എന്നറിയില്ലാലോ. അമ്മയെന്തൊക്കെയോ പൊതിഞ്ഞു വയ്ക്കുന്നുണ്ട്. എല്ലായ്പ്പോഴും ഇതൊരു പതിവാ, ഏട്ടന് അച്ചാറും ഉപ്പിലിട്ടതും കൊണ്ടാട്ടവുമൊക്കെ എടുത്തു വയ്ക്കുന്ന തിരക്കിലാണമ്മ..എല്ലാവരും കൂടിയാണ് ഇന്ദുവമ്മയെ കാണാൻ ഇറങ്ങിയത്.ഞങ്ങൾ ആ വഴി തന്നെ ബാംഗ്ലൂർക്ക് തിരിക്കും.

അവിടെയെത്തിയപ്പോൾ സഞ്ചയനത്തിൻ്റെ ചടങ്ങുകൾ എല്ലാം കഴിഞ്ഞിരുന്നു. ഇന്ദുവമ്മ അകത്തുണ്ടായിരുന്നു.എന്നെ കണ്ടപ്പോൾ ആ കണ്ണുകളിൽ നീർത്തിളക്കം കണ്ടു.ദച്ചു മോളെ തുരുതുരെ ഉമ്മകൾ കൊണ്ടു മൂടി .ഒന്നു കെട്ടി പിടിച്ചപ്പോൾ എൻ്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു…

ഏട്ടനും അച്ഛനും അവിടെയുണ്ടായിരുന്ന കുടുംബക്കാരോടൊക്കെ സംസാരിച്ചുകൊണ്ടിരുന്നു. ഇന്ദുവമ്മ കൊണ്ടു പോകാനുള്ള ബാഗൊക്കെ ഒതുക്കി വയ്ക്കുന്നുണ്ട് … പ്രിയപ്പെട്ട ഓർമ്മകളുള്ള വീട്ടിൽ നിന്നും ഇറങ്ങുന്നതിൻ്റെ സങ്കടം ആ മുഖത്ത് നിഴലിച്ചിരുന്നു…

“ന്നാ… ഇറങ്ങാം “ഏട്ടനാണ്.

ഞാൻ തലയാട്ടി

“വാതിലുപൂട്ടി നമുക്കും ഇറങ്ങാം “കൃഷ്ണച്ഛൻ്റെ അനിയൻ പറയുന്നതു കേട്ടു .

ഏട്ടനും അച്ഛനും ബാഗുകളുമായി ഇറങ്ങി വന്നു.അമ്മയുടെ കൈയ്യും പിടിച്ചു കൊണ്ട് ഇന്ദുവമ്മയും. ബാഗുകളൊക്കെ ഞങ്ങളുടെ കാറിൽ വയ്ക്കുന്നതും ഇന്ദുവമ്മയെ കാറിലേയ്ക്ക് ഇരുത്തുന്നതും കണ്ടിട്ട്ഞാനത്യാവശ്യം നന്നായി തന്നെ ഞെട്ടി വായും പൊളിച്ചു നിന്നു.

അതു കണ്ടിട്ട് ഒരു കള്ളച്ചിരിയോടെ “അതെ, വായടയ്ക്ക് പെണ്ണേ… നിൻ്റെ അമ്മേൻ്റെ കൂടെ ഞാൻ നടക്കണേന് കുശുമ്പു പറയണ ആളല്ലേ .. അതു കൊണ്ട് സ്വന്തായിട്ട് ഒരമ്മയെ കിട്ടിയപ്പോ അങ്ങു കൊണ്ടോവാം ന്നു വച്ചു. .. “

” അപ്പോ ,എല്ലാവരും സമ്മതിച്ചോ? ” ഞാൻ അമ്പരപ്പോടെ ചോദിച്ചു.

“സ്വത്തും മുതലും ഒക്കെ കയ്യിൽ വച്ചോ അമ്മയെ മാത്രം തന്നേക്കാൻ പറഞ്ഞു. അവർക്ക് വേണ്ടത് കിട്ടിയല്ലോ, പിന്നെ സമ്മതിക്കാതിരിക്കോ”

“അമ്മയും അച്ഛനും സമ്മതിച്ചോ “

“പിന്നില്ലാതെ, ഞാനും അച്ഛനും കൂടി രണ്ടു ദിവസം മുൻപ് വന്ന് എല്ലാം ഓകെയാക്കി …പിന്നെ തനിക്കൊരു സർപ്രൈസ് ആവട്ടേന്നു കരുതി…. “

ഏട്ടൻ പറയുന്നതു കേട്ടപ്പോൾ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നി. എൻ്റെ മുഖഭാവം കണ്ടിട്ടാവാം ആ കവിളൊന്നു തടവി കുസൃതിച്ചിരിയോടെ ഏട്ടൻ കാറിലേക്ക് കയറി.

എല്ലാവരോടും യാത്ര പറഞ്ഞ് കാറിൽ കയറുമ്പോൾ ഞാൻ പതിവിലും സന്തോഷത്തിലായിരുന്നു. രാഹുലേട്ടൻ്റെ മുഖത്ത് ഇനിയെന്നും കൂടെ ഒരമ്മയെ ക്കിട്ടിയ ആനന്ദം കണ്ടൂ…ദച്ചു ഇന്ദുവമ്മയുടെ മടിയിൽ സുഖമായുറങ്ങുന്നു….ഞാനനുഭവിച്ച സ്നേഹത്തിൻ്റെ തണൽ അൽപം അവൾക്കും ലഭിക്കട്ടെ… ❤❤