എന്തൊരു മാറ്റമാണ് പ്രതിമ പോലത്തെ പെണ്ണ് അത്യാവശ്യം തെളിച്ചമുള്ള രൂപമായി കുറച്ചു ദിവസങ്ങൾ കൊണ്ട്….

Story written by Sumayya Beegum T A

====================

ഡി നിനക്കു ഒരു സർപ്രൈസ് ഉണ്ട്.

എന്തെ എനിക്ക് വല്ല ഡയമണ്ട് നെക്‌ലേസും വാങ്ങിയോ ?

പണയം വെച്ച നെക്‌ലേസ് എടുത്തുതരാൻ നിവൃത്തി ഇല്ലാത്ത എന്നോടോ ദാസാ ?ഗിരി ലാലേട്ടൻ സ്റ്റൈലിൽ ഗൗരിയോട് ചോദിച്ചു..

പിന്നെ എന്തോന്ന് സർപ്രൈസ് ആണ് മനുഷ്യ ?നിങ്ങൾ എനിക്ക് തന്ന രണ്ടു സർപ്രൈസുകൾ ആണ് ഇപ്പൊ അടിയും കൊണ്ട് കിടന്നുറങ്ങിയത്.

കുഞ്ഞുങ്ങളെ ഇന്നും അടിച്ചോടി ?

പിന്നെ ഒരുത്തി ഒരു കൈ വെള്ളം മുഖത്ത് ഒഴിച്ചു എന്നുപറഞ്ഞു പുന്നാരമോൻ ഒരു ബക്കറ്റ് വെള്ളം എടുത്തു അവളുടെ ദേഹത്തൊട്ടു ഒഴിച്ചു. ഡൈനിങ്ങ് റൂം കുളമായി. രണ്ടിനിട്ടും ഓരോന്ന് കൊടുത്തു.

ഇത്ര വികൃതി പിടിച്ച പിള്ളേരുണ്ടോ ?

നിങ്ങടെ സ്വഭാവം അല്ലേ അതുങ്ങൾക്കും കിട്ടു.

എന്റെ മക്കൾ ആണെന്ന് നിനക്കു സംശയം ഇല്ലാത്തിടത്തോളം എന്റെ സ്വഭാവം തന്നെ അവർക്കു കിട്ടും.

എന്തേലും പറഞ്ഞാൽ അനാവശ്യം പറഞ്ഞോളും വൃത്തികെട്ടവൻ.

ആണോ വൃത്തികെട്ടവൻ നിന്റെ കെട്ടിയോൻ.

അതുതന്നെയാ ഞാനും പറഞ്ഞത്.

ചോറുകഴിച്ചു കിടക്കാൻ നേരമാണ് വന്നപ്പോൾ സർപ്രൈസ് എന്നു പറഞ്ഞകാര്യം എന്താണെന്നു പറഞ്ഞില്ലല്ലോ എന്നോർത്തതു.

ഗിരി എന്താ വന്നപ്പോൾ എന്നോട് പറയാൻ വന്നത്.

അത് ഇനി പറയാൻ മനസില്ല കിടന്നുറങ്ങു പെണ്ണെ നാളെ നിനക്കു തന്നെ മനസിലായി കൊള്ളും.

പിന്നെ കേട്ടത് ഗിരിയുടെ കൂർക്കം വലിയാണ്.

പകലത്തെ പണികഴിഞ്ഞു ക്ഷീണം കാരണം പാവം ഉറങ്ങിപ്പോയി.

ആ മുടികളിൽ തലോടി ചാരത്തു കിടന്നുറങ്ങുമ്പോൾ മനസ്സിൽ വീണ്ടും ചിന്തയായി എന്താണ് ആ സസ്പെൻസ് ??

രാവിലെ ഗിരിയും മക്കളും പോയി വീട്ടിൽ തനിച്ചായപ്പോൾ നൂറുകൂട്ടം പണികൾ ബാക്കിയായി. ഓരോന്നും അടുക്കായി ചെയ്തു തീർത്തു തുണി അലക്കി വിരിച്ചു കൊണ്ടിരുന്നപ്പോൾ ആണ് അടുത്ത വീടിനു മുമ്പിൽ ഒരു സ്വിഫ്റ്റ് കാർ വന്നു നിന്നതു.

കുറേനാളായി വിൽക്കാൻ ഇട്ടിരുന്ന വീടാണ് ഈയിടെ ആരോ വാങ്ങിയെന്നു അടുത്ത വീട്ടിലെ റംലത്ത പറഞ്ഞിരുന്നു അവരാവും പുതിയ താമസക്കാർ. പുതിയ അയലോക്കം അല്ലേ. അങ്ങോട്ട് ശ്രദ്ധിച്ചു ആരാ എന്താ എന്നൊക്കെ അറിയാൻ കൗതുകം.

വളരെ മെലിഞ്ഞ ഒരു യുവതിയും അതുപോലൊരു പെൺകുഞ്ഞും നല്ല ഹൈറ്റും വെയിറ്റും ഉള്ള ഒരു പുരുഷനും. ഭാര്യയും ഭർത്താവും മകളും ആണ്.

ആ യുവതി ഒരു പ്രതിമ പോലെയുണ്ട് ചുറ്റും കണ്ണോടിച്ചപ്പോൾ എന്നെ അവർ വ്യക്തമായി കണ്ടതാണ് എന്നിട്ടും ഒരു ചിരിപോലും മുഖത്തില്ല.

ഒട്ടും പ്രസരിപ്പില്ലാത്ത ആ കുഞ്ഞു അമ്മയെ ചേർന്ന് നിലത്തുനോക്കി നില്കുന്നു.

എന്റെ അമ്മാളു ആരുന്നെങ്കിൽ ആദ്യം അടുത്ത വീട്ടിൽ ചാടിക്കേറി പരിചയപ്പെടൽ തുടങ്ങിയേനെ.

ഇങ്ങനെ ഓരോരുത്തരായി വീക്ഷിച്ചു പണ്ടത്തെ മലയാളംസെക്കന്റ് പേപ്പറിലെ കഥാപാത്ര സവിശേഷതകൾ വിവരിച്ചു പഠിക്കുമ്പോൾ ആണ് ആ പുരുഷന്റെ മുഖം കാണുന്നത്.

ദൈവമേ !ഇത് അയാൾ അല്ലെ അനൂപ്.

ഇതാണോ ഗിരി പറഞ്ഞ സസ്പെൻസ്.

എന്തോ പലതും നിമിഷം നേരം കൊണ്ട് ഓര്മയിലെത്തി.

….. ….. …..

അമ്മേ എനിക്ക് മെറൂൺ കളർ സാരി മതി കേട്ടോ പിന്നെ തലേന്ന് നിറയെ കല്ലുവെച്ച ദാവണിയും. ഞാൻ അമ്മയെ നേരത്തെ സോപ്പിട്ടു വെക്കുകയായിരുന്നു.

അയ്യടാ പെണ്ണിന്റെ ചാട്ടം കണ്ടോ അച്ഛാ? നിശ്ചയം കഴിഞ്ഞതല്ലേയുള്ളു. ആങ്ങള വിനു ആണ്.

നീ പോടാ അവളെ അച്ഛൻ ഒരു രാജകുമാരിയെ പോലെ ഒരുക്കി ഇറക്കും.

ആഹ്ലാദങ്ങൾ അലയടിച്ച വീട്ടിൽ പെട്ടന്ന് എല്ലാം മാറി മറിഞ്ഞു. കല്യാണവിളിയും സർവ ഒരുക്കങ്ങളും കഴിഞ്ഞപ്പോൾ കല്യാണം ചെക്കന് വേണ്ടത്രേ.

കല്യാണപ്പന്തൽ ഒരുങ്ങേണ്ട വീട് മരണവീടുപോലായതു എത്ര പെട്ടന്നാണ്.

വ്യക്തമായ ന്യായമായ ഒരു കാരണവും പറയാതെ വരൻ കല്യാണത്തിൽ നിന്നും പിൻവാങ്ങിയപ്പോൾ ഏറ്റവും തകരുക ആരൊക്കെയാവും തന്റെ അച്ഛൻ അമ്മ കൂടപ്പിറപ്പ് അതിലൊക്കെ മേലെ തന്റെ മനസ്.

ആ ദിവസങ്ങൾ ഒന്നും ഓർക്കാൻ കൂടി വയ്യ. ആ സമയത്തു ആണ് ബന്ധത്തിൽ തന്നെയുള്ള ഗിരി തന്നെ കല്യാണം കഴിക്കാൻ തയ്യാറായത്. സാമ്പത്തികം ഇത്തിരി കുറവാണെങ്കിലും ആ ബന്ധം തനിക്കു കിട്ടാവുന്നതിലും ഏറ്റവും നല്ലതായിരുന്നു എന്ന് കാലം തെളിയിച്ചു.

പിന്നെ അയാൾ വേറൊരു വല്യവീട്ടിലെ സിനിമ നടി പോലൊരു പെണ്ണിനെ കെട്ടി എന്ന് അവരുടെ വീടിനടത്തുള്ള അകന്ന ബന്ധു പറഞ്ഞു അറിഞ്ഞു. ചിലപ്പോൾ അതിനാവും ഉറപ്പിച്ച കല്യാണം വേണ്ടെന്നു വെച്ചതെന്നൊക്കെ പല ഊഹോപോഹങ്ങളും ബന്ധുക്കൾ ചർച്ച ചെയ്തിരുന്നു.

എന്തായാലും ഒത്തിരി സ്വപ്നം കാണിച്ചു ഒറ്റയടിക്ക് ചവിട്ടി താഴ്ത്തിയ ആ മനുഷ്യനെ താൻ പിന്നെ ഇന്നാണ് കാണുന്നത്.

അകത്തു ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് പരിസര ബോധം വന്നപ്പോൾ പുതിയ അയലോക്കം അവരുടെ വീട്ടിൽ കയറി വാതിൽ അടച്ചിരുന്നു തന്റെ കയ്യിൽ വിരിക്കാനുള്ള തുണി അതുപോലുണ്ട്.

ആ തുണി അയയിൽ വിരിച്ചു ചെന്നു ഫോൺ എടുക്കുമ്പോൾ മിസ്ഡ് കാൾ മൂന്ന് ഉണ്ട് ഗിരി ആണ്.

എന്താ ഗിരിയേട്ടാ ?

സസ്പെൻസ് എങ്ങനെയുണ്ട് ?

അയ്യേ ഇതാണോ നിങ്ങള് രഹസ്യമാക്കി വെച്ചത്. കോ പ്പാണ് ഞാൻ അയാളോട് കല്യാണമുറപ്പിച്ച അന്ന് പോലും സംസാരിച്ചിട്ടില്ല പിന്നെ ഇന്ന് കണ്ടപ്പോൾ ഷോക്ക് ആയി അത്രേം ഉള്ളു നിങ്ങള് നോക്കിക്കോ നാളെ അയാളെ കണ്ടാൽ ഞാൻ അങ്ങോട്ട് ഹായ് പറയും അന്ന് അയാൾ കല്യാണം വേണ്ടാന്ന് വെച്ചത് കൊണ്ട് എനിക്ക് ഒരു ചുക്കും വന്നിട്ടില്ല എന്നറിയട്ടെ.

എന്നാലും നിനക്ക് എന്നെപ്പോലൊരു നല്ലൊരു ചെക്കനെ കിട്ടി എന്നൊരിക്കലും പറയരുത് കേട്ടോ ?

ഞാൻ ഇല്ലായിരുന്നെങ്കിൽ മൂത്തു നരച്ചവിടെ നിന്നുപോയേനെ.

ഇങ്ങനെ കളിയാക്കുന്നതിലും ഭേദം അവിടെ നിൽക്കുന്നതായിരുന്നു.

ആണോടി കുശുമ്പി കാളി. പറഞ്ഞിട്ട് ഫോൺ വെച്ചാൽ മതി.

എന്റമ്മോ സമ്മതിച്ചു നിങ്ങൾ ഗന്ധർവ്വൻ ആണ് പോരെ.

………..

ഞാനും റംലത്തയും മക്കളെ വിടുന്ന സ്കൂൾ ബസിൽ തന്നെയാണ് അയാളുടെ മകളും പോയിരുന്നത്. കറക്റ്റ് ടൈമിൽ ഒരു ശിൽപം പോലെ വരും പോകും ആരോടും മിണ്ടില്ല. ആ കൊച്ചുകുട്ടിയും അങ്ങനെ തന്നെ.

ഏതാണ്ട് ഒരു മാസം കഴിഞ്ഞു കാണും ഒരുദിവസം മക്കളെ വണ്ടിയിൽ കയറ്റിവിടാനായി ഞങ്ങൾ നിൽകുമ്പോൾ പതിവില്ലാതെ നേരത്തെ ആ സ്ത്രീ വന്നു. ഞങ്ങളെ നോക്കി ചിരിച്ചു.

എന്റെ പേര് വർഷ.

ഒന്നും തോന്നരുത് ഭർത്താവ് ആളൊരു പ്രത്യേക സ്വഭാവക്കാരനാണ് ആരോടും ഞാൻ മിണ്ടുന്നതു ഇഷ്ടല്ല. അതാണ് ഞാൻ നിങ്ങളോടു സംസാരിക്കാതിരുന്നത് ക്ഷമിക്കണം. ഇപ്പോൾ മൂപ്പര് തിരിച്ചുപോയി ഒരു മാസത്തെ അവധിക്ക് വന്നതാണ്.

അന്ന് വർഷ ഞങ്ങളോട് ഒരുപാടു സംസാരിച്ചു.

പേർസണൽ കാര്യങ്ങൾ ചികയാതെ പൊതുവായി പലതും പറഞ്ഞു, തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു.

എനിക്കും റംലത്തക്കും അതൊക്കെ അത്ഭുതമായി.

എന്തൊരു മാറ്റമാണ് പ്രതിമ പോലത്തെ പെണ്ണ് അത്യാവശ്യം തെളിച്ചമുള്ള രൂപമായി കുറച്ചു ദിവസങ്ങൾ കൊണ്ട്.

കൂടുതൽ അടുത്തപ്പോൾ വർഷ എല്ലാം പറഞ്ഞു.

അവളുടെ ഉണങ്ങിയ ശരീരത്തെക്കാൾ വരണ്ടുപോയ മനസ് ഞങ്ങളെ കൂടുതൽ വേദനിപ്പിച്ചു.

എൺപതു ശതമാനത്തോളം അബ്നോർമൽ ആണ് വർഷയുടെ ഭർത്താവു,കൂടാതെ സംശയരോഗവും.

ഒരിക്കൽ സംസാരിച്ചുകൊണ്ടിരിക്കെ വർഷ പറഞ്ഞു ഗൗരി ഒരു പെണ്ണിനെ കല്യാണമുറപ്പിച്ചു കഴിഞ്ഞു വേണ്ടെന്നു വെച്ചാണ് അയാൾ എന്നെ കെട്ടിയതു. ഞാൻ ഓർക്കാറുണ്ട് ഗൗരി ആ പെണ്ണ് ഞാൻ ആയിരുന്നെങ്കിൽ എന്ന്.

ഗൗരിക്ക് അറിയുമോ കല്യാണം മാറിപ്പോയി എന്നുപറഞ്ഞു വിഷമിക്കുന്ന പെൺകുട്ടികളോട് ഞാൻ പറയാറുണ്ട് ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കരുത് എന്ന് വല്യ ഒരു ശാപം ഒഴിഞ്ഞുപോയി എന്നുവേണം കരുതാൻ. എന്റെ കൈ പിടിച്ചു വർഷ അങ്ങനെപറഞ്ഞപ്പോൾ അനൂപ് അന്ന് വേണ്ടാന്ന് വെച്ച പെൺകുട്ടി ഞാൻ ആണെന്ന് പറയേണ്ടി വന്നു.

അപ്പോൾ ക്ഷീണിച്ചു മെലിഞ്ഞ കൈകൾ കൊണ്ട് ഒട്ടിയ ദേഹത്തേക്ക് ചേർത്ത് നിർത്തി അവളെന്നോട് പറഞ്ഞു എന്റെ ഗൗരി നീ എത്ര ഭാഗ്യവതി ആണെന്ന്.

അയാളറിയാതെ പഠനം തുടരുന്നുണ്ടെന്നും നരകിച്ചുള്ള ഈ ജീവിതം ഒരു വേര്പിരിയലിൽ എത്തിക്കുന്നതിനെക്കുറിച്ചും ഒക്കെ വര്ഷ സൂചിപ്പിച്ചു.

ഇല്ല ഗൗരി ആദ്യം അമ്പരപ്പും ഭയവും ആയിരുന്നു രക്ഷപെടാൻ ആഗ്രഹിച്ചപ്പോൾ അമ്മയാകാൻ പോകുന്നു എന്നത് അതിലും വലിയ വിലങ്ങായി. പിന്നെ എല്ലാ നരകയാതനകളും സഹിച്ചു അവൾക്കായി വർഷങ്ങൾ നീക്കി. ഇന്നിപ്പോ എന്റെ മകളെ സ്കൂളിൽ വിട്ടു എനിക്ക് ജോലിക്കുപോകാം. ആർക്കും ഞങ്ങൾ ഭാരമാകില്ല.

അടുത്ത വരവിനയാൾ വരും മുന്നേ ഞാൻ മോളുമായി രക്ഷപെട്ടിരിക്കും എന്റെ വീട്ടുകാർ ഉറപ്പായും സപ്പോർട്ട് ചെയ്യും എന്റെ ഒരു വാക്കിനായി വര്ഷങ്ങളായി കാത്തിരിക്കുക ആണവർ.

ഉറച്ച സ്വരത്തിൽ അതുംപറഞ്ഞു അവൾ നടന്നുനീങ്ങുമ്പോൾ മനസിനല്പം സമാധാനം തോന്നി. ഒരു വഴി അവൾക്കായി കാണിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു.

ഒരു കല്യാണം മുടങ്ങിപോകുമ്പോൾ കണ്ണീരു പൊഴിക്കുന്ന എല്ലാ പെണ്കുട്ടികളോടും ഞാൻ പറയുക ആയിരുന്നു ഒന്നും ഒന്നിന്റെയും അവസാനമല്ല നല്ലൊരു ഭാവിയുടെ തുടക്കമാണ്. അന്ന് ആ താലി കഴുത്തിൽ വീണിരുന്നെങ്കിൽ വര്ഷയെപോലെ ധീരമായി നേരിടാൻ ഒരിക്കലും ഗിരിയുടെ ഗൗരിക്ക് ആവുമായിരുന്നില്ല അതുകൊണ്ടാവണം ഈശ്വരൻ അത് തട്ടിമാറ്റിയതു.

അന്ന് വൈകിട്ടും പതിവ് പോലെ ഗിരി താമസിച്ചു വന്നപ്പോൾ ഉമ്മറത്ത് ഞാൻ കാത്തിരുന്നു.

എന്താടി ആദ്യം കാണുന്ന പോലെ നോക്കുന്നത് സാധാരണ താണ്ഡവം ആണല്ലോ താമസിച്ചു എന്നുപറഞ്ഞു.

എന്തുപറ്റി ?

ഒന്നും പറ്റിയില്ല അതോണ്ട് ആണ് ഞാൻ നോക്കുന്നത് നിങ്ങൾ എന്റെ ഗന്ധർവനല്ലേ പൊന്നെ.

ഭഗവാനെ ഇന്ന് രണ്ടായിരം പൊട്ടും ഇവൾക്ക് പുതിയ സാരിയോ ചുരിദാറോ വാങ്ങാനുള്ള നമ്പർ ആണ്.

എയ് ഇന്ന് ഒന്നും വാങ്ങാനല്ല അങ്ങോട്ട് ചിലതൊക്കെ തരാനാ പോകുന്നത് വേഗം ചോറുണ്ടു വാ.

അതും പറഞ്ഞു കള്ളച്ചിരിയോടെ ബെഡ് ഷീറ്റ് വിരിക്കുമ്പോൾ ഗിരി ഒരു മൂളിപ്പാട്ടോടെ പിറകിലെത്തി.

(ജീവിതം ചേരേണ്ടവർ തമ്മിൽ ചേർന്നാൽ കവിതയാവും അതല്ല എങ്കിൽ ഒരിക്കലും മായ്ക്കാൻ പറ്റാത്ത മുറിവും. എല്ലാര്ക്കും മനസിനൊത്ത പങ്കാളികളെ കിട്ടട്ടെ ജീവിതം മനോഹരമാവട്ടെ ആശംസകളോടെ സുമി )