ഞാൻ കയ്യിൽ ഒന്ന് നുള്ളി നോക്കി…വേദനിക്കുന്നുണ്ട്..അപ്പോൾ സ്വപ്നമല്ല..മെല്ലെ എഴുന്നേറ്റ് …

ശാപമോക്ഷം…

എഴുത്ത്: കർണൻ സൂര്യപുത്രൻ

===================

ആ വീട്ടുമുറ്റത്തേക്ക് കയറുമ്പോഴേക്കും വിയർത്തൊഴുകുന്നുണ്ടായിരുന്നു…ബസ് ഇറങ്ങി ഓട്ടോ ഒന്നും കിട്ടാത്തത് കൊണ്ട് രണ്ടു കിലോമീറ്ററോളം നടന്നു…എന്നാലും സാരമില്ല….അവസാനം കണ്ടുപിടിച്ചല്ലോ…പുറത്തെങ്ങും ആരുമില്ല…പക്ഷേ മതിലിന്റെ അപ്പുറത്തെ വീട്ടിൽ ഒരുപാട് ആളുകളുണ്ട്. വിവാഹം ആണെന്ന് തോന്നുന്നു…കാളിംഗ് ബെല്ലിൽ വിരൽ അമർത്തിയതും പോക്കറ്റിൽ നിന്ന് മൊബൈൽ അടിച്ചതും ഒരുമിച്ച്….അമ്മയാണ്..

“എത്തിയോടാ?”

“ഉവ്വ്…”

“ഒറ്റയ്ക്കാണോ പോയത്?.. “

“അതെ…”

“നിനക്ക് ചങ്ങാതിമാരെ ആരെയെങ്കിലും കൂട്ടിക്കൂടായിരുന്നോ?”

“ഞാനതിന് ടൂറ് വന്നതല്ല….”

“ഏതോ നാടാണ്…അടി കിട്ടാതെ നോക്കണം..”

“കിട്ടിയാൽ കൊള്ളും..അമ്മ തന്നെയല്ലേ കാശ് തിരിച്ചു വാങ്ങിയിട്ട്  വീട്ടിൽ കേറിയാൽ മതിയെന്ന് പറഞ്ഞത്?”

എനിക്ക് നല്ല ദേഷ്യം വന്നു.

“അതേടാ…നിന്റെ അച്ഛൻ എനിക്ക് തന്ന സ്വർണമാലയും വളയും പണയം വച്ചിട്ട്  കാശ് വാങ്ങിയിട്ട് പോകുമ്പോ പൊന്നുമോൻ എന്താ പറഞ്ഞേ?.. ഒരു മാസത്തിനുള്ളിൽ സിങ്കപ്പൂരേക്ക് വിസ കിട്ടും..അവിടെത്തി ആദ്യത്തെ ശമ്പളം കിട്ടിയാലുടൻ എടുത്ത് തരാമെന്ന്…അല്ലേ? എന്നിട്ടിപ്പോ വിസയുമില്ല സ്വർണവുമില്ല. മര്യാദയ്ക്ക് നാട്ടിൽ ഓട്ടോഓടിച്ചു നടന്നാൽ മതിയാരുന്നല്ലോ…അപ്പൊ നിനക്ക് പറക്കണം…നീ സിങ്കപ്പൂര് പോകുന്നതെന്തിനാണെന്ന് എനിക്കറിയാമെടാ..ആ ശാന്ത പറയുന്നുണ്ടാരുന്നു അവിടൊക്കെ തുണിയില്ലാതെ പെണ്പിള്ളേര് ഡാൻസ് കളിക്കുന്ന ക ള്ളുഷാപ്പുകൾ ഉണ്ടെന്ന്….സമയത്ത് കല്യാണം കഴിക്കാതിരുന്നിട്ടാ ഇമ്മാതിരി ഓരോ തോന്നൽ…”

“ഈ വിവരക്കേട് എന്നോട് പറഞ്ഞതിരിക്കട്ടെ…വേറാരോടും മിണ്ടിയേക്കരുത്…എന്റെ പൊന്ന് അമ്മേ…ആ ത ള്ളയ്ക്ക് ഇമ്മാതിരി ഓരോ ന്യൂസ് എവിടുന്നു കിട്ടുന്നതാ…നിങ്ങളുടെയൊക്കെ കണ്ണുതട്ടിയിട്ടാ എല്ലാം പോയത്…ഫോൺ വച്ചേ…”

“നീ വല്ലതും കഴിച്ചോ?”

“ഇതിലൊരു തീരുമാനം ആകട്ടെ..”

“പ്രശ്നമൊന്നും ഉണ്ടാക്കാതെ പെട്ടെന്ന് വാ…”

ഫോൺ പോക്കറ്റിൽ ഇട്ട് ഞാൻ ഒന്നുകൂടി കാളിങ് ബെൽ അടിച്ചു…കുറച്ചു കഴിഞ്ഞ് വാതിൽ തുറക്കപ്പെട്ടു…ആറോ എഴോ  വയസ്സ് പ്രായമുള്ള ഒരാൺകുട്ടി….

“അജയന്റെ വീടല്ലേ ഇത്?”

“അച്ഛൻ ഇവിടെ ഇല്ല…” അവൻ പരിഭ്രമത്തോടെ പറഞ്ഞു…

“അമ്മയില്ലേ?”

“റീനാന്റിയുടെ കല്യാണത്തിന് പോയി…”   അടുത്ത വീട്ടിലേക്ക് വിരൽ ചൂണ്ടിയാണ് ഉത്തരം..കുഞ്ഞുകണ്ണുകളിൽ ഭീതി നിഴലിച്ചത് കണ്ടപ്പോൾ എനിക്കു പാവം തോന്നി..പതിയെ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ സിറ്റൗട്ടിൽ കയറിയിരുന്നു..

“ഞാൻ മോന്റെ അച്ഛന്റെ കൂട്ടുകാരനാ…ഒന്ന് കാണാൻ വന്നതാ….അമ്മ ഇപ്പോഴെങ്ങാനും വരുമോ?”

“ആ….ഇപ്പ വരും,..”

“മോന്റെ പേരെന്താ?”

“അഭിരാം..”

“ഇവിടെ വേറെയാരുമില്ലേ?.. കുടിക്കാൻ കുറച്ചു വെള്ളം വേണമായിരുന്നു..”

“ഞാൻ കൊണ്ടുവരാം അങ്കിളേ..” അവൻ അകത്തേക്കോടി…തിരിച്ചു വന്നത് ഒരു വലിയ സ്റ്റീൽ ഗ്ലാസിൽ വെള്ളവുമായിട്ടാണ്..ഞാൻ അത് കുടിച്ചു തീർത്തപ്പോഴേക്കും  കയ്യിലെ ബിസ്കറ്റ് പാക്കറ്റ് അവൻ എനിക്ക് നീട്ടി..

“തിന്നോ..”

“ഏയ്‌ വേണ്ട…മോനെന്താ കല്യാണത്തിന് പോകാഞ്ഞേ..?” ചോദ്യം കേട്ടപ്പോൾ അവന്റെ മുഖം വാടി..ഞാൻ അവനെ പിടിച്ച് എന്റെ അടുത്തിരുത്തി..

“എന്തുപറ്റി?”

“എനിക്ക് നല്ല കുപ്പായമൊന്നുമില്ല..പഴയത് ഇട്ടിട്ടു പോയാൽ കുട്ടികൾ കളിയാക്കും…”

“അച്ഛനോട് പറഞ്ഞൂടായിരുന്നോ?”

“വേണ്ട…അച്ഛൻ അടിക്കും…എന്നേം അമ്മേനേം…”

ഏതോ ഓർമ്മയിൽ അവൻ നടുങ്ങുന്നത് ഞാൻ കണ്ടു..

“എനിക്ക് പേടിയാ…അച്ഛൻ ഇവിടെ വന്നാൽ എന്നും വഴക്ക് പറയും…ഒന്നും പറയുന്നത് ഇഷ്ടമല്ല…ഇന്നാള് ഒരു അങ്കിൾ അമ്മയുടെ സാരി വലിച്ചു കീറി…അത് അച്ഛനോട് പറഞ്ഞപ്പോഴും അമ്മയെ തല്ലി….”

“അഭീ…” അലറുന്നത് പോലൊരു ശബ്ദം കേട്ട് ഞാനും ആ കുട്ടിയും ഒരുപോലെ ഞെട്ടിത്തിരിഞ്ഞു..മുറ്റത്ത് ഒരു പെണ്ണ്…

“നിന്നോട് പറഞ്ഞിട്ടില്ലെടാ വീട്ടിൽ വരുന്നവരോട്  ഒന്നും മിണ്ടരുതെന്ന്…?..”

അതോടെ കുട്ടി തലകുനിച്ച് അകത്തേക്കു നടന്നു.

“നിങ്ങളാരാ?..എന്തിനാ ഇവിടെ കേറിയിരിക്കുന്നെ..?”

അവളുടെ സ്വരം പരുഷമായിരുന്നു…ഞാൻ അവളെയൊന്ന് അടിമുടി നോക്കി..നിറം മങ്ങിയ ഒരു ചുരിദാർ ആണ് വേഷം..മുക്കുപണ്ടമാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാവുന്ന മാല..ശൂന്യമായ കാതുകളും കൈത്തണ്ടയും…മേൽചുണ്ടിന് മേൽ മുത്തുമണികളെ പോലെ തിളങ്ങുന്ന  വിയർപ്പുതുള്ളികളിൽ  കണ്ണുകൾ തറഞ്ഞപ്പോൾ ഞാൻ സ്വയം ശാസിച്ചു…

“ചോദിച്ചത് കേട്ടില്ലേ? നിങ്ങളാരാ?”

“ഞാൻ അജയനെ കാണാൻ വന്നതാ..എവിടെ അവൻ? “

“പൊലീസാണോ? അതോ പൈസ കടം കൊടുത്തവരോ?..ഇവർ മാത്രമേ അന്വേഷിച്ചു വരാറുള്ളൂ…”

അവൾ സിറ്റൗട്ടിലേക്ക് കയറി…ദൈവമേ..എഴുപത്തിഅയ്യായിരം പോയോ?..അവൻ വിചാരിച്ചതിനേക്കാൾ വലിയ ഫ്രോഡ് ആണെന്ന് തോന്നുന്നു..

“അതേയ്…ഞാൻ കാര്യം പറയാം..എന്റെ നാട്ടിലെ ഒരു നാറിയാ നിങ്ങളുടെ ഭർത്താവിനെ പരിചയപ്പെടുത്തി തന്നത്..സിങ്കപ്പൂരിലേക്ക് വിസ ശരിയാക്കാൻ വേണ്ടി കാശ് വാങ്ങി…കുറെ പേപ്പറുകളും ഒരുപാട് ആളുകളുടെ ഫോട്ടോയും കാണിച്ചു തന്നു…അയാള്  കയറ്റി വിട്ട് ജീവിതത്തിൽ രക്ഷപെട്ടവരാ എന്നും പറഞ്ഞു..ഏതോ മൂന്നാലുപേർക്ക് ഫോൺ ചെയ്ത് എന്നോട് സംസാരിപ്പിച്ചു..പുള്ളിയെ വിശ്വസിക്കാം ഞങ്ങൾക്കിവിടെ സുഖം ആണെന്നൊക്കെ അവര് പറഞ്ഞപ്പോൾ ഞാനൊന്നും ആലോചിക്കാൻ നിന്നില്ല..കാശ് കൊടുത്തിട്ട് നാള് കുറച്ചായി..അപ്പോഴാ തട്ടിപ്പ് പുറത്ത് വന്നത്..എല്ലാം നിങ്ങളുടെ കെട്ടിയോന്റെ ഉടായിപ്പ് ആയിരുന്നു. അയാളെ പരിചയപ്പെടുത്തിയവന്റെ കുത്തിനു പിടിച്ചപ്പോ അവനേം  പറ്റിച്ചതാണെന്ന് മനസിലായി…എനിക്കിപ്പോ വീട്ടിൽ കേറാൻ പറ്റാത്ത അവസ്ഥയാ….അതോണ്ട്എന്റെ പെങ്ങളേ..അയാളോട് കാശ് തിരിച്ചു തരാൻ പറ…”

അവൾ കൈകൾ മാറിൽ കെട്ടി ചിരിച്ചു..

“നിങ്ങൾക്ക് എന്താ ജോലി?”

“ഓട്ടോ ഡ്രൈവർ ആണ്..”

“എന്തുവരെ പഠിച്ചു?”

“ഡിഗ്രി…,”

“വിദ്യാഭ്യാസം കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്ന് മനസിലായി. എടോ മനുഷ്യാ…യാതൊരു പരിചയവുമില്ലാത്ത ഒരുത്തന് കാശ് കൊടുക്കും മുൻപ് എല്ലാം അന്വേഷിക്കണം…”

“അത് ശരി..പറ്റിച്ചിട്ട് ന്യായം പറയുന്നോ?”

“ആര് ഞാനോ?. ഞാൻ നിങ്ങളുടെ കാശ് വാങ്ങിയോ?..”

“അവൻ കൊണ്ടുവരുന്നതിൽ  നിന്നല്ലേ നിങ്ങളും ആഹാരം കഴിക്കുന്നേ?”

“അല്ല…ഞാൻ വീട്ടുജോലിക്ക് പോയി കൊണ്ടുവരുന്നത് കൊണ്ടാ…അതോണ്ട് നിങ്ങൾ ഇറങ്ങാൻ നോക്ക്…”

അവളുടെ കൂസലില്ലായ്മ കണ്ടപ്പോൾ എനിക്കു പെരുത്തുകയറുന്നുണ്ടായിരുന്നു..പെണ്ണായിപ്പോയി..വല്ലതും വിളിച്ചു പറഞ്ഞാൽ  വകുപ്പ് മാറും…ജയിലിൽ കിടക്കാൻ വയ്യ.

“ഇത് ന്യായമാണോന്ന് നിങ്ങള് ആലോചിച്ചു നോക്ക്…”

ഞാൻ ശബ്ദം പരമാവധി മയപ്പെടുത്തി.

“ഒന്നും രണ്ടുമല്ല…രൂപ എഴുപത്തി അയ്യായിരമാ പോയത്…എനിക്കതു വളരെ വലുതാണ്…നിങ്ങൾ തരണമെന്നല്ല…അജയൻ എവിടെ എന്ന് പറ..ഞാൻ നേരിൽ കണ്ടോളാം..”

“എനിക്ക് അറിയില്ല…കയ്യിൽ പൈസ ഇല്ലാതാവുമ്പോൾ ഇങ്ങോട്ട് വരും..ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് എടുത്തോണ്ട് പോകും..പിന്നെ കുറച്ചു ദിവസത്തേക്ക് എവിടെയാണെന്ന് പോലുമറിയില്ല…പണ്ട് ഇതുപോലെ ഒരു വിസ തട്ടിപ്പ് നടത്തിയതിന്റെ ബാധ്യത തീർക്കാനാ സ്വന്തം വീട് വിറ്റിട്ട് ഈ വാടകവീട്ടിലേക്ക് മാറിയത്…പിന്നേം ആ പണി തുടങ്ങിയത് ഞാനറിഞ്ഞില്ല…”

മുഖഭാവം ഗൗരവം ആയിരുന്നെങ്കിലും അവൾ ഉള്ളിൽ ഒളിപ്പിക്കാൻ ശ്രമിച്ച വേദന കണ്ണുകളിൽ പ്രകടമായിരുന്നു.

“നിങ്ങളുടെ പൈസ തരാൻ എന്റെ കയ്യിൽ ഇല്ല..ഒന്നുകിൽ നിങ്ങൾക്ക് പോലീസിൽ പരാതി നൽകാം..അല്ലെങ്കിൽ കടം കൊടുത്ത മറ്റുള്ളവർ ചെയ്യുന്നത് പോലെ ദിവസവും ഇവിടെ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാം…എന്റെ മാനത്തിന് വിലപറയാം…കീഴ്പ്പെടുത്താൻ ശ്രമിക്കാം..എല്ലാത്തിനും ഒടുവിൽ എന്നെയും മോനെയും കൊ ല്ലാനുള്ള സന്മനസ്സ് കാട്ടിയാൽ മതി…”

അന്നുവരെ അനുഭവിച്ചതെല്ലാം പേമാരിയായി പെയ്തിറങ്ങും മുൻപ് അവൾ അകത്തു കയറി വാതിൽ വലിച്ചടച്ചു…ഞാൻ തരിച്ചിരിക്കുകയാണ്..എന്താണ് ഇപ്പോൾ സംഭവിച്ചത്?…ഭീഷണിപ്പെടുത്തിയോ  തല്ലിയോ കാശ് തിരിച്ചു വാങ്ങാൻ വന്ന എന്റെ കണ്ണുകൾ എന്തിനാ ഈ പെണ്ണിന്റെ സംസാരം കേട്ട് നിറയുന്നതെന്ന് എത്രയാലോചിച്ചിട്ടും മനസിലായില്ല..

മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ വേലിയുടെ അടുത്ത് നിന്നൊരു പ്രായമായ സ്ത്രീ കൈ കാട്ടി വിളിച്ചു..

“അജയൻ പൈസ തരാനുണ്ടാകുമല്ലേ?”

ഞാൻ തലയാട്ടി..

“ആഴ്ചയിൽ മൂന്നാല് പേരെങ്കിലും ഇതുപോലെ വരും…ആ പെങ്കൊച്ചിന് സ്വൈര്യം കിട്ടില്ല…ചിലർക്ക് കാശ് കിട്ടിയില്ലെങ്കിലും പ്രശ്നമില്ല അവളെ മതി..എന്തൊരു കഷ്ടമാ..”

“അയ്യോ ചേച്ചീ…ഞാൻ അത്തരക്കാരൻ അല്ല..എനിക്ക് പെങ്ങളില്ലെങ്കിലും അമ്മ ഉണ്ട് വീട്ടിൽ…ചെറ്റത്തരം കാണിക്കില്ല.”

അവർ ചിരിച്ചു…

“മോൻ ഇങ്ങോട്ട് വാ…”

ഞാൻ അവരുടെ വീട്ടിലേക്ക് ചെന്നു..

“ചായ എടുക്കട്ടെ?”

“വേണ്ട…”

“എന്താ പേര്?”

“പ്രസാദ്….ആ കുട്ടിക്ക് വീട്ടുകാർ ആരുമില്ലേ?”

“ഉണ്ട്…പ്രേമിച്ചു കെട്ടിയതാ…വീട്ടുകാർക്ക് അജയന്റെ സ്വഭാവം അറിയുന്നത് കൊണ്ട് സമ്മതിച്ചില്ല…ആ പ്രായത്തിൽ ഒന്നും ആലോചിക്കാതെ അവന്റെ കൂടെ ഇറങ്ങി വന്നു…അതോടെ വീട്ടുകാർ പടിയടച്ചു പിണ്ഡം വച്ചു…ആദ്യമൊക്കെ ഇവളെ നന്നായി തന്നെയാ നോക്കിയത്…പിന്നെ ശരിക്കും സ്വഭാവം പുറത്ത് വന്നു…ആളെ പറ്റിക്കുന്നത് മാത്രമല്ല, ക ള്ളുകുടി, പെണ്ണുപിടി തുടങ്ങി സകലതും ഉണ്ട്…ആരുടെയെങ്കിലും അടുത്ത് നിന്ന് കാശ് കടം വാങ്ങിയാൽ അവർക്ക് ഈ കൊച്ചിന്റെ നമ്പർ കൊടുക്കും…ഒരു ദിവസം എനിക്കവളു ഫോൺ കാണിച്ചു തന്നിരുന്നു..ഓരോരുത്തന്റെ മെസ്സേജ് കണ്ടാൽ തൊലി ഉരിഞ്ഞു പോകും…”

“അച്ഛനെയും അമ്മയെയും കരയിപ്പിച്ചു ഇറങ്ങി വന്നത് കൊണ്ടല്ലേ ഈ അനുഭവിക്കുന്നത്? ഇതുപോലെ ഒരുപാട് പേരുണ്ട്…എന്നാലും പെൺകുട്ടികൾ പഠിക്കില്ല…”

ഞാൻ കാരണവരെ പോലെ പറഞ്ഞത്  തീരെ ഇഷ്ടമായില്ല എന്ന് ആ ചേച്ചിയുടെ മുഖം കണ്ടപ്പോൾ മനസിലായി…പക്ഷേ അവർ ദേഷ്യപ്പെട്ടില്ല…പിന്നെയും ഒരുപാട് കാര്യങ്ങൾ വിശദീകരിച്ചു. അവളുടെ പേര് ഹരിത എന്നാണെന്നും..കുറച്ചു ദൂരെ ഒരു വീട്ടിൽ രോഗിയായ ഒരു സ്ത്രീയെ പരിചരിക്കാനും, വീട്ടുജോലികൾ ചെയ്യാനും പോകാറുണ്ടെന്നും മാസം തികയാതെ പ്രസവിച്ചതായത് കൊണ്ട് മോന് എന്നും അസുഖങ്ങൾ വിട്ടുമാറാറില്ല  എന്നുമൊക്കെ….പൊതുവെ എനിക്ക് മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ കേൾക്കാൻ തീരെ ഇഷ്ടമല്ല.. കാരണം അത് ആവശ്യത്തിന് എനിക്കുണ്ട്…..ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ വലിയൊരു കടബാധ്യത ഉണ്ടാക്കി വച്ച് അച്ഛൻ മരിച്ചു..പിന്നെഅത് തീർക്കാനും എന്നെ പഠിപ്പിക്കാനുമുള്ള അമ്മയുടെ നെട്ടോട്ടം ഞാൻ കണ്ടതാണ്….ഒടുവിൽ അമ്മയുടെ ആരോഗ്യം മോശമായപ്പോൾ ഞാൻ ജോലിക്ക് ഇറങ്ങി…രാവും പകലും ഓട്ടോ ഓടിച്ചിട്ടും ഒന്നും മിച്ചം പിടിക്കാൻ പറ്റാത്തത് കൊണ്ടാണ് പുറത്ത് എവിടെയെങ്കിലും പോയി രക്ഷപെടാൻ ആഗ്രഹിച്ചത്…അത് ഇങ്ങനെയുമായി..

ആ ചേച്ചിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഞാൻ അജയന്റെ വീടിനു നേരെ നോക്കി..കുറച്ചു മാത്രം തുറന്ന ജനലിലൂടെ  ഹരിത എന്നെയും നോക്കുന്നുണ്ട്..ഞാൻ കണ്ടു എന്ന് മനസിലാക്കിയ അവൾ  പുറകിലേക്ക് മാറി..

അന്ന് രാത്രി ഉറക്കം വരാതെ കിടക്കുമ്പോൾ അമ്മയുടെ ചോദ്യം

“എന്നിട്ട് അവൻ എവിടാണെന്ന് നീ അന്വേഷിച്ചില്ലേ?”

“ഉം…ഭർത്താവ് മരിച്ച ഒരു സ്ത്രീയുടെ കൂടെയാ…ആ വീട്ടിലും ഞാൻ പോയി നോക്കി…അവർ വേറൊരു അഡ്രസ്സ് തന്നിട്ടുണ്ട്…നാളെ കൂട്ടുകാരെയും കൊണ്ട് അവിടം വരെ പോണം..”

“എന്നാലും നിന്നെ സമ്മതിച്ചിരിക്കുന്നെടാ..”

“എന്തേ?”

“മാന്യമായി  വിസ കൊടുക്കുന്ന എത്രയോ പേര് ഈ കേരളത്തിൽ ഉണ്ടായിട്ടും ഒരു കള്ളന്റെ കയ്യിൽ തന്നെ കാശ് നൽകിയ  നിന്നെ മണ്ടൻ എന്ന് പോലും വിളിക്കാൻ പറ്റില്ല.”

“ഒന്ന് ഉറങ്ങാൻ വിടുമോ?”

“എന്റെ ഉറക്കം കളഞ്ഞിട്ട് നീ ഉറങ്ങണ്ട…ഞാൻ പലതവണ പറഞ്ഞതാ ഇതൊന്നും ആവശ്യമില്ല, ആ റേഷൻ കടയുടെ പുറകിലെ സ്ഥലം വിറ്റ് കിട്ടുന്ന കാശ് കൊണ്ട് കടം തീർത്ത് ബാക്കിയുള്ളത് കൊണ്ട് ഒരു കല്യാണം കഴിക്കാൻ…അന്ന് അത് കേട്ടിരുന്നെങ്കിൽ ഇന്ന് പെണ്ണുമ്പിള്ളയെയും കെട്ടിപ്പിടിച്ചു കിടക്കാരുന്നല്ലോ…ഈ കുഴമ്പ് മണക്കുന്ന മുറിയിൽ എന്റെ കൂടെ കിടന്ന് നരകിക്കാനാ നിന്റെ യോഗം…”

“അമ്മയോളം വരുമോ ഭാര്യ..”

“ചെറുക്കാ  സുഖിപ്പിക്കല്ലേ…എനിക്ക് വയ്യ ഈ പ്രായത്തിലും നിനക്ക് വച്ചു വിളമ്പി തരാൻ…കൂട്ടുകാരുടെ പിള്ളേര് സ്കൂളിൽ പോയി തുടങ്ങി…അത് കണ്ടിട്ടെങ്കിലും നിനക്കൊരു നാണം  തോന്നണ്ടേ?”

അമ്മ നിർത്താൻ ഉദ്ദേശമില്ല എന്ന് മനസിലായതോടെ ഞാൻ ഉറക്കം നടിച്ചു…പക്ഷേ കണ്ണടച്ചപ്പോൾ  ഹരിതയുടെ രൂപം മുന്നിൽ തെളിഞ്ഞു..ഒരുപാട് പ്രതീക്ഷകളോടെ സ്നേഹിച്ച പുരുഷന്റെ കൂടെ ഇറങ്ങിവന്നവൾ…ഇന്ന് അവൻ ചെയ്യുന്നതിന്റെ ഫലമെല്ലാം അനുഭവിക്കുന്നു…ആ കുട്ടിയുടെ കാര്യം ആലോചിക്കുമ്പോഴാണ് കൂടുതൽ സങ്കടം…അച്ഛൻ കടം വാങ്ങിയവർ വീട്ടിൽ വന്ന് അമ്മയെ അസഭ്യം പറയുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അവനുണ്ടാകുന്ന വേദന എത്ര വലുതായിരിക്കും?…

*****************

അജയനെ തേടിയുള്ള യാത്ര പിന്നെയും തുടർന്നു..ഫലമുണ്ടായില്ല…മുൻകൂട്ടി അറിഞ്ഞത് പോലെ അയാൾ ഓരോ സ്ഥലത്തു നിന്നും മുങ്ങി..അവസാനം എനിക്കു മടുത്തു…ഒരു ദിവസം നഗരത്തിലൂടെ വെറുതെ നടക്കുമ്പോഴാണ് ഹരിത മുന്നിൽ വന്നു പെട്ടത്..

“ഓർമ്മയുണ്ടോ?” ഞാൻ ചോദിച്ചപ്പോൾ പരിചയഭാവത്തിൽ അവൾ ചിരിച്ചു..അന്ന് കണ്ടതിനേക്കാളും അവൾ നന്നായി മെലിഞ്ഞിട്ടുണ്ട് എന്നെനിക്ക് തോന്നി..

“എന്താ ഇവിടെ?”

“കുറച്ചു നാളായി ഇവിടെയൊരു കടയിൽ  സെയിൽസ് ഗേൾ ആണ്.”

“ഇന്ന് ജോലിയില്ലേ?”

“ഇല്ല…നിർത്തിയിട്ടു വരുന്ന വഴിയാ “

“എന്തു പറ്റി..?”

അവൾ മിണ്ടിയില്ല..

“വാ..ഓരോ ചായ കുടിക്കാം.”

“വേണ്ട..”

“വാടോ..ഞാൻ പിടിച്ചു വിഴുങ്ങത്തൊന്നുമില്ല..മറ്റുള്ളവരെ പോലെ വേണ്ടാത്ത ചിന്തയുമില്ല…”

കുറേ നിർബന്ധിച്ച ശേഷമാണ് അവൾ കൂടെവന്നത്..

“ഇനി പറ…എന്തേ ജോലി വേണ്ടെന്ന് വച്ചത്?…ശമ്പളം കുറവായിരുന്നോ?”

ചായ ഒന്ന് ഊതിക്കുടിച്ച് ഗ്ലാസ്‌ ടേബിളിൽ വച്ച് അവളൊന്ന് ചിരിച്ചു..

“അതൊന്നുമല്ല. എല്ലായിടത്തും എനിക്ക് സംഭവിക്കുന്നത് തന്നെ…ഒപ്പം ജോലി ചെയ്യുന്നവൻ കൂടെ കിടക്കാൻ നിർബന്ധിച്ചപ്പോൾ കരണത്ത് ഒന്ന് കൊടുത്തു…മുതലാളിക്ക് ഇഷ്ടപ്പെട്ടില്ല…അയാളുടെ കുടുംബത്തിലുള്ളതാ ആ ചെറുക്കൻ…ഞാനവനെ വശികരിക്കാൻ നോക്കുന്നു എന്നായി കഥ…ഇനിയും അവിടെ നിന്നാൽ ഞാൻ എന്തേലും ചെയ്തു പോകുമെന്ന് തോന്നിയപ്പോൾ ഇറങ്ങി…”

“പോലീസിൽ പരാതി നൽകിക്കൂടെ?”

“എന്നിട്ട്?..ഈ നാട്ടിൽ ഒരു വലിയ വിഭാഗം സ്ത്രീകൾ നേരിടുന്ന പ്രശ്നം തന്നെയാ ഇത്.. ജോലിസ്ഥലത്ത് മാത്രമല്ല..ഫാമിലിയിൽ നിന്ന് പോലും കാ മ വെ റിപിടിച്ചവരുടെ ശല്യം ഉണ്ടാകും…എന്നെപോലെ ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ കാര്യം പറയാനുണ്ടോ?..പരാതി നൽകാനാണെങ്കിൽ  ഒരു വലിയ ലിസ്റ്റ് തന്നെയുണ്ട്….അതിൽ ആദ്യത്തെ പേര് സ്വന്തം അച്ഛന്റെ തന്നെയാ….”

ഹരിതയുടെ മിഴിനീർ ഇറ്റ് വീണത് എന്റെ ഹൃദയത്തിലേക്കാണെന്ന് തോന്നിപ്പോയി…

“അമ്മയോട് പറഞ്ഞിട്ടും ഫലമുണ്ടായില്ല…എല്ലാം എന്റെ വിഭ്രാന്തി ആണെന്ന് വരുത്തി…..മരിക്കാൻ പേടിയായത് കൊണ്ട് ആ ത്മ ഹത്യ ചെയ്തില്ല…ഇരുട്ടിൽ ദേഹത്ത് തടവുന്ന അച്ഛനിൽ നിന്ന് രക്ഷപെടാൻ  ഉറങ്ങാതെ എത്ര രാത്രികൾ….അപ്പോഴാ സ്നേഹം നടിച്ച് അജയൻ വന്നത്…..ഇങ്ങനെ അനുഭവിക്കണ്ട…എന്റെ കൂടെ പോന്നോ എന്ന് പറഞ്ഞപ്പോൾ രണ്ടാമത് ആലോചിച്ചില്ല..മനസമാധാനത്തോടെ ഒരു ദിവസമെങ്കിലും ഉറങ്ങണമെന്ന് മാത്രമാ അന്ന് കൊതിച്ചത്..പക്ഷേ  വറചട്ടിയിൽ നിന്ന് എരിതീയിൽ വീണ അവസ്ഥയായി ഇപ്പൊ..”

അവൾ കണ്ണുകൾ തുടച്ച് ഒന്ന് പുഞ്ചിരിച്ചു..

“സോറി…എന്റെ യാതനകൾ പറഞ്ഞത് നിങ്ങളുടെ കാശ് തരാതിരിക്കാൻ വേണ്ടിയല്ലാട്ടോ…ഇതുവരെ അജയനെ തേടി വന്നവരുടെ കണ്ണുകളിൽ ദേഷ്യമോ കാമമോ മാത്രം ആയിരുന്നു…നിങ്ങളുടേതിൽ അത് ഉണ്ടായില്ല…അതോണ്ടാ…”

“ഇനിയെന്താ പരിപാടി..?”

“വേറെ ജോലി നോക്കണം…മോൻ വലുതായി ഒരു ജോലി നേടുന്നത് വരെ ഈ ഓട്ടം ഓടിയല്ലേ മതിയാവൂ..”

“പെട്ടെന്നൊരു ജോലി കണ്ടെത്താൻ എളുപ്പമല്ലല്ലോ..”

“എനിക്ക് അച്ചാർ ഉണ്ടാക്കാൻ അറിയാം…വീടുകളിൽ കൊണ്ട് വിറ്റ് നോക്കണം..അതാണ് മനസ്സിൽ…”

അവൾ എഴുന്നേറ്റു..

“അയാൾ വീട്ടിലേക്ക് വരാറേയില്ല…മറ്റവളുടെ കൂടെ ഉണ്ടോ എന്നും അറിയില്ല. ഒരുകണക്കിന് വരാത്തതാ നല്ലത്..മനസിനും ശരീരത്തിനും…ചില രാത്രികളിൽ അയാളുടെ ആവശ്യങ്ങൾ കഴിയുമ്പോ പാതി ചത്തത് പോലെയാകും…അപ്പൊ തോന്നും അച്ഛനാണ് കുറച്ചൂടെ ഭേദമെന്ന്….”

കരച്ചിൽ അടക്കി അവൾ നടന്നകന്നിട്ടും എന്റെ മരവിപ്പ് വിട്ടുമാറിയില്ല..ഇങ്ങനൊക്കെ ഈ ലോകത്ത് സംഭവിക്കുമോ? കെട്ടുകഥ പോലെ തോന്നുന്നു….ഒരാഴ്ചയ്ക്ക് ശേഷം ഞാൻ വീണ്ടും ഹരിതയെ കാണാൻ പോയി…ഫ്രണ്ടിന്റെ സഹായത്തോടെ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ അവൾക്ക് ജോലി കണ്ടെത്തിയ വാർത്ത അറിയിക്കാനായിരുന്നു..അവൾ സന്തോഷത്തോടെ ആ ഓഫർ സ്വീകരിച്ചു..

“ഒരുപാട് നന്ദിയുണ്ട്…” ജോലിക്ക് പോയ ആദ്യത്തെ ദിവസം രാത്രി അവൾ എന്നെ ഫോൺ ചെയ്തു പറഞ്ഞു.

“അതിന്റെയൊന്നും ആവശ്യമില്ല…ആ കടയിലേക്ക് ആളെ വേണമെന്നറിഞ്ഞപ്പോ തന്റെ കാര്യം ഓർമ്മവന്നു..അത്രയേ ഉള്ളൂ..അല്ലാതെ ഞാൻ നന്മമരം ആയതു കൊണ്ടൊന്നുമല്ല…”

“എന്നാലും സഹായിക്കാനുള്ള മനസുണ്ടല്ലോ…അതിനുള്ള കൂലി കിട്ടും..”

“അതാണ് എഴുപത്തിഅയ്യായിരം അടിച്ചോണ്ട് തന്റെ കെട്ടിയോൻ മുങ്ങിയത്..കാശ് പോയതിലല്ല സങ്കടം…സിങ്കപ്പൂര് ജോലി ചെയ്യുന്നത് കുറേ സ്വപ്നം കണ്ടു..”

“എന്നെങ്കിലും ആഗ്രഹങ്ങൾ നടക്കും…എന്നെ നിങ്ങൾ സഹായിച്ചപോലെ നിങ്ങളെ സഹായിക്കാനും ആരെങ്കിലും വരും…ഉറപ്പാ…”

“സഹായിച്ചില്ലെങ്കിലും വേണ്ട..അജയനെപ്പോലെ പറ്റിക്കാതിരുന്നാൽ മതി..”

അവൾ ഉറക്കെ ചിരിച്ചു…പിന്നീട് അതൊരു പതിവായി…എന്നും ഞങ്ങൾ സംസാരിക്കും…ഷോപ്പിലെ വിശേഷങ്ങളും മോന്റെ കാര്യങ്ങളും എല്ലാം അവൾ പങ്കു വയ്ക്കും..ഞാൻ തിരിച്ചും…ഞങ്ങൾക്കിടയിലൊരു നല്ല സൗഹൃദം ഉടലെടുത്തു…അങ്ങനൊരു ദിവസം അജയനെ കണ്ടുകിട്ടി…ഗൾഫിലേക്ക് പോകാനുള്ള ശ്രമമായിരുന്നു…ഒരു ട്രാവൽസിൽ വച്ച് ഞാനും കൂട്ടുകാരും അയാളെ വളഞ്ഞു…നല്ലരീതിയിലുള്ള കൈപ്രയോഗങ്ങൾക്കൊടുവിൽ മുപ്പത്തിനായിരം രൂപ അയാൾ തന്നു..ബാക്കി കൂടി കിട്ടുമ്പോൾ തിരിച്ചു തരാമെന്ന് പറഞ്ഞ് അയാളുടെ പാസ്പോർട്ട് ഞാൻ വാങ്ങി വച്ചു…ഇത് ഹരിതയോട് പറഞ്ഞപ്പോൾ അവളിൽ നിന്ന് പ്രത്യേകിച്ച് പ്രതികരണമൊന്നും ഉണ്ടായില്ല…

“അയാളെക്കുറിച്ച് എനിക്ക് കേൾക്കണ്ട പ്രസാദേട്ടാ…കൂടെ ഇറങ്ങിവന്ന് ഒരുവർഷത്തിനുള്ളിൽ എന്റെ മനസ്സിൽ അയാൾ മരിച്ചു കഴിഞ്ഞു…ഇറങ്ങിപോകാൻ ഒരിടം ഇല്ലാത്തത് കൊണ്ട് മാത്രം ഞാൻ ഒരുമിച്ച് താമസിച്ചു എന്നേയുള്ളൂ…”

അതോടെ ഞാൻ നിർത്തി..അടുത്ത വെല്ലുവിളി മോന്റെ കാര്യമായിരുന്നു..ഇടയ്ക്കിടെ വരുന്ന ശ്വാസതടസവും ചുമയും…ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഹോസ്പിറ്റലിൽ പോകണം..ജോലിക്ക് അതൊരു തടസമായി…പെട്ടെന്ന് തോന്നിയ ഒരു മാർഗം അമ്മയോട് പങ്കുവച്ചു…

“അമ്മാ..നമുക്ക് ആ സ്ഥലം വിറ്റാലോ?”

“എന്തിനാടാ?”

“കടം തീർക്കാം..ബാക്കി കാശിനു നമുക്ക് അച്ചാർ ഉണ്ടാക്കുന്ന ചെറിയൊരു കമ്പനി തുടങ്ങിയാലോ?..ഒരു വരുമാനം ആകുമല്ലോ..ആ സ്ഥലം അവിടെ വെറുതെ കിടന്നിട്ടെന്തിനാ…മൊത്തം വിൽക്കണ്ട…പാതി വിറ്റിട്ട് ബാക്കിയുള്ളതിൽ ഒരു മുറി പണിത് അവിടെ ഇത് തുടങ്ങാം…”

“മോനേ പ്രസാദേ…കാള വാല് പൊക്കുമ്പോ അറിയാലോ…”

“ഇതാണ് എല്ലാം അമ്മയോട് തുറന്ന് പറയുന്നതിന്റെ കുഴപ്പം..”

“ശരി…നീ ആ പെണ്ണിനെ കണ്ടോണ്ടാ ഇതിന് ഇറങ്ങുന്നതെന്ന് മനസിലായി…ഇത്രേം ദൂരത്ത് പോയി വരാൻ അതിന് ബുദ്ധിമുട്ട് ആകില്ലേ..?”

“ഇവിടെ താമസസൗകര്യം നോക്കണം…”

“അപ്പൊ കൊച്ചിന് സ്കൂളിൽ പോകണ്ടേ?”

“ഈ നാട്ടിലും സ്കൂൾ ഉണ്ടല്ലോ…”

“എന്നാൽ ഒരു കാര്യം ചെയ്യ്…അവളെ ഈ വീട്ടിൽ താമസിപ്പിച്ചോ…”

“കാര്യമായിട്ടാണോ.?”

“പ്ഫാ…” ഒരു ആട്ടായിരുന്നു മറുപടി..

“എനിക്കറിയായിരുന്നു നീ എന്ത് ചെയ്താലും അവസാനം ഇങ്ങനേ വരൂ എന്ന്..എടാ വേറൊരുത്തന്റെ ഭാര്യ…അതും ഒരു കൊച്ച് ഫ്രീയും…ഞാൻ ച ത്താലും സമ്മതിക്കൂല…ആ വെള്ളം അങ്ങ് വാങ്ങി വച്ചേരെ…”

അമ്മ കലിതുള്ളി…

“ഞാനവളെ കെട്ടാനൊന്നുമല്ല..”

“പിന്നെന്തിനാടാ?.. പടിഞ്ഞാറ്റയിൽ ഇരുത്തി പൂജിക്കാനോ?…”

ഞാനൊന്നും മിണ്ടിയില്ല..

“എന്തായാലും ആദ്യം എനിക്കവളെ ഒന്ന് കാണണം..കുറച്ചു സംസാരിക്കണം…എന്നിട്ട് ആലോചിക്കാം സ്ഥലം വിൽക്കണോന്ന്…”

അമ്മ തിരിഞ്ഞു കിടന്നു..

“ഈ വീട്ടിൽ എന്തോരം അച്ചാർ ഉണ്ടാക്കിയിരിക്കുന്നു..ഒന്ന് രുചിച്ചു പോലും നോക്കിയിട്ടില്ലാത്തോനാ അച്ചാറു കമ്പനി തുടങ്ങുന്നേ…ഇതിനും മാത്രം എന്തു കൈവിഷമാ അവള് കൊടുത്തതെന്ന് എനിക്കും അറിയണല്ലോ..”

അടുത്ത ദിവസം ഹോസ്പിറ്റലിൽ നിന്ന് മോനെയും ഹരിതയെയും  എന്റെ വീട്ടിൽ കൊണ്ടുവിട്ടിട്ട് ഞാൻ ഓട്ടോ എടുത്ത് സ്ഥലം വിട്ടു… വൈകുന്നേരം ആയപ്പോൾ തിരിച്ചു പോകുകയാണെന്ന് പറഞ്ഞു ഹരിത മെസ്സേജ് അയച്ചിരുന്നു… അമ്മ എന്തുപറഞ്ഞു എന്ന് ചോദിക്കാൻ തിരക്ക് കാരണം കഴിഞ്ഞില്ല… രാത്രി കുറച്ചു പേടിയോടെ ആണ് വീട്ടിൽ എത്തിയത്.. അമ്മ അച്ഛന്റെ ഫോട്ടോയിൽ നോക്കി താടിക്ക് കയ്യും കൊടുത്ത് ഇരിപ്പുണ്ട്… ഒന്നും മിണ്ടാതെ ഞാൻ കുളിച്ച് വിളമ്പി വച്ച ഭക്ഷണവും കഴിച്ചു  ടീവിക്ക് മുൻപിൽ ഇരുന്നു….

“കടമുറി കെട്ടിപൊക്കാനൊക്കെ ഒരുപാട് സമയം പിടിക്കില്ലേ.? നമുക്ക് തത്കാലം അബ്ദുള്ളയുടെ ഒരു മുറി വാടകയ്ക്ക് എടുക്കാം.. “

നീണ്ട മൗനത്തിനു ശേഷം അമ്മ പറഞ്ഞപ്പോൾ ഞാൻ അത്ഭുതത്തോടെ നോക്കി..

“എന്താ?”

“നിനക്ക് ചെവി കേട്ടൂടെ?.. അവളോടും കൊച്ചിനോടും ഇങ്ങോട്ട് താമസം മാറാൻ പറഞ്ഞിട്ടുണ്ട്…”

“എന്ത് പറ്റി?.. ഇങ്ങനൊന്നും അല്ലല്ലോ ഇന്നലെ പറഞ്ഞത്?”

“അതേയ്.. കൂടുതൽ ചോദ്യം ചെയ്യണ്ട..ഇതെന്റെ പേരിലുള്ള വീടാ… എനിക്കു തോന്നുന്ന തീരുമാനങ്ങൾ എടുക്കും…സൗകര്യമില്ലേൽ  പൊന്നുമോൻ വേറെ എങ്ങോട്ടെങ്കിലും മാറിക്കോ…”

ഞാൻ കയ്യിൽ ഒന്ന് നുള്ളി നോക്കി…വേദനിക്കുന്നുണ്ട്..അപ്പോൾ സ്വപ്നമല്ല..മെല്ലെ എഴുന്നേറ്റ് മുറിയിലേക്ക് നടക്കുമ്പോൾ അമ്മ ചോദിച്ചു..

“അച്ചാറിനു എന്റെ പേരിട്ടാലോ?”

“വലിയപറമ്പിൽ ദാക്ഷായണി അമ്മ അച്ചാർ….ആഹാ കൊള്ളാം.. പക്ഷേ തീരെ ചെറുതായിപ്പോയി.”

“ഞാനായിരിക്കും മുതലാളി..അതോർമ്മ വേണം..”

“മുതലാളി ഉറങ്ങുന്നില്ലേ?”

“സീരിയൽ കഴിഞ്ഞിട്ട് വരാം..”

ഞാൻ മുറിയിലെത്തി ഫോണെടുത്ത് ഹരിതയെ വിളിച്ചു.

“പ്രസാദേട്ടാ പറഞ്ഞോ..”

ശബ്ദം വളരെ പതിഞ്ഞിരുന്നു..

“എന്തുപറ്റി… സുഖമില്ലേ?”

“ഏയ്‌… ഒന്നുമില്ല.”

“എന്താ ഇവിടെ ഇന്ന് സംഭവിച്ചത്?..നിന്നേം മോനേം എത്രയും പെട്ടെന്ന് ഇങ്ങോട്ട് കൊണ്ടുവരാൻ  അമ്മ പറയുന്നല്ലോ..”

മൗനം….

“ഹലോ..”.

“അതൊന്നും ശരിയാവില്ല…നിങ്ങളുടെയും അമ്മയുടെയും നല്ല മനസ് കൊണ്ടാ ഇതൊക്കെ തോന്നുന്നത്.. ഞാനത് മുതലെടുക്കുന്നത് ശരിയല്ല…പ്രസാദേട്ടന് നല്ലൊരു പെണ്ണിനെ കിട്ടും..എന്നെപ്പോലെ ഒരാൾ ഉപയോഗിച്ച് വലിച്ചെറിഞ്ഞ ഒരുത്തി വേണ്ട..”

“തന്നെ കെട്ടാൻ എനിക്കും ഉദ്ദേശമില്ല…തല്ക്കാലം സേഫ് ആയ ഒരിടം..പിന്നീട് ഈ നാട്ടിൽ തന്നെ  നല്ലൊരു വാടക വീട് ഞാൻ ഒപ്പിച്ചു തരാം…എതിരൊന്നും പറയണ്ട… തന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ വീട്ടിൽ താമസിക്കാൻ പോകുന്നു എന്ന് കരുതിയാൽ മതി…”

അവൾ മിണ്ടിയില്ല..

“ഒന്ന് സമ്മതിക്കെടോ..തനിക്കു വേണ്ടിയല്ല. മോന് വേണ്ടിയെങ്കിലും…”

അവളൊന്ന് മൂളി…പിന്നെ അങ്ങോട്ട് എല്ലാം ദ്രുതഗതിയിൽ ആയിരുന്നു…ഹരിതയും മോനും വീട്ടിൽ താമസം തുടങ്ങി..ജങ്ഷനിലെ  കടമുറി വാടകയ്ക്ക് എടുക്കുന്നതിനേക്കാൾ നല്ലത് വീട്ടിൽ തന്നെയാണെന്ന് ഞങ്ങൾക്ക് തോന്നി..അഭിരാം പിക്കിൾസ് ഡെലിവറി ചെയ്യാൻ ആളെ ഏർപാടാക്കി..കൂട്ടുകാരന്റെ സഹായത്താൽ എനിക്ക് ഒമാനിൽ ഒരു ജോലി കിട്ടിയതാണ് കാരണം….

പ്രവാസത്തിന്റെ രണ്ടര വർഷക്കാലയളവിനുള്ളിൽ ഞാനും  ഹരിതയും ഒരുപാട് അടുത്തു…പക്ഷേ അത് പ്രണയം ആണെന്ന് തോന്നിയിട്ടില്ല..അവൾ ഈ ലോകത്ത് ആരെയെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽ  എന്നെയും അമ്മയെയും മാത്രമാണ്…അത് മുതലെടുക്കുന്നത് ക്രൂ രത ആണെന്നറിയാവുന്നത് കൊണ്ട് ഉള്ളിൽ എപ്പോഴോ തോന്നിയ ഇഷ്ടം ഞാൻ ഒളിച്ചു വച്ചു…ഒരു ദിവസം പോലും മോനോട് സംസാരിക്കാതിരിക്കാൻ വയ്യാത്ത അവസ്ഥ…അവനും അതുപോലെ തന്നെ..ഒരാളിൽ നിന്നും അതുവരെ കിട്ടാത്ത സ്നേഹവും വാത്സല്യവുമെല്ലാം കിട്ടുന്നതിൽ അവനും സന്തോഷവാനായിരുന്നു…

പുതിയ ബിസിനസ് തുടങ്ങി  വളരെ പെട്ടെന്ന് വിജയിക്കുന്നത് സിനിമയിൽ മാത്രമേ സാധ്യമാകൂ  എന്ന് ഞങ്ങൾ മനസിലാക്കി…വൻകിട കമ്പനികളുടെ അച്ചാറുകൾക്കിടയിൽ ഞങ്ങളുടേതിന് വലിയ ലാഭം ഒന്നുമുണ്ടായില്ല..പക്ഷേ നഷ്ടം ഇല്ലാതെ പോയി…ഹരിത  അതിന്റെ കൂടെത്തന്നെ പലഹാരങ്ങളുടെയും വില്പന തുടങ്ങി…രണ്ടു മാസത്തെ ലീവിന് നാട്ടിൽ പോയപ്പോൾ അമ്മ രഹസ്യമായി അടുത്തു വിളിച്ചു…

“നീയിനി തിരിച്ചു പോണുണ്ടോ?”

“പിന്നെ പോകാതെ?”

“എന്നാൽ ഇത് നടത്തിയിട്ട് പൊയ്ക്കോ…അധികം ആരെയും വിളിക്കണ്ടല്ലോ..”

“എന്ത്?”

“നിങ്ങളുടെ കല്യാണം..”

“ഒന്ന് പോയേ..ഞാൻ ജീവനോടെ ഉള്ളപ്പോൾ നടക്കില്ല എന്ന് പറഞ്ഞത് മറന്നോ?”

“ശരിയാ…അന്ന് അങ്ങനൊക്കെ പറഞ്ഞു..ഇത്രേം നാള് അവൾ ഇവിടല്ലേ താമസിച്ചത്..ഇനി വേറൊരു സ്ഥലത്ത് പോയാൽ നിന്റെ പേരിൽ അവൾക്ക് അപവാദം കേൾക്കേണ്ടി വരും…നിന്റെ കാര്യവും അതുപോലെ തന്നെ..ഇവളെ വീട്ടിൽ കേറ്റി പൊറുപ്പിച്ച നിനക്ക് ആരേലും പെണ്ണ് തരുമോ?”

“ഇപ്പൊ എനിക്കായോ കുറ്റം?.. “

“പറയുന്നത് കേട്ടാൽ മതി…എനിക്ക് അവളേം മോനേം പിരിഞ്ഞിരിക്കാൻ വയ്യ..ഒരു താലി വാങ്ങാനുള്ള കാശ് ഞാൻ ഉണ്ടാക്കാം..നീ കെട്ടിയാൽ മതി…”

“അമ്മേ അവളിപ്പോഴും വേറൊരുത്തന്റെ ഭാര്യ ആണ്…”

“അത് സാരമില്ല..”

“സീരിയൽ കാണുന്നതിന്റെ കുഴപ്പമാ ഇതൊക്കെ…അവൻ കേസ് കൊടുത്താൽ ഞാനും അവളും ജയിലിൽ കിടക്കും..അതാണോ അമ്മയ്ക്ക് വേണ്ടത്?”

“എടാ അവർ ഒന്നിച്ചു താമസിച്ചു എന്നത് ശരിയാണ്. പക്ഷേ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല..ഇനി നിനക്ക് സംശയം ഉണ്ടെങ്കിൽ ഏതേലും വക്കീലിനെ കണ്ട് കാര്യങ്ങൾ ചോദിച്ചു മനസിലാക്ക്…കേസ് കോടതിയിൽ പോയാലും അവനെ പോലൊരു തെമ്മാടിയും പെണ്ണുപിടിയനും ആയ ഒരുത്തന്റെ കൂടെ അവളെയും കൊച്ചിനെയും അയക്കില്ല…”

അമ്മയുടെ ആത്മവിശ്വാസം എന്നെ അമ്പരപ്പിച്ചു…

“ആദ്യം അവളോട് ചോദിക്ക്.. “

“അതൊക്കെ ഞാൻ പറഞ്ഞു സമ്മതിപ്പിക്കും…നമ്മൾ അവളുടെ നിസഹായവസ്ഥ മുതലെടുക്കുന്നതൊന്നും അല്ല…അവളിന്ന് സ്വന്തം കാലിൽ നില്കുന്നുണ്ട്..പക്ഷേ പണ്ട് അനുഭവിച്ച വേദനകളെല്ലാം മറന്ന് സന്തോഷിക്കാൻ ഒരു തുണ വേണ്ടേ..? ചെറിയ പ്രായമാണ്…നീയാകുമ്പോ അവൾക്ക് അടുത്തറിയാല്ലോ…”

“എന്തായാലും ഇപ്പൊ വേണ്ട…അടുത്ത ലീവിന് നോക്കാം..”

മനസിലെ സന്തോഷം പുറത്ത് കാട്ടാതെ ഞാൻ പറഞ്ഞു…ഋതുക്കൾ പിന്നെയും മാറിമറിഞ്ഞു..വർഷങ്ങൾക്ക് ശേഷം  അടുത്തുള്ള അമ്പലത്തിൽ വച്ച് ഹരിതയുടെ കഴുത്തിൽ താലികെട്ടിയ ദിവസം രാത്രി….റൂമിലേക്ക് അവൾ കടന്നു വരുമ്പോൾ ഞാൻ ബെഡിൽ ചാരിയിരിക്കുകയായിരുന്നു..

“എന്താ ആലോചിക്കുന്നെ?..”

“ഒന്നൂല്ല…എത്ര പെട്ടെന്നാ കാലം കടന്നു പോയത്..കാശ് മേടിക്കാൻ നിന്റെ വീട്ടിൽ വന്നതും  പിന്നെ അടുത്ത സുഹൃത്തുക്കളായതും നീ ഇവിടെ താമസിക്കാൻ വന്നതും ഞാൻ ഗൾഫിൽ പോയതും കരൾരോഗം വന്ന് അജയൻ മരിച്ചു പോയതുമെല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു..”

അവൾ പുഞ്ചിരിച്ചതേയുള്ളൂ…

“മോൻ ഉറങ്ങിയോ?”

“ഉവ്വ്..അമ്മയുടെ കൂടെയുണ്ട്…”

വാതിൽ അടച്ച് അവൾ അരികിൽ വന്നു കിടന്നു…

“ഒരു കാര്യം ചോദിച്ചോട്ടെ?”

“എന്താ?”

“അന്ന് ആദ്യമായി ഈ വീട്ടിൽ വന്നപ്പോൾ അമ്മയും നീയും എന്താ സംസാരിച്ചത്?.. “

അവൾ വിരൽ കൊണ്ട് എന്റെ നെഞ്ചിൽ ചിത്രം വരച്ചു .

“ഞാൻ അനുഭവിച്ചതെല്ലാം പറഞ്ഞു…ഒരു പെണ്ണിന് മാത്രം മനസിലാകുന്ന ചിലതുണ്ട്…അത്രയേ ഉള്ളൂ…”

അവൾ നിശ്വസിച്ചു..

“ജീവിതത്തിൽ മോന്റെ ഭാവി ഒഴിച്ച് വേറെ സ്വപ്‌നങ്ങൾ ഒന്നുമില്ലായിരുന്നു പ്രസാദേട്ടാ…അപ്പോഴാ നിങ്ങളെ പരിചയപ്പെട്ടത്…നിങ്ങളുടെ സ്നേഹവും കരുണയുമെല്ലാം കാണുമ്പോ പേടി ആയിരുന്നു…ഇതുപോലെ തന്നെയായിരുന്നു അജയനും ഒരുകാലത്ത്…അതാണ്‌ അന്ന് എതിർത്തത്..പക്ഷേ ഒരു അഭയം അത്യാവശ്യം ആയതു കൊണ്ട് ഇങ്ങോട്ട് വന്നു…എനിക്ക് കിട്ടാതെ പോയ അമ്മയുടെ കരുതൽ ഇവിടുന്ന് കിട്ടി….നിങ്ങൾക്ക് വേണ്ടിയാ ഞാൻ ജീവിതത്തോട് പൊരുതിയത്…ഇന്ന് നാല് യുണിറ്റ് ഉള്ള ഫുഡ് പ്രൊഡക്ഷൻ ഉണ്ടായത് എന്നെ സംരക്ഷിച്ച നിങ്ങൾ തോൽക്കരുത് എന്ന എന്റെ വാശി കാരണമാ…അത്രയെങ്കിലും ഞാൻ ചെയ്യണ്ടേ….?”

“ഇച്ചിരി പൈങ്കിളി ആയി ചോദിക്കട്ടെ? നീയെന്നെ പ്രണയിക്കുന്നുണ്ടോ?”

അവൾ എന്റെ കൈയിൽ ചുംബിച്ചു…അതായിരുന്നു ഉത്തരം…ഒരുപാട് നാളുകളായി ഉള്ളിൽ കൊണ്ടുനടന്ന ആഗ്രഹം സഫലീകരിച്ച സന്തോഷത്തോടെ അവളുടെ അധരങ്ങൾക്ക് മീതെ മുത്തുമണികളെ പോലെ തിളങ്ങിക്കൊണ്ട് എന്നെ പണ്ട് കൊതിപ്പിച്ച വിയർപ്പുതുള്ളികൾ  ഞാൻ ചുണ്ടുകളാൽ ഒപ്പിയെടുത്തു….നഷ്ടപ്പെട്ട എഴുപത്തി അയ്യായിരം രൂപയ്ക്ക് വേണ്ടി തുടങ്ങിയ യാത്രയ്ക്ക് ഒടുവിൽ എനിക്ക് ലഭിച്ചത് അമൂല്യമായ നിധിയാണ്…ഇവൾ മാത്രമല്ല…സ്നേഹിക്കാനറിയുന്ന, സ്നേഹിക്കുന്നവർക്കായി ജീവിക്കുന്ന ഓരോ പെണ്മനസും  വിലമതിക്കാനാകാത്തതാണ്….അത് തിരിച്ചറിയുന്നവർ ഭാഗ്യവാന്മാർ….

ശുഭം…