ഞങ്ങൾ ഭക്ഷണം കഴിച്ചു യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഞാൻ ആരാധനയോടെ അവന്റെ മുഖത്തേക്ക് നോക്കി…

Story written by Krishna Das

===============

ദാസ്…

കാറിൽ നിന്നു അവൻ ഇറങ്ങി വന്നു എന്നെ വിളിച്ചപ്പോൾ ഒരു പഴയ സഹപാഠിയെ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്നും എന്റെ മുഖത്ത് പ്രതിഫലിച്ചില്ല. എങ്കിലും മുഖത്ത് പുഞ്ചിരി വരുത്തി ഞാൻ അവനെ സ്വീകരിച്ചു.

അവന്റെ കയ്യിൽ ഒരു ക്ഷണപത്രിക ഉണ്ടായിരുന്നു. അവൻ അതെന്റെ മുമ്പിലേക്ക് നീട്ടിയപ്പോൾ ഞാൻ ചോദിച്ചു എന്താണ് വിശേഷം?

അപ്പന്റെയും അമ്മയുടെയും വിവാഹവാർഷികം ആണ്. നീ തീർച്ചയായും വരണം.

എനിക്ക് എന്തോ അതൊരു തമാശ പോലെ ആണ് തോന്നിയത്.

ഞാൻ വരാൻ ശ്രമിക്കാം, അങ്ങനെ പറയാൻ ആണ് തോന്നിയത്.

******************

ഞാനും ഷിജുവും ഒന്നാം ക്ലാസ് മുതൽ അഞ്ചു വരെ ഒരുമിച്ചാണ് പഠിച്ചത്. പൊതുവെ ഒതുങ്ങി മാറി നടക്കുന്ന അവൻ ഞങ്ങളുടെ സൗഹൃദ വലയത്തിൽ പെടില്ലായിരുന്നു. അവനെ ഞങ്ങൾ ശ്രദ്ധിക്കാറ് പോലുമില്ല. അതുകൊണ്ട് തന്നെ അവനുമായി ഒരു ആത്മ ബന്ധം ഞങ്ങൾക്കില്ലായിരുന്നു.

അഞ്ചാം ക്ലാസ് കഴിഞ്ഞപ്പോൾ ഞാനും അവനും രണ്ടു സ്കൂളിൽ ആയപ്പോൾ പിന്നെ വല്ലപ്പോഴും കാണുമ്പോൾ ഒന്ന് ചിരിക്കും അത്രേയുള്ളൂ ഞങ്ങൾ തമ്മിലുള്ള ബന്ധം. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അവൻ പഠനം അവസാനിപ്പിച്ചു ബിസ്സിനസ്സ് മേഖലയിലേക്ക് തിരിഞ്ഞു. ഞങ്ങൾ അവനെ അവഗണിച്ചിരുന്നു എങ്കിലും അവനു ഞങ്ങളോട് എന്നും ഒരു ഇഷ്ടവും സ്നേഹവും ഉണ്ടായിരുന്നു.

അവന്റെ വിവാഹം ക്ഷണിച്ചപ്പോൾ ഞങ്ങൾ രണ്ടു മൂന്നു സുഹൃത്തുക്കൾ കൂടി പോയിരുന്നു. അവന്റെ ഭാര്യയെ കണ്ടു ഞങ്ങൾ അസൂയ പൂണ്ടു എന്നതാണ് വാസ്തവം. അത്രക്ക് സുന്ദരി ആയിരുന്നു അവൾ. അവൾക്കു പറ്റിയ ഒരു ആളെ അല്ല അവൻ എന്ന് ഞങ്ങൾക്ക് തോന്നി.

ബിസിനസ്സിലൂടെ വളർന്നു അവൻ വലിയ കാശുകാരൻ ആയി മാറിയിരുന്നു. വലിയ ഒരു വീട് പണിതു. അന്ന് ഞങ്ങൾ യാത്ര പറഞ്ഞു ഇറങ്ങിയതിനു ശേഷവും അവനുമായി ഒരു അകലം എപ്പോഴും ഉണ്ടായിരുന്നു. കാണുമ്പോൾ സംസാരിക്കും എന്നുമാത്രം…

വർഷങ്ങൾ കടന്നു പോയിട്ടും ഇപ്പോൾ അവൻ അപ്പന്റെയും അമ്മയുടെയും വിവാഹവാർഷികം ക്ഷണിക്കാൻ വന്നപ്പോൾ അവന്റെ ഉള്ളിൽ ഞങ്ങൾക്കൊരു ഇടം ഉണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി.

****************

വീടാകെ അലങ്കരിച്ചിരിക്കുന്നു. ഞങ്ങൾ ചെന്നപ്പോൾ അവൻ ഓടി വന്നു. ഹാർദവമായി ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ഞങ്ങളുടെ കണ്ണുകൾ അപ്പനെയും അമ്മയെയും തിരക്കി ചലിച്ചു കൊണ്ടിരുന്നു.

അവൻ കാര്യം മനസിലായപ്പോൾ പറഞ്ഞു അമ്മ അകത്താണ്. അവനോടൊപ്പം ഞങ്ങൾ മുറിയിലേക്ക് പോയപ്പോൾ ഒരു നിമിഷം സ്തംഭിച്ചു പോയി. കട്ടിലിൽ വൃത്തിയുള്ള ബെഡിൽ വൃത്തിയായി വസ്ത്രം ധരിച്ചു ഒരു വൃദ്ധ കിടക്കുന്നു. അവരുടെ മൂ ത്രം പോകാൻ ടൂബ് ഇട്ടിട്ടുണ്ട്. അവർക്കരികിൽ പുതിയ ഷർട്ടും മുണ്ടും ധരിച്ചു അപ്പനും ഇരിക്കുന്നുണ്ട്. അവിടെ ഇവിടെ ആയി ബന്ധുക്കൾ കളിയും ചിരിയുമായി സംസാരിച്ചു നിൽക്കുന്നു.

ഇവരുടെ വിവാഹവാർഷികം ആണോ ഇവൻ ആഘോഷിക്കുന്നത്?

അവന്റെ ഭാര്യ സ്പൂണിൽ ഭക്ഷണം കോരി അമ്മയുടെ വായിലേക്കിട്ടു കൊടുക്കുന്നു. അവർ മതിയെന്ന് വിലക്കിയിട്ടും കുറച്ചു കൂടെ എന്നു പറഞ്ഞു വീണ്ടും അവരെ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്നു.

എന്റെ കണ്ണുകൾ നിറഞ്ഞുവോ? ഞാൻ പതിയെ അവിടെ നിന്നു പിൻവാങ്ങി. കൂടെ മറ്റുള്ളവരും…

ഞങ്ങൾ ഭക്ഷണം കഴിച്ചു യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഞാൻ ആരാധനയോടെ അവന്റെ മുഖത്തേക്ക് നോക്കി.

ഇത്രയും കാലം അവനെ തിരിച്ചറിയാൻ കഴിയാത്ത കുറ്റബോധം മുഴുവൻ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അവനു അവന്റെ പണത്തിന്റെ ഹുങ്ക് കാണിക്കാൻ ആയിരുന്നു എങ്കിൽ അവനു അവന്റെ വിവാഹ വാർഷികം ആഘോഷിക്കാമായിരുന്നു. പ്രായമായ മാതാപിതാക്കളെ അനാഥാലയങ്ങളിൽ ഉപേക്ഷിക്കുന്ന പ്രവണതയുള്ള ഇക്കാലത്തു അവരെ നന്നായി പരിപാലിക്കുക മാത്രമല്ല അവരുടെ വിവാഹ വാർഷികം ആഘോഷിക്കാൻ കാണിച്ച അവന്റെ മനസ്സിനെ എത്ര പ്രകീർത്തിച്ചാലും മതിയാകില്ലെന്നു തോന്നി.

അവനിൽ നിന്ന് എനിക്ക് ഏറെ പഠിക്കാൻ ഉണ്ടായിരുന്നു. അവനെ അളക്കാൻ മാത്രമുള്ള അളവുപാത്രം എന്റെ കയ്യിലില്ല എന്നു ഞാൻ തിരിച്ചറിഞ്ഞു.

മരിച്ചു കഴിഞ്ഞിട്ടല്ല പിതൃക്കൾക്ക് അന്നമൂട്ടേണ്ടതെന്ന പാഠം ഞാൻ അവനിലൂടെ പഠിച്ചു. അവൻ തന്റെ ഭാര്യയെ എത്രത്തോളം ചേർത്ത് നിറുത്തുന്നത് കൊണ്ടാണ് അവന്റെ ഭാര്യ അവരെ സ്വന്തം മാതാപിതാക്കളെ പോലെ പരിചരിക്കാൻ തയ്യാറാകുന്നതെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു.

ഇത്രയും നല്ല മനസ്സിന്റെ ഉടമയെ ഞാൻ തിരിച്ചറിയാതിരുന്നത് അപമാനമായി എനിക്ക് തോന്നി.