ഈ രാത്രി മോൻ ഇവിടെ നിന്നും ഇറങ്ങി പോവരുത്..നാളെ നേരം വെളുക്കട്ടെ..നമുക്ക് പരിഹാരം കാണാം..

പല മുഖങ്ങൾ….

Story written by Unni K Parthan

=================

“നിർബന്ധിച്ചു കല്യാണം കഴിച്ചു കൊണ്ട് വന്നിട്ടു നിങ്ങൾ എന്ത് നേടി..” ആദ്യ രാത്രിയുടെ ആദ്യ നിമിഷം തന്നെയുള്ള നിധിയുടെ ചോദ്യം കേട്ട് മഹി ഞെട്ടി..

“മനസിലായില്ല..” വാതിൽ കുറ്റിയിടാൻ എഴുന്നേറ്റ മഹി തിരിഞ്ഞു നിന്നു നിധിയെ നോക്കി ചോദിച്ചു..

“എന്റെ ഏട്ടന്റെയും, അച്ഛന്റെയും പിറകേ നടന്നു എന്നെ നിങ്ങൾക്ക് കെട്ടിച്ചു തരണം എന്ന് കെഞ്ചിയത്  എന്തിനായിരുന്നുവെന്ന്..”

“നിന്നോടുള്ള ഇഷ്ടം കൊണ്ട്..” മറുപടിക്ക് ഒട്ടും മയമുണ്ടായിരുന്നില്ല മഹിയുടെ ശബ്ദത്തിൽ..

“ആരോടുള്ള ഇഷ്ടം കൊണ്ട്..എന്നോടോ..അതോ നിങ്ങളുടെ കാമുകിയോടോ..” നിധിയുടെ ശബ്ദം കനത്തു..

മഹി തിരിഞ്ഞു നിന്നു വാതിൽ കുറ്റിയിട്ടു..പിന്നെ തിരിഞ്ഞു വന്നു നിധിയുടെ മുന്നിൽ വന്നു നിന്നു..

“എന്തേ ഉത്തരം മുട്ടിയോ…നിങ്ങൾ അവളുടെ കല്യാണത്തിന് മുന്നേ നിങ്ങളുടെ കല്യാണം നടക്കാൻ അല്ലേ എന്നെ കെട്ടിയത്..

ചെ റ്റ…” നിധി പറഞ്ഞു തീർന്നതും മഹിയുടെ ഇടതു കൈ നിധിയുടെ വലതു കവിളിൽ ആഞ്ഞു പതിച്ചു..

“അച്ഛാ…” നിധി അലറി വിളിച്ചു..

മഹി വാതിൽ തുറന്നു ഉമ്മറത്തേക്ക് ഇറങ്ങി..

“എന്താ മോനേ ഓടി വന്ന പ്രകാശൻ മഹിയോട് ചോദിച്ചു..”

“ഈ ബന്ധം ഇനി വേണ്ടാ..ഡിവോഴ്സ്..അതാണ് നല്ലത്…” പറഞ്ഞു തീർന്നതും മഹി പോർച്ചിൽ കിടന്ന കാറിലേക്ക് കയറി സ്റ്റാർട്ട്‌ ചെയ്തു കാർ റിവേഴ്സ് എടുത്തു..പെട്ടന്ന് ബ്രേക്ക് ചെയ്തു ഡോർ തുറന്നു പുറത്ത് ഇറങ്ങി റൂമിലേക്ക് തിരികെ നടന്നു..

ഒന്നും സംഭവിക്കാത്തത് പോലെ മഹി റൂമിലേക്ക് ചെന്നു.. “മൊബൈൽ എടുക്കാൻ മറന്നു..അത് എടുക്കാൻ വന്നതാ..” മഹി തിരിഞ്ഞു നടന്നു..

“മോനേ..” ദേവയാനി..നിധിയുടെ അമ്മ മഹിയുടെ മുന്നിൽ വന്നു നിന്നു..

“ഈ രാത്രി മോൻ ഇവിടെ നിന്നും ഇറങ്ങി പോവരുത്..നാളെ നേരം വെളുക്കട്ടെ..നമുക്ക് പരിഹാരം കാണാം..”

“ഇവൻ ഇവിടെ നിന്നാൽ ഈ നിമിഷം ഞാൻ ഈ വീട്ടിൽ നിന്നും ഇറങ്ങും..” നിധി ഉറക്കെ അലറി..

“പോണം അമ്മേ..പോയില്ലേ ചിലപ്പോൾ ഒരുപാട് ജീവിതങ്ങൾ തകരും..” മഹി ദേവയാനിയെ നോക്കി പറഞ്ഞു തിരിഞ്ഞു നടന്നു..

***************************

വർഷങ്ങൾക്ക് ശേഷം ഉള്ള ഒരു സായ്‌ഹാനം..

“സാർ..ആ കുട്ടി പോകുന്നില്ല..സാറിനെ കാണാതെ പോകില്ലന്നാ പറയുന്നേ..” ഓഫിസ് ക്യാമ്പിനിലേക്ക് കയറി വന്നു കൊണ്ട് നിത്യ മഹിയെ നോക്കി പറഞ്ഞു..

“മ്മ്.” മഹി എഴുന്നേറ്റു മുന്നോട്ട് നടന്നു..

“വാ..” നിധിയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് മഹി മുന്നോട്ട് നടന്നു..

“കയറൂ..” കാറിന്റെ ഡോർ തുറന്നു നിധിയെ നോക്കി മഹി സൗമ്യമായി പറഞ്ഞു..നിധി കാറിലേക്ക് കയറി ഡോർ അടച്ചു..

“എന്ന് വന്നു..” ഡ്രൈവ് ചെയ്യുന്നതിന് ഇടയിൽ മഹി നിധിയെ നോക്കി ചോദിച്ചു..

“ഇന്നലെ രാത്രി..”

“മ്മ്…”

“എന്നാ കല്യാണം..”

“ആരുടെ..”

“ഏട്ടന്റെ..” നിധിയുടെ ശബ്ദം നേർത്തു..

“ഉറപ്പിച്ചിട്ടില്ല..രണ്ടാളും പരസ്പരം കണ്ടു..സംസാരിച്ചു..അത്രേം ള്ളു..”

“എങ്ങനെ അറിഞ്ഞു..കല്യാണം ആണെന്ന്..” പുഞ്ചിരിച്ചു കൊണ്ട് മഹി ചോദിച്ചു..

“അമ്മ പറഞ്ഞു ഇന്നലെ..”

“മ്മ്..”

“അമ്മയെയും അച്ഛനെയും ഏട്ടനെയും ഇപ്പോളും വിളിക്കുമായിരുന്നു ല്ലേ..”

“ഉവ്വ് ലോ..”

“എന്നോട് ദേഷ്യം ഉണ്ടോ..”

“മ്മ്..” ആ മൂളലിൽ വല്ലാത്ത കനം ഉണ്ടായിരുന്നു…

“സത്യത്തിൽ അന്ന് രാത്രി നീ എന്തിനാ അങ്ങനെ ബഹളം വെച്ചത്..” കാർ റോഡിന്റെ അരികിൽ പാർക്ക് ചെയ്തു ഡോർ തുറന്നു പുറത്ത് ഇറങ്ങി ഒരു സി ഗരറ്റ് ചുണ്ടിലേക്ക് വെച്ചു കൊണ്ട് മഹി നിധിയോട് ചോദിച്ചു..

“എനിക്ക് നമ്മുടെ വിവാഹം ഇഷ്ടമല്ലായിരുന്നു..എനിക്ക് വേറെ ഒരാളുമായി അടുപ്പം ഉണ്ടായിരുന്നു..”

തല താഴ്ത്തി നിധി മെല്ലെ പറഞ്ഞു..

ഒന്ന് രണ്ടു വട്ടം മെല്ലെ സി ഗരറ്റ് പഫ് എടുത്തു കൊണ്ട് മഹി നോട്ടം ദൂരേക്ക് മാറ്റി..

“മ്മ്.. അതിനു നമുക്ക് തുറന്നു പറയാൻ ഒരുപാട് സമയം ഉണ്ടായിരുന്നല്ലോ..” മഹി നേർത്ത പുഞ്ചിരിയോടെ ചോദിച്ചു..

“മ്മ്..

പക്ഷേ തുറന്നു പറയാൻ ഒരു പേടി..അങ്ങനെ പറഞ്ഞാൽ..നിങ്ങൾ അത് വീട്ടിൽ പറയുമോ എന്നുള്ള പേടി ഉണ്ടായിരുന്നു..

മാത്രമല്ല വിജയ് തന്നെ ആണ് പറഞ്ഞത്..എന്തായാലും വിവാഹത്തിന് നാല് മാസം ഉണ്ട്..അപ്പോളേക്കും നമുക്ക് ഇവിടന്ന് എവിടേലും പോവാം..അത് വരെ ആരും അറിയരുത് എന്ന്..”

“എന്നിട്ട്..വിജയ് വന്നില്ലേ..” സി ഗരറ്റ് താഴേക്ക് ഇട്ട് ഷൂ കൊണ്ട് ചവിട്ടിയരച്ചു കൊണ്ട് മഹി ചോദിച്ചു..

“ഇല്ല..

വിവാഹത്തിന് തലേന്ന് വരും ന്ന് പറഞ്ഞു..വന്നില്ല..രാത്രി വരെ കോൺടാക്ട് ഉണ്ടായിരുന്നു..രാത്രി എത്ര വൈകിയാലും വന്നു കൊണ്ട് പോകും..കാത്തിരിക്കണം ന്ന് പറഞ്ഞു..

പിന്നെ ഒരു വിവരവും ഇല്ലാതായി..രാവിലെ പിന്നെ വിവാഹത്തിന് ഉള്ള ഒരുക്കങ്ങൾ..അങ്ങനെ എല്ലാം.. കഴിഞ്ഞു..” നിർവികാരമായ ശബ്ദത്തിൽ നിധി പറഞ്ഞു നിർത്തി..

“എന്നാലും എന്തിനാ രാത്രി അങ്ങനെ ഒരു..” പാതിയിൽ നിർത്തി മഹി..

“അറിയില്ല..അങ്ങനെ ഒച്ച വെച്ചാൽ ഏട്ടൻ എന്നെ ഉപേക്ഷിച്ചു പോകും ന്ന് തോന്നി..പിന്നെ ഒന്നും നോക്കിയില്ല..രാത്രി മനഃപൂർവം ഇല്ലാത്ത ഒരു കാര്യം പറഞ്ഞു പ്രശ്നം ഉണ്ടാക്കി..”

“മ്മ്..എന്നിട്ട് ഇപ്പൊ എങ്ങനെ ഉണ്ട് ജീവിതം..ആള് കൂടെ ഉണ്ടോ..” നേർത്ത ശബ്ദത്തിൽ മഹി ചോദിച്ചു..

“ഇല്ല..”

“മ്മ്..

ഒറ്റയ്ക്കായി പോകുന്നതിന്റെ വേദന അറിയുന്നുണ്ടോ ഇപ്പൊ..”

“മ്മ്..”

“തിരിഞ്ഞു നോക്കുമ്പോൾ എന്ത് തോന്നുന്നു..”

“എന്ത് തോന്നാൻ..ചുറ്റിനും കാണുന്നത് ഒന്നും സത്യമല്ല എന്ന് തോന്നുന്നു..ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കരുത് എന്ന് പോലും അറിയാതെ ജീവിക്കേണ്ടി വരുന്ന അവസ്ഥ..അതിനേക്കാൾ ബേധം ഭ്രാന്ത് പിടിക്കുന്നതാണ് എന്ന് തോന്നി പോയിട്ടുണ്ട് പലപ്പോഴും..”

“എന്നോട് ചെയ്തതിൽ എപ്ലെലും കുറ്റബോധം തോന്നിട്ടുണ്ടോ..”

“മ്മ്..”

“ഇപ്പോൾ ആണോ..അതോ..”

“അല്ല..”

“പിന്നെ..” ഒരു സി ഗരറ്റ് കൂടെ ചുണ്ടിലേക്ക് വെച്ചു മഹി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു..

“അന്ന്..ആ രാത്രി മുതൽ..ഇന്ന് ഈ നിമിഷം വരെ..ഒരൊറ്റ കാര്യത്തിൽ മാത്രേ കുറ്റബോധം ഉണ്ടായിരുന്നുള്ളു..അത് ഏട്ടനോട് ചെയ്ത ക്രൂ രത ഓർത്തു മാത്രം..”

“തോന്നാൻ എന്താ കാരണം..”

“അറിയില്ല..ഹൃദയം മറ്റൊരാൾക്ക്‌ തീറെഴുതി കൊടുത്തിട്ട്..കൂടെ കൂടാൻ എനിക്ക് കഴിയില്ലായിരുന്നു എന്നുള്ളത് സത്യം..വിജയ് പറയുന്നത് മാത്രം ആയിരുന്നു  സത്യം എന്ന് കരുതി അവന്റെ വാക്കുകൾക്ക് മാത്രം ചെവി കൊടുത്തപ്പോൾ..ഏട്ടനോട് ചെയ്യുന്നത് ഒരു തെറ്റായി എനിക്ക് തോന്നിയതേ ഇല്ല..

പക്ഷേ..” പാതിയിൽ നിർത്തി..

മിഴികളിൽ നനവ് പടർന്നത് പുറം കൈ കൊണ്ട് തുടച്ചു കൊണ്ട് നിധി നോട്ടം ദൂരേക്ക് മാറ്റി..

“പക്ഷേ..” മഹി സി ഗരറ്റ് ഒന്നുടെ ആഞ്ഞു വലിച്ചു..മൂക്കിലൂടെ പുക ചുരുൾ പെയ്തു തോരുന്നുണ്ടായിരുന്നു..

“അന്ന്..ആ രാത്രി ഞാൻ വിജയിനെ വിളിച്ചു..”

“മ്മ്..എന്നിട്ട്..”

“മറ്റൊരാളുടെ കൂടെ കിടന്ന ഉച്ചിഷ്ടത്തെ അവനു വേണ്ട പോലും..എല്ലാ സുഖവും കഴിഞ്ഞു നിനക്ക് ഇപ്പോൾ അല്ലെ എന്നെ വിളിക്കാൻ തോന്നിയുള്ളു..എന്തേ നിന്റെ പുതിയ ഭർത്താവ് പോരേ..അങ്ങനെ ഒരു നൂറായിരം ചോദ്യങ്ങൾ..അത്രേം എനിക്ക് ഓർമയുള്ളൂ..

പിന്നെ..എപ്പോളോ ഞാൻ ആശുപത്രിക്കിടയിൽ കണ്ണ് തുറക്കുമ്പോൾ ആണ് ഓർമ വരുന്നത്..

കൈ ഞരമ്പ് മുറിച്ചു..തല സ്വയം തല്ലി പൊളിച്ചു..വീടിന്റെ ടെറസിന് മുകളിൽ നിന്നും ചാടാൻ നോക്കി എന്നൊക്കെ അമ്മ പറഞ്ഞു പിന്നീട് ഒരിക്കൽ..”

“മ്മ്..”

“ഇനി ഇപ്പോ എന്താ പരിപാടി..” മഹി സി ഗരറ്റ് മെല്ലെ താഴേക്ക് ഇട്ടു അടുത്തുള്ള കലങ്കിന്റെ അരുകിൽ ഇരുന്നു കൊണ്ട് ചോദിച്ചു..

“നാളെ വൈകുന്നേരം ഫ്ലൈറ്റ്..ഡൽഹി..അവിടെ ജോയിൻ ചെയ്യണം..ഇവിടന്ന് ഒരു ട്രാൻസ്ഫർ ചുമ്മാ ചോദിച്ചു വാങ്ങി…”

“എന്റെ വിവാഹം കാരണം..”

“ഹേയ്..അല്ല..ഓർമ്മകൾ നൽകാൻ മാത്രം തമ്മിൽ നമ്മൾ തമ്മിൽ ഒന്നുമില്ല ലോ..പക്ഷേ..ഉള്ളിൽ ഒരു നീറ്റൽ ഉണ്ട്..അത് എങ്ങനെ പെയ്തു തോരും എന്നും അറിയില്ല..

മാപ്പ്..” കൈ കൂപ്പി നിധി മഹിയുടെ മുന്നിൽ നിന്നു..

“മ്മ്..

അന്ന് ഒരു വട്ടം എന്നോട് പറഞ്ഞാൽ മതിയായിരുന്നു..ഒരു അഫയർ ഉണ്ടെന്ന്..പറഞ്ഞില്ല..അത് ഒരു സങ്കടം തന്നു..പിന്നെ ആലോചിച്ചപ്പോൾ തോന്നി..കൂടെ കൂടിയിരുന്നേൽ ഒരിക്കലും നമുക്ക് നല്ലൊരു ബന്ധം കിട്ടില്ലായിരുന്നുവെന്ന്..പരസ്പരം അറിയാതെ..ഇഷ്ടമില്ലാതെ വിശ്വാസം ഇല്ലാതെ എത്ര നാൾ മുന്നോട്ട് പോകാൻ കഴിയും..ഇപ്പോ ഇങ്ങനെ ആയത് നന്നായി എന്ന് മനസിനെ പറഞ്ഞു പാകപെടുത്തി..

എല്ലാരുടെയും വിഷമം എന്നെ ഓർത്ത് ആയിരുന്നു..വിവാഹം വേണ്ടാന്ന് പറഞ്ഞ ഞാൻ ഒരാളെ കാണുന്നു..ഇഷ്ടവുന്നു..അവരുടെ വീട്ടിൽ അന്വേഷിച്ചു പെണ്ണ് കല്യാണം ഉറപ്പിക്കുന്നു..ഒടുവിൽ അത് ആദ്യ രാത്രി തന്നെ ഫ്ലോപ്പ് ആവുന്നു…ജീവിതം തന്ന അനുഭവം അടിപൊളി ആയിരുന്നു..

അത് കൊണ്ട് അന്ന് തകർന്നു പോയത് കൊണ്ട് പിന്നീട് ഇന്ന് വരെ ഒരു തകർച്ചക്കും എന്നെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല..കാരണം..താൻ എനിക്ക് തിരിച്ചു തന്നത് എന്റെ ജീവിതം തന്നെയായിരുന്നു..അത് കൊണ്ട് എനിക്ക് തന്നോട്..അന്നും ഇന്നും എന്നും സ്നേഹം മാത്രേ ള്ളു..” മഹി എഴുന്നേറ്റു നിധിയുടെ മുന്നിൽ വന്നു നിന്ന് ഇരുകൈയ്യും കെട്ടി നിന്നു..

“ഏട്ടാ..” നിധി മഹിയുടെ നെഞ്ചിലേക്ക് ചാഞ്ഞു..

“മ്മ്..പോവാം..” മെല്ലെ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി കൊണ്ട് മഹി കാറിലേക്ക് കയറി..

******************************

പിറ്റേന്ന്…

“മോനേ..നിധിയെ കൂടെ ഒന്ന് എയർപോർട്ടിൽ ഡ്രോപ്പ് ചെയ്യണേ..” മഹിയുടെ മൊബൈലിലേക്ക് ദേവയാനി വിളിച്ചു പറഞ്ഞു..

“മ്മ്..ഞാൻ പോകും വഴി കയറാം..”

“മോള് മോന്റെ വീടിന്റെ ഗേറ്റിൽ ഉണ്ട്..”

“മ്മ്..” മഹി കാൾ കട്ട്‌ ചെയ്തു..

“അമ്മ..നിധി പുറത്ത് നിൽപ്പുണ്ട്..ഇങ്ങോട്ട് കേറി വരാൻ പറ..എയർപോർട്ടിൽ എന്നോട് ഡ്രോപ്പ് ചെയ്യാൻ പറഞ്ഞു ആൾടെ അമ്മ..” അനുരാധയോട് മഹി ഹാളിലേക്ക് ചെന്നു പറഞ്ഞു..

“മ്മ്..” മൂളി കൊണ്ട് അനുരാധ പുറത്തേക്ക് ചെന്നു..

“വാ..” ഗേറ്റ് തുറന്നു അനുരാധ നിധിയെ അകത്തേക്കു വിളിച്ചു..

നിധി അമ്പരപ്പോടെ ചുറ്റും നോക്കി..

“കേറി വരാൻ..” യാതൊരു മയവും ഇല്ലാതെ അനുരാധ പറഞ്ഞിട്ട് തിരിഞ്ഞു നടന്നു..

നിധി മെല്ലെ അകത്തേക്കു കയറി..

“മുകളിൽ ഇടതു വശത്തുള്ളതാണ്..മഹിയുടെ റൂം..ഡൽഹി യാത്ര ക്യാൻസൽ ചെയ്തു ഇവിടെ കൂടാൻ താല്പര്യമുണ്ട് എങ്കിൽ മുകളിലേക്ക് പൊയ്ക്കോ..ഇല്ലേ..അവൻ ഇപ്പോ ഇറങ്ങും..കൂടെ ഇറങ്ങിക്കോ..” വെട്ടിതുറന്നു അനുരാധ പറഞ്ഞത് കേട്ട് നിധി ചുറ്റിനും നോക്കി..

“സ്നേഹിക്കാൻ കഴിയുന്ന മനസ് കൈ മോശം വന്നിട്ടില്ലേ ഇവിടെ നിന്നോ…അത് കഴിഞ്ഞു നിങ്ങൾ മാനസികമായി ഓക്കേ ആണേൽ വിവാഹം കഴിക്കാം…പരസ്പരം സമ്മതമുണ്ടേൽ മാത്രം..

മുറിവുകൾ ഉണങ്ങാൻ..കാലം നൽകിയ മരുന്നായി കണ്ടാൽ മതി..പിന്നെ എല്ലാം മറക്കാനും പൊറുക്കാനും..ഞാനും മോനും തയ്യാറുമാണ്..

കഴിഞ്ഞത് കഴിഞ്ഞു..ഇനിയുള്ളത് മാത്രം ആലോചിച്ചു മുന്നോട്ട് പോകുക..മഹിയുടെ കൂടെ ഇറങ്ങുന്നോ..അതോ..അവൻ ഇറങ്ങി കഴിയുമ്പോൾ ഇങ്ങോട്ട് കേറുന്നോ..”

“കേറാം..” നിധി മെല്ലെ പറഞ്ഞു..

“കേട്ടില്ല..” മഹി അടുത്ത് വന്നു നിന്നു നിധിയോട് ചോദിച്ചു.

മഹിയുടെ നെഞ്ചിലേക്ക് പൂണ്ട് കൊണ്ട് നിധി തേങ്ങി..

“മാപ്പ്..” നിധിയുടെ ചുണ്ട് വിറകൊണ്ടു

ശുഭം..

~Unni K Parthan