എന്നും നിനക്കായ് ~ അവസാനഭാഗം 09, എഴുത്ത്: സോണി അഭിലാഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

” എന്നാൽ അങ്ങിനെയാവട്ടെ ജോജിയും ലിനുവും മോനിച്ചനും സാബുവും വർക്കിയും ഇദ്ദേഹത്തിന്റെ കൂടെ പോട്ടെ ബാക്കി കാര്യങ്ങൾ വഴിയെ ആലോചിക്കാം ” അച്ഛൻ പറഞ്ഞു

എന്തോ അച്ഛന്റെ തീരുമാനം അംഗീകരി ക്കാൻ ശ്രുതിക്കായില്ല അവൾ വീണ്ടും തടയാൻ ശ്രെമിച്ചു…എന്നാൽ അവരാരും തന്നെ എടുത്ത തീരുമാനം മാറ്റാൻ തയ്യാറായില്ല…ആ തടയലിനു പിന്നിൽ തനിക്ക് എന്തെങ്കിലും പറ്റുമോയെന്ന പേടിയാണെന്ന് ജോജിക്ക് മനസിലായി..

പീറ്ററിനോട് അവിടെയിരിക്കാൻ പറഞ്ഞിട്ട് അവരെല്ലാം വീട്ടിലേക്ക് പോയി..കുറച്ചു സമയം കഴിഞ്ഞു അവരെല്ലാം തിരിച്ചെത്തി ജോജി ജീപ്പുമായിട്ടാണ് വന്നത് അവർ പീറ്ററുമായി വയനാട്ടിലേക്ക് യാത്ര തിരിച്ചു..

” ഈ രാജൻ ആളെങ്ങിനെയാ ചേട്ടാ കാണാൻ..? ” മോനിച്ചൻ ചോദിച്ചു

” ഈപ്പച്ചൻ മുതലാളിയുടെ അത്രയും ഇല്ലങ്കിലും അതും ഒരു ഉരുപ്പടിയാണ് എപ്പോഴും കൂടെ ഒരു മൂന്ന് പേരുണ്ടാകും അവരാണ് സ്ഥിരം കമ്പനിക്കാർ..”

” ആണോ..ഇയാളെവിടെയ താമസം..? ” സാബു ചോദിച്ചു

” മുമ്പ് അവിടെയുള്ള ഒരു വാടക വീട്ടിലായിരുന്നു ഇപ്പോ കമ്പനി ഗസ്റ്റ് ഹൗസിൽ..”

ഓരോന്ന് പറഞ്ഞും കേട്ടും അവർ എത്തിയപ്പോൾ രാത്രിയായി അന്ന് പീറ്ററിന്റെ കൂടെ രാത്രി താങ്ങാൻ തീരുമാനിച്ചു. വഴിയിൽ നിന്നും വാങ്ങിക്കൊണ്ടു വന്ന കപ്പയും ബീഫും കട്ടൻ കാപ്പിയുമായി അവർ ആ രാത്രി കഴിച്ചു കൂട്ടി..

” ജോജി എന്താ നിങ്ങളുടെ പ്ലാൻ..? ” പീറ്റർ ചോദിച്ചു

” ചേട്ടാ..ചേട്ടൻ സാധരണ പോലെ ഓഫീസിൽ ചെല്ലുക എന്നിട്ട് അവരവിടെ ഉണ്ടെങ്കിൽ എന്റെ നമ്പറിലേക്ക് വിളിച്ചാൽ മതി ഞങ്ങൾ എത്തിക്കൊള്ളാം..”

പീറ്റർ പതിവുപോലെ ഓഫീസിൽ എത്തി അപ്പോൾ അവിടെ രാജനും കൂട്ടരും കള്ളു സഭ തുടെങ്ങിയിരുന്നു പീറ്ററിനെ കണ്ട രാജൻ അയാളെ വിളിച്ചു

” എടോ മാനേജറെ ഇങ്ങോട്ട് വന്നേ..തന്റെ അടുത്തു പൈസ ഉണ്ടെങ്കിൽ ഒരു അയ്യായിരം രൂപ താ..കൈയിലുള്ളത് തീർന്നു..”

” എന്റെ കൈയിൽ ഇല്ല രാജൻ അതുമല്ല ഇപ്പോ തോട്ടത്തിൽ പണിയും നടക്കുനില്ല “

” നിന്റെ മുതലാളി കയ്യിലൊന്നും തരാതെ യാണോ മുകളിലോട്ട് പോയത്..”

അതും പറഞ്ഞു രാജനും കൂട്ടുകാരും ഉള്ളതെല്ലാം തപ്പി പെറുക്കി അടുത്ത ബ്രാണ്ടി കുപ്പി വാങ്ങാനുള്ള തയ്യാറെടുപ്പായി ആ സമയത്ത് തന്നെ പീറ്റർ ജോജിക്ക് ഫോൺ ചെയ്തു.

ഉടൻ വരാമെന്ന് പറഞ്ഞിട്ട് ജോജി ഫോൺ കട്ട് ചെയ്തു എന്നിട്ട് അവരെല്ലാം കൂടി പീറ്റർ പറഞ്ഞുകൊടുത്ത വഴിയിലൂടെ തോട്ടത്തിലേക്ക് പോയി.

“ഇത് കുറെ ഉണ്ടല്ലോടാ ജോജി..ഈപ്പച്ചൻ ഒരുപാട് സമ്പാദിച്ചു കൂട്ടിയട്ടുണ്ട്..ങ്ഹാ ഇനി ഇതെല്ലാം ശ്രുതിയെ കെട്ടുന്നവനുള്ളതാ…” മോനിച്ചൻ പറഞ്ഞു

” ഒന്ന് മിണ്ടാതിരിയടാ…മനുഷ്യനിവിടെ കൊല്ലുമോ ചാകുമോയെന്ന് ചിന്തിക്കുമ്പോഴാണ് അവന്റെയൊരു സ്വത്തു വീതം വയ്ക്കൽ…” വർക്കി ദേഷ്യത്തോടെ പറഞ്ഞു..

ഇതെല്ലാം കേട്ട് ജോജി ചിരിച്ചു.. അപ്പോഴേക്കും അവന്റെ നെഞ്ചിൽ പറിച്ചുമാറ്റാനാവാത്ത പോലെ ശ്രുതിയുടെ ഓർമ്മകൾ കൂടു കൂട്ടിയിരുന്നു..എന്ത് സംഭവിച്ചാലും ഇതിനൊരു തീരുമാനം ഉണ്ടാക്കിയാട്ടെ ഇവിടന്ന് പോകു എന്നവൻ മനസിൽ ഉറപ്പിച്ചു

അവർ തോട്ടത്തിന്റെ ഓഫീസിലെത്തി. വണ്ടി അവിടെ പാർക്ക് ചെയ്തിട്ട് ജോജിയും കൂട്ടുകാരും അകത്തേക്ക് ചെന്നു അവരെക്കണ്ട് രാജൻ നെറ്റിചുളിച്ചുകൊണ്ട് ചോദിച്ചു.

” ഏതാടാ നീയൊക്കെ…നിനക്കൊക്കെ എന്താ ഇവിടെ കാര്യം..? “

” ചേട്ടാ ഞങ്ങൾ ഈപ്പച്ചൻ മുതലാളിയുടെ നാട്ടുകാരാണ് ചേട്ടനെ ഒന്ന് കാണാൻ വന്നതാണ്..” ജോജി പറഞ്ഞു.

” ആഹാ..നീയൊക്കെ എന്തിനാടാ അവിടുന്ന് ഇവിടെ വരെ എന്നെ കാണാൻ വന്നത്..തല്ല് വാങ്ങി പോകാനാണോ..? “

” ചേട്ടൻ ഇവിടെ കാണിക്കുന്ന കാര്യങ്ങൾ ശ്രുതിയോട് പറയാൻ പീറ്റർ ചേട്ടൻ വന്നു. ശ്രുതി ഇപ്പോ ഞങ്ങൾ ഇടവകക്കാരുടെ സംരക്ഷണത്തിലാണ് അതാണ് ഞങ്ങൾ സംസാരിക്കാൻ വന്നത്..”

” എടാ നായെ നീ അവളുടെ അടുത്തു പോയിട്ട് എന്നെ തല്ലാൻ ഗുണ്ടകളെ കൂട്ടി വന്നിരിക്കുന്നോ…”

അതും ചോദിച്ചു കൊണ്ട് രാജൻ പീറ്ററിന്റെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചു.

അത് കണ്ട്‌ ജോജി അയാളെ പിടിച്ചു മാറ്റാൻ ശ്രെമിച്ചതും രാജന്റെ കൂടെയുള്ളവർ ജോജിക്ക് നേരെ ചെന്നു അവരവനെ തള്ളി മാറ്റാൻ ശ്രെമിച്ചു.

അത് കണ്ടുനിന്ന ജോജിയുടെ കൂട്ടുകാരും കൂടി ചേർന്നപ്പോൾ അവിടെ ഉന്തും തള്ളുമായി പിന്നെ അതൊരു സംഘട്ടനത്തിലേക്ക് മാറാൻ അധികനേരം വേണ്ടി വന്നില്ല.

രാജനും കൂട്ടരും കരുത്തന്മാർ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ജോജിക്കും കൂട്ടുകാർക്കും കുറച്ചു പണിപ്പെടേണ്ടി വന്നു അവരെയൊന്നൊതുക്കാൻ. രാവിലെ തന്നെ മദ്യപിച്ചിരുന്നത് കൊണ്ട് അവരും പെട്ടന്ന് തളർന്നുപോയി.

ഇത് തന്നെയവസരം എന്നു മനസിലാക്കിയ പീറ്റർ പോലീസിനെ വിളിച്ചു വിവരം പറഞ്ഞു. പുതിയ എസ്ഐ അന്ന് ചാർജ് എടുത്തുവെന്നും അറിഞ്ഞു.. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പോലീസ് ജീപ്പ് അവിടെ വന്നു അതിൽ നിന്നും എസ് ഐ യും പോലീസുകാരും ഇറങ്ങി വന്നു..

എന്താ..എന്താ ഇവിടെ പ്രശനം. ? എസ്ഐ ചോദിച്ചു

പീറ്റർ ഉണ്ടായ സംഭവമെല്ലാം പറഞ്ഞു. അത് കേട്ടശേഷം അവരെയെല്ലാം വണ്ടിയിൽ കേറ്റി സ്റ്റേഷനിലേക്ക് പോയി.. അവിടെ ചെന്ന ശേഷം എസ് ഐ അവരെ ചോദ്യം ചെയ്യാൻ തുടെങ്ങി.രാജനെയും കൂട്ടരെയും കണ്ടപ്പോഴേ എസ്‌ഐക്ക് പന്തികേട് തോന്നി..

” എന്തടാ നിന്റെ പേര് കണ്ടിട്ട് ഒരു ഗുണ്ടയെ പോലെ ഉണ്ടല്ലോ ? ” എസ്‌ഐ രാജനോട് ചോദിച്ചു

” രാജൻ..”

” മ്മ് എന്താ നിന്റെ പണി..? “

” അങ്ങിനെയൊന്നുമില്ല സാറേ എല്ലാ പണിക്കും പോകും..” രാജൻ ദേഷ്യപ്പെട്ടു പറഞ്ഞു

” എന്താടാ നിനക്കിത്ര ദേഷ്യം..”

” സാറേ..സാറിവിടെ പുതിയ ആളല്ലേ..ദോ അവരോട് ചോദിച്ചാലറിയാം ഞാനാരാണെന്ന്..”

” അതൊക്കെ ഞാൻ ചോദിച്ചോളാം.. ഇപ്പോ നീയിങ്ങോട്ട് നീങ്ങി നിൽക്ക്..”

എന്നിട്ട് ജോജിയെ അടുത്തേക്ക് വിളിച്ചിട്ട് ചോദിച്ചു.

” നിങ്ങൾ ഈ നാട്ടുകരണോ..ഞാനിവിടെ പുതിയതാ അതാ ചോദിക്കുന്നത്..? “

” അല്ല സാറേ ഞങ്ങൾ കുറച്ചു ദുരെന്നാ”

” അതെന്താ അവിടെയൊന്നും സ്ഥലമില്ലാഞ്ഞിട്ടാണോ നീയൊക്കെ തല്ലുണ്ടാക്കാൻ ഇങ്ങോട്ട് പോന്നത്..? “

” അല്ല സാറേ ഞങ്ങളീ ചേട്ടനോട് ഒരു കാര്യം സംസാരിച്ചു തീർക്കൻ വന്നതാ..അപ്പോഴാ ഇവര് ഞങ്ങളെ തല്ലിയത്..”

” തല്ലുകിട്ടാനായിട്ട് എന്താ കാര്യമാടാ നീയൊക്കെ ഇവനോട് പറഞ്ഞത്..”

” അത് പിന്നെ സാറേ..സാറ് അറിഞ്ഞിട്ടുണ്ടാകും കുറച്ചു മാസം മുൻപ് മകൻ അപ്പനെയും അമ്മയെയും വെട്ടിക്കൊന്ന ഒരു വാർത്ത ഈപ്പച്ചൻ സാറ എന്നാണ് അവരുടെ പേര്..”

” മ്മ് ആ കേസ് എനിക്കറിയാം..അതും നിങ്ങളുമായിട്ട് എന്താ ബന്ധം..? “

പിന്നെ ജോജി ഒന്നുമാലോചിച്ചില്ല ശ്രുതിയുടെ ഇപ്പോഴത്തെ അവസ്ഥയും പീറ്റർ വന്നു പറഞ്ഞ രാജന്റെ കാര്യങ്ങളും എസ്‌ഐയോട് തുറന്നു പറഞ്ഞു..

” ഓഹോ..അങ്ങിനെയാണോ കാര്യങ്ങൾ..”

അത് പറഞ്ഞിട്ട് എസ്‌ഐ രാജനെ അടുത്തേക്ക് വിളിച്ചു..

” നീയും ഈപ്പച്ചനുമായി എന്താ ബന്ധം..?”

” അതുപിന്നെ എന്റെ ചേട്ടനാണ് സാറേ..”

” ഏത് വകയിൽ..? നിങ്ങളുടെ അപ്പനൊന്നാണോ..അതോ അമ്മ ഒന്നാണോ..”

ആ ചോദ്യം കേട്ട രാജനൊന്ന് പരുങ്ങി..

ഉത്തരം കിട്ടാൻ വൈകുന്നത് കണ്ട്‌ എസ്‌ഐ അയാളുടെ അടുത്തേക്കു ചെന്നു. അടി കിട്ടുമെന്ന് ഉറപ്പായ രാജൻ പെട്ടന്ന് പറഞ്ഞു.

” ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല സാറേ..”

പറഞ്ഞു തീർന്നതും എസ്ഐയുടെ കൈ രാജന്റെ കവിള് പുകച്ചു. രാജൻ വേച്ചുപോയി..

” ഇതെന്തിനാണെന്നറിയാമോ പാവപ്പെട്ട സ്ത്രീ തൊഴിലാളികളുടെ മാനത്തിന് നീ വില പറഞ്ഞതിന്..ഇനി നീയാ തോട്ടത്തിൽ കാല്കുത്തോടാ..”

എസ്‌ഐ വീണ്ടും അയാളുടെ അടുത്തേക്ക് ചെന്നു..അതുകണ്ട് രാജൻ പേടിയോടെ പറഞ്ഞു.

” ഇല്ലാ സാറേ ഇനി ഞാനാ വഴിക്ക് പോവില്ല സത്യം…”

” നീയിത് വാക്കാൽ പറഞ്ഞിട്ട് കാര്യമില്ല..ആ ഇരിക്കുന്ന പോലീസ്കാരൻ എഴുതി തരുന്ന പേപ്പറിൽ ഒപ്പിട്ട് കൊടുക്ക്..” അത് പറഞ്ഞിട്ട് എഴുതേണ്ട രീതിയെല്ലാം എസ്‌ഐ പോലീസുകാരന് പറഞ്ഞു കൊടുത്തു..

” പിന്നെ നിങ്ങളോട് പറയാനുള്ളത്..നിങ്ങൾ വന്ന ഉദ്ദേശ്യം മനസിലായതുകൊണ്ടും നിങ്ങൾ വലിയ കുഴപ്പക്കാരല്ല എന്നറിഞ്ഞത് കൊണ്ടും തൽകാലം ഞാൻ ആക്ഷൻ ഒന്നും എടുക്കുന്നില്ല..ഇനി ഇവന്റെ ശല്യമില്ലാതെ ഞാൻ നോക്കിക്കൊള്ളാം. എത്രയും പെട്ടന്ന് സ്വത്തുക്കളെല്ലാം ആ കുട്ടിയുടെ പേരിലേക്ക് മാറ്റാൻ നോക്ക്.”

എസ്‌ഐയോട് നന്ദിയും പറഞ്ഞിട്ട് ജോജിയും കൂട്ടരും മടങ്ങി.ജോജി പോയപ്പോൾ മുതൽ ശ്രുതി പ്രാർത്ഥനയിലായിരുന്നു. രാജൻ എന്ത് ചെയ്യാനും മടിയില്ലാത്തവനാണെന്ന് അവൾക്കറിയാം.

പോയിട്ട് ജോജിയോ കൂട്ടുകാരോ ആരും അച്ഛനെവിളിച്ചതുമില്ല.വിളിക്കുമ്പോഴെല്ലാം ജോജിയുടെ ഫോണിൽ റേഞ്ച് ഇല്ലാന്നാ പറയുന്നതെന്ന് അച്ഛൻ അവളോട് പറഞ്ഞു.

വൈകുന്നേരത്തോടെ അവർ നാട്ടിലെത്തി. നേരെ പള്ളിയിലേക്ക് പോയി അച്ഛനവരെ കാത്തിരിക്കുകയായിരുന്നു കൂടെ ശ്രുതിയും. അവിടെ ചെന്ന് അവരോട് എല്ലാ കാര്യങ്ങളും വിശദമാക്കി എന്നിട്ട് എസ്‌ഐ പറഞ്ഞുവിട്ട കാര്യവും പറഞ്ഞു.

“മോളെ ശ്രുതി ഇതിന്റെയൊക്കെ ആധാരങ്ങൾ എവിടെയാണെന്ന് നിനക്കറിയോ..? ” അച്ഛൻ ചോദിച്ചു

” പപ്പയെല്ലാം ബാങ്ക് ലോക്കറിലാണ് വച്ചിരിക്കുന്നത്…”

” ഏത് ബാങ്കാണ്…? “

” അറിയാം ഇവിടുത്ത യൂണിയൻ ബാങ്കിലാണ്..”

” ആ വീട് പൂട്ടിയിട്ടിരിക്കുകയാ..പോലീസ് സ്റ്റേഷനിൽ വിളിച്ചു ചോദിച്ചിട്ട് കുഴപ്പമില്ല
യെങ്കിൽ ആരെങ്കിലും വിട്ട് ക്ലീൻ ചെയ്യിക്കാം..ഒരു ദിവസം നമുക്കുപോയി ആധാരങ്ങൾ എടുക്കാം..അതിനുമുൻപ് ഇവിടുത്തെ രെജിസ്ട്രേഷൻ ഓഫീസിൽ ഒന്ന് തിരക്കണം. എന്നാ ഇനി നിങ്ങൾ ചെല്ല് വീട്ടുകാരെല്ലാം നോക്കിയിരിക്കുന്നുണ്ടാകും.” അച്ഛൻ പറഞ്ഞു.

അച്ഛൻ സംസാരിക്കുന്നത്രയും നേരം ശ്രുതിയുടെ കണ്ണുകൾ ജോജിയിലായിരുന്നു. അവനും അതറിയുന്നുണ്ടായിരുന്നു..ഇടക്കെല്ലാം അവരുടെ കണ്ണുകൾ പരസ്പരം കൂട്ടി മുട്ടി..അവളുടെ കണ്ണുകളിൽ അപ്പോഴുണ്ടായ തിളക്കം തന്നോടുള്ള പ്രണയമാണെന്ന് ജോജിക്കറിയാമായിരുന്നു..

അച്ഛനോട് യാത്രപറഞ്ഞിറങ്ങുമ്പോൾ ജോജിയും അവളെയൊന്ന് നോക്കാതിരുന്നില്ല. ദിവസങ്ങൾ ഓടിമറഞ്ഞു.. ഈപ്പച്ചനും സാറയും മരിച്ചിട്ട് ആറ് മാസമായി.

ശ്രുതി അവിടുത്തെ ജീവിതവുമായി പൊരുത്തപ്പെട്ടു..അവൾക്ക് ഒരു സന്തോഷത്തിനായി പള്ളിവക നഴ്സറി സ്കൂളിൽ ടീച്ചറായി ജോലിയും കൊടുത്തു. പതുക്കെ പതുക്കെ അവൾ സങ്കടങ്ങളിൽ നിന്നെല്ലാം വഴിമാറി സഞ്ചരിക്കാൻ തുടെങ്ങി.

ജോജിയും കൂട്ടുകാരും എന്നും പള്ളിയുടെ മുറ്റത്തു ഒത്തുചേരുന്ന പതിവുണ്ട്.. അവിടെയിരുന്നു ചെസ്സ് കളിയും ഷട്ടിൽ കളിയുമൊക്കെയായി അവർ രാത്രിവരെ അവിടെ കാണും.. ഹോസ്റ്റലിന്റെ മുകളിൽ നിന്നാൽ ശ്രുതിക്ക് അവരെ കാണാൻ പറ്റും..അവൾ അവിടെ നിന്ന്‌ നോക്കുന്നത് ജോജിക്കും അറിയാം എന്നാൽ അവനത് അറിയുന്നതായി ഭാവിച്ചില്ല..

അച്ഛനും പള്ളിയിലെ മറ്റ്‌ ആളുകളും ശ്രുതിയെ വിവാഹത്തിന്റെ കാര്യം പറഞ്ഞു പലവട്ടം സമീപിച്ചു അപ്പോഴെല്ലാം ഈപ്പച്ചന്റെയും സാറായുടെയും ആണ്ടു കഴിഞ്ഞു മതിയെന്ന് പറഞ്ഞവൾ ഒഴിഞ്ഞു മാറി..

” ജോജി എന്തായിരിക്കും ഇതുവരെ മറുപടി ഒന്നും പറയാതിരിക്കുന്നത്..ഇനി തന്നെ ഇഷ്ടമില്ലാഞ്ഞിട്ടാണോ..” അവൾ സ്വയം ചോദിച്ചു..

സിനി തിരിച്ചു നാട്ടിലെത്തി..മിക്കവാറും ശ്രുതിയെ വിളിച്ചു സംസാരിച്ചു..ഇപ്പോൾ ഉള്ള ജീവിതത്തിൽ അവൾ സന്തോഷവതി യാണെന്ന് സിനിക്ക് മനസിലായി ഉടനെ കാണാൻ വരാമെന്ന് അവൾക്ക് വാക്കും കൊടുത്തു.

പലപ്പോഴും ജോജിയിൽ നിന്നും അനുകൂലമായാഒരു മറുപടിക്കായി ശ്രുതി പ്രതീക്ഷയോടെ അവനെ കാണുമ്പോൾ നോക്കും..എന്നാൽ അതിന് ഒരു നോട്ടം കൊണ്ടുപോലും ജോജി പ്രതീക്ഷ നൽകിയില്ല..

ദിവസങ്ങൾ കടന്നുപോയി..ഈപ്പച്ചനും സാറയും മരിച്ചിട്ട് ഒരു വർഷം തികഞ്ഞു. ഇതിനിടയിൽ സ്വത്തുക്കളെല്ലാം ശ്രുതിയുടെ പേരിലേക്ക് മാറ്റി..പക്ഷേ പണ്ടത്തെ സമ്പൽ സമൃദ്ധിയിലേക്ക് പോകാൻ അവളുടെ മനസ് ആഗ്രഹിച്ചില്ല.

ഈപ്പച്ചനും കുടുംബവും ആ നാട്ടിൽ ഉണ്ടാക്കിവെച്ച ചീത്തപ്പേര് ശ്രുതി മാറ്റിയെടുത്തു…അവൾ നാട്ടുകാരിൽ ഒരാളായി മാറി..ഏത് വീട്ടിൽ എന്ത് ആവശ്യങ്ങൾ ഉണ്ടായാലും അവൾ പള്ളിയിൽ നിന്നും പോകുന്നവരുടെ കൂടെ പോകും..അതിൽ ഒരു മത വിവേചനവും ശ്രുതി കാട്ടിയിരുന്നില്ല.

ഒരു ഞായറാഴ്ച്ച കുറുബാനക്ക് സാറയുടെ ബന്ധുവായ അച്ഛനുമുണ്ടായിരുന്നു. കുർബ്ബാന കഴിഞ്ഞാരും പോകരുതെന്ന് വികാരിയച്ചൻ പറഞ്ഞതനുസരിച്ച് എല്ലാവരും അവിടെ നിന്നു. ജോസും എൽസിയും ജിനിയും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു..

” പ്രിയപ്പെട്ടവരെ നിങ്ങളോട് ഞാൻ ഇവിടെ നിൽക്കാൻ പറഞ്ഞത് നമ്മുടെ സിറിയക് അച്ഛന് നിങ്ങളോട് എന്തോ പറയുവാൻ വേണ്ടിയാണ് അച്ഛൻ നിങ്ങളോട് സംസാരിക്കും..”

” പ്രിയപ്പെട്ടവരെ വേറെയൊന്നുമല്ല ഈപ്പച്ചനും സാറയും മരിച്ചിട്ടിപ്പോൾ ഒരു വർഷം കഴിഞ്ഞു.
.
.ഇനി ശ്രുതിയുടെ ഭാവിയെ കുറിച്ച് തീരുമാനിക്കണം. ശ്രുതിക്ക് നല്ലൊരു വിവാഹാലോചന വന്നിട്ടുണ്ട്. എന്റെ ഇടവകയിലെയാണ് ചെക്കൻ.. ഇംഗ്ലണ്ടിൽ ഡോക്ടറാണ്..അവർക്ക് ഈ ബന്ധത്തിന് താല്പര്യമുണ്ട്. ശ്രുതിയുടെ ഇപ്പോഴത്തെ രക്ഷിതാക്കൾ എന്ന നിലയിൽ നിങ്ങളുടെ അഭിപ്രായം അറിയണമല്ലോ..”

അച്ഛൻ പറയുന്നത് കേട്ട് ശ്രുതിയും ജോജിയും ഞെട്ടി…എന്നാൽ എല്ലാവരും അച്ഛൻ പറഞ്ഞതിനെപ്പറ്റി ചർച്ചയിലായിരുന്നു..ശ്രുതി ജോജിയെ നോക്കി അവന്റെ മുഖത്ത് ഒരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല.

” ഇനി ശ്രുതി അഭിപ്രായം പറയട്ടെ.. ഞങ്ങൾക്ക് സമ്മതമാണ്…” അവിടെ നിന്നിരുന്നവർ പറഞ്ഞിട്ട് അവളെ നോക്കി. അത് കേട്ട അച്ഛൻ ശ്രുതിയോട് ചോദിച്ചു

” ശ്രുതി പറയു എന്താ നിന്റെ അഭിപ്രായം “

അവൾ അവിടെ നിന്നിരുന്ന എല്ലാവരെയും നോക്കിയിട്ട് പറഞ്ഞു തുടെങ്ങി..

” എനിക്കൊരാളെ ഇഷ്ടമാണ്…അത് ഈ നാട്ടിലുള്ളൊരാളാണ്..എനിക്കിഷ്ടമാണെന്ന് അയാൾക്കും അറിയാം. എന്റെയിഷ്ടം ഞാൻ തുറന്ന് പറഞ്ഞിട്ടുണ്ട് അയാളുടെ മനസറിയട്ടെ എന്നിട്ട് ആലോചിക്കാം.”

അതാരാണെന്ന ചോദ്യം എല്ലാവരും അവളോട് ചോദിച്ചു..അച്ചന്മാർ ആളെ പറയാൻ പറഞ്ഞതുകൊണ്ട് അവൾ തുടർന്നു..

” അത് വേറെയാരുമല്ല..ജോജിയാണ്..”

കേട്ടവരെല്ലാം ഞെട്ടിപ്പോയി..ജോജിയുടെ കൂട്ടുകാർ അവനെ വളഞ്ഞു…അച്ഛൻ ജോജിക്ക് നേരെ തിരിഞ്ഞു എന്നിട്ട് ചോദിച്ചു.

” ജോജി ശ്രുതി പറഞ്ഞത് സത്യമാണോ..”

” അത്..പിന്നെയച്ചോ സത്യമാണ്…”

” നിനക്കോ…ഇഷ്ടമാണോ…? “

അവൻ ചുറ്റുമുള്ളവരെയും വീട്ടുകാരെയും ശ്രുതിയെയും നോക്കി….എന്നിട്ട് പറഞ്ഞു

” എനിക്കും ഇഷ്ടമാണ് അച്ചോ..”

അതുകേട്ട് എല്ലാവരും കയ്യടിച്ചു.. ശ്രുതിയുടെ ചുണ്ടിൽ സന്തോഷത്തിന്റെ ചിരി തെളിഞ്ഞു..

” ജോസിനും എൽസിക്കും എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടോ..? “

” ഇല്ലച്ചോ…ഞങ്ങൾക്ക് സന്തോഷ മേയുള്ളൂ “

” അപ്പോൾ മനസമ്മതം ഇങ്ങനെ കഴിഞ്ഞ സ്ഥിതിക്ക് ഇനി കല്ല്യാണം തീരുമാനിക്കാം വരുന്ന മൂന്നാമത്തെ ഞായറാഴ്ച്ച നമുക്കത് അങ്ങോട്ട് നടത്താം എന്താ…”

” ഞങ്ങൾക്കെല്ലാം സമ്മതമാണച്ചോ ” ഇടവകക്കാർ ഒന്നടങ്കം പറഞ്ഞു..

പള്ളിയിൽ നിന്നും പുറത്തേക്കിറങ്ങിയ ശ്രുതിയെ ലില്ലി പിടിച്ചു നിർത്തി..

” അമ്പടി കള്ളി..നീയാള് കൊള്ളാലോ.. എന്ന് മുതലാ നിനക്ക് അവനോട് പ്രണയം തുടെങ്ങിയത്…”

അവൾ ലില്ലിയോട് എല്ലാ കാര്യവും പറഞ്ഞു..

” ഓ..വെറുതെയല്ല അന്ന് പുളി വാങ്ങാൻ പോകാൻ നീയത്ര ശുഷ്‌കാന്തി കാണിച്ചത് അല്ലേ..നീ ഭാഗ്യവതിയാ..ജോജിയെ പോലൊരു ഭർത്താവ് ഏതൊരു പെണ്ണിന്റെയും അഭിമാനമാണ്..”. അത് പറഞ്ഞിട്ട് അവൾ ശ്രുതിയെ ചേർത്തുപിടിച്ചു..

അങ്ങിനെ മൂന്നാമത്തെ ഞായറാഴ്ച ഇടവകയിലെ എല്ലാവരെയും സാക്ഷിയാക്കി ജോജി ശ്രുതിയെ മിന്നുകെട്ടി തന്റെ മണവാട്ടിയാക്കി… കല്യാണത്തിന് സിനിയും എത്തിയിരുന്നു.. അവൾക്കും സന്തോഷമായി..

ജോജിയുടെ കൈപിടിച്ച് ആ വീടിന്റെ പടിചവിട്ടിയപ്പോൾ ആദ്യമായ് ആ വീട്ടിൽ വന്നതും ആ വീടിന്റെ മരുമകളായി വീണ്ടും അവിടേക്ക് തിരിച്ചുവരുമെന്നെടുത്ത തീരുമാനവും അവൾ മനസ്സിലോർത്തു..

ആ വീടിന്റെ നല്ല മരുമകളായി മാറുകയായിരുന്നു ശ്രുതി..ജോസിനും എൽസിക്കും അവൾ മകൾ തന്നെയായിരുന്നു..ജിനിക്ക് സ്വന്തം കൂടപ്പിറപ്പും..ജോജിക്ക് ദൈവം അവന് മാത്രമായി സൃഷ്ടിച്ച നല്ല പാതിയുമായിരുന്നു.. ആ വീട്ടിലേ സുഖസൗകര്യങ്ങളിൽ ശ്രുതി സന്തോഷവതിയായിരുന്നു..

അവൾക്കൊരു കുറവും വരാതിരിക്കാൻ അവരെല്ലാം ശ്രെദ്ധിച്ചു.. അവൾക്കായി ഉള്ളിൽ കരുതിവെച്ചിരുന്ന പ്രണയം ഒട്ടും കുറക്കാതെ തന്നെ ജോജി ശ്രുതിക്ക് പകർന്നു നൽകി…സന്തോഷകരമായ അവരുടെ ജീവിതം കണ്ട്‌ ആ ഗ്രാമം മുഴുവനും സന്തോഷിച്ചു..കാരണം ജോജി ആ നാടിനും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു..

ജോജി തന്നെ ഇത്രമേൽ സ്നേഹിച്ചിരുന്നു എന്നറിഞ്ഞപ്പോൾ ശ്രുതിയുടെ കണ്ണുകൾപലപ്പോഴും നിറഞ്ഞു.. അപ്പോഴെല്ലാം അവൻ സ്നേഹത്തോടെ അവളെ തന്നിലേക്ക് ചേർത്തുനിർത്തി..

കുറച്ചു മാസങ്ങൾക്ക് ശേഷം…

പറമ്പിൽ വിളകൾക്ക് തടമെടുക്കുകയിരുന്നു ജോജി..പച്ചക്കറികളും മറ്റും വിളഞ്ഞു പറിക്കാൻ പാകമായി.. ചിലപ്പോഴെല്ലാം ശ്രുതിയും അവനെ പറമ്പിൽ സഹായിച്ചിരുന്നു…എന്നാൽ ഇപ്പോ അവൾ വരാറില്ല..ശ്രുതി ഗർഭിണിയാണ്..

” ജോജി..” ശ്രുതിയുടെ വിളികേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത്.. അവന് കുടിക്കാനുള്ള വെള്ളവുമായാണ് വരവ്.
അവൻ വേഗം ചെന്ന് അത് വാങ്ങി.

” എന്തിനാ ഇപ്പോ ഇതും കൊണ്ട് വന്നത്.. അമ്മയോട് പറഞ്ഞാൽ മതിയായിരു ന്നല്ലോ…ഇത് മാസം ഏഴാണ് മറക്കേണ്ട…”

അത് പറഞ്ഞിട്ട് അവളുടെ വീർത്ത് നിൽക്കുന്ന വയറിലൂടെ കൈ കൊണ്ട് ചുറ്റി അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു…ശ്രുതി അവനിലേക്ക് ചേർന്നു നിന്നു..

“കുറച്ചു മാസങ്ങൾ കഴിയുമ്പോൾ നമ്മള് പപ്പയും മമ്മിയും ആകുമല്ലേ ജോജി..? “

“മ്മ് അതെ….”

” ആൺകുട്ടിയായിരിക്കോ അതോ പെൺകുട്ടിയായിരിക്കോ..ജോജി..”

” നീയിപ്പോ അതൊന്നും ഓർക്കണ്ട..എന്ത് ആയാലും ആയുസും ആരോഗ്യവും ഉണ്ടാവണം എന്ന് മാത്രം പ്രാർത്ഥിച്ചാൽ മതി കേട്ടോ..”

അത് പറഞ്ഞുകൊണ്ട് അവൻ ശ്രുതിയുടെ വയറിൽ മൃദുവായി ഉമ്മവച്ചു..എന്നിട്ട് ശ്രുതിയുടെ കണ്ണുകളിലേക്ക് നോക്കി..ആ കണ്ണുകൾ വല്ലാതെ തിളങ്ങി..ജോജി ശ്രുതിയുടെ മുഖം കൈകളിൽ കോരിയെടുത്തു…

അവരുടെ ജീവിതത്തിലേക്ക് വരാൻ പോകുന്ന കൺമണിയെ ഓർത്തു ജോജിയുടെയും ശ്രുതിയുടെയും ചുണ്ടുകളിൽ പുഞ്ചരി വിടർന്നു..

അവസാനിച്ചു

ക്രിസ്ത്യൻ കുടുംബങ്ങൾ പൂർണമായും ഉൾകൊള്ളിച്ചു ഒരു കഥ എഴുതിയത് ആദ്യമായിട്ടാണ്.. അത് എത്ര ശരിയായി എന്നെനിക്കറിയില്ല..തെറ്റ് കുറ്റങ്ങൾ ക്ഷമിക്കണം..ഇഷ്ടമായെങ്കിൽ എല്ലാവരും അഭിപ്രായം ഒരു വരിയായി കുറിച്ചാൽ സന്തോഷം