തുടർന്നുള്ള നീണ്ട സംസാരങ്ങളിൽ നിന്ന് അറിഞ്ഞൊ അറിയാതെയൊ വഴിമാറിക്കൊണ്ടിരുന്നു….

അമ്മേടെ ജിമുക്കി കമ്മൽ….

Story written by Suresh Menon

=====================

” അമ്മയ്ക്കതിഷ്ടായൊ “

ശ്യാമ ഫോണിന്റെ അപ്പുറത്തുള്ള തന്റെ അമ്മയോട് ചോദിച്ചു …

” ഷ്ടായെടാ… നല്ല ചെറിയ ജിമുക്കി ..ന്നാലും ഞാനീ പ്രായത്തിലൊക്കെ …. ഇതൊക്കെ ഇട്ടു നടക്കുക എന്ന് പറഞ്ഞാൽ ….”

“എന്ത് പ്രായം …. 23 ാം വയസ്സിലാ അമ്മന്നെ പ്രസവിക്കണെ എനിക്കിപ്പം 30 ആയി ….അപ്പൊ അമ്മക്ക് എത്ര വയസ്സായി …. അമ്മെ പുതിയ കണക്കനുസരിച്ച് 70 കഴിയണമത്രെ വാർദ്ധക്യം എന്ന് പറയാൻ ….”

“ഒന്നു പോടി അവിടുന്ന് …. ജിമുക്കി കമ്മല് അച്ഛന് നല്ലോണം ഷ്ടായി. പ്പൊ എവിടെ പുറത്ത് പോകാനൊരുങ്ങുമ്പോഴും അതും ഇട്ടോണ്ട് വരാൻ പറയും എന്നോട് “

“അതാണ് … ഇവിടെ അർജുനേട്ടനും ഒരു പാടിഷ്ടായി .അർജുനേട്ടന്റെ selection ആണ് അത്. പുതിയ ജ്വല്ലറിയുടെ ഉത്ഘാടനം പ്രമാണിച്ച് അർജുനേട്ടന്റെ സമ്മാനമാ അമ്മക്ക് “

” അവനവിടെണ്ടോടി….”

” കടേന്ന് വന്നില്ല “

” ഞാനവനെ വിളിച്ചോളാം.”

“അച്ഛനും അമ്മയും ഉത്ഘാടനത്തിന് വരണമായിരുന്നു. അർജുനേട്ടൻ അസ്സലായിട്ട് പാടി അമ്മെ . ശ്രീരാഗമൊ എന്ന പാട്ടാ പാടിയാ . എല്ലാവരും ലയിച്ചിരുന്നു പോയി “

” അവനങ്ങനെ പണ്ട് അമ്പല പറമ്പിന് ചുറ്റും പാടി പാടി നടന്നല്ലെ നിന്നെ വളച്ചെടുത്തത് ……”

” അത് കൊണ്ടൊന്നും അല്ല … ഞാൻ നല്ല സുന്ദരിയല്ലെ കാണാൻ . അല്ലെ അമ്മെ “

ശ്യാമ കുലുങ്ങിച്ചിരിച്ച് കൊണ്ട് ചോദിച്ചു

“അയ്യടാ… ഒരു ചുന്ദരി വന്നേക്കുണു……”

അമ്മ അത് പറഞ്ഞപ്പോൾ ശ്യാമ വീണ്ടും കുലുങ്ങി ചിരിച്ചു ….

“ആ അമ്മെ അത് പറഞ്ഞപ്പഴാ ഒരു കാര്യം ഓർത്തെ . നമ്മുടെ ജസ്സി ആന്റിയെ കണ്ടിരുന്നു കഴിഞ്ഞയാഴ്ച ഞാൻ മാളികപ്പുറം സിനിമ കാണാൻ പോയപ്പോൾ ….”

” അമേരിക്ക ജസ്സി ആന്റിയല്ലെ ….”

“ങ്ങാ അതന്നെ ….: “

“ന്നിട്ട് ന്താ പറഞ്ഞെ “

” അമ്മയെക്കുറിച്ചായിരുന്നു “

“ന്നെക്കുറിച്ചൊ “

“ആ എന്നെ കണ്ട വഴി പറയുവാ …ടീ ശ്യാമെ നിന്റെ അമ്മക്കെന്താടി വയസ്സാവാത്തെ.അവളുടെ ആ മുടി പോലും അങ്ങിനെയുണ്ട് എന്തൊരു ചന്താടീ ….ആ പഴയ മാധവിക്കുട്ടി തന്നെ ….”

“ആ അവള് പണ്ടേ അങ്ങിനെയാ .. വായക്ക് ഒരു ലൈസൻസുമില്ല …. ഒള്ളത് മുഖത്ത് നോക്കി അങ്ങ് തുറന്ന് പറയും …..”

” ഹോ ഞാൻ വീട്ടിലെത്തിയ വഴി കടുകും മുളകും ഉഴിഞ്ഞിട്ടു. ന്റെ അമ്മക്ക് കണ്ണു തട്ടാതിരിക്കാൻ

അച്ഛനെവിടെ അമ്മെ ……”

” ടാ ഇപ്രാവിശ്യത്തെ ഉത്സവത്തിന് ഗാനമേളയില് പാടാനുള്ള പാട്ടിന്റെ പ്രാക്റ്റീസിലാ…”

” ഏത് പാട്ടാമ്മെ “

” മണി ചിത്രത്താഴിലെ പലവട്ടം പൂക്കാലം..”

” വൊ .. അച്ഛൻ തകർക്കും … ജ്വല്ലറി ഉത്ഘാടനത്തിന്റെയന്ന് അർജുനേട്ടൻ സ്റ്റാഫിനോട് പറയുന്നുണ്ടായിരുന്നു എന്നെക്കാളും നന്നായി എന്റെ അമ്മായി അച്ഛൻ പാടുമെന്ന് ….”

” അത് ശരിയാ മോളെ .ഇന്നാള് ഒരു ദിവസം പലവട്ടം പൂക്കാലം അച്ഛൻ എന്നെ പാടി കേൾപ്പിച്ചു ….ഞാൻ ലയിച്ചിരുന്നു പോയി …ന്ത് രസമായിരുന്നു കേൾക്കാൻ ….”

“ടീ കോളിംഗ് ബല്ലടിക്കുന്നെ …. ഞാനിപ്പം വരാ വെ..” മാധവിക്കുട്ടി മകൾ ശ്യാമയോടായി പറഞ്ഞു.

“അമ്മെ മറക്കല്ലെ വരണെ .. എനിക്കൊരു പ്രധാന കാര്യം പറയാനുണ്ട് “

“ന്താടി …..”

” അമ്മ പോയേച്ചും വാ….. ഞാൻ പറയാം”

മാധവിക്കുട്ടി ഫോൺ താഴെ വെച്ചു ….

………………………………

വാഷിങ്ങ് മെഷീനിലേക്കുള്ള തുണിയും എടുത്ത് സ്റ്റെയർകെയ്സ് കയറി മുകളിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് മൊബൈൽ ശബ്ദിച്ചത്. ശ്യാമ ഫോൺ കയ്യിലെടുത്തു.

“ആ അമ്മെ ആരാ വന്നെ “

” ടീ അത് ആ പ്ലാസ്റ്റിക്ക് എടുക്കാനായി കൂടുംബശ്രീയിൽ നിന്ന് വന്നവരാ …പിന്നെ അവരുമായി കുറച്ചുനേരം നാട്ട് വിശേഷം, പറഞ്ഞിരുന്നു … “

” നീ എന്താ പറയാനുണ്ടെന്ന് പറഞ്ഞത് “

ശ്യാമ ആദ്യ ഒന്ന് പരുങ്ങി. പിന്നെ പതിയെ ചുണ്ടനക്കി

” അമ്മേ ഞാനൊരു കാര്യം പറഞ്ഞാൽ അമ്മ ദേഷ്യപെടുമൊ ….”

” നീ ചിണുങ്ങാതെ കാര്യം പറയെടി ….”

ശ്യാമ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല ….

“അമ്മെ അതേയ് …. ന്നെ നിർബ്ബന്ധിക്കുന്നമ്മെ അർജുനേട്ടൻ …..”

” നിർബ്ബന്ധിക്കുന്നെന്നൊ …. ന്തിന്…”

മാധവിക്കുട്ടിക്ക് കാര്യം പിടികിട്ടിയില്ല …

“ഈ അമ്മക്കെന്താ .. മനസ്സിലായില്ലെ ….എനിക്ക് ഇനി പറയാൻ അറിഞ്ഞൂടാ ……”

പെട്ടന്നാണ് മാധവിക്കുട്ടിക്ക് കാര്യം കത്തിയത്.

“ദൈവമെ ഇനി ഒന്നും കൂടിയാ …” ശ്യാമ ഒന്നും മിണ്ടിയില്ല ..

“നിനക്കിപ്പം തന്നെ മൂന്ന് പിള്ളേരായില്ലോടി … അത്ങ്ങളുടെ കാര്യം തന്നെ നേരാവണ്ണം നോക്കാൻ നിനക്ക് സമയമുണ്ടൊ … ഇനിം ഒന്നും കൂടിയാ ……”

” അർജുനേട്ടൻ പറയുന്നത് നമുക്ക് മൂന്ന് ജ്വല്ലറി ഉണ്ട് .അത് മൂന്ന് പിള്ളേർക്ക് കൊടുക്കാം ന്നാണ് ഒരു പുതിയ ഷോറൂം എറണാകുളത്ത് തുടങ്ങാൻ പോകയാണ് ….അത് നാലാമത്തെ കുട്ടിക്കാണത്രെ ….”

“ഓ പിന്നെ അവൻ ഷോറും തുടങ്ങുന്നതനുസരിച്ച് നീ പെറണം എന്ന് പറഞ്ഞാൽ കറങ്ങി പോകത്തെയുള്ളു … “

” അതല്ല അമ്മ ….. അർജുനേട്ടന് പെങ്കൊച്ചുങ്ങള് ന്ന് വെച്ചാൽ ജീവനാ…. ഓരോ പ്രാവിശ്യവും പെങ്കൊച്ചായിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു പാവം … ഇത് അവസാനശ്രമമാണത്രെ … അതിന് ഏതാണ്ട് ചൈനീസ് കലണ്ടർ ഒക്കെ നോക്കി ചിലത് പഠിച്ചിട്ടുണ്ടത്രെ….”

“പിന്നേ …… കലണ്ടർ നോക്കിയല്ലെ പെൺകൊച്ചുങ്ങളെ ഉണ്ടാക്കുന്നത് … ….. ഇത്രയും കാലം ആൺ കൊച്ചുങ്ങള് മാത്രം ഉണ്ടായത് മാതൃഭൂമി കലണ്ടർ നോക്കിയിട്ടായിരിക്കും. ഒന്നു പോടി കൊച്ചെ അവിടുന്ന് …. ഞാനൊന്നും പറയുന്നില്ല . അതേയ് ഞാനങ്ങോട്ട് വരുന്നുണ്ട് എനിക്കവനെ ഒന്ന് കാണണം. ഒന്ന് സംസാരിക്കാനുണ്ട് “

” അയ്യോ അതൊന്നും വേണ്ട മ്മെ ..അത് ചോദിക്കാനായിട്ട് ഇങ്ങാട്ടൊ ന്നും വന്നേക്കല്ലെ ….”

“നിനക്ക് പേടിയാണെങ്കി ഞാനവന്റെ കടേ പോയി ചോദിക്കാം “

” അയ്യോ അമ്മെ please please…. അവിടെയൊന്നും പോയി ചോദിച്ചേക്കല്ലെ ….”

” നീ എന്തിനാ പെണ്ണെ ഇങ്ങിനെ പേടിക്കുന്നെ “

” പേടിയല്ലമ്മെ ഞാനത് വളരെ ഡിപ്ലോമാറ്റിക്ക് ആയി ഡീൽ ചെയ്തോളാം….”

” ചെയ്താൽ നിനക്ക് കൊള്ളാം : “

രണ്ടു പേരും ഫോൺ കട്ട് ചെയ്തു ………

ഇനിയൊരു ഇന്റർവെൽ …….. കുറച്ചു നേരമല്ല …… കുറച്ച് ദിവസത്തേക്ക് ……ഫോൺ വിളികൾക്ക് ഒരു ഇന്റർവെൽ ആയിരുന്നു …..

അമ്മയും മകളും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള വിളികളിൽ നിന്ന് ….തുടർന്നുള്ള നീണ്ട സംസാരങ്ങളിൽ നിന്ന് അറിഞ്ഞൊ അറിയാതെയൊ വഴിമാറിക്കൊണ്ടിരുന്നു …. അവസാനം സഹികെട്ട് ശ്യാമ തന്റെ സ്വന്തം വീട്ടിലേക്കൊന്ന് പോയി അമ്മയെ കാണാൻ…

” അറിയാൻ പാടില്ലാഞ്ഞാട്ട് ചോദിക്കയാ . അമ്മക്കിതെന്നാ പറ്റി …. വിളിച്ചാ ഫോണെടുക്കൂല … ഫോണെടുത്താലൊ …. ചുമ്മാ എന്തെങ്കിലും ഉഴപ്പി എന്തെങ്കിലും പറഞ്ഞ് ഫോൺ അങ്ങ് വെക്കും “

ശ്യാമയ്ക്കരികിൽ സോഫയിലിരുന്ന മാധവിക്കുട്ടി ഒന്നും മിണ്ടാതെ ഇരുന്നു.

“അമ്മെ ഞങ്ങളുടെ കാര്യമോർത്തു അമ്മ വിഷമിക്കണ്ട . ഞാനത് അർജുനേട്ടനോട് പറഞ്ഞ് അനിശ്ചിത കാലത്തേക്ക് നീട്ടിവെപ്പിച്ചു. അമ്മ അതാലോചിച്ചിട്ട് ടെൻഷനടിക്കണ്ട…”

“അതൊന്നും അല്ലെടി പ്രശ്നം “….

മാധവിക്കുട്ടി തലയും താഴ്ത്തി ഇരിപ്പാണ്. ഒന്നും മനസ്സിലാകാതെ ശ്യാമ അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു …

” അമ്മക്ക് വല്ല അസുഖമുണ്ടൊ നമുക്ക് നല്ലൊരു ഡോക്ടറെ കാണാം … “

മാധവിക്കുട്ടി വീണ്ടും മൗനം ….പിന്നെ പതിയെ ശ്യാമയുടെ അടുത്തേക്ക് നീങ്ങിയിരുന്നു.

” ഞാനൊരു കാര്യം നിന്റെ ചെവിയിൽ പറയാം. എനിക്ക് അത് നിന്റെ മുഖത്ത് നോക്കി പറയാനുള്ള ധൈര്യമില്ലെടീ”

മാധവിക്കുട്ടി മടിച്ച് മടിച്ച് പതിയെ പതിയെ ശ്യാമ യുടെ ചെവിയിൽ എന്തൊ മന്ത്രിച്ചു ….

” അടി ചക്കെ …..” കേട്ടതും കണ്ണുകൾ വിടർന്ന് ശ്യാമ വിളിച്ചു കൂവി

“സത്യമാണൊ അമ്മെ ഞാനീ കേക്കണെ…..എന്റെ പഞ്ചാരയമ്മ”

ഒന്ന് നിർത്തി ശ്യാമ തുടർന്നു

“ഇതെങ്ങനെ ഒപ്പിച്ചമ്മേ ……”

“ഒന്നു പോടി… അവളുടെ ചോദ്യം കേട്ടില്ലെ . എങ്ങിനെ ഒപ്പിച്ചെന്ന് “

” അച്ഛൻ എവിടെ അമ്മെ ….”

“എന്റെ ഏഴയലത്ത് വന്നു പോവരുതെന്ന് പറഞ്ഞേക്കു വാ ഞാൻ …”

” അയ്യോ പാവം അച്ഛൻ “

“അമ്മേ പറ മ്മെ ഇതെങ്ങിനെ ഒപ്പിച്ചു “

കുറച്ചു നേരത്തേക്ക് മാധവിക്കുട്ടി ഒന്നും മിണ്ടിയില്ല .പിന്നെ പതിയെ തുടങ്ങി …

“എല്ലാത്തിനും കാരണം നീ കൊടുത്തയച്ച ആ ജിമുക്കി കമ്മലാ …. ഉത്സവത്തിന്റെ അന്ന് ഗാനമേളയിൽ അച്ഛൻ അസ്സലായി പാടി …. തിരിച്ച് വീട്ടിലെത്തിയപ്പോൾ സെറ്റ് മുണ്ടും ജിമുക്കി കമ്മലും ഒക്കെ അണിഞ്ഞ് നിന്ന എന്നെ അച്ചൻ നോക്കി കൊണ്ടെയിരിക്കയായിരുന്നു. നീ തയ്പിച്ചു തന്ന ആ ചുകന്ന എംബ്രോയിഡറി വർക്കുള്ള ബ്ലൗസാ ഞാനിട്ടത്. എനിക്കും തോന്നി ഞാനന്ന് പതിവിലേറെ സുന്ദരിയായി എന്ന് …എനിക്കാണെങ്കി അച്ചൻ പാടിയ ആ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ കൊതിയായി അത്ര നന്നായി അച്ഛൻ പാടി യെടി …..”

“എന്നിട്ട് ….”

ശ്യാമക്ക് ധൃതിയായി

“എന്നിട്ടെന്തോന്ന് …. അവളുടെ ചോദ്യം കേട്ടില്ലെ …. ഒരമ്മയോട് ചോദിക്കുന്ന ചോദ്യമാണോ ഇത് ….”

” അമ്മ പറ മ്മെ …..”

” അച്ഛൻ വീണ്ടും എനിക്കായി പാടി … പലവട്ടം പൂക്കാലം ……. ഹോ ഞാനതിലങ്ങ് ലയിച്ചു പോയി എന്റെ മോളെ …..പിന്നെയെനിക്കൊന്നും ഓർമ്മയില്ലെടി….. ഞങ്ങളു രണ്ട് പേരും, ആ പാട്ടും ,ജിമുക്കി കമ്മലും എല്ലാം കൂടി ഒരു ഉത്സവ പറമ്പ് പോലെയായി എന്ന് പറഞ്ഞാ മതീലൊ …”

ശ്യാമക്ക് അത് കേട്ട് ചിരി അടക്കാനായില്ല. പൊട്ടിച്ചിരിച്ചാൽ അമ്മയുടെ കൈയ്യിൽ നിന്ന് തല്ലുറപ്പായും കിട്ടും… അതിനാൽ ആത്മ സംയമനം പാലിച്ച് അമ്മയോട് ചേർന്നിരുന്നു …

“അമ്മേ ഇതൊക്കെ ഒരു ദൈവാനുഗ്രഹമായി കണ്ടാ പോരെ …. ഇതൊരു പെങ്കൊച്ചായിരിക്കും അമ്മെ …. അതിനെ ഞാൻ വളർത്തും … എന്റെ മോളായിട്ട് …. അമ്മ ധൈര്യായിരിക്ക് …..”

“അപ്പൊ മോനാണെങ്കി നീ നോക്കത്തില്ലെ…”

” മോനായാലും മോളായാലും ഞാൻ പൊന്ന് പോലെ നോക്കും …. അമ്മ തൽക്കാലം rest എടുക്ക്”

“ഞാനിനി എങ്ങിനെ നാട്ടുകാരുടെ മുഖത്ത് നോക്കും “

” ഓ പിന്നെ നാട്ടുകാര് …. അവരാണൊ നമ്മുടെ കാര്യം തീരുമാനിക്കുന്നത് …. പോകാൻ പറ “

ശ്യാമ അമ്മക്ക് ധൈര്യം നൽകി.

“ദേ നീ ചെന്ന് അർജുനനോടൊന്നും പറഞ്ഞേക്കല്ലെ അയ്യേ നാണക്കേട് “

” പറയാണ്ടെങ്ങനാ അമ്മെ …. ഇന്നല്ലെങ്കിൽ നാളെ അറിയില്ലെ”

മാധവിക്കുട്ടി തലക്ക് കൈയ്യും കൊടുത്തിരുന്നു. ….”

“അച്ഛനെവിടെയമ്മെ … “

” അപ്പുറത്ത് കാണും .ഏതാണ്ടൊക്കെ പറഞ്ഞ് ടൗണിൽ പോകാനൊരുങ്ങുകയാ”

എന്ത് മേടിക്കാൻ ചിലപ്പൊ ബേബി സോപ്പും പൗഡറും ആയിരിക്കും അല്ലെ അമ്മെ “ശ്യാമ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ മാധവിക്കുട്ടി ദേഷ്യം സഹിക്കാനാവാതെ പല്ലുകൾ കൂട്ടി കടിച്ചു.

” ഞാൻ അച്ഛനെ ടൗണിൽ വിട്ടേച്ച് വീട്ടി പോകുമെ.നാളെ വരാം “

” ടീ നീ പോകുമ്പോ ആ ജിമുക്കി കമ്മൽ ഞാനവിടെ ഊരി വെച്ചിട്ടുണ്ട്. അതും കൊണ്ടു പൊക്കൊ . എനിക്ക് ഇനി അത് വേണ്ട ….”

ശ്യാമ ഒന്നും മിണ്ടിയില്ല ……

അന്ന് രാത്രി ….. ഒരു വീട്ടിൽ നടന്നത് ……

മാധവിക്കുട്ടി തന്റെ ഭർത്താവിനോട് ചേർന്നു കിടന്നു

” സോറി പെട്ടെന്ന് വന്ന ദേഷ്യത്തിന് ഞാനെന്തൊക്കെയൊ പറഞ്ഞു “

മാധവിക്കുട്ടി തന്റെ ഭർത്താവിന്റെ കൈവിരലുകൾ കുട്ടി പിടിച്ചു കൊണ്ട് പതിയെ പറഞ്ഞു. രാജഗോപാൽ മാധവിക്കുട്ടിയുടെ നെറ്റി പതതിയെ തടവി പതിയെ കവിളുകളും ചെവിയും ചുണ്ടുകളും

“ആ ജിമുക്കി കമ്മൽ നീ കൊടുത്തയച്ചു അല്ലെ ..”

” ഉം നമുക്കി നി ഈ പ്രായത്തിൽ അതൊന്നും വേണ്ട ….”

അന്ന് രാത്രി മറ്റൊരു വീട്ടിൽ …

“എനിക്കെന്തായാലും എന്റെ അമ്മായി അമ്മയെ നാളെ തന്നെ ചെന്ന് കാണണം. ” കാര്യമറിഞ്ഞ അർജുൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു

“ഉം അങ്ങട് ചെല്ല്… വയർ നിറച്ച് കിട്ടും … “

“എന്തായാലും പ്രൊജക്റ്റ് തൽക്കാലത്തേക്ക് മാറ്റി വെക്കാം. അവിടുത്തെ റിസൽട്ട് അറിയട്ടെ അല്ലെ ….. “

അർജുനൻ പറഞ്ഞത് കേട്ട് ശ്യാമ തലകുലുക്കി.

“പിന്നെ ഒരു കാര്യമുണ്ട്. അവിടെ പിറക്കാൻ പോകുന്നത് ആൺകുട്ടിയാണെങ്കി നമ്മുടെ പ്രൊജക്റ്റ് നമുക്ക് റീ ഓപ്പൺ ചെയ്യേണ്ടി വരില്ലെ…”

ശ്യാമയുടെ വാക്കുകൾ കേട്ട അർജുൻ അതെ എന്നർത്ഥത്തിൽ തലയാട്ടി …

” പക്ഷെ അതിന് മുൻപ് എനിക്കൊരു കണ്ടീഷനുണ്ട് …എനിക്ക് വലിയൊരു ജിമുക്കി കമ്മൽ വേണം. ഒരു കുടമണിയുടെ അത്രയും വലുത്: എങ്കിലെ എന്റെ പ്രൊജക്റ്റ് റീ ഓപ്പൺ ആകു “

അർജുനൻ അത് കേട്ട് പൊട്ടിച്ചിരിച്ചു. കുടമണി കിലുങ്ങുന്ന പോലെ കുലുങ്ങിച്ചിരിച്ച് ശ്യാമ അർജുനനെ ഇറുകെ പുണർന്നു …

(അവസാനിച്ചു )