ഒരു ദിവസം വളരെ രാവിലെ നിർത്താതെയുള്ള ഫോണ്ബെല്ല് കേട്ടാണ് ഹരി ഉണർന്നത്. അമ്മമ്മയാണ്.

സർപ്രൈസ്…

എഴുത്ത്: ഉണ്ണി ആറ്റിങ്ങൽ

================

അമ്മമ്മേ…

ശ്രീഹരി അമ്മമ്മയുടെ മടിയിൽ ഒന്നുകൂടി അമർന്നു കിടന്നു.

നാളെ ഞാൻ കൂടി പോയാൽ പിന്നെ അമ്മമ്മ ഒറ്റക്കാവില്ലേ.. എന്നായിനി ഇതുപോലെയൊന്ന് അമ്മമ്മയുടെ മടിയിൽ…. എനിക്ക് പോകൻ തോന്നണില്ല അമ്മമ്മേ…

അമ്മമ്മ ഹരിയുടെ നെറുകയിൽ മെല്ലെ തലോടി. കടലിനക്കരെ അയക്കാൻ അമ്മമ്മക്ക് ഇഷ്ടമുണ്ടായിട്ടല്ല മോനേ, കേട്ടപ്പോ ഒരുപാട് മനപ്രയാസം തോന്നി , എങ്കിലും എന്റെ കുട്ടീടെ നല്ലതിന് വേണ്ടിയല്ലേ , തെക്കേലെ രാമേട്ടൻ ഇങ്ങനൊരു അഭിപ്രായം പറഞ്ഞപ്പോ എതിര് പറയാൻ തോന്നിയില്ല. ഇതിപ്പോ എത്രാമത്തെ ആലോചനയാ ഒരു നല്ല ജോലിയില്ലാന്ന പേരില് മുടങ്ങിപ്പോണത്. പണത്തിന് പണം തന്നെ വേണ്ടേ കുഞ്ഞേ.. സാരമില്ല എന്റെ മോൻ പോയി വാ.. എനിക്ക് കൂട്ടിന് സുഭദ്ര ഉണ്ടല്ലോ.. എല്ലാം ശരിയാവും. മോൻ വിഷമിക്കണ്ട, പോയിക്കിടന്നോ നാളെ നേരത്തേ ഉണരാനുള്ളതല്ലേ….

“ന്റെ ഹരിക്കുട്ടന്റെ കല്യാണം കൂടി കണ്ടിട്ട് കണ്ണടഞ്ഞാലും വേണ്ടില്യായിരുന്നു ന്റെ ഭഗവതീ…”

നിറഞ്ഞ വന്ന കണ്ണുനീർ തുടച്ച് അമ്മമ്മ മെല്ലെ അകത്തേക്ക് പോകുന്നത് ഹരി നോക്കി നിന്നു.

വളരെ ചെറുപ്പത്തിലേ തന്നെ ഒരു ആക്സിഡന്റിന്റെ രൂപത്തിൽ വിധി അച്ഛനെയും അമ്മയെയും നഷ്ടപ്പെടുത്തിയതിൽ പിന്നെ അമ്മമ്മ മാത്രമായിരുന്നു ഹരിക്ക് കൂട്ട്. ഒരു കൈ സഹായത്തിന് വരുന്ന അകന്ന ബന്ധത്തിൽപ്പെട്ട സുഭദ്ര ഒഴിച്ചാൽ സ്വന്തമെന്നു പറയാൻ പോലും മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. ദിവസവും സന്ധ്യ കഴിഞ്ഞ് അല്പനേരം അമ്മമ്മയുടെ മടിയിൽ കിടന്ന് സ്നേഹം നിറഞ്ഞ തലോടലേൽക്കാതെ ഉറങ്ങിയിട്ടില്ല നാളിതുവരെ. നാളെ മുതൽ എല്ലാം വിട്ടകന്ന് മറ്റൊരു രാജ്യത്ത് മറ്റൊരു വേഷത്തിൽ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത കുറച്ചു പേരോടൊപ്പം…

ഓരോന്നോർത്തു കിടന്ന് എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല. ഉച്ചത്തിലുള്ള അലാറം കേട്ട് ഹരി മെല്ലെ കണ്ണുകൾ തിരുമ്മി എഴുന്നേറ്റു. കുളി കഴിഞ്ഞെത്തി ടിക്കറ്റും പാസ്സ്പോർട്ടും ഹാൻഡ്ബാഗിലേക്ക് എടുത്ത് വയ്ക്കുമ്പോഴും മനസ്സിൽ വല്ലാത്ത ഒരു ഭാരം പോലെ…പെട്ടെന്നൊരു ദിവസം കൊണ്ട് എന്തൊക്കെയോ നഷ്ടപ്പെടുന്നത് പോലെ… എല്ലാം വിധിയാണ് , പഠിക്കാനുള്ള സമയത്തു നല്ലത് പോലെ പഠിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഞാനും ഇന്നൊരു നല്ല നിലയിലെത്തിയേനെ.

വെറുതേ നഷ്ടപ്പെടുത്തിയ നിമിഷങ്ങളെയോർത്ത് ഒരു നിമിഷം ഹരിക്ക് ദുഃഖം തോന്നി.

ഹരിക്കുട്ടാ കുമാരൻ വന്നു, വന്നീ കാപ്പി കുടിക്ക് മോനേ. അമ്മമ്മയാണ് , മുഖം കണ്ടാലറിയാം രാത്രി അല്പം പോലും ഉറങ്ങിയിട്ടില്ലെന്നു. എനിക്ക് വേണ്ടി പ്രാർത്ഥിച്ച് നേരം വെളുപ്പിച്ചിട്ടുണ്ടാകും പാവം.

അമ്മമ്മേ…..

അമ്മമ്മ ഹരിയുടെ തലമുടിയിൽ മെല്ലെ തലോടി നെറുകയിൽ ചുംബിച്ചു. തലേന്ന് കുടുംബക്ഷേത്രത്തിൽ ഹരിയുടെ പേരിൽ നടത്തിയ വഴിപാടിന്റെ പ്രസാദം നെറ്റിയിൽ തൊട്ടു കൊടുത്തു. എന്റെ കുട്ടി സമാധാനമായി പോയി വാ. അമ്മമ്മേടെ കുട്ടിക്ക് നല്ലതേ വരു.

“എന്റെ മോൻ ഒരിക്കലും ഒറ്റയ്ക്കാവില്ല അമ്മമ്മേടെ ശരീരം മാത്രമേ ഇവിടെയുള്ളൂ മനസ്സ് എന്നും എന്റെ കുട്ടീടെ കൂടെ തന്നെ ഉണ്ടാകും.” നിറഞ്ഞു വരുന്ന കണ്ണുനീർ മറയ്ക്കാൻ അമ്മമ്മ വല്ലാതെ ബുദ്ധിമുട്ടുന്നത് പോലെ ഹരിക്ക് തോന്നി.

അച്ഛനമ്മമാരെ മനസ്സിൽ ധ്യാനിച്ച്‌ അമ്മമ്മയുടെ കാൽ തൊട്ട് വണങ്ങി ഹരി യാത്ര പറഞ്ഞിറങ്ങി. ഗേറ്റ് കഴിഞ്ഞു കാർ കണ്ണിൽ നിന്നും മറയുന്നത് വരെയും ഹൃദയം നുറുങ്ങുന്ന വേദനയോടെ തന്നെ നോക്കി നിൽക്കുന്ന അമ്മമ്മയുടെ മുഖം മാത്രമായിരുന്നു ഹരിയുടെ മനസ്സ് നിറയെ.

മൂന്ന് പേരടങ്ങുന്ന ഒരു ചെറിയ മുറി. അതായിരുന്നു കമ്പനി നൽകിയ താമസസ്ഥലം. കഠിനമായ ചൂടും പതിനാല് മണിക്കൂർ നീണ്ട ജോലിയും ഉറക്കമില്ലായ്മയുമൊക്കെ ഹരിയെ നന്നേ തളർത്തിയിരിന്നു. എങ്കിലും ദിവസവും ഒന്ന് രണ്ട് തവണയെങ്കിലും മുടങ്ങാതെയുള്ള അമ്മമ്മയുടെ ഫോൺ വിളിയും റൂമിലെ മറ്റു സുഹൃത്തുക്കളുടെ സഹകരണവും കൊണ്ട് ഹരി മെല്ലെ മെല്ലെ പുതിയ നാടുമായി പൊരുത്തപ്പെട്ടു തുടങ്ങി.

അവിടെ വച്ചാണ് ഹരി മജീദിക്കയെ പരിചയപ്പെടുന്നത്. റൂമിലെ മുതിർന്നയാൾ എന്നതിലുപരി നീണ്ട ഇരുപതു വർഷത്തെ പ്രവാസ ജീവിതം കൊണ്ട് ചുട്ടു പഴുത്ത മണലാരണ്യത്തിന്റെ യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞ വ്യക്തി. ഒരു റൂംമേറ്റ് എന്നതിലുപരി ഒരു മൂത്ത ജേഷ്ഠന്റെ സ്ഥാനമായിരുന്നു ഹരി മജീദിക്കക്ക് നൽകിയിരുന്നത്.

തികച്ചും യാന്ത്രികമായ ജീവിതം. മാസങ്ങൾ കടന്ന് പോയി കഠിനാധ്വാനവും ആത്മവിശ്വാസവും അമ്മമ്മയുടെ പ്രാർത്ഥനയും. ഹരിയുടെ ജീവിതവും മെല്ലെ പച്ച പിടിച്ചു തുടങ്ങി. നാട്ടിൽ ഗൾഫ്കാരനെന്ന ലേബലിൽ ഹരിക്ക് ആലോചനകൾ പലതും വന്നു തുടങ്ങി. എല്ലാം കൊണ്ടും ഹരിക്ക് ഏറ്റവും യോജിക്കുന്ന പെണ്ണിനെ തന്നെ കണ്ടെത്തണം എന്നുള്ളത് അമ്മമ്മക്ക് നിർബന്ധമായിരുന്നു.

ഒരു ദിവസം വളരെ രാവിലെ നിർത്താതെയുള്ള ഫോണ്ബെല്ല് കേട്ടാണ് ഹരി ഉണർന്നത്. അമ്മമ്മയാണ്.

എന്താ അമ്മമ്മേ പതിവില്ലാത്ത നേരത്ത്…?

മോനേ ഹരിക്കുട്ടാ…. അമ്മമ്മയുടെ ശബ്ദം വല്ലാതെ വിറയ്ക്കുന്നത് പോലെ ഹരിക്ക് തോന്നി.

എന്താ അമ്മമ്മേ , എന്ത് പറ്റി..?

ഒരു തേങ്ങിക്കരച്ചിലായിരുന്നു മറുപടി..

“അമ്മമ്മക്ക് ന്റെ മോനെ കാണണം…”

പറയ് അമ്മമ്മേ , എന്താ പറ്റിയത് എന്റെ അമ്മമ്മക്ക്…?

പ്രത്യേകിച്ച് ഒന്നുമില്ല കുട്ടിയേ , ഈയിടെയായി മനസ്സിന് വല്ലാത്ത അസ്വസ്ഥത. കൂട്ടിന് ഭയപ്പെടുത്തുന്ന ദുസ്വപ്നങ്ങളും. എന്തോ അനിഷ്ടം സംഭവിക്കാൻ പോണു എന്നൊരു തോന്നൽ. കണ്ണടയും മുൻപ് ന്റെ കുട്ടീടെ കല്യാണം കൂടി കാണണം എന്നുണ്ട്. അത് കഴിഞ്ഞു അങ്ങ് വിളിച്ചാലും സങ്കടമില്ല.

ഒന്നുമില്ല അമ്മമ്മേ എല്ലാം അമ്മമ്മക്ക് വെറുതെ തോന്നുന്നതാ….

ആയിരിക്കും മോനെ, ന്നാലും അമ്മമ്മക്ക് ന്റെ കുട്ടിയെ ഒന്ന് കാണണം. ഒരു സമാധാനവുമില്യാ. വർഷം ഒന്ന് കഴിഞ്ഞില്ലേ ഇപ്പൊ എന്റെ കുട്ടി പോയിട്ട്. പിന്നെ രാമേട്ടൻ ഒന്ന് രണ്ട് ആലോചന കൊണ്ടു വന്നിട്ടുണ്ട്. നല്ല കൂട്ടരാന്നാ പറഞ്ഞത്. മോനൊന്നു വന്നാൽ അവരെയും പോയിക്കാണാമല്ലോ.

രണ്ട് വർഷം കഴിയാതെ കമ്പനി ലീവ് തരാൻ പ്രയാസമാണ് , എന്നാലും ഞാൻ ശ്രമിക്കാം അമ്മമ്മേ… മജീദിക്ക പഴയ ആളായത് കൊണ്ട് കമ്പനിയിൽ നല്ല ഹോൾഡ് ആണ്. പുള്ളിയോട് ഞാനൊന്നു സംസാരിച്ചു നോക്കട്ടെ..

ഹരി നേരിട്ട് ലീവിന് ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവിൽ മജീദിന്റെ ഗ്യാരന്റിയുടെ പുറത്തു ഹരിക്ക് കമ്പനി ലീവ് അനുവദിച്ചു.

“ഹാപ്പി ആയില്ലേ ഹരിയേയ്.. ” ഇനി വേഗം അമ്മമ്മയെ വിളിച്ചു പറഞ്ഞോ ലീവ് ശരിയായി. വരുന്ന ഞായറാഴ്ച ഹരിക്കുട്ടൻ അമ്മമ്മയെ കാണാൻ വരുന്നുണ്ടെന്ന്…

വേണ്ട മജീദിക്കാ , ലീവു കിട്ടിയ കാര്യം ഇപ്പോ പറയുന്നില്ല. അമ്മമ്മക്ക് ഒരു സർപ്രൈസ്‌ കൊടുക്കണം. പ്രതീക്ഷിക്കാതെ തന്നെ മുന്നിൽ കാണുമ്പോൾ അമ്മമ്മ അമ്പരക്കുന്നതും പിന്നെ എന്റെ കുട്ടിയേന്ന് വിളിച്ച് കണ്ണീരോടെ ചേർത്തു പിടിക്കുന്നതുമെല്ലാം ഒരു നിമിഷം ഹരിയുടെ മനസ്സിലൂടെ കടന്ന് പോയി.

ഞായറാഴ്ച്ച വളരെ രാവിലേ തന്നെ ഹരി ഉണർന്നു. സമയം അഞ്ച് മണി ആയിട്ടേയുള്ളൂ. വൈകിട്ട് നാല് മണിക്കാണ് ഫ്ലൈറ്റ്. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും പിന്നെ ഹരിക്ക് ഉറങ്ങാനായില്ല. മനസ്സ് മുഴുവൻ നാട്ടിലെ വിശേഷങ്ങളായിരുന്നു.

സമയം ഒന്നുമായിട്ടില്ല ഹരിയേയ്…

കിടന്നിട്ട് ഉറക്കം വരുന്നില്ലിക്കാ..

വന്നിട്ട് ആദ്യമായി നാട്ടിൽ പോകുവല്ലേ അതിന്റെ സന്തോഷമാ. സാരമില്ല നന്നായി ഉറങ്ങിക്കോ. മോർണിംഗ് ഡ്യൂട്ടി കഴിഞ്ഞ് ഉച്ചക്ക് ലീവ് പറഞ്ഞിട്ട് ഒരു ഒരു മണിയാകുമ്പോൾ കാറുമായി ഞാനെത്താം എന്താ ?

ശരി ഇക്കാ… അപ്പോഴേക്കും ഞാൻ റെഡി ആയി നിൽക്കാം.

***************************

പുറത്ത് പതിവില്ലാത്ത ശബ്ദങ്ങൾ കേട്ടാണ് അമ്മമ്മ ഉണർന്നത്. മുറ്റത്തു പല ഭാഗത്തും ആളുകൾ കൂടി നിൽക്കുന്നു. സുഭദ്രയോട് ആരൊക്കെയോ സംസാരിക്കുന്നുണ്ട്. പലയിടങ്ങളിലായി മൂന്നും നാലും പേർ കൂടി നിന്ന് എന്തെല്ലാമോ അടക്കം പറയുന്നു. ജനലിനടുത്തായി നിന്നിരുന്ന ഒന്ന് രണ്ട് പേർ സംസാരിക്കുന്നത് അവ്യക്തവുമായി കേൾക്കാം.

കഷ്ടമായിപ്പോയി കഴിഞ്ഞ ഞായറാഴ്ച നാട്ടിൽ വരേണ്ട കൊച്ചനായിരുന്നു… വിധിയെന്നല്ലാതെ എന്താ പറയുക..

“കുളിക്കാൻ കയറിയപ്പോൾ ഹീറ്ററിൽ നിന്ന് ഷോക്ക് ഏറ്റതാണത്രെ…”

ഹീറ്ററിൽ നിന്നോ…അതെങ്ങനെ..?

ഗൾഫിലൊക്കെ തണുപ്പ് കാലത്തു മാത്രമല്ലേ ഹീറ്റർ ഉപയോഗിക്കാറുള്ളൂ. അതു കഴിഞ്ഞാൽ പിന്നെ അതിനെക്കുറിച്ചോർക്കുന്നത് തന്നെ അടുത്ത തണുപ്പ് കാലം വരുമ്പോഴല്ലേ. ആ സമയത്തു കേബിളുകൾ വല്ലതും ദ്രവിച്ചു പോയിട്ടുണ്ടോ , ഉള്ളിലെ കമ്പി വെള്ളത്തിൽ തട്ടിയിട്ടുണ്ടോ എന്നൊക്കെ നോക്കാൻ ആർക്കാ ഇപ്പൊ നേരം. ആർക്കും ഒന്നിനും സമയമില്ലാത്ത കാലമല്ലേ… ഹാ ഇനി പറഞ്ഞിട്ടെന്താ കാര്യം , അനുഭവങ്ങള് കണ്മുന്നിൽ വരുമ്പോഴല്ലേ നമ്മളൊക്കെ പഠിക്കു.

ദേ ബോഡി കൊണ്ടുവന്നു. ആരോ വിളിച്ചു പറഞ്ഞു.. കുറച്ചു പേർ ചേർന്ന് ഹരിയുടെ വെള്ള പുതപ്പിച്ച ശരീരം പെട്ടിയിൽ നിന്ന് ഉമ്മറത്തു വെട്ടിയിട്ട വാഴയിലയിലേക്ക് എടുത്ത് കിടത്തി. വ്യക്തമായി ഒന്നും മനസ്സിലാകും മുൻപ് തന്നെ ആരൊക്കെയോ ചേർന്ന് അമ്മമ്മയെ കൈപിടിച്ചു മുന്നിലേക്ക് കൊണ്ടു വന്നു.

തകർന്ന മനസ്സും നിർവികാരമായ മുഖവുമായി അമ്മമ്മ അല്പനേരം ജീവനറ്റ തന്റെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി നിന്നു. വിറയ്ക്കുന്ന കൈകൾ കൊണ്ട് മെല്ലെ ഹരിയുടെ മുഖത്ത് തലോടി. വിങ്ങിപ്പൊട്ടിയ മനസ്സോടെ അവസാനമായി അവന്റെ നെറുകയിൽ ചുംബിച്ചു. ഹൃദയം തകരുന്ന വേദനയോടെ ഹരിയുടെ നെഞ്ചിലേക്ക് തളർന്ന് വീണു. ആ കാഴ്ച കണ്ടു നിന്ന പലരും വാവിട്ട് നിലവിളിച്ചു.

ആഴ്ച ഒന്ന് കഴിഞ്ഞതല്ലേ അധിക നേരം ഇങ്ങനെ കിടത്തണോ…. സുഭദ്രേ നി അമ്മയെ ഒന്നു മാറ്റി ഇരിത്തൂ.

സുഭദ്ര മെല്ലെ അമ്മമ്മയെ പിടിച്ചുയർത്താൻ ഒരു ശ്രമം നടത്തി. എല്ലാ ബന്ധങ്ങളും വിട്ടകന്ന് ഒരു വശത്തേക്ക് ചരിഞ്ഞു വീണ അമ്മമ്മയെ കണ്ട് ഒരു ഞെട്ടലോടെ സുഭദ്ര പിന്നോട്ട് മാറി.

” എന്റെ മോൻ ഒരിക്കലും ഒറ്റയ്ക്കാവില്ല അമ്മമ്മേടെ ശരീരം മാത്രമേ ഇവിടെയുള്ളൂ മനസ്സ് എന്നും എന്റെ കുട്ടീടെ കൂടെ തന്നെയുണ്ടാകും”

അമ്മമ്മയുടെ വാക്കുകൾ സുഭദ്രയുടെ കാതുകളിൽ മുഴങ്ങി കേട്ടുകൊണ്ടേയിരുന്നു.

~ഉണ്ണി ആറ്റിങ്ങൽ