ഇപ്പൊ അത് ഒരു ട്രെൻഡ് ആണ് ലോ..വല്ല യുട്യൂബിൽ എന്നെ വിറ്റ് കാശാക്കാൻ ഉള്ള രഹസ്യ നീക്കം വല്ലതാണോ…

Story written by Unni K Parthan

================

“എനിക്ക് ഒരു അഞ്ഞൂറ് രൂപ വേണം..”

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആലുവയിൽ വെച്ച് ഒരു പരിചയവുമില്ലാത്ത ചെറുപ്പക്കരൻ എന്റെ അടുത്ത് വന്നു മെല്ലെ ചോദിച്ചത് കേട്ട് ഞാൻ മുഖം തിരിച്ചു നോക്കി..

നല്ല അടിപൊളിയായി ഡ്രെസ് ചെയ്ത ഒരു ചുള്ളൻ പയ്യൻ..മ്മടെ ഉണ്ണി മുകുന്ദന്റെ പോലുള്ള ഒരു മുഖം..

ഞാൻ ചുറ്റിനും നോക്കി..വല്ല ക്യാമറയും ഉണ്ടോ ന്ന്..ഇപ്പൊ അത് ഒരു ട്രെൻഡ് ആണ് ലോ..വല്ല യുട്യൂബിൽ എന്നെ വിറ്റ് കാശാക്കാൻ ഉള്ള രഹസ്യ നീക്കം വല്ലതാണോ.

“ചേട്ടോ..ഉണ്ടാവോ..എനിക്ക് കണ്ണൂർ വരെ പോണം..അവിടെ ചെന്നിട്ടു ഗൂഗിൾ പേ ചെയ്തു തരാം..ന്റെ പേഴ്സും മൊബൈലും നഷ്ടപെട്ടു..”

“ഇത് അത് തന്നെ..ക്യാമറ എവിടെയോ ണ്ട്..” ഞാൻ വീണ്ടും ചുറ്റിനും നോക്കി..

“ചേട്ടൻ എവിടാ നോക്കുന്നേ..”

“എവിടെ..” നാടോടിക്കറ്റ് സിനിമയിൽ തിലകൻ സൂട്ട്കേസിൽ നോക്കി ജോണിയോട് ചോദിക്കുന്നത് പോലെ ഞാൻ അവനോട് ചോദിച്ചു..

“കണ്ണൂർ..” അവൻ നിഷ്കളങ്കമായി മറുപടി തന്ന്..

“അതല്ല..ക്യാമറ എവടെ ന്ന്..”

“ങ്ങേ..” അവൻ ബ്ലിങ്കസ്യയായി എന്നെ തുറിച്ചു നോക്കി..ഇങ്ങേർക്ക് വട്ടാണോ ഈശ്വര ന്ന് അവൻ ഉള്ളിൽ ചോദിച്ചു ന്ന് അവന്റെ മുഖം പറയുന്നുണ്ടായിരുന്നു..

“നീ യുട്യൂബിൽ എന്നെ പറ്റിക്കാൻ ഉള്ള വീഡിയോ ചെയ്യുന്ന ആളല്ലെ..”

“ആര്..ഞാനോ..”

“മ്മ്..”

“ചേട്ടാ ന്റെ പേര് ഫിറോസ്..കണ്ണൂർ തലശ്ശേരി ആണ് സ്ഥലം..ഇവിടെ ഫ്രണ്ടിനെ കണ്ടു തിരിച്ചു പോകുന്ന വഴിയാണ്..ചേട്ടന് ഹെല്പ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്..”

“ഫ്രണ്ടിനോട് ചോദിച്ചില്ലേ..താൻ..”

“നമ്പർ ആരുടെയും അറിയില്ല..കാണാതെ..എല്ലാം മൊബൈലിൽ ആണ്..”

ആഹാ അത് പച്ചയായ സത്യം ആണ്..കാരണം എനിക്കും പലരുടെയും നമ്പർ അറിയില്ല കാണാതെ..എന്നാലും ഇവൻ വല്ല സ്റ്റഫോ മറ്റോ വാങ്ങാൻ ആവോ..ഇന്നാള് ഇങ്ങനെ ഒരുത്തൻ ചായ കുടിക്കാൻ ഇരുപത് രൂപ ചോദിച്ചിട്ട് പിന്നെ കുറച്ചു കഴിഞ്ഞു ആളെ ബാറിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു ഓടി ചെന്ന് അയാളോട് തട്ടി കേറിട്ടുണ്ട്..അയ്യാൾക്ക് എന്റെ മുഖം ഓർമയില്ല എന്നുള്ള ന ഗ്ന സത്യം ഒരു ഉളുപ്പും ഇല്ലാതെ അയ്യാൾ പറഞ്ഞപ്പോൾ ഞാൻ സസി യായി..ഇതും അതുപോലെ വല്ലതും ആവോ.

“താൻ വാ..മ്മക്ക് ഓരോ ഫ്രഷ് ലൈം കുടിക്കാം..” ഞാൻ വിളിച്ചപ്പോൾ അനുസരണയോടെ അവൻ പിന്നാലെ വന്നു..

“വല്ലതും കഴിച്ചിരുന്നോ നീ..”

“പൈസ കിട്ടിട്ട് വേണം കഴിക്കാൻ..” ആ മറുപടി എന്റെ ഉള്ളിൽ എവിടെയോ കൊണ്ടു..

“വാ..” അടുത്തുള്ള ഹോട്ടലിലേക്ക് കയറി..

“എന്താ കഴിക്കാൻ വേണ്ടേ..”

“ചേട്ടൻ എന്തേലും കഴിച്ചോ..” അവന്റെ മറുപടി വീണ്ടും എന്നെ പൊള്ളിച്ചു..

“മ്മ്..ഞാൻ കഴിച്ചു..”

“ചോറ് മതി..”

“ഒരു ചോറ്..പിന്നെ ഒരു ഫ്രഷ് ലൈം..”

“സ്പെഷ്യൽ എന്തേലും വേണോ..” സപ്ലെയർ എന്നോട് ചോദിച്ചു..

“വേണോ..” ഞാൻ അവന്റെ മുഖത്തു നോക്കി..

“വേണ്ടാ..”

“ആർത്തിയൊന്നും ഇല്ല..വളരേ സിമ്പിൾ ആയി അവൻ ഫുഡ്‌ കഴിക്കുന്നു..ഇടയ്ക്ക് എന്നെ നോക്കി ചിരിക്കുന്നു..

“സത്യത്തിൽ എന്താ പറ്റിയെ..പേഴ്‌സ് എങ്ങനെ പോയേ..”

“രണ്ടെണ്ണം അടിച്ചിരുന്നു..ബോധം കെട്ട് ഉറങ്ങിപോയി..ബസിൽ നല്ല തിരക്ക് ണ്ടായിരുന്നു..”

“അപ്പോ പിന്നെ എന്തിനാ ഇവിടെ ഇറങ്ങിയേ..”

“അറിയില്ല..വെപ്രാളം കൊണ്ട് ചാടി ഇറങ്ങി. പൈസ എടുത്തോട്ടെ..ആ പേഴ്സിൽ ഉള്ള എന്റെ ബാക്കിയുള്ള സാധനങ്ങൾ എനിക്ക് അയച്ചു തരാൻ അയ്യാൾക്ക് മനസ് ണ്ടായാൽ മതിയായിരുന്നു..” കഴിച്ചു കൈ കഴുകി വീണ്ടും ഞങ്ങൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു..മുകളിലൂടെ മെട്രോ ട്രെയിൻ പാഞ്ഞു പോകുന്നുണ്ട്..

കുറച്ചു നേരം ഒന്നും മിണ്ടാതെ ഞങ്ങൾ ബസ് സ്റ്റോപ്പിൽ നിന്നു..

“എനിക്ക് നീ ആരാണ് എന്നോ..എന്താണ് എന്നോ അറിയില്ല..പക്ഷേ നിന്റെ മുഖം സത്യം പറയുന്നത് പോലെ തോന്നുന്നു..പറ്റിക്കാൻ എളുപ്പമാണ്..പക്ഷേ നീ അത് ചെയ്യില്ല എന്ന് ആഗ്രഹിക്കുന്നു..”

എഴുന്നൂറ്റി അമ്പത് രൂപ ഉണ്ട് എന്റേൽ..അതിൽ അഞ്ഞൂറ് രൂപ അവനു നേർക്ക് നീട്ടി കൊണ്ട് ഞാൻ അവനോട് പറഞ്ഞു..

അവൻ പൈസ വാങ്ങി..കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ന്ന് തോന്നി എനിക്ക്..

“ഏട്ടന് പോകാൻ പൈസ ണ്ടോ..”

“മ്മ്..ഉണ്ട്..”

“ഞാൻ വീട്ടീന്ന് പിണങ്ങി ഇറങ്ങിതാ..ഒന്നും എടുത്തില്ല…ആലുവ വരെ ഉള്ള ടിക്കറ്റിനു ഉള്ള പൈസ ഉണ്ടായുള്ളൂ..” ഇത്തവണ അവൻ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ഞെട്ടി..

“മൊബൈൽ എല്ലാം വീട്ടിൽ വെച്ചു..”

“വീട്ടിലേക്ക് വിളിച്ചു പറഞ്ഞൂടെ നിനക്ക്..അവര് പേടിക്കില്ലേ..”

“വേണ്ട..ഞാൻ തിരിച്ചു പോവാ..ഞാൻ ഇങ്ങനെ പോന്നൂ ന്ന് അവര് അറിഞ്ഞിട്ടില്ല എങ്കിലോ..ഇടയ്ക്ക് ഇങ്ങനെ ആരോടും പറയാതെ പോകാറുണ്ട്..പക്ഷേ അത് വഴക്ക് കൂടിട്ട് അല്ലട്ടാ..

ങ്ങടെ നാട് എവിടാ..”

“ചാലക്കുടി അതിരപ്പിള്ളി..”

“മ്മ്..ഞാൻ വന്നിട്ടുണ്ട് അവിടേക്ക്..നമ്പർ തന്നെ..” അടുത്തുള്ള കടയിൽ നിന്നും പേന വാങ്ങി ഒരു കടലാസിൽ നമ്പർ എഴുതി കൊടുത്തു.. “

“എനിക്ക് ഇവിടെ ഒരാളെ കാണാൻ ഉണ്ട്..നീ ബസ് വരുമ്പോൾ കേറിക്കോ..” അതും പറഞ്ഞു ഞാൻ മുന്നോട്ട് നടന്നു..

“ഏട്ടാ..” പിൻ വിളി..
ഞാൻ തിരിഞ്ഞു നോക്കി..

“എന്താ ങ്ങടെ പേര്..”

“ഉണ്ണി…ഉണ്ണി കെ പാർത്ഥൻ..”

“ഒരുപാട് നന്ദി..” പുഞ്ചിരിച്ചു കൊണ്ട് ഞാൻ മുന്നോട്ട് നടന്നു..

മൂന്നു ദിവസങ്ങൾക്ക് ശേഷം എനിക്ക് ഒരു വിളി വന്നു..

“ഏട്ടാ..ഫിറോസ് ആണ്..കണ്ണൂർ..ആലുവയിൽ..”

അത്രേം പറഞ്ഞപ്പോളേക്കും എനിക്ക് ആളെ മനസിലായി..

“ആഹാ..എന്താ വിശേഷം സുഖല്ലേ..”

“മ്മ്..ഞാൻ പൈസ ഗൂഗിൾ പേ ചെയ്തിട്ടുണ്ട് ട്ടാ…”

“മ്മ്..നല്ലത്..നാളെ ഒരാൾക്ക് സഹായം നൽകാൻ മടി തോന്നില്ല എനിക്ക് ഇനി..”

“ഒരുപാട് സന്തോഷം ട്ടാ..ജീവിതം തിരിച്ചു തന്നതിന്..കൊറേ ആളുകളോട് ചോദിച്ചു..ആരും അന്ന് എനിക്ക് പൈസ തന്നില്ല..ഏട്ടൻ പറഞ്ഞത് തന്നെ കാരണം…ഇപ്പോളത്തെ ചെറുപ്പക്കാർ സ്റ്റഫ് അടിക്കാൻ വേണ്ടി ചോദിക്കുന്നത് ആണെന്ന് ചിന്തിച്ചു പോകും..

സൂയിസൈഡ് ആയിരുന്നു ചിന്ത..പൈസ കിട്ടാത്തത് കൊണ്ടല്ല ട്ടാ..ജീവിതം ഒരു സുഖമില്ലാത്തത് പോലെ..ഏട്ടനോട് കൂടെ ചോദിച്ചിട്ട് കിട്ടിയില്ലേ..ചിലപ്പോൾ ഞാൻ..” പാതിയിൽ നിർത്തി അവൻ..

“അന്ന് കഴിച്ച ചോറിനു..വല്ലാത്തൊരു സ്വാദ് ആയിരുന്നു ട്ടാ..മറക്കില്ല മരിക്കുവോളം..ഇടയ്ക്ക് വിളിക്കാം ഞാൻ..” എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അപ്പുറം ഫോൺ കട്ട്‌ ആയി..

തിരിച്ചു വിളിച്ചില്ല ഞാൻ..നമ്പർ സേവ് ചെയ്തില്ല..പക്ഷേ..ഹൃദയത്തിൽ എവിടെയോ ഒരു നീറ്റൽ..അത് എന്തിനാണ് എന്ന് അറിയുന്നില്ല..

ഞാൻ അന്ന് ആ പൈസ കൊടുത്തില്ലേൽ ആ പയ്യൻ ഇന്ന്..

അറിയില്ല..എവിടെയോ ഒരു നാട്ടിൽ ഉള്ള ഒരാളെ..എവടെ നിന്നോ വന്ന ഞാനും.പരസ്പരം കണ്ടു മുട്ടുക..കുറച്ചു സമയം ചിലവിടുക..തിരികെ കിട്ടിയത് ജീവിതമാണ് പോലും..

സന്തോഷം…ഇപ്പോളും ആ ശബ്ദം ഇങ്ങനെ ചെവിയിൽ ഉണ്ട്..

സ്നേഹത്തോടെ…Unni K Parthan

വായനയുടെ രസചരടിനു വേണ്ടി അൽപ്പം എഴുതി കേറ്റിട്ടുണ്ട്..സീനിൽ ഇല്ലാത്തത്..