ഞാൻ പോയാൽ ഈടത്തെ കുട്ട്യോളെ ആര് നോക്കും രാവിലെ കുട്ട്യോളെ കുളിപ്പിക്കണം. ഒരുക്കണം. കഴിപ്പിക്കണം….

സായന്തനം

Story written by Jayachandran NT

=================

നീണ്ടൊരു ഫോൺബെല്ലാണ് ഭാനുവിനെ ഉണർത്തുന്നത്. എന്നുമതു പതിവാണ്. വിശ്വൻ തന്നെ വിളിച്ചുണർത്തണം. അവൾക്കതു നിർബന്ധവുമാണ്.

‘ഭാനുക്കൊച്ചേ ഒരിക്കൽക്കൂടി ഒളിച്ചോടിയാലോ?’

“എവിടേക്ക്!”

‘തണുപ്പുള്ള പ്രഭാതം. മഞ്ഞുമൂടിയ റെയിൽവെസ്റ്റേഷൻ. അവിടെ കാത്തു നിൽക്കുന്ന പാവാടക്കാരി. ഒരുമിച്ചന്നു തുടങ്ങിയ യാത്ര. അൻപതുവർഷങ്ങൾ!നമുക്കാവർത്തിച്ചാലോ?’

“എന്നിട്ട്!”

‘നമുക്കപരിചിതരാകാം, പരിചിതരായൊരു രാവിൽ ഉറങ്ങാതിരിക്കാം. കഴിഞ്ഞു പോയ കാലങ്ങളിലൂടെ ഒരിക്കൽ കൂടെ നമുക്ക് സഞ്ചരിക്കാം ഭാനൂ, ആ ട്രെയിൻയാത്ര ദുർഗ്ഗാപ്പൂരിൽ ചെന്നവസാനിച്ചത് ഓർമ്മയുണ്ടോ?’

“ഉണ്ട് അന്നവിടെ കലശയാത്ര ആയിരുന്നല്ലോ. കലശക്കുടങ്ങളും തലയിലേന്തിയ സ്ത്രീകൾ. നമ്മളും അവരോടൊപ്പം കൂടി. ഒരാളൊരു മൺകുടം എനിക്കും തന്നു. ഞാനതു തലയിൽ വച്ചു. അവിടെ നിന്നു ജഗനാഥക്ഷേത്രം വരെ നമ്മൾ നടന്നു. ഭഗവാനതു സമർപ്പിച്ചു.”

‘അതെ, നമ്മുടെ ജീവിതയാത്രയുടെ ആരംഭം. ഭാനൂ, നമുക്കൊരിക്കൽ കൂടെ ആ ഗലികളിൽ കൂടെ സഞ്ചരിക്കണ്ടേ! കിഷോർ കുമാറിൻ്റെ സ്വരത്തിൽ അകലെ നിന്നൊഴുകി വരുന്ന പഴയ ഹിന്ദി ഗാനങ്ങൾ. പാജിയുടെ ചോളം ദൂക്കാൻ. നീ ഓർക്കുന്നുണ്ടോ! നമ്മൾ തമ്മിൽ കാണാതിരുന്ന ഒരുദിവസം പോലും ഉണ്ടായിട്ടില്ല. എന്നിട്ടിപ്പോൾ!എന്തിനാ ഭാനൂ നമ്മളിതിനെല്ലാം സമ്മതം മൂളിയത്?’

മൗനം

“ഇന്നെന്താ നേരത്തെ ഉണർന്നോ”

‘നീ വിളിച്ചില്ലെങ്കിൽ ഞാനുണരില്ല. വേർപിരിയലിനു നിബന്ധനകൾ വച്ചപ്പോൾ നീയല്ലേ ആ കരാർ ഉറപ്പിച്ചത്. അതുകൊണ്ട് ഞാനെന്നും നിനക്കു മുൻപെ ഉണരുന്നു.’

”ആ കരാറാണ് ഇന്നെൻ്റെ ജീവൻ്റെ മിടിപ്പുകൾ”

‘ഉം’

“എന്താ കഴിച്ചത്?”

‘ഇന്നു ബുധൻ, ഉപ്പുമാവാണെന്നറിയില്ലേ ഭാനുവിനിപ്പൊ ഓർമ്മക്കുറവുണ്ട്.’

“ശരിയാണ്. എന്താന്നറിയില്ല. മറവി ബാധിച്ചിട്ടുണ്ട്.”

‘കൊച്ചെന്താ കഴിച്ചത്.?’

“ഞാനൊന്നും കഴിച്ചില്ല. കുഞ്ഞുങ്ങളൊക്കെ പോയിട്ടു കഴിക്കണം.”

ഭാനൂ’

“ഉം”

‘നിനക്കവിടെ സുഖമാണോ?’

“അതെ കൊച്ചേ ഞാൻ വെറുമൊരു കാവൽക്കാരിയൊന്നുമല്ല എന്നെ ഇവർ പൊന്നുപോലെ നോക്കുന്നുണ്ട്.”

‘ഉം’

“അവിടെയോ?”

‘ഇവിടെ സന്തോഷമാണ്. ഇന്നലെ വീണ്ടും പുതിയൊരു അതിഥി വന്നു. എന്നെപ്പോലെ തന്നെ ദേഷ്യക്കാരനാണ്. മകന് സഹിക്കാൻ പറ്റണില്ലെന്ന്. ഒരു കാര്യത്തിൽ വ്യത്യാസം ഉണ്ട്. അവർക്ക് ഒരു മകനെ ഉള്ളു.’

“നന്നായി ഒരമ്മക്കു ആഴ്ച്ചതോറും മാറി നിൽക്കണ്ടല്ലോ”

‘ഉം’

“കുഞ്ഞുമോള് ഇന്നലെ വന്നിരുന്നു. അടുത്താഴ്ച്ച അവിടേക്ക് ചെല്ലണ്ടെന്ന് അവർ എവിടെയോ യാത്ര പോകുന്നു. ദാസൻ്റെവിടേക്ക് പോകാൻ പറഞ്ഞു.”

‘ഉം’

‘ഒരു വിശേഷംണ്ട്, ആ തള്ളപ്പൂച്ച പിന്നെയും വന്നു. വയറ്റുകണ്ണിയാർന്നു. ഓളിന്നലെ പെറ്റു. മൂന്ന് കുഞ്ഞുങ്ങൾ. രണ്ടാണും, ഒരു പെണ്ണും. പെണ്ണാണ് കുറുമ്പത്തി. ഞാനോൾക്ക് കുഞ്ഞോളെന്ന് തന്നെ പേരിട്ടു. തള്ളപ്പൂച്ച അവറ്റകളെയും കൊണ്ട് എൻ്റെടുത്തുവന്നു മ്യാവൂ മ്യാവൂ വിളിച്ചു കാലിൽ മുട്ടിയുരുമിനടന്നു.’

“എൻ്റെ കുട്ട്യോളെ കണ്ടോന്നു പറഞ്ഞതാകും.”

‘അതെ’

“അതുങ്ങളെ അപ്പൻ അവിടെങ്ങുമില്ലേ?”

‘ഉണ്ട്, തള്ളപ്പൂച്ച പ്രസവാലസ്യത്തിലല്ലേ! ഓളെ ചുറ്റിപ്പറ്റി നക്കിത്തുടച്ച് ഓൻ കൂടെത്തന്നെയുണ്ട്.’

“ഉം, ഇങ്ങളെപ്പോലെ തന്നാണല്ലോ!”

‘ഉം, കുഞ്ഞുങ്ങള് വലുതാകുമ്പൊ അവരെയും അകറ്റോരിക്കും അല്ലേ ഭാനൂ’

“ഉം”

‘ഭാനുകൊച്ചേ, ആദ്യത്തെ ചോദ്യത്തിനുത്തരം പറഞ്ഞില്ലല്ലോ?’

“ഞാൻ പോയാൽ ഈടത്തെ കുട്ട്യോളെ ആര് നോക്കും രാവിലെ കുട്ട്യോളെ കുളിപ്പിക്കണം. ഒരുക്കണം. കഴിപ്പിക്കണം. സ്ക്കൂളിലേക്കയക്കണം. കുസൃതികളാണേ രണ്ടാളും. പറഞ്ഞാ കേൾക്കില്ല നമ്മുടെ പിള്ളാരെപ്പോലെ തന്നെയാ പിന്നെ ഉണ്ടല്ലോ!” പെട്ടെന്നെന്തോ അബദ്ധം പിണഞ്ഞതുപോലെ സംസാരം നിന്നു.

‘ഭാനൂ’

“ഉം”

‘മുത്തശ്ശി കാവൽക്കാരിയല്ലെന്നു പറഞ്ഞിട്ട്!?’

മൗനം

‘നിനക്കോർമ്മയുണ്ടോ ഇതിനു മുൻപ് നമ്മൾ കാണാതിരുന്ന ഒരു ദിവസം’

“ഉം”

‘എന്നാണ്?’

“എന്നെ പ്രസവത്തിനു കൂട്ടികൊണ്ടുപ്പോയതിൻ്റെന്ന് എനിക്ക് വസൂരി പിടിപ്പെട്ടപ്പൊ”

‘പിന്നത്തെ കാര്യം ഓർമ്മയുണ്ടോ?’

“പിന്നില്ലേ! കൊച്ച് രാത്രീല് വന്നു പനിച്ചു വിറക്കണ എന്നെ കെട്ടിപ്പിടിച്ചു കിടന്നു. പിറ്റേന്ന് നിങ്ങക്കും പനിയായി പിന്നെ ഒരു മുറിയിൽ ഒരാഴ്ച്ച തമ്മിൽ തമ്മിൽ നോക്കി കിടന്നു.”

‘എത്ര വർഷായിട്ടുണ്ടാകും!’

“കഴിഞ്ഞ വൃശ്ചികത്തില് അമ്പതു കഴിഞ്ഞു.”

‘അൻപതു വർഷങ്ങൾ! അന്നത്തേതിലൊരു വസൂരിപ്പാടിന്നും എൻ്റെ കൈയ്യിലുണ്ട്. മാഞ്ഞിട്ടില്ല.’

”എനിക്കറിയാം, എത്രയോവട്ടമതിൽ ഉമ്മ വച്ചിരിക്കുന്നു.”

‘പിന്നെ ഇപ്പഴാണല്ലേ നുമ്മ പിരിഞ്ഞിരിക്കണത്.’

ദീർഘനിശ്വാസം

‘ഭാനൂ’

“ഉം”

‘ഞങ്ങളൊരു യാത്ര പോകുന്നുണ്ട്. നാളെയാണ് പുറപ്പെടുന്നത്. കന്യാകുമാരി മുതൽ വാരണാസി വരെയാണ്. ഞായറാഴ്ച്ച ഞങ്ങൾ പഞ്ചാബിലെത്തും. സുവർണ്ണക്ഷേത്രദർശനം. പിന്നെ, അമൃത്സർ റെയിൽവെ സ്‌റ്റേഷനിൽ നിന്നു യാത്ര തുടരുന്നു. കൊച്ചിനവിടെ അടുത്തല്ലേ ആ റെയിൽവെ സ്റ്റേഷൻ. ഞായറാഴ്ച്ച പുലർച്ചെ നാലുമണിക്കാണ് ട്രെയിൻ. കൊച്ചൊരു മൂന്നുമണിക്ക് ഉണർന്നാൽ മതി. അവരൊക്കെ ഉറക്കമായിരിക്കും. ആരോടും പറയണ്ട. അനുവാദവും ചോദിക്കണ്ട. ഞാൻ വിളിക്കാം. റെയിൽവെ സ്‌റ്റേഷനിൽ കാത്തുനിൽക്കണം. അവിടെന്നു നമുക്ക് വീണ്ടുമൊരു യാത്ര തുടരാം.’

“അതിന് ഭാനുവിനിന്ന് പ്രായം പതിനഞ്ചല്ലല്ലോ അറുപത്തഞ്ചു കഴിഞ്ഞിരിക്കണു.”

‘തിരികെ! നമുക്കൊരു യാത്ര ഉണ്ടാകില്ല ഭാനൂ., ശേഷിച്ചകാലം അവിടെ!  ഒടുവിൽ ഒരുദിനം ആ പ്രകൃതിയിൽ ലയനം. അല്ലെങ്കിലും വിശ്വനാഥന്, ഭാനുമതിയുമായി പ്രകൃതിയിൽ അനശ്വരനായൊന്നുചേരാൻ വാരണാസിയല്ലാതെ എവിടെയാണ് ഉത്തമം.’

“അപ്പോഴവിടെ പൂച്ചക്കുട്ടികൾ തനിച്ചാകില്ലേ?”

‘പൂച്ചക്കുട്ടികൾ വലുതാകുമ്പോൾ പൊയ്ക്കളയില്ലേ! തള്ളപ്പൂച്ച അനാഥയാകുന്നില്ലല്ലോ കൂട്ട്, കൂടെയുണ്ടല്ലോ! അവരിപ്പോൾ ഈ സ്നേഹാലയത്തിലെ അന്തേവാസികളാണ്. വേർപിരിയാത്ത ഇണകളായവർ ജീവിക്കട്ടെ. ഞാൻ കാത്തിരിക്കും നീ വരുമോ?’

“ഉം, സമ്മതം.”

ഞായറാഴ്ച്ച പുലർച്ചെ നാലുമണി. ട്രെയിൻ അമൃത്സർ സ്റ്റേഷനിലെത്തി. വിശ്വനാഥൻ്റെ ശബ്ദം കേട്ടുണരാനായി ഭാനു ഉറങ്ങാതുണർന്നു കിടന്നു.

~ജെ..

Leave a Reply

Your email address will not be published. Required fields are marked *