പിന്നെയുള്ള ദിനങ്ങൾ പ്രേമ നിർഭരമായിരുന്നു. മെസേജുകളുടെ പെരുമഴക്കാലം. ഇമോജികളുടെ പ്രളയം, പ്രണയത്തിൻ്റെ ഉരുൾപ്പൊട്ടൽ….

ട്വിങ്കിൾ റോസും  വെള്ളി പാദസരവും…

Story written by Nisha Pillai

================

വേണുക്കുട്ടൻ നായർ ഓഫീസിലേയ്ക്ക് പോകുന്ന വഴിയിൽ തൻ്റെ പഴയ  സുഹൃത്തായ മഹേഷിനെ കണ്ടു മുട്ടി. റെയിൽവേ ക്രോസ്സിലെ ഗേറ്റ് അടവായതിനാൽ കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു.

പെട്ടെന്നായിരുന്നു “ടാ വേണു” എന്നൊരു ശബ്ദം കേട്ടത്. തൊട്ടപ്പുറത്തു നിർത്തിയിട്ടിരുന്ന ബുള്ളറ്റിലിരുന്ന സുമുഖനായ ചെറുപ്പക്കാരന്റെ വായിൽ നിന്നാണ് ആ ശബ്ദം കേട്ടത്.

ഇവനാരാ എന്നെ വേണുവെന്ന് വിളിക്കാൻ…അവൻ ഹെൽമെറ്റ് ഊരിയപ്പോഴാണ്‌ അത് പ്രീ ഡിഗ്രിക്ക് തൻ്റെ കൂടെ പഠിച്ച മഹേഷാണെന്ന് മനസിലായത്.

അവനു ഒരു മാറ്റവുമില്ല. അവൻ്റെ കറുത്ത സിൽക്കീ മുടിയിഴകൾ നെറ്റിയിലേക്ക് പറന്നു കിടക്കുന്നു ,കട്ട മീശ ,ഇൻസെർട്ട് ചെയ്ത ലിനൻ ഷർട്ട് ,ലൈറ്റ് ബ്ലൂ ജീൻസ് മൊത്തത്തിൽ ഒരു അടിപൊളി ലുക്ക്. തന്നെ പോലെ പ്രായം നാല്പത്തെട്ടൊന്നും കണ്ടാൽ പറയില്ല.ഒരു മുപ്പത്തി രണ്ട് ,അത്രയേ തോന്നൂ.

“ടാ വേണു ഇതെന്താടാ ആകെ നരയൊക്കെ കയറിയല്ലോ. നീയൊരു ബാങ്ക് മാനേജരൊക്കെ അല്ലേ ഒന്ന് ചെറുപ്പമായി നടന്ന് കൂടെ  നിനക്ക്….ഞാൻ അങ്ങ് കാനഡയിൽ സെറ്റിൽ ചെയ്തു. ഒരു വീട് ഉണ്ടായിരുന്നു , അത് എന്റെ സഹോദരിക്ക് വിറ്റു. ഇനി ഈ നാടുമായി ബന്ധിപ്പിക്കുന്നത് രക്തബന്ധം അതൊന്ന് മാത്രമാണ്. സഹോദരിയുടെയും എന്റെയും കാലശേഷം അതും നിലയ്ക്കും.”

അവനെ കണ്ടപ്പോൾ ലേശം അസൂയ തോന്നി. ശ്രദ്ധിക്കണം ആരോഗ്യവും സൗന്ദര്യവും. മൂത്ത മോൻ പ്ലസ് ടു ആയതേയുള്ളു..ഇപ്പോഴേ നര കയറി നടക്കേണ്ട കാര്യമെന്ത്..അന്ന് വൈകിട്ട് നേരത്തെ ബാങ്കിൽ നിന്നിറങ്ങി. വീടിനടുത്തുള്ള ജിമ്മിൽ പോയി അഡ്മിഷനെടുത്തു. മാസം എണ്ണൂറ് രൂപ. നാല്പത്തിയഞ്ചു ദിവസം കൊണ്ട് വയറു കുറച്ചു സുന്ദരനാക്കി തരാമെന്നു ട്രെയിനറുടെ വാഗ്ദാനം. അവിടെ നിന്നിറങ്ങി നേരെ  സലൂണിലേയ്ക്ക്. മുടിവെട്ടൽ, ഡൈ ചെയ്യൽ ,ഫേഷ്യൽ  ഇത്യാദി വകകൾക്കു  രണ്ടു മണിക്കൂർ എടുത്തു.

വീട്ടിൽ വാതിൽ തുറന്നു തന്ന ഇളയ മകൻ വൈഷ്ണവ് അടിമുടി ഒന്ന് വേണുവിനെ നോക്കി. പിന്നെ അകത്തേക്ക് നോക്കി കൂകി വിളിച്ചു.

“അമ്മേ ദേ ഒരു മാമൻ വന്നു .”

അടുക്കളയിൽ നിന്നും പുറത്തു വന്ന ഭാര്യയും മൂത്ത മകൻ വിനായകനും അയാളെ നോക്കി ചിരിച്ചു.

“ഇതാരപ്പാ വന്നിരിക്കുന്നത്

“അസൂയയ്ക്കു മരുന്നില്ല പ്രിയതമേ .”

“എന്താ ഇപ്പോളൊരു മാറ്റം….പുതുമണവാളനെ പോലെയുണ്ടല്ലോ.”

“നിനക്കെന്താ ഒരു സംശയം പോലെ….എന്റെ ഒരു പഴയ ക്ലാസ് മേറ്റിനെ കണ്ടപ്പോഴാണ് ,ഞാനൊക്കെ എത്ര പഴഞ്ചൻ ആണെന്ന് മനസിലായത്. നാളെ മുതൽ ജിം പതിവാക്കി. ഞാനൊന്നു ചെറുപ്പമാകട്ടെ.”

“ചെറുപ്പമാകുന്നതൊക്കെ കൊള്ളാം ആരെയും വീട്ടിലേയ്ക്കു വിളിച്ചു കൊണ്ട് വരാതിരുന്നാൽ മതി.”

“അതെന്നാ വർത്തമാനമാടീ.”

“ആണുങ്ങളെ അത്ര വിശ്വസിക്കാൻ പറ്റില്ല.”

ആ സംസാരം അന്നങ്ങനെ കഴിഞ്ഞെങ്കിലും അവൾക്കീയിടെയായി വേണുവിനെ നേരിയ സംശയം ഉണ്ടോയെന്ന് വേണുവിനൊരു സംശയം. വേണു കുളിക്കാൻ എങ്ങാനും കയറിയാൽ അവൾ വേണുവിന്റെ ഫോണിന്റെ അടുത്തങ്ങു കൂടും. ഇപ്പോൾ ഓരോ ആഴ്ച കൂടുമ്പോൾ മൊബൈലിന്റെ പാസ്സ്‌വേർഡ് മാറ്റണം.

ഒരു ദിവസം ബാങ്കിലെ ഇടവേളകൾക്കിടയിലാണ് ഫോണിൽ നിന്നൊരു നോട്ടിഫിക്കേഷൻ ശബ്ദം കേട്ടത്. ഫോണൊന്നു വൈബ്രേറ്റ് ചെയ്തു ശബ്ദിച്ചു. വാട്സാപ്പ് ടെലിഗ്രാം, ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് ഇത്യാദി വകകളുടെ നോട്ടിഫിക്കേഷൻ സൗണ്ട്  പരിചിതമാണ്. ഇത് വേറെ മാതിരി ശബ്ദം. അന്വേഷിച്ചപ്പോൾ കണ്ടെത്തി ഫേസ് ബുക്ക് മെസഞ്ചർ എന്ന ആപ്പിൽ  നിന്നാണ് ശബ്ദം. തിരക്ക് കുറഞ്ഞപ്പോൾ ഫോണെടുത്തു നോക്കി, ഏതോ ഒരു ട്വിങ്കിൾ റോസ്…പേര് കേട്ടപ്പോൾ ഒരു കൗതുകം, പക്ഷെ തീരെ പരിചയമില്ല ആളെ.

“ഹലോ” എന്നൊരു മെസ്സേജ് മാത്രം.

മറുപടിയൊന്നും അയച്ചില്ല. ആരാണെന്നോ, എന്താണെന്നോ, അറിയാതെ ,ഇപ്പോൾ ആണുങ്ങളെ ഹണി ട്രാപ്പിൽ പെടുത്താൻ ധാരാളം പെണ്ണുങ്ങൾ കച്ചയും കെട്ടി ഇറങ്ങിയിരിക്കുകയാണ്. അതിലെങ്ങാനും പെട്ട് പോയാൽ വീട്ടുകാരും നാട്ടുകാരും സോഷ്യൽ മീഡിയയും കൂടി എടുത്തിട്ടൊരു അലക്കുണ്ട്. പിന്നെ ജീവിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല.വിട്ടു കളയുന്നതാണ് ബുദ്ധി.

ആദ്യം പരിചയപെടും പിന്നെ ചെറുതായി പഞ്ചാരയടിക്കും ,പിന്നെ രാത്രിയിലെ ചാറ്റുകളായി. ഇതിനിടയിൽ കുറച്ചു പണം വാങ്ങും ,തിരിച്ചു ചോദിച്ചാലും വീണ്ടും കൊടുത്തില്ലെങ്കിലും ട്രാപ്പിലാകും. വെറുതെ എന്തിനാ പൊല്ലാപ്പുകൾ. “പെണ്ണൊരുമ്പെട്ടാൽ” എന്ന് പറയുന്നത് വെറുതെയാണോ?.

പിറ്റേ ദിവസം മുതൽ പതിവായി ഗുഡ് മോർണിംഗ് മെസേജ്  വരാൻ തുടങ്ങി. നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ വേണുവിനും ഒരു കൗതുകം തോന്നി.

ട്വിങ്കിൾ റോസ് നല്ല പേര്. തിരികെ ഒരു ഹലോ സന്ദേശമയച്ചാലോ. അല്ലെങ്കിൽ വേണ്ട, പിന്നെ അതൊരു കുരിശ്ശായി മാറും. പക്ഷെ ഇതാരാണെന്നു അറിയണമല്ലോ. ജിമ്മിൽ ,കൂടെ വരുന്ന ആരെങ്കിലുമാകുമോ? ജിമ്മിൽ പോയതിനു ശേഷമാണ് ട്വിങ്കിൾ റോസ് ആദ്യ സന്ദേശമയച്ചത്. ഇനി ആരാധികയാണെങ്കിലോ?അവിടെയാണെങ്കിൽ മുപ്പതിൽ താഴെയുള്ള കുറച്ചു ടെക്കി പെൺപിള്ളേര് വരുന്നുണ്ട്. എല്ലാം ഒന്നിനൊന്നു സുന്ദരികൾ. ഒരു ഹലോ തിരിച്ചു ഇട്ടേക്കാം. പ്രത്യേകിച്ച് നഷ്ടമൊന്നുമില്ലല്ലോ…ഇന്ന് മുതൽ  കുറച്ചു സമയം കൂടുതൽ ജിമ്മിൽ ഇരുന്നാൽ ആളെ കണ്ടു പിടിക്കാം.

“ഹലോ ” മെസേജയച്ചു. ഇല്ല ,റിപ്ലൈ ഒന്നുമില്ല. ആ വരട്ടെ നോക്കാം.

ആ മെസേജിനെക്കുറിച്ച് മറന്നു പോയി. ജിമ്മിൽ വന്നപ്പോളാണ് ആ കാര്യം ഓർത്തത്. ഫോണെടുക്കാൻ മറന്നു പോയി. ഫോൺ ലോക്ക്ഡ് ആണ് എന്നാലും അവളെങ്ങാനും എടുത്തു നോക്കുമോ. നോട്ടിഫിക്കേഷനൊക്കെ ഓഫാക്കി വച്ചു എന്നാലും ഒരു ടെൻഷൻ. അതുകൊണ്ട് ജിമ്മിലെ പെൺപിള്ളേരെ ഒന്നും കാര്യമായി ശ്രദ്ധിക്കാൻ പറ്റിയില്ല. പക്ഷെ ടെക്കി കൂട്ടത്തിലെ നീളമുള്ള വെളുത്ത പെൺകുട്ടി പതിവില്ലാതെ ഒരു പുഞ്ചിരി തന്നു. അത് കണ്ടപ്പോൾ തന്നെ ടെൻഷൻ മാറി. വേനൽ മഴ നനഞ്ഞ പോലെ തണുത്തൊരു അനുഭവം.

സാധാരണ വീട്ടിലെത്തി ടി വി കണ്ടിട്ട് പിന്നെയാണ് കുളിയും ആഹാരവുമൊക്കെ. ഇന്ന് നേരെ ബെഡ് റൂമിൽ കയറി ആരും കാണാതെ ഫോണുമെടുത്ത് ബാത്ത് റൂമിൽ കയറി കതകടച്ചു

ലോക്ക് നീക്കി മെസഞ്ചറിൽ കയറി നോക്കി.ഒരു മെസേജ് വന്നിട്ടുണ്ട്. “ഇന്ന് ആ പച്ച ഷർട്ടിൽ വേണു സുന്ദരനായിരുന്നു.

ഏഹ്ഹ് പച്ച ഷർട്ടോ ? അത് ഓഫീസിൽ ഇട്ടു കൊണ്ട് പോയതല്ലേ, ജിമ്മിൽ പോയത് ആഷ് കളർ ടീ ഷർട്ടിൽ അല്ലേ. അപ്പോൾ ഈ ട്വിങ്കിൾ റോസ് ജിമ്മത്തി അല്ല അല്ലേ ,അപ്പോൾ ഓഫീസിൽ ആണ്. ഇനി രുഗ്മിണിയാണോ, പുതിയ അസിസ്റ്റന്റ് മാനേജർ ,മൂക്കുത്തിയിട്ട ,എന്നും സാരിയുടുത്ത വരുന്ന പട്ടത്തി അമ്മാൾ…രുഗ്മിണി അമ്മാളാണോ ഈ ട്വിങ്കിൾ റോസ്. എന്തായാലും ആളെ കണ്ടു പിടിച്ചേ പറ്റു.

പിറ്റേന്ന് രാവിലെ ഫോണും കൊണ്ട് സ്വീകരണ മുറിയിൽ വന്നിരുന്നപ്പോളാണ് പിന്നിൽ നിന്ന് ഭാര്യയുടെ ശകാരം കേട്ടത്.

“ഇന്ന് ചോറ് കൊണ്ട് പോകണമെങ്കിൽ കുറച്ചു തേങ്ങാ ചിരണ്ടി തരേണ്ടി വരും. പിന്നെ മീനിൽ ഇട്ടു വയ്ക്കാൻ രണ്ടു മാങ്ങാ പൊട്ടിച്ചു തരണം. ഫോണിൽ കുത്തി കൊണ്ട് ഇവിടെയിരുന്നാൽ എങ്ങനെയാ.”

ഇതിനൊക്കെ മറുപടി പറഞ്ഞാൽ പിന്നെ വഴക്കാകും…പിന്നെ ഇന്ന് മുഴുവൻ മൂഡ് ഓഫ് ആകും. ട്വിങ്കിളിൻ്റെ മെസേജ് വന്നാൽ ഉഷാറാകും.

മാങ്ങയും തേങ്ങയുമൊക്കെ സെറ്റ് ആക്കി കൊടുത്തു. ഫോണെടുത്തു നോക്കി, വന്നിട്ടുണ്ട് ഗുഡ് മോർണിംഗ് മെസ്സേജ് , കൂടെ രണ്ടു ലവ് ഇമോജികളും. തിരിച്ചും അയച്ചു ഒരു സുപ്രഭാതം.

അന്ന് ബാങ്കിൽ തിരക്കായതിനാൽ മെസേജൊന്നും നോക്കിയില്ല. ഉച്ചയ്ക്ക്  ഡൈനിങ്ങ് റൂമിൽ നിന്നിറങ്ങിയപ്പോൾ വെറുതെ അവിടത്തെ സ്ത്രീ പ്രജകളെയൊക്കെ ഓട്ട പ്രദക്ഷിണത്തിലൂടെയൊന്ന് നോക്കി. ക്യാഷിലിരിക്കുന്ന ദീപ്തിയുടെ കണ്ണുകളുമായി വേണുവിന്റെ കണ്ണുകളിടഞ്ഞു. അവൾ പെട്ടെന്ന് മുഖം താഴ്ത്തി. ഇനിയിവളെങ്ങാനുമാണോ. ദീപ്തമെന്നാൽ തിളങ്ങുന്നതെന്നല്ലേ, ഇവളാണോ എന്റെ ട്വിങ്കിൾ റോസ്.

എന്തായാലും വൈകിട്ട് മെസ്സേജ് വന്നു. “ഇന്നത്തെ ഷർട്ട് എന്റെ വേണുക്കുട്ടന് ഒട്ടും ചേരുന്നില്ല കേട്ടോ “

തിരിച്ചു മറുപടി അയച്ചു. “കഴിഞ്ഞ ഓണത്തിന് ഭാര്യ സെലക്ട് ചെയ്തതാണ്. അവളുടെ സെലക്ഷൻ അത്ര മോശമല്ല. എന്നെയും അവളെങ്ങനെയല്ലേ കണ്ടു പിടിച്ചത്.”

അങ്ങനെ ഒന്നും രണ്ടും മെസേജ് അയച്ചു കൊണ്ടിരുന്ന വേണുക്കുട്ടനും ട്വിങ്കിൾ റോസും അടിക്കടി മെസേജ് അയക്കുന്ന രീതിയിലേക്ക് വന്നു. പലതവണ ട്വിങ്കിൾ റോസ് അവൾക്ക് വേണുക്കുട്ടനോടുള്ള അത്യഗാധ പ്രണയം വെളിപ്പെടുത്തി. ട്വിങ്കിൾ റോസിന്റെ ഐഡൻ്റിറ്റി വെളിപ്പെടുത്താതിനാൽ തൻ്റെ പ്രണയാഭ്യർത്ഥന തൽക്കാലം പെൻ്റിംഗിൽ വച്ചിരിക്കുകയാണയാൾ.

“ഇന്നെന്റെ വെഡ്ഡിങ്ങ് ആനിവേഴ്സറിയാണ്, സഹധർമ്മിണിയ്ക്കു എന്ത് വാങ്ങി കൊടുക്കണമെന്ന ആശങ്കയിലാണ് ഞാൻ..നീ ഒന്ന് സഹായിക്കൂ എന്റെ പൊന്നു സുഹൃത്തേ .”

“എന്റെ അഭിപ്രായത്തിൽ ഒരു വെള്ളി പാദസരം വാങ്ങി കൊടുക്ക്.പുതിയ ഫാഷൻ ഉണ്ട്. ഞാൻ വേണേൽ ഫോട്ടോ അയയ്ക്കാം.”

അന്ന് രാത്രിയിൽ കുട്ടികളൊക്കെ ഉറക്കമായപ്പോൾ അവരുടെ സ്വകാര്യതയിൽ വച്ച് വേണുക്കുട്ടൻ ഭാര്യയുടെ കാലിൽ പുതിയ വെള്ളി പാദസരം അണിയിച്ചു.

“ഇതെന്താ ഇപ്പോൾ ഇങ്ങനൊരു സമ്മാനം, ഞാനെത്ര നാളായി ആഗ്രഹിക്കുന്നു. പറഞ്ഞപ്പോഴൊന്നും മേടിച്ച് തന്നിട്ടില്ല.”

“തൻ്റെ മനസ്സ് എനിക്കറിയില്ലേ, ഇപ്പോൾ സന്തോഷമായില്ലേ, അതാണ് ഞാനൊരു സർപ്രൈസ് തന്നത്.”

പാദസരം അണിയിച്ച അവളുടെ കാലുകൾ വേണു ക്യാമറയിൽ പകർത്തി

“ഇതെന്തിനാ ഫോട്ടോ എടുക്കുന്നത്.”

“നിന്റെ മനോഹരമായ കാലുകളും പാദസരവും ഞാൻ എന്റെ ആത്മാവിൽ പകർത്തുകയാണ് മോളെ.”

രാവിലെ പതിവിലും നേരത്തെ ഉണർന്നു. പാദസരമണിഞ്ഞ കാലുകൾ ട്വിങ്കിൾ റോസിന് അയച്ചു കൊടുക്കണം. അഭിപ്രായമറിയണം.

ഓഫീസിൽ ഇരുന്നപ്പോളാണ് മറുപടി കിട്ടിയത്. “ഗംഭീരം,പാദസരവും കാലുകളും. വേണു ഭാഗ്യവാനാണ്.”

മറുപടി കൊടുത്തു. “എനിക്കെന്നാണ് തന്നെ കാണാൻ കഴിയുന്നത്. കാത്തിരിക്കുന്നു.”

“സമയമായില്ല, കാത്തിരിക്കൂ.” മറുപടി വന്നു.

ആഹാ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. “കാത്തിരുന്ന് മടുത്തു.ഞാൻ ഹൃദയം പൊട്ടി മ രിച്ചു പോയാൽ ട്വിങ്കിൾ കൊ ലപാ തകിയാകും.”

“ഇല്ല മരിക്കില്ല. വേണു എനിക്ക് വേണ്ടി മാത്രം ജനിച്ചവനാണ്.” കൂടെ കുറെ ചുംബന ഇമോജികളും.എൻ്റമ്മോ രോമാഞ്ചം വന്ന് രോമങ്ങളൊക്കെ അറ്റൻഷനിൽ നിന്നു.

പിന്നെയുള്ള ദിനങ്ങൾ പ്രേമ നിർഭരമായിരുന്നു. മെസേജുകളുടെ പെരുമഴക്കാലം. ഇമോജികളുടെ പ്രളയം, പ്രണയത്തിൻ്റെ ഉരുൾപ്പൊട്ടൽ. വീട്ട് കാര്യങ്ങളിൽ അശ്രദ്ധ, ഉറക്കക്കുറവ്, എപ്പോഴും ആലോചന, ഒറ്റയ്ക്കിരുന്നുളള സംസാരം ഇത്യാദി രോഗങ്ങൾ ഭാര്യയുടെ ശ്രദ്ധയിൽ പെട്ടു

ഇങ്ങനെ പോയാൽ കള്ളി വെളിച്ചത്താകുമെന്ന് ഭയപ്പെട്ടു ട്വിങ്കിൾ റോസിന് മെസേജയച്ചു. “എനിക്ക് ഉടനെ കണ്ടേ പറ്റൂ. ഇനി നീയില്ലാതെ ഞാനില്ല.”

“അപ്പോൾ ഭാര്യയും മക്കളും?.” അവളുടെ മറുപടി വന്നു.

“എനിക്ക് നീയും വേണം അവരും വേണം.”.വീണ്ടും അങ്ങോട്ടയച്ചു.

മറുപടി വന്നു. “ഞായറാഴ്ച നമ്മൾ കണ്ടിരിക്കും.”

വെള്ളിയാഴ്ച തന്നെ  സലൂണിൽ പോയി. മൊത്തത്തിൽ ഒരു സുന്ദര കില്ലാഡിയായി..അവൾ മീറ്റിംഗ് സ്ഥലം അറിയിച്ചിട്ടില്ല..ഞായറാഴ്ച രാവിലെയെ അറിയിക്കൂ സ്ഥലവും സമയവും.

ഞായറാഴ്ച വെളുപ്പിന് ഉണർന്ന് ഗണപതിക്കോവിലിൽ പോയി ഒരു ഗണപതി ഹോമം നടത്തി, പ്രാർത്ഥിച്ചു. “ഈശ്വരാ ചതിക്കല്ലേ.” പത്താംക്ലാസ് പരീക്ഷയ്ക്ക് പോലും ഇത്രയും പ്രാർത്ഥിച്ചിട്ടില്ല. മടങ്ങി വന്ന് സ്വീകരണ മുറിയിൽ അവളുടെ മെസേജിനായി കാത്തിരുന്നു.

സമയം പത്ത് മണി കഴിഞ്ഞു. മെസേജില്ല. എതിരെയിരുന്ന് ന്യൂസ് പേപ്പർ വായിക്കുന്ന ഭാര്യ കൂടെ കൂടെ തുറിച്ചു നോക്കുന്നുണ്ട്.

“എന്ത് പറ്റി മനുഷ്യാ? നിങ്ങളൊന്നും കഴിക്കുന്നില്ലേ? ഇന്ന് വ്രതമാണോ നിങ്ങൾക്ക്.?”

“അല്ല ദാ വരുന്നു.”

രാവിലെ മുതൽ വിശപ്പും ദാഹവുമൊന്നും തോന്നുന്നതേയില്ല. കഴിക്കാനിരുന്നപ്പോൾ അവളുടെ മെസേജ് വന്നു. “എന്നെ വേണുവിന് കാണണ്ടേ? നമ്മൾ കാണുന്ന സ്ഥലം വേണുവിന്റെ ഭവനം.”

“അയ്യോ ഇവിടെയോ, ഇന്നെൻ്റെ അടിയന്തിരം നടക്കും..വേറെ എവിടെയെങ്കിലും പോരേ.”

“അത് വേണ്ട..സമയം പന്ത്രണ്ട് മണി. ഭാര്യയേയും കുട്ടികളേയും എങ്ങോട്ടെങ്കിലും തൽക്കാലം പറഞ്ഞ് വിടൂ. ലഞ്ച് നമ്മൾ ഒന്നിച്ച് കഴിക്കും.” വീണ്ടും അവളുടെ മറുപടി.

പതുക്കെ അടുക്കളയിലേക്ക് നടന്നു. ഭാര്യയുടെ മുടിയിഴകളെ അലങ്കരിച്ച മുല്ലമാല മണത്ത് നോക്കി.

“നിനക്ക് വീട്ടിൽ പോകണമെന്ന് പറഞ്ഞില്ലേ. നീയും മക്കളും പോയി വാ. എനിക്കൊരു മീറ്റിംഗ് ഉണ്ട്.”

“സത്യമാണോ. ഞങ്ങൾ പോയിട്ട് വരട്ടെ. രാത്രിയിലേ മടങ്ങൂ.”

“അതേടി നിങ്ങൾ അടിച്ച് പൊളിച്ച് വായോ.”

ഭാര്യയേയും പിള്ളേരേയും ഒരു ഓട്ടോയിൽ കയറ്റി വിട്ടു..സമയം പന്ത്രണ്ടാകുന്നു. വീണ്ടും കുളിച്ച് ഒരു കസവ് മുണ്ടും ഡെനിം ഷർട്ടുമണിഞ്ഞ് സിറ്റ് ഔട്ടിൽ പോയി ഇരുപ്പായി. സമയം പന്ത്രണ്ടായി..ഇപ്പോൾ അവളെത്തും തൻ്റെ പ്രിയതമ. ഓർക്കുമ്പോൾ തന്നെ ഒരു കുളിര്.

ഒരു ഓട്ടോ വന്ന് നിന്നു. ആകാംക്ഷയോടെ കണ്ണുകൾ റോഡിലേക്ക് നീണ്ടു. ആകാശനീല സാരിയുടെ ചലനങ്ങൾ, മുഖം തിരിഞ്ഞ് നിൽക്കുന്നു. തിരിഞ്ഞതും വേണുക്കുട്ടൻ ഞെട്ടിപ്പോയി. “ഇവളെന്താ തിരിച്ച് വന്നത്.” ഞെട്ടൽ മാറി ചിരി അഭിനയിച്ചു. ഭാര്യ വന്ന് എതിർ വശത്തിരുന്നു.

“നിങ്ങൾ മീറ്റിംഗിന് പോയില്ലേ?.”

“നീ വീട്ടിൽ പോയില്ലേ?”

“അവള് വന്നില്ലേ?”

“ആര്.”

“നിങ്ങളുടെ കാമുകി, ട്വിങ്കിൾ റോസ്.”

“അതാരാ.”

“അതാരായാലും അവളിനി വരില്ല. അവളെ ഞാനങ്ങ് കൊ ന്നു.”

വേണുക്കുട്ടൻ അന്തം വിട്ടു ഭാര്യയെ നോക്കി. അവൾ തൻ്റെ ഫോൺ പൊക്കി കാണിച്ചു.

അവളുടെ അടുത്തിരുന്ന ഫ്ളവർ വേസ് ആകാശത്തിലൂടെ സഞ്ചരിച്ച് അയാളുടെ തലയിൽ തട്ടി നിലത്ത് വീണ് ചന്നം ചിന്നമായി.

“അങ്ങേരുടെ ഒരു വെള്ളിക്കൊലുസ്. മഴ തേടുന്ന വേഴാമ്പൽ ദാ വന്നിരിക്കുന്നു.”

വേണുവിന്റെ തലപൊട്ടി ചോര ഒഴുകാൻ തുടങ്ങിയപ്പോൾ അവളൊന്ന് തണുത്തു. അവൾ പഞ്ഞി കൊണ്ട് വന്ന് ചോ ര തുടച്ച് മാറ്റുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“സാരമില്ല. അനുഭവിച്ചോ. ആവശ്യമില്ലാത്ത പണിയ്ക്ക് പോയിട്ടല്ലേ. കുറെ നാളായിട്ട് എനിക്ക് സംശയമുണ്ടായിരുന്നു. എന്നേയും വേണം ട്വിങ്കിളിനേയും വേണമല്ലേ. എന്നെ വേണ്ടെന്നെങ്ങാനും പറഞ്ഞിരുന്നെങ്കിൽ ഇപ്പോൾ നിങ്ങൾ മൂക്കിൻ പഞ്ഞിയും വച്ച് ഇവിടെ  കിടന്നേനെ. എൻ്റെ തലയിൽ തൊട്ട് സത്യം ചെയ്തേ. ഇനി ഇങ്ങനെയുള്ള ഒരു കള്ളത്തരത്തിനും പോകില്ലെന്ന്.”

“നീയാണെ സത്യം, എൻ്റെ മക്കളാണേ സത്യം. ഞാൻ നിർത്തി. മാപ്പ് മാപ്പ്.”

” തൽക്കാലം ഇതിപ്പോൾ നമ്മൾ മാത്രം അറിഞ്ഞാൽ മതി. ഞാനത്ര സർവംസഹയൊന്നുമല്ല. പക്ഷെ കുട്ടികൾ, അവരുടെ ഭാവി!!!! അത് കൊണ്ട് ഒരവസരം കൂടി തരുന്നു.”

“എന്നാലും ട്വിങ്കിൾ റോസ്, ആ പേര് നിനക്കെങ്ങനെ കിട്ടി.”

“അറിഞ്ഞിട്ടിപ്പോളെന്തിനാ.”

അവൾ വീണ്ടും ദേഷ്യപ്പെട്ടു.

“നമുക്ക് പുറത്ത് പോയി ലഞ്ച് കഴിക്കാം.”

“അതേ, ട്വിങ്കിൾ റോസും അവളുടെ കാമുകനും.”

അവൾ തൻ്റെ വെള്ളി പാദസരം അയാൾ കാണത്തക്ക രീതിയിൽ സാരി ഉയർത്തി വച്ച്, ട്വിങ്കിൾ റോസ് അവളുടെ കാമുകൻ്റെ മുഖത്തേയ്ക്കുറ്റ് നോക്കി. തൻ്റെ ഉള്ളിലും ഒരു രസികത്തിയായ കാമുകിയുണ്ടെന്ന് അവൾ അഭിമാനിച്ചു.

✍️ നിശീഥിനി