ആ മുഖത്തിലെ ഇഷ്ടക്കേടു ശിവന് വായിച്ചെടുക്കാൻ കഴിഞ്ഞു. ഭയപ്പെട്ടതു സംഭവിക്കുകയാണോ…

വീണ്ടും…

Story written by Jayachandran NT

===================

ശിവൻ്റെ പിറന്നാളായിരുന്നു. പതിനെട്ടു വയസ്സ്. അമ്മ, ചെറിയൊരു സദ്യ ഒരുക്കി. ചോറ് വിളമ്പിയപ്പോഴായിരുന്നു ചന്തുവിൻ്റെ വിളി.

‘ടാ ശിവാ ഓടി വാടാ’

‘ചോറിനു മുന്നിൽ നിന്നെഴുന്നേറ്റു പോകല്ലേടാ’ അമ്മ കെഞ്ചിപ്പറഞ്ഞു. അവൻ കേട്ടില്ല. ചന്തുവിന് അത്യാവശ്യമായിരുന്നു.

പഞ്ചായത്താഫീസിന് മുന്നിലെ ചന്തയില് ലേലം വിളി നടക്കുന്നു. ആറ്റിൽ നിന്നു മണ്ണുകോരാനുള്ള കരാർ ഉറപ്പിക്കലാണ്. നാട്ടിലെ കാശുകാരെല്ലാം എത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ജലപാത.

‘കള്ളമാണ് ശിവാ…ആറ്റിലെ മണ്ണുകോരി വിൽക്കാനുള്ള തന്ത്രമാണ്. നമ്മളിതു അനുവദിക്കരുത്. മണ്ണെടുത്താൽ നമ്മുടെ വീടൊക്കെ ആറെടുത്തു പോകും.’ ചന്തു പറയുന്നുണ്ടായിരുന്നു.

ഒരു തുണിസഞ്ചി ശിവനെ ഏൽപ്പിച്ചു. ‘സൂക്ഷിക്കണം പൊട്ടും’ അവൻ പറഞ്ഞു.

ചന്തയിലെത്തിയപ്പോൾ ലേലം വിളി തകർക്കുന്നു. തുക, ലക്ഷങ്ങളായിട്ടുണ്ട്. ‘ലേലം നടക്കില്ല. ആറ്റിൽ നിന്നു മണലെടുക്കാൻ കഴിയില്ല. ലേലം നിർത്തണം. അല്ലെങ്കിൽ നമുക്ക് വീട് വയ്ക്കാൻ ആദ്യം സൗകര്യമുണ്ടാക്കണം.’ ചന്തു പറഞ്ഞു.

‘അതു പറയാൻ നീയാരാണെടാ ‘ കരാറുകാരിൽ ഒരാൾ എഴുന്നേറ്റു വന്നു.

പ്രസാദ്, നാട്ടിലെ പ്രധാനിയും രാഷ്ട്രീയ നേതാവുമാണ്. അയാൾ ചന്തുവിൻ്റെ ഉടുപ്പിൽ പിടിച്ചു. ചന്തു അയാളെ പിടിച്ചു തള്ളി. ഷർട്ടിനു പുറകിൽ നിന്നൊരു വാൾ അവൻ വലിച്ചൂരിയെടുത്തു. പ്രസാദ് ചന്തുവിൻ്റെ മുഖത്തിടിച്ചു. അവൻ നിലത്തു വീണു.

‘അതെടുത്തെറിയെടാ’ അവൻ ശിവനെ നോക്കി അലറി. സഞ്ചിക്കുള്ളിലെ പന്തുപോലത്തെ കടലാസ്സ് പൊതികൾ. ചണം കെട്ടി മുറുക്കിയിരിക്കുന്നു. ശിവൻ ഒരെണ്ണമെടുത്തു ആൾക്കൂട്ടത്തിലേക്കു വലിച്ചെറിഞ്ഞു. ഉഗ്രശബ്ദത്തോടതു പൊട്ടിത്തെറിച്ചു. ആൾക്കാർ ചുറ്റിനും ചിതറിയോടി.

നിലത്തു നിന്നു എഴുന്നേൽക്കാൻ ശ്രമിച്ച ചന്തുവിൻ്റെ നെഞ്ചിൽ പ്രസാദ് ചവിട്ടിപ്പിടിച്ചു. ശ്വാസം കിട്ടാതവൻ പിടഞ്ഞു. കണ്ണുകൾ മിഴിച്ചു വന്നു. അയാൾ ഇടുപ്പിൽ നിന്നൊരു കത്തി വലിച്ചൂരി അവനെ കുത്താനായോങ്ങി. ചന്തുവിൻ്റെ കൈയ്യിൽ നിന്നു തെറിച്ചു പോയ വാ ളെടുത്തു ശിവൻ അയാളെ ആഞ്ഞു വെ ട്ടി. വെ ട്ടുകൊണ്ടയാൾ താഴെ വീണു. കഴുത്തിലാണതു കൊണ്ടത്. ചോ ര ചീറ്റിത്തെറിച്ചു. പൊട്ടിത്തെറിയുടെ പുകപടലങ്ങൾ അടങ്ങിയപ്പോൾ നിലത്തൊരാൾ തല തകർന്നു കിടപ്പുണ്ടായിരുന്നു.

പടക്കമേറിൽ പൗലോസ് എന്നൊരു നിരപരാധി കൊ ല്ലപ്പെട്ടു. തലയിലായിരുന്നതു ചെന്നു കൊണ്ടത്. ചന്തയിൽ വളക്കച്ചവടം നടത്താൻ വന്നൊരു പരദേശിയായിരുന്നു. അയാൾ…വെട്ടുകൊണ്ട പ്രസാദിൻ്റെ ശരീരം ഒരുവശം തളർന്നു പോയി. കൊ ലപാത കവും, ബോംബേറും ഒക്കെ ശിവന് കുറ്റമായി ചാർത്തപ്പെട്ടു. പരമാവധി ശിക്ഷ തന്നെ കിട്ടി. ദയാഹർജിയിൽ വധ:ശിക്ഷ പിന്നെ ജീവപര്യന്തമാകുകയായിരുന്നു.

പതിനാലുവർഷം. ശിവൻ്റെ  ജീവിതം പിന്നെ ജയിലിലായിരുന്നു. ഉയരമേറിയ മതിലുകൾ. മൂ ത്രം മണക്കുന്ന ഒറ്റമുറിയിലെ താമസം. തടവ് ശരിക്കുമവൻ അനുഭവിച്ചു. മനസ്സും ശരീരവും തളർന്നു. മുരടിച്ചു. കാലങ്ങൾ കടന്നുപോയി.

ശിവൻ്റെ ശിക്ഷ അവസാനിച്ചു. അവൻ നാട്ടിലേക്കു യാത്ര തിരിച്ചു. ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ നേരം സന്ധ്യ കഴിഞ്ഞിരുന്നു. അവനിറങ്ങി. സ്വന്തംനാട്. ഇനിയും കുറച്ചു ദൂരമുണ്ട്. പുറത്തൊരു ഓട്ടോറിക്ഷ. അതിൽപ്പോകാം.

‘എങ്ങോട്ടാ ചേട്ടാ?’ ഓട്ടോക്കാരൻ ചോദിച്ചു.

ശിവൻ അവനെ നോക്കി. ഉയരം കുറഞ്ഞ ഒരു കൗമാരക്കാരൻ ചെറുക്കൻ. ഇവന് പതിനെട്ടു വയസ്സായിട്ടുണ്ടാകുമോ? അവൻ ഓട്ടോയിലേക്കു കയറി.

‘ആറ്റുകവലയിലേക്ക് വിട്ടോ ചെറുക്കാ’

സ്വാതന്ത്ര്യത്തിൻ്റെ ഗന്ധം. ശിവൻ പുറത്തെ കാഴ്ച്ചകൾ നോക്കിയിരുന്നു. നാടിൻ്റെ മാറ്റങ്ങൾ കണ്ടു. ഓട്ടോ ആറിന് കുറുകെയുള്ള പാലം മുറിച്ചു കടന്നു. ആറ്റരികിലൊന്നും വീടുകളില്ല. മണ്ണെടുത്ത് ആഴമേറിയ ആറ് ആഫ്രിക്കൻ പായൽ മൂടി കിടക്കുന്നു. ജലപാത ഇതുവരെ സാധ്യമായിട്ടില്ല.

‘നിനക്ക് ചന്തുവിൻ്റെ വീടറിയാമോ ചെക്കാ?’

‘അറിയാം.’ ഓട്ടോക്കാരൻ പറഞ്ഞു.

‘എന്നാലങ്ങോട്ടേക്കു പൊക്കോ’

‘അമ്മ ചന്തുവിൻ്റെ അടുത്തുണ്ടാകും.’ ശിവൻ മനസ്സിലോർത്തു.

ഓട്ടോ കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ നിന്ന് പുതിയതായി ടാർ ചെയ്ത റോഡിലേക്കു കയറി.

‘കഴിഞ്ഞാഴ്ച്ച ടാർ ചെയ്തതാണ്. ചന്തു മൊതലാളി സ്വന്തം പൈസക്ക് ചെയ്തതാണ്. അങ്ങോരുടെ കല്ല്യാണാരുന്ന്. മന്ത്രീടെ മോളാണ് പെണ്ണ്. നാട്ടാർക്കെല്ലാം മൊതലാളിയെ വല്ല്യ മതിപ്പാണേ’ കൂട്ടുകാരനെ പറ്റി നല്ലതു പറയുന്നതു കേട്ടവനു സന്തോഷമായി.

ആറ്റിൻകരയിലെ വീടെല്ലാം ഇനി പുതുക്കിപ്പണിയണം. അമ്മയെ കൊണ്ടുവരണം. സമാധാനമായി ജീവിക്കണം. നഷ്ടമായ ജീവിതത്തിലേക്കു തിരിച്ചു പോകണം.

ഓട്ടോ ചന്തുവിൻ്റെ വീടിൻ്റെ ഗേറ്റിലെത്തി. വീട് കണ്ടു ശിവനതിശയമായി. കൊട്ടാരം പോലൊരു വീട്. മടിച്ചു മടിച്ചവൻ അകത്തേക്കു നടന്നു. മുഷിഞ്ഞ വേഷവും, രൂപവും കണ്ടു കൂട്ടിൽ കിടന്ന നായ വലിയ ഒച്ചയിൽ കുരച്ചു. മുറ്റത്ത് മുന്തിയ ഇനം കാറുകൾ.

‘ജയിൽ ശിക്ഷ കഴിഞ്ഞെത്തുന്ന കൊ ലപാതകി. പഴയ കൂട്ടുകാരനെ കാണാനെത്തുന്നു. അവൻ്റെ പ്രതികരണം എന്താകും! ഭയം? അവഗണന? അവനെ രക്ഷിക്കാനായിരുന്നല്ലോ ഞാൻ, എന്നാലും അവൻ എങ്ങനെ പ്രതികരിക്കും. പരിഹാസപാത്രമാകാൻ വയ്യ. തിരികെപ്പോയാലോ?’ മനസ്സുമായി തർക്കങ്ങൾ നടന്നു.

നായയുടെ കുര ഉച്ചത്തിലായി.

‘ആരാ അവിടെ? ടൈഗറെന്തിനാ ഒച്ചവയ്ക്കുന്നത്?’അകത്തു നിന്നൊരു ചോദ്യം. ചന്തുവിൻ്റെ ശബ്ദം. ശിവൻ്റെ മനസ്സ് പിടച്ചു.

ചന്തു ഇറങ്ങി വന്നു. അവനെ കണ്ടു. അൽപ്പനേരം ഒരു പ്രതിമയെപ്പോലെ സ്തംഭിച്ചവൻ നിന്നു. സ്ഥലകാലബോധം തിരിച്ചുകിട്ടി. ഓടി വന്നു അവനെ കെട്ടിപ്പിടിച്ചു.

‘എത്ര നാളായെടാ കണ്ടിട്ട് തിരക്കായിരുന്നെടാ ഒന്നിനും സമയം കിട്ടിയില്ല. കഴിഞ്ഞാഴ്ച്ച എൻ്റെ കല്ല്യാണമായിരുന്നു. നീ കയറി വാ’

ശിവൻ്റെ മനസ്സ് നിറഞ്ഞു. എന്തെല്ലാം ചിന്തിച്ചു കൂട്ടിയിരുന്നു. വീട്ടിനകത്തെത്തി. ശിവനെ അവൻ ചേർത്തു പിടിച്ചിരുന്നു. വിശാലമായ ഹാൾ. പതുപതുത്ത സോഫയിൽ അവനെ ഇരുത്തി. സുന്ദരിയായൊരു പെൺകുട്ടി മുകളിൽ നിന്നു പടിയിറങ്ങി വന്നു.

‘നോക്കൂ പ്രമീള എൻ്റെ ചങ്ങാതിയാണ്. ശിവൻ’ ചന്തു പരിചയപ്പെടുത്തി. അവൾ ഒന്നു മൂളി. ആ മുഖത്തിലെ ഇഷ്ടക്കേടു ശിവന് വായിച്ചെടുക്കാൻ കഴിഞ്ഞു. ഭയപ്പെട്ടതു സംഭവിക്കുകയാണോ!

‘ആരാ ചന്തു അവിടെ? അകത്തെ മുറിയിൽ നിന്നു വെള്ളവസ്ത്രവും ധരിച്ചൊരു മധ്യവയസ്ക്കൻ ഇറങ്ങി വന്നു. കൈയ്യിലൊരു വടി ഉണ്ടായിരുന്നു. മുഖത്ത് സ്വർണ്ണനിറമുള്ള ഫ്രയിമിൻ്റെ കണ്ണട. നടക്കുമ്പോൾ ഒരു കാലിൽ അയാൾക്കു  മുടന്തുണ്ട്. നിമിഷനേരങ്ങൾ കൊണ്ട് ആ രൂപം ശിവന് മാറ്റി വരക്കാൻ കഴിഞ്ഞു.

പ്രസാദ്! അന്നെൻ്റെ വെട്ടേറ്റു വീണ, പ്രസാദ്.

‘പ്രസാദേട്ടൻ്റെ മോളാണ് പ്രമീള നിനക്കറിയില്ലേ ശിവാ’ ശബ്ദം നഷ്ടപ്പെട്ടവനിരുന്നു.

‘അറിയാതിരിക്കില്ലല്ലോ!’ അവളുടെ ഉത്തരത്തിലെ കടുത്തസ്വരത്തിൽ വെറുപ്പ് നിറഞ്ഞിരുന്നു.

ശിവൻ പുറത്തിറങ്ങി നടന്നു. എത്രയും പെട്ടെന്നിവിടെ നിന്ന് പോകണം. കൂട്ടിൽ കിടന്ന നായ, വാലാട്ടുന്നുണ്ടായിരുന്നു. അൽപ്പം മുൻപ് കണ്ട പരിചയം. തൻ്റെ യജമാനൻ്റെ ചങ്ങാതിയോടുള്ള സ്നേഹം.

പുറകിൽ നിന്നു ചന്തു വിളിക്കുന്നതും അവിടെ നടക്കുന്ന ശകാരങ്ങളും കേട്ടില്ലെന്നു നടിച്ചു. എത്രയും പെട്ടെന്ന് അവിടെ നിന്നു ഓടിയൊളിച്ചാൽ മതിയെന്നായിരുന്നു. ഭയപ്പെട്ടതിനും അപ്പുറമായിരുന്നു പ്രഹരം. ഓട്ടോക്കാരൻ ചെറുക്കൻ കാത്തു കിടക്കുന്നു. ഓട്ടോയിലിരിക്കുമ്പോഴും അവൻ ദേഷ്യം കൊണ്ടു കിതച്ചു കൊണ്ടിരുന്നു.

‘എനിക്കറിയായിരുന്നു നിങ്ങൾ തിരിച്ചു വരുമെന്ന്. അതാ ഞാനിവിടെ കാത്തു നിന്നത്. നിങ്ങൾക്കിപ്പൊ ഒരാളെക്കൂടെ കൊ ല്ലണോന്നു തോന്നണല്ലേ?ഓട്ടോക്കാരൻ ചെക്കൻ ചോദിച്ചു.

ശിവനോർത്തു…എത്ര പെട്ടെന്നാണ് അവൻ്റെ ഭാവത്തിലുമൊരു മാറ്റം വന്നത്. സ്വരത്തിൽ ഗൗരവം വന്നിരിക്കുന്നു. ചേട്ടൻ നിങ്ങളായി മാറി. ശിവൻ അവനെ നോക്കിയിരുന്നു. ഓട്ടോ കുണ്ടും കുഴിയും നിറഞ്ഞ റോഡിലേക്കു കയറി.

‘ഒരിക്കലെനിക്കും ഒരാളെ കൊ ല്ലണമെന്നു തോന്നിയിരുന്നു.’ അവൻ്റെ ശബ്ദത്തിൽ അതെ കാഠിന്യം. അവൻ തുടർന്നു. ശിവൻ നിശബ്ദനായിരുന്നു.

‘എനിക്കു നാലുവയസ്സുള്ളപ്പൊ ചന്തയില് വളക്കച്ചവടത്തിനു പോയതായിരുന്നു എൻ്റെ അപ്പൻ. അന്നു വൈകുന്നേരം തലയില്ലാത്തൊരു ശരീരമായിരുന്നു വീട്ടിൽ കൊണ്ടു വന്നത്.’ ശിവൻ ഞെട്ടുന്നതവൻ കണ്ടു.

‘പേടിക്കണ്ട. നിങ്ങളെ എനിക്കറിയാം. അന്നൊക്കെ പത്രവാർത്തകളിൽ നിന്നു നിങ്ങളുടെ പടം വെട്ടിയെടുത്തു ഞാൻ സൂക്ഷിച്ചിരുന്നു. നിങ്ങളെ എന്നെങ്കിലും കൊ ല്ലാൻ. പക്ഷേ ഇന്നെനിക്കതിനു വയ്യ. വയസ്സായ ഒരു അമ്മയും, എൻ്റെ പെങ്ങളും വീട്ടിൽ കാത്തിരിപ്പുണ്ട്. ആ അമ്മയുടെ മകനെ ഒരിക്കൽ കൂട്ടിക്കൊണ്ടു വരുമെന്നു ഞാൻ വാക്കു കൊടുത്തിരുന്നു. ഒരു പിറന്നാൾ സദ്യയുമായി ആ അമ്മ കാത്തിരിക്കുന്നുണ്ട്. നഷ്ടമായ ജീവിതം ഒരിക്കലും തിരിച്ചു വരില്ല. നഷ്ടങ്ങളെന്നും നഷ്ടങ്ങൾ തന്നെയാണ്.’

അവൻ്റെ വാചകങ്ങൾ! ശിവനെ ഒരു കടുകുമണിയോളം ചെറിയവനാക്കി മാറ്റി.

അമ്മയെ കാണുന്ന നിമിഷത്തിനായവൻ കാത്തിരുന്നു.

~ജെ…