രഘുവേട്ടൻ…
Story written by Rajesh Dhibu
==================
വിജയനഗർ സ്കൂളിൻ്റെ ഗെയിറ്റു കടന്ന് സ്കൂൾബസ്സ് വാകമരത്തിന്റെ ചുവട്ടിലേയ്ക്ക് ഒതുക്കി നിറുത്തി കൊണ്ട് രഘു പിറകിലേക്ക് നോക്കി വിളിച്ചു പറഞ്ഞു…
“എന്റെ കുഞ്ഞു മക്കളേ പള്ളിക്കൂടമെത്തി എല്ലാവരും വരിവരിയായി ഇറങ്ങിയാട്ടേ …”
എല്ലാവരും തിരക്കു പിടിക്കുന്നതു കണ്ടപ്പോൾ രഘു സഹായത്തിനായ് പുറകിലേയ്ക്ക് വന്നു…
“രഘുവേട്ടാ..” പുറകിൽ നിന്നുള്ള വിളി കേട്ട് രഘു തിരിഞ്ഞു നോക്കി..
“ആരാ ഇത് രഘുവേട്ടൻ്റെ മിന്നു മോളോ..”
“മിന്നു മോള് ആദ്യം ഇറങ്ങി കാണുമെന്നല്ലേ രഘുവേട്ടൻ കരുതിയേ…ഒളിച്ചിരിക്കുകയായിരുന്നല്ലേ…രഘുവേട്ടന്റെ പൊന്നുമോളു കൊച്ചുകള്ളി…”
രഘു ബേഗ് എടുത്ത് മിന്നു മോളുടെ തോളിൽ ഇട്ടു കൊടുത്തു.
“രഘുവേട്ടൻ്റെ പൊന്നുമോള് പോയ് നന്നായി പഠിക്കണം ട്ടോ.. മിന്നുമോൾക്ക് പഠിച്ചു വലിയ ഡോക്ടറാകണ്ടേ..എന്നിട്ട് വേണം ഈ പാവം രഘു വേട്ടനെ ചികിത്സിക്കാൻ “
അവൾ അനുസരണയോടെ തലയാട്ടി കൊണ്ട് പടികളിറങ്ങി പോകുന്നത്. ഒരു പുതുമയുള്ള കാഴ്ച പോലെ രഘു നോക്കി നിന്നു….
സ്കൂളിലെ മറ്റു കുട്ടികളെല്ലാം രഘുവങ്കിൾ എന്നു വിളിക്കുമെങ്കിലും മിന്നുമോൾ മാത്രമാണ്. രഘുവേട്ടൻ എന്നു വിളിച്ചിരുന്നത്…അതിനു ഒരു കാരണവുമുണ്ടായിരുന്നു. മിന്നു മോളുടെ അമ്മ നന്ദിനി ടീച്ചർ ഇതേ സ്കൂളിലെ ടീച്ചറാണ്. നന്ദിനി ടീച്ചർ വിളിക്കുന്നത് കേട്ട് മിന്നു മോളും രഘുവിനെ അങ്ങിനെയാണ് വിളിക്കാറ്..
പിറ്റേന്ന് രാവിലെ സ്കൂൾ ബസ്സ് മിന്നു മോളുടെ വീടിൻ്റെ മുന്നിൽ ചെന്നു നിന്നു…
പതിവായ് ഉള്ള ഹോൺ മുഴക്കി ഏറെ നേരം കഴിഞ്ഞതിനു ശേഷമാണ് അകത്തുനിന്ന് ഒരു പ്രായമായ സ്ത്രീ വന്നു പറഞ്ഞത്.
“മോൾ ഇന്ന് വരുന്നില്ല ട്ടോ അവൾക്ക് തീരെ സുഖമില്ല..ഒട്ടും വയ്യ. ഒന്ന് ആശുപത്രീല് കൊണ്ടോണായിരുന്നു..”
“അപ്പോൾ ടീച്ചർ ഇവിടെയില്ലേ..”
“ടീച്ചർ തിരുവനന്തപുരത്തു ട്രെയിനിംഗിന് പോയിരിക്കുകയാ..”
ഒന്നിറങ്ങി മിന്നു മോളെ പോയി കാണണമെന്ന് മനസ്സു തുടിക്കുന്നുണ്ടെങ്കിലും എച്ച് എം കടുവ സാറിൻ്റെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ സീറ്റിൽ നിന്ന് എഴുന്നേറ്റ രഘു തിരികെ അവിടെ തന്നെയിരുന്നു…ഒരിക്കൽ നഷ്ടപ്പെട്ടുപോയെന്നു കരുതിയ ജോലി നന്ദിനി ടീച്ചർ ഇടപ്പെട്ടിട്ടാണ് തിരിച്ചു കിട്ടിയത്..
നാലു മണി ട്രിപ്പ് കഴിയട്ടെ..എന്തു തന്നെയായാലും ഒന്നു പോയി കാണണം..രഘു തീരുമാനിച്ചുറപ്പിച്ചു..
സ്കൂളിൽ ബസ്സ് വന്നു നിന്നു. ദിവസവും കേൾക്കാറുള്ള രഘുവേട്ടാ എന്നുള്ള വിളി കേൾക്കുവാൻ അവൻ കാതോർത്തു…
ഓരോ ഇരിപ്പിടങ്ങളിലും അവന്റെ കണ്ണും കാതും ഓടിയെത്തിയപ്പോൾ നിശബ്ദത മിഴികളെ തടഞ്ഞു നിർത്തികൊണ്ടു തിരിച്ചയച്ചു..
മനസ്സ് വല്ലാതെ അസ്വസ്ഥമായിരിക്കുന്നു..സ്നേഹത്തോടെയുള്ള ആ വിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നു..
കണ്ണിൽ നനവ് പടർന്നിട്ടുണ്ടോ. അവൻ, തലചരിച്ചുപിടിച്ചു കൊണ്ട്
ബസ്സിലെ മധ്യഭാഗത്തുള്ള കണ്ണാടിയിലേക്ക് ഒന്ന് നോക്കി. രണ്ടു വിരലാൽ അമർത്തിയോന്നൊപ്പി..
എന്നാലും മിന്നുമോൾക്ക് എന്തു പറ്റിയ താകും…ഉത്തരമില്ലാത്ത ചോദ്യമുനയിൽ താടിരോമങ്ങളെ തടവികൊണ്ടവൻ ഒരിക്കൽ കൂടി പിറകിലേക്ക് നോക്കി..
എൻ്റെ പൊന്നുമോൾക്ക് ഒന്നും വരുത്തല്ലേ ഭഗവതീ..ബസ്സിന്റെ മുൻ വശത്തായി താൻ ദിവസവും തൊട്ടു വണങ്ങാറുള്ള ഭഗവതിയുടെ ഫോട്ടോയിലേക്ക് നോക്കി മനസ്സുരുകി പ്രാർത്ഥിച്ചു..
സ്കൂൾ വിടുന്നതു വരെ മണിക്കൂറുകളെ വിരൽതുമ്പിൽ പിടിച്ചു നിറുത്തി കൊണ്ടവൻ കാത്തിരുന്നു.’
എല്ലാ കുട്ടികളേയുംവീട്ടിൽ കൊണ്ടുവിട്ടതിനു ശേഷം വീട്ടിൽ പോയി കുളിച്ചുയെന്നു വരുത്തി കൊണ്ട് തൻ്റെ ഹെർക്കുലിസ് സൈക്കളിൽ മിന്നുവിൻ്റെ വീട് ലക്ഷ്യമാക്കി ആഞ്ഞു ചവുട്ടി
മിന്നുവിൻ്റെ വീടിൻ്റെ മുൻവശത്ത് എത്തിയപ്പോഴേക്കും അവൻ നന്നേ തളർന്നിരുന്നു. ഉമ്മറത്തെ ഇരുമ്പു ഗെയിറ്റിൽ കൈകളൂന്നി ടീച്ചർ ആരെയോ എത്തി നോക്കുന്നുണ്ടായിരുന്നു. കിതപ്പ് വിട്ടുമാറുന്നതിനു മുൻപായ് അവൻ ടീച്ചറോട് വിവരം തിരക്കി..
മി.” മിന്നുമോൾക്ക് .. ഇപ്പോൾ..
പരിഭ്രാന്തി പടർന്ന ആ മിഴികൾ നിറഞ്ഞുതുവുന്നതു കണ്ടപ്പോൾ സൈക്കിൾ വീട്ടുമുറ്റത്തെ മതിലേക്ക് ചാരിവെച്ചു കൊണ്ട് ടീച്ചറുടെ അടുത്തേക്ക് ഓടി ചെന്നു.
“എന്തു പറ്റി ടീച്ചർ…”
അവൻ്റെ ശമ്പ്ദത്തിൽ ജിജ്ഞാസയുടെ ധ്വനിയുണ്ടായിരുന്നു…അവനു മറുപടി കൊടുക്കാതെ അപ്പോഴും ദൂരങ്ങിലേയ്ക്ക് മിഴിയും നട്ട് നിൽക്കുകയായിരുന്നു ടീച്ചർ
“ടീച്ചർ ടെൻഷനടിപ്പിക്കാതെ എന്തു പറ്റിയെന്നു ഒന്നു പറയുന്നുണ്ടോ..”
അല്പം ശബ്ദം ഉയർത്തിയാണ് ചോദിച്ചത്..ഉള്ളിലെ വേദനയാകും ഒരു പക്ഷെ വാക്കുകൾക്ക് ശക്തി നൽകിയതു.
“മിന്നുമോൾക്ക് പനിയൽപ്പം കൂടുതലാ.
ഞാനിപ്പോ എത്തിയതേ ഉള്ളൂ…ഒരു ഓട്ടോക്കാരനെ വിളിച്ചിട്ട് ഇതുവരേയ്ക്കും വന്നിട്ടില്ല. എനിക്ക് ആകെ പേടിയാകുന്നു രഘുവേട്ടാ…..”
“വിഷമിക്കാതിരിക്കൂ ടീച്ചറെ…മോൾക്ക് ഒന്നുല്ല്യ..”
ടീച്ചറെ ആശ്വസിപ്പിക്കുന്നതിനിടയിലാണ് അവന്റെ കണ്ണുകൾ അതിൽ ചെന്നു തറച്ചു നിന്നത്…
“ടീച്ചറേ..കാറല്ലേ..ആ പോർച്ചിൽ കിടക്കുന്നത്….എന്നിട്ടാണോ ഓട്ടോയ്ക്ക് വേണ്ടി കാത്തു നിൽക്കുന്നത്.”
“അതിനു ഡ്രൈവിംഗ് എനിക്കറിയില്ലല്ലോ രഘുവേട്ടാ..മോഹനേട്ടൻ മാത്രമേ അതു എടുക്കാറുള്ളൂ…ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അവൾ മിഴികൾ തുടച്ചുകൊണ്ടു പറഞ്ഞു നിറുത്തി…”
ടീച്ചറുടെ ശബ്ദം വിറയ്ക്കുന്നതു കണ്ടപ്പോൾ അവരുടെ നെഞ്ചിലെ തീ അവൻ അതിനോടകം തിരിച്ചറിഞ്ഞിരുന്നു…
“ടീച്ചർ സമയം കളയാതെ ആ താക്കോലിങ്ങോട്ട് എടുത്തേ….”
രഘുവിൻ്റെ വാക്കുകൾ പൂർത്തിയാക്കും മുൻപേ ടീച്ചർ വീട്ടിലേക്ക് തിരിച്ചോടിയിരുന്നു. തോളിൽ മിന്നു മോളേയും എടുത്തു കൊണ്ട് തിരികെ വരുമ്പോഴും അവരുടെ കണ്ണുകൾ കരഞ്ഞു കലങ്ങി തന്നെയിരുന്നു. മിന്നു മോളേയും കൂട്ടി കാർ ശരവേഗത്തിൽ പായിക്കുമ്പോഴും ഇടയ്ക്കിടെ അവൻ കണ്ണാടിയിലൂടെ പിറകിലേക്ക് നോക്കുവാൻ മറന്നില്ല..അമ്മയുടെ മടിയിൽ തലവെച്ചുറങ്ങുന്ന മിന്നു മോളുടെ ശരീരം വിറയക്കുന്നത് അവനു കാണാമായിരുന്നു…
ആശുപത്രിയിലെങ്ങിനെ എത്തിചേർന്നതെന്നും പോലും അവനു നിശ്ചയമില്ലായിരുന്നു…യാത്രയിലുട നീളം മനസ്സ് മുഴുവൻ ദൈവങ്ങളുടെ കാൽക്കൽ വെച്ചു പ്രാർത്ഥിക്കുകയായിരുന്നു…
മിന്നു മോളേയും കൂട്ടി അകത്തേയ്ക്ക് പോയ ടീച്ചർ സാരിത്തലപ്പു കൊണ്ട് കണ്ണുതുടച്ച് പുറത്തേക്കിറങ്ങിയ നേരം രഘു അവരുടെ അടുത്തേക്ക് ഓടിച്ചെന്നു…
“ടീച്ചർ മിന്നുമോൾക്ക് ..”
“എനിക്കറിയില്ല രഘുവേട്ടാ.. ” എന്നു പറഞ്ഞു തീരും മുമ്പ് പൊട്ടിക്കരഞ്ഞുകൊണ്ട് തൊട്ടടുത്ത ബഞ്ചിലേക്കവൾ തളർന്നിരുന്നു….
പാവം…ടീച്ചറുടെ ഈ മാനസികാവസ്ഥയിൽ മോളെ കുറിച്ചു കൂടുതൽ തിരക്കുന്നത് അവരുടെ വേദനകളെ കുത്തിനോവിക്കുന്നതിനു തുല്യമാണന്ന് തിരിച്ചറിഞ്ഞ രഘു പതിയെ പുറത്തേയ്ക്ക് പോകുവാനെരുങ്ങി
“ദേ ഒന്നു നിന്നെ ആ കുട്ടിയുടെ അച്ഛനല്ലേ..കുറച്ച് മരുന്ന് പുറത്തു നിന്നു വാങ്ങണം ഇതാ ചീട്ട്..”
കയ്യിൽ ഉയർത്തി പിടിച്ചു വിളിച്ചു കൂവിയ ആ മാലാഖയോട് മിന്നു മോളുടെ അച്ഛൻ ഞാനല്ലയെന്നു പറയുവാൻ തന്റെ നാവു വഴങ്ങിയില്ല..
ആ ചീട്ടു വാങ്ങുന്നതിനു മുൻപായി .. കരഞ്ഞു തളർന്നിരിക്കുന്ന ടീച്ചറുടെ മുഖത്തേക്കാണ് അവൻ്റെ കണ്ണുകൾ ആദ്യം തിരിഞ്ഞത്…തലയുയർത്തി പിടിച്ചു കൊണ്ട് തനിക്കു നേരെ എത്തി നോക്കിയ നിറമിഴികളിൽ നിന്നവൻ വായിച്ചടുത്തു.
“ഞങ്ങൾക്കാരുമില്ല രഘുട്ടോ..”
മാലാഖയുടെ കയ്യിൽ നിന്ന് ചീട്ടു വാങ്ങിയ അതേ കൈകൾ തൻ്റെ ഒട്ടികിടക്കുന്ന ഷർട്ടിൻ്റെ പോക്കറ്റിലേക്കും ചേർന്നമർന്നപ്പോൾ വിരലുകൾക്ക് ശ്യൂന്യത അനുഭവപ്പെട്ടു.
പുറം തിരിഞ്ഞു നിൽക്കുന്ന തൻ്റെ ഇടറിയ മനസ്സ് ടീച്ചർ അകകണ്ണു കൊണ്ടു വായിച്ചിരിക്കണം..നിവൃത്തിക്കേടട് പറയാനറിയാതെ വിഷണ്ണനായി .നിന്ന അവന്റെ മുൻപിലേയ്ക്ക് ടീച്ചറുടെ നിവർത്തി പിടിച്ച കൈവെള്ളയിൽ അതിനുള്ള ഉത്തരവുമുണ്ടായിരുന്നു…
മരുന്ന് വാങ്ങി തിരികെ കൊണ്ടവന്നു ഏൽപ്പിക്കുമ്പോഴും ടീച്ചറുടെ ഭാഗത്തുനിന്ന് മൗനം മാത്രമായിരുന്നു..ആ മിഴികൾ അപ്പോഴും തോർന്നിരുന്നില്ല..എന്തു പറഞ്ഞാണ് അവരെയൊന്നാശ്വസിപ്പിക്കുക..സമയം വൈകുന്നു…വീട്ടിലാണെങ്കിൽ അമ്മ മാത്രമേ ഉള്ളൂ. ഈ നിലയിൽ ഇവരെ ഇവിടെ തനിച്ചാക്കി പോകുവാനും കഴിയുന്നില്ല
ചുവരിലേക്ക് തല ചായ്ച്ചു വെച്ച് ആലോചനയിലിരിക്കുന്ന ടീച്ചറെ അവൻ അടുത്തുചെന്നു വിളിച്ചു…
“ടീച്ചറേ..മിന്നു മോളുടെ അച്ഛനെ വിളിച്ചു പറഞ്ഞിരുന്നോ..”
ഒരു ഞെട്ടലോടെയാണ് ടീച്ചർ അതിനു മറുപടി നൽകിയത്. “സ്വർഗ്ഗത്തിലിരിക്കുന്നവർ എന്റെ വിളി കേൾക്കുമോ..രഘുവേട്ടോ..”
“ക്ഷമിക്കണം ടീച്ചറേ..നഴ്സ് അങ്ങിനെ ചോദിച്ചപ്പോൾ അന്നേരം മിന്നുമോൾ മാത്രമായിരുന്നു…എന്റെ മനസ്സിൽ മറ്റൊന്നും ഞാൻ ചിന്തിച്ചില്ല…”
അതിനു മറുപടിയൊന്നും പറയാതെ അവർ വീണ്ടും മൗനങ്ങളെ കൂട്ടുപിടിച്ചു..
ചില്ലു വാതിൽ തുറന്നു കൊണ്ടു അവർക്കരിലേയ്ക്ക് കടന്നു വന്ന നഴ്സ് രഘു ആരാണന്നു തിരിക്കയനേരം ടീച്ചറുടെ ചൂണ്ടുവിരൽ അവനു നേരെ തിരിഞ്ഞപ്പോൾ അവൻ്റെ മിഴികൾ നീണ്ടത് ആ അടഞ്ഞുകിടക്കുന്ന ചില്ലുവാതിലേയ്ക്കായിരുന്നു..എന്റെ മിന്നുമോൾ….വിറയാർന്ന ആ ചുണ്ടുകൾ പതിയെ മന്ത്രിച്ചു…
“പേടിക്കാനൊന്നുമില്ല..കുട്ടിയിപ്പോൾ ഒക്കെയാണ്..കുട്ടി കണ്ണു തുറന്നതും രഘുവേട്ടനെ ഒന്നു കാണണമെന്ന് പറഞ്ഞു.. “
സന്തോഷം കൊണ്ടു ഒന്നും മിണ്ടുവാൻ കഴിയാതെ ഒരു ചെറു പുഞ്ചിരിയോടെ
നഴ്സിനെ നോക്കിയപ്പോഴാണ് തൻ്റെ കയ്യിൽ ചേർത്തു പിടിച്ചിരിക്കുന്ന, ടീച്ചറുടെ മുഖമവൻ ശ്രദ്ധിച്ചത്. പാറി പറന്നു കിടന്ന മുടിയിഴകളിൽ തട്ടി അടർന്നു വീഴുന്ന മിഴിനീർത്തുള്ളികളിൽ നിറഞ്ഞു നിന്ന വരികളിൽ മുഴുവനും നന്ദിയും കറയുതിർന്ന തന്നോടുള്ള മമതയും മാത്രമായിരുന്നു.
“അവൾ അന്വേഷിച്ചതും ഒന്നു കാണുവാൻ കൊതിച്ചതും എന്നെയായിരുന്നില്ല രഘുവേട്ടാ ..”
“നിങ്ങളിൽ അവൾ കണ്ട അവളുടെ അച്ഛന്റെ മുഖമായിരുന്നു….അവളുടെ സ്വന്തം രഘുവേട്ടൻ ഇപ്പോൾ എന്റെയും…”
*****************
എന്നു നിങ്ങളുടെ സ്വന്തം ദീപു…