മേലിൽ ഒരുപെൺകുട്ടിയെയും ആ രീതിയിൽ കാണാനാവാത്ത വിധം അവന്റെ മുഖം താഴ്ത്തുകയാണ്…

വേഷം

എഴുത്ത്: ലച്ചൂട്ടി ലച്ചു

===================

“അവിടെ നിൽക്ക് …

ദാ ഈ ഷാൾ പുതച്ച് വെളിയിലേക്കിറങ്ങിയാൽ മതി എന്റെ മോള് …!!”

നീട്ടിപ്പിടിച്ച ഏതോ ഒരു ചുരിദാറിന്റെ ഷാളും കയ്യിലേന്തി അമ്മ പറഞ്ഞു ….

അതിലേക്കും ഇട്ടിരിക്കുന്ന ഗൗണിലേക്കും ഒരു നിമിഷം നോക്കി ഞാൻ…

രണ്ടിന്റെയും നിറങ്ങൾ തമ്മിൽ രാപ്പകൽ വ്യത്യാസം …

കൂട്ടുകാരിയുടെ വിവാഹത്തിന് പോകാനിറങ്ങിയതാണ് …നാല് വർഷങ്ങൾക്ക് മുൻപ് പിരിഞ്ഞുപോയ പഴയ കൂട്ടുകാരെകൂടി കാണാനുള്ള ഒരു അവസരം …

തലേദിവസം തന്നെ വീട്ടിലെ കട്ടിലെടുത്ത് ബ്യൂട്ടിപാർലറിൽ കൊണ്ടിട്ട് അവിടെയായിരുന്നു കിടത്തമെന്നു തന്നെ പറയാം …!!

കോച്ചിങ്ങിനെന്നു പറഞ്ഞ് പോത്തീസിൽ പോയി ഒന്നൊന്നര മണിക്കൂർ മുഷിഞ്ഞ് നിന്ന് കിട്ടിയ സാധനമാണ് ദേഹത്തൊട്ടിക്കിടക്കുന്നത് …!!

അതിന്റെ മേലെ ബെഡ്ഷീറ്റ് പോലുള്ള ഈ ഷാൾ വിടർത്തിയിട്ടാൽ കേൾക്കുന്ന കളിയാക്കൽ വേറെ …..!!

വെളിയിലേക്കെങ്ങനെ ഇറങ്ങും …!!

കേൾക്കാത്ത ഭാവത്തിൽ ഇറങ്ങാൻ നിൽക്കവേ ഷാൾ കയ്യിൽ ചുരുട്ടിപ്പിടിച്ചുകൊണ്ട് അമ്മ കൂടെയിറങ്ങി …

“അമ്മയിതെങ്ങോട്ടാ …??”

“ഓഡിറ്റോറിയം വരെ ഞാനുമുണ്ട് ….

ഇങ്ങനെ അഴിഞ്ഞാട്ടക്കാരിയെക്കൂട്ട് വേഷം കെട്ടിയിറങ്ങാൻ നിനക്ക് മടി കാണില്ല …

വീട്ടിലിരിക്കണ എനിക്കാണ് ആധി …!!

ഓരോ ദിവസവും പത്രം അച്ചടിക്കണതുതന്നെ ഇങ്ങനത്തെ വാർത്തകൾ വരാൻ വേണ്ടിയാണെന്ന് തോന്നിപോകും …

പെൺകുട്ടിയോൾക്ക് പുറത്തിറങ്ങി നടക്കാൻ വയ്യ …

ആൺകുട്ടിയോളെ മുഴുവനായങ്ങ് കുറ്റപ്പെടുത്താൻ കഴിയോ …

നിന്റെയൊക്കെ വേഷം തന്നെ അങ്ങനെയല്ലേ ….”

ഇരച്ചുകയറിവന്ന ദേഷ്യം ഞാൻ പണിപ്പെട്ട് ഉള്ളിലൊതുക്കി …അമ്മയായിപ്പോയി…..വേറെയാരെങ്കിലുമായിരുന്നെങ്കിൽ എന്നിലെ ഫെമിനിസ്റ്റുകാരിയുണർന്ന് പ്രതികരിച്ചേനെ …

ബസ്റ്റോപ്പിൽ വച്ച് പഴയ കൂട്ടുകാരി ഹൃദ്യയെ കണ്ടു ….

ഞങ്ങളൊരുമിച്ച് പോകാമെന്നായിരുന്നു തീരുമാനിച്ചിരുന്നത് …

അവൾ പണ്ടേ ശാലീനതയുടെ ഒരു നിറകുടമായതുകൊണ്ട് അമ്മയ്ക്ക് അവളെ വലിയ കാര്യമായിരുന്നു …

“നോക്ക് ലച്ചു …!!

എന്ത് അടക്കവുമൊതുക്കവുമുള്ള കുട്ടി …അതിന്റെ ദേഹത്തെ ഒരു ഭാഗമെങ്കിലും വെളിയിൽ കാണുന്നുണ്ടോ …??

ഇങ്ങനെ വേണം പെൺകുട്ടികളായാൽ …”

അമ്മയവളെ ആരതിയുഴിയുന്നത് പോലെ കണ്ണുകൾ കൊണ്ട് വീക്ഷിച്ചു …

എന്റെ ദേഹവും മറഞ്ഞു തന്നെയാണ് കിടക്കുന്നത് …തല മാത്രമേ വെളിയിൽ കാണുന്നുള്ളൂ …അമ്മക്കത്ര നിർബന്ധമാണെങ്കിൽ ഒരു പർദ്ദ മേടിച്ചുതാ …അതാവുമ്പോൾ രണ്ടു കണ്ണുകൾ മാത്രേ വെളിയിൽ കാണുള്ളൂ …വഴിനടക്കാൻ ഏതെങ്കിലും വേണമല്ലോ …!!

പതഞ്ഞുപൊങ്ങിയ അമർഷം മനസ്സിനെ അമ്മയായി സങ്കൽപ്പിച്ച് പറഞ്ഞുതീർത്തു…ശബ്ദം വെളിയിലേക്ക് വന്നില്ല …

അത്രക്ക് ധിക്കാരമാണെങ്കിൽ നീയ് കല്യാണത്തിന് പോകേണ്ടെന്ന് പറഞ്ഞാൽ തീർന്നില്ലേ …!!

ബസ്സിൽ അമ്മയും ഹൃദ്യയും അടുത്തടുത്തയായിരുന്നു ഇരുന്നത് …

വാക്കുകൾ കൊണ്ടുള്ള താരതമ്യപ്പെടുത്തലിൽ നിന്ന് രക്ഷപെടാൻ ഞാൻ പിറകിലെ സീറ്റിലേക്ക് അഭയം തേടി …

ഒന്നുരണ്ട് സ്റ്റോപ്പ് കഴിഞ്ഞപ്പോഴേക്കും ബസ്സിൽ ആള് നിറഞ്ഞുവന്നു …

ചുറ്റിപ്പിണഞ്ഞുകിടക്കുന്ന ഹെഡ്‍ഫോണിന്റെ കുരുക്കഴിക്കുമ്പോഴായിരുന്നു അതെന്റെ ശ്രദ്ധയിൽ പെട്ടത് …ഏതോ ഒരു മനുഷ്യൻ…!!

ഒരു മധ്യവയ്സകനാണ് …മ ദ്യപിച്ചിട്ടുണ്ടെന്ന് തോന്നുന്നു ..

സ്വബോധത്തിലല്ലാതെപോലെ ഹൃദ്യയുടെ അരക്കെട്ടിലേക്ക് അയാളുടെ കൈകൾ എത്തിവലിയുന്നു …

ഇവളിത് ശ്രദ്ധിക്കുന്നില്ലേ…??

ഞാൻ തലപൊക്കി നോക്കുമ്പോൾ അവൾ അമ്മയുടെ അരികിലേക്ക് ഞെരുങ്ങുന്നുണ്ട് …

വീണ്ടും അയാളുടെ കൈകൾ അവളെ തൊടാൻ ശ്രമിച്ചപ്പോൾ എനിക്ക് സ്വയം നിയന്ത്രിക്കാനായില്ല ….

എണീറ്റുചെന്ന് അയാളുടെ കരണത്തൊന്നു കൊടുക്കുമ്പോൾ അയാളുടെ സ്വബോധമില്ലായ്മയൊക്കെ പൊയ്‌പോയിരുന്നു …

അപ്പോൾ അഭിനയമായിരുന്നെന്ന് സാരം …

അപ്പോഴേക്കും ബസ്സിലാകെ ബഹളമായി …

തിരിച്ചയാൾ എന്നോട് വാക്കേറ്റത്തിന് മുതിർന്നപ്പോൾ അമ്മ കയ്യിൽ പിടിപ്പിച്ചു തന്ന ഷാൾ കൊണ്ട് അയാളുടെ കൈകൾ കൂട്ടിക്കെട്ടിവരിഞ്ഞപ്പോൾ അതുവരെ പിടിച്ചുനിന്ന ഹൃദ്യയും പൊട്ടിക്കരഞ്ഞു …!!

പ്രശ്നംഒതുക്കി പോലീസ്‌സ്റ്റേഷനിൽ നിന്നിറങ്ങുമ്പോൾ അമ്മയെന്നോട് ഒന്നും മിണ്ടിയില്ല …

ഹൃദ്യ കെട്ടിപ്പിടിച്ചുകൊണ്ട് നന്ദിപറയുമ്പോഴും അമ്മ എന്നെത്തന്നെനോക്കിനിന്നു …

“വേഷത്തിലും രൂപത്തിലുമല്ല അവസരോചിതമായി പെരുമാറാനും പ്രതികരിക്കാനുമുള്ള മനസ്ഥിതിയിലാണ് കാര്യം ….

വേറൊരു കണ്ണുകൊണ്ട് തന്റെ ശരീരഭാഗം അളക്കുന്നവനെ നോക്കി നിസ്സഹായതയോടെ വിഷാദിക്കയല്ല വേണ്ടത് …

മേലിൽ ഒരുപെൺകുട്ടിയെയും ആ രീതിയിൽ കാണാനാവാത്ത വിധം അവന്റെ മുഖം താഴ്ത്തുകയാണ് …

എത്ര പൊതിഞ്ഞു പിടിച്ചുകൊണ്ട് നടന്നാലും കാ മം കത്തുന്ന കണ്ണുകൾ ഉടുപ്പിന്റെ നൂലിഴകളും ഭേദിച്ചുകൊണ്ട് ആഴ്ന്നിറങ്ങുക തന്നെചെയ്യും …!!”

ഹൃദ്യയോടായി പറയുമ്പോഴും എന്റെ ശ്രദ്ധ അമ്മയിൽ തന്നെയായിരുന്നു …

പകുതി മുടങ്ങിയ യാത്ര തുടരാൻ ബസ്സിൽ കയറവെ അമ്മ വീണ്ടും ഷാളെടുത്ത് ബാഗിലേക്കിട്ടുതന്നു …

“വെച്ചേക്ക് ആവിശ്യം വരും …!!

നിനക്കല്ല …..

ഇതുപോലെയുള്ള നീചന്മാരുടെ അഴുക്കുപുരണ്ട കൈകൾക്കൊരു വിലങ്ങാകാൻ…!!!”

പുഞ്ചിരിയോടെ ഞാനത് ഏറ്റുവാങ്ങുമ്പോൾ എനിക്കുറപ്പായിരുന്നു താരതമ്യങ്ങളിൽ നിന്നും മുക്തയാക്കി എന്നെ ഞാനായിട്ടു സ്വീകരിക്കാൻ ഇനി അമ്മയ്ക്ക് കഴിയുമെന്ന്…