Story written by Kannan Saju
================
“മുറപ്പെണ്ണിനെ കെട്ടാൻ പാടില്ലത്രേ അമ്മ അത് പറയണ കേട്ടപ്പോ എന്റെ ഉള്ളൂ പിടഞ്ഞു കണ്ണേട്ടാ…”
വാഴത്തോപ്പിലെ കൂട്ടിയിട്ട കമുകിൻ തടിക്കു മേലെ വെള്ള മുണ്ടും ചുവന്ന ഒറ്റക്കളർ ഷർട്ടും ധരിച്ചു കട്ട താടിയും പിരിച്ച മീശയും ആയി കറുത്ത നിറമുള്ള അവളുടെ മുറ ചെറുക്കനെ നോക്കി.
നീല ടോപ്പും ബ്ലാക്ക് ത്രീ ഫോർത്തും ധരിച്ചു നെറ്റിയിൽ നീല പൊട്ടും വെച്ച മോഡെർണിനും സാധാരണക്കാരിക്കും ഇടയിൽ ഉള്ള ഗായത്രി പറഞ്ഞു….
കണ്ണൻ മെല്ലെ ഒന്ന് ചിരിച്ചു…
“കണ്ണേട്ടന് എല്ലാം തമാശയാ…. ഇനിപ്പോ ഏട്ടന്റെ സ്വപ്ങ്ങൾ പൂവണിഞ്ഞാലും നമ്മുടെ വീട്ടുകാര് സമ്മതിക്കുന്നു തോന്നുന്നില്ല… “
”നീ എന്തിനാ പെണ്ണെ ഇങ്ങനെ ടെൻഷനാവുന്നെ ??? “
”എനിക്കെന്തോ മനസ്സിനൊരു പേടി പോലെ കണ്ണേട്ടാ…സ്വന്തത്തിൽ കൊണ്ടു പോയി ആരും കുന്തം ചാരില്ലെന്നു പറയില്ലേ ??? എന്തോ നമ്മുടെ കാര്യം നടക്കില്ലെന്നു മനസ്സ് പറയുന്നു…. “
ആകാശം കറുത്തു…കനത്ത മഴ പെയ്യാനുള്ള അന്തരീക്ഷം സംജാതമായി….കണ്ണൻ ഗായത്രിയെ നോക്കി
”ഇങ്ങനെ നോക്കല്ലേ കണ്ണേട്ടാ… “
”മനസ്സ് കയ്യീന്ന് പോവുന്നുണ്ടോ പെണ്ണെ??? “
”ഏട്ടന് ഓർമയില്ലേ…. ?? അന്നും ഇതുപോലൊരു മഴ പെയ്തിരുന്നു…എന്നെ അരക്കെട്ടിനു ചേർത്തു പിടിച്ചു നെറ്റിയിൽ ഉമ്മ തരുമ്പോൾ ഞാനാകെ നനഞ്ഞു കുതിർന്നിരുന്നു “
”ശരിക്കും നനഞ്ഞിരുന്നോ ?? “
”ഈ കണ്ണേട്ടൻ…പോ അവിടുന്ന്…സീരിയസായിട്ടു ഒരു കാര്യം പറയുമ്പോ… “
അവൾ ഒരു കൊച്ച് കുട്ടിയെ പോലെ ചിണുങ്ങി കൊണ്ടു കിഴക്കേ തൊടിയിലേക്കു നോക്കി നിന്നു..
കണ്ണൻ മെല്ലെ എഴുന്നേറ്റു…അവളുടെ മുന്നിൽ വന്നു നിന്നു…ഗായത്രി മുഖത്തേക്ക് നോക്കുന്നില്ല…തന്റെ ഇരു കൈകളും നീട്ടി അവളുടെ തോളുകളിൽ വെച്ചു
“അപ്പോഴേക്കും പിണങ്ങിയോ??? “
”അന്നെന്നോട് എന്നതാ പറഞ്ഞെന്നു മോനു ഓർമ ഇണ്ടോ? “
”നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ലെടി കാന്താരി…നീ എന്റെ മാത്രം ആണെന്ന്“
അതും പറഞ്ഞുകൊണ്ട് അവൻ ഗായത്രിയെ വാരി പുണർന്നു…മഴ ശക്തിയായി പെയ്യാൻ തുടങ്ങി..മഴയിൽ നനഞ്ഞു കുതിർന്നു അവർ അങ്ങനെ നിന്നു…
”മുറപ്പെണ്ണിനെ കെട്ടാൻ വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ എന്നാ ചെയ്യും കണ്ണേട്ടൻ ?? ” അവൾ മെല്ലെ മുഖമുയർത്തി ചോദിച്ചു
”ഞാൻ വിളിച്ചാൽ നീ വരുമോ ???? “
”എന്റെ കണ്ണേട്ടൻ വിളിച്ചാൽ ഞാൻ എവിടെക്കായലും വരും…എന്റെ മനസ്സും ശരീരവും ഞാൻ ഏട്ടന് മാത്രമേ തന്നിട്ടുള്ളൂ…“
”ഒരുപക്ഷെ ഞാൻ രക്ഷപെട്ടില്ലെങ്കിലോ ?? എന്റെ ശ്രമം പാളിയാലോ ?? ” അവൾ കണ്ണന്റെ വാ പൊത്തി….
”അങ്ങനൊന്നും പറയല്ലേ…ഏട്ടൻ ജീവിതത്തിൽ വിജയിച്ചാലും ഇല്ലെങ്കിലും നമ്മൾ ഒരുമിച്ചു ജീവിക്കും..ഇപ്പൊ എനിക്ക് ജോലി ഇല്ലേ ?? ഒരുമിച്ചു ജീവിക്കേണ്ടി വന്നാലും എനിക്ക് താങ്ങാൻ പറ്റും..
ഏട്ടൻ പരിശ്രമിച്ചു കൊണ്ടേ ഇരിക്കണം..ഏട്ടന് കഴിവുണ്ട്..ഇന്നല്ലെങ്കിൽ നാളെ ഏട്ടൻ വിജയിക്കും…എനിക്കുറപ്പുണ്ട് “
കണ്ണൻ നനഞ്ഞു കുതിർന്ന അവളുടെ അരക്കെട്ടിനു വട്ടം പിടിച്ചു…
”മൊത്തം നനക്കുവോ ???” അവൾ ചിരിയോടെ ചോദിച്ചു….
കണ്ണൻ വീണ്ടും അവളെ ചേർത്തു കെട്ടിപ്പിടിച്ചു…അവളുടെ നെറ്റിയിൽ നിന്നും ഊർന്നിറങ്ങിയ മഴ നീർ തുള്ളികൾ മൂക്കിലൂടെ താടയിലുടെ ഒഴുകി അവന്റെ നെഞ്ചിലേക്കിറങ്ങി….
”ഏട്ടനെ ഇങ്ങനെ പറ്റി ചേർന്ന് നിക്കുമ്പോൾ കിട്ടുന്ന ഫീലുണ്ടല്ലോ…അത് ലോകത്തു മറ്റൊരിടത്തും കിട്ടില്ല “
”പുറത്തു കോളേജിൽ പോയി പഠിച്ചിട്ടും നല്ല ചുള്ളൻ ചെക്കന്മാരുണ്ടായിട്ടും എന്തെ ഗായു എന്നെ തന്നെ…. “
”അറിയില്ല…നല്ലതൊന്നും നായ്ക്ക് പിടിക്കില്ലെന്ന് പണ്ടത്തെ കാരണവന്മാര് പറയാറില്ലേ… “
”എടി കാന്താരി…നിന്നെ ഞാൻ “
” ഉം…എന്തെയ്യും??? “
കണ്ണൻ അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി…അവന്റെ ചുണ്ടുകൾ അവളെ ലക്ഷ്യമാക്കി നീങ്ങി…പെട്ടന്നാണ് അമ്മാവൻ തട്ടി വിളിച്ചത്…
”അവള് മണ്ഡപത്തിൽ കയറി. നീ ഇത് എന്നാ ആലോചിച്ചോണ്ടു നിക്കുവാ ??? മുഹൂർത്തത്തിന് സമയമായി “
കണ്ണൻ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു…ഓടി പോയി മുറി തുറന്നു പെണ്ണിനും ചെറുക്കനും ഇടാനുള്ള മാല കൊണ്ടു വന്നു മണ്ഡപത്തിൽ വെച്ചു
കല്ല്യാണ സാരിയിൽ ആഡംബരങ്ങളോടെ ഗായത്രി മണ്ഡപത്തിൽ തിളങ്ങുന്നുണ്ടായിരുന്നു…
അവൾ നോക്കും മുന്നേ മാല വെച്ചു കണ്ണൻ മാറി..മാറണമായിരുന്നു…അതായിരുന്നു വ്യവസ്ഥ..അവസാനമായി അവർ ഒരിക്കൽ കൂടി ആ വാഴ തോപ്പിൽ വെച്ചു കണ്ടു..
പക്ഷെ അന്ന് മഴ പെയ്തിരുന്നില്ല….പകരം ഒരു ഭൂകംബം ഉണ്ടായി..അത് മണ്ണിലായിരുന്നില്ല കണ്ണന്റെ നെഞ്ചിലായിരുന്നു…
”ഏട്ടന്റെ ഈ ശ്രമവും പരാജയപ്പെട്ടു..ഇനിയും എത്ര…ശരിയാവില്ല ഏട്ടാ…ഞാൻ കുറച്ചൂടെ ചിന്തിച്ചു…എനിക്ക് സുരക്ഷിതമായൊരു ജീവിതം വേണം…അത് തരാൻ നിങ്ങളെ കൊണ്ടു സാധിക്കും എന്ന് കരുതുന്നില്ല..അതോണ്ട് ഏട്ടൻ ക്ഷമിക്കണം..
ഇത് നമ്മളിൽ മാത്രം ഒതുങ്ങി നിക്കട്ടെ…എന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടു ആണെങ്കിൽ ഏട്ടൻ എന്റെ വാക്കുകൾ കേൾക്കണം…താലി കെട്ടുമ്പോൾ എന്റെ മുന്നിൽ ഏട്ടൻ ഉണ്ടാവരുത് “
അവൻ മറുത്തൊന്നും പറഞ്ഞില്ല…കാരണം വിജയിച്ചവർക്കൊപ്പമേ ആരും ഉണ്ടാവു..അതവന് അറിയാമായിരുന്നു…
പരിശ്രമങ്ങൾക്ക് ഈ ലോകം പ്രതിഫലം നൽകില്ല…ഫല പ്രാപ്തിക്കു മാത്രമേ ഇവിടെ പ്രതിഫലം കിട്ടു..അതിപ്പോ സ്നേഹമായാലും..
അങ്ങനെ ഗായത്രി ഒരാളെ കല്യാണം കഴിച്ചു…
നാളുകൾ കടന്നു പോയി…
ഒടുവിൽ കണ്ണന്റെ പരിശ്രമം വിജയിച്ചു..
അവന്റെ ആദ്യ സിനിമ വെള്ളിത്തിരയിൽ എത്തി…പ്രേക്ഷകർ സ്വീകരിച്ചു…അവനെ മനസിലാക്കുന്ന ഒരാൾ ജീവിതത്തിലേക്ക് കടന്നു വന്നു..
അങ്ങനെ ഇരിക്കെ ഒരിക്കൽ ഗായത്രിയുടെ വിളി വന്നു..വീണ്ടും ഒരിക്കൽ കൂടി അവരാ വാഴത്തോപ്പിൽ കണ്ടു മുട്ടി. പക്ഷെ ഇത്തവണ കണ്ണന്റെ ഭാര്യയും ഉണ്ടായിരുന്നു ഒപ്പം.
ല ഹ രിക്ക് അടിമയായ തന്റെ ഭർത്താവിനെ പറ്റിയും അയാളിൽ നിന്നും നേരിടുന്ന പീ ഡ നങ്ങളെ പറ്റിയും ഉള്ളിൽ ഇത്രയും നാൾ മറച്ചു വെച്ചതെല്ലാം അവൾ അവർക്കു മുന്നിൽ കരഞ്ഞു തീർത്തു..
ഇരുവരും അവളെ ചേർത്തു പിടിച്ചു..കണ്ണന്റെ ആവശ്യ പ്രകാരം അമ്മാവൻ ആ ബന്ധം വേർപ്പെടുത്തി..
ഗായത്രിയെ ഇരുവരും ചേർന്ന് പറഞ്ഞു മനസ്സിലാക്കി അവൾ മറ്റൊരാളെ സ്വയം തിരഞ്ഞെടുത്തു…ആ കല്യാണമാണ് ഇന്ന്..ഗായത്രിയുടെ രണ്ടാം വിവാഹം..പക്ഷെ ഇത്തവണയും ഗായത്രി അത് പറഞ്ഞു…
”താലി കെട്ടുമ്പോൾ ഏട്ടൻ മുന്നിൽ ഉണ്ടാവരുത് “
ഗായത്രിയുടെ കഴുത്തിൽ വരാൻ താലി ചാർത്തുന്നതും നോക്കി മണ്ഡപത്തിന്റെ ഒരു കോണിൽ തന്റെ ഭാര്യയുടെ കയ്യും പിടിച്ചു അവൻ നിന്നു..
കാരണം അവനു സ്നേഹിക്കുന്നവർ സന്തോഷമായി ജീവിച്ചു കാണാനായിരുന്നു എന്നും ഇഷ്ടം…