ഞാൻ അന്നെ പറഞ്ഞതല്ലേ തന്നോട് അത് നടത്തി കൊടുക്കാൻ..ഇപ്പൊ മാനം എവിടെ പോയി..

Story written by Jishnu Ramesan

=====================

എടോ സുധാകരാ മോള് ഇന്നലെ എന്നോട് ഒരു കാര്യം പറഞ്ഞു, അവൾക്ക് ഏതോ ഒരു ചെക്കനുമായിട്ട്‌ ഇഷ്ടമാണെന്ന്…പ്രശ്നം അതല്ല, ചെക്കൻ തീരെ താഴ്ന്ന ജാ തി യാ..

“ആര് ആതിരയോ…?

മ്മടെ ആതിര തന്നെ, അവൾക്ക് താഴെ ഉള്ളത് പിന്നെ പത്താം ക്ലാസ്സ് അല്ലേ ആയിട്ടുള്ളൂ..പറയാൻ പറ്റില്ല ഇന്നത്തെ കാലമല്ലേ..

“ആതിര മോൾക്ക് അത്രക്ക് ഇഷ്ടമാണെങ്കിൽ അങ്ങോട്ട് നടത്തി കൊടുത്താൽ എന്താടോ തനിക്ക്…!”

താനെന്താടോ സുധാകരാ പറയുന്നത്, അമ്മയില്ലാതെ വളർന്ന കുട്ടിയാ..അവളെ നമ്മുടെ വേണുവിനെ കൊണ്ട് കെട്ടിക്കാൻ ഞാൻ ആലോചിക്കാ.. ഒന്നുല്ലെങ്കിലും അവനൊരു നായരല്ലെ…! ആതിര ഇഷ്ടമാണെന്ന് പറയുന്ന ആ ചെക്കന് എന്തോ വലിയ ജോലിയാണെന്നോക്കെ അവള് പറയുന്നുണ്ട്…

“ആഹാ എന്നാ പിന്നെ അത് അങ്ങോട്ട് ഉറപ്പിക്ക്‌ രാഘവൻ നായരെ…!”

ഓ ഇപ്പൊ താനും അവളുടെ കൂടെ കൂടിയോ..? എന്ത് വലിയ ജോലി ഉണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം, നമ്മുടെ മോള് ആ കുടുംബത്തിൽ ചെന്ന് കേറിയാ പിന്നെ അവള് അവരുടെ കൂടെ ആയില്ലേ..എനിക്ക് പിന്നെ ഈ നാട്ടില് തല ഉയർത്തി നടക്കാൻ പറ്റുമെന്ന് തനിക്ക് തോന്നുന്നുണ്ടോ…?

“എന്നാ ഒരു കാര്യം ചെയ്യ്, കൂലിയും വേലയും ഇല്ലാതെ നടക്കുന്ന ആ വേണുവിന് തന്റെ മോളെ പിടിച്ച് കൊടുക്ക്, അല്ല പിന്നെ…എടോ രാഘവൻ നായരെ ഇന്ന് കാലം മാറി..കെട്ടുന്ന ചെക്കന് നല്ലൊരു ജോലി ഉണ്ടെങ്കിൽ അതൊരു നല്ല കാര്യമല്ലേ..
അതു മാത്രമല്ല തന്റെ ഈ സെക്യൂരിറ്റി ജോലി കൊണ്ട് എന്ത് ആവാനാ..ആതിരയെ മാത്രമല്ലല്ലോ അതിന് താഴെ ഒരു പെൺകുട്ടി കൂടി ഇല്ലെ.. ആതിരയെ കെട്ടുന്നവന് നല്ലൊരു സ്ഥിതി ആണെങ്കിൽ തനിക്ക് അതൊരു താങ്ങല്ലെ…?”

സുധാകരൻ എന്തൊക്കെ പറഞ്ഞാലും ഇത് നടക്കാൻ പോണില്ല…എനിക്ക് ജീവൻ ഉള്ളിടത്തോളം ഇത് ഞാൻ സമ്മതിക്കില്ല… എന്റെ കുടുംബത്തിന്റെ സൽപേര് ഞാൻ കളയില്ല…ഇന്നലെ അവനെ മതി എന്നും പറഞ്ഞ് ആതിര കുറെ വാശി പിടിച്ചു. നടക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട് ഞാൻ…

“തന്നോട് പറഞ്ഞിട്ട് കാര്യമില്ല രാഘവൻ നായരെ..” എന്നും പറഞ്ഞ് അയാള് അവിടുന്ന് ഇറങ്ങി..

അന്ന് തന്നെ ആതിരയുടെ അച്ഛൻ ആ വാശിക്ക് വേണുവിന്റേ വീട്ടുകാരുമായി ആലോചിച്ച് വിവാഹം ഉറപ്പിച്ചു.. മോതിരമാറ്റം ഒന്നും വേണ്ട, നല്ലൊരു മുഹൂർത്തം നോക്കി നടത്താം എന്നായിരുന്നു തീരുമാനം..

വീട്ടിലെത്തി ആതിരയോട് ഇക്കാര്യം പറഞ്ഞപ്പോ കരയുക അല്ലാതെ അവൾക്ക് വേറെ വഴി ഇല്ലായിരുന്നു.. അച്ഛന്റെ വാദം, വേണുവിന് പട്ടണത്തിൽ ഞാൻ സെക്യൂരിറ്റി ആയിട്ട് ജോലി ചെയ്യുന്ന കമ്പനിയിൽ ഒരു ജോലി തരപ്പെടുത്താൻ നോക്കാം എന്നായിരുന്നു..

പിറ്റേന്ന് അത്താഴം കഴിക്കാൻ ഇരുന്നപ്പോ ആതിര വീണ്ടും അച്ഛന്റെ കാലു പിടിച്ച് കരഞ്ഞു പറഞ്ഞു…

“മോളെ ആതിരെ നിന്നെ ഇത്രയും പടിപ്പിച്ചില്ലെ, ഇത്രയും ആക്കിയില്ലെ, എന്നിട്ട് നീ താഴ്ന്ന ജാതിയിൽ ഉള്ള ഒരുത്തന്റെ കൂടെ ജീവിക്കണം എന്നൊക്കെ പറഞ്ഞാൽ എങ്ങനെ ശരിയാകും..നമ്മുടെ കുടുംബത്തിന്റെ മാനം കൂടി നോക്കണ്ടെ..!”

അച്ഛാ അച്ഛൻ തന്നെ പറഞ്ഞിട്ടില്ലേ, നിന്റെ പഠിപ്പൊക്കെ കഴിഞ്ഞാൽ നിനക്ക് ഇഷ്ടമുള്ള ആളെ തിരഞ്ഞെടുക്കാം എന്ന്…?

“ഓഹോ എന്ന് കരുതി തൊന്നിയവനെ മരുമകനായ കാണാൻ എനിക്ക് പറ്റില്ല…”

പിന്നെ ആ വീട്ടിൽ അതിനെ പറ്റി സംസാരം ഉണ്ടായില്ല..

വേണുവുമായുള്ള വിവാഹത്തിന് നാലു ദിവസം മുമ്പ് ഒരു വൈകുന്നേരം രാഘവൻ നായർ ഓടി കിതച്ച് സുധാകരൻ നായരുടെ വീട്ടിലേക്ക് എത്തി…

“സുധാകരാ ദേ ഇത് നോക്കിയേ..?” എന്നും പറഞ്ഞ് ഒരു എഴുത്ത് അയാൾക്ക് നേരെ നീട്ടി..

“അച്ഛാ എന്നോട് ക്ഷമിക്കണം..ഞാൻ പോകുന്നു, എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ആളുടെ കൂടെ.. നമ്മുടെ കുടുംബക്കാരൻ എന്നല്ലാതെ എന്ത് ഉണ്ട് അച്ഛൻ എനിക്ക് വേണ്ടി കണ്ടൂ പിടിച്ച വേണുവിന്…നാട്ടിൽ അയാൾക്കില്ലാത്ത ഒരു ചീത്തപ്പേരും ഉണ്ടാവില്ല… വീണ്ടും പറയുന്നു അച്ഛൻ ക്ഷമിക്കണം..”

ഇത്രയുമായിരുന്നു ആ കത്തിൽ ഉണ്ടായിരുന്നത്..

“അവള് ചതിച്ചല്ലോ സുധാകരാ…”

ഞാൻ അന്നെ പറഞ്ഞതല്ലേ തന്നോട് അത് നടത്തി കൊടുക്കാൻ..ഇപ്പൊ മാനം എവിടെ പോയി.. എന്തായാലും ആരെയും അതികം അറിയിക്കണ്ട…അവരെ നമുക്ക് വിളിച്ചു കൊണ്ട് വരാം..

“ഇല്ല അത് വേണ്ട…എന്റെ കുടുംബത്തിന്റെ മാനം കളഞ്ഞ അവളെ ഇനി ഇവിടേക്ക് കയറ്റില്ല ഞാൻ…അല്ലെങ്കിൽ എവിടെയാണെന്ന് വെച്ചാ അന്വേഷിക്കുന്നത്…?”

അപ്പോ താൻ അതൊന്നും അവളോട് ചോദിച്ചില്ലെ…? ചെക്കന്റെ വീടും കാര്യങ്ങളൊന്നും ചോദിച്ചില്ലെ…?

“ഇല്ല സുധാകരാ, അന്ന് വേണുവുമായി എല്ലാം ഉറപ്പിച്ചപ്പോ ഞാൻ ഓർത്തു അവള് ആ കല്യാണത്തിന് സമ്മധിക്കും എന്ന്.. അത് കൊണ്ട് ഞാൻ അതൊന്നും അന്വേഷിച്ചില്ല…
വേണ്ടാടോ ഇനി അവളുടെ കാര്യം കളയാം…”

മാസം മൂന്ന് കഴിഞ്ഞു..രാഘവൻ നായർ ജോലിക്കൊന്നും പോകാതെ ആയി..ഒരിക്കൽ അയാള് സെക്യൂരിറ്റി ആയി ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും ഒരു ലെറ്റർ വന്നു..

“രാഘവൻ നായർക്ക് പകരം വന്ന ആളെ സ്ഥിരമാക്കുവാൻ പോവുകയാണ്…നാളെ മുതൽ ജോലിക്ക് വന്നാൽ ജോലിക്ക് തുടരാം” എന്നായിരുന്നു എഴുത്തിന്റെ ഉള്ളടക്കം..

ആതിരയുടെ അനിയത്തി ആ ലെറ്റർ വാങ്ങി വായിച്ചു..എന്നിട്ട് പറഞ്ഞു, “അച്ഛാ ചേച്ചി പോയിട്ട് ഇത്രയും നാളായില്ലെ, അച്ഛൻ ഇവിടെ ഇങ്ങനെ ഇരുന്നാൽ നമ്മൾ എങ്ങനെ കഴിയും. അത് കൊണ്ട് അച്ഛൻ നാളെ മുതൽ ജോലിക്ക് പോകണം.. എവിടെ ആണെങ്കിലും ചേച്ചി നല്ല നിലയിൽ ജീവിക്കട്ടെ അച്ഛാ..”

അങ്ങനെ രാഘവൻ നായർ ജോലിക്ക് തുടർന്ന് പോകാൻ തീരുമാനിച്ചു..അങ്ങനെ പിറ്റേന്ന് രാവിലെ ജോലിക്ക് തിരിച്ചു..കമ്പനിയിൽ എത്തിയ രാഘവൻ നായർ സെക്യൂരിറ്റി യൂണിഫോം ഒക്കെ ധരിച്ച് ജോലിക്ക് കയറി…അപ്പോഴാണ് പ്യുൺ വന്നിട്ട് പറഞ്ഞത്ത്,

“രാഘവൻ നായരെ എംഡി അന്വേഷിക്കുന്നു…ഇത്രയും ദിവസം പറയാതെ ലീവ് എടുത്തതിന് ഇന്ന് വയറു നിറച്ചു കേൾക്കാം തനിക്ക്.. പുതിയ എംഡി ആള് കുറച്ച് പ്രശ്നമാ..”

രാഘവൻ നായർ പേടിച്ച് പേടിച്ച് എംഡിയുടെ മുറിയിലേക്ക് പോയി…ആകെ ഉള്ള ജോലി പോയാൽ എങ്ങനെ ജീവിക്കും..

വാതിലിൽ മുട്ടിയപ്പോ അകത്തേക്ക് വരാൻ അകത്തു നിന്നും നിർദ്ദേശം വന്നു…ഒരു സ്ത്രീ ശബ്ദമാണ്.. പുതിയ എംഡി സ്ത്രീ ആവും എന്നു വിചാരിച്ച് അകത്ത് കയറിയ രാഘവൻ നായർ സ്തംഭിച്ച് നിന്നു…

എംഡിയുടെ കസേരയിൽ ഇരിക്കുന്നത് തന്റെ മകൾ ആതിര ആയിരുന്നു..അയാൾക്ക് കാലോക്കെ വിറക്കുന്നത്‌ പോലെ തോന്നി…

“മോളെ ആതിരാ…”

എന്താ അച്ഛാ എന്നെ ഇങ്ങനെ ഒരിക്കലും പ്രതീക്ഷിച്ചില്ല അല്ലേ..? അച്ഛന്റെ മോള് ഇപ്പൊ ഈ കമ്പനിയുടെ എംഡി ആണ്…അച്ഛൻ ഇത്രയും നാളും ജോലി ചെയ്തത് ശരത്തെട്ടന്റ കമ്പനിയിൽ ആയിരുന്നു…

ശരത്തേട്ടൻ എന്റെ ഭർത്താവാണ്…അച്ഛൻ താഴ്‍ന്ന ജാ തി യാണെന്നും പറഞ്ഞു തള്ളി കളഞ്ഞ എന്റെ ശരത്തേട്ടന്റേ കമ്പനി ആണിത്…

ശരത്തേട്ടന് ഒരിക്കലും അറിയില്ലായിരുന്നു, എന്റെ അച്ഛനാണ് രാഘവൻ നായരെന്ന്…അച്ഛനും ഒരിക്കൽ പോലും എന്നോടോ അനിയത്തിയോടോ ഇവിടെ ആണ് ജോലി ചെയ്യുന്നതെന്ന് പറഞ്ഞിരുന്നില്ല… ഞാനത് ചോദിച്ചിരുന്നൂമില്ല…ഞാൻ കഴിഞ്ഞ ആഴ്ചയാണ് ഇവിടെ ഓഫീസിൽ വന്നു തുടങ്ങിയത്…

രജിസ്റ്റർ ഒക്കെ പരിശോധിച്ചപ്പോൾ അച്ഛന്റെ ഫോട്ടോയും നമ്മുടെ അഡ്രസ്സും കണ്ടു…ഞാൻ ശരത്തെട്ടനോട് എല്ലാം പറഞ്ഞു… അങ്ങനെ ഞാൻ പറഞ്ഞിട്ടാണ് ഏട്ടൻ അച്ഛനോട് വരാൻ പറഞ്ഞ് ഇവിടുന്ന് കത്തയച്ചത്…

“മോളെ അച്ഛൻ….. എന്നോട് ക്ഷമിക്കണം മോളെ..എന്റെ വാശി..!” അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

അയ്യോ അച്ഛൻ ഒരിക്കലും എന്നോട് ക്ഷമ ചോദിക്കരുത്.. ഞാനാണ് തെറ്റ് ചെയ്തത്…ഇത്രയും വളർത്തിയ അച്ഛനെ അവഗണിച്ച് ഞാൻ ശരത്തേട്ടനോടൊപ്പം ഇറങ്ങി വന്നത് വലിയൊരു തെറ്റാണ്…എനിക്ക് വേറെ വഴിയില്ലായിരുന്നു..

വേണു എന്ന ആ വൃത്തികെട്ടവനെ അച്ഛൻ എനിക്ക് വേണ്ടി ആലോചിച്ചപ്പോ പിന്നെ ഒന്നും നോക്കിയില്ല.. അപ്പോഴേക്കും ശരത് മുറിയിലേക്ക് കയറി വന്നു… ശരത്തിനെ കണ്ടതും ബഹുമാനത്തോടെ രാഘവൻ നായർ പുറകിലേക്ക് നീങ്ങി നിന്നു..

അത് കണ്ട് ശരത് അയാളുടെ അടുത്ത് വന്നിട്ട് പറഞ്ഞു, “എന്താ അച്ഛാ ഈ കാണിക്കുന്നത്…ഞാൻ ഇനി എംഡി അല്ല..എന്റെ പെണ്ണിന്റെ അച്ഛനാണ് രാഘവൻ നായർ.. ഇനി എന്റെ കമ്പനിയും എനിക്കുള്ളത് എല്ലാം അച്ഛന്റെ ഈ ആതിര കുട്ടിയുടെ കൂടിയാണ്… അച്ഛനോട് ഞാൻ അറിയാതെ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണം..”

അത് കേട്ട് ആതിരയുടെ കണ്ണുകൾ നിറഞ്ഞു..

രാഘവൻ നായർ ഒന്നും പറയാതെ കരഞ്ഞു കൊണ്ട് അവിടുന്ന് ഇറങ്ങി പോയി..

അന്ന് വൈകുന്നേരം രാഘവൻ നായർ ഉമ്മറത്ത് ഇരിക്കുംമ്പോ ഒരു കാറ് വീട്ടുമുറ്റത്ത് വന്നു നിന്നു.. തന്റെ മോളും മരുമകനും ആയിരുന്നു അത്..

അച്ഛൻ പതിയെ എണീറ്റു.. ആതിര അപ്പോഴേക്കും ഓടി വന്ന് അച്ഛനെ കെട്ടിപിടിച്ച് കരഞ്ഞു..

“മോനെ ശരത്തെ അച്ഛൻ…”

എന്താ അച്ഛാ ഞങ്ങളെ അകത്തേക്ക് വിളിക്കുന്നില്ലെ..?

“വിളിക്കാൻ ഇത് അന്യ വീടൊന്നും അല്ല…നിങ്ങളുടെ കൂടി വീടാണ്..മോൻ കയറി വാ..” എന്ന് പറഞ്ഞു മോളെയും കെട്ടിപിടിച്ച് രാഘവൻ നായർ അകത്തേക്ക് കയറിയപ്പോ താൻ ചെയ്ത തെറ്റുകളൊക്കെ കണ്ണീരായി ഒഴുകുന്നുണ്ടായിരുന്നു…..

~ജിഷ്ണു രമേശൻ