ഏന്തി വലിഞ്ഞവൾ കുറ്റിക്കാട്ടിലേക്ക് നോക്കുമ്പോൾ വലിയൊരു പ്ലാസ്റ്റിക് കവറാണ് അനങ്ങുന്നത്…

തെരുവ് വിളക്ക്

എഴുത്ത്: അഞ്ജു ജാനകി

====================

അഴുക്കുചാലിനോട് ചേർന്നുള്ള കുറ്റിക്കാടിനടുത്തു ചെറിയ അനക്കം കണ്ടിട്ടാണ് മാൻവി അങ്ങോട്ടേക്ക് ശ്രദ്ധിച്ചത്. ഒക്കത്തിരുന്ന തന്റെ നാല് മാസം പ്രായമുള്ള കുട്ടിയേയും വച്ചവൾ സാരിക്കുത്തുകുത്തി പതുക്കെ അവിടേക്കു നടന്നു.

ഏന്തി വലിഞ്ഞവൾ കുറ്റിക്കാട്ടിലേക്ക് നോക്കുമ്പോൾ വലിയൊരു പ്ലാസ്റ്റിക് കവറാണ് അനങ്ങുന്നത്. ചെറിയൊരു പേടിയോടെ അവൾ അടുത്തേക്ക് ചെന്നു കവർ തുറന്നു പൊ ക്കി ൾകൊടിപോലും മാറ്റാത്ത ഒരു ചോ ര കു ഞ്ഞ്‌.

ആ കാഴ്ചകണ്ടവൾ പരിഭ്രമിച്ചു പിന്നോട്ട് നീങ്ങി. എന്നിട്ട് താനൊന്നും കണ്ടില്ലന്നു നടിച്ചവൾ മുന്നോട്ടു നടന്നു. നടത്തത്തിൽ ഇടയ്ക്ക് തിരിഞ്ഞുനോക്കുമ്പോൾ ഒരു തെരുവുനായ അതുവഴി വരുന്നതുകണ്ടവൾ വീണ്ടും തിരിഞ്ഞു കയ്യിലൊരു ചെറിയ കല്ലെടുത്തു നായയെ ഓടിച്ചു.

അവൾ ആ ചോ ര കു ഞ്ഞിനെ കൈയ്യിലെടുക്കാൻ ഒന്നറച്ചു. മറ്റൊന്നും കൊണ്ടായിരുന്നില്ല അവളൊരു നാടോടി സ്ത്രീയാണ് ഒരുകൂട്ടം ആളുകളിലെ ഒരുവളാണവൾ. അവിടെത്തന്നെ ആളുകളുടെ എണ്ണം കൂടുതലാണ്. അതുമാത്രമല്ല കാണാൻ കൊള്ളാവുന്ന കുഞ്ഞുങ്ങൾ നാടോടിസ്ത്രീകളുടെ കൈയിൽ ഇരിക്കുന്നത് ആരേലും ശ്രദ്ധിച്ചാൽ എവിടുന്നോ തട്ടിക്കൊണ്ടുവന്ന കുട്ടിയാണെന്ന് വിചാരിച്ച് പോലീസിൽ ഏൽപ്പിക്കുകയും ചെയ്യുന്ന വാർത്തകളും അവൾ ധാരാളം കേട്ടിട്ടുണ്ട്. അവളാ കുഞ്ഞിന്റെ മുഖത്തേക്കുനോക്കി വിശന്നിട്ടാവും അവൻ ആ പ്ലാസ്റ്റിക് കവറിന്റെ ചെറിയൊരറ്റം കയ്യിൽപിടിച്ചു നുണയുന്നുണ്ടായിരുന്നു. എന്തൊക്കെയായിരുന്നാലും അവളിലെ അമ്മ മനസ്സ് അവനെ അവിടെ ഉപേക്ഷിച്ചുപോരാൻ തോന്നിയില്ല. അവളാ പ്ലാസ്റ്റിക് കവറോടെ കുഞ്ഞിനെ എടുത്തു അടുത്തുള്ള ക്ലിനിക്കിലേക്ക് നടന്നു.

അവിടെത്തിയവൾ അവിടെക്കണ്ട നഴ്സിനോട് ഡോക്ടർനെ കാണണമെന്ന് അവളുടെ ഭാഷയിൽ പറഞ്ഞു. തീർത്തും ആവജ്ഞതയോടെ അവരവളെ നോക്കിട്ട് ഡോക്ടർ അകത്തുണ്ട് കയറി കാണുവാൻ പറഞ്ഞു.

അവൾ അകത്തേക്കുകയറി അല്പം പ്രായംചെന്ന ഡോക്ടർ എപ്പോഴും പുഞ്ചിരിച്ച മുഖം നല്ലൊരു മനുഷ്യസ്നേഹി. അതിനുള്ള തെളിവാണെന്ന് അറിയില്ല അവിടെ ഒരു പേപ്പറിൽ എഴുതിതൂക്കിയിട്ടുണ്ട് ഇവിടെ വരുന്ന നിർധനരായ രോഗികൾ ഫീസ് നൽകേണ്ടതില്ലയെന്ന്.

കീറിയ സാരിയും ചെമ്പട്ടയടിച്ച മുടിയുമുള്ള മാൻവിയെ കണ്ടതും അനുകമ്പയോടെ ഡോക്ടർ ഇരിക്കാൻ പറഞ്ഞു. എന്താണസുഖം ഡോക്ടർ മാൻവിയോട് തിരക്കി. അവൾ കൈയിലെ പ്ലാസ്റ്റിക് കവർ കാണിച്ചു വഴിയോരത്തെ കുറ്റിക്കാട്ടിൽ നിന്നും കിട്ടിയതാണെന്ന് അവളുടെ ഭാഷയിൽ പറഞ്ഞൊപ്പിച്ചു. ഡോക്ടർ കവറിലേക്ക് ശ്രദ്ധിച്ചുനോക്കി ജീവനുള്ളതെന്തോ അതിനകത്തു അനങ്ങുന്നുണ്ട്. ഡോക്ടർ കവർ കൈയിൽ വാങ്ങി തുറന്നുനോക്കി. ആ ചോരകുഞ്ഞിനെ കണ്ട് ഡോക്ടർ ഒന്ന് ഞെട്ടി.

പെട്ടെന്ന് ഒരു ഗ്ലൗസ് എടുത്ത് കൈയിലിട്ടുകൊണ്ട് ഡോക്ടർ കുഞ്ഞിനെ എടുത്തു.അപ്പോഴും അവന്റെ പൊക്കിൾകൊടി തൂങ്ങി കിടപ്പുണ്ടായിരുന്നു. നഴ്സിനെ വിളിപ്പിച്ചു കത്രികയും മറ്റും കൊണ്ടുവരാൻ പറഞ്ഞു. വളരെ ശ്രദ്ധയോടെ അദ്ദേഹം കുഞ്ഞിന്റെ പൊക്കിൾക്കൊടി വേർപെടുത്തി. ക്ലീൻ ചെയ്തു കൊണ്ടുവരാൻ നഴ്സിനെ ഏൽപ്പിച്ചു.

ആ സമയം ഡോക്ടർ മാൻവിയോട് ചോദിച്ചു എവിടെയാണ് കുട്ടിയെ കണ്ടതെന്നു. വരുന്ന വഴി അഴുക്കുച്ചാലിനടുത്തു അനക്കം കണ്ടുനോക്കിയപ്പോൾ കണ്ടതാണ് എന്നവൾ മറുപടിപറഞ്ഞു. കുഞ്ഞിനെ കിട്ടിയവിവരം പോലീസിൽ അറിയിക്കണമെന്നും അവകാശികളെ അതിനുശേഷം അനാഥമന്തിരത്തിൽ ഏൽപ്പിക്കാമെന്നു ഡോക്ടർ പറഞ്ഞപ്പോൾ അവൾ പൊടുന്നനെ തനിക്കു നാലുമാസമായ കുഞ്ഞുണ്ട് അതിനാൽ ആ കുഞ്ഞിനേയും അവൾ മുലകൊടുത്തു നോക്കിക്കോളാമെന്നു പറഞ്ഞു.

അവളുടെ മാതൃത്വം ആണ് അവളെക്കൊണ്ടത് പറയിപ്പിച്ചത് എന്ന് ഡോക്ടറിനു മനസ്സിലായി. അനാഥമന്തിരങ്ങളിലും കുട്ടികളെ പലവിധം ദുരുപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ ഡോക്ടർ മാൻവിയോട് ഭാവിയിൽ എന്തേലും പ്രശ്നങ്ങൾ വന്നാലോ എന്നും കൂട്ടിച്ചേർത്തു. അവനെ നോക്കാൻ പറ്റുന്നിടത്തോളം നോക്കിക്കോളാം എന്നവൾ മറുപടിനൽകി. നേഴ്സ് കുഞ്ഞുമായി വന്നു. മറ്റു പരിശോധനകൾ നടത്തി കുഞ്ഞിന് മറ്റുകുഴപ്പങ്ങളൊന്നുമില്ല പ്ലാസ്റ്റിക് കവറിൽ ഇത്രനേരം കിടന്നതുകൊണ്ടുണ്ടായ തൊലിയിലെ പാട് രണ്ടുദിവസം കഴിഞ്ഞു മാറിക്കോളും എന്ന് ഡോക്ടർ പറഞ്ഞു. കുഞ്ഞിന് എത്രയുംവേഗം മുലപ്പാൽ നൽകാനും ഡോക്ടർ നിർദേശിച്ചു.

കുഞ്ഞിനെ വാങ്ങി മാൻവിക്കു കൊടുത്തിട്ടു ഡോക്ടർ അവൾക്ക് കുറച്ചു കാശും നൽകി. പോകാനിറങ്ങിയ മൻവിയോട് ഡോക്ടർ തന്റെ അഡ്രസിലേക്ക് വൈകിട്ട് വരാൻ പറഞ്ഞുവിട്ടു. രണ്ടുകുഞ്ഞുങ്ങൾക്കും മുലകൊടുക്കേണ്ടതിനാൽ മാൻവിയുടെ ശരീരം വേഗം ക്ഷീണിച്ചു പോകുമെന്ന് ഡോക്ടർനു അറിയാം. അതുമാത്രമല്ല ഭക്ഷണം കഴിക്കുന്നതും ലഭിക്കുന്നതും കുറവാണെന്ന് ഒറ്റനോട്ടത്തിൽ നിന്നുതന്നെ മനസിലാക്കുന്നതായിരുന്നു മാൻവിയുടെ രൂപം. ഇറങ്ങിയുടനെ മാൻവി ക്ലീനിക്കിന്റെ ഓരത്തിരുന്നു കുഞ്ഞിന് മുലപ്പലുകൊടുത്തു.

വൈകിട്ട് ഡോക്ടർ പറഞ്ഞ അഡ്രസ്സിൽ വന്ന മാൻവിക്കു ഡോക്ടർ തന്റെ ഭാര്യയുടെ പഴയ കുറച്ചു സാരികളും ഒരു സഞ്ചിയിൽ ഭക്ഷണസാധങ്ങളും ധന്യങ്ങളും അവൾക്ക് നേരെ നീട്ടി നന്ദിയോടെ അവളത് വാങ്ങി അവളുടെ കൂടാരത്തിലേക്കു നടന്നു.

കൈയിൽ മറ്റൊരു കുട്ടിയുമായി വന്ന അവളെ എല്ലാരും ശ്രദ്ധിച്ചു. പിന്നെ വൈകിയില്ല കൂട്ടത്തിൽ നിന്നും ചോദ്യങ്ങൾ വന്നു. തനിക്ക് വഴിവക്കിൽ നിന്നും കിട്ടിയതാണെന്നുപറഞ്ഞപ്പോൾ അവർക്കുപോലും അവിടെ താങ്ങാനുള്ള സ്ഥലം കിട്ടുന്നില്ല അപ്പോഴാണ് പുറത്തുന്നു വയ്യാവേലികൾ വലിച്ചോണ്ടുവരുന്നത് എന്നവർ ദേഷ്യപ്പെട്ടു. കുഞ്ഞിനെ ഉപേക്ഷിക്കാൻ കൂട്ടത്തിന്റെ നിർദേശവും. അതിനവൾക്ക് കഴിയില്ലെന്നവൾ തീർത്തു പറഞ്ഞു. അവരെല്ലാവരും ദേഷ്യപ്പെട്ടവളെ അവിടുന്നിറക്കിവിട്ടു. തലചായ്ക്കാൻ ഒരിടമില്ലാതെ അവൾ അലഞ്ഞു ഒടുവിൽ ഒരു കടവരാന്തയിൽ സാരി വിരിച്ചു തന്റെ രണ്ടു കുഞ്ഞുങ്ങളെയും കിടത്തിയുറക്കി. അവൾ അവരുടെയൊപ്പം കിടന്നു.

അടുത്തദിവസം രാവിലെ ആരോ തട്ടിവിളിച്ചപ്പോഴാണവൾ ഉണർന്നത്. അതാകട ഉടമസ്തനായിരുന്നു. കൂടെരണ്ടു കൈകുഞ്ഞുങ്ങളെ കണ്ട അവളെയും കുട്ടികളെയും അവിടുന്നാട്ടി വിടാതെ അടുത്തുള്ള വല്യ മരത്തിന്റെ തണലിലേക്ക് പോയി ഇരുന്നോളാൻ പറഞ്ഞു. അവൾ രണ്ടുകുട്ടികളെയുമെടുത്തു അങ്ങോട്ട്‌ പോയി. അപ്പോഴും അവൾ അവശയായിരുന്നു ഭക്ഷണം വയ്ക്കാനുള്ളതൊക്കെ കിട്ടിയെങ്കിലും അത് പാകം ചെയ്തുകഴിക്കൻ അവളുടെ കൈയിൽ പാത്രമോ കലമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

അവളുടെ നിസ്സഹായ അവസ്ഥകണ്ട ആ കടക്കാരൻ അവൾക്കു ഒരു കവർ ബന്ന് കൊടുത്തുകഴിക്കാൻ കുടിക്കാൻ കുറച്ചു വെള്ളവും. ആർത്തിയോടെ അവളത് വാങ്ങികഴിച്ചു. അവൾ കഴിച്ചാല്ലലെ തന്റെ കുട്ടികൾക്ക് മുലകൊടുക്കാൻ പറ്റൂ. കുഞ്ഞുങ്ങൾക്ക് മുലകൊടുത്തുറക്കിയശേഷം ആ മരത്തണലിൽ സാരി വിരിച്ചു അതിൽ കിടത്തിയിട്ടു നീളമുള്ള 3 കമ്പുകളും കയറും കിട്ടുമോന്നവൾ കടക്കാരനോട് തിരക്കി.

കടയുടെ പിന്നാമ്പുറത്തുണ്ടായിരുന്ന 3 കാറ്റടി കമ്പും കുറച്ചു കയറും അവൾക്കെടുത്തു കൊടുത്തു. കടയിൽ ആളില്ലാത്തസമയം അയാളും അവളെ സഹായിച്ചു അങ്ങനെ തനിക്ക് കിട്ടിയ രണ്ടു സാരികൾ എടുത്ത് തൊട്ടിലുപോലെ കെട്ടി അവൾ കുഞ്ഞുങ്ങളെ അതിലേക്കു കിടത്തി.

അവൾ മൂന്നുകല്ലുകൊണ്ട് അടുപ്പുകൂട്ടി. കൈയിൽ ഉള്ള കാശിനു രണ്ടുമൂന്ന് പാത്രങ്ങളും വാങ്ങി. അടുപ്പുകത്തിക്കാനുള്ള വിറകുകളും ശേഖരിച്ചു. അവൾക്കു കിട്ടിയ അരിയും ഭക്ഷണ സാദനങ്ങളും ഉപയോഗിച്ച് അവൾ ഭക്ഷണം പാകം ചെയ്തു കഴിച്ചു അവിടെ കൂടി. മഴ ഉള്ളസമയത് ആ കടവരാന്ത അവൾക്കാശ്രയമേകി.

കാലം കടന്നുപോകുന്നതിനിടയിൽ ഒരുനാൾ രാത്രി കുഞ്ഞുങ്ങളുമായി കിടന്നുറങ്ങിയ അവളുടെ മേൽ തണുത്ത കൈവിരലുകൾ വന്ന് സ്പർശിച്ചതും അവളറിഞ്ഞു ഞെട്ടിഎണീറ്റു നോക്കുമ്പോൾ കള്ളുകുടിച്ചു ബോധമില്ലാതെ കാമകണ്ണുകളോടെ ഒരാൾ. വേഗം ചാടിഎണീറ്റവൾ അയാളെ പിടിച്ചു തള്ളി. വൈകിട്ട് കഞ്ഞിവയ്ക്കാൻ അടുപ്പുകൂട്ടിയതിൽ നിന്ന് ഒരു വിറകുകഷ്ണം അവൾ കൈയിലെടുത്തു സ്വയരക്ഷ തേടി. അവളുടെ ആ പ്രവർത്തി അയാൾ പ്രക്ഷിച്ചിരുന്നില്ല. ഇനിയും അവിടെ നിക്കുന്നത് പന്തിയല്ലന്ന് തോന്നിയ അയാൾ അവിടുന്ന് സ്ഥലം വിട്ടു. അവൾ കുഞ്ഞുങ്ങളെയും എടുത്ത് കടവരാന്തയിലേക്ക് കയറി കിടന്നു.

അങ്ങനെ നാളുകളേറെ കഴിഞ്ഞു. കുട്ടികൾക്കിപ്പോൾ 3 വയസ്സായി. അവൾ വീട്ടുപണികൾ ചെയ്‌തും. ചെറിയ രീതിയിൽ പ്ലാസ്റ്റർഓഫ്പരീസ് പ്രതിമകൾ ഉണ്ടാക്കിവിറ്റും ആയിരുന്നു കുട്ടികളെ നോക്കിയിരുന്നത്. എടുത്തുവളർത്തിയ ആ ആൺകുട്ടിയെ അവൾ വീർ എന്നായിരുന്നു വിളിച്ചിരുന്നത്. മറ്റേ കുട്ടിയെ ചോട്ടു എന്നും. വേർതിരിവുകൾ ഏതുമില്ലാതെ അവർ വളർന്നു.

അങ്ങനെയിരിക്കെ അവൾ ഭയന്നതുപോലെതന്നെ സംഭവിച്ചു. വീറിനെ അവൾ തട്ടിക്കൊണ്ടുവന്നതായിരിക്കാമെന്ന് പോലീസിന് ആരോ വിവരം കൊടുത്തു. വീർ കാണാൻ നല്ല ഭംഗിയുള്ള കുട്ടിയായിരുന്നു.കറുത്ത മുടിയും പളുങ്കുപോലെയുള്ള കണ്ണുകളും വെളുത്തനിറവും. ചോട്ടു മാൻവിയെപ്പോലെ നിറംകുറഞ്ഞു ചെമ്പട്ട മുടിയുമായിരുന്നു. മാൻവിയെ പോലീസ് ചോദ്യം ചെയ്തു. വീർ തന്റെ കുട്ടിയാണ് എന്നവൾ പറഞ്ഞു. ആ കടക്കാരന് പോലീസിനോടായി അവർ മൂന്ന് പേരും മൂന്നുവർഷത്തോളം ഇവിടെ ഉണ്ടെന്ന് എന്നുപറഞ്ഞെങ്കിലും വിശ്വസിക്കാൻ പോലീസ് തയ്യാറായില്ല. വീറും ചോട്ടുവും മാൻവിയെ കെട്ടിപ്പിടിച്ചു വാവിട്ടുകരഞ്ഞു.

എന്നിട്ടും അവൾ തനിക്ക് വീറിനെ വഴിവക്കിൽ നിന്നും കിട്ടിയതാണെന്നു മിണ്ടിയില്ല. വീറിനെ മാൻവിയിൽ നിന്നുവേർപെടുത്തി അനാഥാലയത്തിലാക്കി. അവന്റെ ഫോട്ടോയും പത്രത്തിലിട്ടു. വീറിനെ കൊണ്ടുപോയ അനാഥാലയത്തിനുമുന്നിലെ ഗേറ്റിനുപുറത്തു രാപകലില്ലാതെ മാൻവിയും ചോട്ടുവും കാവൽ കിടന്നു. വീറിനെ തിരിച്ചു കിട്ടാതെ മാൻവി അവിടുന്നെങ്ങോട്ടുമില്ലന്ന് തീരുമാനിച്ചു.

വഴിയേ പോകുന്നവർ കൊടുക്കുന്ന ഭക്ഷണവും തുട്ടുകളും കൊണ്ട് മാൻവി ചോട്ടുവിന്റെ വിശപ്പകറ്റി. അവളിൽ നിന്ന് വീറിനെ അകറ്റിയത് അവൾക്ക് ഉൾക്കൊള്ളാൻ പറ്റുന്നതായിരുന്നില്ല. പെറ്റമ്മ ഉപേക്ഷിച്ചുപോയ അവനെ അവൾ സ്വന്തം കുഞ്ഞായി കണ്ട് വളർത്തിവരുകയായിരുന്നു ഒരു പൊറ്റമ്മയുടെ പൊള്ളുന്ന മനസ്സായിരുന്നു അവൾക്ക്. പെട്ടന്നുള്ള ആ പറിച്ചുനടീൽ അതവളുടെ സമനില തെറ്റിച്ചു. അവൾ ആർത്തട്ടഹസിക്കുകയും ചിലനേരങ്ങളിൽ വാവിട്ടു കരയുകയും ചെയ്തു.

അടുത്തദിവസം അതുവഴിപോയവർ കാണുന്നത് മാൻവിയുടെ നിശ്ചലമായ ശരീരത്തിനടുത്ത് വാവിട്ടിട്ട് മൂക്കൊലിപ്പിച്ചു കരഞ്ഞുകൊണ്ടിരിക്കുന്ന ചോട്ടുവിനെയായിരുന്നു. ആരോ ഒരുനേരത്തെ സുഖത്തിനായി ഭോ ഗി ച്ചു ഉണ്ടാക്കിക്കളഞ്ഞു പോയ ഒരു കുഞ്ഞിനുവേണ്ടി ഇത്രനാളും തന്റെ കുഞ്ഞിനെപോലെ തന്നെ പോറ്റിവളർത്തി. അവനെ നഷ്ടപ്പെട്ടപ്പോൾ ഹൃദയം പൊട്ടി ആ പൊറ്റമ്മയുടെ ജീവൻ അവസാനിച്ചു. ഇല്ലായ്മയിൽനിന്നും അവൾ രണ്ടു വയറിനെ പോറ്റി. ഇന്നിതാ അവൾ കണ്ണടച്ചിരിക്കുന്നു എന്നുന്നേക്കുമായി.

ശുഭം