നീ ആ കുട്ടിയെ കാര്യം പറഞ്ഞ് മനസ്സിലാക്ക്‌ എന്നിട്ട് എൻ്റെ പൊന്നുമോൻ അമ്മ പറയുന്നത് കേൾക്ക്…

എഴുത്ത് : സ്നേഹ സ്നേഹ

====================

ഞാൻ ജീവിച്ചിരിക്കുമ്പോ ഈ കല്യാണത്തിന് ഞാൻ സമ്മതിക്കില്ല

അമ്മ എന്താ ഇങ്ങനെയൊക്കെ പറയുന്നത്

പിന്നെ ഞാൻ എങ്ങനെ പറയണം

എന്താമ്മേ കാരണം അതെങ്കിലും പറ

ഞാൻ നിന്നെ കഷ്ടപ്പെട്ട ഇത്രയും പഠിപ്പിച്ചത് ഒരു നേഴസിനെ കെട്ടാനല്ല

നേഴ്സ് ജോലിക്ക് എന്താമ്മേ കുഴപ്പം നല്ല അന്തസ്സുള്ള ജോലിയല്ലേ

അതൊന്നും എനിക്കറിയില്ല. നീ നിൻ്റെ ഏട്ടൻമാരെ കണ്ട് പഠിക്ക്

ഏട്ടൻമാര് അവർക്ക് ഇഷ്ടമുള്ള പെൺകുട്ടികളെ കെട്ടി അതുപോലെ ഞാനും എനിക്കിഷ്ടപ്പെട്ട കുട്ടിയുമായി കല്യാണം നടത്തി തരണമെന്നല്ലേ അമ്മയോട് പറഞ്ഞത്.

എടാ അവർ ഇഷ്ടപ്പെട്ട പെൺകുട്ടികൾ നല്ല അന്തസ്സുള്ള കുടുംബത്തിൽ പിറന്നവരാ അതുപോലെ തന്നെ ഒരാൾ ബാങ്ക് മനേജരും ഒരാൾ കോളേജ് പ്രൊഫസറും

അതുപോലെ തന്നെ അന്തസ്സുള്ള കുടുംബത്തിലെ പെൺകുട്ടിയാ അതുല്യയും

അന്തസ്സ് എന്നേ കൊണ്ട് ഒന്നും പറയിപ്പിക്കരുത് കണ്ണാ നീ ഇങ്ങനെ ഒരു പൊട്ടനായി പോയല്ലോ

എന്നാമ്മേ അതുല്യയടെ കുടുബകാർക്ക് അന്തസ്സിന് കുറവ്വ് അവർക്ക് ഇത്തിരി സാമ്പത്തികം കുറവുണ്ടന്നേയുള്ളു.

എന്തായാലും നമുക്ക് ചേരുന്ന ഒരു ബന്ധം അല്ല ഞാൻ ജീവിച്ചിരിക്കുമ്പോൾ ഈ കല്യാണത്തിന് സമ്മതിക്കില്ല

എൻ്റെ ഏട്ടൻമാർ സമ്മതിക്കും

അത് നിൻ്റെ തോന്നലാ അവരാ എന്നോട് പറഞ്ഞത് അവൻ്റെ ഇഷ്ടത്തിന് വിടാതെ കുടുംബത്തിൻ്റെ നിലക്കും വിലക്കും ചേർന്ന ഒരു പെൺകുട്ടിയെ കണ്ട് പിടിക്കാൻ.

അപ്പോ എല്ലാവരും കൂടി ചേർന്നുള്ള നാടകമാണല്ലേ എൻ്റെ ഇഷ്ടത്തിന് ഒരു വിലയും ഈ വീട്ടിൽ ഇല്ല അല്ലേ

നിൻ്റെ ഏട്ടൻമാരും ഞാനും നിനക്ക് ദോഷം വരുന്നതൊന്നും ചെയ്യില്ല കണ്ണാ നമുക്കാബദ്ധം വേണ്ട മോനെ

അപ്പോ ഞാനവൾക്ക് കൊടുത്ത വാക്കിന് ഒരു വിലയും ഇല്ല അല്ലേ അമ്മേ. കഴിഞ്ഞ 5 വർഷമായി എൻ്റെ വാക്കും വിശ്വസിച്ച് എന്നേയും സ്വപ്നം കണ്ട് നടക്കുന്ന പെണ്ണിനെ സ്വപ്നത്തിന് ഒരു വിലയും ഇല്ല അല്ലേ

നീ ആ കുട്ടിയെ കാര്യം പറഞ്ഞ് മനസ്സിലാക്ക്‌ എന്നിട്ട് എൻ്റെ പൊന്നുമോൻ അമ്മ പറയുന്നത് കേൾക്ക്

ഇല്ലമ്മേ എനിക്ക് ഈ കാര്യത്തിൽ അമ്മയെ അനുസരിക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്.

അപ്പോ നീ ഞങ്ങളെ ധിക്കരിക്കാനാണോ പ്ലാൻ

നിങ്ങൾ എൻ്റെ ആഗ്രഹം നടത്തി തരാൻ കൂടെ നിന്നില്ലങ്കിൽ എനിക്ക് നിങ്ങളെ ധിക്കരിക്കേണ്ടി വരും

എന്താ നിൻ്റെ പ്ലാൻ

അതെന്തിനാ അമ്മ അറിയുന്നത്

അവളേയും വിളിച്ചോണ്ട് ഇങ്ങോട്ട് വരാനാ പ്ലാനെങ്കിൽ ആ പടിപ്പുരയ്ക്ക് പുറത്താ പിന്നെ നിൻ്റെ സ്ഥാനം

എന്തായാലും ഞാൻ എംടെക് കഴിഞ്ഞതല്ലേമ്മേ എനിക്കൊരു ജോലി കിട്ടാതിരിക്കില്ല വല്യ ബാങ്ക് മാനേജർ ഒന്നും അല്ലേലും ഒരു ജോലി അവൾക്കും ഉണ്ട് ഇത് മതിയമ്മേ ഞങ്ങൾ സ്വപ്നം കണ്ട ജീവിതത്തിന്.

നിനക്ക് ഇപ്പോ അങ്ങനെയൊക്കെ തോന്നും പക്ഷേ ജീവിതം തുടങ്ങി കഴിയുമ്പോളെ നീ പഠിക്കു

അമ്മ എന്തൊക്കെ പറഞ്ഞാലും അതുല്യയെ മറന്നിട്ട് എനിക്കൊരു ജീവിതമില്ലമ്മേ

അതും പറഞ്ഞ് ഞാൻ ബൈക്കുമെടുത്ത് വീട്ടിൽ നിന്നിറങ്ങി അതുല്യക്ക് ഇന്ന് day ഡ്യൂട്ടിയാണ്. duty കഴിഞ്ഞ് വരാറായി അവളെയൊന്ന് കാണണം. ബൈക്ക് ഒതുക്കി അവളു വരുന്നതും നോക്കിയിരുന്നു. അവളോട് ഇനി എന്ത് പറയും അവൾക്ക് ഉറപ്പായിരുന്നു. അമ്മ സമ്മതിക്കില്ലാന്ന് പക്ഷേ എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. അമ്മയെ പറഞ്ഞ് സമ്മതിപ്പിക്കാൻ പറ്റുമെന്ന്

അതുല്യ ഞാൻ ബിടെക് പഠിക്കുന്ന സമയത്ത് എൻ്റെയുള്ളിൽ ഞാനറിയാതെ കുടിയേറിയ + 2കാരി നല്ല വിനയവും അച്ചടക്കവും ഉള്ള കുട്ടി കൂലി പണിക്കരായ മാതാപിതാക്കളുടെ മുന്ന് പെൺകുട്ടികളിൽ മൂത്തത് +2 കഴിഞ്ഞ് ബാങ്ക് ലോണെടുത്ത് നേഴസിംഗ് പഠിച്ചു. പഠിക്കാൻ പോകുന്നതിന് മുമ്പ് ഞാനെൻ്റെ ഇഷ്ടം തുറന്ന് പറഞ്ഞു. പക്ഷേ അവൾക്ക് പേടി ആയിരുന്നു. ഇടക്ക് വെക്കേഷന് വരുമ്പോൾ മാത്രം കാണുകയും മിണ്ടുകയും ചെയ്യുന്ന വൺവേ പ്രണയം രണ്ടാവർഷത്തെ വെക്കേഷന് ഞാൻ പറഞ്ഞു

അതുല്യ എനിക്ക് പറ്റില്ല താനില്ലാതെ തന്നെ ഓർക്കാത്ത ഒരു നിമിഷം പോലും ഇല്ല എൻ്റെ ജീവിതത്തിൽ

കണ്ണേട്ടാ നിങ്ങളൊക്കെ വല്യ പണക്കാര് ഞങ്ങള് പാവങ്ങളാ ഇനി ഈ കാര്യം പറഞ്ഞ് എൻ്റെ അടുത്ത് വരരുത്.

പ്ലീസ് അതു മാത്രം പറയരുത്. എനിക്ക് അത്രക്ക് ഇഷ്ടാ തന്നെ ഈ അഭിയുടെ ജീവിതത്തിൽ ഒരു പെണ്ണുണ്ടേൽ അത് അതുല്യയാ

കണ്ണേട്ടന് തോന്നുന്നുണ്ടോ കണ്ണേട്ടൻ്റെ വീട്ടുകാർ ഈ ബദ്ധത്തിന് സമ്മതിക്കുമെന്ന്

സമ്മതിക്കും ഇല്ലങ്കിൽ ഞാൻ സമ്മതിപ്പിക്കും

വീട്ടിൽ സമ്മതിച്ച് കഴിഞ്ഞ് കണ്ണേട്ടൻ വാ ഞാനുണ്ടാകും ഇവിടെ

പിന്നെ നേഴസിംഗ് പഠനം കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തി നാട്ടിലെ തന്നെ ഒരു ഹോസ്പ്പിറ്റലിൽ ട്രെയ്നി ആയി കേറി.ILTSപഠനവും ജോലിയുമായി പോവുകയാണ്.

പുറത്ത് പോകണം വീട് പണിയണം അനിയത്തിമാരെ പഠിപ്പിക്കണം ഇതൊക്കെയാണ് അതുല്യയുടെ ആഗ്രഹമെന്നറിഞ്ഞപ്പോൾ അതുല്യ യോടുള്ള ഇഷ്ടം കൂടി .ഇതൊക്കെ കഴിഞ്ഞേ കല്യാണം ഉള്ളു എന്ന് പറഞ്ഞപ്പോൾ ഞാൻ സപ്പോട്ട് ചെയ്തതായിരുന്നു. അപ്പോളാണ് അമ്മ എന്നെ കൊണ്ട് പെണ്ണ് കെട്ടിക്കാൻ തുനിഞ്ഞ് ഇറങ്ങിയത്.

അതുല്യ യോട് ഇന്നലെ പറഞ്ഞു കല്യാണം നടത്തണം എന്നിട്ട് പുറത്ത് പോയ്ക്കോ എല്ലാത്തിനും കൂടെ ഞാനുണ്ടന്ന് ഉറപ്പ് നൽകി ദേ ഇപ്പോ ഇങ്ങനെയായി. എന്തുവന്നാലും അതുല്യ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ചിന്തിക്കാനെ പറ്റില്ല

കണ്ണേട്ടാ എന്താ ഇത്ര ആലോചന

നീ വന്നോ

ഞാൻ വന്നിട്ട് ത്തിരി നേരമായി ഞാൻ നോക്കുമ്പോൾ കണ്ണൻ പകൽസ്വപ്നം കാണുന്നു. കണ്ണേട്ടാ സ്വപ്നത്തിൽ ഞാനുണ്ടായിരുന്നോ

എൻ്റെ സ്വപ്നത്തിൽ നീ മാത്രമേയുള്ളു.

ങാ പിന്നെ എന്തായി കാര്യങ്ങൾ

കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു നീ പറഞ്ഞതുപോലെ സംഭവിച്ചു.

എന്ത് പറ്റി കണ്ണേട്ടാ

അമ്മ സമ്മതിക്കില്ല

ഞാനപ്പഴേ പറഞ്ഞതല്ലേ

ഉം. ഞാനൊന്ന് തീരുമാനിച്ചിട്ടുണ്ട്.

എന്ത്

ഉടനെ നമ്മുടെ കല്യാണം രജിസ്റ്റർ ചെയ്യണം

സോറി കണ്ണേട്ടാ അതിന് ഞാൻ തയ്യാറല്ല

എന്താ നീ ഈ പറയുന്നത്.

കണ്ണേട്ടാ എനിക്ക് ഒരുപാട് ഉത്തരവാദിത്യങ്ങൾ ഉണ്ട്.പിന്നെ കണ്ണേട്ടൻ്റെ വീട്ടുകാരുടെ സമ്മതമില്ലാതെ അത് ശരിയാകില്ല

അവര് പിന്നെ നമ്മളെ അംഗീകരിക്കും

വേണ്ട കണ്ണേട്ടാ ആരേയും വെറുപ്പിച്ച് കൊണ്ട് നമുക്ക് ജീവിക്കണ്ട കണ്ണേട്ടൻ കാത്തിരിക്ക് ദൈവം എന്തേലും വഴി കാണിച്ച് തരും.

കാത്തിരിക്കാൻ അവര് സമ്മതിക്കണ്ടെ എൻ്റെ കല്യാണം ഉടനെ നടത്താനിരിക്കുകയാ അമ്മ

ഞാൻ കാത്തിരിക്കും കണ്ണേട്ടനായി

അതെനിക്കറിയാം

അമ്മ നമ്മുടെ ബന്ധം അംഗികരിക്കുന്നത് വരെ കണ്ണേട്ടനും കാത്തിരിക്കണം എന്നോടുള്ള പ്രണയം ആത്മാർത്ഥമാണങ്കിൽ അല്ലങ്കിൽ കണ്ണേട്ടൻ അമ്മ പറയുംമ്പോലെ അനുസരിക്ക്

അതുല്യ നിനക്ക് എങ്ങനെ പറയാൻ പറ്റുന്നു ഇങ്ങനെയൊക്കെ

ശരി കണ്ണേട്ടാ കണ്ണേട്ടൻ പൊയ്ക്കോ ഞാൻ പോകുവാ പിന്നെ നമ്മൾ ഒന്നാകണമെന്നാ ദൈവത്തിൻ്റെ തീരുമാനമെങ്കിൽ എന്തേലും ഒരു അത്ഭുതം നടക്കും

അതും പറഞ്ഞ് അവൾ പോയപ്പോ ഞാനും പ്രാർത്ഥിച്ചു അമ്മയുടെ മനസ്സ് മാറാൻ എന്തേലും അത്ഭുതം നടക്കണേമേന്ന്.

അമ്മ എനിക്ക് പറ്റിയ പെണ്ണ് ആലോചിക്കാൻ ബ്രോക്കർമാരൊടെല്ലാ പറഞ്ഞു അതും കൂടാതെ ബന്ധുക്കാരോടും വിളിച്ച് പറഞ്ഞു.

അമ്മേ എനിക്ക് വേണ്ടി പെണ്ണ് ആലോചിച്ചാൽ കെട്ടാനുള്ള ചെറുക്കനെ കണ്ട് പിടിക്കേണ്ടി വരൂട്ടോ

ഞാൻ കണ്ട് പിടിക്കുന്ന പെണ്ണിനെ നീ കെട്ടും

അമ്മേ അതുല്യ നല്ല കുട്ടിയാമ്മേ

നല്ല കുട്ടിയാണേൽ നല്ല ചെക്കൻമാര് കെട്ടി കൊണ്ട് പൊയ്ക്കോളും

അമ്മ അതുല്യയെ കണ്ടിട്ടുണ്ടോ

നന്നേ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് അവളുടെ അമ്മ ഇവിടെ പണിക്ക് വരുമ്പോൾ ഇവിടെ കൊണ്ട് വന്നിട്ടുണ്ട്

നല്ല കുട്ടിയാമ്മേ

കണ്ണാ എനിക്ക് കേൾക്കണ്ട

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്ന് പോയി. ബ്രോക്കർ കൊണ്ടുവന്ന ആലോചന ഒന്നും അമ്മക്ക് പിടിച്ചില്ല.ഞാൻ അങ്ങനെ രക്ഷപ്പെട്ടു നിക്കുന്ന സമയം

കണ്ണാ മോനെ കണ്ണാ ഒന്ന് ഓടിവന്നേടാ

എന്തമ്മേ എന്താ എന്ത് പറ്റി

ഞാൻ ചെല്ലുമ്പോൾ അമ്മ അടുക്കളയിൽ വീണ് കിടക്കുന്നു കസേരയിൽ കേറി ബർത്തിൽ നിന്ന് ടുക്കാൻ കേറിയതാ

പെട്ടന്ന് തന്നെ അമ്മയെ കൊണ്ട് അതുല്യ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക്. പോയി അമ്മയെ അഡ്മിറ്റ് ചെയതു. വാരിയെലിന്പൊട്ടൽ കാലിന് ഒടിവ് അമ്മ കിടന്ന കിടപ്പിൽ ഏട്ടൻമാരും എട്ടത്തിമാരും വന്നിട്ട് പോയി.ആർക്കും ലീവില്ല.

കണ്ണാ നിനക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാലോ നീ അമ്മേടെ അടുത്ത് നിൽക്ക് വേണേൽ ഒരു ഹോം നേഴ്സിനെ നിർത്ത്

അഭി ഉണ്ടല്ലോ നോക്കാൻ ഹോംനേഴ്സിൻ്റെ ഒന്നും ആവശ്യമില്ലന്നേ രണ്ടാമത്തെ ഏട്ടത്തി.

അമ്മേ ഞങ്ങളിറങ്ങട്ടെ മക്കൾ സ്കൂൾ വിട്ട് വരും മുൻപ് അവിടെ എത്തണം

അവൻ പോകട്ടെ മോളെ മോള് രണ്ട് ദിവസം ഇവിടെ അമ്മേടെ അടുത്ത് നിൽക്ക്

അയ്യോ അമ്മ എന്താ ഈ പറയുന്നത് ഞാനവിടെ ഇല്ലേൽ ഒരു കാര്യവും നടക്കില്ല അതുപോട്ടെന്ന് വെയ്ക്കാം ലീവും കിട്ടില്ല

അമ്മേ ഞങ്ങളിറങ്ങുവാണേ

ഞങ്ങളും ഇറങ്ങുവാ അമ്മേ മോൻ വരും മുൻപ് എത്തുമോന്നറിയില്ല.

മോൾക്കും ലീവ് കിട്ടില്ലായിരിക്കും അല്ലേ

ഇല്ലമ്മേ അല്ലങ്കിൽ ഞാനിവിടെ നിന്നേനെ മോനെ ഏട്ടൻ നോക്കിയേനെ

എന്നാൽ എൻ്റെ മക്കൾ നേരം വൈകും മുൻപ് പൊയ്ക്കോ

എല്ലാവരും പടിയിറങ്ങി പോകുന്നത് അമ്മ നിറമിഴികളോടെ നോക്കി നിന്നു.

എങ്ങനെയുണ്ടമ്മേ അമ്മേടെ മരുമക്കൾ

ഞാനിവിടെ വീണന്നും പറഞ്ഞ് അവർക്ക് അവരുടെ പണി കളയാൻ പറ്റോ

ഇനി ആരു നോക്കും അമ്മേനെ

നീ നോക്കണം അല്ലാതെ ആരു നോക്കും

വൈകുന്നേരം Dr വന്നു നാളെ കാല് ഓപ്പറേഷൻ വേണമെന്ന് പറഞ്ഞ് പോയി. ഡോക്ടറുടെ കൂടെ അതുല്യയും ഉണ്ടായിരുന്നു. ഇടക്ക് സമയം കിട്ടിയപ്പോൾ അതുല്യ ഓടി വന്നു

എന്താ കണ്ണേട്ടാ അമ്മക്ക്. പറ്റിയത്

അമ്മയൊന്ന് വീണു.

എന്നിട്ടെന്താ എന്നെ വിളിക്കാതിരുന്നത്.

ഞാനങ്ങ് വിട്ടു പോയി.

ആരാ അമ്മേടെ കൂടെ കണ്ണേട്ടൻ മാത്രമേയുള്ളു?

അവരെല്ലാം വന്നിട്ട് പോയി ഇനി ഞാനും അമ്മയും മാത്രം

ഞാൻ നോക്കിക്കോളാം അമ്മയെ .കണ്ണേട്ടൻ വിഷമിക്കണ്ട

നീ നോക്കണം നിൻ്റെ അമ്മായിയമ്മ അല്ലേ

ഒന്നു പോ കണ്ണേട്ടാ

അമ്മയുടെ കാര്യങ്ങൾ അവളേറ്റെടുത്തു അമ്മ കിടന്ന കിടപ്പിലാണ് എല്ലാം ചെയ്യുന്നത്. ഒരു മടിയും കൂടാതെ അവളതൊക്കെ ചെയ്യുന്ന കണ്ടപ്പോ തോന്നി എൻ്റെ അതുല്യ ഒരു മാലാഖയാണന്ന്.

കണ്ണേട്ടാ നാളെ മുതൽ എനിക്ക് Night ആണ് പകൽ ഞാൻ അമ്മക്ക് കൂട്ടിരിക്കാം കണ്ണേട്ടൻ വീട്ടിൽ പോയിട്ട് വാ

ഇല്ല അതുല്യ നീ വീട്ടിൽ പോയി റസ്റ്റ് എടുക്ക് രാത്രി ഡ്യൂട്ടി ഉള്ളതല്ലേ

അതൊക്കെ ഞാൻ മാനേജ് ചെയ്തോളാം

എന്നാലും

ഒരെന്നാലും ഇല്ല

ആ പകൽ അമ്മക്ക് അവൾ കൂട്ടിരുന്നു.അമ്മയും അവളും പെട്ടന്ന് തന്നെ കൂട്ടായി .

മോൾക്ക് ഇന്ന് ഡ്യൂട്ടി ഇല്ലേ

എനിക്ക് Night ആണമ്മേ

പിന്നെ എന്താ മോള് നേരത്തെ വന്നത്

അമ്മയെ നോക്കാൻ അഭി എങ്ങനെയാ അമ്മയുടെ കാര്യങ്ങളൊക്കെ നോക്കുന്നത് അതുകൊണ്ട് ഞാനാ പറഞ്ഞത് അമ്മയുടെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാന്ന്. ഇനി അമ്മ പോകും വരെ ഞാൻ നോക്കിക്കോളാം അമ്മയുടെ കാര്യം

മോളെ മോൾക്ക് ബുദ്ധിമുട്ടാകില്ലേ

എന്ത് ബുദ്ധിമുട്ട് ഈ അവസ്ഥയിൽ അമ്മയെ വിട്ടിട്ട് പോകുന്നത് ശരിയാണോ

ഞാൻ അമ്മയോട് പറഞ്ഞില്ല ഇതാ അമ്മയുടെ മോൻ്റെ ഹൃദയം കവർന്ന അതുല്യയെന്ന്. അമ്മ ആശുപത്രിയിൽ നിന്ന് discharge ആകും വരെ അതുല്യയാണ് അമ്മയുടെ കാര്യങ്ങൾ നോക്കുന്നത്.

മോനെ കണ്ണാ നീയാ കുട്ടിയെ ശ്രദ്ധിച്ചോ

ഏത് കുട്ടി

ആ നേഴ്സ് കൊച്ചില്ലേ അതിൻ്റെ പേര് എന്തുവാണോ ഞാനിതുവരെ അതിൻ്റെ പേര് ചോദിച്ചില്ല

ഞാൻ ശ്രദ്ധിച്ചില്ല

എന്ത് വിനയവും അടക്കോം ഒതുക്കോ മുള്ള ഒരു കുട്ടിയാ കാണാനും തരക്കേടില്ല. എനിക്ക് ഒത്തിരി ഇഷ്ടായി ആ കുട്ടിയെ

ഇതുതന്നെയല്ലേമ്മേ ഞാനും പറഞ്ഞത് എന്ന് മനസ്സിൽ ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു.

അതിന് അമ്മക്ക് നേഴ്സ്മാരെ ഇഷ്ടമല്ലാലോ പിന്നെയെന്താ ഇപ്പോ ഒരിഷ്ടം

എടാ ഞാനിപ്പോ മനസ്സിലാക്കിയെടാ നേഴ്സുമാർ ഭൂമിയിലെ മലാഖമാർ ആണന്ന്.

ഇന്നും കൂടിയെ ആ മലാഖയെ കാണാൻ പറ്റു നാളെ ഡിസ്ചാർജ് ആണ്.

പിറ്റേന്ന് അതുല്യ വന്നതേ അമ്മ അവളോട്

മോളെ മോൾടെ പേര് ചോദിക്കൻ അമ്മ വിട്ടു പോയി. മോൾടെ വീട് എവിടാ

എൻ്റെ പേര് അതുല്യയാന്നാ അമ്മേ ഞാൻ അമ്മേടെ നാട്ടുകാരിയാ

അപ്പോ മോളാണോ എൻ്റെ കണ്ണൻ പറയുന്ന കുട്ടി.

അമ്മേ ഞാൻ പോയിട്ട് പിന്നെ വരാം

ഡോക്ടർ വന്ന് അമ്മയെ ഡിസ്ചാർജ് ചെയ്തു പോകും വരെ അതുല്യ അങ്ങോട് വന്നതേയില്ല

മോളെ അതുല്യ സിസ്റ്റർ എന്തിയേേ ന്ന് അമ്മ മറ്റൊരു സിസ്റ്റർ നോട് ചോദിക്കുന്നത് കേട്ടു.

അവള് പോയല്ലോ നാളെ ഓഫ് ആണ് ഇനി മറ്റെന്നാളെ വരു.

ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി ഞാൻ അമ്മയുടെ കാര്യങ്ങളും നോക്കി ഏട്ടൻമാരോ ഏട്ടത്തിമാരോ ഒരിക്കൽ പോലും ഒന്ന് വന്ന് നോക്കിയില്ല.എന്നും വിളിച്ച് അവിടുത്തെ തിരക്കിട്ട ജീവിതത്തെ കുറിച്ച് പറയും.

മൂന്നു മാസത്തെ വിശ്രമത്തിന് ശേഷം അമ്മ പതുക്കെ നടക്കാറായി തുടങ്ങി

മോനെ കണ്ണാ നമുക്ക് ഒരു സ്ഥലം വരെ പോകണം

എവിടാമ്മേ

അതുല്യയുടെ വീട്ടിൽ

എന്തിനാമ്മേ ഇപ്പോ പോകുന്നത്

എൻ്റെ ചെറുക്കന് വേണ്ടി പെണ്ണ് ചോദിക്കാൻ .

അമ്മേ അതുല്യ നേഴ്സാണ് പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്.

ആയിക്കോട്ടെ ടാ ആ മലാഖ കുട്ടിയെ എനിക്ക് വേണം എൻ്റെ മരുമോളായിട്ടല്ല മോളായിട്ട് എൻ്റെ കണ്ണൻ്റെ പെണ്ണായിട്ട് –

ദൈവം തീരുമാനിച്ചിട്ടുണ്ടേൽ ഒരത്ഭുതം സംഭവിക്കുമെന്ന് അതുല്യ പറഞ്ഞ അത്ഭുതം ഇതാണല്ലേ

******************

ഭൂമിയിലെ മലാഖമാരായ എല്ലാ നേഴ്സ് മാർക്കും ആശംസകൾ

കഥ ഇഷ്ടമായെങ്കിൽ എനിക്ക് വേണ്ടി രണ്ട് വാക്ക് .നിങ്ങളുടെ പ്രോത്സാഹനമാണ് വീണ്ടും എഴുതാനുള്ള ഊർജം