എന്റെ പ്രണയകാലമത് അതിന്റെ ഏറ്റവും ഭംഗിയുള്ള വസന്തത്തിൽ ഞാൻ അദ്ദേഹത്തിൽ നിന്ന് അനുഭവിച്ചത്

എഴുത്ത്: ശ്രീജിത്ത് ഇരവിൽ

===================

കുഞ്ഞ് നാളിലേ അമ്മ മരിച്ചത് കൊണ്ടായിരിക്കും അദ്ദേഹത്തിന്റെ മടിയിൽ തല ചായ്ച്ച് കിടക്കുമ്പോഴൊക്കെ ഞാനൊരു കൊച്ച് കുഞ്ഞാകുന്നത്. അദ്ദേഹമപ്പോൾ മീശയുള്ളയൊരു അമ്മയാകും..!

അമ്മയുടെ മരണ ശേഷം അച്ഛനെന്നെ അമ്മൂമ്മയുടെ വീട്ടിലാക്കിയിട്ട് എങ്ങോട്ടോ പോയി. വേറെ കെട്ടാൻ പോയതാണെന്ന് വൈകിയാണ് ഞാനറിഞ്ഞത്.

പത്താം തരം നല്ല മാർക്കോടെ ജയിച്ചിട്ടും തുടർന്നെനിക്ക് പഠിക്കാൻ സാധിച്ചില്ല. ഓല മടഞ്ഞെന്നെ പോറ്റുന്ന അമ്മൂമ്മയ്ക്കതിന് സാധിച്ചില്ലെന്ന് പറയുന്നതാകും ശരി. അമ്മയുടെ സഹോദരങ്ങൾക്കെല്ലാം എന്നെ ഭയമുള്ളത് പോലെയാണ് എനിക്കാദ്യം തോന്നിയത്. പക്ഷേ…!ആരാരുമില്ലാത്തയൊരു പെൺകുട്ടിയെ ലാളിച്ച് അടുപ്പിച്ചാൽ ബാധ്യതയാകുമെന്ന അമ്മായിമാരുടെ ദീർഘവീക്ഷണമായിരുന്നു അതെന്ന് അറിയാനും പഠിത്തം മുടങ്ങിയത് സഹായിച്ചു.

അമ്മൂമ്മ മരിച്ചപ്പോൾ തീർത്തും അനാഥയായ എന്നെ അയൽക്കാരന്റെ അകന്ന ബന്ധുവിന്റെയൊരു രണ്ടാം കെട്ടുകാരൻ സുഹൃത്ത് വന്ന് കണ്ട് പോയി. പോയതിന്റെ പതിനാലാം നാളെന്റെ വിവാഹവും നടന്നു. ആദ്യ രാത്രിയിൽ പേടിച്ച് മുറിയുടെ മൂലയിൽ പതുങ്ങിയ എന്നെയദ്ദേഹം പിടിച്ചുയർത്തി നെറ്റിയിൽ ചുംബിച്ചു. കണ്ണുകൾ മുറുക്കിയടച്ച ഞാൻ, നീ കിടന്നോയെന്ന് പറയുന്ന അദ്ദേഹത്തിന്റെ ശബ്ദം മാത്രം കേട്ടു. കണ്ണുകൾ തുറക്കുമ്പോഴേക്കും അദ്ദേഹം മുറിവിട്ട് പോയിരുന്നു..!

ഒരു അച്ഛന്റെ സകല കരുതലും ഞാനദ്ദേഹത്തിൽ നിന്നറിഞ്ഞു. അദ്ദേഹമെന്നെ പഠിപ്പിച്ചു. ആഗ്രഹം പോലെയൊക്കെ എനിക്ക് പഠിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കി തന്നു. ഞാനെന്റെ മോളെ ഉദരത്തിൽ ചുമക്കുന്ന കാലത്തെന്നെയൊരു കുഞ്ഞിനെ പോലെ അദ്ദേഹം പരിപാലിച്ചു.

അവൾക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് ഞാൻ ബി എഡിന്റെ അവസാന വർഷ പരീക്ഷയെഴുതിയതും മൂന്നാം റാങ്ക് കിട്ടിയ എന്റെ ചിത്രം പത്രത്തിൽ വന്നതും. അന്നെന്റെ അമ്മാവൻമ്മാരും അമ്മായികളുമെനിക്ക് മധുരവും കുഞ്ഞിന് കളിപ്പാട്ടവുമായി വന്നതെനിക്കിപ്പോഴും നല്ലയോർമ്മയുണ്ട്. ഞാൻ സ്നേഹത്തോടെ ചിരിച്ച് കൊണ്ട് അവരോട് ഇരിക്കാൻ പറഞ്ഞപ്പോൾ എന്തുകൊണ്ടോ അമ്മാവന്മ്മാർ അൽപ്പ നേരത്തേക്ക് മാത്രം തലകുനിച്ചു.

എന്റെ പ്രണയകാലമത് അതിന്റെ ഏറ്റവും ഭംഗിയുള്ള വസന്തത്തിൽ ഞാൻ അദ്ദേഹത്തിൽ നിന്ന് അനുഭവിച്ചത് കുഞ്ഞ് സ്കൂളിൽ പോകുന്ന കാലം വന്നപ്പോഴായിരുന്നു. ജോലിക്ക് പോയാലുമിടക്ക് എന്നെയൊന്ന് ചുംബിക്കാൻ മാത്രം ലീവെടുത്ത് വീട്ടിലേക്ക് വരുന്ന മനുഷ്യന്റെ പ്രണയം എനിക്കെന്റെ പ്രാണനെന്ന പോലെയനുഭവപ്പെട്ടു.

ഞാൻ ആഗ്രഹിച്ച ലോകത്തേക്ക് കൈപിടിച്ച് സഞ്ചരിക്കാനൊരു കൂട്ടുകാരനെ പോലെ അദ്ദേഹമെനിക്ക് ചുറ്റും എപ്പോഴുമൊരു മൂളിപ്പാട്ടും പാടി നടക്കും.

‘കാതിൽ കമ്മല് കിലുക്കിയ പെണ്ണേ.. നിന്റെ കണ്ണിലെനിക്കായി കഥയുണ്ടോ..ചുണ്ടിൽ തേനുണ്ടോ.. നെഞ്ചിൽ മഴയുണ്ടോ.. കവിളിൽ മായാത്ത ചിരിയുണ്ടോ..’

എന്നദ്ദേഹം ശ്വാസം വിടാതെ മൂളുമ്പോൾ എന്നിലാകെയൊരു നാണം വിരിയും. അദ്ദേഹമാണെന്റെ ലോകമെന്ന് പറഞ്ഞാ നിമിഷങ്ങളിൽ ഞാനദ്ദേഹത്തെ പുണർന്നാ മാറിൽ ചുരുളും… ക്ഷേത്രങ്ങളിലൊന്നും ഞാൻ പോകാറേയില്ല. ദൈവമൊരു ആൾരൂപത്തിൽ എന്നെ തൊട്ട് ഇവിടെയുള്ളപ്പോൾ ഈ വീടല്ലാതെ മറ്റൊരു ക്ഷേത്രം എനിക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ലായെന്ന് പറയുന്നതാകും സത്യം.

ഇന്നത്തെ നാളിനൊരു പ്രത്യേകതയുണ്ട്. എന്റെ മോള് ഊർജ്ജ തന്ത്രത്തിൽ ബിരുദാനന്തര ബിരുദമെടുക്കാൻ ഇംഗ്ളണ്ടിലേക്ക് പോകുന്നു. കണ്ടില്ലേ.. ഒരു മാലാഖയെ പോലെ അവളിറങ്ങി വരുന്നത്..!

കൊണ്ടുപോകാനുള്ള ബാഗെല്ലാം കാറിന്റെ ഡിക്കിയിലേക്ക് വെച്ച് ഇറങ്ങാൻ നേരം പറമ്പിലെ അത്തിമര ചോട്ടിലേക്കൊരു വിളക്കുമായി ഞാൻ നടന്നു. അപ്പോഴവളെന്നെ തടഞ്ഞു. ഇന്ന് അച്ഛന് ഞാൻ വിളക്ക് വെക്കാമെന്ന് പറഞ്ഞിട്ടെന്റെ കയ്യിൽ നിന്നാ തിരി നാളവുമെടുത്ത് അവളാ അസ്ഥിത്തറയിലേക്ക് നടന്നു.

എന്റെ കണ്ണുകൾ നിറഞ്ഞുപോയി. ഞാൻ ധൃതിയിലത് തുടച്ചു. കരയാനായി ഒരിക്കലുമെന്നെ ഓർക്കരുതെന്ന് മാത്രമാണ് മരിക്കും മുമ്പേ അദ്ദേഹമെന്നോട് പറഞ്ഞത്..

അസ്ഥിത്തറയിൽ തെളിയുന്ന തീനാളം അദ്ദേഹത്തിന്റെ പുഞ്ചിരിയാണ്. മരിച്ച് മണ്ണായിട്ടും അദ്ദേഹമെന്നെ നോക്കി പുഞ്ചിരിക്കുന്നു…! തീയായി ഇളകിയിളകി എന്നോടും ചിരിക്കാൻ പറയുന്നു…! ഞാനത് അങ്ങേയറ്റം ഉൾവേദനയോടെ അനുസരിക്കുന്നു. എന്റെ ദൈവം വന്ന് പറയുമ്പോൾ എങ്ങനെയാണെനിക്ക് പുഞ്ചിരിക്കാതിരിക്കാൻ സാധിക്കുകയല്ലേ..!!!