എന്നും നിനക്കായ് ~ ഭാഗം 03, എഴുത്ത്: സോണി അഭിലാഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

കുറച്ചു കഴിഞ്ഞപ്പോൾ സാറ എത്തി.. കൈയിൽ ശ്രുതിക്കുള്ള ഭക്ഷണവും കൊണ്ടായിരുന്നു അവരുടെ വരവ്..

” പപ്പയും ചേട്ടനും അവിടെ ഇല്ലേ മമ്മി.. കുറെ ദിവസം ആയല്ലോ കണ്ടിട്ട്..? “

” അപ്പനും മോനും കൂടി വയനാടിന് പോയേക്കുവാ..അവിടെ ആ രാജൻ എസ്റ്റേറ്റിൽ എന്തോ കുഴപ്പം ഉണ്ടാകുന്നു എന്ന് മാനേജർ വിളിച്ചു പറഞ്ഞിട്ട് പോയതാണ് ..”

രാജൻ ഈപ്പച്ചന്റെ അപ്പൻ രണ്ടാമത് കെട്ടിപ്പോയപ്പോൾ അവരുടെ കൂടെ ഉണ്ടായിരുന്ന മകനാണ്..ഈപ്പച്ചൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വത്തുക്കൾ ആണ് ഇപ്പോ കാണുന്നത്..അല്ലാതെ അപ്പനായി ഒരു കിടപ്പാടം പോലും നേരെ ചൊവ്വേ ഉണ്ടാക്കിയട്ടില്ല എന്നിട്ടും രാജൻ അവകാശത്തിനായി ഈപ്പച്ചനുമായി എന്നും പ്രശനങ്ങൾആണ്..അതിനുവേണ്ടി
സാമിനെയും കൂട്ടി അയാൾ വയനാടിന് പോയത്..

“ഓ അയാൾ പിന്നെയും തുടെങ്ങിയോ.. ഞാൻ ഇവിടെ കിടക്കാൻ തുടെങ്ങിയിട്ട് ഒരാഴ്ച്ച ആയി അതിൽ രണ്ടുപ്രാവശ്യം ആണ് ഈ പറഞ്ഞ ആളുകൾ കാണാൻ വന്നത് അതുകൊണ്ട് ചോദിച്ചതാ..” ശ്രുതി പറഞ്ഞു.

“ഞാൻ വരുന്ന വഴി ജെയിംസ് ഡോക്ടറെ കണ്ടു ചിലപ്പോൾ നാളെ വീട്ടിൽ വിടാം എന്നാ ഡോക്ടർ പറഞ്ഞത്..” സാറ എന്തോ ആലോചനയുടെ പറഞ്ഞു.

” മമ്മി എന്താ ഈ ആലോചിക്കുന്നേ..? “

” അല്ലാടി മോളെ..അന്ന് തലപൊട്ടി നിന്നെ ഇവിടെ കൊണ്ടുവന്നപ്പോൾ ഇച്ചായനും സാമും അവിടെ ഉണ്ടായിരുന്നില്ല..പിന്നേ ആരാ നിനക്ക് രക്തം തന്നു സഹായിച്ചത് നിന്റെ പപ്പയോടും ചേട്ടനോടും ഈ നാട്ടിൽ ആർക്കും ഒരു മമതയും ഇല്ല..ഞാൻ ഇവിടെ പലരോടും ചോദിച്ചു പക്ഷേ ആരും ഒന്നും പറഞ്ഞില്ല…”

ഓ.. അതുശരി..അപ്പോൾ ആളെ ആർക്കും അറിയില്ല…തന്റെ വീട്ടുകാരെ പേടിച്ചു മറച്ചുവച്ചതാകും.

ആളെ അറിഞ്ഞാൽ തന്റെ പപ്പയും ചേട്ടനും എന്ത് പ്രവർത്തിക്കും എന്ന് പറയാൻ പറ്റില്ല മറച്ചുവച്ചത് ഒരു കണക്കിന് നന്നായി
ശ്രുതി ചിന്തിച്ചു.

സാറ പിന്നെയും എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു എന്നാൽ ശ്രുതി അത് ഒന്നുംതന്നെ കേട്ടിരുന്നില്ല അവളുടെ മനസ് മറ്റേതോ ലോകത്തേക്ക് യാത്രയായി അവിടെ അവളും ജോജിയും മാത്രമാണ് ഉണ്ടായിരുന്നത്..

രണ്ട് ദിവസം കഴിഞ്ഞു ശ്രുതി ഡിസ്ചാർജ് ആയി വീട്ടിൽ എത്തി അപ്പോഴേക്കും ഈപ്പനും സാമും എത്തി..

സാം പലപ്പോഴും അവളുടെ അടുത്തു വന്നിരുന്നു സംസാരിക്കുമായിരുന്നു വെങ്കിലും എന്തോ അതിലൊന്നും താല്പര്യം തോന്നിയില്ല.. ഇനി എന്ന് ജോജിയെ കാണാൻ പറ്റും എന്നതായിരുന്നു അവളുടെ ചിന്ത.

ആ ആഴ്ചയിൽ പള്ളിയിൽ പോകാൻ മറ്റാരേക്കാളും തിരക്ക് കൂട്ടിയത് ശ്രുതി ആയിരുന്നു…സാറ അതിനെ പറ്റി ചോദിച്ചപ്പോൾ കുറെ നാളായല്ലോ പള്ളിയിൽ പോയിട്ട് എന്നും പറഞ്ഞവൾ ഒഴിഞ്ഞു മാറി…

കാറിൽ പള്ളിമുറ്റത്ത് ചെന്നിറങ്ങിയപ്പോൾ മുതൽ അവളുടെ കണ്ണുകൾ ആ പരിസരമാകെ വീക്ഷിച്ചു
എവിടെയും ജോജിയെ കണ്ടില്ല..

പള്ളിയുടെ അകത്തേക്ക് കയറിയപ്പോൾ കുർബ്ബാന കൂടാനായി ആളുകൾ എത്തിയിരുന്നു. സാറയുടെ കൂടെ അവിടെ ഉണ്ടായിരുന്ന വാതിലിനരുകിലേക്ക് അവൾ നീങ്ങി നിന്നു അവിടെ നിന്നിരുന്ന പരിചയക്കാരി പെണുങ്ങൾ അവളോട് വിശേഷങ്ങൾ ചോദിച്ചു.

അവരോട് മറുപടി പറയുമ്പോഴും അവളുടെ കണ്ണുകൾ എതിർവശത്തു നിന്ന ആണുങ്ങൾക്കിടയിൽ ജോജിയെ തിരഞ്ഞു അവസാനം അവർക്കിടയിൽ നടുവിലായി ലിനുവിനും മോനിച്ചനോടൊപ്പം നിൽക്കുന്ന ജോജി
യിൽ അവളുടെ കണ്ണുകൾ ഉടക്കി..

അവനെ കണ്ട മാത്രയിൽ തന്നെ തന്റെ മനസിലും ശരീരത്തിലും സുഖകമായൊരു കോരിത്തരിപ്പ് നിറയുന്നത് അവളറിഞ്ഞു..

അന്നാദ്യമായിട്ട് ആണ് അവൾ ജോജിയെ ഇങ്ങനെ നോക്കുന്നത്..അവന്റെ കണ്ണുകളും പുഞ്ചിരിയും ആരും നോക്കി പോകുന്ന അവന്റെ മുഖഭംഗിയുമെല്ലാം ശ്രുതിയുടെ മനസിൽ പ്രണയത്തിന്റെ
പുതിയ വാക്യങ്ങൾ എഴുതി ചേർക്കുകയായിരുന്നു..

എന്നാൽ ഇതൊന്നും അറിയാതെ നിൽക്കുകയായിരുന്നു ജോജി..

മോനിച്ചനോട് എന്തോ പറഞ്ഞു തിരിഞ്ഞ ലിനു കണ്ടത് ജോജിയെ നോക്കി സ്വയം മറന്ന് നിൽക്കുന്ന ശ്രുതിയെ ആണ്.

ലിനു കുറച്ചു നേരം ശ്രുതിയെ നോക്കി നിന്നു. എന്നിട്ട് ജോജിയെ തോണ്ടി അവന്റെ മുഖത്തേക്ക് നോക്കിയ ജോജിക്ക് അവൻ ശ്രുതിയുടെ നിൽപ് കാണിച്ചു കൊടുത്തു മോനിച്ചനും അത് കണ്ടു.

” എന്താടാ ഇവള് നിന്നെ ഇങ്ങനെ നോക്കു
ന്നത് അടുത്ത ഇടിക്കുള്ള പ്ലാനിങ് വല്ലതും ആണോ..? ” മോനിച്ചൻ ചോദിച്ചു

” ആ ആർക്കറിയാം എന്താ ഇവളുടെ ഒക്കെ മനസ്സിലിരിപ്പ് എന്ന്..” ജോജി മറുപടി പറഞ്ഞു..

കുർബ്ബാനയ്ക്ക് അച്ഛൻ വരുന്നത് സാറ പറയുന്നത് കേട്ടാണ് ശ്രുതി വേഗം നോട്ടം മാറ്റിയത്..

” ശോ ആരെങ്കിലും തന്റെ നിൽപ് ശ്രെധിച്ചു കാണോ എന്തോ..”

അവൾ മനസിൽ പറഞ്ഞു കുർബ്ബാനക്കിടയിലും അവളുടെ കണ്ണുകൾ അനുസരണ
യില്ലാതെ അവനെ തേടി ചെന്നു.

കുർബ്ബാന കഴിഞ്ഞു ഈപ്പച്ചനും കുടുംബവും അച്ഛനോട് അപകട സമയത്തു ചെയിതു കൊടുത്ത സഹായങ്ങൾക്ക് നന്ദി പറഞ്ഞു..

” അല്ല അച്ചോ അന്ന് ആരാ ഇവൾക്ക് ബ്ലഡ് കൊടുത്തു സഹായിച്ചത്‌..” സാം ചോദിച്ചു

” അത് പറയാൻ പറ്റില്ല സാമേ..അങ്ങിനെ സമ്മതിച്ചിട്ടാ പുള്ളി ബ്ലഡ് കൊടുത്തത്.. എല്ലാവർക്കും ഉള്ള ഗ്രുപ്പായിരുന്നു പക്ഷേ ആ സമയത്തു അവിടെ ആരുമില്ലായിരു
ന്നു..” അച്ഛൻ പറഞ്ഞു നിർത്തി.

” ആരായാലും സാരമില്ല..ആ സമയത്തു കാര്യം നടന്നല്ലോ അത് മതി..” ഈപ്പച്ചൻ പറഞ്ഞു..

ഇതെല്ലം കേട്ട് നിന്ന ശ്രുതിക്ക് തന്റെ ഞെരമ്പുകളിൽ ഓടുന്ന രക്തത്തിനു സ്പീഡ് കൂടിയത് പോലെ അനുഭവപെട്ടു.

അത് ഒരു പ്രണയ പുഞ്ചിരിയായി അവളുടെ അധരങ്ങളെ മനോഹരമാക്കി..

അച്ഛനോട് യാത്ര പറഞ്ഞിറങ്ങിയപ്പോൾ അവർകണ്ടു കൂട്ടുകാരുമായി അവിടെ സംസാരിച്ചു നിൽക്കുന്ന ജോജിയെ.

അവനും അവരെ കണ്ടു ഒപ്പം തന്നിലേക്ക് പറന്നു വരുന്ന ശ്രുതിയുടെ കണ്ണുകളും..

” ആഹാ തല്ലുകൊള്ളി ഇവിടെ ഇരിപ്പുണ്ടോ” സാറ പരിഹാസത്തോടെ പറഞ്ഞു..

അതുകേട്ട് സാമും ഈപ്പച്ചനും കളിയാക്കി ചിരിച്ചു. എന്നാൽ എന്നും ആ സന്തോഷത്തിൽ പങ്കുചേരുന്ന ശ്രുതിയിൽ അന്ന് ആ വാക്കുകൾ വേദനയാണ് നൽകിയത്..

നടന്ന് കാറിന്റെ അടുത്തെത്തിയ അവൾ ഡോർ തുറന്ന് കയറുന്നതിനു മുൻപ് വീണ്ടും തിരിഞ്ഞു നോക്കി അതേ സമയത്തു തന്നെ ജോജിയും നോക്കി അവരുടെ മിഴികൾ കൂട്ടിമുട്ടി അവന് മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചിട്ട്
ശ്രുതി വണ്ടിയിലേക്ക് കയറി..

പതിവിലും സന്തോഷമായിരുന്നു ശ്രുതിക്ക്
ഒന്നുമില്ലെങ്കിലും അവന്റെ ഒരു നോട്ടം തന്റെ നേർക്ക് വന്നല്ലോ..ഇനി എപ്പോഴെങ്കിലും കാണുമ്പോൾ തന്റെ മനസ് ജോജിയുടെ മുന്നിൽ തുറക്കണം അവൾ തീരുമാനിച്ചു..

എന്നാൽ വീട്ടിൽ എത്തിയിട്ടും ജോജി ആകെ ആശയക്കുഴപ്പത്തിൽ ആയിരുന്നു.. എന്തിനാ അവളിങ്ങനെ എന്നേ നോക്കുന്നത്..നോട്ടത്തിൽ പഴയ പുച്ഛമോ അഹങ്കാരമോ ഒന്നുമില്ല ഒരു തിളക്കം മാത്രമേ ഉള്ളു..ഇനി മോനിച്ചൻ പറഞ്ഞത് പോലെ അടുത്ത പണി തരാൻ വല്ല പ്ലാനുമുണ്ടാവോ..ആ എന്തായാലും വരുന്നിടത്തു വച്ചു കാണാം..അവൻ തീരുമാനിച്ചു.

ദിവസങ്ങൾ കടന്നുപ്പോയി ശ്രുതിയും ജോജിയും പലയിടത്തും വച്ചു കണ്ടു അപ്പോൾ എല്ലാം ജോജിയോട് സംസാരിക്കാൻ അവൾ ശ്രെമിച്ചതെല്ലാം വിഫലമായി..അത് അവളിൽ സങ്കടവും നിരാശയും ഒക്കെ ഉണ്ടാക്കിയെങ്കിലും അതിനവളെ തളർത്താനായില്ല..

എന്നെങ്കിലും ഒരു ദിവസം അതിനു അവസരം കിട്ടുമെന്ന് മനസിനെ അവൾ പറഞ്ഞു പഠിപ്പിച്ചു..അവളുടെ ആ കാട്ടി കൂട്ടലുകൾ ജോജിയും ശ്രെദ്ധിക്കാതിരു
ന്നില്ല..അതിൽ നിന്നും ഒരുകാര്യം അവൻ
മനസിലാക്കി പഴയ വെറുപ്പോ പകയോ ഒന്നും അവളിൽ ഇല്ലന്ന്.

ഒരു ദിവസം രാവിലെ സാറ വീടിന്റെ മതലിനു അരികിൽ നിന്നും അടുത്ത വീട്ടി
ലെ മോളിയെ വിളിച്ചു സാറ വിളിക്കുന്നത് കേട്ട് മോളി ഇറങ്ങിവന്നു ചോദിച്ചു

” എന്താ സാറ വിളിച്ചത്.”

” അത് മോളിയെ ഒരു കാര്യം അറിയാനാ..”

” എന്നതാ “

” ഇവിടെ എവിടേലും പച്ച വാളൻപുളി കിട്ടോ..? “

” ഇതിപ്പോ ആർക്കാ ഈ നേരത്തു പുളി “

” അത് പിന്നേ..ഇവിടുത്തെ അതിയാന്റെ ഒരു കൂട്ടുകാരന്റെ മോള് അങ്ങ് അമേരിക്കയിലാ ആ പെങ്കൊച്ച് ഗർഭിണി
ആണ് അതിനാ..അവിടെയെങ്ങും ഇത് കിട്ടില്ലെന്നാ തോന്നുന്നേ ഈ കൂട്ടുകാരന്റെ വീടിനടുത്തുമില്ല അതാണ് ഇവിടെ എവിടെ
ലും ഉണ്ടോ എന്ന് തിരക്കാൻ പറഞ്ഞത് “

” ഇവിടെ ഇപ്പോ എവിടെയാ വാളം പുളി ഉള്ളത്..” അതുപറഞ്ഞു ലില്ലി ഒന്നാലോചിച്ചു..

” ങ്ഹാ സാറേ ഇവിടെ പാലക്കലെ ജോസ് ചേട്ടന്റെ വീട്ടിൽ ഉണ്ട്..പിന്നേ വേറെ എങ്ങും ഞാൻ കണ്ടിട്ടില്ല.”

” പാലക്കലെ ജോസ് അതാരാ മോളി..? ” സാറ ചോദിച്ചു

” ഓ അങ്ങിനെ പറഞ്ഞാൽ അറിയില്ലല്ലേ..
ജോജിയുടെ വീട് ആണത്..”

മോളി അത് പറയുന്നത് കേട്ടുകൊണ്ടാണ് ശ്രുതി അങ്ങോട്ട് ചെല്ലുന്നത്..അവരുടെ സംസാരം അവൾ ശ്രെധിച്ചു അപ്പോഴേ
ക്കും സാറയുടെ മറുപടി എത്തി..

” ഓ ആ തെമ്മാടിയുടെ വീടോ..അയ്യേ വേണ്ടാ..എനിക്ക് അവനെ കാണുന്നത് പോലും അലർജിയാണ്..പിന്നേ ആണ് അവന്റെ വീട്ടിലേ പുളി.” സാറ ഈർഷ്യയോ
ടെ പറഞ്ഞു.

അതുകേട്ടുകൊണ്ടാണ് മോളിയുടെ മകൾ ലില്ലി പുറത്തേക്ക് വന്നത്

” എന്താ അമ്മച്ചി എന്താ കാര്യം…? ” അവൾ ചോദിച്ചു

മോളി കാര്യം പറഞ്ഞു അതുകേട്ട് കഴി
ഞ്ഞു ലില്ലി സാറയോട് പറഞ്ഞു

” അതേ സാറാമ്മച്ചി അവിടെയെ പുളി ഉള്ളു അതും പഴുത്തു കഴിഞ്ഞാൽ എന്ത് രുചി ആണെന്നോ..”

” എന്തായാലും ആ പുളി വേണ്ടാ..അവിടെ
ന്ന് എങ്ങാനും ആണെന്നറിഞ്ഞാൽ പിന്നേ ഇവിടെ യുദ്ധം നടക്കും..”

” എന്നാ പിന്നേ ആ കാര്യം വിട്ടേക്ക്..” മോളി പറഞ്ഞു

” എന്താ മമ്മി എന്താ പ്രശനം..? ” ശ്രുതി ചോദിച്ചു

“ഓ ആ അമേരിക്കക്ക് പുളി കൊടുത്തുവി
ടുന്ന കാര്യമാണ്..ഇവിടെയാണെങ്കിൽ ആ തെമ്മാടി ജോജിയുടെ വീട്ടിലേ പുളിയുള്ളു.” സാറ അവളോട് പറഞ്ഞു.

” സാറാമ്മച്ചി ഒരു കാര്യം ചെയ്യാം..ഞാൻ എന്തെങ്കിലും നുണ പറഞ്ഞു അവിടന്ന് കുറച്ചു പുളി വാങ്ങിത്തരാം..” ലില്ലി പറഞ്ഞു..

സാറ അതുകേട്ട് മനസില്ലാ മനസോടെ സമ്മതിച്ചു..അപ്പോഴാണ് ശ്രുതി പെട്ടന്ന് പറഞ്ഞത്

” എന്നാ പിന്നേ ഞാനും കൂടി വരാം ലില്ലി നിന്റെ കൂടെ..”

“വേണ്ട..വേണ്ടാ..എന്നിട്ട് വേണം നിന്റെ അപ്പനും ചേട്ടനും കൂടി എന്നെ കുഴിച്ചിടാൻ
ജീവനോടെ അവരത് ചെയ്യുകയും ചെയ്യും” സാറ അവളെ നിരുത്സാഹപ്പെ
ടുത്തി..

” അത് സാരമില്ല അവരിപ്പോൾ ഇവിടെ ഇല്ലല്ലോ ഞങ്ങൾ വേഗം പോയിട്ട് വരാം അല്ലേ ലില്ലി..”

” ങ്ഹാ..വേഗം പോരാം ശ്രുതി..” ലില്ലി പറഞ്ഞു..

” എന്നാ നീ റോഡിലേക്ക് പോര്..ഞാൻ കവറും എടുത്തു വണ്ടിയുമായി വരാം..”

ഹൃദയം തുള്ളിത്തുളുമ്പുന്ന സന്തോഷ
ത്തോടെ ശ്രുതി അകത്തേക്ക് നടന്നു..

ജോജിയെ കാണാം എന്ന ചിന്ത അവളുടെ ശരീരത്തിലെ രക്തയോട്ടം കൂട്ടി..വേഗം തന്നെ കവറും വണ്ടിയുടെ താക്കോലു
മായി പുറത്തേക്ക് നടന്നു..

ശ്രുതി വണ്ടിയുമായി ചെല്ലുമ്പോൾ ലില്ലി റോഡിൽ ഇറങ്ങി നില്പുണ്ടായിരുന്നു അവളെയും കയറ്റി ശ്രുതി വണ്ടി മുന്നോട്ട് എടുത്തു..

” അല്ലാടി ശ്രുതി നിനക്ക് അവരുടെ വീട്ടിലേക്ക് ചെല്ലാൻ പേടിയില്ലേ..? ” ലില്ലിക്ക് സംശയമായി..

” എന്തിന്…നീ അവരുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്നാൽ മതി..”

ലില്ലി പറഞ്ഞു കൊടുത്ത വഴിയിലൂടെ ശ്രുതി വണ്ടിയോടിച്ചു..വണ്ടിക്ക് സ്പീഡ് പോരാ എന്ന് അവൾക്ക് തോന്നി..

അവസാനം ഓടിട്ട ഒരു പഴയ രീതിയിൽ പണിത ഒരു വീടിന്റെ മുന്നിൽ അവൾ വണ്ടി നിർത്തി..രണ്ടുപേരും വണ്ടിയിൽ
നിന്നുമിറങ്ങി..ശ്രുതി ആ പരിസരം മൊത്തം നിരീക്ഷിച്ചു..ചെറിയൊരു ആശങ്ക അവളിൽ ഇല്ലാതിരുന്നില്ല.

മുറ്റത്തു വണ്ടിയുടെ ശബ്ദം കേട്ടു എൽസി പുറത്തിറങ്ങി നോക്കി..മുറ്റത്തു നിൽക്കുന്ന ലില്ലിയേ കണ്ടു ചോദിച്ചു

” ആഹാ..ഇതാരാ ലില്ലിയോ..? നിന്നെ ഈ വഴി കണ്ടിട്ട് ഒരുപാട് നാളായല്ലോ..? ” അതും പറഞ്ഞിട്ട് അവർ ശ്രുതിയെ നോക്കി.

ഇത്…ഈപ്പച്ചന്റെ മോളല്ലേ..!!! അവർ അത്ഭുതത്തോടെ ചോദിച്ചു.

” അതേ എൽസിയമ്മേ…”

” ഈ കുട്ടിയെന്താ ഇവിടേക്ക് വന്നത്..? “

” അത് എൽസിയമ്മേ..ഞങ്ങൾ ഒരു സ്ഥലം വരെ പോയിട്ട് വരുന്ന വഴിയാ..”

” ആണോ..അകത്തേക്ക് വാ.. ” അവർ ക്ഷണിച്ചു

അകത്തേക്ക് കയറാൻ നേരം വലതുകാൽ വച്ചു കയറാൻ ശ്രുതി മറന്നില്ല..

അല്ല ലില്ലി നീ എന്താ വന്നത്..?

” എൽസിയമ്മച്ചി എനിക്ക് കുറച്ചു വാളൻപുളി വേണം..അതിനു വന്നതാ..”

” അതിപ്പോ ആർക്കുവേണ്ടിയാ ഇപ്പോൾ പുളി..? “

” അത് എന്റെ ഒരു കൂട്ടുകാരിയുടെ ചേച്ചിക്ക് വേണ്ടിയാണ്..അവര് ദുബായില് ആണ് ആ ചേച്ചി ഗർഭിണിയാണ്.. അവളുടെ അമ്മ അങ്ങോട്ട് പോകുന്നുണ്ട് അപ്പോൾ കൊണ്ടുപോകാനാ..”

ലില്ലി പറയുന്ന നുണകൾ കേട്ട് പകച്ചിരിക്കുന്ന ശ്രുതിയെ നോക്കിയവൾ കണ്ണ് കാണിച്ചു…

” ഇതിപ്പോൾ ആരാ പുളി പറിക്കുന്നത്.. അത് ആ പറമ്പിന്റെ അതിർത്തിയിലാണ് ഒരു തോട്ടി വച്ചൊന്നും പറിക്കാനും പറ്റില്ല “

” ജോജി എവിടെ അമ്മച്ചി…അവൻ ഉണ്ടെങ്കിൽ എങ്ങിനെയെങ്കിലും പറിച്ചു തന്നെന്നേ..”

ഈ സമയത്താണ് കവലയിൽ പോയിട്ട് ജോജിയും ജോസും വരുന്നത് പതിവില്ലാതെ ഒരു വണ്ടി മുറ്റത്തു കണ്ട്‌ അവർ പരസ്പരം നോക്കി..

” ഇതാരുടെയാടാ ഈ വണ്ടി..? ” ജോസ് ചോദിച്ചു

” ആ ..ആർക്കറിയാം..അകത്തുപോയി നോക്കാം…” അതും പറഞ്ഞുകൊണ്ട് അവർ അകത്തേക്ക് കയറി

അകത്തേക്ക് കയറി വന്ന ജോസിനെയും ജോജിയെയും കണ്ട്‌ അവർ എഴുനേറ്റു.

ലില്ലിയേ കണ്ട ജോജി തൊട്ടടുത്തു നിൽകുന്നയാളെ കണ്ട്‌ ഞെട്ടി പോയി അതേ അവസ്ഥ തന്നെയായിരുന്നു ജോസിനും…

” ഈ കുട്ടിയെന്താ ഇവിടെ..? ” ജോസ് അല്പം നീരസത്തോടെ ചോദിച്ചു..

” എന്താ ലില്ലി..എന്തിനാ നീ ഇയാളെയും കൂട്ടി ഇങ്ങോട്ട് വന്നത്..” ജോജിയുടെ ചോദ്യത്തിലും ഉണ്ടായിരുന്നു നീരസം

അത് പിന്നേ അവർ വന്ന കാര്യം എന്നും പറഞ്ഞുകൊണ്ട് എൽസി കാര്യങ്ങൾ വിശദീകരിച്ചു…ജോസും ജോജിയും അത് കേട്ട് നിന്നു… ജോജിയും ലില്ലിയും ഒരുമിച്ചു പഠിച്ചവരാണ് അതുകൊണ്ട് തന്നെ അവൾ വന്ന കാര്യം അവനു തള്ളിക്കളയാനും പറ്റില്ലായിരുന്നു..

തുടരും…