ഒരു മകനോടുള്ള വാത്സല്യത്തോടെ അദ്ദേഹമെന്നെ പരിഗണിക്കുന്നു. വസ്ത്രവും പാർപ്പിടവും വയറുനിറയേ ആഹാരവും തരുന്നു…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ

==================

അമ്മാവന്റെ വീട്ടിലെ അതികപറ്റാണെന്ന തോന്നൽ വന്നപ്പോൾ തന്നെ ഞാനവിടെ നിന്നിറങ്ങി. ഇറങ്ങുമ്പോൾ കൈയ്യിൽ ചുരുട്ടിയെടുക്കാൻ രണ്ട് കള്ളിലുങ്കിയും മരിക്കും മുമ്പ് മുത്തച്ഛനെനിക്ക് തന്നയൊരു പാട്ടുപെട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ…!

ഓർമ്മയിൽ പോലും അച്ഛനും അമ്മയും ഇല്ലാത്ത ഞാനത്രയും കാലം കഴിച്ചത് സഹതാപത്തിൽ വേവിച്ചുണ്ടാക്കി വിളമ്പിയ അന്നങ്ങളാണെന്ന് ബോധ്യമാകാൻ പ്രായം പതിനേഴ് വരെയെനിക്ക് കാത്തിരിക്കേണ്ടി വന്നു.

അന്ന് എങ്ങനെയൊക്കെയോ മംഗലാപുരം തീവണ്ടിയാഫീസിൽ എത്തിയ എനിക്ക് എന്തന്നില്ലാത്തയൊരു ഭയം അനുഭവപ്പെട്ടു. വീട് വിട്ടിറങ്ങി വരുമ്പോഴുണ്ടായിരുന്ന ധൈര്യമെല്ലാം വയറിൽ വിശപ്പ് വന്ന് മുട്ടിയപ്പോൾ മാഞ്ഞുപോയത് പോലെ..!

ഭിക്ഷ പോലെ കിട്ടുന്ന വറ്റുകളിൽ പുളിവെള്ളം ചേർത്ത് കുഴച്ച് കഴിച്ച ചില രാത്രികളെ ഞാനപ്പോൾ വെറുതേയൊന്ന് ഓർത്ത് പോയി..! അന്ന് മുത്തച്ഛന്റെ പാട്ട് പെട്ടി പതിവ് പാട്ട് പാടുന്നുണ്ടായിരുന്നു…!

‘ഇല്ലെന്ന് പറയുമ്പോൾ ഉള്ളം പൊള്ളുന്നു. പൊള്ളിയ ഉള്ളിൽ മുള്ളൊന്ന് കൊള്ളുന്നു.

കരുണാ മയനായ രൂപമേ…പരാശ്രയ പൊരുളേ… മനുഷ്യാ… നീയാണ് ദൈവം…!’

ഓരോ അരിമണിയിലുമത് കഴിക്കേണ്ടവരുടെ പേരെഴുതി വച്ചിട്ടുണ്ടാകുമെന്ന് കേട്ടയെനിക്ക്, ഞാനുൾപ്പെടുന്ന അഭയാർത്ഥികളായ പട്ടിണിപാവങ്ങളോടൊരു നിർവികാരിത തോന്നി.. ദൈവത്തിന്റെ ഓർമ്മയിൽ പോലും ഞങ്ങളുടെ പേരില്ലാത്തതിൽ കടുത്ത ദുഃഖം തോന്നി..!

അന്ന് കുടുംബത്തിലെയെല്ലാവരും ആഹാരം കഴിച്ച് കഴിഞ്ഞപ്പോൾ മിച്ചമൊന്നുമുണ്ടായിരുന്നില്ല. സദ്യയുടെ പന്തിയിലായാലും അടുക്കളയടുപ്പിന്റെ താഴത്തായാലും ഒടുവിൽ കഴിക്കാൻ വിധിക്കപ്പെട്ടവർക്ക് പലപ്പോഴും വയറ് നിറയാറില്ലല്ലോ…!

പത്തിൽ ജയിച്ചിട്ടുമെനിക്ക് തുടർന്ന് പഠിക്കാൻ സാധിച്ചില്ല. പിന്നീടുള്ളയെന്റെ പഠനോപകരണങ്ങൾ അമ്മാവന്റെ മെക്കാനിക്കൽ ഷോപ്പിലെ വിവിധ വലിപ്പത്തിലുള്ള സ്പാനറുകളും ഗ്രീസും ഓയിൽ കുപ്പികളുമൊക്കെയായിരുന്നു.

ഒരിക്കലൊരു സിനിമക്ക് പോകാൻ കാശ് ചോദിച്ചയെന്റെ തല അമ്മാവൻ പൊട്ടിക്കാതിരുന്നത് മഹാഭാഗ്യമായാണ് ഞാനന്ന് കണ്ടത്.. യ്യോ…! ഓർക്കാൻ കൂടി വയ്യ..! പതിനാറേ പതിനെട്ടിന്റെയൊരു റിഞ്ചെന്റെ നേരേക്കെറിഞ്ഞ് അമ്മാവൻ കണ്ണുകളുരുട്ടിയന്ന്..! തീർച്ചയാണ്..! അൽപ്പം മാറിയിരുന്നുവെങ്കിൽ പിന്നീട് വീട് വിട്ടിറങ്ങി പോകാൻ ഞാൻ ജീവിച്ചിരിക്കുമായിരുന്നില്ല..!

ദാഹിച്ച തൊണ്ടയിലേക്ക് ഇത്തിരി പൈപ്പ് വെള്ളമൊഴിച്ച ശേഷം വിശന്ന വയറിലേക്ക് ഞാനെന്റെ പാട്ട് പെട്ടിയമർത്തി. എന്നിട്ട് ദിക്കറിയാതെ പാറുന്നയൊരു കടലാസ്സ് കഷ്ണം പോലെ നിരത്തിലൂടെ തപ്പി തടഞ്ഞ് ഞാൻ മുന്നോട്ട് നടന്നു..

വിശപ്പ് കൂകി വിളിച്ചിട്ടും ആരുടേയും മുമ്പിൽ കൈനീട്ടാൻ എനിക്കന്ന് സാധിച്ചില്ല. തുറന്ന് കിടന്ന കടകളിലും ഹോട്ടലുകളിലും ഞാനൊരു ജോലി യാചിച്ച് തലകുനിച്ച് നിന്നു. ആർക്കുമെന്റെ വിശപ്പ് കണ്ടെത്താൻ പറ്റിയില്ല.

കുടലിൽ കുത്തിപറിക്കുന്ന കൂർത്ത നഖവും ചുണ്ടുമുള്ള ക ഴു ക നാ ണോ വിശപ്പെന്ന് ഞാനന്ന് സംശയിച്ചുപോയി. എന്റെ സംശയം ശരിയായിരുന്നു..! അതെന്നെ കൊത്തിപ്പറിച്ച് നിലത്തിട്ടിരിക്കുന്നു..!.

പാതയിൽ കുഴഞ്ഞ് വീണ് ബോധം മറയുമ്പോൾ എനിക്കരികിലേക്ക് ആരോ വരുന്നത് പോലേയും എന്നെ ഉയർത്തുന്നത് പോലെയുമെനിക്ക് തോന്നി.. പിന്നെയൊരു തൂവൽ പോലെ ഞാൻ വായുവിലൂടെ പാറിയെങ്ങോട്ടോ പോകുന്നത് പോലെ….!

പിന്നീട് ബോധം വരുമ്പോൾ ഞാനേറെ സൗകര്യങ്ങളുള്ളയൊരു ആശുപത്രി മുറിയിലായിരുന്നു. കൈകളിലൂടെ ഗ്ലൂക്കോസും കുടിച്ച് കിടക്കുന്നയെന്റെ തലയ്ക്കരികിൽ തല നരച്ചയൊരു മനുഷ്യനുണ്ടായിരുന്നു. ഞാൻ കണ്ണുകൾ തുറന്നത് കണ്ടിട്ടാകണം അയാളെന്നോട് യാറ് നീ.. യെല്ലി ഹോഗു ബേക്കൂവെന്ന് ചോദിച്ചത്… എനിക്കത് കേട്ടിട്ട് യാതൊന്നും മനസ്സിലായില്ല. അതയാൾക്ക് ബോധ്യമായത് കൊണ്ടായിരിക്കണം കൂടുതലൊന്നും പറയാതെയെന്നെ അയാൾ ഡിസ്ചാർജ് ചെയ്ത് കൂടെ കൊണ്ടുപോയത്..

ഇന്ന് ഞാനാ മനുഷ്യന്റെ വിശ്വസ്തനായ ജോലിക്കാരനാണ് . ഒരു മകനോടുള്ള വാത്സല്യത്തോടെ അദ്ദേഹമെന്നെ പരിഗണിക്കുന്നു. വസ്ത്രവും പാർപ്പിടവും വയറുനിറയേ ആഹാരവും തരുന്നു.

ജീവിതമെത്ര വികൃതവും വിചിത്രവുമാണെന്ന് മാത്രം ചിന്തിച്ചയെന്റെ തലയിൽ മനോഹരമെന്ന വാക്കെഴുതിയത് അദ്ദേഹമായിരുന്നു. അല്ലെങ്കിലും ഓരോ മനുഷ്യന്റേയും ജീവിതത്തിലൊരു നിമിത്തമായി ഒരു മനുഷ്യനെങ്കിലും കാണാതിരിക്കില്ല. നിയോഗമെന്ന പോലെ നിർണ്ണായക നേരത്തവർ പ്രകാശവുമായി നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടും..

അന്ന് ഞാനെന്റെ മുത്തച്ഛന്റെ പാട്ടു പെട്ടിയൊന്ന് കൂടി പൊടി തട്ടി മുന്നിൽ വെച്ചു…എനിക്കാ പതിവ് ഗാനമൊന്ന് കൂടി കേൾക്കണമെന്ന് തോന്നി…!

‘ഇല്ലെന്ന് പറയുമ്പോൾ ഉള്ളം പൊള്ളുന്നു. പൊള്ളിയ ഉള്ളിൽ മുള്ളൊന്ന് കൊള്ളുന്നു.

കരുണാ മയനായ രൂപമേ…പരാശ്രയ പൊരുളേ…മനുഷ്യാ….. നീയാണ് ദൈവം…!’