ആലിലത്താലി…
Story written by Dhanya Shamjith
===================
ഞങ്ങളന്നേ പറഞ്ഞതാ, പിള്ളേര്ടെ വാക്കിന് ഒപ്പം കിടന്ന് തുള്ളണ്ടാന്ന് ഇപ്പോ എന്തായി?
ചുറ്റുമുള്ള ബന്ധുക്കളുടെ കുറ്റപ്പെടുത്തൽ കേട്ട് പന്തലിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു വിശ്വൻ. അയാളുടെ നടപ്പും മുഖഭാവവും കണ്ടിട്ടാവണം വരുന്നവരെല്ലാം ചോദ്യഭാവത്തിൽ അയാൾക്കരികിലേക്ക് തന്നെ ചെല്ലുന്നത്.
മുഖത്തൊട്ടിച്ച ചിരിയും വിനയവും ഏത് നിമിഷവും അഴിഞ്ഞു വീണേക്കാമെന്ന ചിന്തയിൽ അയാൾ മകനെ വിളിച്ചു.
ടാ.. കണ്ണാ… എന്തായെടാ, വല്ല വിവരവും ഉണ്ടോ?
അതച്ഛാ, ഫോണിപ്പഴും സ്വിച്ച് ഓഫ് എന്നാ പറയുന്നേ.. കൂടെയുള്ളവനാണെങ്കി എടുക്കുന്നുമില്ല.
ഏത് നരകത്തിലാണാവോ? ഇന്നത്തെ ദിവസമെങ്കിലും ഇതൊന്ന് ഒഴിവാക്കിക്കൂടെ?
ഞാൻ പറഞ്ഞതാണച്ഛാ എന്റൊപ്പം വന്നാ മതീന്ന്, കേൾക്കണ്ടേ… നീ പൊയ്ക്കോ കറക്റ്റ് സമയത്ത് എത്തിക്കോളാന്ന് പറഞ്ഞ് കൂട്ടുകാരന്റെ വണ്ടീല് കേറി.. വഴി മോശായതു കൊണ്ട് ഞങ്ങൾ ടേൺ ചെയ്ത് മറ്റേ വഴിയാവന്നത്..
ഇവിടെത്തീട്ടുണ്ടാവുംന്ന് കരുതി…
ഇതിപ്പോ എത്രാമത്തെ തവണയാന്നോ പെണ്ണിന്റെ അച്ഛൻ വന്ന് ചോദിക്കണൂ.. ചെറുക്കൻ കൂട്ടരെത്തി ചെറുക്കനെത്തീട്ടില്ലാന്ന് എങ്ങനെ പറയും?.വിശ്വന് നിന്നിട്ട് നിൽപ്പുറയ്ക്കാതെയായി.
അല്ല, എന്താപ്പോ ഈ നിൽപ്പ്, പെണ്ണ് മണ്ഡപത്തിലേക്ക് കേറുവാ, മുഹൂർത്ത സമയായി, ചെക്കനെ വിളിക്ക്.
ധൃതിപ്പെട്ടു വന്ന പെൺ വീട്ടുകാരന്റെ പറച്ചിൽ കേട്ട് വിശ്വൻ അസ്വസ്ഥനായി.
എന്താ, വിശ്വാ വന്നപ്പോ മുതല് ശ്രദ്ധിക്കാ തനിക്കെന്താ പറ്റിയേ?
അത് പിന്നെ…. വാക്കുകൾ മുഴുമിക്കാനാവാതെ അയാൾ നിന്നു വിയർത്തു.
എന്താടോ? താൻ നിന്ന് പരുങ്ങാതെ കാര്യം പറ..
മോൻ ,ഇത് വരെ എത്തീട്ടില്ല… പറഞ്ഞൊപ്പിക്കുകയായിരുന്നു അയാൾ.
എത്തീട്ടില്ലെന്നോ, ഇതാ പ്പോ നന്നായേ, ചെക്കൻ രണ്ട് മിനിറ്റ് കൊണ്ടെത്തുംന്നല്ലേ ഇത്തിരി മുന്നേ പറഞ്ഞത്. എന്നിട്ടിപ്പഴും എത്തീട്ടില്ലേ?
ഏട്ടന്റെ ഫോൺ ഓഫാ, ഒരു പാട് വിളിച്ചു കിട്ടുന്നില്ല… ഇപ്പത്തന്നെയെത്തും, ബ്ലോക്കിൽ പെട്ടിട്ടുണ്ടാവും.കണ്ണൻ ന്യായീകരിച്ചു.
ടോ… ചന്ദ്രാ, ദാസനേം കൂട്ടി ഒന്നിങ്ങ് വന്നേ…. പെൺ വീട്ടുകാരന്റെ വിളിയിൽ അവിടമൊന്നാകെ നിശബ്ദമായി. വാർത്ത പല വഴി പടർന്നു, ചെക്കൻ ഒളിച്ചോടിയെന്നും അതല്ല അപകടം പറ്റിയതാണെന്നും അത് പെണ്ണിന്റെ ജാതകദോഷമാണെന്നും വരെ വിധിയെഴുതി.
മണ്ഡപത്തിന്റെ പടിയിൽ തളർന്നിരിക്കുന്ന അച്ഛനേയും ആശ്വസിപ്പിക്കുന്ന ബന്ധുക്കളേയും കണ്ടപ്പോൾ മായയ്ക്ക് ഉള്ളുരുകി. വർഷങ്ങളുടെ പ്രണയം, ഒരു പാട് നാളുകളുടെ പ്രയത്നം കൊണ്ട് പറഞ്ഞു സമ്മതിപ്പിച്ച് ഇവിടം വരെ എത്തിച്ചതാണ്.. എന്നിട്ടിപ്പോ, ഉണ്യേട്ടൻ… അവളുടെ കണ്ണും നിറഞ്ഞു.
കല്യാണ പന്തലൊരു ബഹളമാവാൻ ഏറെ നേരം വേണ്ടി വന്നില്ല, പരസ്പരം കുറ്റപ്പെടുത്തുന്നവരെ നോക്കി വിശ്വനും, ദാസനും നിന്നു.
ക്ഷമിക്കണം, അവൻ എന്തിനാണിങ്ങനെയെന്ന്… വിശ്വന്റെ വാക്കുകൾ ഇടറി.
എന്റെ മോള്, അവൾ…… പിഞ്ഞിയ ഹൃദയവുമായി ദാസന്റെ വാക്കുകൾ മുഴുമിക്കും മുൻപേ പ ടിയ്ക്കൽ ഒരു കാർ വന്നു നിന്നു, അതിൽ നിന്നും വിയർത്തൊഴുകിയ മുഖവും ചോര പുരണ്ട വസ്ത്രവുമായി ഉണ്ണി ഓടിയിറങ്ങി വരുന്നുണ്ടായിരുന്നു.
അച്ഛാ…. ഞാൻ….
ടപ്പേ……… പറയും മുൻപേ ശബ്ദം കേട്ടു, കവിൾ പൊത്തി നിൽക്കുന്ന ഉണ്ണിയ്ക്കു മുന്നിൽ വിശ്വൻ കിതച്ചു.
മിണ്ടരുത് നീ, നിന്നെം മനസ്സിലിട്ട് നടന്ന ആ പെങ്കൊച്ചിനെ ചതിക്കാൻഎങ്ങനെ തോന്നിയെടാ നിനക്ക്.
വീണ്ടുമടിക്കാനായി കൈയ്യോങ്ങിയ വിശ്വനെ കണ്ണൻ ഉന്തി മാറ്റി.
കാര്യമറിയാതെയാ ഉണ്ണീടച്ഛൻ ദേഷ്യപ്പെടുന്നത്… വരുണാണ്, ഉണ്ണിയുടെ കൂട്ടുകാരൻ.
മുഖം കുനിച്ച് നിന്ന ഉണ്ണിയേയും പിടിച്ചു വലിച്ച് അവൻ മായയ്ക്കരികിലെത്തി.
ചതിക്കാനാണെങ്കി, ഇപ്പോ ഇങ്ങോട്ട് വരണ്ട ആവശ്യം ഉണ്ടോ ഇവന്, നടന്നത് ഞാൻ പറയാം എന്നിട്ട് പറ നിങ്ങൾ..
വരുണിന്റെ മുഖത്തായിരുന്നു എല്ലാവരുടേയും കണ്ണുകൾ.
ഇന്നത്തെ ദിവസം കൂടിയല്ലേ ഒരുമിച്ച് കറങ്ങാനാവൂന്ന് പറഞ്ഞാ ഉണ്ണി എന്റൊപ്പം കയറിയത്, നിങ്ങൾ ടേൺ ചെയ്ത് പോയതിന് പിറകെ ഞങ്ങളും ഉണ്ടായിരുന്നു. പക്ഷേ കുറച്ചു ദൂരം ചെന്നപ്പോ റോഡരികിൽ ആൾക്കൂട്ടം കണ്ടു. നിങ്ങൾ ഇങ്ങോട്ടേക്കുള്ള തിരക്കിൽ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
എന്താണെന്നറിയാൻ വണ്ടി ഒതുക്കിയതാ… ഒരു സ്ത്രീയും കുട്ടിയും ചോരയിൽ കുളിച്ച്… ആക്സിഡന്റാണെന്നറിഞ്ഞപ്പഴേ ഞാൻ വണ്ടീൽ കയറി, പക്ഷേ ഇവൻ വന്നില്ല. ആരും അവരെ ഹോസ്പിറ്റലിൽ എത്തിക്കാൻ തയ്യാറാവുന്നില്ലെന്ന് പറഞ്ഞ് സങ്കടപ്പെട്ട് പെട്ടന്നാണിവൻ ആ കൊച്ചിനേം വാരിയെടുത്ത് വണ്ടീലോട്ട് കയറിയത്., കല്യാണമാണ് മുഹൂർത്തം തെറ്റും എന്ന് പറഞ്ഞതാ ഉണ്ണി അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല ..
തക്ക സമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചതുകൊണ്ട് അവര് രക്ഷപ്പെട്ടു, ക്യാഷടച്ച് ബന്ധുക്കളേം അറിയിച്ച് ഒരു പ്രകാരത്തിലാ ഇങ്ങോട്ടെത്തിയത്.
അൽപ്പനേരം നിശബ്ദത തന്നെയായിരുന്നു..
ഉണ്യേട്ടാ…. മായ വിളിച്ചു.
സോറി മോളേ, ഞാനപ്പോ മറ്റൊന്നും ഓർത്തില്ല. കൺമുന്നിൽ പിടയുന്നത് രണ്ട് മനുഷ്യ ജീവനാണല്ലോ എന്നേ ഓർത്തുള്ളൂ.. ഉണ്ണിയുടെ സ്വരം ചിലമ്പിച്ചിരുന്നു.
എനിക്കറിയാം ഉണ്യേട്ടാ, ഈ മനസ്.. അവൾ ചിരിച്ചു.
എത്ര മോഹിച്ചതാ ഈയൊരു നിമിഷത്തിന്, എന്നിട്ടിപ്പോ… ഉണ്ണി മുഖം തിരിച്ചു.
അതിനിപ്പോ എന്താ ഉണ്ടായേ, ഇന്നല്ലേ കല്യാണം. നേരമിരുട്ടിവെളുത്തൊന്നൂല്ലല്ലോ.. ആരോ ഒരാൾ പറഞ്ഞു.
മുഹൂർത്തം കഴിഞ്ഞു…. പൂജാരി ഓർമ്മപ്പെടുത്തി. വിശ്വന്റ നോട്ടം മായയുടെ അച്ഛനു നേർക്കായി പതിയെ പതിയെ എല്ലാ നോട്ടങ്ങളും അയാളിലേക്കെത്തി.
ദീർഘമായൊന്ന് നിശ്വസിച്ചു കൊണ്ട് ദാസൻ ഉണ്ണിയ്ക്കും മായയ്‌ക്കും അരികിലെത്തി.
മോൻ ചെയ്തത് പുണ്യമാണ്, ചോര കാണുന്നത് വിശ്വാസമനുസരിച്ച് നമുക്ക് നല്ലതല്ല പക്ഷേ, വിശ്വാസത്തേക്കാളും വലുതാണ് ജീവൻ. പുതിയൊരു ജീവിതത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ ഒപ്പമുണ്ടാകേണ്ടത് പ്രാർത്ഥനകളാണ്.
ഇന്ന് ഞങ്ങളുയെല്ലാം പ്രാർത്ഥനയേക്കാൾ ഏറെ വലുത് മോൻ രക്ഷിച്ച ആ ജീവനുകളുടെ പ്രാർത്ഥനയാണ്.
മനസുകൊണ്ട് ഒന്നായ വരാ നിങ്ങൾ.ആ നിങ്ങൾക്ക് നേരവും കാലവും തടസ്സമല്ല… നീ കേറടാ മോനേ അവളെം വിളിച്ച് മണ്ഡപത്തിലോട്ട്….
ദാസന്റെ യാ വാക്കുകൾ വിശ്വനിൽ തണുപ്പ് പടർത്തി.
മായയെ ഒന്ന് നോക്കി, പുഞ്ചിരിയോടെ ഉണ്ണി നീട്ടിയ കൈകളിൽ കൈകോർത്ത് അവൾ മെല്ലെ മണ്ഡപത്തിലേക്ക് ചുവടു വച്ചു.
ചുറ്റുമുയർന്ന കുരവയ്ക്കും, ആരവങ്ങൾക്കുമിടയിൽ കത്തിനിൽക്കുന്ന വിളക്കിനെ സാക്ഷിയാക്കിയാ ആലിലത്താലി മായയുടെ നെഞ്ചോട് ചേർന്നു.