നിന്റെ ഒറ്റപറയലിനും നെഞ്ചിൽ കൊള്ളുന്ന നോട്ടത്തിനും വേണ്ടി തന്നെയാണ് ഓരോന്നും പറഞ്ഞു ചൊടിപ്പിച്ചുകൊണ്ടേയിരുന്നത്…..

ഗുണ്ടുമുളക്

എഴുത്ത്: ലച്ചൂട്ടി ലച്ചു

====================

“ഗുണ്ടുമുളകെ ….!! നീയ് വീണ്ടും ഉരുണ്ടല്ലോടി…”

വെക്കേഷൻ കഴിഞ്ഞു ക്ലാസ്സിലേക്ക് കാലെടുത്തു വച്ചപ്പോഴായിരുന്നു മറന്നുതുടങ്ങിയ കളിയാക്കലുകളുമായിട്ട് നിവേദ് ഡെസ്കിന്റെ മറവിൽ നിന്നു വിളിച്ചുകൂവിയത്….

ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി ബെഞ്ചിൽ പോയിരുന്നപ്പോഴായിരുന്നു അടുത്ത വാനാരപ്പടയുടെ വരവ് ……

എല്ലാം അവന്റെ കൂട്ടുകാരാണ്….

” നിന്റെ അമ്മ എന്നതാ പെണ്ണേ കഴിയ്ക്കാൻ തരുന്നെ…?? അതോ വച്ചുണ്ടാക്കുന്നത് മുഴുവൻ നീയാണോ തട്ടാറ് … “

ദേഷ്യം പതിയെ കരച്ചിലിനു വഴി മാറുന്നുന്നുണ്ടായിരുന്നു …

“മതിയെടാ അവളെ കളിയാക്കിയത് ….അവള് കഴിയ്ക്കുന്നതുകൊണ്ടു നിങ്ങൾക്ക് നഷ്ടമില്ലല്ലോ….”

കളിയാക്കലുകൾക്കിടയിൽ നിന്നു ഈയൊരു ശബ്ദം തിരിച്ചറിയാൻ എനിയ്ക്ക് അധികം ബദ്ധപ്പെടേണ്ടതില്ലായിരുന്നു…..

എബിൻ ….!!

അവന്മാരെയെല്ലാം തള്ളിമാറ്റി എന്റെയടുത്ത് എബി വന്നിരിക്കുമ്പോഴേയ്ക്കും ഞാൻ ഉറപ്പിച്ചിരുന്നു…..

ഈ വർഷമെങ്കിലും മനസ്സിലുള്ള ഇഷ്ടം അവനോട് തുറന്നു പറയണം ….

എല്ലാവരും ഗുണ്ടുമുളകെന്നും പോളാർ ബിയർ എന്നും വീപ്പക്കുട്ടിയെന്നുമൊക്കെ മാത്രം വിളിച്ചു ചിരിച്ചപ്പോൾ സെലിൻ എന്ന എന്റെ പേര് ആദ്യമായി അപഹാസ്യത്തിന്റെ യാതൊരു ചുവയുമില്ലാതെ കേട്ടത് എബിയുടെ വാക്കുകളിൽ നിന്നാണ് …..

എപ്പോഴൊക്കെയോ പറ്റിക്കൂടിയ ഇഷ്ടമാണ് …!!

പലപ്പോഴും ഞാൻ അവനു അർഹയല്ലെന്നു പോലും തോന്നിയിട്ടുണ്ട്….

നിവേദും എബിനും ഒരു മനസ്സും ഇരു ശരീരവും പോലെയാണ്…..

നിവേദിന്റെയത്രയില്ലെങ്കിലും എബിനും കാണാൻ സുമുഖൻ …

പതിഞ്ഞ സംസാരം….. ഇഷ്ടം തോന്നിപ്പോകും വിധമുള്ള പെരുമാറ്റം ….

“വെക്കേഷൻ എങ്ങനെയുണ്ടായിരുന്നു സെലിൻ…??”

അവൻ പതിയെ ബെഞ്ചിൽ എനിയ്ക്കടുത്തായി ഇരുന്നു ….

മനസ്സിന് വല്ലാത്തൊരു തണുപ്പ്…. പക്ഷെ എനിയ്ക്കൊരിക്കലും എബിയുടെ കണ്ണുകളിൽ നോക്കി സംസാരിയ്ക്കാനേ കഴിയില്ലായിരുന്നു …..

നോട്ടം പുസ്തകത്തിലേയ്ക്ക് മാറ്റുമ്പോഴും അവനു മറുപടി കൊടുക്കാൻ ഞാൻ മറന്നില്ല …..

“കുഴപ്പമില്ല….. വല്യമ്മച്ചിയുടെ വീട്ടിലായിരുന്നു പാലായില്… എബിയ്ക്ക് എങ്ങനെയുണ്ടായിരുന്നു വെക്കേഷൻ …??”

” സത്യം പറയാല്ലോ….

ഭയങ്കര ബോറായിരുന്നു….

പ്രത്യേകിച്ചും നമ്മൾ കാണാൻ ഒരുപാടാഗ്രഹിക്കുന്ന ഒരാളുടെ സാമിപ്യമില്ലെങ്കിൽ മറ്റൊന്നും ഇഷ്ടപ്പെടാൻ മനസ്സു വരില്ല ….ശരിയല്ലേ… “

എന്റെ പ്രതീക്ഷകൾക്ക് ചിറകു മുളയ്ക്കുന്നുണ്ടായിരുന്നു…..

സ്വപ്നങ്ങൾക്ക് നിറം വയ്ക്കുന്നുണ്ടായിരുന്നു…

ഒരു നിമിഷം എനിയ്ക്ക് എന്റെ ശരീരത്തോട് വെറുപ്പ്‌ തോന്നിപ്പോയി…

എബിനു വേണ്ടി ഞാൻ ഇനിയും ഒരുങ്ങേണ്ടിയിരിക്കുന്നു….

ആദ്യമായി പകുതി പൊടിഞ്ഞ മേൽപ്പല്ലുകളോടും മാംസം കൊണ്ട് ഇടുങ്ങിയ കഴുത്തുകളോടും കൈകാലുകളോടും ഒക്കെയും വൈരാഗ്യം തോന്നി….

സൗന്ദര്യമെന്നു എടുത്തുപറയത്തക്കവിധം എന്നിലൊന്നും അവശേഷിയ്ക്കുന്നില്ല എന്ന തോന്നൽ എന്റെ ഹൃദയത്തെ കീറിമുറിച്ചു…

എന്നിട്ടും ഓരോ നിമിഷവും എബിയുടെ നാവിൽ നിന്നും സെലിൻ എന്ന പേരു കേൾക്കുവാനായി എന്റെ ഉള്ളം തുടിച്ചു…..

” എസ്‌തർ എവിടെയാണ് ….?? ഇതുവരെയും വന്നില്ലല്ലോ ….”

ഉള്ളിലൊരായിരം കൂരമ്പുകൾ ഒരുമിച്ചു കുത്തിയിറങ്ങുന്നത്‌ പോലെ തോന്നിപ്പോയി….

ആ ഒരു വാചകം മതിയാകുമായിരുന്നു അവൻ ഇത്രയും നാൾ തേടിയത് തന്നെയായിരുന്നില്ല അവളെയായിരുന്നു എന്നു മനസ്സിലാക്കാൻ

“അവൾ… “

പറയാൻ തുടങ്ങവെ എസ്‌തറിന്റെ വരവ് കണ്ട് പ്രകാശിച്ച അവന്റെ കണ്ണുകൾ എന്റെ ഇത്രയും നാളത്തെ പ്രണയത്തിനു പൊള്ളലേൽപ്പിയ്ക്കാൻ വിധം തീക്ഷണമേറിയതായിരുന്നു…..

ഒന്നും മിണ്ടാതെ അവർക്കരികിൽ നിന്നു പോകുമ്പോഴും ഞാൻ തിരിച്ചറിയുകയായിരുന്നു പ്രണയിക്കപ്പെടാൻ മാത്രം ഭാഗ്യം സെലിന് വിധിയ്ക്കപ്പെട്ടിട്ടില്ലെന്നത്…

“ലഞ്ച് ബ്രെക്കായില്ലല്ലോ ഗുണ്ടുസ്… പിന്നെയെവിടേയ്ക്കാണ് ഉരുണ്ടുരുണ്ട് …??”

പതിവ് കളിയാക്കലുമായി നിവേദ് കോറിഡോറിൽ ഭിത്തിയിൽ ചാരി നിൽപ്പുണ്ട്….

എബിനെ കാത്തു നിൽക്കയാണെന്നു വ്യക്തം..

പതിവുപോലെ തിരിച്ചു ദേഷ്യത്തോടെയുള്ള ഒരു നോട്ടമോ തിരിച്ചു പറയലിനോ വേണ്ടി പ്രതീക്ഷിച്ചു നിന്ന അവനൊരു വരണ്ട പുഞ്ചിരി നൽകി മുൻപോട്ട് നടക്കുമ്പോഴും കണ്ണുകൾ നിറഞ്ഞത് അവൻ കാണാതിരിക്കാനായി ഞാൻ പ്രയാസപ്പെട്ടു ….

“എസ്‌തറിനെയോ…?? അപ്പോൾ നിനക്ക് സെലിനെയല്ലായിരുന്നോ ഇഷ്ടം…??”

ലൈബ്രറിയ്ക്കുള്ളിൽ നിവേദിന്റെ ഉയർന്ന ശബ്ദം കേട്ടു ….

എന്തുകൊണ്ടോ റാക്കുകൾക്കിടയിൽ മറഞ്ഞു നിൽക്കാനാണ് തോന്നിയത് ….

“നിനക്കെന്താണ് നവി ടെൻത് മുതൽ ഞാൻ നോക്കുന്നതാണ് എസ്‌തറിനെ…..

ഇന്ന് ഞാൻ തുറന്നു പറഞ്ഞിട്ടുണ്ട് റിപ്ലൈ അവൾ നാളെത്തരും ….പക്ഷെ എനിയ്ക്കുറപ്പുണ്ട് അതു പൊസിറ്റീവായിരിക്കും …”

പ്രതീക്ഷയോടെ എബി വീണ്ടും വീണ്ടും പറയുന്നുണ്ട്….

” പക്ഷെ.. ഞാൻ കരുതി … ഞങ്ങളൊക്കെയും അവളെ കളിയാക്കുമ്പോഴും നീയെപ്പോഴും സെലിനോട് കൂടുതൽ അടുപ്പം കാണിച്ചപ്പോൾ … “

“ഉഫ് ….!!”

പൊട്ടിച്ചിരിയോടെ എബിൻ നിവേദിനെ നോക്കി….

” നിനക്ക് ഭ്രാന്താണോ നവി…??

ആ തടിച്ചിയെ ഒക്കെ ആരാണ് പ്രേമിയ്ക്കുക …

അവളെനിയ്ക്കൊരു എളുപ്പവഴി മാത്രമായിരുന്നു… എസ്‌തറിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നല്ലോ …..അപ്പോൾ അവളുടെ മുൻപിൽ എനിയ്ക്കൊരു നല്ല ലേബൽ കിട്ടാൻ സെലിനെ എനിയ്ക്ക് ആവിശ്യമായിരുന്നു…. അത്ര മാത്രം …”

മറുവശത്ത് നിന്നുള്ള സംസാരം നിലച്ചപ്പോഴും ഞാൻ അവിടെ തന്നെ തറഞ്ഞു നിന്നു പോയി…

ഒഴുകി വന്ന കണ്ണീർ അമർത്തിതുടയ്ക്കുംതോറും വീണ്ടും വീണ്ടും കണ്ണീരിന്റെ എരിവിൽ കവിൾത്തടം നീറിപ്പുകയാൻ തുടങ്ങി…

” സെലിൻ നീയ് … ഇവിടെ….”

റാക്കിന്റെ മറവിൽ നിന്നു മുൻപിലേക്ക് വന്നപ്പോഴേയ്ക്കും അവിടെ നിവേദ് മാത്രമേ ഉണ്ടായിരുന്നുള്ളു….

പെട്ടെന്നെന്നെ കണ്ട പരിഭ്രമത്തിൽ അവൻ വാക്കുകൾക്കായി പരതാൻ തുടങ്ങി…

” സെലിൻ അല്ല…. ഗുണ്ടുമുളക്…. തടിച്ചി…. കരടിക്കുട്ടി … അങ്ങനെ ഒരുപാടുണ്ട്… സത്യം പറഞ്ഞാൽ എന്റെ പേര് പോലും ഞാൻ മറന്നു പോയി …”

എന്നെ തന്നെ വൈഷമ്യത്തോടെ നോക്കി നിന്ന നിവേദിന് ഒരു വിഷാദത്തോടെ പുഞ്ചിരി നൽകി ഞാൻ നടന്നു മറഞ്ഞു…

പിന്നീടുള്ള രണ്ടു വർഷങ്ങൾ….

സ്കൂൾ ജീവിതത്തിന്റെ അവസാന ദിനങ്ങളിൽ പോലും എബിന്റെയും എസ്‌തറിന്റെയും പ്രണയം എന്നിൽ മറവു ചെയ്‌ത പ്രണയത്തിൻറെ നെഞ്ചിൽ അസൂയ പടർത്തുന്നതിലുപരി നഷ്ടബോധം വളർത്തിക്കൊണ്ടേയിരുന്നു….

പിരിയുന്ന ദിനത്തിലും എബി അവൾക്കായി നൽകിയ സമ്മാനങ്ങളും …മറഞ്ഞു നിന്നു വീക്ഷിച്ച ചുംബനങ്ങളും എന്റെ ഉള്ളിലെ വ്രണത്തിന്റെ ആഴം കൂടിയപ്പോഴായിരുന്നു ഉള്ളിൽ വിരിഞ്ഞ ആദ്യപ്രണയം എന്നിലെന്തുമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു മനസ്സിലായത് …

“സെലിൻ ….!! ഒരു നിമിഷം….”

എഴുതിതീരാറായ ഓട്ടോഗ്രാഫിന്റെ പേജുകൾ മറിയ്ക്കവേ ഇനിയും ആരുടെയൊക്കെ വാക്കുകൾ അതിൽ വീഴാനുണ്ടെന്ന തിരച്ചിലിലായിരുന്നു ഞാൻ….

നിവേദിന്റെ വിളി കേട്ടതും മനപൂർവം തിരിഞ്ഞു നോക്കാൻ തോന്നിയില്ല കളിയാക്കാനാകും …ഇനിയൊരവസരം കിട്ടില്ലല്ലോ …

പക്ഷേ ഓർമ്മയിൽ ആദ്യമായിട്ടാണ് അവൻ എന്റെ പേര് വിളിക്കുന്നതു തന്നെ ആശ്ചര്യം എനിയ്ക്കുണ്ടായിരുന്നു …

“എല്ലാവരുടെയും ആശംസ വാങ്ങി ….എന്റേത് നിനക്ക് വേണ്ടേ …??”

സെലിൻ അടുത്തു വന്നുകൊണ്ട് അവൻ ഓട്ടോഗ്രാഫ് മറിച്ചു നോക്കുന്നുണ്ടായിരുന്നു….

“അതിലിനി സ്ഥലമുണ്ടാവില്ല നിവേദ് ….”

ഞാൻ യാന്ത്രികമായി പറഞ്ഞു….

എൻ്റെ ബാഗ് തുറന്നു ചോദിയ്ക്കാതെ തന്നെ പേന എടുത്തുകൊണ്ടു അവൻ താളുകൾ മറിച്ചുകൊണ്ടേയിരുന്നു …

“എനിയ്ക്കായി ഇതിലൊരിടം നീയ് അറിയാതെയെങ്കിലും ഒഴിച്ചിട്ടിരിക്കും എന്നെനിക്ക് ഉറപ്പുണ്ട്…”

അവസാനത്തെ താളിൽ അവൻ കൈകൾ അമർത്തുമ്പോൾ എന്റെ ദൃഷ്ടി വിദൂരതയെ പ്രാപിച്ചിരുന്നു …

തുറന്നു വച്ച താളിലെ ഓരോ വാക്കുകളിലും അവന്റെ ശബ്ദത്തിന്റെ മഷിതുള്ളികൾ അടർന്നുവീണിരുന്നു …

“ഇരട്ടപേരിനോട് ഒരിഷ്ടം തോന്നിയിട്ടുണ്ടെങ്കിൽ അതു നിനക്കായി ഞാൻ നല്കിയതിനോടാണ്…. എരിയുന്ന കാന്താരിമുളകിനെക്കാൾ…. നിറം വച്ച പിരിയൻ മുളകിനെക്കാൾ ….എനിയ്ക്കിഷ്ടം ഈ ഗുണ്ടുമുളകിനോടാണ് …!!

പിറകെ നടന്നു പ്രണയിക്കാൻ കഴിഞ്ഞില്ല ….

അതിനേക്കാൾ നിന്നോട് അടുക്കാൻ എനിയ്ക്കിഷ്ടം പിറകെ നടന്നു കളിയാക്കുന്നതിലൂടെയായിരുന്നു….

നിന്റെ ഒറ്റപറയലിനും നെഞ്ചിൽ കൊള്ളുന്ന നോട്ടത്തിനും വേണ്ടി തന്നെയാണ് ഓരോന്നും പറഞ്ഞു ചൊടിപ്പിച്ചുകൊണ്ടേയിരുന്നത് …..

നിന്റെ എരിവ് എനിയ്ക്ക് മാത്രം അവകാശപ്പെട്ടതാണ് ….

ഒരിയ്ക്കലും വാടിവീഴാതെ കാത്തിരിയ്ക്കണം എനിയ്ക്കായി…..!!”

വിറയ്ക്കുന്ന കൈകളോടെ ആ ഓട്ടോഗ്രാഫ് എന്റെ കയ്യിൽ നിന്ന് ഊർന്നു വീഴുമ്പോഴും അവൻ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടു കളിയാക്കുന്നുണ്ടായിരുന്നു…..

” എടി ഗുണ്ടു മുളകെ…!!!”