രണ്ടല്ല പത്തു വർഷം നിങ്ങള് തമ്മിൽ സ്നേഹിച്ചു എന്ന് പറഞ്ഞാലും ഇരുപത് വയസായിട്ടും

Story written by Jishnu Ramesan

====================

എന്റെ മോനെ, അമ്മ എന്താടാ ഈ കേൾക്കുന്നത്..! രണ്ടല്ല പത്തു വർഷം നിങ്ങള് തമ്മിൽ സ്നേഹിച്ചു എന്ന് പറഞ്ഞാലും ഇരുപത് വയസായിട്ടും മെ ൻ സ സ് ആവാത്ത പെണ്ണിനെ തന്നെ നിനക്ക് വേണോ…?

“അതിന് ശിവ മരുന്നൊക്കെ കഴിക്കുന്നുണ്ട് അമ്മേ, എല്ലാ മാസവും ചെക്കപ്പും എല്ലാമുണ്ട്..ചിലർക്ക് ഇങ്ങനെ ഉണ്ടാവുന്നതല്ലെ, ഇവൾക്കും എല്ലാം ശരിയാവും.. ഇതൊക്കെ അറിഞ്ഞു കൊണ്ട് തന്നെയാ ഞാനവളെ സ്നേഹിച്ചത്..ഇതിന്റെ പേരിൽ എന്നെ അകറ്റല്ലെ അമ്മേ…!”

ഈ അമ്മയ്ക്ക് നിനക്കൊരു ജീവിതം വേണമെന്ന് ഒത്തിരി ആഗ്രഹാ..പക്ഷേ അത് ഇങ്ങനെ ഒരു കുഴപ്പമുളള കുട്ടി തന്നെ വേണോ നിനക്ക്..! ഈ മുറ്റത്തൊരു കുഞ്ഞ് ഓടി കളിക്കുന്നത് കാണാൻ കാത്തിരിക്കാ ഞാനും നിന്റെ അച്ഛനും.. ഇതിപ്പോ പ്രസവിക്കാൻ കഴിയുമോ എന്ന് പോലുമറിയാത്ത ആ കുട്ടിയെ…;

അത് പറഞ്ഞപ്പോഴും അമ്മയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു..

“അതൊക്കെ ശരിയാവും എന്റെ അമ്മേ, അതൊരു പാവാ, അവളെ വേണ്ടെന്ന് വെച്ചാ അത് പിന്നെ ഈ ലോകത്ത് ജീവിച്ചിരിക്കില്ല..എന്റെ കൂടെയുള്ള നിമിഷത്തിൽ അവൾക് ആ ഒരു കുറവ് അലട്ടുന്നില്ല…പിന്നെ അമ്മയോട് തുറന്നു പറയാലോ, ‘ ശരീര സുഖത്തിന് വേണ്ടി മാത്രമല്ല എല്ലാരും വിവാഹം കഴിക്കുന്നത്..ജീവിതത്തിന്റെ പ്രധാന ഘടകമാണ് അതെന്നുള്ളതും ശരിയാണ്.. ‘ പക്ഷേ ശിവ ഇല്ലാതെ എനിക്ക് പറ്റില്ലമ്മെ..!”

അകത്തെ ബഹളമൊക്കെ കേട്ടുകൊണ്ട് ഉമ്മറത്തിരുന്ന അച്ഛൻ എണീറ്റ് വന്നിട്ട് പറഞ്ഞു, “ദേവകി നീ ഒച്ച വെയ്ക്കാതിരിക്ക്‌, ഞാനെന്തായാലും നാളെ ആ കുട്ടീടെ വീട് വരെയൊന്ന് പോയിട്ട് വരാം..”

പിറ്റേന്ന് ശിവയുടെ വീട്ടിൽ പോയിട്ട് വന്ന അച്ഛൻ അമ്മയോട് പറഞ്ഞു,

“ഡീ ദേവകി, ഇവര് തമ്മിലുള്ള സ്നേഹം അവർക്കൊക്കെ അറിയാം..പക്ഷേ ആ കൊച്ചിന്റെ പ്രശ്നം അവർക്കും ഈ ബന്ധത്തിന് വലിയ താല്പര്യമില്ല..പിന്നെ അവിടുന്ന് ഇറങ്ങാൻ നേരം ഞാനവരോട് പറഞ്ഞു, ‘ എന്റെ മോൻ നിങ്ങടെ മോളെ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അവളെ അവനെ കൊടുത്തൂടെ…! ഞങ്ങളവളെ പൊന്ന് പോലെ നോക്കിക്കോളാം..’ എന്താ ദേവകി നിന്റെ അഭിപ്രായം…?

“മോനെ, നിനക്ക് അവളെ അത്രക്ക് ഇഷ്ടായിച്ചാ ആ പൊന്നു മോളെ ഇവിടേക്ക് കൊണ്ടു വരാടാ.. മോൻ പേടിക്കൊന്നും വേണ്ട, അമ്മ അവളെ എന്റെ മോളായിട്ട്‌ നോക്കിക്കോളാം, ദൈവം ആ കുട്ടീടെ പ്രാർത്ഥന കേൾക്കും..അമ്മയ്ക്ക് അവളെയൊന്ന് കാണണം…”

അത്രയും പറഞ്ഞപ്പോ അമ്മ കരഞ്ഞിരുന്നൂ…

ബന്ധുക്കളുടെ എതിർപ്പ് ഉണ്ടായിരുന്നിട്ടും അച്ഛന്റെ മാസ്സ് ഡയലോഗിൽ അതെല്ലാം ഒലിച്ചു പോയി എന്ന് വേണം പറയാൻ..ശിവ എന്റെ കൈ പിടിച്ച് വീട്ടിലേക്ക് വന്നു..ഞാൻ കൂടെയുള്ള ഒരു നിമിഷവും അവളെ ഒരു ബുദ്ധിമുട്ടും അലട്ടിയിരുന്നില്ല..ബന്ധു വീട്ടിൽ വിരുന്നിനു അവളെ നിർബന്ധിച്ചാണ് ഞാൻ കൊണ്ടു പോയത്..ശിവ എന്റെ കൈ പിടിയിൽ ഉള്ളപ്പൊ ഒരാളും അവളോട് ഇക്കാര്യം ചോദിച്ച് വിഷമിപ്പിച്ചിട്ടില്ല..അപ്പോഴും എന്റെ അമ്മ അവൾക്ക് വേണ്ടി അമ്പലങ്ങൾ കയറിയിറങ്ങി..

ഒരു ദിവസം രാവിലെ അവളെന്നെ വിളിച്ചുണർത്തി..ഞാൻ നോക്കുമ്പോ ശിവയുടെ പാവാടയിൽ ര ക്തം പുരണ്ടിരിക്കുന്നു..കാര്യം മനസ്സിലാവാതെ ഞാൻ അമ്മേ എന്ന് വിളിച്ചു കൊണ്ട് വാതിൽ തുറന്നു.. അവള് ആകെ ഭയന്നിരുന്നു..അമ്മ വന്നു നോക്കിയിട്ട് മുറിയുടെ വാതിലടച്ചു..പിന്നീട് പുറത്തേക്ക് വന്ന അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു..പക്ഷേ ആ മുഖത്തൊരു പുഞ്ചിരിയും ഉണ്ടായിരുന്നു..

“എന്റെ ദേവീ എന്റെ പ്രാർത്ഥന കേട്ടല്ലോ നീയ്‌..; മോനെ അവളൊരു പെൺകുട്ടി ആയിടാ..”

എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു..പത്തിരുപത് വയസ്സായി എന്ന് പറഞ്ഞിട്ട് കാര്യമില്ല, അവളൊരു പൊട്ടി പെണ്ണ് തന്നെയാണ്..അമ്മയാണ് പിന്നെ എല്ലാത്തിനും അവളുടെ കൂടെ..

പിന്നീട് അവളിൽ ജീവന്റെ തുടിപ്പ് ഉണ്ടെന്നറിഞ്ഞത് മുതൽ ഒരു തരം വെപ്രാളം ആയിരുന്നു.. ശിവയെ ആദ്യത്തെ മൂന്നു മാസം അമ്മയുടെ സാന്നിധ്യത്തിൽ ആണ് നോക്കിയത്..ഏഴാം മാസം മുതൽ വേദന വരുമ്പോ ആ ഉണ്ട കണ്ണുകൾ നിറഞ്ഞിരുന്നു….

എന്റെ കുഞ്ഞിനെ അമ്മ എന്റെ കയ്യിലേക്ക് തരുമ്പോ ലോകം കീഴടക്കിയ പ്രതീതി ആയിരുന്നു എനിക്ക്..

ഇന്ന് ഞങ്ങളുടെ തക്കുടു മോന്റെ ഒന്നാം പിറന്നാളാണ്..എന്റെ അച്ഛനും അമ്മയ്ക്കും തക്കുടു മോനെ ജീവനായത് കൊണ്ട് അവനെ കൊണ്ട് പിറന്നാള് കേക്ക് മുറിപ്പിക്കുന്നത് അവരാണ്..

അതൊക്കെ കണ്ട് ചിരിച്ചു കൊണ്ട്, അവളെന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു.. ഇഷ്ടം പറഞ്ഞ ആ ദിവസം “എന്നെ കളഞ്ഞിട്ട് പോവല്ലേ” എന്ന അർഥത്തിൽ അവളെന്റെ കയ്യിൽ ഇറുക്കി പിടിച്ചിരുന്നു.. ഇന്നും ഇപ്പോഴും അവളെന്റെ കയ്യിൽ ഇറുക്കി പിടിച്ചിട്ടുണ്ട്…..

~ജിഷ്ണു രമേശൻ

(ഇതിനെ പറ്റി വല്ല്യ ധാരണയൊന്നും ഇല്ല..എനിക്ക് അടുത്തറിയാവുന്ന ഒരു ബന്ധുവീട്ടിൽ നടന്ന സംഭവമാണിത്..എന്റേതായ രീതിയിൽ കുറച്ച് ഡെക്കറേഷൻ ചേർത്ത് എഴുതി എന്നേ ഉള്ളൂ..എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…;)